പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും സംയുക്തമായി, മാർസെയിൽ പുതുതായി ആരംഭിച്ച ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ഇന്ന് ഉദ്ഘാടനം ചെയ്തു.
പ്രധാനമന്ത്രിയും പ്രസിഡന്റ് മാക്രോണും ചേർന്ന് കോൺസുലേറ്റ് ജനറൽ ഉദ്ഘാടനം ചെയ്തത് ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള ബന്ധത്തിലെ നാഴികക്കല്ലാണ്.ഉദ്ഘാടന ചടങ്ങിൽ പ്രസിഡന്റ് മാക്രോണിന്റെ സാന്നിധ്യത്തെ പ്രധാനമന്ത്രി പ്രത്യേകമായി അഭിനന്ദിച്ചു. കോൺസുലേറ്റിൽ, ചരിത്രപരമായ ഈ ചടങ്ങിന് സാക്ഷ്യം വഹിക്കാൻ ഒത്തുചേർന്ന ഇന്ത്യൻ പ്രവാസികൾ ഇരുനേതാക്കളെയും ഊഷ്മളമായി സ്വാഗതം ചെയ്തു.
2023 ജൂലൈയിൽ പ്രധാനമന്ത്രിയുടെ ഫ്രാൻസ് സന്ദർശന വേളയിലാണ് മാർസെയിൽ കോൺസുലേറ്റ് ജനറൽ തുറക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. പുതിയ കോൺസുലേറ്റ് ജനറലിന് ഫ്രാൻസിന്റെ ദക്ഷിണ ഭാഗത്തുള്ള നാല് ഫ്രഞ്ച് ഭരണ മേഖലകളിൽ, അതായത് -പ്രൊവൻസ് ആൽപ്സ് കോട്ട് ഡി അസൂർ, കോർസിക്ക, ഒക്സിറ്റാനി, ഓവർഗ്നെ-റോൺ-ആൽപ്സ്, എന്നിവിടങ്ങളിൽ സ്ഥാനപതി സംബന്ധമായ അധികാരപരിധി ഉണ്ടായിരിക്കും.
ഫ്രാൻസിലെ ഈ പ്രദേശം വ്യാപാരം, വ്യവസായം, ഊർജം, ആഡംബര വിനോദസഞ്ചാരം എന്നിവയുടെ പര്യായമാണ്. കൂടാതെ ഇന്ത്യയുമായി സാമ്പത്തിക-സാംസ്കാരിക-പൗര ബന്ധവും ഏറെയുണ്ട്. ഫ്രാൻസിലെ ഏറ്റവും ജനസംഖ്യയുള്ള രണ്ടാമത്തെ നഗരത്തിലെ പുതിയ കോൺസുലേറ്റ് ജനറൽ, ഇന്ത്യ-ഫ്രാൻസ് തന്ത്രപ്രധാന- ബഹുമുഖ പങ്കാളിത്തത്തെ കൂടുതൽ ശക്തിപ്പെടുത്തും.
-NK-