Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ന്യൂഡൽഹിയിൽ 2025 ഫെബ്രുവരി 28 ന് ചേർന്ന ഇന്ത്യ-യൂറോപ്യൻ യൂണിയൻ വ്യാപാര സാങ്കേതിക സമിതി രണ്ടാം യോഗം സംബന്ധിച്ച   സംയുക്ത പ്രസ്താവന


ഇന്ത്യ-യൂറോപ്യൻ യൂണിയൻ വ്യാപാര സാങ്കേതിക സമിതി (TTC)യുടെ രണ്ടാമത്തെ യോഗം 2025 ഫെബ്രുവരി 28 ന് ന്യൂഡൽഹിയിൽ നടന്നു. ഇന്ത്യയുടെ ഭാഗത്ത് നിന്ന് വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കർ; വാണിജ്യ, വ്യവസായ മന്ത്രി ശ്രീ പിയൂഷ് ഗോയൽ; ഇലക്ട്രോണിക്സ്, ഇൻഫർമേഷൻ ടെക്നോളജി മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ് എന്നിവരും യൂറോപ്യൻ യൂണിയന്റെ ഭാഗത്തുനിന്ന് സാങ്കേതിക പരമാധികാരം, സുരക്ഷ, ജനാധിപത്യം എന്നിവയുടെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ശ്രീമതി ഹെന്ന വിർക്കുനെൻ; വ്യാപാര- സാമ്പത്തിക സുരക്ഷ, അന്തർ സ്ഥാപന ബന്ധങ്ങൾ, സുതാര്യത എന്നിവയുടെ കമ്മീഷണർ ശ്രീ. മാരോസ് സെഫ്കോവിച്ച്; സ്റ്റാർട്ടപ്പുകൾ, ഗവേഷണം, നൂതനാശയങ്ങൾ എന്നിവയുടെ കമ്മീഷണർ ശ്രീമതി എകറ്റെറിന സഹാരീവ എന്നിവരും യോഗത്തിൽ സഹ-അധ്യക്ഷത വഹിച്ചു.

വ്യാപാരം, വിശ്വസനീയ സാങ്കേതികവിദ്യ, സുരക്ഷ എന്നീ മേഖലകളിലെ വെല്ലുവിളികൾ നേരിടുന്നതിനായുള്ള  ഒരു സുപ്രധാന ഉഭയകക്ഷി വേദിയായി 2022 ഏപ്രിലിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്നും ചേർന്ന് സ്ഥാപിച്ചതാണ് ഇന്ത്യ -യൂറോപ്യൻ യുണിയൻ ട്രേഡ്  ആൻഡ്  ടെക്നോളജി കൗൺസിൽ (ടിടിസി). തുറന്ന വിപണി സമ്പദ്‌വ്യവസ്ഥകളും പങ്കിട്ട മൂല്യങ്ങളും ബഹുസ്വര സമൂഹങ്ങളുമുള്ള ബൃഹത്തും  ഊർജ്ജസ്വലവുമായ രണ്ട്  ജനാധിപത്യ രാജ്യങ്ങൾ എന്ന നിലയിൽ ഇന്ത്യയും യൂറോപ്യൻ യൂണിയനും ഒരു ബഹുധ്രുവ ലോകത്തെ സ്വാഭാവിക പങ്കാളികളാണ്.

ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുകയും തന്ത്രപരമായ ഏകീകരണം വർധിക്കുകയും ചെയ്യുന്നത് ആഗോള ഭൗമ രാഷ്ട്രീയ ഭൂപ്രകൃതിയുടെ മാറിക്കൊണ്ടിരിക്കുന്ന ചലനാത്മകതയ്ക്കും ആഗോള സ്ഥിരത, സാമ്പത്തിക സുരക്ഷ, സുസ്ഥിരവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ വളർച്ച എന്നിവ പ്രോത്സാഹിപ്പിക്കുന്നതിലുള്ള ഇരു രാജ്യങ്ങളുടെയും പൊതുവായ താല്പര്യത്തിന്റെ പ്രതികരണമാണ്. ഇക്കാര്യത്തിൽ, നിയമങ്ങളെ അടിസ്ഥാനമാക്കിയുള്ള അന്താരാഷ്ട്ര ക്രമത്തിന്റെ പ്രാധാന്യവും പരമാധികാരം, പ്രദേശിക സമഗ്രത, സുതാര്യത, തർക്കങ്ങളുടെ സമാധാനപരമായ പരിഹാരം എന്നീ തത്വങ്ങളോടുള്ള പൂർണ്ണ ബഹുമാനവും ഇരുപക്ഷവും ആവർത്തിച്ച് 
വ്യക്തമാക്കി. വ്യാപാരവും സാങ്കേതികവിദ്യയും തമ്മിലുള്ള വർദ്ധിച്ചുവരുന്ന ബന്ധങ്ങൾ, ഇരു പങ്കാളികളുടെയും സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുത്തുന്നതിന് ഈ വിഷയങ്ങളിലുള്ള പരസ്പര സഹകരണത്തിന്റെ സാധ്യത, ബന്ധപ്പെട്ട സുരക്ഷാ വെല്ലുവിളികൾ നേരിടാൻ  ഒരുമിച്ച് പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകത എന്നിവയെക്കുറിച്ച് EU-വും ഇന്ത്യയും തമ്മിലുള്ള പരസ്പര അംഗീകാരത്തെ TTC പ്രതിഫലിപ്പിക്കുന്നു. പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും ഗതാഗതബന്ധം ശക്തിപ്പെടുത്തുന്നതിനും ഹരിതവും സംശുദ്ധവുമായ സാങ്കേതികവിദ്യകളുടെ വികസനം മുന്നോട്ട് കൊണ്ടുപോകുന്നതിനുമുള്ള പരസ്പര പങ്കാളിത്തത്തിന്റെ സാധ്യതയിൽ  ഇരുപക്ഷവും ശ്രദ്ധ ചെലുത്തുന്നു.

