Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

തിരുച്ചിറപ്പള്ളി ഭാരതിദാസൻ സർവകലാശാലയുടെ 38-ാം ബിരുദദാനച്ചടങ്ങിൽ പ്രധാനമന്ത്രി നടത്തിയ അഭിസംബോധനയുടെ പൂർണരുപം

തിരുച്ചിറപ്പള്ളി ഭാരതിദാസൻ സർവകലാശാലയുടെ 38-ാം ബിരുദദാനച്ചടങ്ങിൽ പ്രധാനമന്ത്രി നടത്തിയ അഭിസംബോധനയുടെ പൂർണരുപം


തമിഴ്‌നാട് ഗവർണർ ശ്രീ ആർ എൻ രവി ജി, മുഖ്യമന്ത്രി ശ്രീ എം കെ സ്റ്റാലിൻ ജി, ഭാരതിദാസൻ സർവകലാശാല വൈസ് ചാൻസലർ ശ്രീ എം സെൽവം ജി, എന്റെ യുവ സുഹൃത്തുക്കളേ, അധ്യാപക​രേ, സർവകലാശാലയിലെ മറ്റു ജീവനക്കാരേ,

വണക്കം!

‘എന്റെ വിദ്യാർത്ഥി കുടുംബാംഗങ്ങളെ’,

ഭാരതിദാസൻ സർവകലാശാലയുടെ 38-ാം ബിരുദദാനച്ചടങ്ങിനായി ഇവിടെയെത്താൻ കഴിഞ്ഞത് എന്നെ സംബന്ധിച്ചിടത്തോളം സവിശേഷമായ കാര്യമാണ്. 2024ലെ എന്റെ ആദ്യ പൊതുപരിപാടിയാണിത്. അതിമനോഹരമായ തമിഴ്‌നാട്ടിലും യുവാക്കൾക്കിടയിലും എത്താൻ കഴിഞ്ഞതിൽ ഞാൻ സന്തുഷ്ടനാണ്. ഇവിടെ ബിരുദദാനച്ചടങ്ങിൽ പങ്കെടുക്കാൻ അവസരം ലഭിക്കുന്ന ആദ്യത്തെ പ്രധാനമന്ത്രിയാണു ഞാൻ എന്നറിയുന്നതിൽ എനിക്കു സന്തോഷമുണ്ട്. ഈ സുപ്രധാന അവസരത്തിൽ, ബിരുദം നേടിയ വിദ്യാർഥികളെയും അവരുടെ മാതാപിതാക്കളെയും അധ്യാപകരെയും ഞാൻ അഭിനന്ദിക്കുന്നു.

മിക്കപ്പോഴും, സർവകലാശാലയ്ക്കു രൂപംനൽകുന്നതു നിയമനിർമാണപ്രക്രിയയാണ്. നിയമം പാസാക്കുകയും സർവകലാശാല നിലവിൽവരികയും ചെയ്യുന്നു. പിന്നീട് ഇതിനുകീഴിൽ കലാലയങ്ങൾ ആരംഭിക്കുന്നു. അങ്ങനെ സർവകലാശാല വളരുകയും മികവിന്റെ കേന്ദ്രമായി മാറുകയും ചെയ്യുന്നു. എന്നാൽ, ഭാരതിദാസൻ സർവകലാശാലയുടെ കാര്യം അൽപ്പം വ്യത്യസ്തമാണ്. 1982ൽ ഇതിനു രൂപംനൽകിയപ്പോൾ, നിലവിലുള്ളതും അഭിമാനകരവുമായ നിരവധി കോളേജുകൾ നിങ്ങളുടെ സർവകലാശാലയുടെ കീഴിൽ കൊണ്ടുവന്നു. ഈ കോളേജുകളിൽ ചിലതിന് ഇതിനകം മികച്ച വ്യക്തികളെ സൃഷ്ടിച്ചതിന്റെ ട്രാക്ക് റെക്കോർഡുമുണ്ടായിരുന്നു. അതിനാൽ, കരുത്തുറ്റതും പക്വവുമായ അടിത്തറയിലാണു ഭാരതിദാസൻ സർവകലാശാല ആരംഭിച്ചത്. ഈ പക്വത നിങ്ങളുടെ സർവകലാശാലയെ പല മേഖലകളിലും സ്വാധീനിച്ചു. സാഹിത്യ-മാനവിക വിഷയങ്ങളോ ഭാഷകളോ ശാസ്ത്രമോ അതല്ലെങ്കിൽ ഉപഗ്രഹങ്ങളോ ആകട്ടെ, ഇവയിലെല്ലാം നിങ്ങളുടെ സർവകലാശാല സവിശേഷമായ മുദ്ര പതിപ്പിക്കുന്നു!

