Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ലക്ഷദ്വീപിലെ കവരത്തിയില്‍ വികസന പദ്ധതികളുടെ ശിലാസ്ഥാപനവും ഉദ്ഘാടനവും നിര്‍വഹിച്ച് പ്രധാനമന്ത്രി നടത്തിയ പ്രസംഗം


ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ക്കും പാര്‍ലമെന്റ് അംഗം ശ്രീ പ്രഭു പട്ടേല്‍ ജിക്കും ലക്ഷദ്വീപിലെ എന്റെ എല്ലാ കുടുംബാംഗങ്ങള്‍ക്കും ആശംസകള്‍! നമസ്‌കാരം!

എല്ലാവര്‍ക്കും സുഖം ആണ് എന്ന് വിശ്വസിക്കുന്നു!

ലക്ഷദ്വീപിലെ പ്രഭാതം കണ്ടതില്‍ അതിയായ സന്തോഷമുണ്ട്. ലക്ഷദ്വീപിന്റെ സൗന്ദര്യം വാക്കുകളാല്‍ വിവരിക്കുക വളരെ ബുദ്ധിമുട്ടാണ്. ഇത്തവണ അഗത്തി, ബംഗാരം, കവരത്തി എന്നിവിടങ്ങളിലെ എല്ലാ കുടുംബാംഗങ്ങളെയും കാണാനുള്ള അവസരം ലഭിച്ചത് എന്റെ ഭാഗ്യമാണ്. ലക്ഷദ്വീപിന്റെ ഭൂമിശാസ്ത്രപരമായ വിസ്തീര്‍ണ്ണം ചെറുതാണെങ്കിലും ലക്ഷദ്വീപ് നിവാസികളുടെ ഹൃദയം കടല്‍ പോലെ വിശാലമാണ്. നിങ്ങളുടെ സ്‌നേഹത്തിനും അനുഗ്രഹത്തിനും ഞാന്‍ നന്ദിയുള്ളവനാണ്.

എന്റെ കുടുംബാംഗങ്ങളേ,

സ്വാതന്ത്ര്യത്തിനു ശേഷം പതിറ്റാണ്ടുകളായി, കേന്ദ്രത്തിലെ ഗവണ്‍മെന്റുകള്‍ അവരുടെ രാഷ്ട്രീയ പാര്‍ട്ടികളുടെ വികസനത്തിന് മാത്രമാണ് മുന്‍ഗണന നല്‍കിയത്. ദൂരെയോ അതിര്‍ത്തിയിലോ കടലുകള്‍ക്കിടയിലോ ഉള്ള സംസ്ഥാനങ്ങളെ ശ്രദ്ധിച്ചില്ല. കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍, അതിര്‍ത്തിയിലെ പ്രദേശങ്ങള്‍, കടലിന്റെ അറ്റത്തുള്ള പ്രദേശങ്ങള്‍ എന്നിവ നമ്മുടെ സര്‍ക്കാര്‍ മുന്‍ഗണനകളാക്കി. ഭാരതത്തിലെ ഓരോ പ്രദേശത്തിന്റെയും ഓരോ പൗരന്റെയും ജീവിതം എളുപ്പമാക്കുക, അവര്‍ക്ക് സൗകര്യങ്ങള്‍ ഉറപ്പാക്കുക എന്നിവയാണ് കേന്ദ്ര ഗവണ്മെന്റിന്റെ മുന്‍ഗണന. 1200 കോടിയോളം രൂപയുടെ പദ്ധതികളുടെ തറക്കല്ലിടലും ഉദ്ഘാടനവും ഇന്ന് ഇവിടെ നടന്നു. ഈ പദ്ധതികള്‍ ഇന്റര്‍നെറ്റ്, വൈദ്യുതി, വെള്ളം, ആരോഗ്യം, ശിശു സംരക്ഷണം എന്നിവയുമായി ബന്ധപ്പെട്ടതാണ്. ഈ വികസന പദ്ധതികള്‍ക്കായി നിങ്ങളെല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍.