ഇന്ത്യ-EU TTC യുടെ ആദ്യ യോഗം 2023 മെയ് 16 ന് ബ്രസ്സൽസിൽ നടന്നു. ഇത് മുന്നോട്ടുകൊണ്ടുപോകുന്നതിനായി TTC മന്ത്രിതല യോഗം രാഷ്ട്രീയ മാർഗ്ഗനിർദ്ദേശം നൽകിയിരുന്നു. തുടർന്ന് 2023 നവംബർ 24-ന് വിർച്വൽ രീതിയിൽ നടന്ന ഒരു അവലോകനയോഗത്തിൽ മൂന്ന് TTC പ്രവർത്തക സംഘങ്ങൾ (വർക്കിംഗ് ഗ്രൂപ്പ്) അതുവരെ കൈവരിച്ച പുരോഗതി വിലയിരുത്തി.

തന്ത്രപരമായ സാങ്കേതികവിദ്യകൾ, ഡിജിറ്റൽ ഗവേണൻസ്, ഡിജിറ്റൽ കണക്റ്റിവിറ്റി എന്നിവയ്ക്കായുള്ള ഒന്നാം വർക്കിംഗ് ഗ്രൂപ്പ് 

തന്ത്രപരമായ സാങ്കേതികവിദ്യകൾ, ഡിജിറ്റൽ ഗവേണൻസ്, ഡിജിറ്റൽ കണക്റ്റിവിറ്റി എന്നിവയ്ക്കായുള്ള ഒന്നാം വർക്കിംഗ് ഗ്രൂപ്പ് വഴി,  ഡിജിറ്റൽ സഹകരണം കൂടുതൽ ആഴത്തിലാക്കേണ്ടതിന്റെ പ്രാധാന്യം ഇന്ത്യയും യൂറോപ്യൻ യൂണിയനും ആവർത്തിച്ചുറപ്പിച്ചു. മനുഷ്യ കേന്ദ്രീകൃത ഡിജിറ്റൽ പരിവർത്തനവും സമ്പദ്‌വ്യവസ്ഥകൾക്കും സമൂഹങ്ങൾക്കും ഗുണം ചെയ്യുന്ന എ ഐ, സെമികണ്ടക്ടറുകൾ, ഹൈ-പെർഫോമൻസ് കമ്പ്യൂട്ടിംഗ്, 6G തുടങ്ങിയ നൂതനവും വിശ്വസനീയവുമായ ഡിജിറ്റൽ സാങ്കേതികവിദ്യകളുടെ വികസനവും ത്വരിതപ്പെടുത്തുന്നതിന് ഇരുപക്ഷവും തങ്ങളുടെ ശേഷി പ്രയോജനപ്പെടുത്താൻ പ്രതിജ്ഞാബദ്ധമാണ്.  ഇതിനായി, സാമ്പത്തിക സുരക്ഷ വർദ്ധിപ്പിക്കുമ്പോൾതന്നെ മത്സരക്ഷമതയും മെച്ചപ്പെടുത്തുന്നതിനായി ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള ഗവേഷണവും നവീകരണവും ശക്തിപ്പെടുത്താൻ ഇരുകൂട്ടരും ഒത്തൊരുമിച്ചു പ്രവർത്തിക്കാൻ പ്രതിജ്ഞാബദ്ധരായി. സൈബർ-സുരക്ഷിത ഡിജിറ്റൽ ആവാസവ്യവസ്ഥയിൽ ആഗോള കണക്റ്റിവിറ്റി പ്രോത്സാഹിപ്പിക്കുന്നതിന് ഇരുപക്ഷവും പ്രതിജ്ഞാബദ്ധമാണ്.

തുറന്നതും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ ഡിജിറ്റൽ സാമ്പത്തിക-സാമൂഹിക വികസനത്തിന് ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചറിന്റെ (DPI) പ്രാധാന്യം തിരിച്ചറിഞ്ഞുകൊണ്ട്, മനുഷ്യാവകാശങ്ങൾ മാനിക്കുകയും വ്യക്തിഗത വിവരങ്ങൾ, സ്വകാര്യത, ബൗദ്ധിക സ്വത്തവകാശങ്ങൾ എന്നിവ സംരക്ഷിക്കുകയും ചെയ്യുന്ന അതത് DPI-കളുടെ പരസ്പര പ്രവർത്തനക്ഷമതയ്ക്കായി സഹകരിക്കാൻ ഇന്ത്യയും യൂറോപ്യൻ യൂണിയനും സമ്മതമറിയിച്ചു . മറ്റു രാജ്യങ്ങൾക്ക് ഡിപിഐ പരിഹാരങ്ങൾ സംയുക്തമായി പ്രോത്സാഹിപ്പിക്കുന്നതിന് ഇരുപക്ഷവും കൂടുതൽ പ്രതിജ്ഞാബദ്ധരാവുകയും അതിർത്തി കടന്നുള്ള ഡിജിറ്റൽ ഇടപാടുകൾ വർദ്ധിപ്പിക്കുന്നതിനും പരസ്പര സാമ്പത്തിക വളർച്ച ത്വരിതപ്പെടുത്തുന്നതിനും ഇ-സിഗ്നേച്ചറുകളുടെ പരസ്പര അംഗീകാരത്തിന്റെ ആവശ്യകത ഊന്നിപ്പറയുകയും ചെയ്തു.

