Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

റഷ്യൻ പ്രസിഡന്റുമായുള്ള ഉഭയകക്ഷിയോഗത്തിൽ പ്രധാനമന്ത്രി നടത്തിയ പ്രാരംഭപരാമർശങ്ങളുടെ പൂർണരൂപം (ഒക്ടോബർ 22, 2024)

റഷ്യൻ പ്രസിഡന്റുമായുള്ള ഉഭയകക്ഷിയോഗത്തിൽ പ്രധാനമന്ത്രി നടത്തിയ പ്രാരംഭപരാമർശങ്ങളുടെ പൂർണരൂപം (ഒക്ടോബർ 22, 2024)


“ആദരണീയ റഷ്യൻ പ്രസിഡൻ്റ്,

താങ്കളുടെ സൗഹൃദത്തിനും ഊഷ്മളമായ സ്വീകരണത്തിനും ആതിഥ്യമര്യാദയ്ക്കും ഞാൻ ആത്മാർഥമായി നന്ദി അറിയിക്കുന്നു. ബ്രിക്സ് ഉച്ചകോടിക്കായി കസാൻ പോലുള്ള മനോഹരമായ നഗരം സന്ദർശിക്കാൻ അവസരം ലഭിച്ചതിൽ ഞാൻ സന്തുഷ്ടനാണ്. ഈ നഗരം ഇന്ത്യയുമായി ആഴമേറിയതും ചരിത്രപരവുമായ ബന്ധം പങ്കിടുന്നു. കസാനിൽ പുതിയ ഇന്ത്യൻ സ്ഥാനപതികാര്യാലയം തുറക്കുന്നത് ഈ ബന്ധങ്ങൾക്കു കൂടുതൽ കരുത്തേകും.

ആദരണീയ റഷ്യൻ പ്രസിഡൻ്റ്,

കഴിഞ്ഞ മൂന്നു മാസത്തിനിടെ ഞാൻ റഷ്യയിലേക്കു നടത്തിയ രണ്ടു സന്ദർശനങ്ങൾ നമ്മുടെ വളരെയടുത്ത ഏകോപനവും ആഴത്തിലുള്ള സൗഹൃദവും പ്രതിഫലിപ്പിക്കുന്നു. ജൂലൈയിൽ മോസ്കോയിൽ നടന്ന നമ്മുടെ വാർഷിക ഉച്ചകോടി എല്ലാ മേഖലയിലും നമ്മുടെ സഹകരണത്തിനു കരുത്തേകിയിട്ടുണ്ട്.

ആദരണീയ റഷ്യൻ പ്രസിഡൻ്റ്,

കഴിഞ്ഞ വർഷം ബ്രിക്സിന്റെ അധ്യക്ഷപദം വിജയകരമാക്കിയതിനു താങ്കളെ ഞാൻ അഭിനന്ദിക്കുന്നു. കഴിഞ്ഞ പതിനഞ്ചു വർഷത്തിൽ, ബ്രിക്സ് അതിന്റെ തനതു സവിശേഷത ദൃഢമാക്കി. ലോകമെമ്പാടുമുള്ള നിരവധി രാജ്യങ്ങൾ ഇപ്പോൾ അതിന്റെ ഭാഗമാകാൻ ആഗ്രഹിക്കുന്നു. ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ഞാൻ കാത്തിരിക്കുകയാണ്.

ആദരണീയ റഷ്യൻ പ്രസിഡൻ്റ്,

റഷ്യയും യുക്രൈനും തമ്മിലുള്ള സംഘർഷവുമായി ബന്ധപ്പെട്ടു നാം നിരന്തരം സമ്പർക്കം പുലർത്തുന്നുണ്ട്. ഞാൻ മുമ്പു പറഞ്ഞതുപോലെ, സമാധാനപരമായ മാർഗങ്ങളിലൂടെ മാത്രമേ പ്രശ്നങ്ങൾ പരിഹരിക്കാനാകൂ എന്നു ഞങ്ങൾ വിശ്വസിക്കുന്നു. സമാധാനവും സുസ്ഥിരതയും എത്രയും വേഗം പുനഃസ്ഥാപിക്കുന്നതിനു ഞങ്ങൾ പൂർണപിന്തുണ നൽകുന്നു. ഞങ്ങളുടെ എല്ലാ പ്രയത്നങ്ങളും മാനവികതയ്ക്കാണു മുൻഗണനയേകുന്നത്. ഭാവിയിലും സാധ്യമായ എല്ലാ സഹായത്തിനും ഇന്ത്യ തയ്യാറാണ്.

ആദരണീയ റഷ്യൻ പ്രസിഡൻ്റ്,

ഈ കാര്യങ്ങളിലെല്ലാം നമ്മുടെ ചിന്തകൾ പങ്കുവയ്ക്കാനുള്ള മറ്റൊരു സുപ്രധാന അവസരമാണ് ഇന്ന്. ഒരിക്കൽ കൂടി, വളരെ നന്ദി.”

 

-SK-