ഇതിഹാസതാരം രാജ് കപൂറിന്റെ ജന്മശതാബ്ദി ആഘോഷിക്കുന്ന വേളയിൽ, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കപൂർ കുടുംബം ഹൃദയസ്പർശിയായ ആശയവിനിമയം നടത്തി. ഇന്ത്യൻ സിനിമയ്ക്കു രാജ് കപൂർ നൽകിയ സമാനതകളില്ലാത്ത സംഭാവനകൾക്കും അദ്ദേഹത്തിന്റെ ശാശ്വതമായ പാരമ്പര്യത്തിനും ആദരമായി ഈ പ്രത്യേക കൂടിക്കാഴ്ച. കപൂർ കുടുംബവുമായി പ്രധാനമന്ത്രി മനസുതുറന്നുള്ള സംഭാഷണം നടത്തി.
രാജ് കപൂറിന്റെ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി കപൂർ കുടുംബത്തെ കാണാൻ വിലപ്പെട്ട സമയം നീക്കിവച്ചതിനു ശ്രീ രാജ് കപൂറിന്റെ മകൾ റീമ കപൂർ പ്രധാനമന്ത്രിക്കു നന്ദി പറഞ്ഞു. രാജ് കപൂറിന്റെ സിനിമയിലെ ഒരു ഗാനത്തിന്റെ ഏതാനും വരികൾ ചൊല്ലിയ റീമ കപൂർ, കൂടിക്കാഴ്ചയിൽ കപൂർ കുടുംബത്തിനു ശ്രീ മോദി നൽകിയ സ്നേഹത്തിനും ഊഷ്മളതയ്ക്കും ആദരത്തിനും ഇന്ത്യ മുഴുവൻ സാക്ഷ്യം വഹിക്കുമെന്നു പറഞ്ഞു. ശ്രീ രാജ് കപൂറിന്റെ മഹത്തായ സംഭാവനകളെ പ്രകീർത്തിച്ച പ്രധാനമന്ത്രി, കപൂർ കുടുംബത്തിന് ആതിഥ്യമരുളി.
രാജ് കപൂറിന്റെ നൂറാം ജന്മവാർഷികാഘോഷങ്ങൾ ഇന്ത്യൻ ചലച്ചിത്ര വ്യവസായത്തിന്റെ സുവർണയാത്രയുടെ പ്രതീകമാണെന്നു ശ്രീ മോദി അഭിപ്രായപ്പെട്ടു. ‘നീൽ കമൽ’ എന്ന സിനിമ 1947ൽ നിർമിച്ചതാണെന്നും ഇപ്പോൾ നാം 2047ലേക്കു പോകുകയാണെന്നും ഈ നൂറുവർഷത്തെ സംഭാവനകൾ നിർണായകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നയതന്ത്രത്തിന്റെ പശ്ചാത്തലത്തിൽ ഉപയോഗിക്കുന്ന ‘സോഫ്റ്റ് പവർ’ എന്ന പദം പരാമർശിച്ച്, രാജ് കപൂർ ഇന്ത്യയുടെ സോഫ്റ്റ് പവർ സ്ഥാപിച്ചത് ഈ പദം ഉപയോഗിക്കപ്പെടാത്ത സമയത്തായിരുന്നെന്നു ശ്രീ മോദി പറഞ്ഞു. ഇന്ത്യക്കായുള്ള സേവനത്തിൽ രാജ് കപൂറിന്റെ മഹത്തായ സംഭാവനയാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മധ്യേഷ്യയിലെ ജനങ്ങളെ വർഷങ്ങൾക്കുശേഷവും മാസ്മരവലയത്തിലാക്കുന്ന രാജ് കപൂറിനെക്കുറിച്ചു മധ്യേഷ്യയിലെ ജനങ്ങൾക്കായി ഒരു സിനിമ നിർമിക്കാൻ കപൂർ കുടുംബത്തോടു പ്രധാനമന്ത്രി അഭ്യർഥിച്ചു. രാജ് കപൂർ അവരുടെ ജീവിതത്തിൽ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മധ്യേഷ്യയിൽ ഇന്ത്യൻ സിനിമയ്ക്കു വലിയ സാധ്യതയുണ്ടെന്നും അതു പ്രയോജനപ്പെടുത്തുന്നതിനായി പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകതയുണ്ടെന്നും കപൂർ കുടുംബത്തോടു ശ്രീ മോദി പറഞ്ഞു. മധ്യേഷ്യയിലെ പുതിയ തലമുറകളിലേക്ക് ഇത് എത്തിക്കാനുള്ള ശ്രമങ്ങൾ നാം നടത്തണമെന്നും അതിനുള്ള കണ്ണിയായി വർത്തിക്കുന്ന സിനിമ നിർമിക്കണമെന്നും കപൂർ കുടുംബത്തോട് അദ്ദേഹം ആവശ്യപ്പെട്ടു.
