പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭ മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന്റെ സ്മരണാർദ്ധം, അനുശോചന പ്രമേയം പാസാക്കി. അദ്ദേഹത്തോടുള്ള ആദരസൂചകമായി യോഗത്തിൽ രണ്ട് മിനിറ്റ് മൗനം ആചരിച്ചു.
01.01.2025 വരെ ഏഴ് ദിവസത്തേക്ക് ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു.
ദുഃഖാചരണത്തിന്റെ ഭാഗമായി രാജ്യത്ത് ഉടനീളം ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും.
01.01.2025 വരെ ഏഴ് ദിവസത്തേക്ക് വിദേശത്തുള്ള എല്ലാ ഇന്ത്യൻ ദൗത്യസംഘങ്ങളുടെ ആസ്ഥാനങ്ങളിലും/ ഹൈ കമ്മീഷനുകളിലും ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും.
ഡോ. മൻമോഹൻ സിംഗിന് പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടത്തും. സംസ്കാര ദിനത്തിൽ എല്ലാ കേന്ദ്ര സർക്കാർ ഓഫീസുകൾക്കും കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾക്കും പകുതി ദിവസം അവധി നൽകും.
അനുശോചന പ്രമേയം ഇപ്രകാരമാണ്:-
“2024 ഡിസംബർ 26-ന് ന്യൂഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ചികിത്സയിലായിരുന്ന ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിന്റെ ദുഖകരമായ നിര്യാണത്തിൽ കാബിനറ്റ് അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു.
അവിഭക്ത ഇന്ത്യയിൽ പഞ്ചാബ് പ്രവിശ്യയിലെ പടിഞ്ഞാറൻ പഞ്ചാബിലെ ഗാഹ് ഗ്രാമത്തിൽ 1932 സെപ്തംബർ 26-ന് ജനിച്ച ഡോ. സിംങിന്റെ അക്കാദമിക്ക് ജീവിതം മികച്ചതായിരുന്നു. 1954-ൽ പഞ്ചാബ് സർവ്വകലാശാലയിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയ അദ്ദേഹം, 1957-ൽ കേംബ്രിഡ്ജ് സർവ്വകലാശാലയിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ട്രിപ്പോസ് ഫസ്റ്റ് ക്ലാസ് ബഹുമതികളോടെ കരസ്ഥമാക്കി. 1962-ൽ ഓക്സ്ഫോർഡ് സർവകലാശാല അദ്ദേഹത്തിന് ഡോക്ടറേറ്റ് ബിരുദം നൽകി.
ചണ്ഡീഗഡിലെ പഞ്ചാബ് സർവകലാശാലയിൽ സീനിയർ ലക്ചററായി ഔദ്യോഗിക ജീവിതം ആരംഭിച്ച സിംഗ് അതേ സർവകലാശാലയിൽ സാമ്പത്തിക ശാസ്ത്ര പ്രൊഫസറായി. 1969-ൽ ഡൽഹി യൂണിവേഴ്സിറ്റിയിലെ ഡൽഹി സ്കൂൾ ഓഫ് ഇക്കണോമിക്സിൽ ഇന്റർനാഷണൽ ട്രേഡ് പ്രൊഫസറായി. 1971ൽ അന്നത്തെ വിദേശ വ്യാപാര മന്ത്രാലയത്തിൽ ഡോ. മൻമോഹൻ സിംഗ് സാമ്പത്തിക ഉപദേഷ്ടാവായി ചുമതലയേറ്റു. ധനമന്ത്രാലയത്തിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് (1972-76), സാമ്പത്തിക കാര്യ വകുപ്പ് സെക്രട്ടറി (നവംബർ 1976 മുതൽ ഏപ്രിൽ 1980 വരെ), ആസൂത്രണ കമ്മീഷൻ മെമ്പർ സെക്രട്ടറി (ഏപ്രിൽ 1980 മുതൽ സെപ്റ്റംബർ 1982), റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഗവർണർ ( സെപ്റ്റംബർ 1982 മുതൽ ജനുവരി 1985 വരെ) എന്നിങ്ങനെ വിവിധ ചുമതലകൾ അദ്ദേഹം നിർവ്വഹിച്ചിട്ടുണ്ട്.
ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ (1987), ഇന്ത്യൻ സയൻസ് കോൺഗ്രസിന്റെ ജവഹർലാൽ നെഹ്റു ജന്മശതാബ്ദി അവാർഡ് (1995), യൂറോ മണി, ഈ വർഷത്തെ ധനകാര്യ മന്ത്രിക്കുള്ള അവാർഡ് (1993), കേംബ്രിഡ്ജ് സർവകലാശാലയുടെ ആദം സ്മിത്ത് സമ്മാനം (1956) എന്നിവയാണ് അദ്ദേഹത്തിന് ലഭിച്ച അനവധി പുരസ്കാരങ്ങളിൽ പ്രധാനപ്പെട്ടവ.
ഡോ. മൻമോഹൻ സിംഗ് 1991 മുതൽ 1996 വരെ ഇന്ത്യയുടെ ധനമന്ത്രിയായി സേവനമനുഷ്ഠിച്ചു. സാമ്പത്തിക പരിഷ്കരണങ്ങളുടെ സമഗ്രമായ നയങ്ങൾ കൊണ്ടുവന്നതിൽ അദ്ദേഹത്തിന്റെ പങ്ക് നിർണ്ണായകമാണ്. ഡോ. സിംഗ് 2004 മെയ് 22-ന് ഇന്ത്യയുടെ പ്രധാനമന്ത്രിയായി. 2009 മെയ് വരെ പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ചു. 2009 മെയ് മുതൽ 2014 വരെ അദ്ദേഹം രണ്ടാം തവണയും പ്രധാനമന്ത്രിയായി.
ഡോ. മൻമോഹൻ സിംഗ് നമ്മുടെ രാജ്യത്തിൻറെ വികസനത്തിലും ഉയർച്ചയിലും തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ വേർപാടിൽ രാഷ്ട്രത്തിന് ഒരു പ്രമുഖ രാഷ്ട്രതന്ത്രജ്ഞനെയും സാമ്പത്തിക വിദഗ്ധനെയും, അതുല്യനായ ഒരു നേതാവിനെയുമാണ് നഷ്ടമായത്.
അദ്ദേഹത്തിന്റെ കുടുംബത്തിനും ബന്ധുമിത്രാദികൾക്കും ഗവണ്മെന്റിന്റെയും മുഴുവൻ രാജ്യത്തിന്റെയും പേരിൽ കാബിനറ്റ് ഹൃദയംഗമമായ അനുശോചനം രേഖപ്പെടുത്തുന്നു.
***
NK