പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് തൂത്തുക്കുടി അന്താരാഷ്ട്ര കണ്ടെയ്നർ ടെർമിനലിൻ്റെ ഉദ്ഘാടനത്തെ വീഡിയോ സന്ദേശത്തിലൂടെ അഭിസംബോധന ചെയ്തു. വികസിത രാഷ്ട്രമായി മാറുന്നതിനുള്ള ഇന്ത്യയുടെ പ്രയാണത്തിലെ സുപ്രധാന നാഴികക്കല്ല് ഇന്ന് അടയാളപ്പെടുത്തുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. പുതിയ തൂത്തുക്കുടി അന്താരാഷ്ട്ര കണ്ടെയ്നർ ടെർമിനലിനെ ‘ഇന്ത്യയുടെ സമുദ്ര അടിസ്ഥാന lസൗകര്യത്തിന്റെ പുതിയ നക്ഷത്രം’ എന്ന് അദ്ദേഹം വിശേഷിപ്പിച്ചു. വി. ഓ. ചിദംബരനാർ തുറമുഖത്തിന്റെ ശേഷി വികസിപ്പിക്കുന്നതിൽ അതിൻ്റെ പങ്ക് ഇത് എടുത്തു കാട്ടുന്നതായും പ്രധാനമന്ത്രി പറഞ്ഞു. “14 മീറ്ററിൽ കൂടുതൽ ആഴത്തിലുള്ള ഡ്രാഫ്റ്റും 300 മീറ്ററിലധികം നീളമുള്ള ബെർത്തും ഉള്ള ഈ ടെർമിനൽ വി. ഓ.ചിദംബരനാർ തുറമുഖത്തിന്റെ ശേഷി വർധിപ്പിക്കുന്നതിൽ നിർണായക പങ്ക് വഹിക്കും” – പ്രധാനമന്ത്രി പറഞ്ഞു. പുതിയ ടെർമിനൽ, തുറമുഖത്തെ ലോജിസ്റ്റിക് ചെലവ് കുറയ്ക്കുമെന്നും ഇന്ത്യക്ക് വിദേശനാണ്യം ലാഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തമിഴ്നാട്ടിലെ ജനങ്ങളെ അഭിനന്ദിച്ച അദ്ദേഹം,രണ്ട് വർഷം മുമ്പ് അദ്ദേഹത്തിൻ്റെ സന്ദർശനവേളയിൽ തുടങ്ങിയ വി.ഒ.സി തുറമുഖവുമായി ബന്ധപ്പെട്ട നിരവധി പദ്ധതികൾ അനുസ്മരിച്ചു. പദ്ധതി വേഗത്തിൽ പൂർത്തിയാക്കിയതിൽ അദ്ദേഹം സംതൃപ്തി രേഖപ്പെടുത്തി. ടെർമിനലിൻ്റെ പ്രധാന നേട്ടങ്ങളിലൊന്ന് ലിംഗ വൈവിധ്യത്തോടുള്ള പ്രതിബദ്ധതയാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ഇവിടുത്തെ 40% ജീവനക്കാരും സ്ത്രീകളാണ്; ഇത് സമുദ്രമേഖലയിൽ സ്ത്രീകൾ നയിക്കുന്ന വികസനത്തിൻ്റെ പ്രതീകമാണ്.
