Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രാജസ്ഥാനിലെ ജോധ്പുരില്‍ രാജസ്ഥാന്‍ ഹൈക്കോടതിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷ സമാപനച്ചടങ്ങിനെ അഭിസംബോധന ചെയ്തു

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രാജസ്ഥാനിലെ ജോധ്പുരില്‍ രാജസ്ഥാന്‍ ഹൈക്കോടതിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷ സമാപനച്ചടങ്ങിനെ അഭിസംബോധന ചെയ്തു


ഇന്ന് രാജസ്ഥാനിലെ ജോധ്പൂരില്‍ നടന്ന രാജസ്ഥാന്‍ ഹൈക്കോടതിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ സമാപന ചടങ്ങിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. രാജസ്ഥാന്‍ ഹൈക്കോടതി മ്യൂസിയവും അദ്ദേഹം ഉദ്ഘാടനം ചെയ്തു

മഹാരാഷ്ട്രയില്‍ നിന്ന് പുറപ്പെടുന്ന സമയത്ത് മോശം കാലാവസ്ഥ കാരണം വേദിയിലെത്താന്‍ വൈകിയതിലുണ്ടായ അസൗകര്യത്തില്‍ ഖേദം പ്രകടിപ്പിച്ചാണ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്. രാജസ്ഥാന്‍ ഹൈക്കോടതിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷം പ്രകടിപ്പിച്ച അദ്ദേഹം ഇന്ത്യന്‍ ഭരണഘടന 75 വര്‍ഷം തികയാന്‍ പോകുന്ന സമയത്താണ് രാജസ്ഥാന്‍ ഹൈക്കോടതി 75 വര്‍ഷം പൂര്‍ത്തിയാക്കുന്നതെന്നും പറഞ്ഞു. അതിനാല്‍, നിരവധി മഹദ് വ്യക്തികളുടെ നീതിയും അഖണ്ഡതയും അര്‍പ്പണബോധവും ആഘോഷിക്കാനുള്ള അവസരമാണിതെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. ‘ഇന്നത്തെ പരിപാടി ഭരണഘടനയോടുള്ള രാജ്യത്തിന്റെ വിശ്വാസത്തിന്റെ ഉദാഹരണമാണ്’- നീതിയുടെ എല്ലാ പതാകവാഹകരെയും രാജസ്ഥാനിലെ ജനങ്ങളെയും ഈ അവസരത്തില്‍ അഭിനന്ദിച്ച്് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

രാജസ്ഥാന്‍ ഹൈക്കോടതിയുടെ നിലനില്‍പ്പ് ഇന്ത്യയുടെ ഐക്യത്തിന്റെ ചരിത്രവുമായി ബന്ധപ്പെട്ടതാണെന്ന് പ്രധാനമന്ത്രി അടിവരയിട്ടു. 500-ലധികം പ്രവിശ്യകളെ കൂട്ടിയിണക്കി ഐക്യത്തിന്റെ ഒരൊറ്റ നൂലില്‍ അതിനെ നെയ്‌തെടുത്ത് ഇന്ത്യയെ രൂപീകരിക്കാനുള്ള സര്‍ദാര്‍ വല്ലഭ് ഭായ് പട്ടേലിന്റെ ശ്രമങ്ങള്‍ അനുസ്മരിച്ച പ്രധാനമന്ത്രി, രാജസ്ഥാനിലെ വിവിധ നാട്ടുരാജ്യങ്ങളായ ജയ്പൂര്‍, ഉദയ്പൂര്‍, കോട്ട എന്നിവയ്ക്ക് അവയുടേതായ ഹൈക്കോടതികള്‍ ഉണ്ടായിരുന്നുവെന്നും അവ രാജസ്ഥാന്‍ ഹൈക്കോടതി സ്ഥാപിക്കുന്നതിനായി സംയോജിപ്പിച്ചിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി. ”ദേശീയ ഐക്യം ഇന്ത്യയുടെ നീതിന്യായ വ്യവസ്ഥയുടെ അടിത്തറയാണ്, അത് ശക്തിപ്പെടുത്തുന്നത് രാഷ്ട്രത്തെയും അതിന്റെ സംവിധാനങ്ങളെയും കൂടുതല്‍ ശക്തിപ്പെടുത്തും”- ശ്രീ മോദി അഭിപ്രായപ്പെട്ടു.

