Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

​സ്കിൽ ഇന്ത്യ പദ്ധതിയുടെ തുടർച്ചയ്ക്കും പുനഃസംഘടനയ്ക്കും കേന്ദ്രമന്ത്രിസഭാംഗീകാരം


കേന്ദ്രമേഖലാ പദ്ധതിയായ ‘സ്കിൽ ഇന്ത്യ പദ്ധതി (SIP)’ തുടരുന്നതിനും പുനഃസംഘടനയ്ക്കും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്രമന്ത്രിസഭായോഗം ഇന്ന് അംഗീകാരം നൽകി. 2022-23 മുതൽ 2025-26 വരെയുള്ള കാലയളവിൽ 8800 കോടി രൂപയുടെ അധിക അടങ്കലോടെ 2026 വരെ തുടരുന്നതിനാണ് അനുമതി.

രാജ്യത്തുടനീളം ആവശ്യാനുസരണം, സാങ്കേതികവിദ്യാധിഷ്ഠിതവും വ്യവസായവുമായി യോജിച്ചുപോകുന്നതുമായ പരിശീലനം സമന്വയിപ്പിച്ച് വൈദഗ്ധ്യമുള്ളതും ഭാവിസജ്ജവുമായ തൊഴിൽശക്തി കെട്ടിപ്പടുക്കുന്നതിനുള്ള ഗവണ്മെന്റിന്റെ പ്രതിജ്ഞാബദ്ധതയ്ക്കാണ് ഈ അംഗീകാരം അടിവരയിടുന്നത്.

പ്രധാൻമന്ത്രി കൗശൽ വികാസ് യോജന 4.0 (PMKVY 4.0), പ്രധാൻമന്ത്രി നാഷണൽ അപ്രന്റീസ്ഷിപ്പ് പ്രൊമോഷൻ സ്കീം (PM-NAPS), ജൻ ശിക്ഷൺ സൻസ്ഥാൻ (JSS) പദ്ധതി എന്നീ മൂന്നു പ്രധാന ഘടകങ്ങൾ ഇപ്പോൾ “സ്കിൽ ഇന്ത്യ പ്രോഗ്രാം” എന്ന സംയുക്ത കേന്ദ്രമേഖലാ പദ്ധതിയിൽ സംയോജിപ്പിച്ചിട്ടുണ്ട്. പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങൾ ഉൾപ്പെടെയുള്ള നഗര-ഗ്രാമപ്രദേശങ്ങളിലെ ജനങ്ങൾക്ക് ഉയർന്ന നിലവാരമുള്ള തൊഴിലധിഷ്ഠിത വിദ്യാഭ്യാസം ലഭ്യമാകുന്നുവെന്ന് ഉറപ്പാക്കുന്നതിന് ഘടനാപരമായ നൈപുണ്യവികസനം, ജോലിസ്ഥലത്തെ പരിശീലനം, സമുദായാധിഷ്ഠിത പഠനം എന്നിവ ഈ സംരംഭങ്ങൾ ലക്ഷ്യമിടുന്നു. നൈപുണ്യ വികസന-സംരംഭകത്വ മന്ത്രാലയത്തിന്റെ മൂന്ന് മുൻനിര പദ്ധതികൾക്കു കീഴിൽ ഇതുവരെ 2.27 കോടിയിലധികം ഗുണഭോക്താക്കളാണുള്ളത്.

