Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 20,000 കോടിയിലധികം രൂപയുടെ വിവിധ വികസനപദ്ധതികളുടെ ഉദ്ഘാടനവും രാഷ്ട്രസമർപ്പണവും ശിലാസ്ഥാപനവും നിർവഹിച്ചു

പ്രധാനമന്ത്രി തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 20,000 കോടിയിലധികം രൂപയുടെ വിവിധ വികസനപദ്ധതികളുടെ ഉദ്ഘാടനവും രാഷ്ട്രസമർപ്പണവും ശിലാസ്ഥാപനവും നിർവഹിച്ചു


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 20,000 കോടിയിലധികം രൂപയുടെ വികസനപദ്ധതികളുടെ ഉദ്ഘാടനവും രാഷ്ട്രസമർപ്പണവും ശിലാസ്ഥാപനവും നിർവഹിച്ചു. തമിഴ്‌നാട്ടിലെ റെയിൽ, റോഡ്, എണ്ണയും വാതകവും, കപ്പൽവ്യാപാരം തുടങ്ങിയ മേഖലകൾ വികസനപദ്ധതികളിൽ ഉൾപ്പെടുന്നു.

സമ്മേളനത്തെ അഭിസംബോധനചെയ്ത പ്രധാനമന്ത്രി, ഏവർക്കും ഫലപ്രദവും സമൃദ്ധവുമായ പുതുവത്സരം ആശംസിച്ചു. 2024ലെ തന്റെ ആദ്യ പൊതുപരിപാടി തമിഴ്‌നാട്ടിൽ നടക്കുന്നതിൽ അദ്ദേഹം സന്തുഷ്ടി പ്രകടിപ്പിച്ചു. 20,000 കോടിയിലധികം രൂപയുടെ ഇന്നത്തെ പദ്ധതികൾ തമിഴ്‌നാടിന്റെ പുരോഗതിക്കു കരുത്തേകുമെന്ന് അദ്ദേഹം പറഞ്ഞു. റോഡ്, റെയിൽവേ, തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ, ഊർജം, പെട്രോളിയം പൈപ്പ്‌ലൈനുകൾ തുടങ്ങിയ മേഖലകളിലായി വ്യാപിച്ചിട്ടുള്ള ഈ പദ്ധതികൾക്ക് സംസ്ഥാനത്തെ ജനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. ഈ പദ്ധതികളിൽ പലതും യാത്രക​ൾ പ്രോത്സാഹിപ്പിക്കുമെന്നും ആയിരക്കണക്കിനു തൊഴിലവസരങ്ങൾ സംസ്ഥാനത്തു സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.

തമിഴ്‌നാടിനെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ മൂന്ന് ആഴ്ചകൾ പ്രയാസകരമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കനത്ത മഴയിൽ നിരവധി പേർക്കു ജീവൻ നഷ്ടമാകുകയും ഗണ്യമായ നാശനഷ്ടങ്ങൾ ഉണ്ടാകുകയും ചെയ്തു. പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തുകയും കേന്ദ്ര ഗവണ്മെന്റ് തമിഴ്‌നാട്ടിലെ ജനങ്ങൾക്കൊപ്പമാണെന്നു വ്യക്തമാക്കുകയും ചെയ്തു. “സംസ്ഥാന ഗവണ്മെന്റിനു സാധ്യമായ എല്ലാ സഹായവും ഞങ്ങൾ നൽകുന്നുണ്ട്” – അദ്ദേഹം പറഞ്ഞു.

അടുത്തിടെ അന്തരിച്ച ശ്രീ വിജയകാന്തിനു ശ്രദ്ധാഞ്ജ‌ലിയർപ്പിച്ച പ്രധാനമന്ത്രി, “സിനിമയിൽ മാത്രമല്ല രാഷ്ട്രീയത്തിലും അദ്ദേഹം ‘ക്യാപ്റ്റൻ’ ആയിരുന്നു. തന്റെ പ്രവർത്തനങ്ങള‌ിലൂടെയും സിനിമകളിലൂടെയും അദ്ദേഹം ജനങ്ങളുടെ ഹൃദയം കീഴടക്കുകയും എല്ലാത്തിനും ഉപരിയായി ദേശീയ താൽപ്പര്യം നിലനിർത്തുകയും ചെയ്തു” എന്നു പറഞ്ഞു. രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷയിൽ പ്രധാന പങ്കുവഹിച്ച ഡോ. എം എസ് സ്വാമിനാഥന്റെ സംഭാവനകളെ ശ്രീ മോദി അനുസ്മരിക്കുകയും ശ്രദ്ധാഞ്ജലി അർപ്പിക്കുകയും ചെയ്തു.