നീതി ലളിതവും വ്യക്തവുമാണെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. എന്നിരുന്നാലും, ചില സമയങ്ങളില്‍ നടപടിക്രമങ്ങള്‍ അതിനെ സങ്കീര്‍ണ്ണമാക്കുന്നു. നീതിയെ കഴിയുന്നത്ര ലളിതവും വ്യക്തവുമാക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തേണ്ടത് നമ്മുടെ കൂട്ടായ ഉത്തരവാദിത്വമാണെന്നും ശ്രീ മോദി കൂട്ടിച്ചേര്‍ത്തു. ഈ ദിശയില്‍ ചരിത്രപരവും നിര്‍ണായകവുമായ നിരവധി ശ്രമങ്ങള്‍ ഇന്ത്യ നടത്തിയതില്‍ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. അപ്രസക്തമായ പല കൊളോണിയല്‍ നിയമങ്ങളും ഗവണ്‍മെന്റ് റദ്ദാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്വാതന്ത്ര്യം ലഭിച്ച് പതിറ്റാണ്ടുകള്‍ക്ക് ശേഷം കൊളോണിയല്‍ ചിന്താഗതിയില്‍ നിന്ന് കരകയറിയ ഇന്ത്യ, ഇന്ത്യന്‍ ശിക്ഷാനിയമത്തിന് പകരമായി ഭാരതീയ ന്യായ സംഹിത സ്വീകരിച്ചതായി ശ്രീ മോദി ചൂണ്ടിക്കാട്ടി. ഭാരതീയ ന്യായ സംഹിത ഇന്ത്യന്‍ ചിന്തയുടെ അടിസ്ഥാനം കൂടിയായ ‘ശിക്ഷയ്ക്ക് പകരം നീതി’ എന്ന ആശയത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭാരതീയ ന്യായ സംഹിത മനുഷ്യ ചിന്തകളെ മുന്നോട്ട് നയിക്കുമെന്നും കൊളോണിയല്‍ ചിന്താഗതിയില്‍ നിന്ന് നമ്മെ മോചിപ്പിക്കുമെന്നും പ്രത്യാശ പ്രകടിപ്പിച്ച ശ്രീ മോദി, ഭാരതീയ ന്യായ സംഹിതയുടെ ചൈതന്യം കഴിയുന്നത്ര ഫലപ്രദമാക്കേണ്ടത് ഇപ്പോള്‍ നമ്മുടെ ഉത്തരവാദിത്വമാണെന്നും കൂട്ടിച്ചേര്‍ത്തു.

പത്താം സ്ഥാനത്ത് നിന്ന് ലോകത്തെ അഞ്ചാമത്തെ വലിയ സമ്പദ്വ്യവസ്ഥയിലേക്കുള്ള ഇന്ത്യയുടെ ഉയര്‍ച്ചയെ കുറിച്ച് പരാമര്‍ശിക്കവേ, കഴിഞ്ഞ ദശകത്തില്‍ രാജ്യം അതിവേഗം രൂപാന്തരപ്പെട്ടുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ‘ഇന്ന്, ഇന്ത്യയുടെ സ്വപ്നങ്ങള്‍ വലുതാണ്, പൗരന്മാരുടെ അഭിലാഷങ്ങള്‍ ഉയര്‍ന്നതാണ്’- പ്രധാനമന്ത്രി മോദി പറഞ്ഞു. പുതിയ ഇന്ത്യയുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് പുതിയ കണ്ടുപിടുത്തങ്ങളുടെയും സംവിധാനങ്ങളുടെ നവീകരണത്തിന്റെയും ആവശ്യകത അടിവരയിട്ട മോദി ‘എല്ലാവര്‍ക്കും നീതി’ കൈവരിക്കുന്നതിന് ഇത് ഒരുപോലെ പ്രധാനമാണെന്നും കൂട്ടിച്ചേര്‍ത്തു. ഇന്ത്യയുടെ നീതിന്യായ വ്യവസ്ഥയെ വിപ്ലവകരമായി മാറ്റുന്നതില്‍ സാങ്കേതികവിദ്യയുടെ പ്രധാന പങ്ക് എടുത്തുപറഞ്ഞ പ്രധാനമന്ത്രി ‘ഇ-കോടതികള്‍’ പദ്ധതിയുടെ ഉദാഹരണം നല്‍കുകയും ചെയ്തു. രാജ്യത്ത് ഇതുവരെ 18,000-ലധികം കോടതികള്‍ കമ്പ്യൂട്ടര്‍വത്കരിച്ചിട്ടുണ്ടെന്നും കോടതി വിഷയങ്ങളുമായി ബന്ധപ്പെട്ട 26 കോടിയിലധികം വിവരങ്ങള്‍ ദേശീയ നീതിന്യായ വിവരശൃംഖല വഴി കേന്ദ്രീകൃത ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമില്‍ ലഭ്യമാക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

