പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഡിസംബർ 17നു രാജസ്ഥാൻ സന്ദർശിക്കും. രാജസ്ഥാൻ സംസ്ഥാന ഗവണ്മെൻ്റ് ഒരു വർഷം പൂർത്തിയാക്കുന്ന ‘ഏക് വർഷ്-പരിണാമം ഉത്കർഷ്’ പരിപാടിയിൽ പ്രധാനമന്ത്രി പങ്കെടുക്കും. ഈ വേളയിൽ രാജസ്ഥാനിലെ ജയ്പൂരിൽ ഊർജം, റോഡ്, റെയിൽവേ, ജലം എന്നിവയുമായി ബന്ധപ്പെട്ട 46,300 കോടി രൂപയുടെ 24 പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും അദ്ദേഹം നിർവഹിക്കും.
ഏഴു കേന്ദ്ര ഗവണ്മെന്റ് പദ്ധതികളും 2 സംസ്ഥാന ഗവണ്മെന്റ് പദ്ധതികളും ഉൾപ്പെടുന്ന 11,000 കോടിയിലധികം രൂപയുടെ ഒമ്പതു പദ്ധതികൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഒമ്പതു കേന്ദ്ര ഗവണ്മെന്റ് പദ്ധതികളും 6 സംസ്ഥാന ഗവണ്മെന്റ് പദ്ധതികളും ഉൾപ്പെടുന്ന 35,300 കോടിയിലധികം രൂപയുടെ 15 പദ്ധതികൾക്കു തറക്കല്ലിടും.
നവ്നേര തടയണ, സ്മാർട്ട് വൈദ്യുതി പ്രസരണശൃംഖലയും ആസ്തി പരിപാലന സംവിധാന പദ്ധതികളും, ഭീൽഡി-സംദരി-ലൂണി- ജോധ്പുർ-മേർത്ത റോഡ്-ഡേഗാന-രത്തൻഗഢ് സെക്ഷന്റെ റെയിൽവേ വൈദ്യുതീകരണം, ഡൽഹി-വഡോദര ഗ്രീൻ ഫീൽഡ് അലൈൻമെന്റ് പാക്കേജ് 12 (NH-148N) (മെജ് നദിക്ക് മുകളിലൂടെ ജംഗ്ഷൻ വരെ SH-37Aയിലെ പ്രധാന പാലം) എന്നിവ ചടങ്ങിൽ ഉദ്ഘാടനം ചെയ്യപ്പെടുന്ന പദ്ധതികളിൽ ഉൾപ്പെടുന്നു. പ്രധാനമന്ത്രിയുടെ ഹരിതോർജ കാഴ്ചപ്പാടിന് അനുസൃതമായി ജനങ്ങൾക്ക് എളുപ്പത്തിലുള്ള യാത്രാമാർഗം പ്രദാനം ചെയ്യുന്നതിനും സംസ്ഥാനത്തിന്റെ ഊർജ ആവശ്യങ്ങൾ നിറവേറ്റുന്നതിനും ഈ പദ്ധതികൾ സഹായിക്കും.
9400 കോടി രൂപ ചെലവിൽ രാംഗഢ് തടയണയുടെയും മഹൽപുർ തടയണയുടെയും നിർമാണപ്രവർത്തനങ്ങൾക്കും നവ്നേര തടയണയിൽനിന്ന് ബീസൽപുർ അണക്കെട്ടിലേക്കും ഈസർദ അണക്കെട്ടിലേക്കും ചമ്പൽ നദിയിലെ നീർച്ചാൽവഴി ജലം കൈമാറുന്നതിനുള്ള സംവിധാനത്തിനും പ്രധാനമന്ത്രി തറക്കല്ലിടും.
ഗവൺമെന്റ് ഓഫീസ് കെട്ടിടങ്ങളിൽ പുരപ്പുറ സൗരോർജ പ്ലാന്റുകൾ സ്ഥാപിക്കൽ, പുഗലിൽ (ബീക്കാനെർ) 2000 മെഗാവാട്ട് സൗരോർജ പാർക്കിന്റെയും 1000 മെഗാവാട്ട് സൗരോർജ പാർക്കിന്റെയും രണ്ട് ഘട്ടങ്ങളുടെയും വികസനം, സൈപൗവിൽ നിന്ന് (ധോൽപുർ) കുടിവെള്ളം എത്തിക്കുന്നതിനുള്ള പ്രസരണപാത എന്നിവയ്ക്കും ഭരത്പുർ-ഡീഗ്-കുംഹെർ-നഗർ-കാമാൻ & പഹാരി, ചമ്പൽ-ധോൽപുർ-ഭരത്പുർ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കും പ്രധാനമന്ത്രി തറക്കല്ലിടും. ലൂണി-സംദാരി-ഭീൽഡി ഇരട്ടപ്പാത, അജ്മേർ-ചന്ദേരിയ ഇരട്ടപ്പാത, ജയ്പുർ-സവായ് മധോപുർ ഇരട്ടപ്പാത റെയിൽവേ പദ്ധതികൾക്കും ഊർജപ്രസരണവുമായി ബന്ധപ്പെട്ട മറ്റു പദ്ധതികൾക്കും അദ്ദേഹം തറക്കല്ലിടും.
***
SK