എന്റെ കുടുംബാംഗങ്ങളേ,

ലക്ഷദ്വീപിലെ ജനങ്ങളുടെ ജീവിത സൗകര്യം വര്‍ധിപ്പിക്കാനുള്ള ഒരു സാധ്യതയും കഴിഞ്ഞ 10 വര്‍ഷമായി കേന്ദ്ര ഗവണ്‍മെന്റ് നഷ്ടപ്പെടുത്തിയിട്ടില്ല. പ്രധാനമന്ത്രി ആവാസ് യോജന (ഗ്രാമീണ്‍) പ്രകാരം 100% ഗുണഭോക്താക്കള്‍ക്കും പരിരക്ഷ ലഭിച്ചു. സൗജന്യ റേഷന്‍ എല്ലാ ഗുണഭോക്താക്കളിലും എത്തുന്നു, കര്‍ഷക ക്രെഡിറ്റ് കാര്‍ഡുകളും ആയുഷ്മാന്‍ കാര്‍ഡുകളും നല്‍കിയിട്ടുണ്ട്. ആയുഷ്മാന്‍ ആരോഗ്യ മന്ദിറും ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് സെന്ററുകളും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. സര്‍ക്കാര്‍ പദ്ധതികളുടെ ഗുണഫലങ്ങള്‍ എല്ലാവര്‍ക്കും ലഭ്യമാക്കാനാണ് സര്‍ക്കാരിന്റെ ശ്രമം. ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ (ഡിബിടി) വഴി ഓരോ ഗുണഭോക്താവിന്റെയും ബാങ്ക് അക്കൗണ്ടുകളിലേക്ക് കേന്ദ്ര സര്‍ക്കാര്‍ നേരിട്ട് പണം അയയ്ക്കുന്നു. ഇത് സുതാര്യത കൊണ്ടുവരികയും അഴിമതി കുറയ്ക്കുകയും ചെയ്തു. ലക്ഷദ്വീപിലെ ജനങ്ങളുടെ അവകാശങ്ങളില്‍ നിന്ന് അവരെ അകറ്റുന്ന ആരേയും വെറുതേ വിടില്ലെന്ന് ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പ് നല്‍കുന്നു.

എന്റെ കുടുംബാംഗങ്ങളേ,

2020-ല്‍, 1000 ദിവസത്തിനുള്ളില്‍ അതിവേഗ ഇന്റര്‍നെറ്റ് നിങ്ങളിലേക്ക് എത്തുമെന്ന് ഞാന്‍ ഉറപ്പുനല്‍കിയിരുന്നു. ഇന്ന് കൊച്ചി-ലക്ഷദ്വീപ് അന്തര്‍വാഹിനി ഒപ്റ്റിക്കല്‍ ഫൈബര്‍ പദ്ധതിയുടെ ഉദ്ഘാടനം നടന്നു. ഇപ്പോള്‍ ലക്ഷദ്വീപിലും 100 മടങ്ങ് വേഗതയില്‍ ഇന്റര്‍നെറ്റ് ലഭ്യമാകും. ഇത് സര്‍ക്കാര്‍ സേവനങ്ങള്‍, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, ഡിജിറ്റല്‍ ബാങ്കിംഗ് തുടങ്ങി നിരവധി സൗകര്യങ്ങള്‍ മെച്ചപ്പെടുത്തും. ലക്ഷദ്വീപില്‍ ലോജിസ്റ്റിക്സ് സര്‍വീസ് ഹബ്ബിന്റെ സാധ്യതകളും വര്‍ധിക്കും. ലക്ഷദ്വീപിലെ എല്ലാ വീടുകളിലും പൈപ്പ് വെള്ളം എത്തിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും അതിവേഗം പുരോഗമിക്കുകയാണ്. ഉപ്പുവെള്ളത്തെ ശുദ്ധജലമാക്കി മാറ്റുന്ന പുതിയ പ്ലാന്റ് ഈ ദൗത്യത്തെ കൂടുതല്‍ മുന്നോട്ട് കൊണ്ടുപോകും. ഈ പ്ലാന്റ് പ്രതിദിനം 1.5 ലക്ഷം ലിറ്റര്‍ കുടിവെള്ളം നല്‍കും. ഇതിനുള്ള പൈലറ്റ് പ്ലാന്റുകള്‍ കവരത്തി, അഗത്തി, മിനിക്കോയ് ദ്വീപ് എന്നിവിടങ്ങളില്‍ സ്ഥാപിച്ചിട്ടുണ്ട്.

