Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

മെഡിക്കല്‍ ഉല്‍പ്പന്ന നിയന്ത്രണ മേഖലയിലെ സഹകരണം സംബന്ധിച്ച് ഇന്ത്യയും ഡൊമിനിക്കന്‍ റിപ്പബ്ലിക്കും തമ്മിലുള്ള ധാരണാപത്രത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം


കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയത്തിനു കീഴിലുള്ള സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ (സിഡിഎസ്സിഒ), ഡൊമിനിക്കന്‍ റിപ്പബ്ലിക്കിലെ പൊതുജനാരോഗ്യ, സാമൂഹിക സേവന മന്ത്രാലയത്തിന്റെ ഭാഗമായ മെഡിസിന്‍-ഫുഡ്സ് ആന്‍ഡ് സാനിറ്ററി പ്രൊഡക്ട്സ് ഡയറക്ടറേറ്റ് ജനറല്‍ എന്നിവ തമ്മില്‍ ഒപ്പുവെച്ച ധാരണാപത്രം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു. മെഡിക്കല്‍ ഉല്‍പ്പന്ന നിയന്ത്രണ മേഖലയിലെ സഹകരണം സംബന്ധിച്ച ധാരണാപത്രം ഒപ്പുവെച്ചത് 2023 ഒക്ടോബര്‍ നാലിനാണ്.

രണ്ടു ഗവണ്‍മെന്റുകളുടെ യും അധികാരപരിധിയിലുള്ള, മെഡിക്കല്‍ ഉല്‍പ്പന്നങ്ങളുമായി ബന്ധപ്പെട്ട മേഖലകളിലെ പ്രസക്തമായ ഭരണപരവും നിയന്ത്രണപരവുമായ കാര്യങ്ങളില്‍ വിവര കൈമാറ്റവും സഹകരണവും ധാരണാപത്രം പ്രോത്സാഹിപ്പിക്കും. അന്താരാഷ്ട്ര വിപണിയിലെ നിലവാരമില്ലാത്തതും വ്യാജവുമായ മരുന്നു വിപണനത്തിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് നിയന്ത്രണ ഏജന്‍സികള്‍ തമ്മിലുള്ള ആശയവിനിമയം ധാരണാപത്രം എളുപ്പമാക്കുന്നു.

ഇന്ത്യയില്‍ നിന്നുള്ള മരുന്നുകളുടെ കയറ്റുമതി വര്‍ദ്ധിപ്പിക്കുന്നതിനും ഔഷധ മേഖലയിലെ വിദ്യാസമ്പന്നരായ പ്രൊഫഷണലുകള്‍ക്ക് മികച്ച തൊഴിലവസരങ്ങള്‍ നല്‍കുന്നതിനും റെഗുലേറ്ററി സമ്പ്രദായങ്ങളിലെ ഒത്തുചേരല്‍ സഹായിക്കും.

വിദേശനാണ്യ വരുമാനത്തിലേക്ക് നയിക്കുന്ന മെഡിക്കല്‍ ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി സുഗമമാക്കുന്നതാണ് ധാരണാപത്രം. ഇത് ആത്മനിര്‍ഭര്‍ ഭാരതത്തിലേക്ക് ഒരു ചുവടുകൂടി മുന്നോട്ടു വയ്ക്കാന്‍ സഹായിക്കും.

–NK–