Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

വര്‍ദ്ധിപ്പിച്ച വിഹിതത്തോടെ പരിഷ്‌ക്കരിച്ച രാഷ്ട്രീയ ഗോകുല്‍ മിഷന്‍ 2024-25, 2025-26 വര്‍ഷങ്ങളിലും നടപ്പാക്കുന്നതിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം


കന്നുകാലി മേഖലയിലെ വളര്‍ച്ച വര്‍ദ്ധിപ്പിക്കുന്നതിനായി പരിഷ്‌കരിച്ച രാഷ്ട്രീയ ഗോകുല്‍ മിഷന് (ആര്‍.ജി.എം) പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ആദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം ഇന്ന് അംഗീകാരം നല്‍കി. അധിക വിഹിതമായി 1000 കോടി രൂപ വകയിരുത്തികൊണ്ട് 15-ാം ധനകാര്യ കമ്മീഷന്റെ 2021-22 മുതല്‍ 2025-26 വരെയുള്ള കാലത്ത് 3400 കോടി രൂപയുടെ മൊത്തം അടങ്കലോടെയാണ് വികസന പരിപാടികളുടെ കേന്ദ്ര മേഖല ഘടകമെന്ന നിലയില്‍ പുതുക്കിയ ആര്‍.ജി.എം നടപ്പിലാക്കുന്നത്.
പദ്ധിതിയില്‍ പുതുതായി രണ്ട് പുതിയ പ്രവര്‍ത്തനങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. അവ: (1) മൊത്തം 15000 പശുക്കിടാവുകള്‍ക്ക് വേണ്ടി 30 പാര്‍പ്പിട സൗകര്യങ്ങള്‍ സൃഷ്ടിക്കുന്നതിനായി കന്നുകാലി വളര്‍ത്തല്‍ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിന് വേണ്ടിവരുന്ന മൂലധനച്ചെലവിന്റെ 35% നടത്തിപ്പ് ഏജന്‍സികള്‍ക്ക് ഒറ്റത്തവണ സഹായമായി നല്‍കും. 2) ഉയര്‍ന്ന ജനിതക യോഗ്യതയുള്ള (എച്ച്.ജി.എം) ഐ.വി.എഫ് പശുകിടാങ്ങളെ വാങ്ങുന്നതിന് കര്‍ഷകരെ പ്രോത്സാഹിപ്പിക്കുന്നതിനായി അത്തരം വാങ്ങലിന് വേണ്ടി കര്‍ഷകര്‍ ക്ഷീര യൂണിയനുകള്‍ / ധനകാര്യ സ്ഥാപനങ്ങള്‍ / ബാങ്കുകള്‍ എന്നിവയില്‍ നിന്ന് എടുത്ത വായ്പയ്ക്ക് 3% പലിശ ഇളവ് നല്‍കും. ഉയര്‍ന്ന വിളശേഷിയുള്ള ഇനങ്ങളുടെ വ്യവസ്ഥാപിതമായ ഉള്‍പ്പെടുത്തലിന് ഇത് സഹായിക്കും.

15-ാം ധനകാര്യ കമ്മീഷന്റെ കാലത്ത് (2021-22 മുതല്‍ 2025-26 വരെ) 3400 കോടി രൂപ അനുവദിച്ചുകൊണ്ടാണ് പുതുക്കിയ രാഷ്ട്രീയ ഗോകുല്‍ മിഷന് അംഗീകാരം നല്‍കിയിരിക്കുന്നത്.

ബീജ കേന്ദ്രങ്ങളുടെ ശക്തിപ്പെടുത്തല്‍, കൃത്രിമ ബീജസങ്കലന ശൃംഖല, കാളകളുടെ ഉല്‍പ്പാദന പരിപാടി നടപ്പാക്കല്‍, ലിംഗഭേദം ചെയ്ത ബീജം ഉപയോഗിച്ച് ബ്രീഡ് മെച്ചപ്പെടുത്തല്‍ പരിപാടി ത്വരിതമാക്കല്‍, നൈപുണ്യ വികസനം, കര്‍ഷക ബോധവല്‍ക്കരണം, മികവിന്റെ കേന്ദ്രങ്ങളുടെ സ്ഥാപനം, കേന്ദ്ര കന്നുകാലി പ്രജനന ഫാമുകളുടെ ശാക്തീകരണം എന്നിവ ഉള്‍പ്പെടെയുള്ള നൂതനാശയ പ്രവര്‍ത്തനങ്ങളുടെ പിന്തുണയ്ക്കുള്ള സഹായ ക്രമത്തില്‍ ഒരു മാറ്റവുമില്ലാതെ നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന രാഷ്ട്രീയ ഗോകുല്‍ മിഷന്റെ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായിരിക്കും ഈ പദ്ധതിയും.