3000ലധികം കോടതി സമുച്ചയങ്ങളെയും 1200-ലധികം ജയിലുകളെയും വിദൂര ദൃശ്യ സംവിധാന സൗകര്യങ്ങളുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് ശ്രീ മോദി അറിയിച്ചു. കടലാസ് രഹിത കോടതികള്‍, ഇ-ഫയലിംഗ്, ഇലക്ട്രോണിക് സമന്‍സ് സേവനം, വെര്‍ച്വല്‍ വിചാരണയ്ക്കുള്ള സൗകര്യങ്ങള്‍ എന്നിവയ്ക്ക് വഴിയൊരുക്കി ഈ ദിശയില്‍ നൂറുകണക്കിന് കോടതികള്‍ കംപ്യൂട്ടര്‍വത്കരിച്ച് രാജസ്ഥാന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ വേഗതയില്‍ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. മുന്‍കാലങ്ങളില്‍ കോടതി നടപടിക്രമങ്ങളില്‍ വന്നിരുന്ന കാലതാമസം ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, പൊതുജനങ്ങള്‍ക്കുമേലുണ്ടാകുന്ന ഭാരം ലഘൂകരിക്കാന്‍ രാഷ്ട്രം സ്വീകരിച്ച ഫലപ്രദമായ നടപടികള്‍ ഇന്ത്യയില്‍ നീതിക്ക് പുതിയ പ്രതീക്ഷകളേകിയെന്ന് അഭിപ്രായപ്പെട്ടു. രാഷ്ട്രത്തിന്റെ നീതിന്യായ വ്യവസ്ഥ തുടര്‍ച്ചയായി പരിഷ്‌കരിക്കുന്നതിലൂടെ ഈ പുതുപ്രതീക്ഷ നിലനിര്‍ത്തണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.

നൂറ്റാണ്ടുകള്‍ പഴക്കമുള്ള നമ്മുടെ മധ്യസ്ഥ പ്രക്രിയ സംവിധാനത്തെക്കുറിച്ച് താന്‍ മുന്‍പ് പല അവസരങ്ങളിലും തുടര്‍ച്ചയായി പരാമര്‍ശിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഇന്ന് രാജ്യത്ത് ചെലവ് കുറഞ്ഞതും വേഗത്തിലുള്ളതുമായ തീരുമാനങ്ങള്‍ക്കുള്ള ഒരു പ്രധാന മാര്‍ഗ്ഗമായി ”ബദല്‍ തര്‍ക്ക പരിഹാര സംവിധാനം” മാറിയെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ബദല്‍ തര്‍ക്ക സംവിധാനത്തിന്റെ ഈ നടപടിക്രമം രാജ്യത്ത് ജീവിതം സുഗമമാക്കുന്നതിനോടൊപ്പം നീതിയും സുഗമമാക്കുന്നത് പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിയമങ്ങള്‍ ഭേദഗതി ചെയ്തും പുതിയ വ്യവസ്ഥകള്‍ കൂട്ടിച്ചേര്‍ത്തും ഈ ദിശയില്‍ ഗവണ്‍മെന്റ് നിരവധി നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നതിന് പ്രധാനമന്ത്രി അടിവരയിട്ടു. നീതിന്യായ വ്യവസ്ഥയുടെ പിന്തുണയോടെ ഈ സംവിധാനങ്ങള്‍ കൂടുതല്‍ ശക്തമാകുമെന്ന പ്രത്യാശയും ശ്രീ മോദി പ്രകടിപ്പിച്ചു.

