Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

​രാജ്യസഭയിൽ രാഷ്ട്രപതിയുടെ നയപ്രഖ്യാപനപ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയത്തിനു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ മറുപടി


രാഷ്ട്രപതിയുടെ നയപ്രഖ്യാപനപ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയത്തിനു രാജ്യസഭയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു മറുപടി നൽകി. ഇന്ത്യയുടെ നേട്ടങ്ങൾ, ഇന്ത്യയിൽനിന്നുള്ള ആഗോള പ്രതീക്ഷകൾ, വികസിത ഇന്ത്യ കെട്ടിപ്പടുക്കുന്നതിൽ സാധാരണക്കാരുടെ ആത്മവിശ്വാസം എന്നിവ രാഷ്ട്രപതിയുടെ അഭിസംബോധനയിൽ ഉൾക്കൊള്ളുന്നുവെന്നു പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. രാഷ്ട്രപതിയുടെ പ്രസംഗം പ്രചോദനാത്മകവും സ്വാധീനം ചെലുത്തുന്നതും ഭാവി പ്രവർത്തനങ്ങൾക്കു മാർഗനിർദേശം നൽകുന്നതുമാണെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രപതിയുടെ പ്രസംഗത്തിന് അദ്ദേഹം നന്ദി അറിയിച്ചു.

ആദരണീയരായ 70-ലധികം എംപിമാർ വിലയേറിയ ചിന്തകളാൽ നന്ദിപ്രമേയത്തെ സമ്പന്നമാക്കിയെന്നു ശ്രീ മോദി പറഞ്ഞു. ഇരുഭാഗത്തുനിന്നും ചർച്ചകൾ നടന്നതായും എല്ലാവരും അവരുടെ ധാരണയുടെ അടിസ്ഥാനത്തിൽ രാഷ്ട്രപതിയുടെ പ്രസംഗം വിശദീകരിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ഏവർക്കുമൊപ്പം, ഏവരുടെയും വികസനം എന്നിവയെക്കുറിച്ചു ധാരാളം കാര്യങ്ങൾ പറഞ്ഞിട്ടുണ്ടെന്നും അതിലെ സങ്കീർണതകൾ മനസ്സിലാക്കുന്നതിൽ ബുദ്ധിമുട്ടിയെന്നും പ്രധാനമന്ത്രി പരാമർശിച്ചു. ഏവർക്കുമൊപ്പം, ഏവരുടെയും വികസനം നമ്മുടെ കൂട്ടായ ഉത്തരവാദിത്വമാണെന്നും അതുകൊണ്ടാണു സേവനം ചെയ്യാനുള്ള അവസരം രാജ്യം നൽകിയതെന്നും അദ്ദേഹം പറഞ്ഞു.

2014 മുതൽ തുടർച്ചയായി സേവിക്കാൻ അവസരം നൽകിയതിന് ഇന്ത്യയിലെ ജനങ്ങൾക്കു നന്ദി പറഞ്ഞ ശ്രീ മോദി, ജനങ്ങൾ പരീക്ഷിക്കുകയും മനസ്സിലാക്കുകയും പിന്തുണയ്ക്കുകയും ചെയ്ത നമ്മുടെ വികസനമാതൃകയുടെ സാക്ഷ്യമാണിതെന്നു ചൂണ്ടിക്കാട്ടി. ‘രാഷ്ട്രം ആദ്യം’ എന്ന പ്രയോഗം വികസനമാതൃകയെ സൂചിപ്പിക്കുന്നു. ഇതു ഗവണ്മെന്റിന്റെ നയങ്ങളിലും പദ്ധതികളിലും പ്രവർത്തനങ്ങളിലും ഉദാഹരണമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്വാതന്ത്ര്യം ലഭിച്ച് 5-6 പതിറ്റാണ്ടുകളുടെ നീണ്ട ഇടവേളയ്ക്കു ശേഷം ഭരണത്തിന്റെയും ഭരണനിർവഹണത്തിന്റെയും ബദൽ മാതൃകയുടെ ആവശ്യകത ചൂണ്ടിക്കാട്ടിയ ശ്രീ മോദി, 2014 മുതൽ പ്രീണനത്തേക്കാൾ (തുഷ്ടീകരൺ) സംതൃപ്തി (സന്തുഷ്ടീകരൺ) അടിസ്ഥാനമാക്കിയ പുതിയ വികസനമാതൃകയ്ക്കു സാക്ഷ്യം വഹിക്കാൻ രാജ്യത്തിന് അവസരം ലഭിച്ചുവെന്നു പറഞ്ഞു.

“ഇന്ത്യയിലെ വിഭവങ്ങളുടെ പരമാവധി വിനിയോഗം ഉറപ്പാക്കാൻ ഞങ്ങൾ ആത്മാർഥമായി പരിശ്രമിച്ചു” – പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തിന്റെ വികസനത്തിനും ജനങ്ങളുടെ ക്ഷേമത്തിനും വേണ്ടി ഇന്ത്യയുടെ സമയം പാഴാക്കാതെ വിനിയോഗിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. അതിനാൽ, “ഞങ്ങൾ പരിപൂർണതാസമീപനം സ്വീകരിച്ചു”  എന്ന് അദ്ദേഹം പറഞ്ഞു. പദ്ധതിയുടെ യഥാർഥ ഗുണഭോക്താക്കൾക്ക് 100% ആനുകൂല്യങ്ങൾ ഉറപ്പാക്കുക എന്നതാണു സമീപനത്തിനു പിന്നിലെ ലക്ഷ്യമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കഴിഞ്ഞ ദശകത്തിൽ “ഏവർക്കുമൊപ്പം, ഏവരുടെയും വിശ്വാസം” എന്നതിന്റെ യഥാർഥ ചൈതന്യം അടിസ്ഥാനപരമായി നടപ്പാക്കിയിട്ടുണ്ടെന്ന് എടുത്തുകാട്ടിയ ശ്രീ മോദി, വികസനത്തിന്റെയും പുരോഗതിയുടെയും രൂപത്തിൽ ശ്രമങ്ങൾ ഫലപ്രാപ്തിയിലേക്കു നയിച്ചതിനാൽ ഇപ്പോൾ അതു വ്യക്തമാണെന്നും പറഞ്ഞു. “ഏവർക്കുമൊപ്പം, ഏവരുടെയും വിശ്വാസം എന്നതാണു നമ്മുടെ ഭരണനിർവഹണത്തിന്റെ പ്രധാന തത്വം” – അദ്ദേഹം കൂട്ടിച്ചേർത്തു. ദരിദ്രരെയും ഗോത്രവർഗക്കാരെയും  അവരുടെ അന്തസ്സും സുരക്ഷയും വർധിപ്പിച്ചു ശാക്തീകരിക്കുന്ന എസ്‌സി, എസ്‌ടി നിയമത്തിനു കരുത്തേകിയതിലൂടെ ഗവണ്മെന്റ് പ്രതിജ്ഞാബദ്ധത പ്രകടിപ്പിച്ചുവെന്നു പ്രധാനമന്ത്രി പറഞ്ഞു.

​ജാതീയതയുടെ വിഷം പടർത്താൻ ഇന്നു വളരെയധികം ശ്രമങ്ങൾ നടക്കുന്നുണ്ടെന്നു പറഞ്ഞ പ്രധാനമന്ത്രി, കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി ഇരുസഭകളിലെയും വിവിധ പാർട്ടികളിൽനിന്നുള്ള ഒബിസി എംപിമാർ ഒബിസി കമ്മീഷനു ഭരണഘടനാപദവി നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നെന്ന് ഓർമിപ്പിച്ചു. ഒബിസി കമ്മീഷനു ഭരണഘടനാപദവി നൽകിയതു ഞങ്ങളുടെ ഗവണ്മെന്റാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 140 കോടി ഇന്ത്യക്കാരെ ആരാധിക്കുന്നതിനാൽ പിന്നാക്കവിഭാഗങ്ങളുടെ ബഹുമാനവും അന്തസ്സും ഞങ്ങളുടെ ഗവണ്മെന്റിനു പ്രധാനമാണെന്ന് അദ്ദേഹം എടുത്തുപറഞ്ഞു.

രാജ്യത്തു സംവരണം എന്ന വിഷയം ഉയർന്നുവന്നപ്പോഴെല്ലാം, കരുത്തുറ്റ രീതിയിൽ പ്രശ്നം പരിഹരിക്കാനുള്ള ശ്രമങ്ങൾ നടന്നിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയ ശ്രീ മോദി, രാജ്യത്തെ വിഭജിക്കാനും സംഘർഷം സൃഷ്ടിക്കാനും പരസ്പരം ശത്രുത വളർത്താനുമുള്ള രീതികളാണ് എല്ലാ സാഹചര്യങ്ങളിലും സ്വീകരിച്ചിരുന്നതെന്ന് എടുത്തുപറഞ്ഞു. രാജ്യം സ്വാതന്ത്ര്യം നേടിയതിനുശേഷവും സമാനസമീപനങ്ങൾ ഉപയോഗിച്ചിരുന്നതായി അദ്ദേഹം പറഞ്ഞു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്കു പിരിമുറുക്കമോ ദാരിദ്ര്യമോ ഏതുമില്ലാതെ ഏകദേശം 10% സംവരണം നൽകുന്ന, ഏവർക്കുമൊപ്പം ഏവരുടെയും വികസനം എന്ന തത്വത്തിൽനിന്നു പ്രചോദനം ഉൾക്കൊണ്ട മാതൃക തന്റെ ഗവണ്മെന്റാണ് ഇതാദ്യമായി അവതരിപ്പിച്ചതെന്നു പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ഈ തീരുമാനത്തെ എസ്‌സി, എസ്‌ടി, ഒബിസി സമുദായങ്ങൾ സ്വാഗതം ചെയ്തുവെന്നും ആരും അസ്വസ്ഥതയേതും പ്രകടിപ്പിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. ഏവർക്കുമൊപ്പം, ഏവരുടെയും വികസനം എന്ന തത്വത്തെ അടിസ്ഥാനമാക്കിയുള്ള നടപ്പാക്കൽ രീതി ആരോഗ്യകരവും സമാധാനപരവുമായ രീതിയിലാണു മുന്നോട്ടു പോയതെന്നും ഇതു രാജ്യവ്യാപകമായി ഈ തീരുമാനം അംഗീകാരിക്കുന്നതിലേക്കു നയിച്ചതായും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

രാജ്യത്തെ ദിവ്യാംഗർക്കും ഭിന്നശേഷിക്കാർക്കും അർഹമായ പരിഗണന ലഭിച്ചിരുന്നില്ലെന്നു ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, ഏവർക്കുമൊപ്പം, ഏവരുടെയും വികസനം എന്ന തത്വത്തിനു കീഴിൽ, തന്റെ ഗവണ്മെന്റ് ഭിന്നശേഷിക്കാർക്കായി സംവരണം വ്യാപിപ്പിച്ചിട്ടുണ്ടെന്നും അവർക്കു സൗകര്യങ്ങൾ ഒരുക്കുന്നതിനായി ദൗത്യനിർവഹണത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്നും പറഞ്ഞു. ഭിന്നശേഷിക്കാരായ വ്യക്തികളുടെ പ്രയോജനത്തിനായി നിരവധി ക്ഷേമപദ്ധതികൾ സൃഷ്ടിക്കുകയും നടപ്പാക്കുകയും ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പരാമർശിച്ചു. കൂടാതെ, കരുത്തുറ്റ നിയമ നടപടികളിലൂടെ അവകാശങ്ങൾ ഉറപ്പാക്കാനുള്ള പ്രതിജ്ഞാബദ്ധത എടുത്തുകാട്ടി, ട്രാൻസ്‌ജെൻഡർ സമൂഹത്തിന്റെ നിയമപരമായ അവകാശങ്ങൾക്കായി നടത്തിയ ശ്രമങ്ങൾക്കു ശ്രീ മോദി ഊന്നൽ നൽകി. സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളോടുള്ള അനുകമ്പാപൂർവമായ പരിഗണനയിലൂടെയാണ് ഏവർക്കുമൊപ്പം, ഏവരുടെയും വികസനം എന്നതിനുള്ള ഗവണ്മെന്റിന്റെ സമീപനം പ്രകടമാകുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

