Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഝാര്‍ഖണ്ഡിലെ ഹസാരിബാഗില്‍ വിവിധ പദ്ധതികളുടെ തറക്കല്ലിടല്‍, ഉദ്ഘാടനം, സമര്‍പ്പണം എന്നിവ നിര്‍വഹിച്ച് പ്രധാനമന്ത്രി നടത്തിയ പ്രസംഗം

ഝാര്‍ഖണ്ഡിലെ ഹസാരിബാഗില്‍ വിവിധ പദ്ധതികളുടെ തറക്കല്ലിടല്‍, ഉദ്ഘാടനം, സമര്‍പ്പണം എന്നിവ നിര്‍വഹിച്ച് പ്രധാനമന്ത്രി നടത്തിയ പ്രസംഗം


ബഹുമാനപ്പെട്ട ഝാര്‍ഖണ്ഡ് ഗവര്‍ണര്‍, ശ്രീ സന്തോഷ് ഗാംഗ്‌വാര്‍ ജി, കേന്ദ്രമന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകന്‍ ശ്രീ ജുവല്‍ ഒറാം ജി,  മന്ത്രിയും ഈ നാടിന്റെ പുത്രിയുമായ അന്നപൂര്‍ണാദേവി ജി, സഞ്ജയ് സേഠ് ജി, ശ്രീ ദുര്‍ഗാദാസ് യുയ്‌കെ ജി, ഈ മണ്ഡലത്തില്‍ നിന്നുള്ള എംപി ശ്രീ. മനീഷ് ജയ്‌സ്വാള്‍ ജി, ജനപ്രതിനിധികളേ, ഇവിടെ സന്നിഹിതരായ എന്റെ സഹോദരീസഹോദരന്മാരേ!

ഇന്ന്, ഝാര്‍ഖണ്ഡിന്റെ വികസന യാത്രയുടെ ഭാഗമാകാനുള്ള അവസരം എനിക്ക് ഒരിക്കല്‍ കൂടി ലഭിച്ചിരിക്കുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഞാന്‍ ജംഷഡ്പൂര്‍ സന്ദര്‍ശിച്ചിരുന്നു. ഝാര്‍ഖണ്ഡിന് വേണ്ടി നൂറുകണക്കിന് കോടി രൂപയുടെ വികസന പദ്ധതികള്‍ ജംഷഡ്പൂരില്‍ നിന്ന് ഞാന്‍ ഉദ്ഘാടനം ചെയ്തു. പ്രധാനമന്ത്രി ആവാസ് യോജനയ്ക്ക് കീഴില്‍ ഝാര്‍ഖണ്ഡിലെ ദരിദ്രരായ ആയിരക്കണക്കിന് ആളുകള്‍ക്ക് സ്വന്തമായി സ്ഥിരമായ വീട് ലഭിച്ചു. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഞാന്‍ വീണ്ടും ഇവിടെയെത്തി. ഇന്ന് ഝാര്‍ഖണ്ഡില്‍ 80,000 കോടി രൂപയുടെ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യപ്പെടുകയോ തറക്കല്ലിടുകയോ ചെയ്തിട്ടുണ്ട്. ഈ പദ്ധതികള്‍ ആദിവാസി സമൂഹത്തിന്റെ ക്ഷേമവും ഉന്നമനവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ പദ്ധതികള്‍ രാജ്യത്തുടനീളമുള്ള ആദിവാസി സമൂഹത്തിന് ഭാരത സര്‍ക്കാര്‍ നല്‍കുന്ന മുന്‍ഗണനയുടെ തെളിവാണ്. ഈ വികസന സംരംഭങ്ങള്‍ക്ക് ഝാര്‍ഖണ്ഡിലെ എല്ലാ ജനങ്ങള്‍ക്കും മുഴുവന്‍ രാജ്യത്തിനും ഞാന്‍ എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങള്‍ അറിയിക്കുന്നു.

