ദേശീയ അധ്യാപക പുരസ്കാരം ലഭിച്ച അധ്യാപകരുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ലോക് കല്യാൺ മാർഗിലെ തന്റെ ഏഴാം നമ്പർ വസതിയിൽ ഇന്ന് രാവിലെ ആശയവിനിമയം നടത്തി.
പുരസ്കാരജേതാക്കൾ അധ്യാപന അനുഭവം പ്രധാനമന്ത്രിയുമായി പങ്കുവച്ചു. പഠനം കൂടുതൽ രസകരമാക്കാൻ അവർ ഉപയോഗിക്കുന്ന വിദ്യകളെക്കുറിച്ചും സംസാരിച്ചു. സ്ഥിരം അധ്യാപന ജോലികൾക്കൊപ്പം സാമൂഹ്യപ്രവർത്തനങ്ങൾ ചെയ്യുന്നതിന്റെ ഉദാഹരണങ്ങളും അവർ പങ്കുവച്ചു. അധ്യാപകരുമായി സംവദിച്ച പ്രധാനമന്ത്രി, അധ്യാപന നൈപുണ്യത്തോടുള്ള അവരുടെ അർപ്പണബോധത്തെ അഭിനന്ദിച്ചു. വർഷങ്ങളായി അവർ പ്രകടിപ്പിച്ച ശ്രദ്ധേയമായ ഉത്സാഹത്തെയാണ് അവാർഡുകളിലൂടെ അംഗീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ദേശീയ വിദ്യാഭ്യാസ നയത്തിന്റെ സ്വാധീനത്തെക്കുറിച്ച് പ്രധാനമന്ത്രി ചർച്ച ചെയ്യുകയും, മാതൃഭാഷയിൽ വിദ്യാഭ്യാസം നേടുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് പരാമർശിക്കുകയും ചെയ്തു. വിദ്യാർത്ഥികൾക്ക് വിവിധ ഭാഷകളിൽ പ്രാദേശിക നാടോടിക്കഥകൾ പഠിപ്പിക്കാൻ അധ്യാപകർക്ക് കഴിയുമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. അതിലൂടെ വിദ്യാർത്ഥികൾക്ക് ഒന്നിലധികം ഭാഷകൾ പഠിക്കാനും ഇന്ത്യയുടെ ഊർജസ്വല സംസ്കാരത്തെ പരിചയപ്പെടാനും കഴിയും.
ഇന്ത്യയുടെ വൈവിധ്യം അനാവരണം ചെയ്യുന്നതിനായി അധ്യാപകർക്ക് വിദ്യാർത്ഥികളുമായി പഠനയാത്ര പോകാമെന്നു പ്രധാനമന്ത്രി പറഞ്ഞു, അത് അവരുടെ പഠനത്തെ സഹായിക്കുകയും രാജ്യത്തെക്കുറിച്ച് സമഗ്രമായി മനസിലാക്കാൻ സഹായിക്കുകയും ചെയ്യും. ഇത് വിനോദസഞ്ചാരത്തെ ഉത്തേജിപ്പിക്കുമെന്നും, പ്രാദേശിക സമ്പദ്വ്യവസ്ഥയ്ക്ക് ഉണർവ് നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പുരസ്കാരം ലഭിച്ച അധ്യാപകർ സമൂഹമാധ്യമങ്ങളിലൂടെ പരസ്പരം ബന്ധപ്പെടുകയും അവരുടെ മികച്ച സമ്പ്രദായങ്ങൾ പങ്കിടുകയും വേണമെന്ന് പ്രധാനമന്ത്രി നിർദ്ദേശിച്ചു.
അധ്യാപകർ രാഷ്ട്രത്തിന് വളരെ പ്രധാനപ്പെട്ട സേവനമാണ് ചെയ്യുന്നതെന്നും ഇന്നത്തെ യുവാക്കളെ വികസിത ഭാരതത്തിനായി തയ്യാറാക്കേണ്ട ഉത്തരവാദിത്വം അവരുടെ കൈകളിലാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
പശ്ചാത്തലം
പ്രതിബദ്ധതയിലൂടെയും കഠിനാധ്വാനത്തിലൂടെയും വിദ്യാഭ്യാസ മേഖലയുടെ ഗുണനിലവാരം മെച്ചപ്പെടുത്തുക മാത്രമല്ല, വിദ്യാർത്ഥികളുടെ ജീവിതം സമ്പന്നമാക്കുകയും ചെയ്ത രാജ്യത്തെ ഏറ്റവും മികച്ച അധ്യാപകരുടെ അതുല്യമായ സംഭാവനകളെ ആഘോഷിക്കുകയും ആദരിക്കുകയും ചെയ്യുക എന്നതാണ് ദേശീയ അധ്യാപക പുരസ്കാരങ്ങളുടെ ലക്ഷ്യം. സ്കൂൾ വിദ്യാഭ്യാസ-സാക്ഷരതാ വകുപ്പ് തെരഞ്ഞെടുത്ത 50 അധ്യാപകരും ഉന്നത വിദ്യാഭ്യാസ വകുപ്പിൽ നിന്നുള്ള 16 അധ്യാപകരും, നൈപുണ്യ വികസന-സംരംഭകത്വ മന്ത്രാലയം തെരഞ്ഞെടുത്ത 16 അധ്യാപകരും ഉൾപ്പെടുന്ന 82 അധ്യാപകർക്കാണ് ഈ വർഷത്തെ പുരസ്കാരം.
****