”ഇന്ത്യയുടെ പുരോഗതി നാരി ശക്തിയാൽ പ്രചോദിതമാണ് ”, ശ്രീ മോദി ഉദ്ഘോഷിച്ചു. സ്ത്രീകൾക്ക് അവസരങ്ങൾ നൽകുകയും അവരെ നയരൂപീകരണത്തിൽ പങ്കാളികളാക്കുകയും ചെയ്താൽ അത് രാജ്യത്തിന്റെ പുരോഗതിയെ ത്വരിതപ്പെടുത്തുമെന്നും അദ്ദേഹം എടുത്തുപറഞ്ഞു. അതുകൊണ്ടാണ് പുതിയ പാർലമെന്റിലെ ഗവൺമെന്റിന്റെ ആദ്യ തീരുമാനം നാരി ശക്തിയ്ക്കുള്ള ആദരവായി സമർപ്പിച്ചതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. രൂപഭാവത്തിൽ മാത്രമല്ല, നാരി ശക്തിക്കുള്ള ആദരസൂചകമായ അതിന്റെ ആദ്യ തീരുമാനത്തിലുടെയും പുതിയ പാർലമെന്റ് ഓർമ്മിക്കപ്പെടുമെന്ന് ശ്രീ മോദി ചൂണ്ടിക്കാട്ടി. പ്രശംസയ്ക്കുവേണ്ടി പുതിയ പാർലമെന്റ് വ്യത്യസ്തമായ രീതിയിൽ ഉദ്ഘാടനം ചെയ്യാമായിരുന്നു, എന്നാൽ അതിനുപകരം സ്ത്രീകളുടെ ബഹുമാനാർത്ഥം അത് സമർപ്പിക്കുകയായിരുന്നുവെന്നും അദ്ദേഹം പ്രസ്താവിച്ചു. നാരി ശക്തിയുടെ അനുഗ്രഹത്തോടെയാണ് പാർലമെന്റ് അതിന്റെ പ്രവർത്തനം ആരംഭിച്ചതെന്നതും അദ്ദേഹം ഉയർത്തിക്കാട്ടി.

ഡോ. ബാബാസാഹേബ് അംബേദ്കറെ ഒരിക്കലും ഭാരതരത്‌നത്തിന് യോഗ്യനായി മുൻ ഗവൺമെന്റുകൾ കണക്കാക്കിയിരുന്നില്ലെന്ന് പരാമർശിച്ച ശ്രീ മോദി, അങ്ങനെയൊക്കെയാണെങ്കിലും, രാജ്യത്തെ ജനങ്ങൾ എല്ലായ്‌പ്പോഴും ഡോ. അംബേദ്കറുടെ ജീവിതചൈനത്യത്തേയും ആദർശങ്ങളെയും ബഹുമാനിച്ചിരുന്നുവെന്നും എടുത്തുപറഞ്ഞു. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിൽ നിന്നുള്ള ഈ ആദരവ് കാരണം, സകല പാർട്ടികളിൽ നിന്നുമുള്ള എല്ലാവരും ഇപ്പോൾ മനസ്സില്ലാമനസ്സോടെയാണെങ്കിലും ”ജയ് ഭീം” എന്നു പറയാൻ നിർബന്ധിതരാകുകയാണെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.

പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗങ്ങൾ നേരിട്ടിരുന്ന അടിസ്ഥാന വെല്ലുവിളികളെ ഡോ. ബാബാസാഹേബ് അംബേദ്കർ ആഴത്തിൽ മനസ്സിലാക്കിയിരുന്നുവെന്നും, അവരുടെ ആ വേദനയും കഷ്ടപ്പാടും അദ്ദേഹം വ്യക്തിപരമായി അനുഭവിച്ചിട്ടുണ്ടായിരുന്നെന്നും ശ്രീ മോദി പറഞ്ഞു. ഈ സമൂഹങ്ങളുടെ സാമ്പത്തിക ഉന്നമനത്തിനായി ഡോ. അംബേദ്കർ വ്യക്തമായ ഒരു രൂപരേഖ അവതരിപ്പിച്ചിരുന്നുവെന്നും അദ്ദേഹം എടുത്തുപറഞ്ഞു. ”ഇന്ത്യ ഒരു കാർഷിക രാജ്യമാണെങ്കിലും, കൃഷി ദളിതരുടെ പ്രധാന ഉപജീവനമാർഗ്ഗമാക്കുന്നതിന് കഴിയുന്നില്ല” എന്ന ഡോ. അംബേദ്കറുടെ ഒരു ഉദ്ധരണി വായിച്ച പ്രധാനമന്ത്രി, അതിന് ഒന്നാമതായി, ഭൂമി വാങ്ങാൻ കഴിയാത്ത അവസ്ഥ, രണ്ടാമതായി, പണം നൽകിയാലും ഭൂമി വാങ്ങാൻ അവസരങ്ങളില്ലാത്തത് എന്നീ രണ്ട് കാരണങ്ങൾ ഡോ. അംബേദ്കർ തിരിച്ചറിഞ്ഞിരുന്നതായും ചൂണ്ടിക്കാട്ടി. ദലിതർ, ഗോത്രവർഗ്ഗക്കാർ, അരികുവൽക്കരിക്കപ്പെട്ട വിഭാഗങ്ങൾ എന്നിവർ നേരിടുന്ന ഈ അനീതിക്ക് പരിഹാരമായി വ്യവസായവൽക്കരണത്തിന് വേണ്ടി ഡോ. അംബേദ്കർ വാദിച്ചുവെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. സാമ്പത്തിക സ്വാശ്രയത്വത്തിനായി നൈപുണ്യ അധിഷ്ഠിത തൊഴിലുകളും സംരംഭകത്വവും പ്രോത്സാഹിപ്പിക്കുന്നതിലാണ് ഡോ. അംബേദ്കർ വിശ്വസിച്ചിരുന്നതെന്നും അദ്ദേഹം ഉയർത്തിക്കാട്ടി. സ്വാതന്ത്ര്യാനന്തരം നിരവധി പതിറ്റാണ്ടുകളായിട്ടും ഡോ. അംബേദ്കറുടെ ദർശനം പരിഗണിക്കപ്പെട്ടില്ലെന്നും പൂർണ്ണമായും തള്ളിക്കളയപ്പെട്ടുവെന്നും അദ്ദേഹം പരാമർശിച്ചു. പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ ഇല്ലാതാക്കുക എന്നതായിരുന്നു ഡോ. അംബേദ്കർ ലക്ഷ്യമിട്ടതെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
2014-ൽ തന്റെ ഗവൺമെന്റാണ് നൈപുണ്യ വികസനം, സാമ്പത്തിക ഉൾച്ചേർക്കൽ, വ്യാവസായിക വളർച്ച എന്നിവയ്ക്ക് മുൻഗണന നൽകി തുടങ്ങിയതെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഗ്രാമങ്ങളിൽ ചിതറിക്കിടക്കുന്ന സമൂഹത്തിന്റെ അടിത്തറയിലെ അനിവാര്യരായ പരമ്പരാഗത കരകൗശല വിദഗ്ധരേയും ലോഹപ്പണിക്കാർ, മൺപാത്ര നിർമാണ മേഖലയിൽ പ്രവർത്തിക്കുന്നവർ എന്നിവരെയും ലക്ഷ്യം വച്ചുള്ള പ്രധാനമന്ത്രി വിശ്വകർമ്മ യോജന അവതരിപ്പിച്ചതും അദ്ദേഹം എടുത്തുപറഞ്ഞു. പരിശീലനം, സാങ്കേതിക നവീകരണം, പുതിയ ഉപകരണങ്ങൾ, രൂപരേഖാ സഹായം, സാമ്പത്തിക സഹായം, വിപണി പ്രാപ്യത എന്നിവ നൽകിക്കൊണ്ട് സമൂഹത്തിലെ ഇത്തരം വിഭാഗങ്ങളോട് താൽപര്യം പ്രകടിപ്പിക്കുന്നത് ആദ്യമായിട്ടായിരുന്നുവെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. സമൂഹത്തെ രൂപപ്പെടുത്തുന്നതിൽ അവരുടെ സുപ്രധാനമായ പങ്ക് അംഗീകരിച്ചുകൊണ്ട്, അവഗണിക്കപ്പെട്ട ഈ വിഭാഗങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി തന്റെ ഗവൺമെന്റ് ഒരു പ്രത്യേക സംഘടിതപ്രവർത്തനം തന്നെ ആരംഭിച്ചതായും അദ്ദേഹം അഭിപ്രായപ്പെട്ടു.

”ആദ്യമായി സംരംഭത്തിൽ ഏർപ്പെടുന്നവരെ ക്ഷണിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ഞങ്ങളുടെ ഗവൺമെന്റ് മുദ്ര പദ്ധതി അവതരിപ്പിച്ചത് ”ശ്രീ മോദി പറഞ്ഞു. സമൂഹത്തിലെ ഒരു വലിയ വിഭാഗത്തിന്റെ ആത്മനിർഭരത (സ്വാശ്രയത്വം) എന്ന സ്വപ്‌നം സാക്ഷാത്കരിക്കുന്നതിന് സഹായിക്കാൻ ഈടില്ലാതെ വായ്പകൾ നൽകുന്ന വലിയ തോതിലുള്ള സംഘടിതപ്രവർത്തനമാണിതെന്ന് ഉയർത്തിക്കാട്ടിയ അദ്ദേഹം ഇത് വലിയ വിജയം കണ്ടുവെന്ന് വ്യക്തമാക്കുകയും ചെയ്തു. പട്ടിക ജാതി (എസ്.സി), പട്ടിക വർഗ്ഗ (എസ്. ടി) വിഭാഗങ്ങൾക്കും ഏത് സമുദായത്തിൽപ്പെട്ട വനിതകൾക്കും അവരുടെ സംരംഭങ്ങളെ പിന്തുണയ്ക്കുന്നതിന് ഒരു കോടി രൂപ വരെ ഈടുകളില്ലാതെ വായ്പകൾ നൽകുകയെന്ന ലക്ഷ്യത്തോടെയുള്ള സ്റ്റാൻഡ് അപ്പ് ഇന്ത്യ പദ്ധതിയെക്കുറിച്ചും അദ്ദേഹം പ്രതിപാദിച്ചു. ഈ വർഷം പദ്ധതിക്കുള്ള ബജറ്റ് വിഹിതം ഇരട്ടിയായി വർദ്ധിപ്പിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി. പാർശ്വവൽക്കരിക്കപ്പെട്ട സമുദായങ്ങളിൽ നിന്നുള്ള ദശലക്ഷക്കണക്കിന് യുവജനങ്ങളും നിരവധി സ്ത്രീകളും മുദ്ര പദ്ധതിക്ക് കീഴിൽ തങ്ങളുടെ വ്യാപാരങ്ങൾ ആരംഭിച്ചതായും അതിലൂടെ അവർ സ്വയം തൊഴിൽ ഉറപ്പാക്കുക മാത്രമല്ല, മറ്റുള്ളവർക്കായി തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയാണെന്നും പ്രധാനമന്ത്രി നിരീക്ഷിച്ചു. എല്ലാ കരകൗശല വിദഗ്ധരുടെയും സമൂഹത്തിന്റെയാകെയും ശാക്തീകരണം എന്ന ഡോ. ബാബാസാഹേബ് അംബേദ്കറുടെ സ്വപ്‌നം മുദ്ര പദ്ധതിയിലൂടെ സാക്ഷാത്കരിക്കപ്പെടുകയാണെന്നും അദ്ദേഹം എടുത്തുപറഞ്ഞു.