സുഹൃത്തുക്കളേ,

ഇന്ന് ആദരണീയ ബാപ്പു മഹാത്മാഗാന്ധിയുടെ ജന്മദിനമാണ്. ആദിവാസി വികസനത്തിനായുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടും ആശയങ്ങളും നമുക്ക് ഒരു നിധിയാണ്. ആദിവാസി സമൂഹം അതിവേഗം പുരോഗമിക്കുമ്പോള്‍ മാത്രമേ ഭാരതത്തിന്റെ വികസനം കൈവരിക്കാനാകൂ എന്ന് ഗാന്ധിജി വിശ്വസിച്ചിരുന്നു. ഇന്ന് നമ്മുടെ സര്‍ക്കാര്‍ ആദിവാസി സമൂഹത്തിന്റെ ഉന്നമനത്തില്‍ എന്നത്തേക്കാളും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. ധര്‍ത്തി ആബ ജന്‍ജാതിയ ഗ്രാം ഉത്കര്‍ഷ് അഭിയാന്‍ എന്ന ഒരു പ്രധാന പരിപാടി ഞാന്‍ ഇപ്പോള്‍ ആരംഭിച്ചു. ഏകദേശം 80,000 കോടി രൂപ ഈ പദ്ധതിക്കായി ചെലവഴിക്കും. 550 ജില്ലകളിലായി 63,000 ആദിവാസി ഭൂരിപക്ഷ ഗ്രാമങ്ങളുടെ വികസനം ധര്‍ത്തി ആബ ജന്‍ജാതിയ ഗ്രാം ഉത്കര്‍ഷ് അഭിയാന് കീഴില്‍ നടപ്പിലാക്കും. ഈ ഗോത്രവര്‍ഗ ആധിപത്യ ഗ്രാമങ്ങളിലെ സാമൂഹികസാമ്പത്തിക സാഹചര്യങ്ങളും ജീവിത നിലവാരവും മെച്ചപ്പെടുത്താന്‍ ശ്രമിക്കും. ഈ സംരംഭം രാജ്യത്തുടനീളമുള്ള എന്റെ 5 കോടിയിലധികം ആദിവാസി സഹോദരങ്ങള്‍ക്ക് പ്രയോജനപ്പെടും. ഝാര്‍ഖണ്ഡിലെ ആദിവാസി സമൂഹവും ഈ സംരംഭത്തില്‍ നിന്ന് കാര്യമായ നേട്ടങ്ങള്‍ കൊയ്യും.

സുഹൃത്തുക്കളേ,

ഭഗവാന്‍ ബിര്‍സ മുണ്ടയുടെ നാട്ടില്‍ നിന്ന് ധര്‍തി ആബ ജന്‍ജാതിയ ഗ്രാം ഉത്കര്‍ഷ് അഭിയാന്‍ ആരംഭിക്കുന്നതില്‍ ഞാന്‍ സന്തുഷ്ടനാണ്. ഭഗവാന്‍ ബിര്‍സ മുണ്ടയുടെ ജന്മദിനത്തില്‍ പ്രധാനമന്ത്രി ജന്‍മാന്‍ യോജന ഝാര്‍ഖണ്ഡിലും ആരംഭിച്ചു. അടുത്ത മാസം, നവംബര്‍ 15ന് ജനജാതീയ ഗൗരവ് ദിവസ് (ആദിവാസികളുടെ അഭിമാന ദിനം) ന് ഞങ്ങള്‍ പ്രധാനമന്ത്രി ജന്‍മന്‍ യോജനയുടെ ഒന്നാം വാര്‍ഷികം ആഘോഷിക്കും. ഒരു കാലത്ത് ആരും ശ്രദ്ധിക്കാതിരുന്ന ആദിവാസി മേഖലകളില്‍ പ്രധാനമന്ത്രി ജന്‍മന്‍ യോജനയിലൂടെ വികസനം എത്തുകയാണ്. ഇന്ന് പ്രധാനമന്ത്രിജന്‍മാന്‍ യോജനയ്ക്ക് കീഴില്‍ ഏകദേശം 1,300 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളും ഉദ്ഘാടനം ചെയ്തു. ഏറ്റവും പിന്നോക്കം നില്‍ക്കുന്ന ഈ ആദിവാസി മേഖലകളില്‍ ജീവിതം മെച്ചപ്പെടുത്തുന്നതിനായി വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, റോഡ് സൗകര്യങ്ങള്‍ എന്നിവ  ഈ പദ്ധതിക്ക് കീഴില്‍ നിര്‍മ്മിക്കും.

സഹോദരീ സഹോദരന്മാരേ,

വെറും ഒരു വര്‍ഷത്തിനുള്ളില്‍, പ്രധാനമന്ത്രി ജന്‍മന്‍ യോജന ഝാര്‍ഖണ്ഡില്‍ നിരവധി നാഴികക്കല്ലുകള്‍ കൈവരിച്ചു. ഏറ്റവും പിന്നാക്കം നില്‍ക്കുന്ന 950ലധികം ഗ്രാമങ്ങളില്‍ എല്ലാ വീടുകളിലും വെള്ളം എത്തിക്കുന്നതിനുള്ള ദൗത്യം പൂര്‍ത്തിയായി. സംസ്ഥാനത്ത് 35 വന്‍ധന്‍ വികാസ് കേന്ദ്രങ്ങള്‍ക്കും അംഗീകാരം ലഭിച്ചു. കൂടാതെ, വിദൂര ആദിവാസി മേഖലകളെ മൊബൈല്‍ കണക്റ്റിവിറ്റിയുമായി ബന്ധിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. ഈ വികസനം, ഈ മാറ്റം, നമ്മുടെ ആദിവാസി സമൂഹത്തിന് പുരോഗതിക്ക് തുല്യ അവസരങ്ങള്‍ നല്‍കും. 