പ്രധാനമന്ത്രി കൗശൽ വികാസ് യോജന 4.0:

പ്രത്യേക പദ്ധതികൾ (SP), കാലേക്കൂട്ടിയുള്ള പഠനം അംഗീകരിക്കൽ  (RPL) വഴി നവവൈദഗ്ധ്യവും അധികവൈദഗ്ധ്യവും എന്നിവയിൽ ഹ്രസ്വകാല പരിശീലനത്തിലൂടെ (STT)  PMKVY 4.0 പദ്ധതി, NSQFന് അനുസൃതമായ നൈപുണ്യവികസന പരിശീലനം നൽകുന്നു. ഇതു ലക്ഷ്യമിടുന്നത് 15 മുതൽ 59 വയസ്സുവരെ പ്രായമുള്ള ഗുണഭോക്താക്കളെയാണ്. പ്രധാൻമന്ത്രി കൗശൽ വികാസ് യോജന 4.0 (PMKVY 4.0) പരിവർത്തനാത്മക മാറ്റങ്ങൾക്ക് വിധേയമായിട്ടുണ്ട്. ഇത് നൈപുണ്യവികസന പരിശീലനം വ്യവസായാധിഷ്ഠിതമാക്കുകയും ദേശീയ മുൻഗണനകളുമായി അനുരൂപമാക്കുകയും പ്രവേശനക്ഷമത വർധിപ്പിക്കുകയും ചെയ്യുന്നു. ഈ പദ്ധതിയുടെ കീഴിലുള്ള പ്രധാന മാറ്റം, ഹ്രസ്വകാല നൈപുണ്യ പരിപാടികൾക്കുള്ളിൽ തൊഴിലിടത്തെ പരിശീലനം (OJT) സംയോജിപ്പിക്കുക എന്നതാണ്. ഇതു പരിശീലനം നേടുന്നവർക്ക് യഥാർഥത്തിലുള്ള പരിചയവും വ്യവസായിക അനുഭവവും ലഭിക്കുന്നുവെന്ന് ഉറപ്പാക്കുന്നു. വികസിക്കുന്ന വ്യവസായ ആവശ്യങ്ങളും നവയുഗ സാങ്കേതികവിദ്യയുടെ ആവിർഭാവവും കണക്കിലെടുത്ത്, ഉയർന്നുവരുന്ന സാങ്കേതികവിദ്യകളിലും ഭാവിയിലെ കഴിവുകളിലും ശ്രദ്ധ കേന്ദ്രീകരിച്ച് നിർമിതബുദ്ധി, 5ജി സാങ്കേതികവിദ്യ, സൈബർ സുരക്ഷ, ഹരിത ഹൈഡ്രജൻ, ഡ്രോൺ സാങ്കേതികവിദ്യ എന്നിവയിൽ 400ലധികം പുതിയ കോഴ്സുകൾ അവതരിപ്പിച്ചു.

സംയോജിതവും ഇഷ്ടാനുസൃതരീതിയിൽ പരിവർത്തനം ചെയ്യാവുന്നതുമായ പഠനമാതൃകയിൽ ഇപ്പോൾ ഡിജിറ്റൽ വിതരണം ഉൾപ്പെടുന്നു. ഇതു പരിശീലനം കൂടുതൽ അനുയോജ്യവും വിപുലീകൃതവുമാക്കുന്നു. ഉയർന്ന ആവശ്യകതയുള്ള തൊഴ‌ിലുകളിൽ പഠിതാക്കളെ നവവൈദഗ്ധ്യത്തിനും അധിക വൈദഗ്ധ്യത്തിനും തൊഴിൽക്ഷമത വർധിപ്പിക്കാനും പ്രാപ്തരാക്കുന്നതിനായി, ലക്ഷ്യ കേന്ദ്രീകൃതവും വ്യവസായവുമായി ബന്ധപ്പെട്ടതുമായ നൈപുണ്യം നൽകുന്നതിന്, 7.5 മുതൽ 30 മണിക്കൂർ വരെയുള്ള മൈക്രോ-ക്രെഡൻഷ്യൽ, നാഷണൽ ഒക്യുപേഷണൽ സ്റ്റാൻഡേർഡ്സ് (NoS) അധിഷ്ഠിത കോഴ്സുകൾ ഈ പദ്ധതി അവതരിപ്പിക്കുന്നു.