പാവപ്പെട്ടവരുടേയും അരികുവൽക്കരിക്കപ്പെട്ടവരുടെയും ക്ഷേമത്തിനായുള്ള തന്റെ പ്രതിബദ്ധതയ്ക്ക് ഊന്നൽ നൽകിയ മോദി അവർക്ക് ഇപ്പോൾ നൽകുന്ന മുൻഗണനകളും എടുത്തുപറഞ്ഞു. തുകൽ, പാദരക്ഷാ വ്യവസായം പോലുള്ള ചെറുകിട മേഖലകളെ നിലവിലെ ബജറ്റ് സ്പർശിച്ചിട്ടുള്ളത് ഉയർത്തിക്കാട്ടിയ ശ്രീ മോദി, ഇത് പാവപ്പെട്ടതും പാർശ്വവൽക്കരിക്കപ്പെട്ടതുമായ സമൂഹങ്ങൾക്ക് ഗുണകരമാകുന്നതാണെന്നും അഭിപ്രായപ്പെട്ടു. ഇതിന് ഉദാഹരണമായി പാവപ്പെട്ട കുടുംബങ്ങളിൽ നിന്നുള്ള നിരവധി ആളുകൾ ഏർപ്പെട്ടിരിക്കുന്ന കളിപ്പാട്ട നിർമ്മാണമേഖലയെ അദ്ദേഹം ചൂണ്ടിക്കാട്ടി. പാവപ്പെട്ടകുടുംബങ്ങൾക്ക് വിവിധ തരത്തിലുള്ള സഹായം നൽകിക്കൊണ്ട് ഈ മേഖലയിൽ ഗവൺമെന്റ് ശ്രദ്ധ കേന്ദ്രീകരിച്ചു. ഇതിന്റെ ഫലമായി കളിപ്പാട്ട കയറ്റുമതിയിൽ ഗണ്യമായ വർദ്ധനവുണ്ടായി, അത് മൂന്നിരട്ടിയായി വർദ്ധിച്ചു, ഉപജീവനത്തിനായി ഈ വ്യവസായത്തെ ആശ്രയിക്കുന്ന പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങൾക്ക് ഇത് ഗുണം ചെയ്തു.

ഇന്ത്യയിലെ മത്സ്യതൊഴിലാളി സമൂഹത്തിന്റെ ഗണ്യമായ സംഭാവനകൾ ഉയർത്തിക്കാട്ടിയ പ്രധാനമന്ത്രി, മത്സ്യത്തൊഴിലാളികൾക്കായി ഗവൺമെന്റ് ഒരു പ്രത്യേക മന്ത്രാലയം സ്ഥാപിച്ചതും കിസാൻ ക്രെഡിറ്റ് കാർഡിന്റെ ആനുകൂല്യങ്ങൾ അവരിലേക്കുകൂടി വ്യാപിപ്പിച്ചതും സൂചിപ്പിച്ചു. ഏകദേശം 40,000 കോടി രൂപ മത്സ്യബന്ധന മേഖലയ്ക്കായി ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ പരിശ്രമങ്ങൾ മത്സ്യ ഉൽപ്പാദനവും കയറ്റുമതിയും ഇരട്ടിയാക്കിയെന്നും ഇതിന്റെ ഗുണം മത്സ്യതൊഴിലാളി മേഖലയ്ക്ക് നേരിട്ട് ലഭിക്കുന്നുണ്ടെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. സമൂഹത്തിലെ ഏറ്റവും അവഗണിക്കപ്പെട്ട വിഭാഗങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്നതിനുള്ള ഗവൺമെന്റിന്റെ മുൻഗണന പ്രധാനമന്ത്രി ആവർത്തിച്ചു.

നമ്മുടെ ഗോത്ര സമൂഹങ്ങളെ വിവിധ തലങ്ങളിൽ ബാധിക്കുന്നതരത്തിൽ ജാതീയതയുടെ വിഷം പരത്താനുള്ള പുതിയ ചില പരിശ്രമങ്ങൾ നടക്കുന്നുണ്ടെന്ന്പരാമർശിച്ച പ്രധാനമന്ത്രി, വളരെ ചെറിയ ജനസംഖ്യയുള്ള ചില വിഭാഗങ്ങൾ, രാജ്യത്തങ്ങോളമിങ്ങോളം 200-300 സ്ഥലങ്ങളിലായി ചിതറികിടക്കുകയാണെന്നും, അവർ വളരെയധികം അവഗണിക്കപ്പെടുകയാണെന്നും എടുത്തുപറഞ്ഞു. ഈ സമൂഹങ്ങളെക്കുറിച്ച് വളരെ അടുത്ത് അറിയാവുന്ന രാഷ്ട്രപതിയുടെ മാർഗ്ഗനിർദ്ദേശത്തിന് അദ്ദേഹം നന്ദിയും പ്രകടിപ്പിച്ചു. ഈ പ്രത്യേക ദുർബല ഗോത്രവർഗ്ഗ വിഭാഗങ്ങളെ വ്യക്തതമായ സവിശേഷ പദ്ധതികളിൽ ഉൾപ്പെടുത്തുന്നതിന് പ്രാധാന്യത്തോടെയുള്ള ശ്രമങ്ങൾ നടത്തിയിട്ടുണ്ടെന്നും ശ്രീ മോദി ചൂണ്ടിക്കാട്ടി. ഈ സമൂഹങ്ങൾക്ക് സൗകര്യങ്ങളും ക്ഷേമ നടപടികളും ലഭ്യമാക്കുന്നതിനായി 24,000 കോടിരൂപ വകയിരുത്തികൊണ്ട് തുടക്കം കുറിച്ച പ്രധാനമന്ത്രി ജൻമൻ യോജനയെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. മറ്റ് ഗോത്ര സമൂഹങ്ങളുടെ നിലവാരത്തിലേക്ക് അവരെ ഉയർത്തുകയും ആത്യന്തികമായി അവരെ സമൂഹത്തിനാകെ തുല്യരാക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യം.
“അതിർത്തിയിലെ  ഗ്രാമങ്ങൾ പോലെ  കാര്യമായ പിന്നോക്കാവസ്ഥ നേരിടുന്ന രാജ്യത്തിൻ്റെ വിവിധ പ്രദേശങ്ങളിലും  സർക്കാർ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്,” ശ്രീ മോദി പറഞ്ഞു. അതിർത്തി പ്രദേശങ്ങളിലെ  ഗ്രാമവാസികൾക്ക് മുൻഗണന നൽകുന്നുവെന്ന് ഉറപ്പാക്കിക്കൊണ്ട് സർക്കാർ കൊണ്ടുവന്ന മനഃശാസ്ത്രപരമായ  മാറ്റത്തെ അദ്ദേഹം എടുത്തുപറഞ്ഞു. സൂര്യ കിരണങ്ങൾ ആദ്യമായും  അവസാനമായും   സ്പർശിക്കുന്ന ഈ ഗ്രാമങ്ങൾക്ക് പ്രത്യേക വികസന പദ്ധതികളോടെ “ആദ്യ ഗ്രാമങ്ങൾ” എന്ന പ്രത്യേക പദവി നൽകിയിട്ടുണ്ടെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. മൈനസ് 15 ഡിഗ്രി പോലുള്ള  അത്യുഗ്രമായ അവസ്ഥയിലും 24 മണിക്കൂർ തങ്ങാൻ വിദൂര ഗ്രാമങ്ങളിലേക്ക് മന്ത്രിമാരെ അയച്ചത് ഗ്രാമീണരുടെ പ്രശ്നങ്ങൾ മനസ്സിലാക്കുന്നതിനും പരിഹരിക്കുന്നതിനും വേണ്ടിയാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.സ്വാതന്ത്ര്യദിനം, റിപ്പബ്ലിക് ദിനം തുടങ്ങിയ ദേശീയ ആഘോഷങ്ങളിൽ  ഈ അതിർത്തി പ്രദേശങ്ങളിൽ നിന്നുള്ള  ഗ്രാമനേതാക്കളെ അതിഥികളായി ക്ഷണിക്കുന്ന കാര്യം  അദ്ദേഹം സൂചിപ്പിച്ചു. സബ്‌കാ സാത്ത്, സബ്‌കാ വികാസ് എന്നിവയോടുള്ള സർക്കാരിൻ്റെ പ്രതിബദ്ധതയെക്കുറിച്ചും അവഗണിക്കപ്പെടുന്ന എല്ലാ സമൂഹങ്ങളിലേക്കും എത്തിച്ചേരാനുള്ള നിരന്തരമായ ശ്രമങ്ങളെക്കുറിച്ചും അദ്ദേഹം ഊന്നിപ്പറഞ്ഞു. രാജ്യത്തിൻ്റെ സുരക്ഷയ്‌ക്കായുള്ള വൈബ്രൻ്റ് വില്ലേജസ് പ്രോഗ്രാമിൻ്റെ(Vibrant Villages program)പ്രാധാന്യവും പ്രയോജനവും എടുത്തുപറഞ്ഞ  ശ്രീ മോദി ഇക്കാര്യത്തിൽ  സർക്കാരിൻ്റെ തുടർച്ചയായ ശ്രദ്ധയും വരച്ചുകാട്ടി.