രാഷ്ട്രീയ ഗോകുല്‍ മിഷന്റെ നടപ്പാക്കലും ഗവണ്‍മെന്റിന്റെ മറ്റ് പരിശ്രമങ്ങളും കൊണ്ട് കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ പാല്‍ ഉല്‍പ്പാദനത്തില്‍ 63.55%ന്റെ വര്‍ദ്ധനവുണ്ടായി. അതോടൊപ്പം ഒരാള്‍ക്ക് പ്രതിദിനം ലഭിച്ചിരുന്ന പാലിന്റെ അളവും വര്‍ദ്ധിച്ചു. 2013-14ല്‍ ഒരാളുടെ പ്രതിദിന പാല്‍ ലഭ്യത 307 ഗ്രാമായിരുന്നത് 2023-24ല്‍ പ്രതിദിനം 471 ഗ്രാമായി ഉയര്‍ന്നു. ഉല്‍പ്പാദനക്ഷമതയിലും കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ 26.34%ന്റെ വര്‍ദ്ധനവ് ഉണ്ടായി.
കര്‍ഷകരുടെ വീട്ടുപടിക്കല്‍ ആര്‍.ജി.എമ്മിന് കീഴിലെ നാഷണല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്‍സെമനേഷന്‍ പ്രോഗ്രാ (ദേശവ്യാപക കൃത്രിമ ബീജസങ്കലന പരിപാടി -നൈപ്)മിലൂടെ സൗജന്യ കൃത്രിമ ബീജസങ്കലന (എ.ഐ) സൗകര്യം ലഭ്യമാക്കുന്നുണ്ട്. അടിസ്ഥാന കൃത്രിമ ബീജസങ്കലനപരിധി 50%ല്‍ കുറവുള്ള രാജ്യത്തെ 605 ഗ്രാമങ്ങളില്‍ ഈ വാതില്‍പ്പടി സേവനം ലഭ്യമാക്കുന്നു. ഇതുവരെ 8.39 കോടിയിലധികം മൃഗങ്ങള്‍ക്ക് പരിരക്ഷ നല്‍കുകയും 5.21 കോടി കര്‍ഷകര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുകയും ചെയ്തു. പ്രജനനത്തിലെ ഏറ്റവും പുതിയ സാങ്കേതിക ഇടപെടലുകള്‍ കര്‍ഷകന്റെ പടിവാതില്‍ക്കല്‍ എത്തിക്കുന്നതിലും ആര്‍.ജി.എം മുന്‍പന്തിയിലാണ്. സംസ്ഥാന ലൈവ്സേ്റ്റാക്ക് ബോര്‍ഡുകളുടെ (എസ്.എല്‍.ബി) കീഴിലോ അല്ലെങ്കില്‍ സര്‍വകലാശാലകളിലോ ആയി രാജ്യത്തുടനീളം മൊത്തം 22 ഇന്‍ വിട്രോ ഫെര്‍ട്ടിലൈസേഷന്‍ (ഐ.വി.എഫ്) ലാബുകള്‍ സ്ഥാപിക്കുകയും 2541 എച്ച്.ജി.എം പശുക്കിടാങ്ങൾ ജനിക്കുകയും ചെയ്തു. നാഷണല്‍ ഡയറി ഡെവലപ്മെന്റ് ബോര്‍ഡും (എന്‍.ഡി.ഡി.ബി) ഐ.സി.എ.ആര്‍ നാഷണല്‍ ബ്യൂറോ ഓഫ് അനിമല്‍ ജനറ്റിക് റിസോഴ്സും (എന്‍.ബി.എ.ജി.ആര്‍) വികസിപ്പിച്ചെടുത്ത നാടന്‍ പശുക്കള്‍ക്കുള്ള ജീനോമിക് ചിപ്പുകളും ഗൗ ചിപ്പും മഹിഷ് ചിപ്പും എന്‍.ഡി.ഡി.ബി തദ്ദേശീയമായി വികസിപ്പിച്ച ലിംഗഭേദം വരുത്തിയ ബീജ ഉല്‍പാദന സാങ്കേതികവിദ്യയായ ഗൗ സോര്‍ട്ടും ആത്മനിര്‍ഭര്‍ സാങ്കേതികവിദ്യയിലെ രണ്ട് വഴിത്തിരിവ് ഘട്ടങ്ങളാണ്.

ക്ഷീരോല്‍പ്പാദനവും ഉല്‍പ്പാദനക്ഷമതയും ഗണ്യമായി വര്‍ദ്ധിപ്പിച്ചുകൊണ്ട് ആത്യന്തികമായി കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനാണ് പദ്ധതി സജ്ജീകരിച്ചിരിക്കുന്നത്. ശാസ്ത്രീയവും ചിട്ടയായതുമായ പരിശ്രമങ്ങളിലൂടെയുള്ള കാളകളുടെ ഉല്‍പ്പാദനം, കന്നുകാലി ജനിതക ചിപ്പുകളുടെ തദ്ദേശീയമായ വികസിപ്പിക്കല്‍ എന്നിവയിലൂടെ ഇന്ത്യയുടെ തദ്ദേശീയ കന്നുകാലി വര്‍ഗ്ഗങ്ങളുടെ സംരക്ഷണത്തിലും പരിപാലനത്തിലും ഇത് ശ്രദ്ധ കേന്ദ്രീകരിക്കുന്നു. മാത്രമല്ല പദ്ധതിക്ക് കീഴിലുള്ള മുന്‍കൈകള്‍ കാരണം ഇന്‍ വിട്രോ ഫെര്‍ട്ടിലൈസേഷന്‍ (ഐ.വി.എഫ്) ഒരു സ്ഥാപിത സാങ്കേതികവിദ്യയായി മാറിയിട്ടുമുണ്ട്. ഈ മുന്‍കൈ ഉല്‍പ്പാദനക്ഷമത വര്‍ദ്ധിപ്പിക്കുക മാത്രമല്ല, ക്ഷീരമേഖലയുമായി ബന്ധപ്പെട്ടിരിക്കുന്ന 8.5 കോടി കര്‍ഷകരുടെ ഉപജീവനമാര്‍ഗ്ഗം മെച്ചപ്പെടുത്തുകയും ചെയ്യും.

 

-SK-