”ദേശീയ വിഷയങ്ങളില്‍ ജാഗരൂകരായിരിക്കുകയും സജീവമാകുകയും ചെയ്യുക എന്ന ധാര്‍മ്മിക ഉത്തരവാദിത്തം നീതിന്യായ വ്യവസ്ഥ തുടര്‍ച്ചയായി നിര്‍വ്വഹിക്കുന്നുണ്ട്”, പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ജമ്മു കശ്മീരിനായുള്ള അനുച്‌ഛേദം 370 റദ്ദാക്കിയത് ഇന്ത്യയുടെ ഏകീകരണത്തിന്റെ ഉത്തമ ഉദാഹരണമാണ് അവതരിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മാനുഷിക നിയമമായ സി.എ.എയെക്കുറിച്ച് പരാമര്‍ശിച്ച അദ്ദേഹം, കോടതിയുടെ തീരുമാനങ്ങള്‍ സ്വാഭാവിക നീതിയെക്കുറിച്ചുള്ള അവരുടെ നിലപാട് വ്യക്തമാക്കിയെന്നും പറഞ്ഞു. ‘രാജ്യം ആദ്യം’ എന്ന പ്രതിജ്ഞ സുപ്രിം കോടതിയും ഹൈക്കോടതികളും ശക്തിപ്പെടുത്തിയെന്നതിന് പ്രധാനമന്ത്രി ശ്രീ മോദി അടിവരയിട്ടു. ചുവപ്പുകോട്ടയില്‍ നിന്നുള്ള പ്രസംഗത്തിനിടെ പ്രധാനമന്ത്രി പരാമര്‍ശിച്ച മതേതര സിവില്‍ കോഡിനെക്കുറിച്ച് പരാമര്‍ശിച്ച അദ്ദേഹം, ഇൗ ഗവണ്‍മെന്റ് ഇപ്പോള്‍ വിഷയം ഉയര്‍ത്തിയെങ്കിലും, ഇന്ത്യയുടെ നീതിന്യായ വ്യവസ്ഥ എല്ലായ്‌പ്പോഴും അതിന് അനുകൂലമായി വാദിച്ചിരുന്നു. ദേശീയ ഐക്യത്തിന്റെ കാര്യങ്ങളിലെ കോടതിയുടെ നിലപാട് പൗരന്മാരില്‍ ആത്മവിശ്വാസം വളര്‍ത്തുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

സംയോജനം എന്ന വാക്ക് 21ാം നൂറ്റാണ്ടിലെ ഇന്ത്യയില്‍ ഒരു പ്രധാന പങ്ക് വഹിക്കാന്‍ പോകുന്നുവെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ”ഗതാഗത രീതികള്‍, വിവരങ്ങള്‍, ആരോഗ്യ സംവിധാനം എന്നിവയുടെ സംയോജനം – വെവ്വേറെ പ്രവര്‍ത്തിക്കുന്ന രാജ്യത്തെ എല്ലാ ഐ.ടി സംവിധാനങ്ങളും സംയോജിപ്പിക്കണം എന്നതാണ് നമ്മുടെ കാഴ്ചപ്പാട്. പോലീസ്, ഫോറന്‍സിക്, പ്രൊസസ് സര്‍വീസ് സംവിധാനങ്ങള്‍. ഇന്ത്യയുടെ പരമോന്നത നീതിപീഠം മുതല്‍ ജില്ലാ കോടതികള്‍ വരെ, എല്ലാം ഒന്നിച്ച് ചേര്‍ന്ന് പ്രവര്‍ത്തിക്കണം”, പ്രധാനമന്ത്രി ഉദ്ഘോഷിച്ചു. രാജസ്ഥാനിലെ എല്ലാ ജില്ലാ കോടതികളിലും ഇന്ന് ആരംഭിച്ച സംയോജന പദ്ധതിക്ക് അദ്ദേഹം ആശംസകളും അറിയിച്ചു.

