ചൂടുകാലവുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ നേരിടുന്നതിനുള്ള തയ്യാറെടുപ്പുകൾ അവലോകനം ചെയ്യാൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു.
വരാനിരിക്കുന്ന ചൂടുള്ള കാലാവസ്ഥയുമായി (ഏപ്രിൽമുതൽ ജൂൺവരെ) ബന്ധപ്പെട്ട പ്രവചനങ്ങൾ ഉൾപ്പെടെ, 2024 ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിലെ താപനിലയെക്കുറിച്ചുള്ള കാഴ്ചപ്പാട് പ്രധാനമന്ത്രിയെ അറിയിച്ചു. രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും, വിശേഷിച്ചും മധ്യ ഇന്ത്യയിലും പടിഞ്ഞാറൻ ഉപദ്വീപിലും, സാധാരണയിലുമധികം താപനില ഉയരാനുള്ള സാധ്യതയെക്കുറിച്ചും അദ്ദേഹത്തെ ധരിപ്പിച്ചു.
അവശ്യ മരുന്നുകൾ, ശരീരത്തിലേക്കു നേരിട്ടു കടത്തിവിടുന്ന ദ്രവങ്ങൾ, ഐസ് പായ്ക്കുകൾ, ഒആർഎസ്, കുടിവെള്ളം എന്നിവയുടെ കാര്യത്തിൽ ആരോഗ്യമേഖലയിലെ തയ്യാറെടുപ്പുകൾ അവലോകനം ചെയ്തു.
ടെലിവിഷൻ, റേഡിയോ, സമൂഹമാധ്യമങ്ങൾ തുടങ്ങിയ എല്ലാ പ്ലാറ്റ്‌ഫോമുകളിലൂടെയും, വിശേഷിച്ച് പ്രാദേശിക ഭാഷകളിൽ, അവശ്യ IEC / ബോധവൽക്കരണ സാമഗ്രികൾ സമയബന്ധിതമായി പ്രചരിപ്പിക്കുന്നതിന് ഊന്നൽ നൽകി. 2024ൽ സാധാരണയേക്കാൾ ചൂടേറിയ വേനൽക്കാലമാണ് പ്രതീക്ഷിക്കുന്നത് എന്നതിനാലും, പൊതുതെരഞ്ഞെടുപ്പ് ഇതിനൊപ്പം വന്നതിനാലും, കേന്ദ്ര ആരോഗ്യമന്ത്രാലയവും NDMA-യും പുറപ്പെടുവിച്ച നിർദേശങ്ങൾ പ്രാദേശിക ഭാഷകളിലേക്കു വിവർത്തനം ചെയ്യുകയും വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്.
ഗവണ്മെന്റിന്റെ സർവതോമുഖ സമീപനത്തിനും പ്രധാനമന്ത്രി ഊന്നൽ നൽകി. കേന്ദ്ര, സംസ്ഥാന, ജില്ലാതലങ്ങളിൽ ഗവണ്മെന്റിന്റെ എല്ലാ വിഭാഗങ്ങളും വിവിധ മന്ത്രാലയങ്ങളും ഇക്കാര്യത്തിൽ സമന്വയത്തോടെ പ്രവർത്തിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആശുപത്രികളിൽ മതിയായ തയ്യാറെടുപ്പുകൾ സ്വീകരിക്കുന്നതിനൊപ്പം അവബോധം സൃഷ്ടിക്കുന്നതിനും പ്രധാനമന്ത്രി ഊന്നൽ നൽകി. കാട്ടുതീ വേഗത്തിൽ കണ്ടെത്തേണ്ടതിന്റെയും അണയ്ക്കേണ്ടതിന്റെയും ആവശ്യകതയും അദ്ദേഹം ഉയർത്തിക്കാട്ടി.
പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, ഇന്ത്യൻ കാലാവസ്ഥാ വകുപ്പിലെയും (ഐഎംഡി) ദേശീയ ദുരന്ത നിവാരണ അതോറിറ്റിയിലെയും ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
NK