Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഇന്ത്യ – ഖത്തർ സംയുക്ത പ്രസ്താവന

ഇന്ത്യ – ഖത്തർ സംയുക്ത പ്രസ്താവന


ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽ-താനി 2025 ഫെബ്രുവരി 17-18 തീയതികളിൽ ഇന്ത്യ സന്ദർശിച്ചു. മന്ത്രിമാർ, ഉദ്യോഗസ്ഥർ, ബിസിനസ്സ് നേതാക്കൾ എന്നിവരടങ്ങുന്ന ഉന്നതതല പ്രതിനിധി സംഘം അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. ബാഹ്യമാന്യ അമീറിന്റെ രണ്ടാമത്തെ ഇന്ത്യാ സന്ദർശനമായിരുന്നു ഇത്.

ഫെബ്രുവരി 18 ന് രാഷ്‌ട്രപതി ശ്രീമതി ദ്രൗപതി മുർമുവും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും രാഷ്ട്രപതി ഭവനിൽ അമീറിന് ആചാരപരമായ സ്വീകരണം നൽകി. ആദരസൂചകമായി അദ്ദേഹത്തിനും പ്രതിനിധി സംഘത്തിനും രാഷ്ട്രപതി വിരുന്ന് നൽകി.

ഫെബ്രുവരി 18 ന് ഹൈദരാബാദ് ഹൗസിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അമീറുമായി ഉഭയകക്ഷി ചർച്ചകൾ നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ വ്യാപാര ബന്ധങ്ങൾ, ജനങ്ങൾ തമ്മിലുള്ള ആഴമേറിയ ബന്ധങ്ങൾ, സുദൃഢമായ ഉഭയകക്ഷി ബന്ധങ്ങൾ എന്നിവ നേതാക്കൾ അനുസ്മരിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബഹുമുഖ ബന്ധം കൂടുതൽ വികസിപ്പിക്കാനും ആഴത്തിലാക്കാനുമുള്ള ആഗ്രഹം അവർ പ്രകടമാക്കി. ഈ സാഹചര്യത്തിൽ, ഇരു രാജ്യങ്ങളും തമ്മിലുള്ള ‘ തന്ത്രപരമായ ഉഭയകക്ഷി പങ്കാളിത്തം സ്ഥാപിക്കുന്നതിനുള്ള കരാറിൽ’ ഒപ്പുവെച്ചതിൽ അവർ സന്തോഷം പ്രകടിപ്പിച്ചു.

പുതുതായി സ്ഥാപിതമായ തന്ത്രപരമായ പങ്കാളിത്തത്തിന്റെ വെളിച്ചത്തിൽ, രാഷ്ട്രീയം, വ്യാപാരം, നിക്ഷേപം, സുരക്ഷ, ഊർജ്ജം, സംസ്കാരം, വിദ്യാഭ്യാസം, സാങ്കേതികവിദ്യ, നൂതനാശയങ്ങൾ, സുസ്ഥിരത, ജനങ്ങൾ തമ്മിലുള്ള ബന്ധം എന്നിവയുൾപ്പെടെ എല്ലാ മേഖലകളിലും നിലവിലുള്ളതും ഘടനാപരവുമായ സഹകരണത്തിലൂടെ ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്താനുള്ള പ്രതിബദ്ധത ഇരു രാജ്യങ്ങളും  ആവർത്തിച്ചുറപ്പിച്ചു. പരിഷ്ക്കരിച്ച ഇരട്ട നികുതി ഒഴിവാക്കൽ കരാറിൽ ഒപ്പുവച്ചതിൽ ഇരു പക്ഷവും സന്തോഷം പ്രകടിപ്പിക്കുകയും ഇന്ത്യ-ഖത്തർ ഉഭയകക്ഷി നിക്ഷേപ ഉടമ്പടിയെക്കുറിച്ചുള്ള ചർച്ചകൾ ത്വരിതപ്പെടുത്താനുള്ള പരസ്പര സമ്മതമറിയിക്കുകയും ചെയ്തു.

വിവിധ തലങ്ങളിലുള്ള പതിവ് ആശയവിനിമയങ്ങൾ ബഹുമുഖ ഉഭയകക്ഷി സഹകരണത്തിന് ആക്കം കൂട്ടുന്നുവെന്നതിൽ ഇരുപക്ഷവും സംതൃപ്തി പ്രകടമാക്കി. 2015 മാർച്ചിലെ അമീറിന്റെ വിജയകരമായ ഇന്ത്യാ സന്ദർശനവും 2016 ജൂണിലും 2024 ഫെബ്രുവരിയിലും പ്രധാനമന്ത്രിയുടെ ഖത്തർ സന്ദർശനവും നേതാക്കൾ അനുസ്മരിച്ചു. മന്ത്രിതലത്തിലും മുതിർന്ന ഉദ്യോഗസ്ഥ തലത്തിലുമുള്ള പതിവ് ഉഭയകക്ഷി സംവിധാനങ്ങളിലൂടെ ഉന്നതതല ആശയ വിനിമയം തുടരാൻ ഇരുപക്ഷവും സമ്മതമറിയിച്ചു.

ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സാമ്പത്തിക സഹകരണത്തിന്റെ ശക്തമായ സ്തംഭമാണ് വ്യാപാരവും വാണിജ്യവും എന്ന് നേതാക്കൾ  ചൂണ്ടിക്കാട്ടുകയും, ഉഭയകക്ഷി വ്യാപാരത്തിൽ കൂടുതൽ വളർച്ചയ്ക്കും വൈവിധ്യവൽക്കരണത്തിനുമുള്ള സാധ്യതകളെക്കുറിച്ച് ഊന്നിപ്പറയുകയും ചെയ്തു. നിലവിലുള്ള വ്യാപാര-വാണിജ്യ സംയുക്ത വർക്കിംഗ് ഗ്രൂപ്പിനെ, വ്യാപാര-വാണിജ്യ സംയുക്ത കമ്മീഷനായി ഉയർത്തുന്നതിനെ ഇരുപക്ഷവും സ്വാഗതം ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധങ്ങളുടെ മുഴുവൻ രീതികളും അവലോകനം ചെയ്യുന്നതിനും നിരീക്ഷിക്കുന്നതിനുമുള്ള, ഇരു ഭാഗത്തെയും വാണിജ്യ, വ്യവസായ മന്ത്രിമാർ നേതൃത്വം നൽകുന്ന, ഒരു സ്ഥാപന സംവിധാനമായിരിക്കും ജോയിന്റ് കമ്മീഷൻ. 

ഇരു രാജ്യങ്ങളുടെയും ബിസിനസ്, വ്യവസായ സ്ഥാപനങ്ങൾ എന്നിവ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിന് ഇരു പക്ഷവും ഊന്നൽ നൽകി. 2025 ഫെബ്രുവരി 13 ന് സംയുക്ത ബിസിനസ് കൗൺസിൽ ആദ്യ യോഗം ചേർന്നതിനെ അവർ സ്വാഗതം ചെയ്തു.

ഇരു രാജ്യങ്ങളും തമ്മിലുള്ള മെച്ചപ്പെട്ടതും വൈവിധ്യപൂർണ്ണവുമായ വ്യാപാര തന്ത്രങ്ങൾ കണ്ടെത്തേണ്ടതിന്റെയും ചരക്കുകളുടെയും സേവനങ്ങളുടെയും വ്യാപാരവുമായി ബന്ധപ്പെട്ട മുൻഗണനാ വിപണി പ്രാപ്യമാക്കുന്നതിലുള്ള പ്രശ്‌നങ്ങൾ പരിഹരിക്കേണ്ടതിന്റെയും ആവശ്യകതയെക്കുറിച്ച് ഇരു പക്ഷവും തീരുമാനത്തിലെത്തി. ഇക്കാര്യത്തിൽ, ഒരു ഉഭയകക്ഷി സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിൽ ഏർപ്പെടാനുള്ള സാധ്യതകൾ പരിശോധിക്കാൻ ഇരു വിഭാഗവും തീരുമാനിച്ചു. 2030 ഓടെ ഉഭയകക്ഷി വ്യാപാരം ഇരട്ടിയാക്കനുള്ള ലഷ്യം കൈവരിക്കണമെന്നും ഇരു രാജ്യങ്ങളും തീരുമാനിച്ചു.

ഖത്തറിനും ഇന്ത്യയ്ക്കുമിടയിൽ  ശക്തവും തന്ത്രപരവുമായ ബന്ധമുണ്ട്.  ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥകളിൽ ഒന്നായതിനാൽ, ഇന്ത്യയിൽ ഓഫീസ് തുറക്കാനുള്ള ഖത്തർ ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി (ക്യുഐഎ)യുടെ  തീരുമാനത്തെ ഇന്ത്യ സ്വാഗതം ചെയ്തു. 2024 ജൂണിൽ നടന്ന ആദ്യ യോഗത്തിൽ ഇന്ത്യയിൽ നിക്ഷേപങ്ങൾക്കുള്ള വിവിധ വഴികൾ ചർച്ച ചെയ്തുകൊണ്ട് നിക്ഷേപങ്ങൾക്കായുള്ള സംയുക്ത ടാസ്‌ക് ഫോഴ്‌സ് കൈവരിച്ച പുരോഗതിയിൽ ഇരു ഭാഗവും സംതൃപ്തി പ്രകടിപ്പിച്ചു.

