ഇന്ത്യയിലെ ഏറ്റവും വലിയ മൊബിലിറ്റി എക്സ്പോയായ ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്സ്പോ 2025 പ്രധാനമന്ത്രി നരേന്ദ്ര മോദി 2025 ജനുവരി 17 ന് രാവിലെ 10:30 ന് ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ ഉദ്ഘാടനം ചെയ്യും.
2025 ജനുവരി 17 മുതൽ 22 വരെ മൂന്ന് വ്യത്യസ്ത വേദികളിലായി എക്സ്പോ നടക്കും: ന്യൂഡൽഹിയിലെ ഭാരത് മണ്ഡപം, യശോഭൂമി, ഗ്രേറ്റർ നോയിഡയിലെ ഇന്ത്യ എക്സ്പോ സെന്റർ & മാർട്ട്. എക്സ്പോയിൽ ഒരേസമയം 9-ലധികം ഷോകൾ, 20-ലധികം കോൺഫറൻസുകൾ, പവലിയനുകൾ എന്നിവ നടക്കും. കൂടാതെ, വ്യവസായ, പ്രാദേശിക തലങ്ങൾ തമ്മിലുള്ള സഹകരണം പ്രാപ്തമാക്കുന്നതിന് മൊബിലിറ്റി മേഖലയിലെ നയങ്ങളും സംരംഭങ്ങളും പ്രദർശിപ്പിക്കുന്നതിനുള്ള സംസ്ഥാന സെഷനുകളും എക്സ്പോയിൽ ഉണ്ടായിരിക്കും.
ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്സ്പോ 2025, മുഴുവൻ മൊബിലിറ്റി മൂല്യ ശൃംഖലയെയും ഒരു കുടക്കീഴിൽ ഏകീകരിക്കാൻ ലക്ഷ്യമിടുന്നു. ഈ വർഷത്തെ എക്സ്പോയിൽ ആഗോള പ്രാധാന്യത്തിന് പ്രത്യേക ഊന്നൽ നൽകും, ലോകമെമ്പാടുമുള്ള പ്രദർശകരും സന്ദർശകരും പങ്കെടുക്കും. വ്യവസായ നേതൃത്വത്തിലുള്ളതും സർക്കാർ പിന്തുണയുള്ളതുമായ ഒരു സംരംഭമാണിത്, വിവിധ വ്യവസായ സ്ഥാപനങ്ങളുടെയും പങ്കാളി സംഘടനകളുടെയും സംയുക്ത പിന്തുണയോടെ എഞ്ചിനീയറിംഗ് എക്സ്പോർട്ട് പ്രമോഷൻ കൗൺസിൽ ഓഫ് ഇന്ത്യയാണ് ഇത് ഏകോപിപ്പിക്കുന്നത്.
***
SK