‘എന്റെ വിദ്യാർത്ഥി കുടുംബാംഗങ്ങളെ’, നമ്മുടെ രാഷ്ട്രവും നാഗരികതയും എല്ലായ്പോഴും അറിവിനു ചുറ്റുമായാണു കേന്ദ്രീകരിച്ചിരിക്കുന്നത്. നളന്ദ, വിക്രമശില തുടങ്ങിയ പുരാതന സർവകലാശാലകൾ പ്രസിദ്ധമാണ്. അതുപോലെ, കാഞ്ചീപുരം പോലുള്ള സ്ഥലങ്ങളിൽ മഹത്തായ സർവകലാശാലകൾ സ്ഥിതിചെയ്തിരുന്നതായി പരാമർശങ്ങളുണ്ട്. ഗംഗൈകൊണ്ട ചോളപുരവും മധുരയും മികച്ച പഠനകേന്ദ്രങ്ങളായിരുന്നു. ലോകത്തിന്റെ വിവിധഭാഗങ്ങളിൽനിന്നുള്ള വിദ്യാർഥികൾ ഈ സ്ഥലങ്ങളിലേക്കു വരാറുണ്ടായിരുന്നു.

‘എന്റെ വിദ്യാർത്ഥി കുടുംബാംഗങ്ങളെ’, അതുപോലെ, ബിരുദദാനസമ്മേളനം എന്ന ആശയംപോലും വളരെ പുരാതനവും നമുക്കു സുപരിചിതവുമാണ്. കവികളുടെയും ബുദ്ധിജീവികളുടെയും പുരാതന തമിഴ് സംഗമം ഇതിനുദാഹരണമാണ്. സംഗമങ്ങളിൽ കവിതയും സാഹിത്യവും മറ്റുള്ളവരുടെ വിശകലനത്തിനായി അവതരിപ്പിക്കപ്പെട്ടു. വിശകലനത്തിനുശേഷം, കവിയെയും അവരുടെ സൃഷ്ടികളെയും വലിയ സമൂഹം അംഗീകരിച്ചു. ഇന്നും അക്കാദമികരംഗത്തും ഉന്നതവിദ്യാഭ്യാസത്തിലും ഉപയോഗിക്കുന്ന അതേ യുക്തിയാണിത്! അതിനാൽ, എന്റെ യുവസുഹൃത്തുക്കളേ, നിങ്ങൾ മഹത്തായ ചരിത്രപാരമ്പര്യത്തിന്റെ ഭാഗമാണ്.

‘എന്റെ വിദ്യാർത്ഥി കുടുംബാംഗങ്ങളെ’,

ഏതു രാജ്യത്തിനും ദിശാബോധം നൽകുന്നതിൽ സർവകലാശാലകൾ നിർണായകപങ്കു വഹിക്കുന്നു. നമ്മുടെ സർവകലാശാലകൾ ഊർജസ്വലമായിരുന്നപ്പോൾ നമ്മുടെ രാഷ്ട്രവും നാഗരികതയും ഊർജസ്വലമായിരുന്നു. നമ്മുടെ രാഷ്ട്രം ആക്രമിക്കപ്പെട്ടപ്പോൾ, നമ്മുടെ വിജ്ഞാനസംവിധാനങ്ങളിലേക്കും ഉടനടി ലക്ഷ്യം നീണ്ടു. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ മഹാത്മാഗാന്ധി, പണ്ഡിറ്റ് മദൻ മോഹൻ മാളവ്യ, സർ അണ്ണാമലൈ ചെട്ടിയാർ തുടങ്ങിയവർ സർവകലാശാലകൾ ആരംഭിച്ചിരുന്നു. സ്വാതന്ത്ര്യസമരകാലത്തു വിജ്ഞാനത്തിന്റെയും ദേശീയതയുടെയും കേന്ദ്രങ്ങളായിരുന്നു ഇവ.

