Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിലെ കൃഷ്ണനഗറില്‍ 15,000 കോടി രൂപ ചെലവുവരുന്ന വിവിധ വികസന പദ്ധതികളുടെ രാഷ്ട്രത്തിന് സമര്‍പ്പിക്കലും തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിച്ചു

പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിലെ കൃഷ്ണനഗറില്‍ 15,000 കോടി രൂപ ചെലവുവരുന്ന വിവിധ വികസന പദ്ധതികളുടെ രാഷ്ട്രത്തിന് സമര്‍പ്പിക്കലും തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിച്ചു


പശ്ചിമ ബംഗാളില്‍ നാദിയ ജില്ലയിലെ കൃഷ്ണനഗറില്‍ 15,000 കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ രാഷ്ട്രത്തിന് സമര്‍പ്പിക്കലും തറക്കല്ലിടലും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് നിര്‍വഹിച്ചു. വൈദ്യുതി, റെയില്‍, റോഡ് തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ടവയാണ് ഈ വികസന പദ്ധതികള്‍.
പശ്ചിമ ബംഗാളിനെ ഒരു വികസിത സംസ്ഥാനമാക്കുന്നതിനുള്ള മറ്റൊരു ചുവടുവയ്പ്പാണ് ഇന്ന് അടയാളപ്പെടുത്തുന്നതെന്ന് സദസിനെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ഇന്നലെ ആരാംബാഗില്‍ നടന്ന റെയില്‍വേ, തുറമുഖം, പെട്രോളിയം തുടങ്ങിയ മേഖലകളിലായി 7,000 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിര്‍വഹിച്ച പരിപാടിയും അദ്ദേഹം അനുസ്മരിച്ചു. ”പശ്ചിമ ബംഗാളിലെ പൗരന്മാരുടെ ജീവിതം സുഗമമാക്കുന്നതിനായി വൈദ്യുതി, റോഡ്, റെയില്‍വേ മേഖലകളില്‍ ഉള്‍പ്പെടുന്ന 15,000 കോടിയിലധികം രൂപയുടെ വികസന പദ്ധതികള്‍ ഇന്നും ഉദ്ഘാടനം ചെയ്യാനും തറക്കല്ലിടാനുമായതില്‍ ഞാന്‍ ഭാഗ്യവാനാണ്” പ്രധാനമന്ത്രി പറഞ്ഞു. ഈ പദ്ധതികള്‍ പശ്ചിമ ബംഗാളിന്റെ വികസനത്തിന് ആക്കം കൂട്ടുമെന്നും യുവജനങ്ങള്‍ക്ക് മികച്ച തൊഴിലവസരങ്ങള്‍ ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്നത്തെ വികസന പദ്ധതികള്‍ക്ക് പൗരന്മാരെ പ്രധാനമന്ത്രി അഭിനന്ദിക്കുകയും ചെയ്തു.
വികസന പ്രക്രിയയില്‍ വൈദ്യുതിയുടെ പ്രാധാന്യം ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി, പശ്ചിമ ബംഗാളിനെ വൈദ്യുതി ആവശ്യങ്ങള്‍ക്ക് സ്വയം പര്യാപ്തമാക്കാനാണ് ഗവണ്‍മെന്റ് പ്രവര്‍ത്തിക്കുന്നതെന്നും പറഞ്ഞു. പുരുലിയ ജില്ലയിലെ രഘുനാഥ്പൂരില്‍ സ്ഥിതി ചെയ്യുന്ന ദാമോദര്‍ വാലി കോര്‍പ്പറേഷന്റെ കല്‍ക്കരി അധിഷ്ഠിത താപവൈദ്യുത പദ്ധതിയായ രഘുനാഥ്പൂര്‍ തെര്‍മല്‍ പവര്‍ സ്‌റ്റേഷന്‍ രണ്ടാം ഘട്ടം (2x 660 മെഗാവാട്ട്) സംസ്ഥാനത്ത് 11,000 കോടി രൂപയുടെ നിക്ഷേപം കൊണ്ടുവരുമെന്ന് അദ്ദേഹം പറഞ്ഞു. ഇത് സംസ്ഥാനത്തിന്റെ ഊര്‍ജ്ജ ആവശ്യങ്ങള്‍ പരിഹരിക്കുമെന്നും പ്രദേശത്തിന്റെ സാമ്പത്തിക വികസനം വര്‍ദ്ധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാത്രമല്ല, മെജിയ താപവൈദ്യുത നിലയത്തിന്റെ യൂണിറ്റ് 7 8 ല്‍ ഏകദേശം 650 കോടി രൂപ ചെലവില്‍ വികസിപ്പിച്ച ഫ്‌ളൂ ഗ്യാസ് ഡീസള്‍ഫറൈസേഷന്‍ (എഫ്.