നേരിട്ടുള്ള വിദേശ നിക്ഷേപത്തിനും വിദേശ സ്ഥാപന നിക്ഷേപത്തിനും അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിൽ ഇന്ത്യ സ്വീകരിച്ച നടപടികളെ ഖത്തർ പ്രശംസിക്കുകയും അടിസ്ഥാന സൗകര്യങ്ങൾ, സാങ്കേതികവിദ്യ, ഉൽപ്പാദനം, ഭക്ഷ്യസുരക്ഷ, ലോജിസ്റ്റിക്സ്, ഹോസ്പിറ്റാലിറ്റി, പരസ്പര താൽപ്പര്യമുള്ള മറ്റ് മേഖലകൾ എന്നിവയുൾപ്പെടെ വിവിധ മേഖലകളിലെ നിക്ഷേപ അവസരങ്ങൾ ആരായാനുള്ള താൽപര്യം പ്രകടിപ്പിക്കുകയും ചെയ്തു. ഇക്കാര്യത്തിൽ, ഇന്ത്യയിൽ 10 ബില്യൺ യുഎസ് ഡോളർ നിക്ഷേപിക്കാനുള്ള പ്രതിബദ്ധത ഖത്തർ പ്രഖ്യാപിച്ചു. നിക്ഷേപ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിലുള്ള ഖത്തറിന്റെ ശ്രമങ്ങളെയും നേരിട്ടുള്ള വിദേശനിക്ഷേപം ആകർഷിക്കുന്നതിനുള്ള അവരുടെ ഉദ്യമങ്ങളെയും ഇന്ത്യ അഭിനന്ദിച്ചു. ചരക്കുകളുടെയും സേവനങ്ങളുടെയും ഒരു പ്രാദേശിക കേന്ദ്രമായി വളർന്നുവരുന്ന ഖത്തറിന്റെ പങ്കും , അതിന്റെ തന്ത്രപരമായ സ്ഥാനം, ലോകോത്തര അടിസ്ഥാന സൗകര്യങ്ങൾ, ബിസിനസ് സൗഹൃദ നയങ്ങൾ എന്നിവയുടെ പ്രയോജനങ്ങളും ഇന്ത്യ തിരിച്ചറിയുന്നു. നിക്ഷേപത്തിനും വ്യാപാര വിപുലീകരണത്തിനുമുള്ള പുതിയ അവസരങ്ങൾ പര്യവേക്ഷണം ചെയ്യുന്നതിന് നിക്ഷേപകർ, ധനകാര്യ സ്ഥാപനങ്ങൾ, ബിസിനസുകൾ എന്നിവ തമ്മിലുള്ള സഹകരണം ആഴത്തിലാക്കേണ്ടതിന്റെ പ്രാധാന്യം ഇരു പക്ഷവും ഊന്നിപ്പറഞ്ഞു.

ഇരു രാജ്യങ്ങളും അവരവരുടെ നിയമങ്ങൾക്കും അവർ പങ്കാളികളായ അന്താരാഷ്ട്ര കൺവെൻഷനുകളുടെ വ്യവസ്ഥകൾക്കും അനുസൃതമായി  പരസ്പരം പ്രയോജനകരമായ വ്യാപാര, സാമ്പത്തിക സഹകരണം വികസിപ്പിക്കുകയും ആഴത്തിലാക്കുകയും ചെയ്യും. സ്ഥിരമായ വ്യാപാര വളർച്ചയും വൈവിധ്യവൽക്കരണവും കൈവരിക്കുന്നതിനും, കൈമാറ്റം ചെയ്യുന്ന ഉൽപ്പന്നങ്ങളുടെ വ്യാപ്തി വർദ്ധിപ്പിക്കുന്നതിനും, വ്യവസ്ഥാപിതവും ദീർഘകാല അടിസ്ഥാനത്തിലുള്ള സേവനങ്ങൾ നൽകുന്നതിനും പരസ്പരം സഹകരിക്കും. ഇതിന് പുറമെ, ഇരു രാജ്യങ്ങളിലെയും സ്വകാര്യ മേഖലകൾക്കിടയിൽ സംയുക്ത പദ്ധതികൾ ആകർഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള നടപടികൾ സ്വീകരിക്കും. ഇക്കാര്യത്തിൽ, 2025 ഫെബ്രുവരി 18 ന് ഇരു രാജ്യങ്ങളിലെയും വാണിജ്യ വ്യവസായ മന്ത്രിമാർ ഉദ്ഘാടനം ചെയ്ത സംയുക്ത ബിസിനസ് ഫോറം സംഘടിപ്പിച്ചതിനെ ഇരുപക്ഷവും സ്വാഗതം ചെയ്തു.

