ഗുജറാത്തിലെ ലോഥൽ നാഷണൽ മാരിടൈം ഹെറിട്ടേജ് കോംപ്ലക്സ് (എൻ എം എച്ച് സി) വികസിപ്പിക്കുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. രണ്ട് ഘട്ടങ്ങളിലായാണ് പദ്ധതി പൂർത്തിയാക്കുക.
മാസ്റ്റർ പ്ലാൻ പ്രകാരമുള്ള ഘട്ടം 1 ബി, ഘട്ടം 2 എന്നിവയ്ക്ക് സ്വമേധയാ ഉള്ള സ്രോതസ്സുകൾ / സംഭാവന, മുഖേന ഫണ്ട് സമാഹരിക്കാനും ഫണ്ട് സമാഹരണത്തിനു ശേഷം നിർവഹണത്തിനും മന്ത്രിസഭ തത്വത്തിൽ അംഗീകാരം നൽകി. ഘട്ടം1 ബി പ്രകാരം ലൈറ്റ് ഹൗസ് മ്യൂസിയത്തിൻ്റെ നിർമ്മാണത്തിന് ഡയറക്‌ടറേറ്റ് ജനറൽ ഓഫ് ലൈറ്റ്‌ഹൗസ്‌സ് ആൻഡ് ലൈറ്റ്‌ഷിപ്പ്‌സ് (ഡി ജി എൽ എൽ) ധനസഹായം നൽകും.
1860-ലെ സൊസൈറ്റി രജിസ്‌ട്രേഷൻ ആക്‌ട് പ്രകാരം, ഗുജറാത്തിലെ ലോഥലിൽ എൻ എച്ച് എം സി നടപ്പിലാക്കുന്നതിനും അതിന്റെ വികസനത്തിനും നടത്തിപ്പിനും പ്രവർത്തനത്തിനുമായി തുറമുഖ- ഷിപ്പിംഗ്- ജലപാത വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിലുള്ള ഒരു ഭരണ സമിതിയുടെ കീഴിൽ ഭാവി ഘട്ടങ്ങളുടെ വികസനത്തിനായി ഒരു പ്രത്യേക സൊസൈറ്റി രൂപീകരിക്കും.
പദ്ധതിയുടെ 1-എ ഘട്ടം 60% ഭൌതിക പുരോഗതിയോടെ നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്. 2025-ഓടെ ഇത് പൂർത്തിയാക്കാനാണ് പദ്ധതി. എൻ എം എച്ച് സി ലോകോത്തര പൈതൃക മ്യൂസിയമായി മാറ്റുന്നതിന് പദ്ധതിയുടെ 1എ, 1ബി ഘട്ടങ്ങൾ ഇപിസി രീതിയിൽ വികസിപ്പിക്കുകയും പദ്ധതിയുടെ രണ്ടാം ഘട്ടം ഭൂമി കീഴ്പാട്ടം / പിപിപി വഴി വികസിപ്പിക്കുകയും ചെയ്യും.
തൊഴിലവസര സാധ്യതകൾ ഉൾപ്പെടെയുള്ള പ്രധാന നേട്ടങ്ങൾ:
എൻ എം എച്ച് സി പദ്ധതിയുടെ വികസനത്തിലൂടെ ഏകദേശം 22,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. 15,000 പേർക്ക് നേരിട്ടും 7,000 പേർക്ക് പരോക്ഷമായും തൊഴിൽ ലഭിക്കും.
ഗുണഭോക്താക്കളുടെ എണ്ണം:
എൻ എം എച്ച് സി നടപ്പിലാക്കുന്നത് വളർച്ചയെ ഉത്തേജിപ്പിക്കുകയും പ്രാദേശിക സമൂഹങ്ങൾ, വിനോദസഞ്ചാരികൾ, സന്ദർശകർ, ഗവേഷകർ, പണ്ഡിതന്മാർ, സർക്കാർ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സാംസ്കാരിക സംഘടനകൾ, പരിസ്ഥിതി, സംരക്ഷണ ഗ്രൂപ്പുകൾ, ബിസിനസ്സുകൾ എന്നിവയെ വളരെയധികം സഹായിക്കുകയും ചെയ്യും.