 രാജ്യം റിപ്പബ്ലിക്കായതിന്റെ  75-ാം വാർഷിക വേളയിൽ രാഷ്ട്രപതി തൻ്റെ പ്രസംഗത്തിൽ ഭരണഘടനാ നിർമ്മാതാക്കളിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളാൻ  എല്ലാവരോടും  അഭ്യർത്ഥിച്ചത്  പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഭരണഘടനാ നിർമ്മാതാക്കളുടെ വികാരങ്ങളെ മാനിച്ചും പ്രചോദനം ഉൾക്കൊണ്ടും സർക്കാർ മുന്നോട്ട് പോകുന്നതിൽ അദ്ദേഹം സംതൃപ്തി രേഖപ്പെടുത്തി. ഭരണഘടനാ അസംബ്ലിയുടെ ചർച്ചകൾ വായിക്കുന്നവർക്ക് അതിൽ അന്തർലീനം ചെയ്യപ്പെട്ട  വികാരങ്ങൾ മനസ്സിലാകുമെന്ന് യൂണിഫോം സിവിൽ കോഡിൻ്റെ (യുസിസി) വിഷയത്തെ അഭിസംബോധന ചെയ്തുകൊണ്ട് ശ്രീ മോദി അഭിപ്രായപ്പെട്ടു.ഇതിൽ  ചിലർക്ക് രാഷ്ട്രീയ എതിർപ്പുകളുണ്ടാകാമെന്നും എന്നാൽ ഭരണഘടനാ നിർമ്മാതാക്കളുടെ  കാഴ്ചപ്പാട് ധൈര്യത്തോടെയും അർപ്പണബോധത്തോടെയും നിറവേറ്റാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

ഭരണഘടനാ നിർമ്മാതാക്കളെ ബഹുമാനിക്കുകയും അവരുടെ വാക്കുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് പ്രവർത്തിക്കുകയും ചെയ്യേണ്ടതിൻ്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി, സ്വാതന്ത്ര്യാനന്തരം  ഭരണഘടനാ നിർമ്മാതാക്കളുടെ വികാരങ്ങൾ അവഗണിക്കപ്പെട്ടതിൽ ഖേദം പ്രകടിപ്പിച്ചു. തിരഞ്ഞെടുക്കപ്പെട്ട ഗവൺമെൻ്റല്ലാത്ത ഒരു ഇടക്കാല ക്രമീകരണം, തിരഞ്ഞെടുക്കപ്പെട്ട ഒരു ഗവൺമെൻ്റിനായി കാത്തിരിക്കാതെ ഭരണഘടനയിൽ ഭേദഗതി വരുത്തിയതായി അദ്ദേഹം എടുത്തുപറഞ്ഞു. ജനാധിപത്യം ഉയർത്തിപ്പിടിക്കുമെന്ന് അവകാശപ്പെടുമ്പോൾ  തന്നെ അന്നത്തെ സർക്കാർ അഭിപ്രായ സ്വാതന്ത്ര്യം തടയുകയും മാധ്യമങ്ങൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇത് ഭരണഘടനയുടെ അന്തസത്തയെ പൂർണമായും അവഗണിച്ചതിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിൻ്റെ നേതൃത്വത്തിലുള്ള സ്വതന്ത്ര ഇന്ത്യയിലെ ആദ്യ സർക്കാരിൻ്റെ കാലത്ത് അഭിപ്രായ സ്വാതന്ത്ര്യത്തെ അടിച്ചമർത്തുന്ന സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് ശ്രീ മോദി എടുത്തുപറഞ്ഞു. മുംബൈയിലെ ഒരു തൊഴിലാളി സമരത്തിനിടെ പ്രശസ്ത കവി ശ്രീ മജ്‌റൂഹ് സുൽത്താൻപുരി കോമൺവെൽത്തിനെ വിമർശിച്ചുകൊണ്ട് ഒരു കവിത ആലപിച്ചതും തുടർന്ന്  തടവിലാക്ക പ്പെട്ടതും  അദ്ദേഹം പരാമർശിച്ചു. പ്രതിഷേധ മാർച്ചിൽ പങ്കെടുത്തതിൻ്റെ പേരിൽ പ്രശസ്ത നടൻ ശ്രീ ബൽരാജ് സാഹ്നിയെ ജയിലിലടച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.  വീർ സവർക്കറുടെ ഒരു കവിത ആകാശവാണിയിൽ അവതരിപ്പിക്കാൻ പദ്ധതിയിട്ടതിന് ലതാ മങ്കേഷ്‌കറിൻ്റെ സഹോദരൻ ശ്രീ ഹൃദയനാഥ് മങ്കേഷ്‌കറിന് പ്രത്യാഘാതങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതേ കാരണത്താൽ  ഹൃദയനാഥ് മങ്കേഷ്‌കറെ ആകാശവാണിയിൽ നിന്ന് എന്നെന്നേക്കുമായി പിരിച്ചുവിട്ടതായും അദ്ദേഹം പരാമർശിച്ചു.

അധികാരത്തിനുവേണ്ടി ഭരണഘടനയെ തകർക്കുകയും അതിൻ്റെ ആത്മാവിനെ ചവിട്ടിമെതിക്കുകയും ചെയ്ത അടിയന്തരാവസ്ഥയുടെ കാലത്ത് രാജ്യത്തുണ്ടായ അനുഭവങ്ങളെ സ്പർശിച്ചുകൊണ്ട്, രാഷ്ട്രം ഇത് സ്മരിക്കുന്നുവെന്ന്  ശ്രീ മോദി ഊന്നിപ്പറഞ്ഞു. അടിയന്തരാവസ്ഥക്കാലത്ത്, പ്രശസ്ത മുതിർന്ന നടൻ ശ്രീ ദേവ് ആനന്ദിനോട് അടിയന്തരാവസ്ഥയെ പരസ്യമായി പിന്തുണയ്ക്കാൻ അഭ്യർത്ഥിച്ചതായി അദ്ദേഹം എടുത്തുപറഞ്ഞു. ശ്രീ ദേവ് ആനന്ദ് ധൈര്യം കാണിക്കുകയും അതിനെ പിന്തുണയ്ക്കാൻ വിസമ്മതിക്കുകയും ചെയ്തു,ഇത്  ദൂരദർശനിൽ അദ്ദേഹത്തിൻ്റെ എല്ലാ സിനിമകളും നിരോധിക്കുന്നതിന് കാരണമായി. ഭരണഘടനയെക്കുറിച്ച് സംസാരിക്കുന്നവരും എന്നാൽ വർഷങ്ങളായി അത് പോക്കറ്റിൽ സൂക്ഷിക്കുന്നവരും അതിനോട് യാതൊരു ബഹുമാനവും കാണിക്കുന്നില്ലെന്നും പ്രധാനമന്ത്രി വിമർശിച്ചു. അന്നത്തെ ഭരണകക്ഷിക്ക് വേണ്ടി ശ്രീ കിഷോർ കുമാർ പാടാൻ വിസമ്മതിച്ചെന്നും അതിൻ്റെ ഫലമായി അദ്ദേഹത്തിൻ്റെ എല്ലാ ഗാനങ്ങളും ആകാശവാണിയിൽ നിരോധിച്ചതായും അദ്ദേഹം എടുത്തുപറഞ്ഞു.

അടിയന്തരാവസ്ഥയുടെ നാളുകൾ തനിക്ക് മറക്കാനാവില്ലെന്ന് പറഞ്ഞ പ്രധാനമന്ത്രി, അടിയന്തരാവസ്ഥക്കാലത്ത് ശ്രീ ജോർജ് ഫെർണാണ്ടസ് ഉൾപ്പെടെ രാജ്യത്തെ മഹത്തായ വ്യക്തികളെ വിലങ്ങുവെച്ച് ചങ്ങലയിട്ട അതേ ആളുകൾ തന്നെയാണ് ജനാധിപത്യത്തെക്കുറിച്ചും മാനവികതയെക്കുറിച്ചും സംസാരിക്കുന്നതെന്നും ഊന്നിപ്പറഞ്ഞു. ഇക്കാലയളവിൽ പാർലമെൻ്റ് അംഗങ്ങളും ദേശീയ നേതാക്കളും വരെ ചങ്ങലയിലും കൈവിലങ്ങിലും ബന്ധിക്കപ്പെട്ടതായും അദ്ദേഹം എടുത്തുപറഞ്ഞു. ഭരണഘടന എന്ന വാക്ക് അത്തരക്കാർക്ക്  ചേരുന്നതല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അധികാരത്തിനും ഒരു രാജകുടുംബത്തിൻ്റെ അഹങ്കാരത്തിനും വേണ്ടി രാജ്യത്തെ ദശലക്ഷക്കണക്കിന് കുടുംബങ്ങളെ നശിപ്പിക്കുകയും രാഷ്ട്രത്തെ ജയിലാക്കി മാറ്റുകയും ചെയ്തുവെന്ന് ശ്രീ മോദി അഭിപ്രായപ്പെട്ടു. അജയ്യരെന്ന് സ്വയം കരുതുന്നവരെ ജനങ്ങളുടെ ശക്തിക്ക് മുന്നിൽ തലകുനിക്കാൻ നിർബന്ധിതരാക്കുന്ന ഒരു നീണ്ട പോരാട്ടമാണ് തുടർന്ന് നടന്നതെന്ന്  അദ്ദേഹം ഊന്നിപ്പറഞ്ഞു. ഇന്ത്യൻ ജനതയുടെ സിരകളിൽ ആഴ്ന്നിറങ്ങിയ ജനാധിപത്യ മനോഭാവം മൂലമാണ് അടിയന്തരാവസ്ഥ പിൻവലിച്ചതെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. മുതിർന്ന നേതാക്കളെ താൻ ബഹുമാനിക്കുന്നതായും അവരുടെ നീണ്ട പൊതു സേവനങ്ങളെ ബഹുമാനിക്കുന്നതായും പരാമർശിച്ച പ്രധാനമന്ത്രി, ശ്രീ മല്ലികാർജുൻ ഖാർഗെ, മുൻ പ്രധാനമന്ത്രി ശ്രീ ദേവഗൗഡ തുടങ്ങിയ നേതാക്കളുടെ നേട്ടങ്ങൾ പ്രത്യേകം എടുത്തു പറഞ്ഞു.

ദരിദ്രരുടെ ശാക്തീകരണവും അവരുടെ ഉന്നമനവും തൻ്റെ ഗവൺമെൻ്റിൻ്റെ കാലത്തുണ്ടായത് പോലെ ഒരിക്കലും  വിപുലമായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയ ശ്രീ മോദി, ദരിദ്രരെ ശാക്തീകരിക്കാനും ദാരിദ്ര്യം മറികടക്കാൻ അവരെ പ്രാപ്തരാക്കാനും ലക്ഷ്യമിട്ടുള്ള പദ്ധതികൾ സർക്കാർ ആവിഷ്കരിച്ചിട്ടുണ്ടെന്ന് അഭിപ്രായപ്പെട്ടു. അവസരം ലഭിച്ചാൽ ദരിദ്രർക്ക് ഏത് വെല്ലുവിളിയും തരണം ചെയ്യാൻ കഴിയുമെന്ന് പ്രസ്താവിച്ച അദ്ദേഹം രാജ്യത്തെ ദരിദ്രരുടെ കഴിവിൽ തൻ്റെ വിശ്വാസം പ്രകടിപ്പിച്ചു. സർക്കാർ മുന്നോട്ടുവച്ച ഈ  പദ്ധതികളും അവസരങ്ങളും പ്രയോജനപ്പെടുത്തി ദരിദ്രർ തങ്ങളുടെ കഴിവ് തെളിയിച്ചിട്ടുണ്ടെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ശാക്തീകരണത്തിലൂടെ 25 കോടി ജനങ്ങൾ ദാരിദ്ര്യത്തിൽ നിന്ന് വിജയകരമായി  കരകയറിയെന്നും, ഇത് സർക്കാരിന് അഭിമാനകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദാരിദ്ര്യത്തിൽ നിന്ന് കരകയറിയവർ കഠിനാധ്വാനത്തിലൂടെയും ഗവൺമെൻ്റിലുള്ള വിശ്വാസത്തിലൂടെയും പദ്ധതികൾ പ്രയോജനപ്പെടുത്തുന്നതിലൂടെയും ഇന്ന് രാജ്യത്ത് ഒരു നവ-മധ്യവർഗത്തിന് രൂപം നൽകിയിട്ടുണ്ടെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
നവ മധ്യവർഗത്തോടും മധ്യവർഗത്തോടും ഉള്ള ഗവൺമെന്റിന്റെ ശക്തമായ പ്രതിബദ്ധത ഊന്നിപ്പറഞ്ഞുകൊണ്ട്, അവരുടെ അഭിലാഷങ്ങൾ രാജ്യത്തിന്റെ പുരോഗതിക്ക് ഒരു പ്രേരകശക്തിയാണെന്നും, പുതിയ ഊർജ്ജവും ദേശീയ വികസനത്തിന് ശക്തമായ അടിത്തറയും അത് പ്രദാനം ചെയ്യുന്നുവെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. മധ്യവർഗത്തിന്റെയും നവ മധ്യവർഗത്തിന്റെയും കഴിവുകൾ വർദ്ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളെ അദ്ദേഹം എടുത്തുപറഞ്ഞു. നിലവിലെ ബജറ്റിൽ വലിയൊരു വിഭാഗം മധ്യവർഗത്തെ ആദായ നികുതിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 2013 ൽ, ആദായ നികുതി ഇളവ് പരിധി 2 ലക്ഷം രൂപ വരെയായിരുന്നെങ്കിൽ ഇപ്പോൾ അത് ₹12 ലക്ഷമായി ഉയർത്തി. എല്ലാ വിഭാഗത്തിലെയും 70 വയസ്സിനു മുകളിലുള്ള വ്യക്തികൾ ആയുഷ്മാൻ ഭാരത് പദ്ധതിയിൽ നിന്ന് പ്രയോജനം നേടുന്നുണ്ടെന്നും മധ്യവർഗത്തിലെ പ്രായം ചെന്നവർക്ക് ഗണ്യമായ നേട്ടങ്ങളുണ്ടെന്നും പ്രധാനമന്ത്രി പരാമർശിച്ചു.