നിലവിലുള്ള അടിസ്ഥാനസൗകര്യങ്ങളുടെ പരസ്പര വിനിയോഗം പരമാവധിയാക്കുന്നതിനും ഗുണനിലവാരമുള്ള പരിശീലനത്തിലേക്കുള്ള പ്രവേശനം വിപുലീകരിക്കുന്നതിനുമായി, ഐഐടികൾ, എൻഐടികൾ, ജവഹർ നവോദയ വിദ്യാലയങ്ങൾ (JNV), കേന്ദ്രീയ വിദ്യാലയങ്ങൾ, സൈനിക് സ്കൂളുകൾ, ഏകലവ്യ മോഡൽ റെസിഡൻഷ്യൽ സ്കൂളുകൾ (EMRS), പിഎം ശ്രീ സ്കൂളുകൾ, ടൂൾറൂമുകൾ, NILET, CIPET തുടങ്ങിയ പ്രമുഖ അക്കാദമിക് സ്ഥാപനങ്ങളിൽ നൈപുണ്യ കേന്ദ്രങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. പിഎംകെവിവൈ 4.0 വിവിധ പ്രാദേശിക ഭാഷകളിൽ ലഭ്യമായ പാഠ്യപദ്ധതിയോടുകൂടിയ വ്യവസായ-അനുയോജ്യ പരിശീലനം ഉറപ്പാക്കുന്നു. ഇത് നൈപുണ്യത്തെ കൂടുതൽ ഉൾക്കൊള്ളുന്നതും പ്രാപ്യവുമാക്കുന്നു. പഠന ഫലങ്ങൾ മെച്ചപ്പെടുത്തുന്നതിനായി പരിശീലനാർഥികൾക്കും പരിശീലകർക്കുമുള്ള 600-ലധികം കൈപ്പുസ്തകങ്ങൾ എട്ടു പ്രാദേശിക ഭാഷകളിലേക്കു വിവർത്തനം ചെയ്തിട്ടുണ്ട്.

ഗുണനിലവാര പരിശീലനവും വിലയിരുത്തലുകളും ശക്തിപ്പെടുത്തുന്നതിന്, പരിശീലന കേന്ദ്രങ്ങളിലുടനീളം പ്രത്യേക മാനദണ്ഡങ്ങളും വൈദഗ്ധ്യവും ഉറപ്പാക്കി, ഒരു ലക്ഷത്തിലധികം ഉപദേഷ്ടാക്കളുടെയും പരിശീലകരുടെയും ദേശീയ സഞ്ചയം വികസിപ്പിക്കുന്നു. വ്യവസായ പങ്കാളിത്തങ്ങൾ നിയമന-പരിശീലന-വിന്യാസ (ആർടിഡി) പരിശീലനത്തിലൂടെ തൊഴിലവസരങ്ങളിലേക്കുള്ള പ്രവേശനം ഉറപ്പാക്കുന്നു.

കൂടാതെ, ഈ പദ്ധതി അന്താരാഷ്ട്ര ചലനാത്മകതയ്ക്കും കരുത്തുറ്റ ഊന്നൽ നൽകുന്നു. ഇന്ത്യൻ തൊഴിലാളികൾക്ക് ആഗോളതലത്തിൽ അംഗീകൃത കഴിവുകൾ ഉണ്ടെന്ന് ഉറപ്പാക്കുന്നു. വിവിധ രാജ്യങ്ങളുമായി ചലനാത്മകതാ പങ്കാളിത്ത കരാറുകളും (എംഎംപിഎ) ധാരണാപത്രങ്ങളും മന്ത്രാലയത്തിനുണ്ട്. കൂടാതെ ആവശ്യമായ മേഖലാ നൈപുണ്യ അന്തരം സംബന്ധിച്ച പഠനങ്ങളും നടത്തിയിട്ടുണ്ട്. ഈ പദ്ധതിപ്രകാരം, നമ്മുടെ തൊഴിൽസേനയ്ക്ക് അന്താരാഷ്ട്ര ചലനാത്മകതാ അവസരങ്ങൾ വർധിപ്പിക്കുന്നതിനായി നിർദിഷ്ടമേഖലാ വൈദഗ്ധ്യം, സംയുക്ത അംഗീകാരം, ഭാഷാപ്രാവീണ്യം, സോഫ്റ്റ് സ്കിൽസ് എന്നിവയിൽ പരിശീലനം പ്രാപ്തമാക്കുന്നതിനും തുടക്കമിട്ടു.

