പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സെപ്റ്റംബര്‍ 20 ന് മഹാരാഷ്ട്രയിലെ വാര്‍ധ സന്ദര്‍ശിക്കും. പിഎം വിശ്വകര്‍മ്മയുടെ കീഴിലുണ്ടായ ഒരു വര്‍ഷത്തെ പുരോഗതി അടയാളപ്പെടുത്തുന്ന ദേശീയ പി.എം വിശ്വകര്‍മ്മ പരിപാടിയില്‍ അദ്ദേഹം പങ്കെടുക്കും.
പി.എം. വിശ്വകര്‍മ്മ ഗുണഭോക്താക്കള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളും വായ്പകളും പരിപാടിയില്‍ പ്രധാനമന്ത്രി വിതരണം ചെയ്യും. ഈ പദ്ധതിക്ക് കീഴില്‍ കരകൗശലത്തൊഴിലാളികള്‍ക്ക് നല്കുന്ന വ്യക്തമായ പിന്തുണയുടെ പ്രതീകമായി 18 ട്രേഡുകളിലുള്ള 18 ഗുണഭോക്താക്കള്‍ക്ക് പി.എം വിശ്വകര്‍മ്മക്ക് കീഴിലെ വായ്പയും അദ്ദേഹം വിതരണം ചെയ്യും. അവരുടെ പൈതൃകത്തിനും സമൂഹത്തിനുള്ള ശാശ്വതമായ സംഭാവനകള്‍ക്കുമുള്ള ആദരസൂചകമായി, പി.എം വിശ്വകര്‍മ്മയുടെ കീഴിലുണ്ടായ പുരോഗതിയുടെ ഒരു വര്‍ഷം അടയാളപ്പെടുത്തുന്ന ഒരു സ്മരണിക സ്റ്റാമ്പും അദ്ദേഹം പുറത്തിറക്കും.
മഹാരാഷ്ട്രയിലെ അമരാവതിയില്‍ പി.എം. മെഗാ ഇന്റഗ്രേറ്റഡ് ടെക്സ്റ്റൈല്‍ റീജിയണുകളുടെയും അപ്പാരല്‍ (പി.എം മിത്ര) പാര്‍ക്കിന്റെയും തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിക്കും. 1000 ഏക്കറിലുള്ള പാര്‍ക്ക് മഹാരാഷ്ട്ര ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷനെ (എം.ഐ.ഡി.സി) സംസ്ഥാന നടത്തിപ്പ് ഏജന്‍സിയാക്കിയാണ് വികസിപ്പിക്കുന്നത്. ടെക്സ്റ്റൈല്‍ വ്യവസായത്തിനായി 7 പി.എം. മിത്ര പാര്‍ക്കുകള്‍ സ്ഥാപിക്കുന്നതിന് കേന്ദ്ര ഗവണ്മെന്റ് അംഗീകാരം നല്‍കിയിരുന്നു. ടെക്സ്റ്റൈല്‍ നിര്‍മ്മാണത്തിന്റെയും കയറ്റുമതിയുടെയും ആഗോള കേന്ദ്രമായി ഇന്ത്യയെ മാറ്റുക എന്ന കാഴ്ചപ്പാട് സാക്ഷാത്കരിക്കുന്നതിനുള്ള ഒരു പ്രധാന ചുവടുവയ്പാണ് പി.എം മിത്ര പാര്‍ക്കുകള്‍. നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്. ഡി.ഐ) ഉള്‍പ്പെടെ വലിയ തോതിലുള്ള നിക്ഷേപം ആകര്‍ഷിക്കാനും ഈ മേഖലയിലെ നൂതനാശയവും തൊഴിലവസരങ്ങളും പ്രോത്സാഹിപ്പിക്കാനും കഴിയുന്ന ലോകോത്തര വ്യാവസായിക അടിസ്ഥാന സൗകര്യങ്ങള്‍ സൃഷ്ടിക്കാന്‍ ഇത് സഹായിക്കും.
മഹാരാഷ്ട്ര ഗവണ്മെന്റിന്റെ ”ആചാര്യ ചാണക്യ നൈപുണ്യ വികസന കേന്ദ്രം” പദ്ധതിയും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. വിവിധ തൊഴില്‍ അവസരങ്ങള്‍ പ്രാപ്യമാകുന്നതിന് യോഗ്യരാക്കുന്നതിനായി 15 നും 45 നും ഇടയില്‍ പ്രായമുള്ള യുവജനങ്ങള്‍ക്ക് പരിശീലനം നല്‍കുന്നതിനായി സംസ്ഥാനത്തെ പ്രശസ്തമായ കോളേജുകളില്‍ നൈപുണ്യ വികസന പരിശീലന കേന്ദ്രങ്ങള്‍ സ്ഥാപിക്കും. പ്രതിവര്‍ഷം സംസ്ഥാനത്തുടനീളമുള്ള 1,50,000 യുവജനങ്ങള്‍ക്ക് സൗജന്യ നൈപുണ്യ വികസന പരിശീലനം നല്‍കും.
”പുണ്യശ്ലോക് അഹല്യദേവി ഹോള്‍ക്കര്‍ വനിതാ സ്റ്റാര്‍ട്ടപ്പ് പദ്ധതി”യുംപ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. പദ്ധതിക്ക് കീഴില്‍, മഹാരാഷ്ട്രയിലെ സ്ത്രീകള്‍ നയിക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രാരംഭ ഘട്ട പിന്തുണ നല്‍കും. 25 ലക്ഷം രൂപ വരെ ധനസഹായം ലഭ്യമാക്കും. ഈ പദ്ധതിക്ക് കീഴിലുള്ള മൊത്തം വ്യവസ്ഥകളുടെ 25% ഗവണ്മെന്റ് നിര്‍ദ്ദേശിച്ചപ്രകാരമുള്ള പിന്നാക്ക വിഭാഗങ്ങളിലെയും സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന വിഭാഗങ്ങളിലെയും സ്ത്രീകള്‍ക്കായി സംവരണം ചെയ്യും. സ്ത്രീകള്‍ നേതൃത്വം നല്കുന്ന സ്റ്റാര്‍ട്ടപ്പുകളെ സ്വാശ്രയവും സ്വതന്ത്രവുമാക്കാന്‍ ഇത് സഹായിക്കും.