നൂറ്റാണ്ടുകളായി ഭാരതവും ഭൂട്ടാനും പരസ്പരവിശ്വാസത്തിലും സൗമനസ്യത്തിലും ധാരണയിലും അധിഷ്ഠിതമായ സൗഹൃദത്തിന്റെയും സഹകരണത്തിന്റെയും അടുത്ത ബന്ധങ്ങൾ ആസ്വദിച്ചിട്ടുണ്ട്. നമ്മുടെ സാംസ്കാരികബന്ധങ്ങളും പൊതുവായ ഭൂമിശാസ്ത്രവും നമ്മെ കൂട്ടിയിണക്കുന്നു. കരുത്തുറ്റ സാമ്പത്തിക-ധനകാര്യ ബന്ധങ്ങൾ നമ്മെ കൂട്ടിയിണക്കുന്നു. ഭാരതത്തിലെയും ഭൂട്ടാനിലെയും ജനങ്ങൾ തമ്മിലുള്ള അടുത്ത സൗഹൃദമാണു ഞങ്ങളുടെ സൗഹൃദത്തിന്റെ കാതൽ. നമ്മുടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം അസാധാരണമായ അയൽപക്കബന്ധത്തിന്റെ ഉദാഹരണമാണ്.
നമ്മുടെ പൊതുമൂല്യങ്ങളിലും സാംസ്കാരികവും ആത്മീയവുമായ പൈതൃകത്തിലും അധിഷ്ഠിതമാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ശാശ്വതപങ്കാളിത്തം. ഭൂട്ടാനുവേണ്ടി ഭാരതം, ഭാരതത്തിനുവേണ്ടി ഭൂട്ടാൻ എന്നത് ഈ മേഖലയുടെ ശാശ്വതമായ യാഥാർഥ്യമാണ്. ഭൂട്ടാനിലെ തുടർച്ചയായി വന്ന ഡ്രൂക് ഗ്യാൽപോസിന്റെയും ഇന്ത്യയിലെയും ഭൂട്ടാനിലെയും രാഷ്ട്രീയനേതൃത്വത്തിന്റെയും പ്രബുദ്ധമായ കാഴ്ചപ്പാടാണ് അതിനെ പരിപോഷിപ്പിച്ചത്.
പരസ്പരസുരക്ഷയുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിൽ ഞങ്ങൾ സംതൃപ്തി പ്രകടിപ്പിക്കുന്നു. നമ്മുടെ ദേശീയ താൽപ്പര്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പരസ്പരമുള്ള അടുത്ത ഏകോപനവും സഹകരണവും തുടരാൻ ഞങ്ങൾ ധാരണയായി.
ഞങ്ങളുടെ അതുല്യവും സവിശേഷവുമായ ബന്ധങ്ങളെ മുന്നോട്ടുകൊണ്ടുപോകുന്ന പരിവർത്തനാത്മക പങ്കാളിത്തം ഞങ്ങൾ കൂട്ടായി പിന്തുടരും. റെയിൽ ലിങ്കുകൾ, റോഡുകൾ, വ്യോമ-ജലപാതകൾ, ചരക്കുകളുടെയും സേവനങ്ങളുടെയും അതിർത്തികടന്നുള്ള തടസ്സരഹിതനീക്കത്തിനുള്ള വ്യാപാര അടിസ്ഥാനസൗകര്യങ്ങൾ, സാമ്പത്തിക,-ഡിജിറ്റൽ സമ്പർക്കസൗകര്യം എന്നിവയിലൂടെ സമ്പർക്കസൗകര്യം വിശാലമായ രൂപത്തിൽ പ്രോത്സാഹിപ്പിക്കുന്നത് എന്നിവ ഇതിൽ ഉൾപ്പെടുന്നു.