ജി.ഡി) സംവിധാനം പരിസ്ഥിതി പ്രശ്‌നങ്ങളോടുള്ള ഇന്ത്യയുടെ ഗൗരവസമീപനത്തിന്റെ ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തിന്റെ കിഴക്കന്‍ കവാടമായാണ് പശ്ചിമ ബംഗാള്‍ പ്രവര്‍ത്തിക്കുന്നതെന്നും കിഴക്ക് ഭാഗത്തേക്ക് അവസരങ്ങള്‍ ലഭിക്കാന്‍ ഇവിടെ നിന്ന് വലിയ സാദ്ധ്യതകളുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. അതുകൊണ്ട്, റോഡുകള്‍, റെയില്‍വേകള്‍, എയര്‍വേകള്‍, ജലപാതകള്‍ എന്നിവയുടെ ആധുനിക ബന്ധിപ്പിക്കലിനായി ഗവണ്‍മെന്റ് പ്രവര്‍ത്തിക്കുന്നു. ഇന്ന് ഉദ്ഘാടനം ചെയ്ത എന്‍.എച്ച്12 ന്റെ ഫറാക്ക-റൈഗഞ്ച് ഭാഗത്തിലെ (100 കി.മീ) നാലുവരിപ്പാത റോഡ് പദ്ധതിക്ക് ബജറ്റില്‍ ഏകദേശം 2000 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും ഇത് യാത്രാസമയം പകുതിയായി കുറയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇത് സമീപ നഗരങ്ങളിലെ ഗതാഗതം സുഗമമാക്കുകയും പ്രദേശത്തെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം കര്‍ഷകരെ സഹായിക്കുകയും ചെയ്യും.
അടിസ്ഥാനസൗകര്യ വീക്ഷണകോണില്‍ നിന്നാണെങ്കില്‍ പശ്ചിമ ബംഗാളിന്റെ മഹത്തായ ചരിത്രത്തിന്റെ ഭാഗമാണ് റെയില്‍വേയെന്ന് ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി, വികസനത്തില്‍ ഒരു അകല്‍ച്ച സൃഷ്ടിച്ച മുന്‍ ഗവണ്‍മെന്റുകള്‍ സംസ്ഥാനത്തിന്റെ പൈതൃകവും നേട്ടവും ശരിയായ രീതിയില്‍ മുന്നോട്ട് കൊണ്ടുപോകാത്തതില്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. കഴിഞ്ഞ 10 വര്‍ഷമായി പശ്ചിമ ബംഗാളിലെ റെയില്‍വേ അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്താനുള്ള ഗവണ്‍മെന്റ് ശ്രമങ്ങള്‍ ഉയര്‍ത്തിക്കാട്ടിയ പ്രധാനമന്ത്രി, മുന്‍കാലങ്ങളെ അപേക്ഷിച്ച് ഇരട്ടി പണം ചെലവഴിച്ചതായും പരാമര്‍ശിച്ചു. സംസ്ഥാനത്തിന്റെ നവീകരണത്തിനും വികസനത്തിനുമായി നാല് റെയില്‍വേ പദ്ധതികള്‍ സമര്‍പ്പിക്കുകയും വികസിത് ബംഗാളിന്റെ പ്രതിജ്ഞകള്‍ പൂര്‍ത്തീകരിക്കാന്‍ സഹായിക്കുകയും ചെയ്യുന്നതാണ് ഇന്നത്തെ അവസരമെന്ന് അദ്ദേഹം അടിവരയിട്ടു. പൗരന്മാര്‍ക്ക് തന്റെ ആശംസകള്‍ അറിയിച്ചുകൊണ്ട് അദ്ദേഹം ഉപസംഹരിച്ചു.
പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ഡോ സി.വി. ആനന്ദ ബോസ്, കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലപാത വകുപ്പ് സഹമന്ത്രി ശ്രീ ശന്തനു താക്കൂര്‍ എന്നിവരും മറ്റുള്ളവര്‍ക്കൊപ്പം ചടങ്ങില്‍ പങ്കെടുത്തു.

