Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

മൗറീഷ്യസിലെ അഗലേഗ ദ്വീപില്‍ പുതിയ എയര്‍സ്ട്രിപ്പും ജെട്ടിയും പ്രധാനമന്ത്രിയും മൗറീഷ്യന്‍ പ്രധാനമന്ത്രിയും സംയുക്തമായി ഉദ്ഘാടനം ചെയ്തു

മൗറീഷ്യസിലെ അഗലേഗ ദ്വീപില്‍ പുതിയ എയര്‍സ്ട്രിപ്പും ജെട്ടിയും പ്രധാനമന്ത്രിയും മൗറീഷ്യന്‍ പ്രധാനമന്ത്രിയും സംയുക്തമായി ഉദ്ഘാടനം ചെയ്തു


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും ആദരണീയനായ മൗറീഷ്യസ് പ്രധാനമന്ത്രി മിസ്റ്റര്‍ പ്രവിന്ദ് ജുഗ്‌നൗത്തും ഇന്ന് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ മൗറീഷ്യസിലെ അഗലേഗ ദ്വീപില്‍ ആറ് കമ്മ്യൂണിറ്റി വികസന പദ്ധതികള്‍ക്കൊപ്പം പുതിയ എയര്‍സ്ട്രിപ്പും സെന്റ് ജെയിംസ് ജെട്ടിയും സംയുക്തമായി ഉദ്ഘാടനം ചെയ്തു. ഈ പദ്ധതികളുടെ ഉദ്ഘാടനം ഇന്ത്യയും മൗറീഷ്യസും തമ്മിലുള്ള സുദൃഢവും ദശാബ്ദങ്ങള്‍ പഴക്കമുള്ളതുമായ വികസന പങ്കാളിത്തത്തിന്റെ സാക്ഷ്യമാണ്, കൂടാതെ മൗറീഷ്യസും അഗലേഗയും തമ്മിലുള്ള മികച്ച കണക്റ്റിവിറ്റിയുടെ ആവശ്യം നിറവേറ്റുകയും സമുദ്ര സുരക്ഷ ശക്തിപ്പെടുത്തുകയും സാമൂഹിക-സാമ്പത്തിക വികസനം പ്രോത്സാഹിപ്പിക്കുകയും ചെയ്യും. 2024 ഫെബ്രുവരി 12 ന് രണ്ട് നേതാക്കളും മൗറീഷ്യസില്‍ യുപിഐ, റുപേ കാര്‍ഡ് സേവനങ്ങള്‍ അടുത്തിടെ ആരംഭിച്ചതിനെ തുടര്‍ന്നാണ് ഈ പദ്ധതികളുടെ ഉദ്ഘാടനം പ്രാധാന്യമര്‍ഹിക്കുന്നത്.