പിഎംകെവിവൈ 4.0 പ്രകാരം, വിവിധ മേഖലകളിലുടനീളം നൈപുണ്യസംരംഭങ്ങളുടെ സുഗമമായ നടത്തിപ്പ് ഉറപ്പാക്കി, മന്ത്രാലയങ്ങൾ തമ്മിലുള്ള  സംയോജനം വർധിപ്പിക്കുന്നതിന് ഗവണ്മെന്റ് സർവതോമുഖ സമീപനം സ്വീകരിച്ചിട്ടുണ്ട്. വിവിധ നൈപുണ്യ വികസന-സംരംഭകത്വ പദ്ധതികളുടെ നൈപുണ്യ ഘടകങ്ങൾ കെട്ടിപ്പടുക്കുന്നതിനും സ്വാധീനവും വിഭവ കാര്യക്ഷമതയും പരമാവധി വർധിപ്പിക്കുന്നതിനും ഈ പദ്ധതി സഹായിക്കുന്നു. സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭക മന്ത്രാലയത്തിന് കീഴിലുള്ള പിഎം വിശ്വകർമ, പിഎം സൂര്യ ഘർ: മുഫ്ത് ബിജ്‌ലി യോജന, നവ-പുനരുപയോഗ ഊർജ മന്ത്രാലയത്തിന്റെ ദേശീയ ഹരിത ഹൈഡ്രജൻ ദൗത്യം, നൽ ജൽ മിത്ര തുടങ്ങിയവ ഇതുമായി സഹകരിക്കുന്ന പ്രധാന ഉദ്യമങ്ങളാണ്.

കാര്യക്ഷമത വർധിപ്പിക്കുന്നതിന്, മേഖലാ നൈപുണ്യവിടവുകളും വ്യവസായ ആവശ്യങ്ങളും നന്നായി തിരിച്ചറിയുന്നതിനായി ആവശ്യകത നിർണയ തന്ത്രത്തിന്റെ പുനഃക്രമീകരണം ഉൾപ്പെടെയുള്ള നടപടിക്രമപരമായ മാറ്റങ്ങൾ അവതരിപ്പിച്ചു. പിഎംകെവിവൈ 4.0ലെ പ്രധാന പരിഷ്‌കാരം “വ്യവസായനടത്തിപ്പു സുഗമമാക്കൽ ” സമീപനമാണ്. ഇതു ചട്ടങ്ങൾ പാലിക്കൽ ഭാരം ഗണ്യമായി കുറയ്ക്കുകയും പദ്ധതിയിലെ പങ്കാളിത്തം കൂടുതൽ സുസംഘടിതവും കാര്യക്ഷമവുമാക്കുകയും ചെയ്തു.