സാമ്പത്തിക വളർച്ചയെ മുന്നോട്ട് നയിക്കുന്നതിൽ ബിസിനസുകളുടെ നിർണായക പങ്ക് തിരിച്ചറിഞ്ഞുകൊണ്ട്, വാണിജ്യ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനും, ഉഭയകക്ഷി വ്യാപാരം വർദ്ധിപ്പിക്കുന്നതിനും വൈവിധ്യവൽക്കരിക്കുന്നതിനും, നിക്ഷേപങ്ങൾ സുഗമമാക്കുന്നതിനുമുള്ള തന്ത്രപരമായ വേദിയായി നിലകൊള്ളുന്ന വ്യാപാര പ്രദർശനങ്ങളുടെ പ്രാധാന്യം ഇരു രാജ്യങ്ങളും എടുത്തുപറഞ്ഞു. ഈ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായി, അവസരങ്ങൾ തിരിച്ചറിയുന്നതിലും, വിപണി വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിലും, അന്താരാഷ്ട്ര വ്യാപാര പ്രദർശനങ്ങളിൽ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിലും സംരംഭങ്ങളെ പിന്തുണയ്ക്കുന്നതിനായി കയറ്റുമതി പ്രോത്സാഹന ഏജൻസികൾ തമ്മിലുള്ള സഹകരണം ഇരു രാജ്യങ്ങളും ശക്തമാക്കും. ഈ ഉദ്യമം ഇരു രാജ്യങ്ങളിലെയും ബിസ്സിനസ്സ് സംരംഭങ്ങളെ അവരുടെ ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കാനും, സംയുക്ത സംരംഭങ്ങൾ പര്യവേക്ഷണം ചെയ്യാനും, സുസ്ഥിരമായ വാണിജ്യ ബന്ധങ്ങൾ സ്ഥാപിക്കാനും പ്രാപ്തമാക്കും.

ഖത്തറിലെ ക്യു.എന്‍.ബിയുടെ വില്‍പ്പന കേന്ദ്രങ്ങളില്‍ ഇന്ത്യയുടെ ഏകീകൃത പേയ്മെന്റ് ഇന്റര്‍ഫേസ് (യു.പി.ഐ) പ്രവര്‍ത്തനക്ഷമമാക്കിയതിനെ ഇരുപക്ഷവും സ്വാഗതം ചെയ്യുകയും ഖത്തറില്‍ രാജ്യവ്യാപകമായി യു.പി.ഐ സ്വീകാര്യത നടപ്പാക്കുന്നതിന്  താല്‍പര്യം പ്രകടിപ്പിക്കുകയും ചെയ്തു. കറന്‍സികളില്‍ ഉഭയകക്ഷി വ്യാപാര കണക്കുകള്‍ തീര്‍പ്പാക്കുന്നതിനെക്കുറിച്ച് പര്യവേക്ഷണം നടത്തുന്നതിനും അവര്‍ തമ്മിൽ ധാരണയിൽ. ഗിഫ്റ്റ് സിറ്റിയില്‍ ഒരു ഓഫീസ് സ്ഥാപിക്കുന്നതിലൂടെ ഇന്ത്യയിലെ ക്യു.എന്‍.ബിയുടെ വിപുലീകരണത്തെയും സ്വാഗതം ചെയ്യുകയുണ്ടായി.
വ്യാപാരം പ്രോത്സാഹിപ്പിക്കുക, അടിസ്ഥാന ഊര്‍ജ്ജ സൗകര്യങ്ങളില്‍ പരസ്പര നിക്ഷേപം നടത്തുക എന്നിവയിലൂടെയും, ഊര്‍ജ്ജത്തിനായുള്ള സംയുക്ത ടാസ്‌ക് ഫോഴ്സ് ഉള്‍പ്പെടെ ഇരുവശത്തുനിന്നുമുള്ള ഓഹരി പങ്കാളികളുടെ പതിവ് യോഗങ്ങളിലൂടേയും ഉഭയകക്ഷി ഊര്‍ജ്ജ സഹകരണം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനായി ഇരുപക്ഷവും പ്രവര്‍ത്തിക്കും.