മൗറീഷ്യസിലെ അഗലേഗ ദ്വീപില്‍ ആറ് കമ്മ്യൂണിറ്റി വികസന പദ്ധതികള്‍ക്കൊപ്പം പുതിയ എയര്‍സ്ട്രിപ്പിന്റെയും സെന്റ് ജെയിംസ് ജെട്ടിയുടെയും സംയുക്ത ഉദ്ഘാടനത്തോടെ ഇന്ത്യയും മൗറീഷ്യസും ഇന്ന് ചരിത്രം സൃഷ്ടിക്കുകയാണെന്ന് ആദരണീയനായ മൗറീഷ്യസ് പ്രധാനമന്ത്രി മിസ്റ്റര്‍ പ്രവിന്ദ് ജുഗ്‌നൗത്ത് പറഞ്ഞു. ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള മാതൃകാപരമായ പങ്കാളിത്തത്തിന്റെ പ്രതീകമായി ഈ പരിപാടിയെ വിശേഷിപ്പിച്ച മൗറീഷ്യസ് പ്രധാനമന്ത്രി, മൗറീഷ്യസ്-ഇന്ത്യ ബന്ധത്തിന് പുതിയ മാനം നല്‍കിയതിന് പ്രധാനമന്ത്രി മോദിയോട് നന്ദി പറയുകയും ഇന്നത്തെ വേദിയില്‍ എത്തിയതിന് നന്ദി അറിയിക്കുകയും ചെയ്തു. ”അഗലേഗയില്‍ പുതിയ എയര്‍സ്ട്രിപ്പും ജെട്ടി സൗകര്യവും സ്ഥാപിക്കുന്നത് മറ്റൊരു മൗറീഷ്യന്‍ സ്വപ്നത്തിന്റെ പൂര്‍ത്തീകരണമാണ്,” പ്രധാനമന്ത്രി ജുഗ്നൗത്ത് പറഞ്ഞു, പദ്ധതിക്ക് പൂര്‍ണമായും ധനസഹായം നല്‍കാനുള്ള ഇന്ത്യയുടെ സംഭാവനയെ അഭിനന്ദിച്ചു. ഇന്ത്യയില്‍ അധികാരമേറ്റതിന് ശേഷം ദ്വീപ് രാഷ്ട്രത്തിന് പ്രത്യേക പരിഗണന നല്‍കിയതിന് മൗറീഷ്യസ് സര്‍ക്കാരിനും ജനങ്ങള്‍ക്കും വേണ്ടി പ്രധാനമന്ത്രി മോദിയോട് അദ്ദേഹം അഗാധമായ നന്ദി അറിയിച്ചു. ലോകവ്യാപകമായ പ്രധാനമന്ത്രി മോദിയുടെ ശക്തമായ നേതൃത്വത്തെയും രാഷ്ട്രതന്ത്രജ്ഞതയേയും അദ്ദേഹം പ്രശംസിക്കുകയും മൂല്യങ്ങളുടെയും അറിവിന്റെയും വിജയത്തിന്റെയും ആഗോള ശക്തികേന്ദ്രമായി ഇന്ത്യന്‍ പ്രവാസികള്‍ സ്വയം മാറിയിട്ടുണ്ടെന്നും അടിവരയിട്ടു. ഇന്ത്യയിലെ ഫാര്‍മസ്യൂട്ടിക്കല്‍സ് ആന്‍ഡ് മെഡിക്കല്‍ ഡിവൈസസ് ബ്യൂറോയില്‍ നിന്ന് 250 ഓളം ഉയര്‍ന്ന നിലവാരമുള്ള മരുന്നുകള്‍ ലഭ്യമാക്കാന്‍ അനുവദിക്കുന്ന ‘ജന്‍ ഔഷധി പദ്ധതി’ സ്വീകരിക്കുന്ന ആദ്യ രാജ്യമായി മൗറീഷ്യസ് മാറിയെന്ന് അദ്ദേഹം അറിയിച്ചു. വികസന ലക്ഷ്യങ്ങള്‍ നിറവേറ്റുന്നതിനൊപ്പം സമുദ്ര നിരീക്ഷണത്തിലും സുരക്ഷയിലും കഴിവുകളും ശേഷിയും ഗണ്യമായി വര്‍ധിപ്പിക്കാന്‍ കഴിയുന്ന ഇത്തരം വലിയ പരിവര്‍ത്തന പദ്ധതികള്‍ സാക്ഷാത്കരിക്കാന്‍ മൗറീഷ്യസിനെ സഹായിച്ചതിന് പ്രധാനമന്ത്രി മോദിയെ നന്ദി അറിയിച്ചുകൊണ്ട് പ്രധാനമന്ത്രി ജുഗ്‌നൗത്ത് തന്റെ പ്രസംഗം അവസാനിപ്പിച്ചു.