അതുപോലെ, ഇന്ന് ഇന്ത്യയുടെ ഉയർച്ചയ്ക്കു പിന്നിലെ ഒരു ഘടകം നമ്മുടെ സർവകലാശാലകളുടെ ഉയർച്ചയാണ്. അതിവേഗം വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥയെന്ന നിലയിൽ ഇന്ത്യ സാമ്പത്തിക വളർച്ചയിൽ റെക്കോർഡുകൾ സൃഷ്ടിക്കുകയാണ്. അതേസമയം, നമ്മുടെ സർവകലാശാലകളും റെക്കോർഡ് സംഖ്യകളിൽ ആഗോള റാങ്കിങ്ങിൽ പ്രവേശിക്കുന്നു.

‘‘എന്റെ വിദ്യാർത്ഥി കുടുംബാംഗങ്ങളെ’, നിങ്ങളുടെ സർവകലാശാല ഇന്നു നിങ്ങളിൽ പലർക്കും ബിരുദം നൽകിയിട്ടുണ്ട്. നിങ്ങളുടെ അധ്യാപകർ, കുടുംബം, സുഹൃത്തുക്കൾ, എല്ലാവരും നിങ്ങളുടെ കാര്യത്തിൽ സന്തുഷ്ടരാണ്. വാസ്തവത്തിൽ, നിങ്ങളുടെ ബിരുദഗൗൺ ധരിച്ച് പുറത്തുവച്ചു നിങ്ങളെ കണ്ടാൽ, നിങ്ങളെ അറിയാത്തവർപോലും നിങ്ങളെ അഭിനന്ദിക്കും. ഇതു വിദ്യാഭ്യാസത്തിന്റെ ഉദ്ദേശ്യത്തെക്കുറിച്ചും സമൂഹം നിങ്ങളെ പ്രത്യാശയോടെ എങ്ങനെ നോക്കുന്നുവെന്നും ആഴത്തിൽ ചിന്തിക്കാൻ നിങ്ങളെ പ്രേരിപ്പിക്കണം.

ഉയര്‍ന്ന വിദ്യാഭ്യാസം നമുക്ക് വെറും വിവരങ്ങള്‍ മാത്രമല്ല നല്‍കുന്നതെന്ന് ഗുരുദേവ് രബീന്ദ്രനാഥ ടാഗോര്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ എല്ലാ അസ്തിത്വങ്ങളോടും യോജിച്ച് ജീവിക്കാന്‍ അത് നമ്മെ സഹായിക്കുന്നു. ഈ സുപ്രധാന ദിവസത്തിലേക്ക് നിങ്ങളെ എത്തിക്കുന്നതില്‍ പാവപ്പെട്ടവരില്‍ പാവപ്പെട്ടവര്‍ ഉള്‍പ്പെടെയുള്ള സമൂഹം മുഴുവനും പങ്കുവഹിച്ചിട്ടുണ്ട്. അതിനാല്‍, മെച്ചപ്പെട്ട സമൂഹവും രാജ്യവും സൃഷ്ടിച്ച് അവര്‍ക്ക് അത് മടക്കി നല്‍കുക, എന്നതാണ് വിദ്യാഭ്യാസത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യം. നിങ്ങള്‍ പഠിച്ച ശാസ്ത്രത്തിന് നിങ്ങളുടെ ഗ്രാമത്തിലെ ഒരു കര്‍ഷകനെ സഹായിക്കാനാകും. നിങ്ങള്‍ പഠിച്ച സാങ്കേതികവിദ്യ സങ്കീര്‍ണ്ണമായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സഹായിക്കും. നിങ്ങള്‍ പഠിച്ച ബിസിനസ് മാനേജ്‌മെന്റ് ബിസിനസുകള്‍ നടത്താനും മറ്റുള്ളവര്‍ക്ക് വരുമാന വളര്‍ച്ച ഉറപ്പാക്കാനും സഹായിക്കും. നിങ്ങള്‍ പഠിച്ച സാമ്പത്തിക ശാസ്ത്രം ദാരിദ്ര്യം കുറയ്ക്കാന്‍ സഹായിക്കും. നിങ്ങള്‍ പഠിച്ച ഭാഷകളും ചരിത്രവും സംസ്‌കാരത്തെ ശക്തിപ്പെടുത്തുന്നതിനായി പ്രവര്‍ത്തിക്കാന്‍ സഹായിക്കും. ഒരു തരത്തില്‍ പറഞ്ഞാല്‍, ഇവിടെയുള്ള ഓരോ ബിരുദധാരിക്കും 2047-ഓടെ ഒരു വികസിത ഇന്ത്യ സൃഷ്ടിക്കുന്നതിന് സഹായിക്കാനാകും!

