Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പരാക്രം ദിവസിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അഭിസംബോധന

പരാക്രം ദിവസിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അഭിസംബോധന


പരാക്രം ദിവസ് ആയി ആചരിക്കുന്ന നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജയന്തി ദിനത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീഡിയോ സന്ദേശത്തിലൂടെ അഭിസംബോധന ചെയ്തു. ഈ അവസരത്തിൽ ജനങ്ങൾക്ക് ആശംസകൾ അറിയിച്ച പ്രധാനമന്ത്രി നേതാജിയുടെ ജന്മദിനമായ ഇന്ന് രാഷ്ട്രം മുഴുവൻ അദ്ദേഹത്തെ ആദരപൂർവ്വം സ്മരിക്കുകയാണെന്ന് പറഞ്ഞു. നേതാജി സുഭാഷ് ചന്ദ്ര ബോസിന് ശ്രദ്ധാഞ്ജലി അർപ്പിച്ചുകൊണ്ടുള്ള ഈ വർഷത്തെ പരാക്രം ദിവസിന്റെ മഹത്തായ ആഘോഷങ്ങൾ ഒഡീഷയിലെ അദ്ദേഹത്തിന്റെ ജന്മസ്ഥലത്ത് നടക്കുകയാണെന്ന് ശ്രീ മോദി വ്യക്തമാക്കി. ഈ വേളയിൽ അദ്ദേഹം ഒഡീഷ ഗവണ്മെന്റിനെയും അവിടുത്തെ ജനങ്ങളെയും അഭിനന്ദിച്ചു. നേതാജിയുടെ ജീവ ചരിത്രത്തെ അടിസ്ഥാനമാക്കിയുള്ള ഒരു വലിയ പ്രദർശനം ഒഡീഷയിലെ കട്ടക്കിൽ നടക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു. നേതാജിയുടെ ജീവിതവുമായി ബന്ധപ്പെട്ട സംഭവങ്ങൾ നിരവധി കലാകാരന്മാർ ക്യാൻവാസിൽ ചിത്രീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേതാജിയെ പറ്റിയുള്ള നിരവധി പുസ്തകങ്ങളുടെ ശേഖരവും അതിൽ ഉൾപ്പെടുന്നു. നേതാജിയുടെ ജീവിതയാത്രയുടെ ഈ പൈതൃകങ്ങളെല്ലാം മേരി യുവ ഭാരത് അല്ലെങ്കിൽ മൈ ഭാരതിന് പുതിയ ഊർജ്ജം പകരുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

“ഇന്ന് വികസിത ഇന്ത്യ (വികസിത്‌ ഭാരത്) എന്ന ദൃഢനിശ്ചയം കൈവരിക്കുന്നതിൽ നാം ഏർപ്പെട്ടിരിക്കുമ്പോൾ, നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജീവിത പാരമ്പര്യം നമ്മെ നിരന്തരം പ്രചോദിപ്പിക്കുകയാണ് ”, പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ പ്രഥമവും പ്രധാനപ്പെട്ടതുമായ ലക്ഷ്യം ആസാദ് ഹിന്ദ് ആയിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഈ ദൃഢനിശ്ചയം കൈവരിക്കുന്നതിന്, ആസാദ് ഹിന്ദ് എന്ന ഒരൊറ്റ മാനദണ്ഡത്തിൽ അദ്ദേഹം ഉറച്ചുനിന്നുവെന്ന് ശ്രീ മോദി പറഞ്ഞു. ഒരു സമ്പന്ന കുടുംബത്തിൽ ജനിച്ച, സിവിൽ സർവീസ് പരീക്ഷ പാസ്സായ  നേതാജിയ്ക്ക് ബ്രിട്ടീഷ് ഗവൺമെന്റിൽ ഒരു ഉന്നത ഉദ്യോഗസ്ഥനാകാനും സുഖകരമായ ജീവിതം നയിക്കാനും കഴിയുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പക്ഷെ ഇന്ത്യയിലും മറ്റ് രാജ്യങ്ങളിലും ചുറ്റിതിരിയുന്നതിനൊപ്പം സ്വാതന്ത്ര്യത്തിനായുള്ള അന്വേഷണത്തിൽ  നേതാജി ബുദ്ധിമുട്ടുകളുടെയും വെല്ലുവിളികളുടെയും പാത തിരഞ്ഞെടുത്തുവെന്ന് ശ്രീ മോദി അഭിപ്രായപ്പെട്ടു. “നേതാജി സുഖഭോഗങ്ങളുടെയും സുഖസൗകര്യങ്ങളുടെയും മേഖലയിൽ ബന്ധിതനായിരുന്നില്ല”, അദ്ദേഹം കൂട്ടിച്ചേർത്തു. “ഇന്ന്, ഒരു വികസിത ഭാരതം കെട്ടിപ്പടുക്കാൻ നാമെല്ലാവരും നമ്മുടെ സുഖസൗകര്യ മേഖലകളിൽ നിന്ന് പുറത്തു കടക്കേണ്ടതുണ്ട്”, പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. ആഗോളതലത്തിൽ മികവുറ്റവരാകേണ്ടതിന്റെയും, മികവ് തിരഞ്ഞെടുക്കേണ്ടതിന്റെയും, കാര്യക്ഷമതയിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിന്റെയും പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു.

രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി എല്ലാ മേഖലകളിൽ നിന്നും വിഭാഗങ്ങളിൽ നിന്നുമുള്ള ധീരരായ പുരുഷന്മാരെയും സ്ത്രീകളെയും ഉൾപ്പെടുത്തി നേതാജി ആസാദ് ഹിന്ദ് ഫൗജ് രൂപീകരിച്ചതായും വ്യത്യസ്ത ഭാഷകൾ ആയിരുന്നിട്ടും അവരുടെ പൊതു വികാരം രാജ്യത്തിന്റെ സ്വാതന്ത്ര്യമായിരുന്നുവെന്നും പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ഈ ഐക്യം ഇന്നത്തെ വികസിത ഭാരതത്തിന് ഒരു പ്രധാന പാഠമാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. അന്ന് സ്വരാജിന് ഐക്യം അനിവാര്യമായിരുന്നതുപോലെ, ഇപ്പോൾ  വികസിത് ഭാരതത്തിനും അത് നിർണായകമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആഗോളതലത്തിൽ ഇന്ത്യയുടെ പുരോഗതിക്ക് അനുകൂലമായ അന്തരീക്ഷമാണെന്ന് എടുത്തുപറഞ്ഞ പ്രധാനമന്ത്രി, 21-ാം നൂറ്റാണ്ടിനെ ഇന്ത്യ എങ്ങനെ സ്വന്തമാക്കുന്നുവെന്ന് ലോകം ഉറ്റുനോക്കുകയാണെന്ന് പരാമർശിച്ചു. നേതാജി സുഭാഷിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഇന്ത്യയുടെ ഐക്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു. രാജ്യത്തെ ദുർബലപ്പെടുത്താനും അതിന്റെ ഐക്യം തകർക്കാനും ശ്രമിക്കുന്നവർക്കെതിരെ ജാഗ്രത പാലിക്കണമെന്നും പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകി.

