ആയുഷ് മേഖലയുടെ അവലോകനത്തിനായി ഇന്നു ചേർന്ന ഉന്നതതല യോഗത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അധ്യക്ഷനായി. ലോക് കല്യാൺ മാർഗിൽ അദ്ദേഹത്തിന്റെ ഏഴാം നമ്പർ വസതിയിലാണു യോഗം ചേർന്നത്. സമഗ്രമായ ക്ഷേമത്തിലും ആരോഗ്യപരിപാലനത്തിലും പരമ്പരാഗത അറിവുകൾ സംരക്ഷിക്കുന്നതിലും രാജ്യത്തിന്റെ ക്ഷേമ ആവാസവ്യവസ്ഥയ്ക്കു സംഭാവന നൽകുന്നതിലും ആയുഷ് മേഖലയുടെ നിർണായക പങ്ക് അടിവരയിടുന്നതായിരുന്നു യോഗം.
2014-ൽ ആയുഷ് മന്ത്രാലയം രൂപീകൃതമായതുമുതൽ, വിശാലമായ സാധ്യതകൾ തിരിച്ചറിഞ്ഞ്, അതിന്റെ വളർച്ചയ്ക്കായി വ്യക്തമായ രൂപരേഖ പ്രധാനമന്ത്രി വിഭാവനം ചെയ്തിട്ടുണ്ട്. മേഖലയുടെ പുരോഗതിയെക്കുറിച്ചുള്ള സമഗ്രമായ അവലോകനത്തിൽ, പൂർണശേഷി പ്രയോജനപ്പെടുത്തുന്നതിനു തന്ത്രപരമായ ഇടപെടലുകളുടെ ആവശ്യകതയ്ക്കു പ്രധാനമന്ത്രി ഊന്നൽ നൽകി. സംരംഭങ്ങൾ കാര്യക്ഷമമാക്കൽ, ഫലപ്രദമായ വിഭവവിനിയോഗം, ആയുഷിന്റെ ആഗോളസാന്നിധ്യം മെച്ചപ്പെടുത്തുന്നതിനുള്ള ദീർഘവീക്ഷണാത്മക പാത രൂപപ്പെടുത്തൽ എന്നിവയിലാണ് അവലോകനം ശ്രദ്ധ കേന്ദ്രീകരിച്ചത്.
പ്രതിരോധ ആരോഗ്യ സംരക്ഷണം പ്രോത്സാഹിപ്പിക്കൽ, ഔഷധ സസ്യ കൃഷിയിലൂടെ ഗ്രാമീണ സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കൽ, പരമ്പരാഗത വൈദ്യശാസ്ത്രത്തിൽ ഇന്ത്യയുടെ ആഗോള തലത്തിലുള്ള സ്ഥാനം മെച്ചപ്പെടുത്തൽ എന്നിവയുൾപ്പെടെ ഈ മേഖലയുടെ സുപ്രധാന സംഭാവനകളെക്കുറിച്ച് അവലോകനവേളയിൽ പ്രധാനമന്ത്രി പറഞ്ഞു. ലോകമെമ്പാടും വർധിച്ചുവരുന്ന സ്വീകാര്യതയും സുസ്ഥിരവികസനവും തൊഴിലവസരങ്ങളും സൃഷ്ടിക്കുന്നതിനുള്ള കഴിവും ചൂണ്ടിക്കാട്ടി, മേഖലയുടെ അതിജീവനശേഷിയും വളർച്ചയും അദ്ദേഹം എടുത്തുകാട്ടി.
നയപരമായ പിന്തുണ, ഗവേഷണം, നവീകരണം എന്നിവയിലൂടെ ആയുഷ് മേഖലയ്ക്കു കരുത്തേകാൻ ഗവണ്മെന്റ് പ്രതിജ്ഞാബദ്ധമാണെന്നു പ്രധാനമന്ത്രി ആവർത്തിച്ചു. യോഗ-പ്രകൃതിചികിത്സ-ഔഷധ മേഖലകളിൽ സമഗ്രവും സംയോജിതവുമായ ആരോഗ്യ-അംഗീകൃത നടപടിക്രമങ്ങൾ പ്രോത്സാഹിപ്പിക്കേണ്ടതിന്റെ ആവശ്യകതയ്ക്കും അദ്ദേഹം ഊന്നൽ നൽകി.
ഗവണ്മെന്റിനുള്ളിലെ എല്ലാ മേഖലകളിലെയും എല്ലാ പ്രവർത്തനങ്ങളുടെയും അടിസ്ഥാനം സുതാര്യതയായിരിക്കണമെന്നതിനു പ്രധാനമന്ത്രി ഊന്നൽ നൽകി. നിയമവാഴ്ചയും പൊതുജനനന്മയും മാത്രം ലക്ഷ്യമാക്കി പ്രവർത്തനങ്ങൾ നയിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കി, സമഗ്രതയുടെ ഉയർന്ന നിലവാരം കാത്തുസൂക്ഷിക്കാൻ അദ്ദേഹം എല്ലാ പങ്കാളികളോടും നിർദേശിച്ചു.
വിദ്യാഭ്യാസം, ഗവേഷണം, പൊതുജനാരോഗ്യം, അന്താരാഷ്ട്ര സഹകരണം, വ്യാപാരം, ഡിജിറ്റലൈസേഷൻ, ആഗോള വികാസം എന്നിവയിൽ സുപ്രധാന നാഴികക്കല്ലുകൾ കൈവരിച്ച്, ആയുഷ് മേഖല ഇന്ത്യയുടെ ആരോഗ്യപരിപാലനമേഖലയിൽ ചാലകശക്തിയായി അതിവേഗം പരിണമിച്ചു. ഗവണ്മെന്റിന്റെ ശ്രമങ്ങളിലൂടെ, ഈ മേഖല നിരവധി പ്രധാന നേട്ടങ്ങൾക്കു സാക്ഷ്യം വഹിച്ചിട്ടുണ്ട്. അതിനെക്കുറിച്ചു പ്രധാനമന്ത്രിയെ യോഗത്തിൽ ധരിപ്പിച്ചു.