‘എന്റെ വിദ്യാർത്ഥി കുടുംബാംഗങ്ങളെ’,  2047 വരെയുള്ള വര്‍ഷങ്ങള്‍ നമ്മുടെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ടതാക്കാനുള്ള യുവജനങ്ങളുടെ കഴിവില്‍ എനിക്ക് വിശ്വാസമുണ്ട്. പുതിയതോര്‍ ലോകം സെയ്‌വോം എന്നാണ് മഹാകവി ഭാരതിദാസന്‍ പറഞ്ഞത്. ഇത് നിങ്ങളുടെ സര്‍വകലാശാലയുടെ മുദ്രാവാക്യം കൂടിയാണ്. നമുക്ക് ധീരമായ ഒരു പുതിയ ലോകം സൃഷ്ടിക്കാം എന്നാണ് ഇതിനര്‍ത്ഥം. ഇന്ത്യന്‍ യുവത അത്തരത്തിലുള്ള ഒരു ലോകം ഇപ്പോള്‍ തന്നെ സൃഷ്ടിക്കുകയാണ്. കോവിഡ്19 കാലത്ത് വാക്‌സിനുകള്‍ ലോകത്തേക്ക് കയറ്റി അയക്കാന്‍ യുവ ശാസ്ത്രജ്ഞര്‍ നമ്മെ സഹായിച്ചു. ചന്ദ്രയാന്‍ പോലുള്ള ദൗത്യങ്ങളിലൂടെ ഇന്ത്യന്‍ ശാസ്ത്രം ലോക ഭൂപടത്തില്‍ ഇടംപിടിച്ചു. 2014 ലെ ഏകദേശം 4,000 ല്‍ നിന്ന് ഇപ്പോള്‍ 50,000 ആക്കി പേറ്റന്റുകള്‍ നമ്മുടെ നൂതനാശയക്കാര്‍ ഉയര്‍ത്തി! മുമ്പെങ്ങുമില്ലാത്തവിധം ഇന്ത്യയുടെ കഥ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുകയാണ് നമ്മുടെ ഹ്യുമാനിറ്റീസ് പണ്ഡിതന്മാര്‍. നമ്മുടെ സംഗീതജ്ഞരും കലാകാരന്മാരും നമ്മുടെ രാജ്യത്തേക്ക് അന്താരാഷ്ട്ര പുരസ്‌ക്കാരങ്ങള്‍ തുടര്‍ച്ചയായി കൊണ്ടുവരുന്നു. ഏഷ്യന്‍ ഗെയിംസിലും ഏഷ്യന്‍ പാരാ ഗെയിംസിലും മറ്റ് ടൂര്‍ണമെന്റുകളിലും നമ്മുടെ കായികതാരങ്ങള്‍ റെക്കോര്‍ഡ് മെഡലുകള്‍ നേടി. എല്ലാ മേഖലകളിലും പുതിയ പ്രതീക്ഷയോടെ എല്ലാവരും നിങ്ങളെ ഉറ്റുനോക്കുന്ന സമയത്താണ് നിങ്ങള്‍ ലോകത്തിലേക്ക് ചുവടുവയ്ക്കുന്നത്. ‘എനദു മാനവ കുടുംബമേ’, യുവത്വം എന്നാല്‍ ഊര്‍ജ്ജം എന്നാണ്. വേഗത, വൈദഗ്ധ്യം, അളവ് എന്നിവയോടെ പ്രവര്‍ത്തിക്കാനുള്ള കഴിവ് എന്നാണ് ഇതിനര്‍ത്ഥം. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, വേഗതയും അളവുമായി നിങ്ങളെ പൊരുത്തപ്പെടുത്താന്‍ ഞങ്ങള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്, അതുവഴി നിങ്ങള്‍ക്ക് ഗുണം ചെയ്യാന്‍ ഞങ്ങള്‍ക്ക് കഴിയും.