ഇന്ത്യയുടെ പൈതൃകത്തിൽ നേതാജി വളരെയധികം അഭിമാനിച്ചിരുന്നുവെന്നും രാജ്യത്തിന്റെ സമ്പന്നമായ ജനാധിപത്യ ചരിത്രത്തെക്കുറിച്ച് പലപ്പോഴും സംസാരിച്ചിരുന്നുവെന്നും അതിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളാൻ ആളുകളെ പ്രോത്സാഹിപ്പിച്ചിരുന്നുവെന്നും ശ്രീ മോദി അഭിപ്രായപ്പെട്ടു. ഇന്ന് ഇന്ത്യ കൊളോണിയൽ മനോഭാവത്തിൽ നിന്ന് ഉയർന്നുവരികയാണെന്നും സ്വന്തം പൈതൃകത്തിൽ അഭിമാനത്തോടെ വികസിക്കുകയാണെന്നും അദ്ദേഹം എടുത്തുപറഞ്ഞു. ആസാദ് ഹിന്ദ് ഗവൺമെന്റിന്റെ 75-ാം വാർഷികത്തിൽ ചെങ്കോട്ടയിൽ ത്രിവർണ്ണ പതാക ഉയർത്താനായത് മറക്കാനാവാത്ത ഒരു ചരിത്ര സന്ദർഭമാണെന്ന് പറഞ്ഞ പ്രധാനമന്ത്രി അതിൽ അഭിമാനം പ്രകടിപ്പിച്ചു. നേതാജിയുടെ പാരമ്പര്യത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് 2019-ൽ ഡൽഹിയിലെ ചെങ്കോട്ടയിൽ അദ്ദേഹത്തിന്റെ സ്മരണാർത്ഥം ഒരു മ്യൂസിയം ഗവണ്മെന്റ് സ്ഥാപിച്ചതായും അതേ വർഷം തന്നെ സുഭാഷ് ചന്ദ്രബോസ് ദുരന്തനിവാരണ പുരസ്കാരങ്ങൾ ഏർപ്പെടുത്തിയതായും അദ്ദേഹം കൂട്ടിച്ചേർത്തു. “2021-ൽ, നേതാജിയുടെ ജന്മവാർഷികം പരാക്രം ദിവസ് ആയി ആഘോഷിക്കാൻ ഗവണ്മെന്റ് തീരുമാനിച്ചു”, ശ്രീ മോദി പറഞ്ഞു. ഇന്ത്യാ ഗേറ്റിന് സമീപം നേതാജിയുടെ ബൃഹത്തായ പ്രതിമ സ്ഥാപിക്കുന്നതും ആൻഡമാനിലെ ദ്വീപിന് നേതാജിയുടെ പേര് നൽകുന്നതും റിപ്പബ്ലിക് ദിന പരേഡിൽ ഐഎൻഎ ഭടന്മാരെ അഭിവാദ്യം ചെയ്യുന്നതും അദ്ദേഹത്തിന്റെ പൈതൃകത്തെ ബഹുമാനിക്കുന്നതിനുള്ള ഗവണ്മെന്റിന്റെ പ്രതിബദ്ധതയുടെ പ്രതീകമാണെന്നും ശ്രീ മോദി കൂട്ടിച്ചേർത്തു.

“കഴിഞ്ഞ 10 വർഷത്തിനുള്ളിലെ ദ്രുതഗതിയിലുള്ള വികസനം സാധാരണക്കാരുടെ ജീവിതം സുഗമമാക്കുകയും സൈനിക ശക്തി വർദ്ധിപ്പിക്കുകയും ചെയ്യുന്നുവെന്ന് രാജ്യം തെളിയിച്ചിട്ടുണ്ട്”, ശ്രീ മോദി അടിവരയിട്ടു. കഴിഞ്ഞ ദശകത്തിൽ 25 കോടി ഇന്ത്യക്കാരെ ദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിച്ചതായും  ഇത് വൻ വിജയമാണെന്നും അദ്ദേഹം എടുത്തുപറഞ്ഞു,. ഗ്രാമമായാലും നഗരമായാലും എല്ലായിടത്തും ആധുനിക അടിസ്ഥാന സൗകര്യങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇന്ത്യൻ സൈനിക ശക്തിയിലെ അഭൂതപൂർവമായ വർദ്ധനവും ലോക വേദിയിൽ ഇന്ത്യയുടെ വളർന്നുവരുന്ന പങ്കും അദ്ദേഹം ഊന്നിപ്പറഞ്ഞു. ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായി മാറുന്ന ദിവസം വിദൂരമല്ലെന്ന് പ്രധാനമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു. നേതാജി സുഭാഷ് ചന്ദ്രബോസിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒറ്റ  ലക്ഷ്യത്തോടെ വികസിത ഭാരതത്തിനായി തുടർച്ചയായി പ്രവർത്തിക്കാൻ അദ്ദേഹം എല്ലാവരോടും അഭ്യർത്ഥിച്ചു. ഇതായിരിക്കും നേതാജിക്കുള്ള യഥാർത്ഥ ശ്രദ്ധാഞ്ജലി എന്ന് അദ്ദേഹം പറഞ്ഞു. എല്ലാവർക്കും പ്രധാനമന്ത്രി ആശംസകൾ നേർന്നു.

***

NK