“രാജ്യത്തെ ജനങ്ങൾക്കായി ഞങ്ങൾ നാല് കോടി വീടുകൾ നിർമ്മിച്ചു, നഗരങ്ങളിൽ ഒരു കോടിയിലധികം വീടുകൾ നിർമ്മിച്ചു”, ശ്രീ മോദി പറഞ്ഞു. വീട് വാങ്ങുന്നവരെ പ്രതികൂലമായി ബാധിക്കുന്ന തരത്തിൽ കാര്യമായ തട്ടിപ്പുകൾ മുമ്പ് നടന്നിരുന്നുവെന്നും അവർക്ക് സംരക്ഷണം നൽകേണ്ടത് അത്യാവശ്യമാക്കിത്തീർത്തതായും അദ്ദേഹം അഭിപ്രായപ്പെട്ടു. മധ്യവർഗത്തിന്റെ ഭവന ഉടമസ്ഥാവകാശം എന്ന സ്വപ്നത്തിലേക്കുള്ള തടസ്സങ്ങൾ മറികടക്കുന്നതിന് സഹായിക്കുന്ന റിയൽ എസ്റ്റേറ്റ് (നിയന്ത്രണവും വികസനവും- (RERA) നിയമം ഈ പാർലമെന്റിൽ പാസാക്കിയത് നിർണായകമായ ഒരു ഉപാധിയായി മാറിയിരിക്കുന്നുവെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. നിലവിലെ ബജറ്റിൽ SWAMIH ഉദ്യമം ഉൾപ്പെടുന്നുവെന്നും , മധ്യവർഗത്തിന്റെ പണവും സൗകര്യങ്ങളും നിശ്ചലമാക്കിക്കൊണ്ട് മുടങ്ങിക്കിടക്കുന്ന അവരുടെ ഭവന പദ്ധതികൾ പൂർത്തിയാക്കാൻ 15,000 കോടി രൂപ നീക്കിവെച്ചിട്ടുള്ളതായും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. മധ്യവർഗത്തിന്റെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുക എന്നതാണ് ഈ ഉദ്യമത്തിന്റെ  ലക്ഷ്യമെന്ന് അദ്ദേഹം എടുത്തുപറഞ്ഞു.

ആഗോളതലത്തിൽ അംഗീകാരം നേടിയ സ്റ്റാർട്ടപ്പ് വിപ്ലവത്തിലേക്ക് വിരൽ ചൂണ്ടിക്കൊണ്ട്, ഈ സ്റ്റാർട്ടപ്പുകളെ പ്രധാനമായും നയിക്കുന്നത് മധ്യവർഗത്തിലെ യുവാക്കളാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തുടനീളം 50-60 ഓളം സ്ഥലങ്ങളിൽ നടന്ന G20 മീറ്റിംഗുകളുടെ ഫലമായി  ലോകം ഇന്ത്യയിലേക്ക് കൂടുതൽ ആകർഷിക്കപ്പെടുന്നുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഡൽഹി, മുംബൈ, ബെംഗളൂരു എന്നിവയ്ക്ക് അപ്പുറമുള്ള ഇന്ത്യയുടെ വിശാലത ഇത് വെളിപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ഇന്ത്യൻ ടൂറിസത്തിൽ വർദ്ധിച്ചുവരുന്ന ആഗോള താൽപ്പര്യം നിരവധി ബിസിനസ്സ് അവസരങ്ങൾ കൊണ്ടുവരുന്നുണ്ടെന്നും, വിവിധ വരുമാന സ്രോതസ്സുകൾ ലഭ്യമാക്കുന്നതിലൂടെ മധ്യവർഗത്തിന് വളരെയധികം പ്രയോജനം ചെയ്യുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

“ഇന്നത്തെ മധ്യവർഗം ആത്മവിശ്വാസത്താൽ നിറഞ്ഞിരിക്കുന്നു, ഇത് അഭൂതപൂർവമാണ്, രാജ്യത്തെ വളരെയധികം ശക്തിപ്പെടുത്തുന്നു”, ശ്രീ മോദി പറഞ്ഞു. വികസിത ഇന്ത്യ എന്ന ദർശനം സാക്ഷാത്കരിക്കാൻ ഇന്ത്യൻ മധ്യവർഗം ദൃഢനിശ്ചയം ചെയ്തവരും പൂർണ്ണമായും തയ്യാറുള്ളവരുമാണെന്നും  അവർ ശക്തമായി നിലകൊള്ളുകയും ഒരുമിച്ച് മുന്നോട്ട് പോകുകയും ചെയ്യുന്നുവെന്ന് ഉറച്ച് വിശ്വസിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

വികസിത ഇന്ത്യ കെട്ടിപ്പടുക്കുന്നതിൽ യുവാക്കൾ നിർണായക പങ്ക് വഹിക്കുന്നുണ്ടെന്ന് എടുത്തുപറഞ്ഞ പ്രധാനമന്ത്രി, ജനസംഖ്യാപരമായ നേട്ടങ്ങൾ ഉയർത്തിക്കാട്ടുകയും നിലവിൽ സ്കൂളുകളിലും കോളേജുകളിലും പഠിക്കുന്ന വിദ്യാർത്ഥികളായിരിക്കും വികസിത ഭാരതത്തിന്റെ  പ്രാഥമിക ഗുണഭോക്താക്കൾ എന്ന് ചൂണ്ടിക്കാട്ടുകയും ചെയ്തു. യുവജന യുഗത്തിൽ, രാജ്യത്തിന്റെ വികസന യാത്ര പുരോഗമിക്കുമെന്നും, അത് അവരെ വികസിത ഇന്ത്യയുടെ ഒരു പ്രധാന അടിത്തറയാക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കഴിഞ്ഞ ദശകത്തിൽ, സ്കൂളുകളിലും കോളേജുകളിലും യുവജന അടിത്തറ ശക്തിപ്പെടുത്തുന്നതിന് തന്ത്രപരമായ ശ്രമങ്ങൾ നടത്തിയിട്ടുണ്ടെന്ന് അദ്ദേഹം അടിവരയിട്ടു. 21-ാം നൂറ്റാണ്ടിലെ വിദ്യാഭ്യാസത്തെക്കുറിച്ച് കഴിഞ്ഞ 30 വർഷമായി, കാര്യമായി ചിന്തിച്ചിരുന്നില്ലെന്നും, കാര്യങ്ങൾ അതേപടി തുടരാൻ അനുവദിക്കുക എന്നതായിരുന്നു മുൻകാല മനോഭാവമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ പ്രശ്നങ്ങൾക്ക് പരിഹാരമായി ഏകദേശം മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം പുതിയ ദേശീയ വിദ്യാഭ്യാസ നയം (NEP) ആവിഷ്‌ക്കരിച്ചതായി ശ്രീ മോദി എടുത്തുപറഞ്ഞു. ഈ നയത്തിന് കീഴിൽ, പി എം  ശ്രീ സ്കൂളുകൾ സ്ഥാപിക്കുന്നത് ഉൾപ്പെടെയുള്ള വിവിധ ഉദ്യമങ്ങൾ വിദ്യാഭ്യാസമേഖലയിൽ വിപ്ലവം സൃഷ്ടിക്കാൻ ലക്ഷ്യമിടുന്നവയാണെന്നും  അദ്ദേഹം പരാമർശിച്ചു. ഏകദേശം 10,000 മുതൽ 12,000 വരെ പി എം ശ്രീ സ്കൂളുകൾ ഇതിനകം സ്ഥാപിച്ചിട്ടുണ്ടെന്നും ഭാവിയിൽ കൂടുതൽ സ്കൂളുകൾ സ്ഥാപിക്കാനുള്ള പദ്ധതികളുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പുതിയ വിദ്യാഭ്യാസ നയത്തിൽ മാതൃഭാഷയിൽ പഠനവും പരീക്ഷകളും നടത്തുന്നതിനുള്ള വ്യവസ്ഥകൾ ഉൾപ്പെടുന്ന സുപ്രധാന മാറ്റങ്ങളെക്കുറിച്ചും അദ്ദേഹം എടുത്തുപറഞ്ഞു.  ഇന്ത്യയിലെ ഭാഷയെക്കുറിച്ചുള്ള കൊളോണിയൽ മനോഭാവത്തെ അടിവരയിട്ടുകൊണ്ട്, ദരിദ്രർ, ദളിത്, ഗോത്ര, വിഭാഗങ്ങളിലേതുപോലെ പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങളിൽ നിന്നുള്ള കുട്ടികൾ ഭാഷാ പ്രശ്നങ്ങൾ കാരണം നേരിടുന്ന അനീതി അദ്ദേഹം ഉയർത്തിക്കാട്ടി. മാതൃഭാഷയിൽ വിദ്യാഭ്യാസം നേടേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പരാമർശിച്ച പ്രധാനമന്ത്രി, ഇത് ഇംഗ്ലീഷിലെ പ്രാവീണ്യം പരിഗണിക്കാതെ തന്നെ വിദ്യാർത്ഥികളെ ഡോക്ടർമാരായും എഞ്ചിനീയർമാരായും ഉള്ള കരിയർ പിന്തുടരാൻ പ്രാപ്തരാക്കുന്നുവെന്ന് അഭിപ്രായപ്പെട്ടു. എല്ലാ പശ്ചാത്തലങ്ങളിൽ നിന്നുമുള്ള കുട്ടികൾക്ക് ഡോക്ടർമാരും എഞ്ചിനീയർമാരുമാകാനുള്ള സ്വപ്നം സാക്ഷാത്കരിക്കുന്നത് ഉറപ്പാക്കാൻ സ്വീകരിച്ച സുപ്രധാന പരിഷ്കാരങ്ങൾ അദ്ദേഹം ഊന്നിപ്പറഞ്ഞു. കൂടാതെ, ആദിവാസി യുവാക്കൾക്കായുള്ള ഏകലവ്യ മോഡൽ റെസിഡൻഷ്യൽ സ്കൂളുകളുടെ വികസനം എടുത്തുപറഞ്ഞ പ്രധാനമന്ത്രി ഒരു ദശാബ്ദം മുമ്പ് ഏകദേശം 150 ഏകലവ്യ സ്കൂളികൾ മാത്രമുണ്ടായിരുന്ന സ്ഥാനത്ത് നിന്ന് ഇപ്പോൾ അത്  470 സ്കൂളുകളായി വർധിച്ചതായും 200-ലധികം സ്കൂളുകൾ കൂടി സ്ഥാപിക്കാൻ പദ്ധതിയുള്ളതായും വ്യക്തമാക്കി. 