ഇന്ത്യയുടെ സാമ്പത്തിക വളർച്ചയെ നയിക്കുന്നതിൽ തമിഴ്നാടിൻ്റെ തീരപ്രദേശം വഹിച്ച സുപ്രധാന പങ്ക് ഉയർത്തിക്കാട്ടി, “മൂന്ന് പ്രധാന തുറമുഖങ്ങളും പതിനേഴു ചെറിയ തുറമുഖങ്ങളും ഉള്ളതിനാൽ, തമിഴ്നാട് സമുദ്ര വ്യാപാരത്തിൻ്റെ പ്രധാന കേന്ദ്രമായി മാറിയിരിക്കുന്നു” എന്ന് ശ്രീ മോദി അഭിപ്രായപ്പെട്ടു. തുറമുഖ അധിഷ്ഠിത നേതൃത്വത്തിലുള്ള വികസനം കൂടുതൽ ഉത്തേജിപ്പിക്കുന്നതിനായി, ഔട്ടർ ഹാർബർ കണ്ടെയ്നർ ടെർമിനലിൻ്റെ വികസനത്തിന് ഇന്ത്യ 7,000 കോടി രൂപയിലധികം നിക്ഷേപിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വി.ഒ.സി.യുടെ ശേഷി വർധന തുടരുന്നതായും അദ്ദേഹം പറഞ്ഞു . “ഇന്ത്യയുടെ സമുദ്ര വികസനത്തിൽ ഒരു പുതിയ അധ്യായം രചിക്കാൻ വി.ഒ.സി. തുറമുഖം തയ്യാറാണ്”- ശ്രീ മോദി പറഞ്ഞു.
അടിസ്ഥാനസൗകര്യ വികസനത്തിനപ്പുറമുള്ള ഇന്ത്യയുടെ വിശാലമായ സമുദ്ര ദൗത്യത്തെക്കുറിച്ച് ശ്രീ മോദി സംസാരിച്ചു. “ഇന്ത്യ ലോകത്തിന് സുസ്ഥിരവും പുരോഗമനപരവുമായ വികസനത്തിലേക്കുള്ള പാത കാണിച്ചുകൊടുക്കുകയാണ്” – അദ്ദേഹം ചൂണ്ടിക്കാട്ടി. ഹരിത ഹൈഡ്രജൻ ഹബ്ബായും കടലിലെ കാറ്റിൽ നിന്നുള്ള ഊർജത്തിനുള്ള നോഡൽ തുറമുഖമായും വി.ഒ.സി. തുറമുഖത്തെ അംഗീകരിക്കുന്നു. കാലാവസ്ഥാ വ്യതിയാനത്തിൻ്റെ ആഗോള വെല്ലുവിളികളെ നേരിടുന്നതിൽ ഈ സംരംഭങ്ങൾ ഒരു പ്രധാന പങ്ക് വഹിക്കും.
“നൂതനാശയവും സഹകരണവുമാണ് ഇന്ത്യയുടെ വികസന യാത്രയിലെ ഏറ്റവും വലിയ ശക്തി”- ടെർമിനലിൻ്റെ ഉദ്ഘാടനം കൂട്ടായ ശക്തിയുടെ തെളിവാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ആഗോള വ്യാപാരത്തിൽ രാജ്യത്തിൻ്റെ സ്ഥാനം ശക്തിപ്പെടുത്തുന്ന റോഡ്വേകൾ, ഹൈവേകൾ, ജലപാതകൾ, വ്യോമ പാതകൾ എന്നിവയുടെ വിശാലമായ ശൃംഖലയുമായി ഇന്ത്യ ഇപ്പോൾ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ശ്രീ മോദി പറഞ്ഞു.”ആഗോള വിതരണ ശൃംഖലയിൽ ഇന്ത്യ പ്രധാന പങ്കാളിയായി മാറുകയാണ്. ഈ വളരുന്ന ശേഷിയാണ് നമ്മുടെ സാമ്പത്തിക വളർച്ചയുടെ അടിത്തറ” – പ്രധാനമന്ത്രി പറഞ്ഞു. ഈ മുന്നേറ്റം ഉടൻ തന്നെ ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി ഇന്ത്യയെ മാറ്റുമെന്നും ഈ വളർച്ചയെ നയിക്കുന്നതിൽ തമിഴ്നാട് നിർണായക പങ്ക് വഹിക്കുന്നുണ്ടെന്നും പ്രത്യാശ പ്രകടിപ്പിച്ച് ശ്രീ മോദി ഉപസംഹരിച്ചു.
Sharing my remarks during inauguration of new international container terminal at Thoothukudi port.https://t.co/MSYb6KQBjY
— Narendra Modi (@narendramodi) September 16, 2024
Sharing my remarks during inauguration of new international container terminal at Thoothukudi port.https://t.co/MSYb6KQBjY
— Narendra Modi (@narendramodi) September 16, 2024