പി എം നാഷണൽ അപ്രൻ്റീസ്ഷിപ്പ് പ്രൊമോഷൻ സ്കീം (PM-NAPS):
2015ലെ നൈപുണ്യ വികസനവും സംരംഭകത്വവും സംബന്ധിച്ച ദേശീയ നയം,  ഇന്ത്യയിൽ വൈദഗ്ധ്യമുള്ള മനുഷ്യശേഷി സൃഷ്ടിക്കുന്നതിനുള്ള പ്രധാന ഘടകങ്ങളിലൊന്നായി കരുതിക്കൊണ്ട് അപ്രൻ്റീസ്ഷിപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. യഥാർത്ഥ ജോലിസ്ഥലത്ത് ജോലി ചെയ്തുകൊണ്ട് യുവാക്കൾക്ക് വൈദഗ്ധ്യം നേടാനും അതേ സമയം സാമ്പത്തികമായി സ്വയം പര്യാപ്തത ആര്‍ജ്ജിക്കാനായി ചെറിയ സ്റ്റൈപ്പൻ്റ് നേടാനും കഴിയുന്ന തൊഴിൽ പരിശീലനത്തിനായി അപ്രൻ്റീസ്ഷിപ്പിന് ഒരു പ്രധാന പങ്ക് വഹിക്കാനാകും. നൈപുണ്യ സമ്പാദനത്തിനും പഠിക്കുമ്പോൾ തന്നെ ധനം സമ്പാദിക്കുന്നതിനുമുള്ള ഏറ്റവും മികച്ച മാതൃകയായി ആഗോളതലത്തിലും അപ്രൻ്റീസ്ഷിപ്പ് കണക്കാക്കപ്പെടുന്നു.

പ്രധാൻ മന്ത്രി നാഷണൽ അപ്രൻ്റീസ്ഷിപ്പ് പ്രൊമോഷൻ സ്കീം (പിഎം-എൻഎപിഎസ്) വിദ്യാഭ്യാസത്തിൽ നിന്ന് ജോലിയിലേക്കുള്ള തടസ്സങ്ങളില്ലാത്ത പരിവർത്തനത്തെ പിന്തുണയ്ക്കുന്നു, യഥാർത്ഥ ലോകവുമായുള്ള ഇടപെടലിലൂടെ അപ്രൻ്റീസുകൾ വ്യവസായ-നിർദ്ദിഷ്ട കഴിവുകൾ നേടുന്നുവെന്ന് ഉറപ്പാക്കുന്നു. ഇന്ത്യയിലെ അപ്രൻ്റീസുകളെയും സ്ഥാപനങ്ങളെയും പിന്തുണയ്ക്കുന്നതിനായി, ഒരു അപ്രൻ്റീസിനു പ്രതിമാസം 1,500 രൂപ വരെ സ്റ്റൈപ്പൻഡിൻ്റെ 25%, കേന്ദ്ര സർക്കാർ നൽകുന്ന പരിശീലന കാലയളവിൽ ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ (ഡിബിടി) വഴി നൽകും.  ജനസംഖ്യയിലെ വിവിധ വിഭാ​ഗങ്ങൾക്ക് നൈപുണ്യ വികസന അവസരങ്ങളിലേക്ക് സമ​ഗ്രമായ പ്രവേശനം ഉറപ്പാക്കിക്കൊണ്ട് 14 മുതൽ 35 വയസ്സുവരെയുള്ള വ്യക്തികൾക്കായി രൂപകൽപ്പന ചെയ്‌തിട്ടുള്ളതാണ് ഈ പദ്ധതി.

AI, റോബോട്ടിക്‌സ്, ബ്ലോക്ക്‌ചെയിൻ, ഗ്രീൻ എനർജി, ഇൻഡസ്ട്രി 4.0 സാങ്കേതികവിദ്യകൾ തുടങ്ങിയ വളർന്നുവരുന്ന മേഖലകൾ ഉൾപ്പെടെ നിലവിലുള്ള ഉത്പാദന മേഖലയിലും അപ്രൻ്റീസ്ഷിപ്പ് അവസരങ്ങളെ NAPS പ്രോത്സാഹിപ്പിക്കുന്നു. ഇത് നൈപുണ്യ സംരംഭങ്ങളെ ഭാവി തൊഴിൽ വിപണികളുമായും വ്യവസായ പ്രവണതകളുമായും സമന്വയിപ്പിക്കുന്നു. ചെറുകിട സ്ഥാപനങ്ങളിൽ, പ്രത്യേകിച്ച് മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങളിൽ (എംഎസ്എംഇ) അപ്രൻ്റീസുകളെ എൻറോൾ ചെയ്യുന്നതിനെയും, വികസനത്തിന്റെ കാര്യത്തിൽ പിന്നോക്കം നിൽക്കുന്ന ജില്ലകൾ, വടക്ക്-കിഴക്കൻ മേഖലകൾ തുടങ്ങിയ അവശത അനുഭവിക്കുന്ന പ്രദേശങ്ങളിൽ സ്ഥിതി ചെയ്യുന്ന സംരംഭങ്ങളേയും ഈ പദ്ധതി പ്രോത്സാഹിപ്പിക്കുന്നു.