കഴിഞ്ഞ ആറു മാസത്തിനുള്ളില്‍ ആദരീണയനായ മൗറീഷ്യസ് പ്രധാനമന്ത്രി മിസ്റ്റര്‍ പ്രവിന്ദ് ജുഗ്നൗത്തുമായുള്ള തന്റെ അഞ്ചാമത്തെ കൂടിക്കാഴ്ചയാണിത്. ഇന്ത്യയും മൗറീഷ്യസും തമ്മിലുള്ള ഊര്‍ജസ്വലവും ശക്തവും അതുല്യവുമായ പങ്കാളിത്തത്തിന്റെ തെളിവാണിത്. മൗറീഷ്യസ് ഇന്ത്യയുടെ ‘നൈബര്‍ഹുഡ് ഫസ്റ്റ് പോളിസി’യുടെ പ്രധാന പങ്കാളിയാണെന്നും വിഷന്‍ സാഗറിന് കീഴിലുള്ള പ്രത്യേക പങ്കാളിയാണെന്നും അദ്ദേഹം പറഞ്ഞു. ‘ഗ്ലോബല്‍ സൗത്തിലെ അംഗങ്ങള്‍ എന്ന നിലയില്‍, ഞങ്ങള്‍ക്ക് പൊതുവായ മുന്‍ഗണനകളുണ്ട്, കഴിഞ്ഞ 10 വര്‍ഷമായി ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ അഭൂതപൂര്‍വമായ മുന്നേറ്റമുണ്ടായി, പരസ്പര സഹകരണത്തിന്റെ പുതിയ ഉയരങ്ങള്‍ കൈവരിച്ചു’, പ്രധാനമന്ത്രി പറഞ്ഞു. പഴയ ഭാഷാ സാംസ്‌കാരിക ബന്ധങ്ങളെ പരാമര്‍ശിച്ചുകൊണ്ട്, ബന്ധത്തിന് ആധുനിക ഡിജിറ്റല്‍ കണക്റ്റിവിറ്റി നല്‍കിയ യു പി ഐ യെക്കുറിച്ചും റുപേ കാര്‍ഡിനേക്കുറിച്ചും പ്രധാനമന്ത്രി പരമാര്‍ശിച്ചു.

വികസന പങ്കാളിത്തമാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ പങ്കാളിത്തത്തിന്റെ അടിസ്ഥാന തൂണുകളെന്നും ഇന്ത്യ നല്‍കുന്ന വികസന സംഭാവനകള്‍, അത് എക്‌സ്‌ക്ലൂസീവ് ഇക്കണോമിക് സോണിന്റെ സുരക്ഷയോ ആരോഗ്യ സുരക്ഷയോ ആകട്ടെ, മൗറീഷ്യസിന്റെ മുന്‍ഗണനകളെ അടിസ്ഥാനമാക്കിയുള്ളതാണെന്നും പ്രധാനമന്ത്രി അടിവരയിട്ടു. ‘ഇന്ത്യ എല്ലായ്‌പ്പോഴും മൗറീഷ്യസിന്റെ ആവശ്യങ്ങള്‍ മാനിക്കുകയും ആദ്യം പ്രതികരിക്കുന്നയാള്‍ എന്ന നിലയില്‍ പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്’. കോവിഡ് മഹാമാരിയോ എണ്ണച്ചോര്‍ച്ചയോ ആകട്ടെ, ഏത് സാഹചര്യത്തിലും മൌറീഷ്യസിന് നൽകിയിട്ടുള്ള പിന്തുണ സൂചിപ്പിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. മൗറീഷ്യസിലെ ജനങ്ങള്‍ക്ക് അനുകൂലമായ മാറ്റമാണ് ഇന്ത്യയുടെ പ്രധാന ലക്ഷ്യമെന്നും പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ 10 വര്‍ഷത്തിനിടെ, മൗറീഷ്യസിലെ ജനങ്ങള്‍ക്ക് 400 ദശലക്ഷം യുഎസ് ഡോളറിന്റെ സഹായത്തോടൊപ്പം 1,000 ദശലക്ഷം യുഎസ് ഡോളറിന്റെ ക്രെഡിറ്റ് ലൈന്‍ ഇന്ത്യ നൽകിയതായി പ്രധാനമന്ത്രി അറിയിച്ചു. മൗറീഷ്യസിലെ മെട്രോ റെയില്‍ ലൈനുകള്‍, കമ്മ്യൂണിറ്റി ഡെവലപ്മെന്റ് പ്രോജക്ടുകള്‍, സോഷ്യല്‍ ഹൗസിംഗ്, ഇഎന്‍ടി ഹോസ്പിറ്റല്‍, സിവില്‍ സര്‍വീസ് കോളേജ്, സ്പോര്‍ട്സ് കോംപ്ലക്സുകളുടെ അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയുടെ വികസനത്തിന് സംഭാവന നല്‍കാന്‍ ഇന്ത്യക്ക് ഭാഗ്യമുണ്ടായെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