സെമികണ്ടക്ടർ വിതരണ ശൃംഖലകളുടെ ശേഷി കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ഈ മേഖലയിൽ സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള പ്രതിബദ്ധത ഇരുപക്ഷവും ഊന്നിപ്പറഞ്ഞു. ഇതിനായി, ചിപ്പ് ഡിസൈൻ, വ്യത്യസ്ത സാങ്കേതികവിദ്യകളുടെ സംയോജനം, സുസ്ഥിര സെമികണ്ടക്ടർ സാങ്കേതികവിദ്യകൾ, പ്രോസസ് ഡിസൈൻ കിറ്റ് (PDK) എന്നിവയ്ക്ക്  ഉയർന്ന നിലവാരത്തിലുള്ള സാങ്കേതിക വികസനം തുടങ്ങി വിവിധ മേഖലകളിൽ സംയുക്ത ഗവേഷണ വികസന പ്രവർത്തനങ്ങൾക്കുള്ള സാദ്ധ്യതകൾ തേടാൻ ഇരു പക്ഷവും സമ്മതമറിയിച്ചു . സുസ്ഥിരവും സുരക്ഷിതവും വൈവിധ്യപൂർണ്ണവുമായ സെമികണ്ടക്ടർ ഉൽ‌പാദന ശേഷികൾ വികസിപ്പിച്ചുകൊണ്ട് സാങ്കേതിക ശേഷി വർദ്ധിപ്പിക്കുന്നതിനും വിതരണ ശൃംഖലാ ശേഷി ഉറപ്പാക്കുന്നതിനുമായി യൂറോപ്യൻ യുണിയൻ- ഇന്ത്യ സെമികണ്ടക്ടർ ആവാസവ്യവസ്ഥകളെ ശക്തിപ്പെടുത്തുന്നതിനെ ഇരുപക്ഷവും പ്രോത്സാഹിപ്പിക്കും. കൂടാതെ, വിദ്യാർത്ഥികളുടെയും  യുവ പ്രൊഫഷണലുകളുടെയും പ്രതിഭാ കൈമാറ്റങ്ങൾ സുഗമമാക്കുന്നതിനും സെമികണ്ടക്ടർ ശേഷി വളർത്തുന്നതിന് ഒരു സമർപ്പിത പരിപാടി വികസിപ്പിക്കുന്നതിനും ഇരുവിഭാഗവും പ്രതിജ്ഞാബദ്ധരാണ്.

സുരക്ഷിതവും, വിശ്വസനീയവും, മനുഷ്യ കേന്ദ്രീകൃതവും, സുസ്ഥിരവും, ഉത്തരവാദിത്തമുള്ളതുമായ നിർമ്മിത ബുദ്ധി (AI) യോടുള്ള പ്രതിബദ്ധത ഇരുപക്ഷവും ആവർത്തിച്ചു. കൂടാതെ, എ ഐ -യിൽ തുടർച്ചയായതും ഫലപ്രദവുമായ സഹകരണം ഉറപ്പാക്കുന്നതിനായി, യൂറോപ്യൻ എ ഐ  ഓഫീസും ഇന്ത്യ എ ഐ  മിഷനും തമ്മിലുള്ള സഹകരണം ആഴത്തിലാക്കാനും, നൂതനാശയങ്ങളുടെ ആവാസവ്യവസ്ഥ പ്രോത്സാഹിപ്പിക്കാനും, വിശ്വസനീയമായ എ ഐ  വികസിപ്പിക്കുന്നതിനുള്ള പൊതുവായതും തുറന്നതുമായ ഗവേഷണങ്ങളിൽ വിവര കൈമാറ്റം പരിപോഷിപ്പിക്കാനും  തീരുമാനിച്ചു. വലിയ ഭാഷാ മാതൃകകളിലെ സഹകരണം വർദ്ധിപ്പിക്കാനും, ധാർമ്മികവും ഉത്തരവാദിത്തമുള്ളതുമായ AI-യ്‌ക്കുള്ള ഉപകരണങ്ങളും ചട്ടക്കൂടുകളും വികസിപ്പിക്കുന്നത് പോലുള്ള സംയുക്ത പദ്ധതികളിലൂടെ ഉൾപ്പെടെ, മനുഷ്യ വികസനത്തിനും പൊതുനന്മയ്ക്കും എ ഐ -യുടെ സാധ്യതകൾ പ്രയോജനപ്പെടുത്താനും പരസ്‍പരം സമ്മതിച്ചു. പ്രകൃതിക്ഷോഭങ്ങൾ, കാലാവസ്ഥാവ്യതിയാനം, ബയോഇൻഫോർമാറ്റിക്സ് തുടങ്ങിയ മേഖലകളിൽ ഉയർന്ന കാര്യക്ഷമതയുള്ള കംപ്യൂട്ടിങ് അപ്ലിക്കേഷനുകൾക്കായുള്ള ഗവേഷണവും വികസനവുമായി ബന്ധപ്പെട്ട സഹകരണത്തിൽ നേടിയ പുരോഗതിയെ അടിസ്ഥാനമാക്കിയാകും ഇവ നിർമ്മിക്കുക.

ഗവേഷണ വികസന മുൻഗണനകൾ വിന്യസിക്കുന്നതിനും സുരക്ഷിതവും വിശ്വസനീയവുമായ ടെലികമ്മ്യൂണിക്കേഷനുകളും ശക്തമായ വിതരണ ശൃംഖലകളും സൃഷ്ടിക്കുന്നതിനുമായി ഭാരത് 6G അലയൻസും EU 6G സ്മാർട്ട് നെറ്റ്‌വർക്കുകളും സേവന വ്യവസായ അസോസിയേഷനും തമ്മിൽ ധാരണാപത്രത്തിൽ ഒപ്പുവെച്ചതിനെ ഇന്ത്യയും EU-വും സ്വാഗതം ചെയ്തു. പരസ്പര പ്രവർത്തനക്ഷമമായ ആഗോള മാനദണ്ഡങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട്  ഐടി, ടെലികോം സ്റ്റാൻഡേർഡൈസേഷനിൽ ഇരുപക്ഷവും സഹകരണം വർദ്ധിപ്പിക്കും.

