Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

‘ട്രാൻസ്‌ജെൻഡർമാർക്ക് എന്താണു ചെയ്യാനാകുക എന്നു നിങ്ങള്‍ നിങ്ങളുടെ പ്രവൃത്തികളിലൂടെ കാട്ടിത്തരുന്നു, ഇതൊരു മഹത്തായ സേവനമാണ്’: മുംബൈയില്‍നിന്നുള്ള ട്രാന്‍സ്‌ജെന്‍ഡർ കല്‍പ്പനയോട് പ്രധാനമന്ത്രി


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ‘വികസിത് ഭാരത് സങ്കല്‍പ്പ് യാത്ര’യുടെ ഗുണഭോക്താക്കളുമായി വിദൂരദൃശ്യസംവിധാനം വഴി ആശയവിനിമയം നടത്തി. ‘വികസിത് ഭാരത് സങ്കൽപ്പ് യാത്ര’യുടെ രാജ്യമെമ്പാടുമുള്ള ആയിരക്കണക്കിന് ഗുണഭോക്താക്കള്‍ പരിപാടിയില്‍ പങ്കെടുത്തു. കേന്ദ്രമന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍, പ്രാദേശികതല പ്രതിനിധികള്‍ എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.

‘സായ് കിന്നര്‍ ബചത്’ എന്ന സ്വയംസഹായസംഘം നടത്തുന്ന മുംബൈയില്‍ നിന്നുള്ള ട്രാന്‍സ്ജെന്‍ഡര്‍ കല്‍പ്പന ബായിയുമായി പ്രധാനമന്ത്രി ആശയവിനിമയം നടത്തി. മഹാരാഷ്ട്രയില്‍ ട്രാന്‍സ്ജെന്‍ഡർമാർക്കു വേണ്ടിയുള്ള ഇത്തരത്തിലെ ആദ്യ സംഘമാണ് അവരുടേത്. വെല്ലുവിളി നിറഞ്ഞ ജീവിതകഥ വിവരിച്ച കല്‍പ്പന ജി പ്രധാനമന്ത്രിയുടെ സംവേദനക്ഷമതയ്ക്കു നന്ദി പറഞ്ഞു.  ഒരു ട്രാന്‍സ്‌ജെന്‍ഡറിന്റെ കഠിനമായ ജീവിതം അനുസ്മരിച്ച കല്‍പ്പന ജി ഭിക്ഷാടനത്തിന്റെയും അനിശ്ചിതത്വത്തിന്റെയും ജീവിതത്തിന് ശേഷമാണ് താന്‍ ബചത് ഗട്ട് ആരംഭിച്ചതെന്ന് പ്രധാനമന്ത്രിയോട് പറഞ്ഞു.

ഗവണ്‍മെന്റ് ധനസഹായത്തോടെയാണ് കല്‍പ്പനാ ജി കുട്ട നിര്‍മാണത്തിന് തുടക്കമിട്ടത്. നഗര ഉപജീവന ദൗത്യവും സ്വനിധി പദ്ധതിയും അവര്‍ക്ക് പിന്തുണ നല്‍കി. അവർ ഇഡ്ഡലി – ദോശ – പൂക്കച്ചവടം നടത്തുന്നുണ്ട്. മുംബൈയില്‍ പാവ്-ഭാജി, വട പാവ് കച്ചവടസാധ്യതയെക്കുറിച്ച് ചോദിച്ച പ്രധാനമന്ത്രി അത് എല്ലാവര്‍ക്കും ആശ്വാസമാകുമെന്നും സരസമായി പറഞ്ഞു. അവരുടെ സംരംഭകത്വം ട്രാന്‍സ്ജെന്‍ഡറുകളുടെ യാഥാർഥ്യത്തെക്കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുകയും സമൂഹത്തില്‍ ട്രാൻസ്ജെൻഡർമാരോടുള്ള തെറ്റായ പ്രതിച്ഛായ തിരുത്തുകയും ചെയ്യുന്നു എന്നതാണ് സംരംഭകത്വമെന്ന നിലയില് സമൂഹത്തിന് അവര്‍ നൽകിയ സേവനത്തിന്റെ മഹത്വമെന്ന് പ്രധാനമന്ത്രി വിശദീകരിച്ചു. “ട്രാൻസ്ജെൻഡർമാർക്കു ചെയ്യാൻ കഴിയുന്നത് നിങ്ങൾ ചെയ്തുകാണിക്കുന്നു” – പ്രധാനമന്ത്രി കൽപ്പന ജിയെ അഭിനന്ദിച്ചു.

അവരുടെ സംഘം ട്രാൻസ്‌ജെൻഡർ തിരിച്ചറിയൽ കാർഡുകൾ നൽകുകയും കച്ചവടം ആരംഭിക്കാനും ഭിക്ഷാടനം ഉപേക്ഷിക്കാനും പിഎം സ്വനിധി പോലുള്ള പദ്ധതികൾ പ്രയോജനപ്പെടുത്താൻ ട്രാൻസ്ജെൻഡർ സമൂഹത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ‘മോദിയുടെ ഉറപ്പിന്റെ വാഹന’ത്തോടു ട്രാൻസ്ജെൻഡർ സമുദായത്തിനുള്ള ആവേശം പ്രകടിപ്പിച്ച അവർ, വാഹനം അവരുടെ പ്രദേശം സന്ദർശിച്ചപ്പോൾ താനും സുഹൃത്തുക്കളും നിരവധി ആനുകൂല്യങ്ങൾ നേടിയതായും പറഞ്ഞു. കൽപ്പന ജിയുടെ അചഞ്ചലമായ മനോഭാവത്തെ പ്രധാനമന്ത്രി അഭിവാദ്യം ചെയ്യുകയും ഏറെ വെല്ലുവിളി നിറഞ്ഞ ജീവിതത്തിനിടയിലും തൊഴിൽദാതാവായി മാറിയതിന് അവരെ പ്രശംസിക്കുകയും ചെയ്തു. “നിരാലംബർക്കു മുൻഗണന നൽകുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം” – പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

–NK–