Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി ശ്രീ മോദി പോർച്ചുഗൽ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

പ്രധാനമന്ത്രി ശ്രീ മോദി പോർച്ചുഗൽ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി


ബ്രസീലിലെ റിയോ ഡി ജനീറോയിൽ ജി-20 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു പോർച്ചുഗീസ് പ്രധാനമന്ത്രി ലൂയിസ് മോണ്ടിനെഗ്രോയുമായി കൂടിക്കാഴ്ച നടത്തി. ഇരുനേതാക്കളും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്. 2024 ഏപ്രിലിൽ പ്രധാനമന്ത്രിയായി അധികാരമേറ്റ മോണ്ടിനെഗ്രോയെ പ്രധാനമന്ത്രി മോദി അഭിനന്ദിക്കുകയും ഇന്ത്യയും പോർച്ചുഗലും തമ്മിലുള്ള ഉഭയകക്ഷിബന്ധം കൂടുതൽ ആഴത്തിലാക്കാനും ശക്തിപ്പെടുത്താനും ഒരുമിച്ചു പ്രവർത്തിക്കാനുള്ള ആഗ്രഹം അറിയിക്കുകയും ചെയ്തു. മൂന്നാം തവണയും അധികാരത്തിലെത്തിയ ശ്രീ മോദിയെ, പ്രധാനമന്ത്രി മോണ്ടിനെഗ്രോ അഭിനന്ദിച്ചു.

വ്യാപാരം, നിക്ഷേപം, പ്രതിരോധം, ശാസ്ത്ര-സാങ്കേതികവിദ്യ, വിനോദസഞ്ചാരം, സംസ്കാരം, ജനങ്ങൾ തമ്മിലുള്ള ബന്ധം തുടങ്ങി വിവിധ മേഖലകളിലെ ഉഭയകക്ഷിസഹകരണം നേതാക്കൾ ചർച്ച ചെയ്തു. ഐടി, ഡിജിറ്റൽ സാങ്കേതികവിദ്യകൾ, പുനരുപയോഗ ഊർജം, സ്റ്റാർട്ടപ്പുകളും നൂതനാശയങ്ങളും, പ്രൊഫഷണലുകളുടെയും വിദഗ്ധ തൊഴിലാളികളുടെയും ചലനാത്മകത തുടങ്ങിയ പുതിയതും ഉയർന്നുവരുന്നതുമായ മേഖലകളിലെ സഹകരണത്തിനുള്ള വർധിച്ചുവരുന്ന സാധ്യതകൾ അവർ വിലയിരുത്തി. ഇരുനേതാക്കളും പ്രാദേശിക സംഭവവികാസങ്ങളെക്കുറിച്ചും ഇന്ത്യ-യൂറോപ്യൻ യൂണിയൻ ബന്ധങ്ങൾ ഉൾപ്പെടെയുള്ള പരസ്പരതാൽപ്പര്യമുള്ള ആഗോള വിഷയങ്ങളെക്കുറിച്ചും കാഴ്ചപ്പാടുകൾ കൈമാറി. പ്രാദേശിക-ബഹുരാഷ്ട്ര വേദികളിൽ നിലവിലുള്ള വളരെയടുത്ത സഹകരണം മുന്നോട്ടുകൊണ്ടുപോകാൻ നേതാക്കൾ ധാരണയായി.

ഇന്ത്യയും പോർച്ചുഗലും തമ്മിൽ നയതന്ത്ര ബന്ധം സ്ഥാപിച്ചതിന്റെ 50-ാം വാർഷികമാണ് 2025 എന്ന് ചൂണ്ടിക്കാട്ടിയ നേതാക്കൾ, ഉചിതമായ രീതിയിൽ ഈ അവസരം സംയുക്തമായി ആഘോഷിക്കാൻ ധാരണയായി. പരസ്പരമുള്ള അടുത്ത ബന്ധം മുന്നോട്ടുകൊണ്ടുപോകുന്നതിനും ഇരുനേതാക്കളും ധാരണയായി.

***

SK