പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം കടൽക്കാറ്റിൽ നിന്ന് ഊർജം ഉത്പാദിപ്പിക്കുന്ന പദ്ധതികൾക്കായുള്ള വയബിലിറ്റി ഗ്യാപ്പ് ഫണ്ടിംഗ് (വിജിഎഫ്) പദ്ധതിക്ക് അംഗീകാരം നൽകി. ആകെ 7453 കോടി രൂപാ ചിലവ് വരുന്ന പദ്ധതിയിൽ, കാറ്റിൽ നിന്നും 1 GW വൈദ്യുതി ഉത്പാദനത്തിനായുള്ള പദ്ധതികളുടെ സ്ഥാപനത്തിനും കമ്മീഷനിങ്ങിനുമായി 6853 കോടി രൂപയും (ഗുജറാത്ത്, തമിഴ്‌നാട് തീരങ്ങളിൽ നിന്ന് 500 മെഗാവാട്ട് വീതം), കൂടാതെ രണ്ട് തുറമുഖങ്ങളുടെ നവീകരണത്തിന് 600 കോടി രൂപയും അനുവദിച്ച് കടൽക്കാറ്റിൽ നിന്ന് ഊർജം ഉത്പാദിപ്പിക്കുന്ന പദ്ധതികളുടെ അടിസ്ഥാന സൗകര്യ വികസന ആവശ്യകതകൾ നിറവേറ്റും.
ഇന്ത്യയുടെ പ്രത്യേക സാമ്പത്തിക മേഖലയിൽപ്പെടുന്ന വിശാലമായ കടൽ പരപ്പിലെ കാറ്റിൽ നിന്നുള്ള ഊർജ ഉത്പാദന സാധ്യതകളെ ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ 2015-ൽ വിജ്ഞാപനം ചെയ്ത നാഷണൽ ഓഫ്‌ഷോർ വിൻഡ് എനർജി നയം നടപ്പിലാക്കുന്നതിനുള്ള ഒരു പ്രധാന ചുവടുവയ്പ്പാണ് വിജിഎഫ് പദ്ധതി. ഗവണ്മെന്റിന്റെ വിജിഎഫ് പിന്തുണയിലൂടെ കടൽ കാറ്റിൽ നിന്ന് വൈദ്യുതി ഉത്പാദനത്തിനുള്ള ചിലവ് കുറയുകയും അതുവഴി വൈദ്യുതി വിതരണ കമ്പനികൾക്ക് (ഡിസ്‌കോമുകൾക്ക്)വൈദ്യുതി സുഗമമായി വാങ്ങാനുള്ള വഴി തുറക്കപ്പെടുകയും ചെയ്യുന്നു. സുതാര്യമായ ലേല പ്രക്രിയയിലൂടെ തിരഞ്ഞെടുത്ത സ്വകാര്യ സംരംഭകർ പദ്ധതികൾ നടപ്പിലാക്കുകയും, ഓഫ്‌ഷോർ സബ്‌സ്റ്റേഷനുകൾ ഉൾപ്പെടെയുള്ള ഊർജ ഉത്പാദന അടിസ്ഥാന സൗകര്യങ്ങൾ പവർ ഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് (പിജിസിഐഎൽ) നിർമ്മിക്കുകയും ചെയ്യും. പദ്ധതിയുടെ വിജയകരമായ നടത്തിപ്പ് ഉറപ്പാക്കുന്നതിന് നോഡൽ മന്ത്രാലയമെന്ന നിലയിൽ നവ- പുനരുപയോഗ ഊർജ മന്ത്രാലയം വിവിധ മന്ത്രാലയങ്ങളേയും വകുപ്പുകളേയും ഏകോപിപ്പിക്കും.