പശ്ചാത്തലം:
ഇന്ത്യയുടെ 4,500 വർഷം പഴക്കമുള്ള സമുദ്ര പൈതൃകം പ്രദർശിപ്പിക്കുന്നതിനുള്ള പ്രധാനമന്ത്രിയുടെ കാഴ്ചപ്പാട് അനുസരിച്ച്, തുറമുഖ, ഷിപ്പിംഗ് & ജലപാത മന്ത്രാലയം (MoPSW) ലോഥലിൽ ഒരു ലോകോത്തര ദേശീയ മാരിടൈം ഹെറിട്ടേജ് കോംപ്ലക്സ് (എൻ എം എച്ച് സി) സ്ഥാപിക്കുന്നു.
എൻഎംഎച്ച്സിയുടെ മാസ്റ്റർപ്ലാൻ തയ്യാറാക്കിയത് പ്രശസ്ത ആർക്കിടെക്ചർ സ്ഥാപനമായ എം/എസ് ആർകിടെക്ട് ഹഫീസ് കോൺട്രാക്ടറാണ്. കൂടാതെ, ഘട്ടം 1 എയുടെ നിർമ്മാണ ചുമതല ടാറ്റ പ്രോജക്ട്സ് ലിമിറ്റഡിനെയാണ് ഏൽപ്പിച്ചിരുന്നത്.
എൻ എം എച്ച് സി വിവിധ ഘട്ടങ്ങളിലായി വികസിപ്പിക്കാനാണ് പദ്ധതി. അതിൽ:
ഘട്ടം 1എ യിൽ 6 ഗാലറികളുള്ള എൻ എം എച്ച് സി മ്യൂസിയം ഉണ്ടായിരിക്കും, അതിൽ ഇന്ത്യൻ നേവി & കോസ്റ്റ് ഗാർഡ് ഗാലറിയും ഉൾപ്പെടുന്നു. അത് ബാഹ്യ നാവിക വസ്തുക്കൾ (INS നിഷാങ്ക്, സീ ഹാരിയർ യുദ്ധവിമാനങ്ങൾ, UH3 ഹെലികോപ്റ്റർ മുതലായവ) ഉള്ള രാജ്യത്തെ ഏറ്റവും വലിയ ഗാലറിയിൽ ഒന്നായി വിഭാവനം ചെയ്യപ്പെടുന്നു. ലോഥൽ ടൗൺഷിപ്പിൻ്റെ മാതൃകയിൽ ഓപ്പൺ അക്വാട്ടിക് ഗാലറി, ജെട്ടി നടപ്പാത എന്നിവയാൽ ചുറ്റപ്പെട്ടതായിരിക്കും അത്.
ഘട്ടം 1ബി-യിൽ 8 ഗാലറികളുള്ള എൻ എം എച്ച് സി മ്യൂസിയം, ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ലൈറ്റ് ഹൗസ് മ്യൂസിയം, പൂന്തോട്ട സമുച്ചയം (ഏകദേശം 1500 കാറുകൾക്കുള്ള കാർ പാർക്കിംഗ് സൗകര്യം, ഫുഡ് ഹാൾ, മെഡിക്കൽ സെൻ്റർ മുതലായവ) എന്നിവ ഉണ്ടായിരിക്കും.
രണ്ടാം ഘട്ടത്തിൽ തീരദേശ പവലിയനുകൾ (അതാത് തീരദേശ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും വികസിപ്പിക്കും), ഹോസ്പിറ്റാലിറ്റി സോൺ (സമുദ്ര സംബന്ധ പ്രകൃതി സൗഹൃദ റിസോർട്ടും മ്യൂസിയവും), ലോഥൽ നഗരത്തിന്റെ പുനരാവിഷ്കാരം, മാരിടൈം ഇൻസ്റ്റിറ്റ്യൂട്ട്, ഹോസ്റ്റൽ, 4 തീം അധിഷ്ഠിത പാർക്കുകൾ (മാരിടൈം & നേവൽ തീം പാർക്ക്, കാലാവസ്ഥാ വ്യതിയാന തീം പാർക്ക്, മോണ്യുമെൻ്റ്സ് പാർക്ക്, അഡ്വഞ്ചർ & അമ്യൂസ്മെൻ്റ് പാർക്ക്) എന്നിവ ഉണ്ടായിരിക്കും.
***
SK