കൂടാതെ, ഡിജിറ്റൽ ശേഷി സംബന്ധിച്ച വിടവ് നികത്തുന്നതിനും, സർട്ടിഫിക്കേഷനുകളുടെ പരസ്പര അംഗീകാരം പര്യവേക്ഷണം ചെയ്യുന്നതിനും, വൈദഗ്ധ്യമുള്ള പ്രൊഫഷണലുകൾക്കാവശ്യമായ നിയമപരമായ മാർഗങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും നൈപുണ്യ കൈമാറ്റം പ്രോത്സാഹിപ്പിക്കുന്നതിനും ഇരുപക്ഷവും സമ്മതിച്ചു.

2024 സെപ്റ്റംബറിൽ യുഎൻ പൊതു സഭയിൽ അംഗീകരിച്ച ഗ്ലോബൽ ഡിജിറ്റൽ കോംപാക്റ്റ് നടപ്പിലാക്കുന്നതിൽ സഹകരിക്കാൻ ഇരുപക്ഷവും സമ്മതിച്ചു, ഇത് ഇരു വിഭാഗത്തിന്റെയും പങ്കിട്ട ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള ഒരു പ്രധാന ഉപാധിയാണ്. വരാനിരിക്കുന്ന ഇൻഫർമേഷൻ സൊസൈറ്റി +20 ലോക ഉച്ചകോടി, ഇന്റർനെറ്റ് ഭരണം സംബന്ധിച്ച മൾട്ടി-സ്റ്റേക്ക്‌ഹോൾഡർ മാതൃകയ്ക്ക് ആഗോള പിന്തുണ നിലനിർത്തുകയും അതിനെ ശക്തിപ്പെടുത്തുകയും ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത അവർ ചൂണ്ടിക്കാട്ടി.

ക്ലീൻ ആൻഡ് ഗ്രീൻ സാങ്കേതികവിദ്യയ്ക്കായുള്ള വർക്കിംഗ് ഗ്രൂപ്പ് -2

ഇന്ത്യയ്ക്കും യൂറോപ്യന്‍ യൂണിയനും യഥാക്രമം 2070 ലും 2050 ലും നെറ്റ് സീറോ ഉദ്വമനം കൈവരിക്കുന്നതിന് ക്ലീന്‍ ആന്‍ഡ് ഗ്രീന്‍ ടെക്‌നോളജി (ശുദ്ധ-ഹരിത സാങ്കേതികവിദ്യകള്‍)കളെക്കുറിച്ചുള്ള കര്‍മ്മസമിതി 2 പ്രകാരം കണ്ടെത്തിയിട്ടുള്ള മുന്‍ഗണനാ പ്രവര്‍ത്തനധാരകളുടെ പ്രാധാന്യം ഇന്ത്യയും യൂറോപ്യന്‍ യൂണിയനും അനുസ്മരിച്ചു. ഈ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് നവീന ശുദ്ധ സാങ്കേതികവിദ്യകളിലും (ക്ലീന്‍ ടെക്‌നോളജി) മാനദണ്ഡങ്ങളിലും ഗണ്യമായ നിക്ഷേപം ആവശ്യമാണ്. ഗവേഷണത്തിലും നൂതനാശയത്തിലും (ആര്‍ ആന്റ് ഐ) ഊന്നല്‍ നല്‍കുന്നത് യൂറോപ്യന്‍ യൂണിയനും ഇന്ത്യയും തമ്മിലുള്ള സാങ്കേതിക സഹകരണവും മികച്ച രീതികളുടെ കൈമാറ്റവും പരിപോഷിപ്പിക്കും. സമാന്തരമായി, വിപണിയെ മനസിലാക്കുന്നതിനായുള്ള സാങ്കേതിക നൂതനാശയങ്ങളെ പിന്തുണയ്ക്കുന്നത് ഇന്ത്യന്‍, യൂറോപ്യന്‍ യൂണിയന്‍ സംരംഭങ്ങള്‍ക്ക് ബന്ധപ്പെട്ട വിപണികളുടെ പ്രാപ്യത വര്‍ദ്ധിപ്പിക്കുന്നതിനും നൂതന സാങ്കേതികവിദ്യകള്‍ വ്യാപകമായി സ്വീകരിക്കുന്നതിനും സഹായകരമാകുകയും ചെയ്യും. ഇത് ഇന്ത്യന്‍, യൂറോപ്യന്‍ യൂണിയന്‍ ഇന്‍കുബേറ്ററുകള്‍, എസ്.എം.ഇ (ചെറുകിട ഇടത്തരം സംരംഭങ്ങള്‍)കള്‍, സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവയ്ക്കിടയിലുള്ള സഹകരണത്തിനും അത്തരം സാങ്കേതികവിദ്യകളില്‍ മാനവ വിഭവകാര്യശേഷിയും ഉള്‍ക്കൊള്ളല്‍ ശക്തിയും വികസിപ്പിക്കുന്നതിനുമുള്ള സാദ്ധ്യതകള്‍ തുറക്കുകയും ചെയ്യും.