വിദ്യാഭ്യാസ പരിഷ്കാരങ്ങളെക്കുറിച്ച് കൂടുതൽ വിശദീകരിച്ചുകൊണ്ട്, സൈനിക് സ്കൂളുകളിൽ പെൺകുട്ടികളുടെ പ്രവേശനത്തിനുള്ള വ്യവസ്ഥകൾ നടപ്പിലാക്കിയിട്ടുള്ളതായി ശ്രീ മോദി പറഞ്ഞു. ഈ സ്കൂളുകളുടെ പ്രാധാന്യവും ശേഷിയും ഊന്നിപ്പറഞ്ഞുകൊണ്ട്, നൂറുകണക്കിന് പെൺകുട്ടികൾ നിലവിൽ ഈ ദേശസ്നേഹ അന്തരീക്ഷത്തിൽ പഠിക്കുന്നുണ്ടെന്നും, ഇത് സ്വാഭാവികമായും അവരിൽ  രാജ്യത്തോടുള്ള ഭക്തി വളർത്തിയെടുക്കുന്നുണ്ടെന്നും അദ്ദേഹം എടുത്തുപറഞ്ഞു.

യുവാക്കളെ പരിശീലിപ്പിക്കുന്നതിൽ നാഷണൽ കേഡറ്റ് കോർപ്‌സിന്റെ (എൻസിസി) പ്രധാന പങ്ക് എടുത്തുകാണിച്ചുകൊണ്ട്, അത് അവരുടെ നിർണായക പ്രായത്തിൽ സമഗ്രമായ വികസനത്തിനും ഉയർച്ചയ്ക്കും ഒരു സുവർണ്ണാവസരം നൽകുന്നുവെന്നത് എൻസിസിയുമായി ബന്ധപ്പെട്ടവർക്ക് അറിയാമെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. സമീപ വർഷങ്ങളിൽ എൻസിസിയുടെ അഭൂതപൂർവമായ വികസനം അദ്ദേഹം എടുത്തുപറഞ്ഞു. 2014-ൽ ഏകദേശം 14 ലക്ഷമായിരുന്ന കേഡറ്റുകളുടെ എണ്ണം ഇന്ന് 20 ലക്ഷത്തിലധികമായി വർധിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

പതിവ് പ്രവൃത്തികൾക്കപ്പുറം പുതുതായി എന്തെങ്കിലും നേടാനുള്ള രാജ്യത്തെ യുവാക്കളുടെ ആവേശവും ഉത്സാഹവും ഊന്നിപ്പറഞ്ഞ ശ്രീ മോദി, പല നഗരങ്ങളിലെയും യുവജന സംഘങ്ങൾ അവരുടെ സ്വ പ്രേരണയാലെ ശുചിത്വ കാമ്പെയ്‌ൻ മുന്നോട്ട് കൊണ്ടുപോകുന്നത് തുടരുന്നുവെന്ന് നിരീക്ഷിച്ചു. ചേരികളിൽ വിദ്യാഭ്യാസത്തിനും മറ്റ് വിവിധ സംരംഭങ്ങൾക്കും വേണ്ടി യുവാക്കൾ പ്രവർത്തിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് മനസിലാക്കി, യുവാക്കൾക്ക് സംഘടിത അവസരങ്ങൾ നൽകേണ്ടതിന്റെ ആവശ്യകത പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ഇത് “MY ഭാരത്” അഥവാ മേര യുവ ഭാരത് പ്രസ്ഥാനത്തിന് തുടക്കം കുറിക്കുന്നതിലേക്ക് നയിച്ചു. ഇന്ന്,  രജിസ്റ്റർ ചെയ്ത 1.5 കോടിയിലധികം യുവാക്കൾ സമകാലിക വിഷയങ്ങളെക്കുറിച്ചുള്ള ചർച്ചകളിൽ സജീവമായി പങ്കെടുക്കുകയും, സമൂഹത്തിൽ അവബോധം വളർത്തുകയും, സ്പൂൺ ഫീഡിംഗിനപ്പുറം സ്വന്തം കഴിവുകൾ ഉപയോഗിച്ച് അനുകൂല പ്രവർത്തനങ്ങൾ പിന്തുടരുകയും ചെയ്യുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

കായികക്ഷമത വളര്‍ത്തുന്നതില്‍ സ്പോര്‍ട്സിന്റെ പ്രാധാന്യത്തെക്കുറിച്ചും സ്പോര്‍ട്സ് വ്യാപകമാകുന്നിടത്ത് ഒരു രാജ്യത്തിന്റെ ചൈതന്യം എങ്ങനെ തഴച്ചുവളരുന്നു എന്നതിനെക്കുറിച്ചും പരാമര്‍ശിച്ച പ്രധാനമന്ത്രി, കായിക പ്രതിഭകളെ പിന്തുണയ്ക്കുന്നതിനായി മുന്‍പില്ലാത്ത വിധമുള്ള സാമ്പത്തിക പിന്തുണയും അടിസ്ഥാന സൗകര്യ വികസനവും ഉറപ്പാക്കുന്നതിന് ഉള്‍പ്പെടെ നിരവധി പദ്ധതികള്‍ ആരംഭിച്ചതായി വ്യക്തമാക്കി. ടാര്‍ഗെറ്റ് ഒളിമ്പിക് പോഡിയം സ്‌കീമിന്റെയും (ടോപ്സ്) സ്പോര്‍ട്സ് ആവാസവ്യവസ്ഥയിലെ ഖേലോ ഇന്ത്യ മുന്നേറ്റത്തിന്റെയും പരിവര്‍ത്തന ശക്തി അദ്ദേഹം എടുത്തുകാട്ടി. കഴിഞ്ഞ ദശകത്തില്‍, ഇന്ത്യന്‍ അത്ലറ്റുകള്‍ വിവിധ കായിക ഇനങ്ങളില്‍ തങ്ങളുടെ കഴിവ് പ്രകടിപ്പിച്ചിട്ടുണ്ടെന്നും യുവതികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യയിലെ യുവത്വം ആഗോള വേദിയില്‍ രാജ്യത്തിന്റെ ശക്തി പ്രകടമാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വികസ്വര രാഷ്ട്രത്തെ വികസിത രാജ്യമാക്കി മാറ്റുന്നതില്‍ അടിസ്ഥാന സൗകര്യങ്ങളുടെ പ്രാധാന്യം പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ക്ഷേമ പദ്ധതികളും അടിസ്ഥാന സൗകര്യങ്ങളും ഒരു രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് നിര്‍ണായകമാണെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കേണ്ടതിന്റെ ആവശ്യകത അടിവരയിടുകയും ചെയ്തു. കാലതാമസം നികുതിദായകരുടെ പണം പാഴായിപ്പോകുന്നതിനും രാജ്യത്തിന്റെ ആനുകൂല്യങ്ങള്‍ നഷ്ടപ്പെടുന്നതിനും കാരണമാകുമെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. പദ്ധതി നടത്തിപ്പില്‍ കാലതാമസവും രാഷ്ട്രീയ ഇടപെടലുകളും ഉണ്ടാകുന്ന സംസ്‌കാരത്തെ വിമര്‍ശിച്ച ശ്രീ മോദി, ഡ്രോണുകള്‍ ഉപയോഗിച്ചുള്ള തത്സമയ വീഡിയോഗ്രാഫി ഉള്‍പ്പെടെ ഉപയോഗപ്പെടുത്തി അടിസ്ഥാന സൗകര്യ പദ്ധതികളുടെ വിശദമായ നിരീക്ഷണത്തിനും പങ്കാളികളുമായുള്ള തത്സമയ ആശയവിനിമയത്തിനുമായി താന്‍ വ്യക്തിപരമായി ഉപയോഗിക്കുന്ന പ്രഗതി പ്ലാറ്റ്ഫോം സ്ഥാപിക്കുന്നതിനെ കുറിച്ച് പരാമര്‍ശിച്ചു.
കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകളുടെയോ വിവിധ വകുപ്പുകളുടെയോ ഏകോപന പ്രശ്നങ്ങള്‍ കാരണം ഏകദേശം 19 ലക്ഷം കോടി രൂപയുടെ പദ്ധതികള്‍ സ്തംഭിച്ചതായി അദ്ദേഹം പറഞ്ഞു. ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റി നടത്തിയ പഠനത്തില്‍ പ്രഗതിയെ പ്രശംസിക്കുകയും മറ്റ് വികസ്വര രാജ്യങ്ങള്‍ക്ക് അതു പ്രയോജനപ്പെടുത്താമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തു. ഉത്തര്‍പ്രദേശില്‍ നിന്നുള്ള ഒരു ഉദാഹരണം പ്രധാനമന്ത്രി ഉദ്ധരിച്ചു. 1972-ല്‍ അംഗീകരിച്ച് 2021-ല്‍ പൂര്‍ത്തിയാകുന്നതുവരെ അഞ്ച് പതിറ്റാണ്ടോളം മുടങ്ങിക്കിടന്ന സരയൂ കനാല്‍ പദ്ധതിയാണു ചൂണ്ടിക്കാട്ടിയത്. ഉധംപൂര്‍-ശ്രീനഗര്‍-ബാരാമുള്ള റെയില്‍വേ പാതയുടെ പൂര്‍ത്തീകരണവും വിശദീകരിച്ചു. 1994ല്‍ അംഗീകാരം ലഭിച്ച പദ്ധതി മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം, 2025ലാണ് പൂര്‍ത്തിയായതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒഡീഷയിലെ ഹരിദാസ്പൂര്‍-പാരദീപ് റെയില്‍വേ പാതയുടെ പൂര്‍ത്തീകരണവും ശ്രീ നരേന്ദ്ര മോദി എടുത്തുപറഞ്ഞു. 1996ല്‍ പദ്ധതിക്ക് അംഗീകാരം ലഭിച്ചെങ്കിലും വര്‍ഷങ്ങളോളം മുടങ്ങിക്കിടക്കുകയായിരുന്നെന്നും അത് 2019ല്‍ തന്റെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റിന്റെ ഭരണകാലത്ത് പൂര്‍ത്തിയാക്കിയെന്നും അദ്ദേഹം പറഞ്ഞു.