അതിര്‍ത്തികൾ കടന്നുള്ള ഭീകരവാദം ഉള്‍പ്പെടെ എല്ലാ തരത്തിലുമുള്ള ഭീകരവാദത്തെയും ഇരു നേതാക്കളും അസന്ദിഗ്ധമായി അപലപിക്കുകയും, ഉഭയകക്ഷി, ബഹുമുഖ സംവിധാനങ്ങളിലൂടെ ഈ ഭീഷണിക്കെതിരായ പോരാട്ടത്തില്‍ സഹകരിക്കുന്നതിന് സമ്മതിക്കുകയും ചെയ്തു. രഹസ്യാന്വേഷണ വിവരങ്ങൾ, വിവിധങ്ങളായ മേഖലകളിലെ അനുഭവങ്ങൾ എന്നിവ പങ്കുവെയ്ക്കാനും , മികച്ച രീതികളും സാങ്കേതികവിദ്യകളും, കാര്യശേഷി വര്‍ദ്ധിപ്പിക്കല്‍ എന്നിവയിലെ സഹകരണം വര്‍ദ്ധിപ്പിക്കാനും നിയമ നിര്‍വ്വഹണം, കള്ളപ്പണം വെളുപ്പിക്കല്‍ , ലഹരിമരുന്ന് കടത്ത്, സൈബര്‍ കുറ്റകൃത്യങ്ങള്‍, മറ്റ് രാജ്യാന്തര കുറ്റകൃത്യങ്ങള്‍ എന്നിവയ്‌ക്കെതിരായ സഹകരണം ശക്തിപ്പെടുത്താനും അവര്‍ സമ്മതിക്കുകയുണ്ടായി. തീവ്രവാദം, സാമൂഹിക ഐക്യം തകര്‍ക്കല്‍ എന്നിവയ്ക്കായി സൈബര്‍ ഇടങ്ങള്‍ ഉപയോഗിക്കുന്നത് തടയുന്നതുള്‍പ്പെടെ സൈബര്‍ സുരക്ഷയില്‍ സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനുള്ള വഴികളും മാര്‍ഗ്ഗങ്ങളും ഇരു നേതാക്കളും ചര്‍ച്ച ചെയ്തു. സുരക്ഷയും നിയമ നിര്‍വ്വഹണവും സംബന്ധിച്ച സംയുക്ത സമിതിയുടെ പതിവ് യോഗങ്ങള്‍ നടത്തേണ്ടതിന്റെ പ്രാധാന്യവും അവര്‍ ഊന്നിപ്പറഞ്ഞു.

ആരോഗ്യമേഖലയിലെ സഹകരണത്തെ ഉഭയകക്ഷി ബന്ധങ്ങളുടെ പ്രധാന സ്തംഭങ്ങളിലൊന്നായി ഇരു പക്ഷവും അംഗീകരിക്കുകയും ഈ സുപ്രധാന മേഖലയിലെ സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള പ്രതിബദ്ധത പ്രകടിപ്പിക്കുകയും ചെയ്തു. കോവിഡ് -19 മഹാമാരിയുടെ കാലത്ത് ആരോഗ്യത്തിനായുള്ള സംയുക്ത കര്‍മ്മ സമിതിവഴി ഉള്‍പ്പെടെ നടത്തിയ ഉഭയകക്ഷി സഹകരണത്തെ ഇരു പക്ഷവും അഭിനന്ദിച്ചു. ഖത്തറിലേക്കുള്ള ഇന്ത്യന്‍ ഔഷധ ഉല്‍പ്പന്നങ്ങളുടെയും മെഡിക്കല്‍ ഉപകരണങ്ങളുടെയും കയറ്റുമതി വര്‍ദ്ധിപ്പിക്കുന്നതിനുള്ള താല്‍പര്യം ഇന്ത്യന്‍ പക്ഷം പ്രകടിപ്പിച്ചു. ദേശീയ കമ്പനികളുടെയും ഔഷധ ഉല്‍പ്പന്നങ്ങളുടെയും രജിസ്‌ട്രേഷന്‍ സുഗമമാക്കുന്നതിനുള്ള ആഗ്രഹവും ഇരു പക്ഷവും പ്രകടിപ്പിച്ചു.

വളര്‍ന്നുവരുന്ന സാങ്കേതികവിദ്യകള്‍, സ്റ്റാര്‍ട്ടപ്പുകള്‍, നിര്‍മ്മിത ബുദ്ധി (എ.ഐ) എന്നിവയുള്‍പ്പെടെ സാങ്കേതികവിദ്യയിലും നൂതനാശയത്തിലും ആഴത്തിലുള്ള സഹകരണം പിന്തുടരുന്നതിനുള്ള താല്‍പര്യവും ഇരു പക്ഷവും പ്രകടിപ്പിച്ചു. ഇ-ഗവേണന്‍സ് കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനും ഡിജിറ്റല്‍ മേഖലയിലെ മികച്ച  സാധ്യതകളെ പങ്കുവയ്ക്കുന്നതിനുള്ള വഴികളെക്കുറിച്ചും ‍ ഇരുവരും ചര്‍ച്ച ചെയ്തു. 2024-25 ല്‍ ഖത്തറിലെ ദോഹയില്‍ നടക്കുന്ന വെബ് ഉച്ചകോടിയിലെ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളുടെ പങ്കാളിത്തത്തെ ഇരു പക്ഷവും സ്വാഗതം ചെയ്തു.