ഇക്കാര്യത്തില്‍ വൈദ്യുത വാഹന (ഇ.വികള്‍) ബാറ്ററികളുടെയും സമുദ്ര പ്ലാസ്റ്റിക്ക് മാലിന്യങ്ങളുടെയും പുനചംക്രമണം, മാലിന്യത്തില്‍ നിന്ന് ഹൈഡ്രജന്‍ എന്നിവയില്‍ അനിതരസാധാരണമായ ഏകോപിത ആഹ്വാനങ്ങളിലൂടെ സംയുക്ത ഗവേഷണ സഹകരണത്തിന് ഇരുപക്ഷവും സമ്മതിച്ചു. ഹൊറൈസണ്‍ യൂറോപ്പ് പ്രോഗ്രാമില്‍ നിന്നും അതിന് തുല്യമായ ഇന്ത്യന്‍ സംഭാവനയില്‍ നിന്നുമായി ഏകദേശം 60 മില്യണ്‍ യൂറോ ആയിരിക്കും മൊത്ത സംയുക്ത ബജറ്റ്. വ്യത്യസ്ത തരം വഴക്കമുള്ള/കുറഞ്ഞ വിലയുള്ള/ എളുപ്പത്തില്‍ പുനചംക്രമണം ചെയ്യാവുന്ന ബാറ്ററികളിലൂടെ ചാക്രിക ബാറ്ററിയെന്നതിലായിരിക്കും വൈദ്യുത വാഹന ബാറ്ററികളുടെ പുനചംക്രമണത്തില്‍, ശ്രദ്ധ കേന്ദ്രീകരിക്കുക. സമുദ്ര പ്ലാസ്റ്റിക് മാലിന്യത്തില്‍ ജല മാലിന്യങ്ങള്‍ കണ്ടെത്തുന്നതിനും അളക്കുന്നതിനും വിശകലനം ചെയ്യുന്നതിനും സമുദ്ര പരിസ്ഥിതിയില്‍ മലിനീകരണത്തിന്റെ സഞ്ചിത ആഘാതം ലഘൂകരിക്കുന്നതിനുമുള്ള സാങ്കേതികവിദ്യകള്‍ വികസിപ്പിക്കുന്നതിനായിരിക്കും ശ്രദ്ധ കേന്ദ്രീകരിക്കുക. ബയോജനിക് മാലിന്യങ്ങളില്‍ നിന്ന് ഹൈഡ്രജന്‍ ഉല്‍പ്പാദിപ്പിക്കുന്നതിന് കൂടുതല്‍ കാര്യക്ഷമതയുള്ള സാങ്കേതികവിദ്യകള്‍ വികസിപ്പിക്കുന്നതിലായിരിക്കും മാലിന്യത്തില്‍ നിന്ന് ഹൈഡ്രജനിലെ ശ്രദ്ധ കേന്ദ്രീകരണം.

സഹകരണത്തിന്റെ തിരിച്ചറിഞ്ഞിട്ടുള്ള മേഖലകളില്‍ വിദഗ്ധരുടെ സ്ഥിരമായി വിനിമയം ഭാവി പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനമാകുമെന്നതിന്റെ പ്രാധാന്യം ഇരുകൂട്ടരും അനുസ്മരിച്ചു. ഇ.വി ഇന്ററോപ്പറബിളിറ്റി(വൈദ്യുതവാഹന പരസ്പരപ്രവര്‍ത്തനക്ഷമത)ആന്റ് ഇലക്രേ്ടാമാഗ്‌നറ്റിക് കോംപാറ്റിബിലിറ്റി (ഇ.എം.സി) എന്നിവയെക്കുറിച്ച് 2024 ജനുവരിയില്‍ ഇറ്റലിയിലെ ഇസ്പ്രയിലുള്ള ജോയിന്റ് റിസര്‍ച്ച് സെന്റര്‍ (ജെ.ആര്‍.സി) ഇ-മൊബിലിറ്റി ലാബില്‍ നടന്ന പരിശീലനത്തിലും പരസ്പര പഠനത്തിലും ഇന്ത്യന്‍ വിദഗ്ധര്‍ പങ്കെടുത്തിട്ടുണ്ട്. കൂടാതെ, ഇന്ത്യയും യൂറോപ്യന്‍ യൂണിയനുമായുള്ള സംഭാഷണവും ഇന്ത്യയുമൊത്തുള്ള ചാര്‍ജ്ജിംഗ് അടിസ്ഥാന സൗകര്യ ക്രമവല്‍ക്കരണ പ്രക്രിയകളിലെ വ്യവസായത്തിന്റെ ഇടപെടല്‍ കൂടുതല്‍ ആഴത്തിലാക്കുന്നതിനുമായി ഇന്ത്യയിലെ പൂനെയിലുള്ള ഓട്ടോമോട്ടീവ് റിസര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യ (എ.ആര്‍.എ.ഐ) യിലും ഓണ്‍ലൈനിലായും ഇ.വി ചാര്‍ജിംഗ് ടെക്‌നോളജീസ് (സ്റ്റാന്‍ഡേര്‍ഡൈസേഷന്‍ ആന്‍ഡ് ടെസ്റ്റിംഗ്) സംബന്ധിച്ച ഒരു സംയുക്ത ഹൈബ്രിഡ് ശില്‍പ്പശാല സംഘടിപ്പിച്ചിരുന്നു. വൈദ്യുത വാഹനങ്ങളുടെ ബാറ്ററികള്‍ പുനചംക്രമണം ചെയ്യുന്നതിനുള്ള സാങ്കേതികവിദ്യയില്‍ ഇന്ത്യന്‍, യൂറോപ്യന്‍ യൂണിയന്‍ സ്റ്റാര്‍ട്ടപ്പുകള്‍ തമ്മിലുള്ള വിനിമയങ്ങള്‍ തിരിച്ചറിയുന്നതിനും പിന്തുണയ്ക്കുന്നതിനും സംഘടിപ്പിക്കുന്നതിനുമായി ഒരു മാച്ച് മേക്കിംഗ് ഇവന്റിന് ഇരുപക്ഷവും തീരുമാനിച്ചു. സമുദ്ര പ്ലാസ്റ്റിക് മാലിന്യങ്ങളുടെ വിലയിരുത്തല്‍, നിരീക്ഷണ ഉപകരണങ്ങളെക്കുറിച്ച് വിദഗ്ധര്‍ സംയുക്ത ചര്‍ച്ചയും നടത്തി. സമുദ്ര പ്ലാസ്റ്റിക് മലിനീകരണത്തെ ഫലപ്രദമായി അഭിസംബോധന ചെയ്യുന്നതിന് ഇന്ത്യ-യുറോപ്യന്‍ യൂണിയന്‍ സഹകരണം പരിപോഷിപ്പിച്ചുകൊണ്ട് എല്ലാ പങ്കാളികളെയും ഉള്‍പ്പെടുത്തി പ്രായോഗിക പരിഹാരങ്ങള്‍ സൃഷ്ടിക്കുന്നതിനായി ഒരു ഐഡിയത്തണിന് ഒടുവില്‍ തീരുമാനമായി.