ജൻ ശിക്ഷൻ സൻസ്ഥാൻ (ജെഎസ്എസ്) പദ്ധതി:
സ്ത്രീകൾ, ഗ്രാമീണ യുവാക്കൾ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾ, 15-45 വയസ് പ്രായമുള്ളവർ എന്നിവർക്ക് തൊഴിലധിഷ്ഠിത പരിശീലനം പ്രാപ്യവും വഴക്കമുള്ളതും എല്ലാവരേയും ഉൾക്കൊള്ളാൻ കഴിയുന്നതുമായി രൂപകൽപ്പന ചെയ്ത ഒരു കമ്മ്യൂണിറ്റി കേന്ദ്രീകൃത നൈപുണ്യ സംരംഭമാണ് ജൻ ശിക്ഷൺ സൻസ്ഥാൻ (ജെഎസ്എസ്) പദ്ധതി.  കുറഞ്ഞ ചെലവിൽ, ഫ്ലെക്‌സിബിൾ ഷെഡ്യൂളുകളോടെ വീട്ടുപടിക്കൽ പരിശീലനം നൽകുന്നതിലൂടെ, സ്വയം തൊഴിലും വേതനാധിഷ്‌ഠിത ഉപജീവനവും പ്രോത്സാഹിപ്പിക്കുന്ന നൈപുണ്യ അവസരങ്ങൾ ഏറ്റവും ആവശ്യമുള്ളവരിലേക്ക് എത്തുന്നുവെന്ന് JSS ഉറപ്പാക്കുന്നു. നൈപുണ്യ വികസനത്തിനപ്പുറം, സാമൂഹിക ശാക്തീകരണം, ആരോഗ്യം, ശുചിത്വം, സാമ്പത്തിക സാക്ഷരത, ലിംഗസമത്വം, കമ്മ്യൂണിറ്റികൾക്കുള്ളിലെ വിദ്യാഭ്യാസം എന്നിവയിൽ അവബോധം സൃഷ്ടിക്കുന്നതിൽ ഈ പ്രോഗ്രാം ഒരു പ്രധാന പങ്ക് വഹിക്കുന്നു: പിഎം ജൻമൻ, സമൂഹത്തിലെ എല്ലാവർക്കും ആജീവനാന്ത പഠനം (ഉല്ലാസ്) തുടങ്ങിയ ഗവൺമെൻ്റിൻ്റെ പ്രധാന സംരംഭങ്ങളുമായി ജെഎസ്എസ് ബന്ധപ്പെട്ടിരിക്കുന്നു.

ദേശീയ ചട്ടക്കൂടുകളുമായി യോജിപ്പിച്ച്, സ്കിൽ ഇന്ത്യ പ്രോഗ്രാമിന് കീഴിലുള്ള എല്ലാ സർട്ടിഫിക്കേഷനുകളും ദേശീയ സ്കിൽ ക്വാളിഫിക്കേഷൻ ചട്ടക്കൂടിലേക്ക് (NSQF) മാപ്പ് ചെയ്യുകയും ഡിജിലോക്കർ, നാഷണൽ ക്രെഡിറ്റ് ഫ്രെയിംവർക്ക് (NCrF) എന്നിവയുമായി തടസ്സങ്ങളില്ലാതെ സംയോജിപ്പിക്കുകയും ചെയ്യുന്നു. ഇതിലൂടെ  നൈപുണ്യത്തിന് ഔപചാരികമായ അംഗീകാരം ഉറപ്പാക്കുകയും ഇത് തൊഴിലിലേക്കും ഉന്നത വിദ്യാഭ്യാസത്തിലേക്കുമുള്ള സു​ഗമമായ പരിവർത്തനത്തെ സഹായിക്കുകയും ചെയ്യുന്നു.  