ഭക്ഷ്യസുരക്ഷയുടെയും വിതരണ ശൃംഖലകളുടെ സംരക്ഷണത്തിന്റെ പ്രാധാന്യം ഉന്നിപ്പറഞ്ഞ ഇരുപക്ഷവും, ഈ മേഖലയിലെ സഹകരണം കൂടുതല്‍ ശക്തിപ്പെടുത്താന്‍ സമ്മതിക്കുകയും ചെയ്തു.

സാംസ്‌കാരിക പരിപാടികളിലെ വിനിമയ പങ്കാളിത്തത്തിലൂടെ ഇരു രാജ്യങ്ങളിലേയും സാംസ്‌കാരിക സ്ഥാപനങ്ങള്‍ തമ്മിലുള്ള ഫലപ്രദമായ പങ്കാളിത്തത്തെ പിന്തുണയ്ക്കുന്നതിലൂടെ സാംസ്‌കാരിക സഹകരണം വര്‍ദ്ധിപ്പിക്കേണ്ടതിന്റെ പ്രാധാന്യം ഇരുപക്ഷവും ഊന്നിപ്പറഞ്ഞു. പരസ്പര വിനിമയം, കായികതാരങ്ങളുടെ സന്ദര്‍ശനങ്ങള്‍, ശില്‍പ്പശാലകള്‍, സെമിനാറുകള്‍, സമ്മേളനങ്ങള്‍ എന്നിവ സംഘടിപ്പിക്കല്‍, കായിക പ്രസിദ്ധീകരണങ്ങളുടെ കൈമാറ്റം എന്നിവയുള്‍പ്പെടെ ഇരു രാജ്യങ്ങളും തമ്മില്‍ കായിക മേഖലകളില്‍ സഹകരണം കൂടുതല്‍ ശക്തിപ്പെടുത്താനും അവര്‍ തീരുമാനിച്ചു. ഇക്കാര്യത്തില്‍, സമീപഭാവിയില്‍ തന്നെ ഇന്ത്യ-ഖത്തര്‍ സാംസ്‌കാരിക, സൗഹൃദ, കായിക വര്‍ഷം ആഘോഷിക്കാനുള്ള തീരുമാനത്തെ ഇരുപക്ഷവും സ്വാഗതം ചെയ്യുകയും ചെയ്തു.
ഇരു രാജ്യങ്ങളിലെയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തമ്മിലുള്ള സ്ഥാപനപരമായ ബന്ധങ്ങളും കൈമാറ്റങ്ങളും ശക്തിപ്പെടുത്തുന്നതുള്‍പ്പെടെ സഹകരണത്തിന്റെ ഒരു പ്രധാന മേഖല വിദ്യാഭ്യാസമാണ് എന്നത് ഇരുപക്ഷവും ഉയര്‍ത്തിക്കാട്ടി. അക്കാദമിക വിനിമയങ്ങള്‍, സംയുക്ത ഗവേഷണം, ഇരു രാജ്യങ്ങളിലേയും സര്‍വകലാശാലകള്‍ തമ്മിലുള്ള സഹകരണം എന്നിവയിലൂടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തമ്മിലുള്ള മെച്ചപ്പെട്ട ഇടപെടലുകള്‍ക്കും അവര്‍ ഊന്നല്‍ നല്‍കി.
ചരിത്രപരമായ ഇന്ത്യ-ഖത്തര്‍ ബന്ധത്തിന്റെ അടിസ്ഥാന സ്തംഭം നൂറ്റാണ്ടുകള്‍ പഴക്കമുള്ള ജനങ്ങള്‍ തമ്മിലുളള ബന്ധമാണെന്നത് ഇരുപക്ഷവും അംഗീകരിച്ചു. ആതിഥേയ രാജ്യത്തിന്റെ പുരോഗതിക്കും വികസനത്തിനും ഖത്തറിലെ ഇന്ത്യന്‍ സമൂഹം നല്‍കുന്ന പങ്കിനും സംഭാവനയ്ക്കും ഖത്തര്‍ നേതൃത്വം നന്ദി രേഖപ്പെടുത്തുകയും, സമാധാനപരവും കഠിനാധദ്ധ്വാനപരവുമായ സ്വഭാവത്തിന് ഖത്തറിലെ ഇന്ത്യന്‍ പൗരന്മാര്‍ വളരെയധികം ബഹുമാനിക്കപ്പെടുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടുകയും ചെയ്തു. ബൃഹത്തും ഊര്‍ജ്ജസ്വലമായതുമായ ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തിന്റെ ക്ഷേമവും സൗഖ്യവും ഉറപ്പാക്കിയതിന് ഖത്തര്‍ നേതൃത്വത്തിന് ഇന്ത്യന്‍പക്ഷവും നന്ദി രേഖപ്പെടുത്തി. ഖത്തര്‍ പൗരന്മാര്‍ക്കായുള്ള ഇ-വിസ സൗകര്യം ഇന്ത്യ വിപുലീകരിച്ചതിനെ ഖത്തര്‍ പക്ഷം സ്വാഗതം ചെയ്യുകയും ചെയ്തു.