ഇ-മൊബിലിറ്റി മേഖലയിലെ ഏകീകരിച്ച ടെസ്റ്റിംഗ് പരിഹാരങ്ങള്‍ക്കും അറിവിന്റെ കൈമാറ്റത്തിനുമുള്ള സഹകരണത്തിനും പ്രീ-നോര്‍മേറ്റീവ് ഗവേഷണവും ഉള്‍പ്പെടെയുള്ള ഇ.വി. ചാര്‍ജ്ജിംഗ് അടിസ്ഥാനസൗകര്യങ്ങളുടെ മാനദണ്ഡങ്ങള്‍ ഏകീകരിക്കുന്നതിനുമായി സഹകരിക്കുന്നത് പര്യവേഷണം ചെയ്യുന്നതിന് ഇരുപക്ഷവും സമ്മതിച്ചു. ഹൈഡ്രജനുമായി ബന്ധപ്പെട്ട സുരക്ഷാ മാനദണ്ഡങ്ങള്‍, മുന്‍പ് സംയുക്മായി നടത്തിയ ഗവേഷണത്തിന്റെ ഫലമായി വന്ന മലിനജല സംസ്‌ക്കരണ സാങ്കേതികവിദ്യകളുടെ വിപിണി മനസിലാക്കലും അതുപോലെ ശാസ്ത്രത്തിന്റെ മാനദണ്ഡങ്ങളും സംബന്ധിച്ച മേഖലകളിലെ സഹകരണം വര്‍ദ്ധിപ്പിക്കുന്നതിനും ഇരുപക്ഷവും സമ്മതിച്ചു.

വ്യാപാരം, നിക്ഷേപം, പ്രതിരോധശേഷിയുള്ള മൂല്യ ശൃംഖലകള്‍ എന്നിവയ്ക്കായുള്ള കര്‍മ്മസമിതി 3 (വര്‍ക്കിംഗ് ഗ്രൂപ്പ് 3)

ഇന്ത്യയും യൂറോപ്യന്‍ യൂണിയനും തമ്മില്‍ കൂടുതല്‍ അടുത്ത സാമ്പത്തിക പങ്കാളിത്തം കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെ, വ്യാപാരം, നിക്ഷേപം, പ്രതിരോധശേഷിയുള്ള മൂല്യ ശൃംഖലകള്‍ എന്നിവയ്ക്കായുള്ള കര്‍മ്മസിമിതി 3(വര്‍ക്കിംഗ് ഗ്രൂപ്പ് 3) ന് കീഴില്‍ ഇന്ത്യയും യൂറോപ്യന്‍ യൂണിയനും ഉല്‍പ്പാദനക്ഷമമായ ചര്‍ച്ചകള്‍ നടത്തി. വര്‍ദ്ധിച്ചുവരുന്ന വെല്ലുവിളികള്‍ നിറഞ്ഞ ഭൂരാഷ്ട്രീയ പശ്ചാത്തലത്തില്‍ സമ്പത്ത് സൃഷ്ടിക്കുന്നതിനും പങ്കാളിത്ത അഭിവൃദ്ധിക്കുമായി ഒന്നിച്ചു പ്രവര്‍ത്തിക്കാനുള്ള പ്രതിജ്ഞാബദ്ധതയും ഇരുപക്ഷവും പ്രകടിപ്പിച്ചു. സ്വതന്ത്ര വ്യാപാര കരാര്‍ (എഫ്.ടി.എ), ഒരു നിക്ഷേപ സംരക്ഷണ കരാര്‍ (ഐ.പി.എ), ഒരു ഭൂമിശാസ്ത്ര സൂചിക കരാര്‍ എന്നിവയില്‍ വ്യത്യസ്തപാതകളില്‍ നടന്നുകൊണ്ടിരിക്കുന്ന ചര്‍ച്ചകളെ കര്‍മ്മസമിതി 3 ന് കീഴിലുള്ള പ്രവര്‍ത്തനങ്ങള്‍ സമ്പൂര്‍ണ്ണമാക്കുന്നു.

സുതാര്യത, പ്രവചനാത്മകത, വൈവിദ്ധ്യവല്‍ക്കരണം, സുരക്ഷ, സുസ്ഥിരത എന്നിവയ്ക്ക് മുന്‍ഗണന നല്‍കിക്കൊണ്ട് പ്രതിരോധശേഷിയുള്ളതും ഭാവിക്ക് തയ്യാറായതുമായ മൂല്യ ശൃംഖലകള്‍ വളര്‍ത്തിയെടുക്കാന്‍ ഇരുപക്ഷവും പ്രതിജ്ഞാബദ്ധമാണ്. അഗ്രി-ഫുഡ് (കാര്‍ഷിക-ഭക്ഷ്യം), ആക്ടീവ് ഫാര്‍മസ്യൂട്ടിക്കല്‍ ഇന്‍ഗ്രേഡിയന്‍സ് (സജീവ ഫാര്‍മസ്യൂട്ടിക്കല്‍ ചേരുവകള്‍ -എ.പി.ഐ), ശുദ്ധ സാങ്കേതിക വിദ്യാ(ക്ലീന്‍ ടെക്‌നോളജീസ്)മേഖലകളില്‍ കൈവരിച്ച പുരോഗതിയില്‍ ഇരുപക്ഷവും സംതൃപ്തി പ്രകടിപ്പിക്കുകയും ആഗോള വെല്ലുവിളികളെ നേരിടാന്‍ കഴിയുന്ന മൂല്യശൃംഖലകളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഈ മൂന്ന് മേഖലകളിലെയും പ്രവര്‍ത്തന പദ്ധതികളില്‍ യോജിച്ചു പ്രവര്‍ത്തിക്കുന്നതിന് സമ്മതിക്കുകയും ചെയ്തു.

