Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

തിമോര്‍-ലെസ്റ്റെ പ്രസിഡന്റുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി

തിമോര്‍-ലെസ്റ്റെ പ്രസിഡന്റുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി


ഗാന്ധിനഗറില്‍ നടക്കുന്ന പത്താമത് വൈബ്രന്റ് ഗുജറാത്ത് ആഗോള ഉച്ചകോടിയിൽ പങ്കെടുക്കാനായി തിമോര്‍-ലെസ്റ്റെ പ്രസിഡന്റ് ഡോ. ജോസ് റാമോസ് ഹോര്‍ത്ത 2024 ജനുവരി 8 മുതല്‍ 10 വരെ ഇന്ത്യ സന്ദര്‍ശിക്കുന്നു.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും പ്രസിഡന്റ് ഹോര്‍ത്തയും ഇന്ന് ഗാന്ധിനഗറില്‍ കൂടിക്കാഴ്ച നടത്തി. വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിയിലേക്ക് പ്രസിഡന്റ് ഹോര്‍ത്തയ്ക്കും അദ്ദേഹത്തിന്റെ സംഘത്തിനും പ്രധാനമന്ത്രി ഊഷ്മളമായ സ്വാഗതമേകി. ഇരു രാജ്യങ്ങളും തമ്മിൽ രാഷ്ട്ര നേതൃത്വ തലത്തിലോ ഗവണ്‍മെന്റ് തലത്തിലോ നടക്കുന്ന ആദ്യ സന്ദര്‍ശനമാണ് ഇത്. ഊര്‍ജ്ജസ്വലമായ ”ഡല്‍ഹി-ദിലി” ബന്ധം സ്ഥാപിക്കുന്നതിനുള്ള ഇന്ത്യയുടെ പ്രതിബദ്ധത പ്രധാനമന്ത്രി ആവര്‍ത്തിച്ചു. രാജ്യത്ത് ഇന്ത്യന്‍ ദൗത്യം ആരംഭിക്കുമെന്ന് 2023 സെപ്റ്റംബറില്‍ അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. കാര്യശേഷി വര്‍ദ്ധന, മാനവ വിഭവശേഷി വികസനം, ഐ.ടി, ഫിന്‍ടെക്, ഊര്‍ജ്ജം പരമ്പരാഗത വൈദ്യശാസ്ത്രവും ഫാര്‍മയും ഉള്‍പ്പെടെയുള്ള ആരോഗ്യ സംരക്ഷണം എന്നിവയില്‍ തിമോര്‍-ലെസ്‌റ്റെയ്ക്ക് അദ്ദേഹം സഹായം വാഗ്ദാനം ചെയ്തു. അന്താരാഷ്ട്ര സൗരോര്‍ജ്ജ കൂട്ടായ്മ (ഇന്റര്‍നാഷണല്‍ സോളാര്‍ അലയന്‍സ് (ഐഎസ്എ)), ദുരന്തപ്രതിരോധ അടിസ്ഥാനസൗകര്യ കൂട്ടായ്മ (കോയലിഷന്‍ ഫോര്‍ ഡിസാസ്റ്റര്‍ റെസിലന്റ് ഇന്‍ഫ്രാസ്ട്രക്ചര്‍ (സിഡിആര്‍ഐ) എന്നിവയില്‍ പങ്കുചേരാന്‍ തിമോര്‍-ലെസെ്റ്റയെ അദ്ദേഹം ക്ഷണിച്ചു.

11-ാമത്തെ അംഗമായി തിമോര്‍-ലെസെ്റ്റയെ പ്രവേശിപ്പിക്കാനുള്ള ആസിയാന്റെ തത്വത്തിലുള്ള തീരുമാനത്തിന് പ്രസിഡന്റ് ഹോര്‍ത്തയെ അദ്ദേഹം അഭിനന്ദിക്കുകയും ഉടന്‍ തന്നെ പൂര്‍ണ അംഗത്വം നേടുമെന്ന പ്രതീക്ഷ പ്രകടിപ്പിക്കുകയും ചെയ്തു.

ഉച്ചകോടിയില്‍ പങ്കെടുക്കാനുള്ള ക്ഷണത്തിന് പ്രസിഡന്റ് ഹോര്‍ത്ത പ്രധാനമന്ത്രിയോട് നന്ദി പറഞ്ഞു. വികസന മുന്‍ഗണനകള്‍ നിറവേറ്റുന്നതിന്, പ്രത്യേകിച്ച് ആരോഗ്യ സംരക്ഷണം, ഐ.ടിയിലെ കാര്യശേഷി വര്‍ദ്ധിപ്പിക്കല്‍ എന്നീ മേഖലകളില്‍ അദ്ദേഹം ഇന്ത്യയുടെ പിന്തുണ തേടി.
ഇന്തോ-പസഫിക്കിലെ പ്രാദേശിക വിഷയങ്ങളും സംഭവവികാസങ്ങളും ഇരു നേതാക്കളും ചര്‍ച്ച ചെയ്തു.

യു.എന്‍ സുരക്ഷാ കൗണ്‍സിലില്‍ ഇന്ത്യയുടെ സ്ഥിരാംഗത്വത്തിന് പ്രസിഡന്റ് ഹോര്‍ത്ത ശക്തമായ പിന്തുണ അറിയിച്ചു. ബഹുമുഖ രംഗത്ത് തങ്ങളുടെ മികച്ച സഹകരണം തുടരാനുള്ള പ്രതിജ്ഞാബദ്ധതയും നേതാക്കള്‍ വ്യക്തമാക്കി. വോയ്‌സ് ഓഫ് ഗ്ലോബല്‍ സൗത്ത് ഉച്ചകോടിയുടെ രണ്ട് പതിപ്പുകളിലെ തിമോര്‍-ലെസ്‌റ്റെയുടെ സജീവ പങ്കാളിത്തത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ആഗോള പ്രശ്‌നങ്ങളില്‍ ഗ്ലോബല്‍ സൗത്തിലെ രാജ്യങ്ങള്‍ തങ്ങളുടെ നിലപാട് സമന്വയിപ്പിക്കണമെന്ന് അവര്‍ പറഞ്ഞു.

ഇന്ത്യയും തിമോര്‍-ലെസ്‌റ്റെയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ജനാധിപത്യത്തിന്റെയും ബഹുസ്വരതയുടെയും കൂട്ടായ മൂല്യങ്ങളുടെ അടിത്തറയിലുള്ളതാണ്. 2002ല്‍ തിമോര്‍-ലെസെ്റ്റയുമായി നയതന്ത്രബന്ധം സ്ഥാപിച്ച ആദ്യ രാജ്യങ്ങളിലൊന്നാണ് ഇന്ത്യ.

–SK–