മനുഷ്യശക്തിയുടെ ചലനക്ഷമത, മനുഷ്യവിഭവശേഷി എന്നീ  മേഖലകളിലെ ദീർഘകാലമായുള്ളതും ചരിത്രപരവുമായ  സഹകരണത്തിൻ്റെ ആഴവും പ്രാധാന്യവും ഇരുപക്ഷവും ഊന്നിപ്പറഞ്ഞു. പ്രവാസികൾ, മനുഷ്യശക്തി ചലനക്ഷമത, , തൊഴിലാളികളുടെ സുരക്ഷ, ക്ഷേമം,അവരുടെ അന്തസ്സ് ,തുടങ്ങി  പരസ്പര താൽപ്പര്യമുള്ള മറ്റ്  കാര്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് തൊഴിലും ജോലി  സംബന്ധിയുമായ സംയുക്ത പ്രവർത്തക സംഘത്തിന്റെ  പതിവ് യോഗങ്ങൾ നടത്താനും  ഇരുപക്ഷവും ധാരണയിലെത്തി.

പശ്ചിമേഷ്യയിലെ സുരക്ഷാ സാഹചര്യങ്ങൾ ഉൾപ്പെടെ പരസ്പര താൽപ്പര്യമുള്ള പ്രാദേശിക, അന്തർദേശീയ വിഷയങ്ങളിൽ ഇരുപക്ഷവും കാഴ്ചപ്പാടുകൾ പങ്കുവെച്ചു. അന്താരാഷ്ട്ര തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കുന്നതിന് സംഭാഷണത്തിൻ്റെയും നയതന്ത്രത്തിൻ്റെയും പ്രാധാന്യം ഊന്നിപ്പറഞ്ഞ ഇരുപക്ഷവും,  ഐക്യരാഷ്ട്രസഭയിലും മറ്റ് ബഹുമുഖ വേദികളിലും രണ്ടുകൂട്ടരും പുലർത്തിവരുന്ന മികച്ച ഏകോപനത്തിലും പരസ്പരം അഭിനന്ദിച്ചു.

വളർന്നുവരുന്ന ഇന്ത്യ-ജിസിസി സഹകരണത്തിനായുള്ള പിന്തുണയ്‌ക്കും 2024 സെപ്റ്റംബർ 9 ന് ഖത്തറിൻ്റെ അധ്യക്ഷതയിൽ റിയാദിൽ വിദേശകാര്യ മന്ത്രി തലത്തിൽ നടന്ന തന്ത്രപരമായ സംഭാഷണത്തിനായുള്ള  ഇന്ത്യ-ജിസിസി സംയുക്ത മന്ത്രിതല യോഗത്തിന്റെ ഉദ്ഘാടനം സംഘടിപ്പിച്ചതിനും ഖത്തർ സംഘത്തോട് ഇന്ത്യൻ പക്ഷം നന്ദി അറിയിച്ചു. തന്ത്രപരമായ സംഭാഷണത്തിനായുള്ള ആദ്യ ഇന്ത്യ-ജിസിസി സംയുക്ത മന്ത്രിതല യോഗത്തിൻ്റെ ഫലത്തെ ഇരുപക്ഷവും സ്വാഗതം ചെയ്തു. അടുത്തിടെ അംഗീകരിച്ച സംയുക്ത കർമ്മ പദ്ധതിക്ക് കീഴിൽ ഇന്ത്യ-ജിസിസി സഹകരണം ആഴത്തിലാക്കുന്നതിന് ഖത്തർ പക്ഷം പൂർണ പിന്തുണ ഉറപ്പുനൽകി. 