കടൽക്കാറ്റിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന പദ്ധതികളുടെ നിർമ്മാണത്തിനും അതിൻ്റെ പ്രവർത്തനങ്ങൾക്കും പ്രത്യേക തുറമുഖതല അടിസ്ഥാന സൗകര്യങ്ങൾ ആവശ്യമാണ്. ഇതിന് ഭാരമേറിയതും വലുതുമായ ഉപകരണങ്ങളുടെ സംഭരണവും ചലനവും കൈകാര്യം ചെയ്യാൻ കഴിയും. പദ്ധതിക്ക് കീഴിൽ, കടൽക്കാറ്റിൽ നിന്നുമുള്ള ഊർജോത്പാദന വികസനത്തിൻ്റെ ആവശ്യകതകൾ നിറവേറ്റുന്നതിനായി രാജ്യത്തെ രണ്ട് തുറമുഖങ്ങളെ തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രാലയം പിന്തുണയ്ക്കും.
കടൽ കാറ്റിൽ നിന്നുള്ള വൈദ്യുതി ഉത്പാദനം, സൗരോർജ്ജ പദ്ധതികളെ അപേക്ഷിച്ച് ഉയർന്ന പര്യാപ്തതയും വിശ്വാസ്യതയും, കുറഞ്ഞ സംഭരണ ആവശ്യകതയും ഉയർന്ന തൊഴിലവസര സാധ്യതയും പോലുള്ള നിരവധി നേട്ടങ്ങൾ പ്രദാനം ചെയ്യുന്ന പുനരുപയോഗ ഊർജത്തിൻ്റെ ഉറവിടമാണ്. ഈ മേഖലയുടെ വികസനം, നിക്ഷേപങ്ങൾ ആകർഷിക്കുന്നതിലൂടെയും, തദ്ദേശീയ ഉത്പാദന ശേഷി വികസിപ്പിക്കുന്നതിലൂടെയും, മൂല്യ ശൃംഖലയിലുടനീളം തൊഴിലവസരങ്ങൾ സൃഷ്ടിക്കുക വഴിയും, രാജ്യത്തെ സമ്പദ്‌വ്യവസ്ഥയിൽ നേട്ടമുണ്ടാക്കും. ഇന്ത്യയുടെ ഊർജ്ജ പരിവർത്തന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും ഇത് സഹായകമാകും.
1 GW ന്റെ പദ്ധതികൾ വിജയകരമായി കമ്മീഷൻ ചെയ്യുന്നത് വഴി പ്രതിവർഷം ഏകദേശം 3.72 ബില്യൺ യൂണിറ്റ് പുനരുപയോഗ യോഗ്യമായ വൈദ്യുതി ഉൽപ്പാദിപ്പിക്കുവാൻ കഴിയുകയും, ഇത് 25 വർഷത്തേക്ക് 2.98 ദശലക്ഷം ടൺ CO2 ന് തുല്യമായ ഉദ്‌വമനം കുറയ്‌ക്കുന്നതിന് കാരണമാവുകയും ചെയ്യും. കൂടാതെ, ഈ പദ്ധതി ഇന്ത്യയിൽ കടൽക്കാറ്റിൽ നിന്നുള്ള ഊർജ്ജ വികസനത്തിന് തുടക്കമിടുക മാത്രമല്ല, സമുദ്രാധിഷ്ഠിത സാമ്പത്തിക പ്രവർത്തനങ്ങൾക്ക് അനുബന്ധമായി രാജ്യത്ത് ആവശ്യമായ ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നതിലേക്ക് നയിക്കുകയും ചെയ്യും. ഏകദേശം 4,50,000 കോടി രൂപ മുതൽമുടക്കിൽ 37 ജിഗാവാട്ട് കടൽക്കാറ്റ് ഊർജ്ജം വികസിപ്പിക്കുന്നതിന് ഈ ആവാസവ്യവസ്ഥ സഹായിക്കും.
–SK–
The Cabinet decision to approve a funding scheme for 1 GW offshore wind projects off the coasts of Gujarat & Tamil Nadu will enhance our renewable energy capacity, reduce CO2 emissions and create numerous jobs. https://t.co/3Z2QWiUEfE
— Narendra Modi (@narendramodi) June 19, 2024