കൂടുതല്‍ വിശദീകരിക്കവെ, അസമിലെ ബോഗിബീല്‍ 998-ല്‍ അംഗീകരിച്ച പാലം 12018-ല്‍ തന്റെ ഗവണ്‍മെന്റ് പൂര്‍ത്തിയാക്കിയ കാര്യം പ്രധാനമന്ത്രി എടുത്തുപറഞ്ഞു. മുന്‍കാലങ്ങളില്‍ നിലനിന്നിരുന്ന കാലതാമസത്തിന്റെ വിനാശകരമായ സംസ്‌ക്കാരം വ്യക്തമാക്കുന്ന നൂറുകണക്കിന് ഉദാഹരണങ്ങള്‍ നല്‍കാന്‍ തനിക്ക് കഴിയുമെന്ന് ശ്രീ. മോദി പറഞ്ഞു. അത്തരം സുപ്രധാന പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് സംസ്‌കാരത്തില്‍ മാറ്റം വരുത്തേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ഊന്നിപ്പറഞ്ഞു. മുന്‍ കാലഘട്ടത്തില്‍ ഈ സംസ്‌കാരം ഉണ്ടാക്കിയ കാര്യമായ തിരിച്ചടികള്‍ രാജ്യത്തിന്റെ ശരിയായ പുരോഗതി നഷ്ടപ്പെടുത്തി. അടിസ്ഥാന സൗകര്യ പദ്ധതികളുടെ ശരിയായ ആസൂത്രണത്തിന്റെയും സമയബന്ധിതമായ നിര്‍വ്വഹണത്തിന്റെയും പ്രാധാന്യം അടിവരയിട്ടുകൊണ്ട്, ഇത് പരിഹരിക്കാനാണ് പ്രധാനമന്ത്രി ഗതി ശക്തി ദേശീയ മാസ്റ്റര്‍ പ്ലാന്‍ അവതരിപ്പിച്ചതെന്ന് പ്രധാനമന്ത്രി പറഞ്ഞു. 1,600 ഡാറ്റാ ലെയറുകള്‍ ഉള്‍പ്പെടുന്ന പിഎം ഗതി ശക്തി പ്ലാറ്റ്ഫോം, തീരുമാനമെടുക്കല്‍ കാര്യക്ഷമമാക്കുന്നതിനും പദ്ധതി നിര്‍വഹണം ത്വരിതപ്പെടുത്തുന്നതിനും ഉപയോഗപ്പെടുത്താന്‍ അദ്ദേഹം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. രാജ്യത്തെ അടിസ്ഥാന സൗകര്യ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുന്നതിനുള്ള സുപ്രധാന അടിത്തറയായി ഈ പ്ലാറ്റ്‌ഫോം മാറിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്നത്തെ യുവാക്കള്‍ അവരുടെ മാതാപിതാക്കള്‍ അനുഭവിച്ച ബുദ്ധിമുട്ടുകളും രാജ്യത്തിന്റെ മുന്‍കാല അവസ്ഥയ്ക്കുള്ള കാരണങ്ങളും മനസ്സിലാക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി, കഴിഞ്ഞ ദശകത്തില്‍ സജീവമായ തീരുമാനങ്ങളെടുക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തില്ലായിരുന്നു എങ്കില്‍ ഡിജിറ്റല്‍ ഇന്ത്യയുടെ നേട്ടങ്ങള്‍ യാഥാര്‍ത്ഥ്യമാകാന്‍ വര്‍ഷങ്ങളെടുക്കുമായിരുന്നുവെന്ന് അഭിപ്രായപ്പെട്ടു. ക്രിയാത്മകമായ തീരുമാനങ്ങളെടുക്കലും പ്രവര്‍ത്തനങ്ങളും ഇന്ത്യയെ കാലത്തിനൊപ്പവും ചിലപ്പോള്‍ കാലത്തിനു മുന്‍പെയും എത്താന്‍ പ്രാപ്തമാക്കിയിട്ടുണ്ടെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ആഗോളതലത്തില്‍ ഏറ്റവും വേഗതയേറിയ ഡാറ്റാ സംവിധാനമായ 5ജി സാങ്കേതികവിദ്യ ഇപ്പോള്‍ ഇന്ത്യയില്‍ വ്യാപകമായി ലഭ്യമാണെന്നു പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. എന്നാല്‍ മുന്‍കാലങ്ങളില്‍ ഇങ്ങനെയല്ലായിരുന്നു എന്നും
കമ്പ്യൂട്ടറുകള്‍, മൊബൈല്‍ ഫോണുകള്‍, എടിഎമ്മുകള്‍ തുടങ്ങിയ സാങ്കേതികവിദ്യകള്‍ ഇന്ത്യയ്ക്ക് വളരെ മുമ്പേ തന്നെ പല രാജ്യങ്ങളിലും എത്തിയിരുന്നുവെന്നും പലപ്പോഴും ഇന്ത്യയില്‍ അവയെത്താന്‍ പതിറ്റാണ്ടുകള്‍ എടുക്കുമായിരുന്നു എന്നും ചൂണ്ടിക്കാട്ടി. ആരോഗ്യ മേഖലയില്‍ പോലും, വസൂരി, ബിസിജി തുടങ്ങിയ രോഗങ്ങള്‍ക്കുള്ള വാക്‌സിനുകള്‍ ആഗോളതലത്തില്‍ ലഭ്യമാണെന്നും വ്യവസ്ഥാപരമായ കാര്യക്ഷമതയില്ലായ്മ കാരണം ഇന്ത്യ പിന്നോക്കമായിരുന്നു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മുന്‍കാലങ്ങളിലെ മോശം ഭരണമാണ് ഈ കാലതാമസങ്ങള്‍ക്ക് ഇടയാക്കിയതെന്ന് പ്രധാനമന്ത്രി പറഞ്ഞു. അക്കാലത്ത് നിര്‍ണായകമായ അറിവും പദ്ധതികള്‍ നടപ്പാക്കലും കര്‍ശനമായി നിയന്ത്രിക്കപ്പെട്ടു, അതിന്റെ ഫലമായി പുരോഗതിയെ തടസ്സപ്പെടുത്തുന്ന ‘ലൈസന്‍സ് പെര്‍മിറ്റ് രാജ്’ഉണ്ടായി. രാജ്യത്തിന്റെ വികസനത്തെ തടസ്സപ്പെടുത്തുന്ന ഈ വ്യവസ്ഥിതിയുടെ അടിച്ചമര്‍ത്തല്‍ സ്വഭാവത്തെക്കുറിച്ച് അദ്ദേഹം യുവാക്കളോടു വിശദീകരിച്ചു.

 

കമ്പ്യൂട്ടര്‍ ഇറക്കുമതിയുടെ ആദ്യ നാളുകളെക്കുറിച്ച് പരാമര്‍ശിച്ച പ്രധാനമന്ത്രി, കംപ്യൂട്ടറുകള്‍ ഇറക്കുമതി ചെയ്യുന്നതിനുള്ള ലൈസന്‍സ് നേടുന്നത് വര്‍ഷങ്ങളോളം നീണ്ട ഒരു പ്രക്രിയ ആയിരുന്നുവെന്ന് ഓര്‍മിപ്പിച്ചു. ഈ നിയന്ത്രണം ഇന്ത്യയില്‍ പുതിയ സാങ്കേതികവിദ്യ സ്വീകരിക്കുന്നതു ഗണ്യമായി വൈകാനിടയാക്കി.

മുന്‍കാലങ്ങളില്‍ ഉദ്യോഗസ്ഥര്‍ ഉയര്‍ത്തിയിരുന്ന വെല്ലുവിളികള്‍ ചൂണ്ടിക്കാട്ടവേ, വീട് നിര്‍മാണത്തിന് സിമന്റ് വാങ്ങാന്‍ പോലും അനുമതി വേണമായിരുന്നു എന്നും വിവാഹസമയത്ത് ചായയ്ക്ക് പഞ്ചസാര ലഭിക്കാന്‍ പോലും ലൈസന്‍സ് വേണമായിരുന്നു എന്നും പ്രധാനമന്ത്രി പറഞ്ഞു. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലാണ് ഈ വെല്ലുവിളികള്‍ ഉണ്ടായതെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു, കൈക്കൂലിക്ക് ആരാണ് ഉത്തരവാദികളെന്നും പണം എവിടേക്കാണ് പോയതെന്നും ചോദ്യം ചെയ്യുന്ന ഇന്നത്തെ യുവാക്കള്‍ക്ക് ഇതിന്റെയൊക്കെ പ്രത്യാഘാതങ്ങള്‍ മനസ്സിലാക്കാന്‍ കഴിയുമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

ഒരു സ്‌കൂട്ടര്‍ വാങ്ങുന്നതിന് ബുക്കിംഗും പണമടയ്ക്കലും പൂര്‍ത്തിയാക്കിയശേഷം 8-10 വര്‍ഷത്തെ കാത്തിരിപ്പും അതുകഴിഞ്ഞ് സ്‌കൂട്ടര്‍ വില്‍ക്കുന്നതിനു സര്‍ക്കാര്‍ അനുമതിയും ഒക്കെ ആവശ്യമായിരുന്നു എന്ന് പ്രധാനമന്ത്രി പറഞ്ഞു. എംപിമാര്‍ക്കുള്ള കൂപ്പണുകള്‍ വഴി വിതരണം ചെയ്യുന്ന ഗ്യാസ് സിലിണ്ടറുകള്‍, ഗ്യാസ് കണക്ഷനുകള്‍ക്കുള്ള നീണ്ട ക്യൂ തുടങ്ങി അവശ്യ സാധനങ്ങള്‍ ലഭ്യമാക്കുന്നതിലെ കാര്യക്ഷമതയില്ലായ്മ അദ്ദേഹം ഉയര്‍ത്തിക്കാട്ടി. ടെലിഫോണ്‍ കണക്ഷന്‍ നേടുന്നതിനുണ്ടായിരുന്ന നീണ്ട പ്രക്രിയയും ചൂണ്ടിക്കാട്ടി. ഇന്നത്തെ യുവാക്കള്‍ ഈ വെല്ലുവിളികളെക്കുറിച്ച് ബോധവാന്മാരായിരിക്കണമെന്ന് ഓര്‍മിപ്പിക്കുകയും ചെയ്തു.

ഇന്ന് മഹത്തായ പ്രസംഗങ്ങള്‍ നടത്തുന്നവര്‍ തങ്ങളുടെ മുന്‍കാല ഭരണത്തെക്കുറിച്ചും അത് രാഷ്ട്രത്തില്‍ ചെലുത്തിയ സ്വാധീനത്തെക്കുറിച്ചും ചിന്തിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

”നിയന്ത്രണ നയങ്ങളും ലൈസന്‍സ് രാജും ഇന്ത്യയെ ആഗോളതലത്തില്‍ ഏറ്റവും മന്ദഗതിയിലുള്ള സാമ്പത്തിക വളര്‍ച്ചാ നിരക്കിലേക്ക് തള്ളിവിട്ടു”, ശ്രീ മോദി പറഞ്ഞു. ഈ ദുര്‍ബലമായ വളര്‍ച്ചാ നിരക്ക് ‘ഹിന്ദു വളര്‍ച്ചാ നിരക്ക്’ എന്നറിയപ്പെടുന്നു, ഇത് ഒരു വലിയ സമൂഹത്തിന് അപമാനമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അധികാരത്തിലിരിക്കുന്നവരുടെ കഴിവുകേടും ധാരണയില്ലായ്മയും അഴിമതിയുമായിരുന്നു പരാജയത്തിനു കാരണമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.