സ്‌കിൽ ഇന്ത്യ പ്രോഗ്രാമിൻ്റെ തുടർച്ചയോടെ, അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ഇന്നത്തെ തൊഴിൽ രംഗത്ത് തുടർച്ചയായ നൈപുണ്യത്തിൻ്റെയും പുനർ നൈപുണ്യത്തിൻ്റെയും പ്രാധാന്യം തിരിച്ചറിഞ്ഞ്, ആജീവനാന്ത പഠനത്തോടുള്ള പ്രതിബദ്ധത ശക്തിപ്പെടുത്താൻ ​ഗവൺമെന്റ് ശ്രമിക്കുന്നു. തൊഴിൽ ശക്തി വികസന നയങ്ങൾ സാമ്പത്തികവും വ്യാവസായികവുമായ പ്രവണതകളുമായി യോജിച്ച് നിൽക്കുന്നുവെന്ന് ഉറപ്പാക്കിക്കൊണ്ട് പീരിയോഡിക് ലേബർ ഫോഴ്‌സ് സർവേ (PLFS) ഡാറ്റയിലേക്ക് ഈ സംരംഭം നേരിട്ട് സംഭാവന ചെയ്യും.

അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ആഗോള സമ്പദ്‌വ്യവസ്ഥയിൽ അഭിവൃദ്ധി പ്രാപിക്കാൻ ആവശ്യമായ നൈപുണ്യം ഉപയോ​ഗിച്ചു കൊണ്ട് ഇന്ത്യയുടെ തൊഴിലാളികളെ സജ്ജരാക്കുന്നതിൽ സ്‌കിൽ ഇന്ത്യ പ്രോഗ്രാം നിർണായക പങ്ക് വഹിക്കുന്നു. വ്യവസായവുമായി ബന്ധപ്പെട്ട പരിശീലനം, ഉയർന്നുവരുന്ന സാങ്കേതികവിദ്യകൾ, അന്തർദേശീയ മൊബിലിറ്റി സംരംഭങ്ങൾ എന്നിവ സമന്വയിപ്പിക്കുന്നതിലൂടെ, ഉയർന്ന വൈദഗ്ധ്യവും മത്സരാധിഷ്ഠിതവുമായ ഒരു തൊഴിൽ ശക്തിയെ സൃഷ്ടിക്കാൻ പ്രോഗ്രാം ലക്ഷ്യമിടുന്നു. സാമ്പത്തിക ശാക്തീകരണത്തിൻ്റെ ഒരു പ്രധാന ചാലകശക്തിയെന്ന നിലയിൽ, തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും സംരംഭകത്വത്തിനും വിവിധ മേഖലകളിലെ ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിനും സ്കിൽ ഇന്ത്യ സംഭാവന നൽകുന്നു. നൈപുണ്യ വികസന & സംരംഭകത്വ മന്ത്രാലയം (MSDE) തൊഴിലധിഷ്ഠിത വിദ്യാഭ്യാസം ശക്തിപ്പെടുത്തുന്നതിനും അപ്രൻ്റീസ്ഷിപ്പ് അവസരങ്ങൾ വികസിപ്പിക്കുന്നതിനും ആജീവനാന്ത പഠനം പ്രോത്സാഹിപ്പിക്കുന്നതിനും പ്രതിജ്ഞാബദ്ധമാണ്.

(കൂടുതൽ വിവരങ്ങൾക്ക്, സന്ദർശിക്കുക: https://www.skillindiadigital.gov.in/home)

 

-SK-