കഴിഞ്ഞ 10 വര്‍ഷത്തിനിടെ വിമാനത്താവളങ്ങളുടെ എണ്ണം 74ല്‍ നിന്ന് 150 ആയി ഇരട്ടിയായി! തമിഴ്‌നാടിന് ഊര്‍ജ്ജസ്വലമായ ഒരു തീരപ്രദേശമുണ്ട്. അതിനാല്‍, ഇന്ത്യയിലെ പ്രധാന തുറമുഖങ്ങളുടെ മൊത്തം ചരക്ക് കൈകാര്യം ചെയ്യാനുള്ള ശേഷി 2014 മുതല്‍ ഇരട്ടിയായി എന്നറിയുന്നതില്‍ നിങ്ങള്‍ക്ക് സന്തോഷമുണ്ടാകും. കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ റോഡ്, ഹൈവേ നിര്‍മ്മാണ വേഗത ഏകദേശം ഇരട്ടിയായി. രാജ്യത്ത് രജിസ്റ്റര്‍ ചെയ്ത സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണം ഏകദേശം ഒരു ലക്ഷമായി ഉയര്‍ന്നു. 2014-ല്‍ ഇത് നൂറില്‍ താഴെയായിരുന്നു. പ്രധാനപ്പെട്ട സമ്പദ്‌വ്യവസ്ഥകളുമായി ഇന്ത്യ നിരവധി വ്യാപാര കരാറുകളും ഒപ്പുവച്ചിട്ടുണ്ട്. ഈ ഇടപാടുകള്‍ നമ്മുടെ ചരക്കുകള്‍ക്കും സേവനങ്ങള്‍ക്കും പുതിയ വിപണികള്‍ തുറക്കും. അവ നമ്മുടെ യുവജനങ്ങള്‍ക്ക് പുതിയ എണ്ണമറ്റ അവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു. ജി20 പോലുള്ള സ്ഥാപനങ്ങളെ ശക്തിപ്പെടുത്തലോ കാലാവസ്ഥാ വ്യതിയാനത്തിനെതിരെയുള്ള പോരാട്ടമോ, അല്ലെങ്കില്‍ ആഗോള വിതരണ ശൃംഖലയിലെ വലിയ പങ്ക് വഹിക്കലോ, എന്തിനാണെങ്കിലും എല്ലാ ആഗോള പരിഹാരങ്ങളുടെയും ഭാഗമായി ഇന്ത്യ സ്വാഗതം ചെയ്യപ്പെടുന്നു. പ്രാദേശികവും ആഗോളവുമായ പല തരത്തിലുള്ള ഘടകങ്ങള്‍ കാരണം, ഒരു യുവ ഇന്ത്യക്കാരനാകാനുള്ള ഏറ്റവും നല്ല സമയമാണിത്. ഈ സമയം പരമാവധി പ്രയോജനപ്പെടുത്തി നമ്മുടെ രാജ്യത്തെ പുതിയ ഉയരങ്ങളിലേക്ക് എത്തിക്കൂ.
‘എന്റെ വിദ്യാർത്ഥി കുടുംബാംഗങ്ങളെ’, ഇന്ന് നിങ്ങളുടെ സര്‍വകലാശാല ജീവിതത്തിന്റെ അവസാനമാണെന്ന് നിങ്ങളില്‍ ചിലര്‍ ചിന്തിക്കുന്നുണ്ടാകാം. അത് ശരിയായിരിക്കാം, എന്നാല്‍ അത് പഠനത്തിന്റെ അവസാനമല്ല. നിങ്ങളുടെ പ്രൊഫസര്‍മാര്‍ ഇനി നിങ്ങളെ ഒന്നും പഠിപ്പിക്കില്ല, പക്ഷേ ജീവിതം നിങ്ങളുടെ അദ്ധ്യാപകനാകും. പഠിച്ചവമറക്കാതിരിക്കല്‍, പുനര്‍ നൈപുണ്യം, വൈദഗ്ധ്യവര്‍ദ്ധന എന്നിവയില്‍ നിരന്തരമായ പഠനത്തിന്റെ മനോഭാവത്തില്‍, സജീവമായി പ്രവര്‍ത്തിക്കേണ്ടത് പ്രധാനമാണ്. എന്തെന്നാല്‍, അതിവേഗം പരിവര്‍ത്തനം ചെയ്യപ്പെടുന്ന ലോകത്ത്, ഒന്നുകില്‍ നിങ്ങള്‍ മാറ്റം വരുത്തുക അല്ലെങ്കില്‍ മാറ്റം നിങ്ങളെ നയിക്കും. ഇന്ന് ഇവിടെ ബിരുദം നേടുന്ന യുവജനങ്ങളെ ഒരിക്കല്‍ കൂടി ഞാന്‍ അഭിനന്ദിക്കുന്നു.
ശോഭനമായ ഒരു ഭാവിക്കായി ഞാന്‍ നിങ്ങള്‍ക്ക് എല്ലാ ആശംസകളും നേരുന്നു! വളരെ നന്ദി.

 

 

NS