മുന്‍കാലങ്ങളിലെ സാമ്പത്തിക കെടുകാര്യസ്ഥതയെയും വികലമായ നയങ്ങളെയും വിമര്‍ശിക്കവെ, ഇത് ഒരു സമൂഹത്തെയാകെ കുറ്റപ്പെടുത്തുന്നതിനും കളങ്കപ്പെടുത്തുന്നതിനും ഇടയാക്കിയെന്നു വ്യക്തമാക്കി. ചരിത്രപരമായി, ഇന്ത്യയുടെ സംസ്‌കാരത്തിലും നയങ്ങളിലും നിയന്ത്രണപരമായ ലൈസന്‍സ് രാജ് ഉള്‍പ്പെടുന്നില്ലെന്നും ഇന്ത്യക്കാര്‍ തുറന്ന മനസ്സില്‍ വിശ്വസിക്കുന്നവരാണെന്നും ആഗോളതലത്തില്‍ സ്വതന്ത്ര വ്യാപാരത്തില്‍ ഏര്‍പ്പെട്ടവരില്‍ ആദ്യ വിഭാഗമാണെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ വ്യാപാരികള്‍ ഒരു നിയന്ത്രണവുമില്ലാതെ വ്യാപാരത്തിനായി ദൂരദേശങ്ങളിലേക്ക് യാത്ര ചെയ്യുന്നത് ഇന്ത്യയുടെ സ്വാഭാവിക സംസ്‌കാരത്തിന്റെ ഭാഗമാണെന്ന് ശ്രീ മോദി എടുത്തുപറഞ്ഞു. ഇന്ത്യയുടെ സാമ്പത്തിക ശേഷിക്കും ദ്രുതഗതിയിലുള്ള വളര്‍ച്ചയ്ക്കും നിലവിലുള്ള ആഗോള അംഗീകാരം ഓരോ ഇന്ത്യക്കാരനും അഭിമാനം നല്‍കുന്നതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

‘ഇന്ത്യ ഇപ്പോള്‍ അതിവേഗം വളരുന്ന രാജ്യങ്ങളിലൊന്നായി കാണപ്പെടുന്നു, രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ ഗണ്യമായി വികസിക്കുകയാണ്,” അദ്ദേഹം ഊന്നിപ്പറഞ്ഞു.

നിയന്ത്രണം നടപ്പാക്കുന്ന ലൈസന്‍സ് രാജ്, വികലമായ നയങ്ങള്‍ എന്നിവയുടെ പിടിയില്‍ നിന്ന് മോചനം നേടിയതിനുശേഷം രാജ്യം ഇപ്പോള്‍ സുഖമായി ശ്വസിക്കുകയും ഉയരത്തില്‍ കുതിക്കുകയും ചെയ്യുന്നുവെന്നു പറഞ്ഞുകൊണ്ട്, രാജ്യത്തെ ഉല്‍പ്പാദനം ഉത്തേജിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള ‘മേക്ക് ഇന്‍ ഇന്ത്യ’ പദ്ധതിയുടെ പ്രചാരണത്തെക്കുറിച്ച് പ്രധാനമന്ത്രി പരാമര്‍ശിച്ചു. ഉല്‍പാദന ബന്ധിത പ്രോല്‍സാഹനവും (പിഎല്‍ഐ) പദ്ധതിയും വിദേശ നേരിട്ടുള്ള നിക്ഷേപവുമായി (എഫ്ഡിഐ) ബന്ധപ്പെട്ട പരിഷ്‌കാരങ്ങള്‍ അദ്ദേഹം പരാമര്‍ശിച്ചു. പ്രധാനമായും ഇറക്കുമതി ചെയ്യുന്ന രാജ്യത്തില്‍ നിന്ന,് മൊബൈല്‍ ഫോണുകള്‍ കയറ്റുമതി ചെയ്യുന്ന രാജ്യമായി മാറിയ ഇന്ത്യ ലോകത്തിലെ രണ്ടാമത്തെ വലിയ മൊബൈല്‍ ഫോണ്‍ നിര്‍മ്മാതാവായി മാറിയെന്ന് അദ്ദേഹം വ്യക്തമാക്കി.

പ്രതിരോധ ഉല്‍പ്പാദനത്തില്‍ ഇന്ത്യയുടെ നേട്ടങ്ങള്‍ ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി, കഴിഞ്ഞ ദശകത്തില്‍ പ്രതിരോധ ഉല്‍പന്ന കയറ്റുമതി പതിന്മടങ്ങ് വര്‍ധിച്ചതായി ചൂണ്ടിക്കാട്ടി. സോളാര്‍ മോഡ്യൂള്‍ നിര്‍മാണത്തില്‍ പത്തിരട്ടി വര്‍ധന ഉണ്ടായതായും പ്രധാനമന്ത്രി എടുത്തുപറഞ്ഞു. കഴിഞ്ഞ ദശകത്തില്‍ മെഷിനറികളുടെയും ഇലക്ട്രോണിക് ഉല്‍പന്നങ്ങളുടെയും കയറ്റുമതിയില്‍ ദ്രുതഗതിയിലുള്ള വളര്‍ച്ച കൈവരിച്ച ഇന്ത്യ ഇപ്പോള്‍ ലോകത്തിലെ രണ്ടാമത്തെ വലിയ ഉരുക്ക് ഉല്‍പ്പാദക രാജ്യമാണെന്ന് അദ്ദേഹം പറഞ്ഞു. കളിപ്പാട്ട കയറ്റുമതി മൂന്നിരട്ടിയിലേറെയായെന്നും കാര്‍ഷിക രാസവസ്തുക്കളുടെ കയറ്റുമതി ഗണ്യമായി വര്‍ധിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ‘കോവിഡ്-19 മഹാവ്യാധി സമയത്ത്, ‘മെയ്ഡ് ഇന്‍ ഇന്ത്യ’ മുന്നേറ്റത്തിനു കീഴില്‍ ഇന്ത്യ 150-ലധികം രാജ്യങ്ങളില്‍ വാക്സിനുകളും മരുന്നുകളും വിതരണം ചെയ്തുവെന്നു ശ്രീ മോദി പറഞ്ഞു. ആയുഷ്, ഔഷധ ഉല്‍പ്പന്നങ്ങളുടെ കയറ്റുമതിയിലെ ദ്രുതഗതിയിലുള്ള വളര്‍ച്ചയും അദ്ദേഹം എടുത്തുപറഞ്ഞു.

ഖാദിയെ പ്രോത്സാഹിപ്പിക്കുന്നതിന് മുന്‍ ഗവണ്‍മെന്റ് ശ്രമിച്ചിട്ടില്ലെന്നു ചൂണ്ടിക്കാട്ടി. സ്വാതന്ത്ര്യ സമര കാലത്ത് ആരംഭിച്ച പ്രസ്ഥാനം പോലും പുരോഗതി പ്രാപിച്ചിട്ടില്ലെന്ന് പ്രസ്താവിച്ചു. ഇപ്പോള്‍ ഖാദി, ഗ്രാമവ്യവസായങ്ങളുടെ വിറ്റുവരവ് ആദ്യമായി 1.5 ലക്ഷം കോടി രൂപ കവിഞ്ഞതായി പ്രധാനമന്ത്രി എടുത്തുപറഞ്ഞു. കഴിഞ്ഞ ദശകത്തില്‍ ഉല്‍പ്പാദനം നാലിരട്ടിയായി വര്‍ധിച്ചു, ഇത് എംഎസ്എംഇ മേഖലയ്ക്ക് ഗണ്യമായ നേട്ടമുണ്ടാക്കുകയും രാജ്യത്തുടനീളം നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു.

തിരഞ്ഞെടുക്കപ്പെട്ട എല്ലാ ജനപ്രതിനിധികളും ജനങ്ങളുടെ സേവകരാണെന്ന് അടിവരയിട്ടുകൊണ്ട്, രാജ്യത്തെയും സമൂഹത്തെയും സേവിക്കുക എന്ന ദൗത്യം ജനപ്രതിനിധികള്‍ക്ക് പരമപ്രധാനമാണെന്നും സേവന മനോഭാവത്തോടെ പ്രവര്‍ത്തിക്കേണ്ടത് അവരുടെ കടമയാണെന്നും ശ്രീ മോദി അഭിപ്രായപ്പെട്ടു.

വികസിത ഇന്ത്യ എന്ന കാഴ്ചപ്പാട് ഉള്‍ക്കൊള്ളാനുള്ള എല്ലാ ഇന്ത്യക്കാരുടെയും കൂട്ടുത്തരവാദിത്തം ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി, ഇത് ഒരു ഗവണ്‍മെന്റിന്റെയോ വ്യക്തിയുടെയോ മാത്രം ദൃഢനിശ്ചയമല്ലെന്നും 140 കോടി പൗരന്മാരുടെ പ്രതിബദ്ധതയാണെന്നും അഭിപ്രായപ്പെട്ടു. ഈ ദൗത്യത്തോട് ഉദാസീനത പുലര്‍ത്തുന്നവരെ രാഷ്ട്രം ഉപേക്ഷിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. രാജ്യത്തെ മുന്നോട്ട് നയിക്കാനുള്ള ഇന്ത്യയിലെ മധ്യവര്‍ഗത്തിന്റെയും യുവാക്കളുടെയും അചഞ്ചലമായ ദൃഢനിശ്ചയത്തെ അദ്ദേഹം എടുത്തുകാട്ടി.

വികസനത്തിന്റെ പുതിയ ഉയരങ്ങളിലെത്തുമ്പോള്‍ രാഷ്ട്രത്തിന്റെ പുരോഗതിയില്‍ എല്ലാവരും വഹിച്ച പങ്കിന്റെ പ്രാധാന്യം അടിവരയിട്ടുകൊണ്ട്, നയങ്ങളോടുള്ള എതിര്‍പ്പ് എന്നതുപോലെ ഗവണ്‍മെന്റിനോടുള്ള എതിര്‍പ്പ് ജനാധിപത്യത്തില്‍ സ്വാഭാവികവും അനിവാര്യവുമാണെന്ന് ശ്രീ മോദി അഭിപ്രായപ്പെട്ടു. എന്നിരുന്നാലും, സ്വന്തം സംഭാവനകള്‍ വര്‍ദ്ധിപ്പിക്കുന്നതിനുപകരം കടുത്ത നിഷേധാത്മകതയും മറ്റുള്ളവരെ താഴ്ത്തിക്കെട്ടാന്‍ ശ്രമിക്കുകയും ചെയ്യുന്നത് ഇന്ത്യയുടെ വികസനത്തിന് തടസ്സമാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. അത്തരം നിഷേധാത്മകതയില്‍ നിന്ന് സ്വയം മോചിതരാകേണ്ടതിന്റെ ആവശ്യകത ശ്രീ. മോദി ഊന്നിപ്പറഞ്ഞു. സഭയിലെ ചര്‍ച്ചകള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കുന്ന വിലപ്പെട്ട ഉള്‍ക്കാഴ്ചകള്‍ നല്‍കുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. രാഷ്ട്രപതിയുടെ പ്രസംഗത്തില്‍ നിന്നു തുടര്‍ച്ചയായ പ്രചോദനം ലഭിക്കുന്നു എന്നു വ്യക്തമാക്കിക്കൊണ്ടാണ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്. രാഷ്ട്രപതിക്കും ബഹുമാന്യരായ പാര്‍ലമെന്റ് അംഗങ്ങള്‍ക്കും ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

-SK-