യുഎൻ പരിഷ്കാരങ്ങളുടെ പശ്ചാത്തലത്തിൽ, ആഗോള വെല്ലുവിളികളെ നേരിടുന്നതിനുള്ള ഒരു പ്രധാന ഘടകമെന്ന നിലയിൽ, സമകാലിക യാഥാർത്ഥ്യങ്ങളുടെ യുഎൻ പ്രതിഫലനത്തെ കേന്ദ്രീകരിച്ചുള്ള പരിഷ്കരിച്ചതും ഫലപ്രദവുമായ ഒരു ബഹുമുഖ സംവിധാനത്തിൻ്റെ പ്രാധാന്യം ഇരു നേതാക്കളും പ്രത്യേകം എടുത്തുപറഞ്ഞു . സുരക്ഷാസമിതിയിൽ  ഉൾപ്പെടെ യുഎൻ പരിഷ്കാരങ്ങളുടെ ആവശ്യകത ഇരുപക്ഷവും ഊന്നിപ്പറഞ്ഞു. ഐക്യരാഷ്ട്രസഭ, അതിൻ്റെ പ്രത്യേക ഏജൻസികൾ, പരിപാടികൾ എന്നിവയുടെ ചട്ടക്കൂടിനുള്ളിലെ ഏകോപിത ശ്രമങ്ങളിലൂടെയും യുഎൻ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ (എസ്‌ഡിജി) നേട്ടം കൈവരിക്കുന്നതിനുള്ള സാങ്കേതിക സഹകരണത്തിലൂടെയും പങ്കിട്ട ആഗോള വെല്ലുവിളികളെ അഭിമുഖീകരിക്കേണ്ടതിൻ്റെ പ്രാധാന്യം ഇരുകൂട്ടരും തിരിച്ചറിഞ്ഞു. ബഹുമുഖ വേദികളിലേക്ക് പരസ്പരം സ്ഥാനാർത്ഥികളെ  പിന്തുണയ്ക്കുന്നത് ഉൾപ്പെടെ ഐക്യരാഷ്ട്രസഭയിൽ പരസ്പരം പിന്തുണയ്ക്കാനും വളരെ അടുത്ത സഹകരണത്തിൽ ഏർപ്പെടാനും ഇരുപക്ഷവും സമ്മതിച്ചു.

സന്ദർശന വേളയിൽ താഴെപ്പറയുന്ന രേഖകൾ ഒപ്പുവയ്ക്കുകയോ /കൈമാറ്റം ചെയ്യപ്പെടുകയോ ചെയ്തത്, ബഹുമുഖ ഉഭയകക്ഷി ബന്ധത്തെ കൂടുതൽ ആഴത്തിലാക്കുകയും സഹകരണത്തിൻ്റെ പുതിയ മേഖലകൾക്കുള്ള  വഴികൾ തുറന്ന് നൽകുകയും ചെയ്യും:

*  തന്ത്രപരമായ ഉഭയകക്ഷി പങ്കാളിത്തം സ്ഥാപിക്കുന്നതിനുള്ള കരാർ
 
* ആദായ നികുതിയും അതിൻ്റെ പെരുമാറ്റച്ചട്ടവുമായി ബന്ധപ്പെട്ട  ഇരട്ടനികുതി ഒഴിവാക്കുന്നതിനും സാമ്പത്തിക തട്ടിപ്പ് തടയുന്നതിനുമുള്ള പുതുക്കിയ കരാർ 

* ധനപരവും, സാമ്പത്തികവുമായ സഹകരണം സംബന്ധിച്ച് ഇന്ത്യയിലെയും ഖത്തറിലെയും  ധനകാര്യ മന്ത്രാലയങ്ങൾ തമ്മിലുള്ള ധാരണാപത്രം

* യുവജന, കായിക മേഖലകളിലെ സഹകരണം സംബന്ധിച്ച ധാരണാപത്രം

* പുരാരേഖ -പുരാവസ്തു മേഖലയിലെ സഹകരണത്തിനുള്ള ധാരണാപത്രം

* നിക്ഷേപക മേഖലയിൽ  ഇന്ത്യയും ഖത്തറും തമ്മിലുള്ള  ധാരണാപത്രം

* കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയും ഖത്തരി ബിസിനസ്സ്‌മെൻ അസോസിയേഷനും തമ്മിലുള്ള ധാരണാപത്രം

തനിക്കും തന്റെ  പ്രതിനിധികൾക്കും നൽകിയ ഊഷ്മളമായ ആതിഥ്യത്തിന് ഖത്തർ അമീർ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയോട് നന്ദി പറഞ്ഞു. ഇന്ത്യയും ഖത്തറും തമ്മിലുള്ള സൗഹൃദത്തിൻ്റെയും സഹകരണത്തിൻ്റെയും ശക്തമായ ബന്ധങ്ങൾ ഈ സന്ദർശനം ഒരിക്കൽ കൂടി  ഉറപ്പിച്ചു. ഈ പുതുക്കിയ പങ്കാളിത്തം ഇരു രാജ്യങ്ങളിലെയും ജനങ്ങൾക്ക് പ്രയോജനം ചെയ്യുമെന്നും  പ്രാദേശികവും ആഗോളവുമായ സ്ഥിരതയ്ക്ക് സംഭാവന നൽകുമെന്നും തുടർന്നും ഈ ബന്ധം  വളരുമെന്നും  നേതാക്കൾ ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു.

***

NK