• ആയുഷ് മേഖല അതിവേഗ സാമ്പത്തിക വളർച്ച കൈവരിച്ചു. നിർമാണ വിപണിയുടെ വലിപ്പം 2014-ലെ 2.85 ശതകോടി അമേരിക്കൻ ഡോളറിൽനിന്ന് 2023-ൽ 23 ശതകോടി അമേരിക്കൻ ഡോളറായി ഉയർന്നു.
• ആയുഷ് ഗവേഷണ പോർട്ടലിൽ ഇപ്പോൾ 43,000-ത്തിലധികം പഠനങ്ങളുണ്ട്; ഇതു തെളിവുകൾ അടിസ്ഥാനമാക്കിയുള്ള പരമ്പരാഗത വൈദ്യശാസ്ത്രത്തിൽ ആഗോളനേതൃസ്ഥാനത്തേക്ക് ഇന്ത്യയെ എത്തിച്ചു.
• കഴിഞ്ഞ 10 വർഷത്തെ ഗവേഷണ പ്രസിദ്ധീകരണങ്ങൾ കഴിഞ്ഞ 60 വർഷത്തെ പ്രസിദ്ധീകരണങ്ങളേക്കാൾ കൂടുതലാണ്.
• മെഡിക്കൽ ടൂറിസത്തെ കൂടുതൽ ഉത്തേജിപ്പിക്കുന്ന ആയുഷ് വിസ, അന്താരാഷ്ട്രതലത്തിൽ സമഗ്ര ആരോഗ്യ സംരക്ഷണ പ്രതിവിധികൾതേടുന്ന രോഗബാധിതരെ ആകർഷിക്കുന്നു.
• ദേശീയ-അന്തർദേശീയ തലങ്ങളിലെ പ്രമുഖ സ്ഥാപനങ്ങളുമായുള്ള സഹകരണത്തിലൂടെ ആയുഷ് മേഖല ഗണ്യമായ മുന്നേറ്റങ്ങൾക്കു സാക്ഷ്യം വഹിച്ചു.
• ആയുഷ് ഗ്രിഡിനുകീഴിൽ അടിസ്ഥാനസൗകര്യങ്ങൾക്കു കരുത്തുപകരലും നിർമിതബുദ്ധിയുടെ സംയോജനത്തിൽ ഊന്നൽ നൽകലും.
• യോഗ പ്രോത്സാഹിപ്പിക്കുന്നതിനായി ഡിജിറ്റൽ സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തും.
• കൂടുതൽ സമഗ്രമായ ‘വൈ-ബ്രേക്ക് യോഗ’ പോലുള്ള ഉള്ളടക്കം ഉൾക്കൊള്ളുന്നതിനുള്ള ‘ഐഗോട്ട്’ പ്ലാറ്റ്ഫോം.
• ഗുജറാത്തിലെ ജാംനഗറിൽ പരമ്പരാഗത വൈദ്യത്തിനുള്ള ലോകാരോഗ്യ സംഘടനയുടെ ആഗോള കേന്ദ്രം സ്ഥാപിക്കൽ നാഴികക്കല്ലായ നേട്ടമാണ്. ഇതു പരമ്പരാഗത വൈദ്യശാസ്ത്രത്തിൽ ഇന്ത്യയുടെ നേതൃത്വത്തിനു കരുത്തേകുന്നു.
• ലോകാരോഗ്യ സംഘടനയുടെ, രോഗങ്ങളുടെ അന്താരാഷ്ട്ര വർഗീകരണം (ICD)-11 ൽ പരമ്പരാഗത വൈദ്യശാസ്ത്രത്തെ ഉൾപ്പെടുത്തൽ.
• ഈ മേഖലയുടെ അടിസ്ഥാനസൗകര്യങ്ങളും പ്രവേശനക്ഷമതയും വികസിപ്പിക്കുന്നതിൽ ദേശീയ ആയുഷ് ദൗത്യം നിർണായക പങ്കു വഹിച്ചു.
• 2024-ലെ അന്താരാഷ്ട്ര യോഗാ ദിനത്തിൽ (IDY) 24.52 കോടിയിലധികംപേർ പങ്കെടുത്തു. ഇത് ഇപ്പോൾ ആഗോള പ്രതിഭാസമായി മാറിയിട്ടുണ്ട്.
• ലോകമെമ്പാടുമുള്ള ജനങ്ങളുടെ കൂടുതൽ പങ്കാളിത്തത്തോടെ 2025-ൽ അന്താരാഷ്ട്ര യോഗാ ദിനത്തിന്റെ (IDY) 10-ാം വർഷം സുപ്രധാന നാഴികക്കല്ലാകും.
കേന്ദ്ര ആരോഗ്യ മന്ത്രി ശ്രീ ജഗത് പ്രകാശ് നഡ്ഡ, ആയുഷ് സഹമന്ത്രി ശ്രീ പ്രതാപ് റാവു ജാദവ്, പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. പി. കെ. മിശ്ര, പ്രധാനമന്ത്രിയുടെ രണ്ടാം പ്രിൻസിപ്പൽ സെക്രട്ടറി ശ്രീ ശക്തികാന്ത ദാസ്, പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് ശ്രീ അമിത് ഖരെ, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
-SK-