ലോകമെമ്പാടുമുള്ള സ്നേഹവും പ്രശസ്തിയും ചൂണ്ടിക്കാട്ടി, ശ്രീ രാജ് കപൂറിനെ ‘സാംസ്കാരിക അംബാസഡർ’ എന്നു വിശേഷിപ്പിക്കാമെന്നും ഇന്ത്യയുടെ ആഗോള അംബാസഡർ ആയതിനു പ്രധാനമന്ത്രിയെ അഭിനന്ദിക്കുന്നതായും കപൂർ കുടുംബമാകെ പ്രധാനമന്ത്രിയെക്കുറിച്ച് അഭിമാനിക്കുന്നുവെന്നും റീമ കപൂർ പറഞ്ഞു. രാജ്യത്തിന്റെ യശസ്സ് ഇന്നു വലിയ ഉയരങ്ങളിലാണെന്ന് പറഞ്ഞ ശ്രീ മോദി, ലോകമെമ്പാടും ചർച്ച ചെയ്യപ്പെടുന്ന യോഗയെ ഉദാഹരണമായി ഉദ്ധരിച്ചു. യോഗയെക്കുറിച്ചും അതിന്റെ പ്രാധാന്യത്തെക്കുറിച്ചും മറ്റു രാജ്യങ്ങളിലെ നേതാക്കളുമായുള്ള കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗവേഷണം രസകരമായ പ്രവർത്തനമാണെന്നും പഠനത്തിലൂടെ ഈ പ്രക്രിയ ആസ്വദിക്കാൻ ഏതൊരാളെയും അതനുവദിക്കുമെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. മുത്തച്ഛന്റെ ജീവിതയാത്രയിലൂടെ സഞ്ചരിക്കാൻ അവസരം നൽകിയ, രാജ് കപൂറിനെക്കുറിച്ചുള്ള ഗവേഷണത്തിനു ശേഷം, ഒരു സിനിമ നിർമിച്ചതിനു ശ്രീ രാജ് കപൂറിന്റെ ചെറുമകൻ ശ്രീ അർമാൻ ജെയിനെ അദ്ദേഹം അഭിനന്ദിച്ചു.
സിനിമയുടെ ശക്തിയെക്കുറിച്ച് ഓർമിപ്പിച്ച ശ്രീ മോദി, മുമ്പുണ്ടായിരുന്ന ജനസംഘം പാർട്ടി ഡൽഹി തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടപ്പോഴുള്ള സംഭവം ചൂണ്ടിക്കാട്ടി. രാജ് കപൂറിന്റെ ‘ഫിർ സുബാഹ് ഹോഗി’ എന്ന സിനിമ കാണാൻ നേതാക്കൾ തീരുമാനിച്ചു. വീണ്ടും പ്രഭാതം വരും എന്നാണ് അതിനർഥം. പാർട്ടി ഇപ്പോൾ വീണ്ടും പ്രഭാതം കണ്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചൈനയിൽ കേൾപ്പിച്ച ഒരു ഗാനത്തിന്റെ റെക്കോർഡിങ് ശ്രീ ഋഷി കപൂറിന് അയച്ചുകൊടുത്ത സംഭവവും ശ്രീ മോദി അനുസ്മരിച്ചു.
2024 ഡിസംബർ 13, 14, 15 തീയതികളിൽ കപൂർ കുടുംബം രാജ് കപൂറിന്റെ ‘റെട്രോസ്പെക്റ്റീവ്’ സംഘടിപ്പിക്കുന്നുണ്ടെന്നും ശ്രീ രൺബീർ കപൂർ പ്രധാനമന്ത്രിയെ അറിയിച്ചു. ഇന്ത്യാ ഗവൺമെന്റ്, NFDC, NFAI എന്നിവയുടെ സഹായത്തിന് അദ്ദേഹം നന്ദി പറഞ്ഞു. കുടുംബം അദ്ദേഹത്തിന്റെ പത്തു സിനിമകൾ നൽകുകയും അവയുടെ ദൃശ്യ-ശ്രവ്യ ഗുണനിലവാരം മെച്ചപ്പെടുത്തുകയും ചെയ്തു. ഇത് ഇന്ത്യയിലെ 40 നഗരങ്ങളിലായി 160 തിയറ്ററുകളിൽ പ്രദർശിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഡിസംബർ 13നു മുംബൈയിൽ പ്രീമിയർ ഷോ നടത്തുമെന്നും അതിനായി സിനിമാ വ്യവസായത്തെയാകെ ക്ഷണിച്ചിട്ടുണ്ടെന്നും ശ്രീ കപൂർ പ്രധാനമന്ത്രിയെ അറിയിച്ചു.
***
SK
This year we mark Shri Raj Kapoor Ji’s birth centenary. He is admired not only in India but all across the world for his contribution to cinema. I had the opportunity to meet his family members at 7, LKM. Here are the highlights… pic.twitter.com/uCdifC2S3C
— Narendra Modi (@narendramodi) December 11, 2024