സുഹൃത്തുക്കളേ,

യുവാക്കള്‍ക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസ അവസരങ്ങള്‍ നല്‍കുമ്പോള്‍ നമ്മുടെ ആദിവാസി സമൂഹം പുരോഗമിക്കും. ആദിവാസി മേഖലകളില്‍ ഏകലവ്യ റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ നിര്‍മ്മിക്കുക എന്ന ദൗത്യത്തില്‍ നമ്മുടെ ഗവണ്‍മെന്റ് ശുഷ്‌കാന്തിയോടെ പ്രവര്‍ത്തിക്കുന്നു. ഇന്ന് ഇവിടെ നിന്ന് 40 ഏകലവ്യ റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ ഉദ്ഘാടനം ചെയ്തു. 25 പുതിയ ഏകലവ്യ സ്‌കൂളുകള്‍ക്കും തറക്കല്ലിട്ടു. ആധുനിക സൗകര്യങ്ങളോടെ സജ്ജീകരിച്ചിട്ടുണ്ടെന്നും ഉയര്‍ന്ന നിലവാരമുള്ള വിദ്യാഭ്യാസം വാഗ്ദാനം ചെയ്യുന്നുണ്ടെന്നും ഉറപ്പാക്കാന്‍ ഓരോ സ്‌കൂളിന്റെയും ബജറ്റ് ഞങ്ങള്‍ ഇരട്ടിയാക്കി.

സഹോദരീ സഹോദരന്മാരേ,

ശരിയായ ശ്രമങ്ങള്‍ നടത്തുമ്പോള്‍, ശരിയായ ഫലങ്ങള്‍ പിന്തുടരുന്നു. നമ്മുടെ ആദിവാസി യുവാക്കള്‍ പുരോഗതി കൈവരിക്കുമെന്നും അവരുടെ കഴിവുകളില്‍ നിന്ന് രാഷ്ട്രത്തിന് പ്രയോജനം ലഭിക്കുമെന്നും ഞാന്‍ വിശ്വസിക്കുന്നു.

സുഹൃത്തുക്കളേ,

ഇവിടെ നിന്ന് 34 കിലോമീറ്റര്‍ അകലെയുള്ള ആദിവാസി സമൂഹത്തിന്റെ ഒരു വലിയ മേളയിലേക്ക് ഞാന്‍ ഉടന്‍ പോകുമെന്നതിനാല്‍ ഞാന്‍ ഇവിടെ ഒരു നീണ്ട പ്രസംഗം നടത്താന്‍ പോകുന്നില്ല. ഞാന്‍ എന്റെ ഹൃദയം തുറന്നു സംസാരിക്കും, ഞാന്‍ ആവേശത്തോടെ സംസാരിക്കും. അതിനാല്‍, ഈ ഗവണ്‍മെന്റ്  പരിപാടിയുടെ മര്യാദ മാനിച്ച് ഞാന്‍ ഈ പ്രസംഗം അധികനേരം നടത്തില്ല. എന്നാലും, ഇത്തരമൊരു ഗവണ്‍മെന്റ് പരിപാടിയില്‍ പോലും ഇത്രയധികം ആളുകള്‍ കൂടിയാല്‍, ഓ… പരിപാടി ഗംഭീരമായിരുന്നു’ എന്ന് പറയും. എന്നാല്‍ ഇത് ഗവണ്‍മെന്റ് പരിപാടിക്കുള്ള ഒരു ചെറിയ ക്രമീകരണം മാത്രമായിരുന്നു; വലിയ സംഭവം ഉടന്‍ സംഭവിക്കും. ഈ പരിപാടി ഇത്രയും വലുതാണെങ്കില്‍, മറ്റേ പരിപാടി എത്ര ഗംഭീരമാകുമെന്ന് സങ്കല്‍പ്പിക്കുക. ഇന്ന്, ഞാന്‍ ഇറങ്ങിയ ഉടന്‍, ജാര്‍ഖണ്ഡിലെ എന്റെ സഹോദരീസഹോദരന്മാരുടെ അതിശയകരമായ സ്‌നേഹവും പിന്തുണയും ഞാന്‍ കണ്ടു. ഈ സ്‌നേഹവും അനുഗ്രഹവും ആദിവാസി സമൂഹത്തെ ഇനിയും കൂടുതല്‍ സേവിക്കാന്‍ എനിക്ക് ശക്തി നല്‍കും. ഈ മനോഭാവത്തോടെ, ഒരിക്കല്‍ കൂടി, ഈ വികസന പ്രവര്‍ത്തനങ്ങളില്‍ ഞാന്‍ നിങ്ങളെ എല്ലാവരെയും അഭിനന്ദിക്കുന്നു, കൂടാതെ ഞാന്‍ നിങ്ങള്‍ക്ക് വളരെ നന്ദി പറയുന്നു. നിങ്ങള്‍ എല്ലാവരും തീര്‍ച്ചയായും അവിടെ വരുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു, ഇനിയും നിരവധി വിഷയങ്ങളെക്കുറിച്ച് സംസാരിക്കാന്‍ എനിക്ക് അവസരം ലഭിക്കും.

ജയ് ജോഹര്‍!

****