ഇന്നത്തെ ഇന്ത്യയില്‍ പാവപ്പെട്ടവരുടെ ശാക്തീകരണത്തിന് സാങ്കേതിക വിദ്യയുടെ ഉപയോഗം പരീക്ഷിക്കപ്പെട്ട ഒരു സൂത്രമായി മാറുകയാണെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. കഴിഞ്ഞ 10 വര്‍ഷത്തിനിടെ നിരവധി ആഗോള ഏജന്‍സികളില്‍ നിന്നും സംഘടനകളില്‍ നിന്നും ഇന്ത്യക്ക് പ്രശംസ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡി.ബി.ടി (നേരിട്ടുള്ള ആനുകൂല്യ വിതരണം) മുതല്‍ യു.പി.ഐ വരെയുള്ള പല മേഖലകളിലും ഇന്ത്യ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്നതിനും ആഗോള മാതൃകയായി ഉയര്‍ന്നുവന്നിട്ടുണ്ടെന്നതിനും ശ്രീ മോദി ഊന്നല്‍ നല്‍കി. നീതിന്യായ വ്യവസ്ഥയിലും ഇതേ പരിജ്ഞാനങ്ങള്‍ നടപ്പാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സാങ്കേതികവിദ്യയും സ്വന്തം ഭാഷയില്‍ നിയമപരമായ രേഖകളുടെ പ്രാപ്യതയും ഈ ദിശയില്‍ പാവപ്പെട്ടവരെ ശാക്തീകരിക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗമായി മാറുമെന്നും ശ്രീ മോദി അഭിപ്രായപ്പെട്ടു. ദിശ എന്ന പേരില്‍ ഒരു നൂതന പരിഹാരമാര്‍ഗ്ഗത്തെ ഗവണ്‍മെന്റ് പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും ഈ സംഘടിതപ്രവര്‍ത്തനത്തെ സഹായിക്കാന്‍ നിയമ വിദ്യാര്‍ത്ഥികളെയും മറ്റ് നിയമ വിദഗ്ധരെയും ക്ഷണിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിയമപരമായ രേഖകളും വിധിന്യായങ്ങളും പ്രാദേശിക ഭാഷകളില്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതുണ്ടെന്നും പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ജുഡീഷ്യല്‍ രേഖകള്‍ 18 ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യാന്‍ കഴിയുന്ന ഒരു സോഫ്റ്റ്വെയറിന്റെ സഹായത്തോടെ ഇന്ത്യയുടെ സുപ്രീം കോടതി ഇതിനകം തന്നെ ഇത് ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം തുടര്‍ന്ന് കൂട്ടിച്ചേര്‍ത്തു. നീതിന്യായവ്യവസ്ഥ ഏറ്റെടുക്കുന്ന എല്ലാ അതുല്യമായ ശ്രമങ്ങളെയും ശ്രീ മോദി അഭിനന്ദിച്ചു.
നീതിന്യായം സുഗമമാക്കുന്നതിന് കോടതികള്‍ മുന്‍തൂക്കം നല്‍കുന്നത് തുടരുമെന്ന ആത്മവിശ്വാസവും പ്രധാനമന്ത്രി പ്രകടിപ്പിച്ചു. ”വികസിത ഭാരതത്തില്‍ എല്ലാവര്‍ക്കും ലളിതവും പ്രാപ്യമാക്കാനാകുന്നതും സുഗമവുമായ നീതി ഉറപ്പാക്കേണ്ടത് വളരെ പ്രധാനമാണ്, ശ്രീ മോദി ഉപസംഹരിച്ചു.

രാജസ്ഥാന്‍ ഗവര്‍ണര്‍ ശ്രീ ഹരിഭാവു ബഗഡെ, രാജസ്ഥാന്‍ മുഖ്യമന്ത്രി ശ്രീ ഭജന്‍ ലാല്‍ ശര്‍മ്മ, കേന്ദ്ര നിയമ-നീതി മന്ത്രി (സ്വതന്ത്ര ചുമതല) ശ്രീ അര്‍ജുന്‍ റാം മേഘ്വാള്‍, സുപ്രീം കോടതി ജസ്റ്റിസ്, ജസ്റ്റിസ് സഞ്ജീവ് ഖന്ന, രാജസ്ഥാന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജസ്റ്റിസ് മനീന്ദ്ര മോഹന്‍ ശ്രീവാസ്തവ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

*****

–NS–