കാര്‍ഷിക മേഖലയില്‍, ഭക്ഷ്യസുരക്ഷയ്ക്കായുള്ള അടിയന്തര ആസൂത്രണത്തില്‍ സഹകരണവിവക്ഷയ്‌ക്കോടൊപ്പം, ജി 20 ചട്ടക്കൂട്ടിലൂടെ കാലാവസ്ഥാ-പ്രതിരോധശേഷിയുള്ള രീതികള്‍, വിള വൈവിദ്ധ്യവല്‍ക്കരണം, അടിസ്ഥാന സൗകര്യ മെച്ചപ്പെടുത്തലുകള്‍ എന്നിവയ്ക്കുവേണ്ടിയുള്ള പങ്കാളിത്ത ഗവേഷണ, നൂതനാശയ അനിവാര്യതയ്ക്കായുള്ള പൊതുവായ ശ്രമങ്ങളെ ഇന്ത്യയും യൂറോപ്യന്‍ യൂണിയനും സ്വാഗതം ചെയ്യുകയും ചെയ്തു. ഫാര്‍മസ്യൂട്ടിക്കല്‍ മേഖലയില്‍ അപകടസാദ്ധ്യതകള്‍ രേഖപ്പെടുത്തുന്നതിലൂടെയും സുസ്ഥിര ഉല്‍പ്പാദനം പ്രോത്സാഹിപ്പിക്കുന്നതിലൂടെയും, പ്രതിസന്ധികളെ തടയുന്നതിന് മുന്‍കൂട്ടിയുള്ള മുന്നറിയിപ്പ് സംവിധാനങ്ങള്‍ സ്ഥാപിക്കുന്നതിലൂടെയും ആക്ടീവ് ഫാര്‍മസ്യൂട്ടിക്കല്‍ ചേരുവകള്‍ (എ.പി.ഐ) വിതരണ ശൃംഖലകളില്‍ സുതാര്യതയും സുരക്ഷയും വര്‍ദ്ധിപ്പിക്കക്കുന്നതിന് ഇരുപക്ഷവും ലക്ഷ്യമിടുന്നു.

മേഖലാ കാര്യശേഷികളെയും നിക്ഷേപ പ്രോത്സാഹനങ്ങളെയും കുറിച്ചുള്ള വിവരങ്ങള്‍ കൈമാറുന്നതിലൂടെയും ഗവേഷണം, വികസനം, നൂതനാശയ മുന്‍ഗണനകള്‍ എന്നിവയയ്‌ക്കൊപ്പം അപകടസാദ്ധ്യതകള്‍ വിലയിരുത്തുന്നതിനുള്ള രീതിശാസ്ത്രങ്ങള്‍, വ്യാപാര തടസ്സങ്ങള്‍ കുറയ്ക്കുന്നതിനുള്ള സമീപനങ്ങള്‍ എന്നിവയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിലുടെയും വിതരണ ശൃംഖലകളുടെ സാദ്ധ്യമായ സമന്വയം പര്യവേക്ഷണം ചെയ്യുന്നതിലുടെയും സൗരോര്‍ജ്ജം, കടല്‍കാറ്റ്, ക്ലീന്‍ ഹൈഡ്രജന്‍ എന്നിവയ്ക്കുള്ള വിതരണ ശൃംഖലകള്‍ ശക്തിപ്പെടുത്തുന്നതിലാണ് ശുദ്ധ സാങ്കേതികവിദ്യ സഹകരണം കേന്ദ്രീകരിക്കുന്നത്. നിക്ഷേപം വളര്‍ത്തുന്നതും, മികച്ച രീതികള്‍ കൈമാറുന്നതും, പതിവ് സംഭാഷണങ്ങളിലൂടെ അപകടങ്ങള്‍ ലഘൂകരിക്കുന്നതും, ഗവേഷണ സഹകരണങ്ങളും, ബിസിനസ്സ്-ടു-ബിസിനസ് ഇടപെടലുകളും വിതരണ ശൃംഖലയുടെ പ്രതിരോധശേഷിയും സുസ്ഥിര സാമ്പത്തിക വളര്‍ച്ചയും ഉറപ്പാക്കുന്നതിനായി ഈ മേഖലകളിലാകെ, ഇന്ത്യയും യൂറോപ്യന്‍ യൂണിയനും പ്രവര്‍ത്തിക്കുന്നു.
ടി.ടി.സിചട്ടക്കൂടിനുള്ളിലെ സഹകരണത്തിലൂടെ പ്രസക്തമായ മുന്‍ഗണനാ വിപണി പ്രാപ്യതാ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുന്നുണ്ടെന്നത് ഇരുപക്ഷവും സമ്മതിച്ചു. നിരവധി ഇ.യു സസ്യ ഉല്‍പ്പന്നങ്ങളുടെ വിപണനത്തിന് അംഗീകാരം നല്‍കാനുള്ള ഇന്ത്യയുടെ മുന്‍കൈകളെ ഇ.യു പക്ഷം അഭിനന്ദിച്ചു, അതേസമയം നിരവധി ഇന്ത്യന്‍ അക്വാകള്‍ച്ചര്‍ സ്ഥാപനങ്ങളെ പട്ടികപ്പെടുത്തിയതിനെയും കാര്‍ഷിക ജൈവ ഉല്‍പ്പന്നങ്ങള്‍ക്ക് തുല്യത നല്‍കുന്ന വിഷയം ഏറ്റെടുത്തതിനെയും ഇന്ത്യന്‍ പക്ഷവും അഭിനന്ദിച്ചു. ടി.ടി.സി അവലോകന സംവിധാനത്തിന് കീഴില്‍ ഈ വിഷയങ്ങളിലെ തങ്ങളുടെ പരിശ്രമങ്ങളും പരസ്പരം ചൂണ്ടിക്കാണിച്ച അവശേഷിക്കുന്ന പ്രശ്‌നങ്ങളിലെ തങ്ങളുടെ ഇടപെടലുകളും തുടരാനും ഇരുപക്ഷവും സമ്മതിച്ചു.