2015-ല്‍ അഗലേഗയിലെ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ നിറവേറ്റാന്‍ സാധിച്ചതില്‍ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു. ”ഇപ്പോള്‍ ഇത് ഇന്ത്യയില്‍ മോദി കി ഗ്യാരന്റി എന്നാണ് വിളിക്കുന്നത്. ഇന്ന് സംയുക്തമായി ഉദ്ഘാടനം ചെയ്ത ഈ സൗകര്യങ്ങള്‍ ജീവിത സൗകര്യം വര്‍ദ്ധിപ്പിക്കും”, പ്രധാനമന്ത്രി പറഞ്ഞു. ഇത് മൗറീഷ്യസിന്റെ വടക്കും തെക്കും ഭാഗങ്ങള്‍ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുകയും പ്രധാന ഭൂപ്രദേശവുമായുള്ള ഭരണപരമായ ബന്ധം മെച്ചപ്പെടുത്തുകയും ചെയ്യും. മെഡിക്കല്‍ കൈമാറ്റവും സ്‌കൂള്‍ കുട്ടികളുടെ ഗതാഗതവും മെച്ചപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

രണ്ട് സമ്പദ്വ്യവസ്ഥകളെയും ബാധിക്കുന്ന ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലെ പരമ്പരാഗതവും പാരമ്പര്യേതരവുമായ വെല്ലുവിളികളെ പരാമര്‍ശിച്ച്, ഈ വെല്ലുവിളികളെ നേരിടാന്‍ ഇന്ത്യയും മൗറീഷ്യസും സമുദ്ര സുരക്ഷയില്‍ സ്വാഭാവിക പങ്കാളികളാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ”ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ സുരക്ഷയും സമൃദ്ധിയും സ്ഥിരതയും ഉറപ്പാക്കാന്‍ ഞങ്ങള്‍ സജീവമായി പ്രവര്‍ത്തിക്കുന്നു. എക്സ്‌ക്ലൂസീവ് ഇക്കണോമിക് സോണിന്റെ നിരീക്ഷണം, ജോയിന്റ് പട്രോളിംഗ്, ഹൈഡ്രോഗ്രാഫി, മാനുഷിക സഹായവും ദുരന്ത നിവാരണവും തുടങ്ങി എല്ലാ മേഖലകളിലും ഞങ്ങള്‍ സഹകരിക്കുന്നുണ്ട്”, ഇന്ത്യന്‍ പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. അഗലേഗയിലെ എയര്‍സ്ട്രിപ്പിന്റെയും ജെട്ടിയുടെയും ഇന്നത്തെ ഉദ്ഘാടനം മൗറീഷ്യസിന്റെ സമുദ്ര സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനൊപ്പം ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതല്‍ മുന്നോട്ട് കൊണ്ടുപോകുമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.

മൗറീഷ്യസില്‍ ജന്‍ ഔഷധി കേന്ദ്രങ്ങള്‍ സ്ഥാപിക്കാനുള്ള പ്രധാനമന്ത്രി ജുഗ്നൗത്തിന്റെ തീരുമാനത്തെ അഭിനന്ദിച്ച പ്രധാനമന്ത്രി, മികച്ച ഗുണനിലവാരമുള്ള മെയ്ഡ് ഇന്‍ ഇന്ത്യ ജനറിക് മരുന്നുകള്‍ ലഭ്യമാക്കി മൗറീഷ്യസിലെ ജനങ്ങള്‍ക്ക് പ്രയോജനം ചെയ്യുന്ന ജന്‍ ഔഷധി പദ്ധതിയില്‍ ചേരുന്ന ആദ്യ രാജ്യമായി ഇതോടെ മൗറീഷ്യസ് മാറിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. .

പ്രസംഗം ഉപസംഹരിച്ചുകൊണ്ട്, ദീര്‍ഘവീക്ഷണത്തോടെയുള്ള വീക്ഷണത്തിനും ചലനാത്മകമായ നേതൃത്വത്തിനും മൗറീഷ്യന്‍ പ്രധാനമന്ത്രിയെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ഇന്ത്യയും മൗറീഷ്യസും തമ്മിലുള്ള ബന്ധം വരും കാലങ്ങളില്‍ പുതിയ ഉയരങ്ങളിലെത്തുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

SK