എന്റെ കുടുംബാംഗങ്ങളേ,

സുഹൃത്തുക്കളേ, ലക്ഷദ്വീപ് സന്ദര്‍ശനത്തിനിടെ അലി മണിക്ഫാനെ കാണാന്‍ എനിക്കും അവസരം ലഭിച്ചു. അദ്ദേഹത്തിന്റെ ഗവേഷണങ്ങളും കണ്ടുപിടുത്തങ്ങളും ഈ പ്രദേശത്തിനാകെ വലിയ അഭിവൃദ്ധി കൈവരുത്തിയിട്ടുണ്ട്. 2021-ല്‍ അലി മണിക്ഫാന് പത്മശ്രീ നല്‍കി ആദരിച്ചത് നമ്മുടെ സര്‍ക്കാരിന് വലിയ സന്തോഷമാണ്. യുവജനങ്ങള്‍ക്ക് നവീകരണത്തിനും ഉന്നത വിദ്യാഭ്യാസത്തിനും ഇന്ത്യന്‍ സര്‍ക്കാര്‍ പുതിയ വഴികള്‍ സൃഷ്ടിക്കുകയാണ്. ഇന്നും ഇവിടുത്തെ യുവാക്കള്‍ക്ക് ലാപ്ടോപ്പും പെണ്‍കുട്ടികള്‍ക്ക് സൈക്കിളുകളും നല്‍കിയിട്ടുണ്ട്.. വര്‍ഷങ്ങളായി ലക്ഷദ്വീപില്‍ ഒരു ഉന്നത വിദ്യാഭ്യാസ സ്ഥാപനവും ഇല്ലായിരുന്നു, ഇത് യുവാക്കളെ വിദ്യാഭ്യാസത്തിനായി പുറത്തേക്ക് പോകാന്‍ നിര്‍ബന്ധിതരാക്കി. നമ്മുടെ സര്‍ക്കാര്‍ ഇപ്പോള്‍ ലക്ഷദ്വീപില്‍ ഉന്നത വിദ്യാഭ്യാസത്തിനായി പുതിയ സ്ഥാപനങ്ങള്‍ തുറന്നിട്ടുണ്ട്. ആന്ത്രോത്ത്്, കടമത്ത് ദ്വീപുകളില്‍ കലയ്ക്കും ശാസ്ത്രത്തിനും വേണ്ടി പുതിയ കോളേജുകള്‍ സ്ഥാപിക്കുകയും മിനിക്കോയിയില്‍ പുതിയ പോളിടെക്നിക് നിര്‍മ്മിക്കുകയും ചെയ്തു, ഇത് ഇവിടുത്തെ വിദ്യാര്‍ത്ഥികള്‍ക്ക് വളരെയധികം പ്രയോജനം ചെയ്തു.

എന്റെ കുടുംബാംഗങ്ങളേ,

സുഹൃത്തുക്കളേ, ഹജ്ജ് തീര്‍ഥാടകരുടെ സൗകര്യാര്‍ത്ഥം നമ്മുടെ സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങള്‍ ലക്ഷദ്വീപിലെ ജനങ്ങള്‍ക്കും ഗുണം ചെയ്തു. ഹജ്ജ് തീര്‍ഥാടകര്‍ക്കുള്ള വിസ നിയമങ്ങള്‍ ലളിതമാക്കി, ഹജ്ജുമായി ബന്ധപ്പെട്ട മിക്ക ഇടപാടുകളും ഇപ്പോള്‍ ഡിജിറ്റലാണ്. മെഹ്റമില്ലാതെ ഹജ്ജിന് പോകാന്‍ സ്ത്രീകള്‍ക്ക് ഇപ്പോള്‍ അനുമതിയുണ്ട്. ഈ ശ്രമങ്ങള്‍ മൂലം ഉംറയ്ക്ക് പോകുന്ന ഇന്ത്യന്‍ തീര്‍ഥാടകരുടെ എണ്ണം ഗണ്യമായി വര്‍ദ്ധിച്ചു.

എന്റെ കുടുംബാംഗങ്ങളേ,

സമുദ്രോത്പന്നങ്ങളുടെ ആഗോള വിപണിയിലും തങ്ങളുടെ പങ്ക് വര്‍ധിപ്പിക്കാനുള്ള ശ്രമത്തിലാണ് ഇന്ന് ഭാരതം. ഇത് ലക്ഷദ്വീപിനും ഗുണം ചെയ്യുന്നുണ്ട്. ഇവിടെ നിന്നുള്ള ട്യൂണ മത്സ്യം ഇപ്പോള്‍ ജപ്പാനിലേക്ക് കൊണ്ടുപോകുന്നു. ഇവിടെ നിന്ന് ഉയര്‍ന്ന ഗുണമേന്മയുള്ള മത്സ്യം കയറ്റുമതി ചെയ്യുന്നതിനുള്ള നിരവധി സാധ്യതകള്‍ ഉണ്ട്, അത് നമ്മുടെ മത്സ്യത്തൊഴിലാളി സമൂഹങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കാന്‍ കഴിയും. കടല്‍പ്പായല്‍ കൃഷിയുടെ സാധ്യതകളും ഇവിടെ അന്വേഷിക്കുന്നുണ്ട്. ലക്ഷദ്വീപ് വികസിപ്പിക്കുമ്പോള്‍, പരിസ്ഥിതിക്ക് കോട്ടംതട്ടാതിരിക്കാന്‍ നമ്മുടെ ഗവണ്‍മെന്റ് പൂര്‍ണ്ണ ശ്രദ്ധ ചെലുത്തുന്നു.
ബാറ്ററി ഊര്‍ജ സംഭരണ സംവിധാനത്തോടെ നിര്‍മിച്ച സൗരോര്‍ജ നിലയം ഈ ശ്രമത്തിന്റെ ഭാഗമാണ്. ലക്ഷദ്വീപിലെ ആദ്യത്തെ ബാറ്ററി പിന്തുണയുള്ള സൗരോര്‍ജ പദ്ധതിയാണിത്. ഇത് വൈദ്യുതി ഉല്‍പാദനത്തിനായി ഡീസല്‍ ആശ്രയിക്കുന്നത് കുറയ്ക്കും, ഇത് കുറഞ്ഞ മലിനീകരണത്തിനും സമുദ്ര ആവാസവ്യവസ്ഥയില്‍ കുറഞ്ഞ ആഘാതത്തിനും കാരണമാകും.

