Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

യോഗ പരിശീലിക്കുന്നവരെ പ്രധാനമന്ത്രി 2024 അന്താരാഷ്ട്ര യോഗ ദിനത്തിൽ ജമ്മു കശ്മീരിലെ ശ്രീനഗറിൽ ദാൽ തടാകത്തിൽ അഭിസംബോധന ചെയ്തു

യോഗ പരിശീലിക്കുന്നവരെ പ്രധാനമന്ത്രി 2024 അന്താരാഷ്ട്ര യോഗ ദിനത്തിൽ ജമ്മു കശ്മീരിലെ ശ്രീനഗറിൽ ദാൽ തടാകത്തിൽ അഭിസംബോധന ചെയ്തു


ഇന്ന് അന്താരാഷ്ട്ര യോഗാ ദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ദാൽ തടാകത്തിൽ ശ്രീനഗറിലെ പൗരന്മാരെ അഭിസംബോധന ചെയ്തു.

യോഗയോട് ജമ്മു കശ്മീരിലെ ജനങ്ങൾ കാണിക്കുന്ന ആവേശത്തിന്റെയും പ്രതിബദ്ധതയുടെയും ഇന്നത്തെ ദൃശ്യം ജനങ്ങളുടെ മനസ്സിൽ അനശ്വരമായി നിലനിൽക്കുമെന്ന് സദസിനെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. അന്താരാഷ്ട്ര യോഗാ ദിന പരിപാടി വൈകുകയും 2-3 ഭാഗങ്ങളായി നടത്തേണ്ടി വരികയും ചെയ്തെങ്കിലും, താപനില കുറഞ്ഞു പോകാൻ കാരണമായ, മഴയുള്ള കാലാവസ്ഥക്കു പോലും ജനങ്ങളുടെ ആവേശത്തെ തളർത്താനായില്ലെന്ന് അദ്ദേഹം അടിവരയിട്ടു. വ്യക്തിക്കും സമൂഹത്തിനുമുള്ള ഒരു സഹജവാസനയായി മാറുന്നതിൽ യോഗയുടെ പ്രാധാന്യം എടുത്തുകാണിച്ച ശ്രീ മോദി, യോഗ ദൈനംദിന ജീവിതവുമായി ബന്ധപ്പെടുത്തുകയും ലളിതമാവുകയും ചെയ്യുമ്പോൾ അതിന്റെ നേട്ടങ്ങൾ കൊയ്യാമെന്നും പറഞ്ഞു.

യോഗയുടെ ഭാഗമായ ധ്യാനത്തോട് ആത്മീയതയുടെ ഭാവം കൊണ്ട് സാധാരണക്കാർക്ക് അകൽച്ച തോന്നാമെങ്കിലും, ഏകാഗ്രത, കാര്യങ്ങളിലുള്ള ശ്രദ്ധ എന്നീ രൂപങ്ങളിൽ ധ്യാനത്തെ എളുപ്പത്തിൽ മനസ്സിലാക്കാൻ സാധിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. പരിശീലനത്തിലൂടെയും വിദ്യകളിലൂടെയും ഈ ഏകാഗ്രതയും ശ്രദ്ധയും വളർത്തിയെടുക്കാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ മാനസികാവസ്ഥ, ക്ഷീണം കുറക്കുന്നതും ശ്രദ്ധ വ്യതിചലിക്കാതിരിക്കാൻ സഹായിക്കുന്നതും ഉൾപ്പടെ മികച്ച ഫലങ്ങൾ നൽകുകയും ചെയ്യുന്നു. ആത്യന്തികമായുള്ള ആത്മീയ യാത്രയ്ക്ക് അപ്പുറം, സ്വയം മെച്ചപ്പെടുത്തലിനും പരിശീലനത്തിനുമുള്ള ഒരു ഉപകരണമാണ് ധ്യാനമെന്ന് അദ്ദേഹം പറഞ്ഞു.

‘സമൂഹത്തിനെന്നപോലെ വ്യക്തിയെ സംബന്ധിച്ചും പ്രധാനവും ശക്തവും പ്രയോജനക്ഷമവുമാണ് യോഗ’, പ്രധാനമന്ത്രി പറഞ്ഞു. സമൂഹത്തിന് യോഗ പ്രയോജനപ്പെടുമ്പോൾ മുഴുവൻ മനുഷ്യരാശിക്കും അതിൽ നിന്നും പ്രയോജനമുണ്ടാകുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഈജിപ്തിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളിൽ വെച്ച് യോഗയെ കുറിച്ചുള്ള ഫോട്ടോ എടുക്കുന്നതിനും വീഡിയോ തയ്യാറാക്കുന്നതിനുമായി സംഘടിപ്പിച്ച ഒരു മത്സരത്തെക്കുറിച്ചുളള വീഡിയോ കണ്ടത് അദ്ദേഹം അനുസ്മരിക്കുകയും അതിൽ പങ്കെടുക്കുന്നവരുടെ ശ്രമങ്ങളെ പ്രശംസിക്കുകയും ചെയ്തു. ”അതുപോലെ തന്നെ, യോഗയ്ക്കും വിനോദസഞ്ചാരത്തിനും ജമ്മു കശ്മീരിൽ ഒരു പ്രധാന തൊഴിൽ സ്രോതസ്സായി മാറാൻ കഴിയും,” പ്രധാനമന്ത്രി എടുത്തുപറഞ്ഞു.

പ്രസംഗം ഉപസംഹരിച്ചുകൊണ്ട്, കഠിനമായ കാലാവസ്ഥയെ അതിജീവിച്ച് ശ്രീനഗറിലെ 2024 അന്താരാഷ്ട്ര യോഗാ ദിന പരിപാടിക്ക് പിന്തുണ അറിയിക്കാൻ തടിച്ചുകൂടിയ ജമ്മു കശ്മീരിലെ ജനങ്ങളുടെ പ്രതിബദ്ധതയെ പ്രധാനമന്ത്രി അഭിനന്ദിച്ചു.

*****

–SK–