പശ്ചാത്തലം

പുരുലിയ ജില്ലയിലെ രഘുനാഥ്പൂരില്‍ സ്ഥിതി ചെയ്യുന്ന രഘുനാഥ്പൂര്‍ താപ വൈദ്യുതി നിലയം രണ്ടാം ഘട്ടത്തിന് (2×660 മെഗാവാട്ട്) പ്രധാനമന്ത്രി തറക്കല്ലിട്ടു. വളരെ കാര്യക്ഷമമായ സൂപ്പര്‍ ക്രിട്ടിക്കല്‍ സാങ്കേതികവിദ്യയാണ് ദാമോദര്‍ വാലി കോര്‍പ്പറേഷന്റെ ഈ കല്‍ക്കരി അധിഷ്ഠിത താപവൈദ്യുത പദ്ധതിയില്‍ ഉപയോഗിക്കുന്നത്. രാജ്യത്തിന്റെ ഊര്‍ജ്ജ സുരക്ഷ ശക്തിപ്പെടുത്തുന്നതിനുള്ള ചുവടുവയ്പായിരിക്കും ഈ പുതിയ പ്ലാന്റ്.
മെജിയ താപ വൈദ്യുതി നിലയത്തിലെ യൂണിറ്റ് 7, 8 എന്നിവയിലെ ഫ്‌ളൂ ഗ്യാസ് ഡീ സള്‍ഫറൈസേഷന്‍ (എഫ്.ജി.ഡി) സംവിധാനവും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ഏകദേശം 650 കോടി രൂപ ചെലവില്‍ വികസിപ്പിച്ചെടുത്ത ഈ എഫ്.ജി.ഡി സംവിധാനം ഫ്‌ളൂ വാതകങ്ങളില്‍ നിന്ന് സള്‍ഫര്‍ ഡയോക്‌സൈഡ് നീക്കം ചെയ്യുകയും ശുദ്ധമായ ഫ്‌ളു വാതകം ഉല്‍പ്പാദിപ്പിക്കുകയും സിമന്റ് വ്യവസായത്തില്‍ ഉപയോഗിക്കാവുന്ന ജിപ്‌സം രൂപപ്പെടുത്തുകയും ചെയ്യും.
എന്‍എച്ച്-12 ലെ ഫറാക്ക-റായിഗഞ്ച് ഭാഗത്തിന്റെ (100 കി.മീ) നാലുവരിപ്പാത റോഡ് പദ്ധതിയും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ഏകദേശം 1986 കോടി രൂപ ചെലവില്‍ വികസിപ്പിച്ച ഈ പദ്ധതി ഗതാഗതക്കുരുക്ക് കുറയ്ക്കുകയും യാത്ര മെച്ചപ്പെടുത്തുകയും വടക്കന്‍ ബംഗാളിന്റെയും വടക്കുകിഴക്കന്‍ മേഖലയുടെയും സാമൂഹിക സാമ്പത്തിക വികസനത്തിന് സംഭാവന നല്‍കുകയും ചെയ്യും.
ഏകദേശം 940 കോടി രൂപയുടെ നാലു റെയിവേ പദ്ധതികളും പ്രധാനമന്ത്രി പശ്ചിമബംഗാളില്‍ സമര്‍പ്പിച്ചു. ദാമോദര്‍ – മോഹിശില റെയില്‍ പാത ഇരട്ടിപ്പിക്കല്‍ റാംപൂര്‍ഹട്ടിനും മുരാറായിക്കും ഇടയിലുള്ള മൂന്നാമത്തെ പാത; ബസാര്‍സൗ – അസിംഗഞ്ച് റെയില്‍ പാത ഇരട്ടിപ്പിക്കല്‍; അസിംഗഞ്ച് – മുര്‍ഷിദാബാദ് എന്നിവയെ ബന്ധിപ്പിക്കുന്ന പുതിയ പാത എന്നിവയാണ് ഈ പദ്ധതികളില്‍ ഉള്‍പ്പെടുന്നത്. ഈ പദ്ധതികള്‍ റെയില്‍വേ യാത്രാസൗകര്യം മെച്ചപ്പെടുത്തുകയും ചരക്ക് ഗതാഗതത്തിന് സൗകര്യമൊരുക്കുകയും മേഖലയിലെ സാമ്പത്തിക, വ്യാവസായിക വളര്‍ച്ചയ്ക്ക് സംഭാവന നല്‍കുകയും ചെയ്യും.

SK