എന്റെ കുടുംബാംഗങ്ങളേ,

സ്വാതന്ത്ര്യത്തിന്റെ ‘അമൃത് കാലത്ത് ‘വികസിത് ഭാരത്’ വികസിപ്പിക്കുന്നതില്‍ ലക്ഷദ്വീപിന് കാര്യമായ പങ്കുണ്ട്. രാജ്യാന്തര ടൂറിസം ഭൂപടത്തില്‍ ലക്ഷദ്വീപിനെ ശ്രദ്ധേയമാക്കാനുള്ള ശ്രമത്തിലാണ് കേന്ദ്ര ഗവണ്‍മെന്റ്. അടുത്തിടെ ഇവിടെ നടന്ന ജി20 യോഗമാണ് ലക്ഷദ്വീപിന് അന്താരാഷ്ട്ര അംഗീകാരം നല്‍കിയത്. സ്വദേശ് ദര്‍ശന്‍ സ്‌കീമിന് കീഴില്‍, ലക്ഷദ്വീപിനായി ഒരു ഡെസ്റ്റിനേഷന്‍ നിര്‍ദ്ദിഷ്ട മാസ്റ്റര്‍ പ്ലാന്‍ രൂപപ്പെടുത്തുന്നു. ഇപ്പോള്‍ ലക്ഷദ്വീപില്‍ രണ്ട് നീല പതാക ബീച്ചുകള്‍ ഉണ്ട്. രാജ്യത്തെ ആദ്യത്തെ വാട്ടര്‍ വില്ല പദ്ധതി കടമത്ത്, സുഹേലി ദ്വീപുകളില്‍ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് എന്നെ അറിയിച്ചിട്ടുണ്ട്.

ലക്ഷദ്വീപും ക്രൂയിസ് ടൂറിസത്തിന്റെ പ്രധാന കേന്ദ്രമായി മാറുകയാണ്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഇവിടെയെത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണം ഏകദേശം അഞ്ചിരട്ടിയായി വര്‍ധിച്ചു. വിദേശ യാത്രകള്‍ ആസൂത്രണം ചെയ്യുന്നതിനുമുമ്പ് ഇന്ത്യയിലെ 15 സ്ഥലങ്ങളെങ്കിലും സന്ദര്‍ശിക്കണമെന്ന് ഞാന്‍ രാജ്യത്തെ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചത് നിങ്ങള്‍ ഓര്‍ക്കുന്നുണ്ടാകും. വിവിധ രാജ്യങ്ങളിലെ ദ്വീപുകള്‍ പര്യവേക്ഷണം ചെയ്യാന്‍ ആഗ്രഹിക്കുന്നവരും വിവിധ രാജ്യങ്ങളുടെ കടലില്‍ ആകൃഷ്ടരുമായവരോട്, ആദ്യം ലക്ഷദ്വീപ് സന്ദര്‍ശിക്കാന്‍ ഞാന്‍ അവരോട് അഭ്യര്‍ത്ഥിക്കുന്നു. ഇവിടുത്തെ മനോഹരമായ ബീച്ചുകള്‍ കാണുന്ന ഏതൊരാളും മറ്റ് രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നത് മറക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.

എന്റെ കുടുംബാംഗങ്ങളേ,

സുഗമമായ താമസം, യാത്രാസൗകര്യം, ബിസിനസ്സ് ചെയ്യാനുള്ള സൗകര്യം എന്നിവയ്ക്കായി സാധ്യമായ എല്ലാ നടപടികളും കേന്ദ്ര സര്‍ക്കാര്‍ തുടര്‍ന്നും സ്വീകരിക്കുമെന്ന് ഞാന്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കും ഉറപ്പ് നല്‍കുന്നു. വികസിത ഭാരത്തിനായി ലക്ഷദ്വീപ് ശക്തമായ പങ്ക് വഹിക്കും. ഈ വിശ്വാസത്തോടെ, വികസന പദ്ധതികളുടെ പേരില്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍!

എല്ലാവര്‍ക്കും, വളരെ നന്ദി !

 

NS