സാമ്പത്തിക സുരക്ഷ വളര്‍ത്തിയെടുക്കുന്നതിന് വളര്‍ന്നുവരുന്ന പ്രാധാന മേഖലയായ നേരിട്ടുള്ള വിദേശ നിക്ഷേപങ്ങളുടെ പരിശോധനയിലെ മികച്ച രീതികളെക്കുറിച്ചുള്ള കൈമാറ്റങ്ങള്‍ ഇരുപക്ഷവും ചൂണ്ടിക്കാട്ടി.

നിലവിലെ വെല്ലുവിളി നിറഞ്ഞ ഭൗമരാഷ്ട്രീയ സാഹചര്യത്തില്‍ ഒരു നങ്കൂരമായ ബഹുമുഖ വ്യാപാര സംവിധാനത്തോടുള്ള തങ്ങളുടെ പ്രതിബദ്ധത ഇന്ത്യയും ഇ.യു യും ശക്തിപ്പെടുത്തി. അതേസമയം, അംഗങ്ങള്‍ക്ക് താല്‍പ്പര്യമുള്ള പ്രശ്‌നങ്ങള്‍ കാര്യക്ഷമമായും ഫലപ്രദമായും അഭിസംബോധന ചെയ്യാന്‍ ഡബ്ലു.ടി.ഒ യില്‍ ആവശ്യമായ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരേണ്ടതിന്റെ ആവശ്യകതയും അവര്‍ തിരിച്ചറിഞ്ഞു. ഒരു തര്‍ക്ക പരിഹാര സംവിധാനം പ്രാവര്‍ത്തികമാക്കേണ്ടതിന്റെ പ്രാധാന്യവും ഇരുപക്ഷവും തിരിച്ചറിഞ്ഞു. ഈ ആവശ്യത്തിനായി, എംസി14 ഉള്‍പ്പെടെ ഡബ്ലു.ടി.ഒയ്ക്ക് വ്യക്തമായ ഫലങ്ങള്‍ നല്‍കാന്‍ സഹായിക്കുന്നതിന് തങ്ങളുടെ സംഭാഷണവും ഇടപെടലും കൂടുതല്‍ ആഴത്തിലാക്കാനും അവര്‍ സമ്മതിച്ചു.

വ്യാപാരം, ഡീകാര്‍ബണൈസേഷന്‍ എന്നിവയെക്കുറിച്ച് ഇരുപക്ഷവും നിരവധി ഉഭയകക്ഷി മാര്‍ഗ്ഗങ്ങളിലൂടെ ആഴത്തിലുള്ള ചര്‍ച്ചകള്‍ നടത്തുകയും പങ്കാളികളുമായി സംയുക്തമായി ഇടപഴകുകയും ചെയ്തിട്ടുണ്ട്, പ്രത്യേകിച്ച് ഇ.യു വിന്റെ കാര്‍ബണ്‍ ബോര്‍ഡര്‍ മെക്കാനിസം (സി.ബി.എ.എം) നടപ്പിലാക്കുന്നത് സംബന്ധിച്ച്. സി.ബി.എ.എം നടപ്പിലാക്കുന്നതില്‍ നിന്ന് ഉയര്‍ന്നുവരുന്ന വെല്ലുവിളികളെക്കുറിച്ച്, പ്രത്യേകിച്ച് ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കുണ്ടാകുന്നവയെക്കുറിച്ച്, ഇരുപക്ഷവും ചര്‍ച്ച ചെയ്യുകയും അവയെ അഭിസംബോധന ചെയ്യുന്നത് തുടരാന്‍ സമ്മതിക്കുകയും ചെയ്തു.

ടി.ടി.സി യുടെ കീഴിലുള്ള തങ്ങളുടെ ഇടപെടല്‍ വികസിപ്പിക്കുന്നതിനും ആഴത്തിലാക്കുന്നതിനും ടി.ടി.സി യുടെ വിജയകരമായ ഈ രണ്ടാം യോഗത്തില്‍ നിശ്ചയിച്ച ലക്ഷ്യങ്ങള്‍ നിറവേറ്റുന്നതിനുമായി ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതിനുമുള്ള പ്രതിബദ്ധത സഹ-അദ്ധ്യക്ഷന്മാര്‍ വീണ്ടും പ്രമാണീകരിച്ചു. ഇപ്പോള്‍ മുതല്‍ ഒരു വര്‍ഷത്തിനുള്ളില്‍ ടി.ടി.സി യുടെ മൂന്നാമത്തെ യോഗത്തിനായി വീണ്ടും കണ്ടുമുട്ടാമെന്നും അവര്‍ സമ്മതിച്ചു.

***

SK