സ്ത്രീകളുടെ സുരക്ഷയ്ക്ക് 2021-22 മുതല്‍ 2025-26 വരെയുള്ള കാലയളവില്‍ മൊത്തം 1179.72 കോടി രൂപ ചെലവില്‍ നടപ്പാക്കുന്ന സുപ്രധാന പദ്ധതി തുടരുന്നതിനുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ആദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്കി.
മൊത്തം പദ്ധതി വിഹിതമായ 1179.72 കോടി രൂപയില്‍, 885.49 കോടി രൂപ ആഭ്യന്തരമന്ത്രാലയം (എം.എച്ച്.എ) സ്വന്തം ബജറ്റില്‍ നിന്നും ബാക്കി 294.23 കോടി രൂപ നിര്‍ഭയ ഫണ്ടില്‍ നിന്നും ലഭ്യമാക്കും.
കര്‍ശനമായ നിയമങ്ങളിലൂടെയുള്ള കര്‍ശനമായ പ്രതിരോധം, ഫലപ്രദമായ നീതി നടപ്പാക്കല്‍, സമയബന്ധിതമായി പരാതികള്‍ പരിഹരിക്കല്‍, ഇരകള്‍ക്ക് എളുപ്പത്തില്‍ പ്രാപ്യതയുള്ള സ്ഥാപനപരമായ പിന്തുണാ ഘടനകള്‍ എന്നിങ്ങനെ നിരവധി ഘടകങ്ങളുടെ ഫലമാണ് ഒരു രാജ്യത്തെ സ്ത്രീ സുരക്ഷ. ഇന്ത്യന്‍ ശിക്ഷാനിയമം, ക്രിമിനല്‍ നടപടി ചട്ടം, ഇന്ത്യന്‍ തെളിവ് നിയമം എന്നിവയിലെ ഭേദഗതികളിലൂടെ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ കര്‍ശനമായ പ്രതിരോധം ലഭ്യമാക്കി.
സ്ത്രീ സുരക്ഷയ്ക്കായുള്ള ശ്രമങ്ങളില്‍, സംസ്ഥാനങ്ങളുമായും കേന്ദ്ര ഭരണ പ്രദേശങ്ങളുമായും സഹകരിച്ച് കേന്ദ്രഗവണ്മെന്റ് നിരവധി പദ്ധതികള്‍ ആരംഭിച്ചിട്ടുണ്ട്. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ സമയോചിതമായ ഇടപെടലും അന്വേഷണവും ഉറപ്പുവരുത്തുന്നതിനും അത്തരം കാര്യങ്ങളിലെ അന്വേഷണത്തിലും കുറ്റകൃത്യങ്ങള്‍ തടയുന്നതിലും ഉയര്‍ന്ന കാര്യക്ഷമത ഉറപ്പുവരുത്തുന്നതിനുമുള്ള സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുക എന്നതാണ് ഈ പദ്ധതികളുടെ ലക്ഷ്യങ്ങള്‍.
സ്ത്രീകളുടെ സുരക്ഷയ്ക്കായുള്ള സുപ്രധാന പദ്ധതിക്ക് കീഴില്‍ ഇനിപ്പറയുന്ന പദ്ധതികള്‍ തുടരുന്നതിനാണ് കേന്ദ്ര ഗവണ്മെന്റിന്റെ നിര്‍ദ്ദേശം:
1. 112 എമര്‍ജന്‍സി റെസ്പോണ്‍സ് സപ്പോര്‍ട്ട് സിസ്റ്റം (അടിയന്തിര പ്രതിരോധ പിന്തുണ സംവിധാനം- ഇ.ആര്.എസ്.എസ്) 2.0;
2. ദേശീയ ഫോറന്‍സിക് ഡാറ്റാ സെന്റര്‍ സ്ഥാപിക്കുന്നതുള്‍പ്പെടെ സെന്‍ട്രല്‍ ഫോറന്‍സിക് സയന്‍സസ് ലബോറട്ടറികളുടെ നവീകരണം;
3. ഡി.എന്‍.എ വിശകലനം, സംസ്ഥാന ഫോറന്‍സിക് സയന്‍സ് ലബോറട്ടറികളില്‍ (എഫ്.എസ്.എല്‍) സൈബര്‍ ഫോറന്‍സിക് കാര്യശേഷി എന്നിവ ശക്തിപ്പെടുത്തല്‍;
4. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയല്‍;
5. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ ലൈംഗികാതിക്രമ കേസുകള്‍ കൈകാര്യം ചെയ്യുന്നതില്‍ അന്വേഷകരുടെയും പ്രോസിക്യൂട്ടര്‍മാരുടെയും കാര്യശേഷി വര്‍ദ്ധിപ്പിക്കലും പരിശീലനവും; ഒപ്പം
6. വനിതാ ഹെല്‍പ്പ് ഡെസ്ക്കും മനുഷ്യക്കടത്ത് വിരുദ്ധ യൂണിറ്റുകളും.
–NS–