1961-ലെ ഭൂട്ടാന്റെ ആദ്യ പഞ്ചവത്സരപദ്ധതിമുതൽ, ഭൂട്ടാനുമായുള്ള ഇന്ത്യയുടെ വികസനപങ്കാളിത്തം ജനങ്ങളെ ശാക്തീകരിക്കുകയും മേഖലകളിലും പ്രദേശങ്ങളിലും വികസനം ഉറപ്പാക്കുകയും ചെയ്യുന്നു. ഇന്ത്യയുടെ ‘ഏവർക്കുമൊപ്പം, ഏവരുടെയും വികസനം, ഏവരുടെയും വിശ്വാസം’ എന്ന സമീപനത്തിന്റെയും ഭൂട്ടാനിലെ മൊത്തത്തിലുള്ള ദേശീയ സന്തോഷത്തിന്റെ തത്വചിന്തയുടെയും സംഗമമാണു ഞങ്ങളുടെ വികസനപങ്കാളിത്തം. ഭൂട്ടാൻ ജനതയുടെയും ഗവണ്മെന്റിന്റെയും മുൻഗണനകൾക്കും രാജാവിന്റെ വീക്ഷണത്തിനും അനുസൃതമായി തുടർന്നും ഞങ്ങളുടെ വികസനപങ്കാളിത്തം വിപുലീകരിക്കും.
നമ്മുടെ ഊർജസഹകരണം ആഴത്തിലുള്ള സാമ്പത്തിക ഇടപെടലിന്റെ ദൃഷ്ടാന്തമാണ്. അതു പരസ്പരപ്രയോജനകരമായ ഫലങ്ങൾക്കു കാരണമാകുന്നു. ജലവൈദ്യുതി, സൗരോർജം, ഹരിത ഹൈഡ്രജൻ എന്നീ മേഖലകളിൽ ഞങ്ങളുടെ സംശുദ്ധ ഊർജപങ്കാളിത്തം തുടർന്നും ഞങ്ങൾ വിപുലീകരിക്കും. മേഖലയിലെ ഊർജസുരക്ഷ വർധിപ്പിക്കുന്നതിനായി ഞങ്ങളുടെ സാങ്കേതികവൈദഗ്ധ്യം, വ്യവസായമേഖലയുടെ ഉണർവ്, ഇരുരാജ്യങ്ങളിലെയും നൈപുണ്യമുള്ള പ്രതിഭകൾ എന്നിവ വഴിയൊരുക്കുന്ന പുതിയ പദ്ധതികൾ സംയുക്തമായി വികസിപ്പിക്കും. ഇക്കാര്യത്തിൽ, ഇന്ത്യ-ഭൂട്ടാൻ ഊർജപങ്കാളിത്തത്തെക്കുറിച്ചുള്ള സംയുക്തവീക്ഷണപ്രസ്താവനയെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു.
നമ്മുടെ രാജ്യങ്ങൾ അഗാധമായ ഡിജിറ്റൽ-സാങ്കേതിക പരിവർത്തനത്തിനു വിധേയമാകുമ്പോൾ, ദ്രുതഗതിയിലുള്ള സാമ്പത്തികവളർച്ചയ്ക്കും ഇരുജനതയുടെയും ക്ഷേമത്തിനുംവേണ്ടിയുള്ള സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തുക എന്നതിനാണു ഞങ്ങളുടെ സംയുക്തശ്രമം. ബഹിരാകാശ സാങ്കേതികവിദ്യ, ഡിജിറ്റൽ പൊതു അടിസ്ഥാനസൗകര്യങ്ങൾ, സ്റ്റാർട്ടപ്പുകൾ, നിർമിതബുദ്ധി, സംശുദ്ധ ഊർജം, STEM ഗവേഷണവും വിദ്യാഭ്യാസവും, ഡിജിറ്റൽ നൈപുണ്യ വികസനം എന്നീ മേഖലകളിൽ ഞങ്ങളുടെ ഇടപെടൽ ശക്തമാക്കും.
