ഇരുനേതാക്കളും തമ്മിലുള്ള ആദ്യ ഉഭയകക്ഷി കൂടിക്കാഴ്ചയായിരുന്നു ഇത്. ചരിത്രംകുറിച്ച് മൂന്നാം തവണയും അധികാരമേറ്റ പ്രധാനമന്ത്രി ശ്രീ മോദിയെ അർജന്റീന പ്രസിഡന്റ് മിലേ അഭിനന്ദിച്ചു. പ്രസിഡന്റായി സ്ഥാനമേറ്റ മിലേക്ക് പ്രധാനമന്ത്രിയും ഊഷ്മളമായ ആശംസകൾ നേർന്നു.
ഭരണനിർവഹണത്തെക്കുറിച്ച് ഇരുനേതാക്കളും ഫലപ്രദമായ ചർച്ച നടത്തുകയും ഈ മേഖലയിലെ അനുഭവങ്ങളെക്കുറിച്ചുള്ള ചിന്തകൾ കൈമാറുകയും ചെയ്തു. കഴിഞ്ഞ കുറച്ചുവർഷങ്ങളായി ഊർജസ്വലമായ രണ്ടു ജനാധിപത്യ രാജ്യങ്ങൾ തമ്മിലുള്ള തന്ത്രപ്രധാന പങ്കാളിത്തം വിശാലമാക്കുന്നതിൽ അവർ സംതൃപ്തി പ്രകടിപ്പിച്ചു. അർജന്റീനയുടെ മികച്ച അഞ്ചു വ്യാപാരപങ്കാളികളിൽ ഒന്നായി ഇന്ത്യ ഉയർന്നുവന്നതോടെ, ഇരുരാജ്യങ്ങളുടെയും വ്യാപാര-സാമ്പത്തിക ബന്ധങ്ങളുടെ ആഴം വർധിച്ചു.
ഔഷധനിർമാണം, പ്രതിരോധം, ലിഥിയം ഉൾപ്പെടെയുള്ള നിർണായക ധാതുക്കൾ, എണ്ണയും വാതകവും, സൈനികേതര ആണവോർജം, ബഹിരാകാശം, കൃഷി, ശാസ്ത്രവും സാങ്കേതികവിദ്യയും, വിവരസാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണം വൈവിധ്യമാർന്നതാണ്. അർജന്റീന നടപ്പാക്കിവരുന്ന സാമ്പത്തിക പരിഷ്കാരങ്ങളെക്കുറിച്ചും നേതാക്കൾ അഭിപ്രായങ്ങൾ കൈമാറി.
ഇരുനേതാക്കളും നിലവിലെ നിരവധി അന്താരാഷ്ട്ര വിഷയങ്ങൾ ചർച്ച ചെയ്യുകയും ഇരുരാജ്യങ്ങളിലെയും ജനങ്ങളുടെ പരസ്പരപ്രയോജനത്തിനായി തന്ത്രപ്രധാന പങ്കാളിത്തം കൂടുതൽ വികസിപ്പിക്കുന്നതിനു വളരെയടുത്തു പ്രവർത്തിക്കാൻ ധാരണയാകുകയും ചെയ്തു.
****
SK