ഗെലെഫു പ്രത്യേക ഭരണനിർവഹണമേഖല വികസിപ്പിക്കാനുള്ള രാജാവിന്റെ കാഴ്ചപ്പാടിന്റെ പശ്ചാത്തലത്തിലുൾപ്പെടെ, വിശേഷിച്ചും സ്വകാര്യമേഖലയിലൂടെ, ഞങ്ങൾ പരസ്പരം വ്യാപാര-നിക്ഷേപ ബന്ധങ്ങൾ ശക്തിപ്പെടുത്തും, ഇതു മേഖലയിൽ സുസ്ഥിരമായ രീതിയിൽ വർധിപ്പിച്ച സാമ്പത്തിക സമ്പർക്കസൗകര്യങ്ങളിലേക്കു നയിക്കുകയും, സാമ്പത്തികപങ്കാളിത്തം പ്രോത്സാഹിപ്പിക്കുകയും ഭാരതത്തിലെയും ഭൂട്ടാനിലെയും ജനങ്ങളെ കൂടുതൽ അടുപ്പിക്കുകയും ചെയ്യും.
ജനങ്ങൾ തമ്മിലുള്ള മികച്ച ബന്ധം നമ്മുടെ സവിശേഷമായ ഉഭയകക്ഷിബന്ധത്തിന് അടിത്തറ പാകുന്നു. പണ്ഡിതർ, അക്കാദമികവിദഗ്ധർ, വിനോദസഞ്ചാരികൾ, വിദ്യാർഥികൾ, യുവാക്കൾ, കായികതാരങ്ങൾ എന്നിവരുടെ കൈമാറ്റം പ്രോത്സാഹിപ്പിക്കുന്നതിലൂടെ ഞങ്ങൾ ജനങ്ങളുമായുള്ള ബന്ധം പരിപോഷിപ്പിക്കും. രാജ്യങ്ങളിലെ ആദരണീയമായ സാംസ്കാരിക-പൈതൃക കേന്ദ്രങ്ങളിലേക്കുള്ള ജനങ്ങളുടെ പരസ്പരസന്ദർശനം ഉൾപ്പെടെ, ഞങ്ങളുടെ ആത്മീയവും സാംസ്കാരികവുമായ ബന്ധങ്ങൾ തുടർന്നും പരിപോഷിപ്പിക്കും.
വിദ്യാഭ്യാസം, നൈപുണ്യവികസനം, സംരംഭകത്വം, സാങ്കേതികവിദ്യ, കായികരംഗം, സർഗാത്മക-സാംസ്കാരിക വ്യവസായങ്ങൾ എന്നിവയിലൂടെ യുവജനവികസനം പ്രോത്സാഹിപ്പിക്കുന്ന മേഖലകളിലെ പങ്കാളിത്തം ത്വരിതപ്പെടുത്തേണ്ടതിന്റെ അനിവാര്യത ഞങ്ങൾ തിരിച്ചറിയുന്നു. മെച്ചപ്പെട്ട ഭാവിക്കായുള്ള നമ്മുടെ യുവാക്കളുടെ സ്വപ്നങ്ങളോടും അഭിലാഷങ്ങളോടും ഭാരത-ഭൂട്ടാൻ പങ്കാളിത്തം പ്രതികരിക്കും.
ദ്രുതഗതിയിലുള്ള സാമൂഹ്യ-സാമ്പത്തിക പുരോഗതിയും സാങ്കേതികമുന്നേറ്റങ്ങളുംകൊണ്ട്, ഭാരതം അതിന്റെ ചരിത്രത്തിലെ പുതിയ അധ്യായത്തിലേക്കു പ്രവേശിച്ചു. അമൃതകാലത്ത് 2047-ഓടെ വികസിത രാഷ്ട്രമായി മാറാനുള്ള പരിശ്രമത്തിലാണു രാഷ്ട്രം. 2034-ഓടെ ഉയർന്ന വരുമാനമുള്ള രാജ്യമായി മാറാനുള്ള കാഴ്ചപ്പാടുള്ള ഭൂട്ടാൻ, സാമ്പത്തികവികസനത്തിൽ പുതിയ ഘട്ടത്തിലേക്കു കടക്കുകയാണ്. പുരോഗതിക്കും സമൃദ്ധിക്കുമായുള്ള പൊതുവായ അന്വേഷണത്തിൽ, ഭാരതവും ഭൂട്ടാനും ഏറ്റവും അടുത്ത സുഹൃത്തുക്കളും പങ്കാളികളുമായി തുടരും.
NK