അടുത്ത 25 വർഷത്തേക്കുള്ള ‘ആസാദി കാ അമൃത് കാൽ’ ഇന്ത്യ വികസിതരാഷ്ട്രമായി മാറുന്നതിൽ നിർണായകപങ്കു വഹിക്കുമെന്നു പ്രധാനമന്ത്രി ആവർത്തിച്ചു. വികസിത ഭാരതത്തിന്റെ കാര്യത്തിൽ സാമ്പത്തികവും സാംസ്‌കാരികവുമായ വശങ്ങളെക്കുറി‌ച്ചു പ്രതിപാദിച്ച അദ്ദേഹം,  ഇന്ത്യയുടെ സമൃദ്ധിയുടെയും സംസ്കാരത്തിന്റെയും പ്രതിഫലനമാണു തമിഴ്‌നാട് എന്നു ചൂണ്ടിക്കാട്ടി. “പ്രാചീനഭാഷയായ തമിഴിന്റെ നാടാണു തമിഴ്‌നാട്. അതു സാംസ്കാരിക പൈതൃകത്തിന്റെ കലവറയാണ്”- മഹത്തായ സാഹിത്യകൃതിക​ളൊരുക്കിയ തിരുവള്ളുവരേയും സുബ്രഹ്മണ്യഭാരതിയേയും പരാമർശിച്ചു പ്രധാനമന്ത്രി പറഞ്ഞു. സി വി രാമനെപ്പോലുള്ള ശാസ്ത്ര-സാങ്കേതിക വിദഗ്ധരുടെയും മറ്റു ശാസ്ത്രജ്ഞരുടെയും നാടാണു തമിഴ്‌നാട് എന്നും അദ്ദേഹം പരാമർശിച്ചു. സംസ്ഥാനം സന്ദർശിക്കുമ്പോഴെല്ലാം ഇതു തന്നിൽ പുതിയ ഊർജം പകരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

തിരുച്ചിറപ്പള്ളിയുടെ സമ്പന്നമായ പൈതൃകത്തെക്കുറിച്ചു പരാമർശിച്ച പ്രധാനമന്ത്രി, പല്ലവ – ചോള – പാണ്ഡ്യ – നായക് രാജവംശങ്ങളുടെ സദ്ഭരണമാതൃകകളുടെ ശേഷിപ്പുകളാണ് ഇവിടെ നാം കാണുന്നതെന്നും പറഞ്ഞു. വിദേശയാത്രയ്ക്കിടെ ഏതവസരത്തിലും തമിഴ് സംസ്കാരത്തെക്കുറിച്ചു പരാമർശിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. “രാജ്യത്തിന്റെ വികസനത്തിലും പൈതൃകത്തിലും തമിഴ്‌നാടിന്റെ സാംസ്കാരിക പ്രചോദനത്തിന്റെ സംഭാവനയുടെ തുടർച്ചയായ വിപുലപ്പെടുത്തുലിൽ ഞാൻ വിശ്വസിക്കുന്നു” – അദ്ദേഹം പറഞ്ഞു. പുതിയ പാർലമെന്റിൽ വിശുദ്ധ ചെങ്കോൽ സ്ഥാപിക്കൽ, കാശി തമിഴ് – കാശി സൗരാഷ്ട്ര സംഗമങ്ങൾ എന്നിവ രാജ്യത്തുടനീളം തമിഴ് സംസ്കാരത്തോടുള്ള ഉത്സാഹം വർധിപ്പിക്കുന്നതിനു കാരണമായതായി അദ്ദേഹം പരാമർശിച്ചു.

റോഡ്‌, റെയിൽവേ, തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ, പാവപ്പെട്ടവർക്കുള്ള വീടുകൾ, ആശുപത്രികൾ തുടങ്ങിയ മേഖലകളിൽ കഴിഞ്ഞ 10 വർഷത്തിനിടയിൽ ഇന്ത്യ നടത്തിയ വൻ നിക്ഷേപങ്ങളെക്കുറിച്ചു പ്രധാനമന്ത്രി വിശദീകരിച്ചു. ലോകത്തിനു പ്രതീക്ഷയുടെ കിരണമായി, ലോകത്തെ ഏറ്റവും മികച്ച അഞ്ചു സമ്പദ്‌വ്യവസ്ഥകളിലൊന്നായി, ഇന്ത്യ മാറിയതിനെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. മേക്ക് ഇൻ ഇന്ത്യയുടെ പ്രധാന ബ്രാൻഡ് അംബാസഡറായി സംസ്ഥാനം മാറിയതിനാൽ അതിന്റെ നേരിട്ടുള്ള നേട്ടങ്ങൾ തമിഴ്‌നാടിനും ജനങ്ങൾക്കും ലഭിക്കുന്നുണ്ടെന്നു ലോകമെമ്പാടുംനിന്ന് ഇന്ത്യയിലേക്കു വരുന്ന വൻ നിക്ഷേപങ്ങൾ പരാമർശിച്ചു പ്രധാനമന്ത്രി പറഞ്ഞു.

രാജ്യത്തിന്റെ വികസനത്തിൽ സംസ്ഥാനത്തിന്റെ വികസനം പ്രതിഫലിക്കുന്ന ഗവണ്മെന്റിന്റെ സമീപനം പ്രധാനമന്ത്രി ആവർത്തിച്ചു. കേന്ദ്രഗവണ്മെന്റിലെ 40ലധികം മന്ത്രിമാർ കഴിഞ്ഞ വർഷം 400ലധികം തവണ തമിഴ്‌നാടു സന്ദർശിച്ചതായി അദ്ദേഹം പറഞ്ഞു. “തമിഴ്‌നാടിന്റെ പുരോഗതിക്കൊപ്പം ഇന്ത്യയും പുരോഗമിക്കും”. വ്യവസായങ്ങൾക്ക് ഉത്തേജനം പകരുകുകയും ജനജീവിതം സുഗമമാക്കുകയും ചെയ്യുന്ന വികസനത്തിന്റെ മാധ്യമമാണു സമ്പർക്കസൗകര്യങ്ങളെന്നു ശ്രീ മോദി പറഞ്ഞു. ഇന്നത്തെ പദ്ധതികൾ പരാമർശിച്ച്, തിരുച്ചിറപ്പള്ളി അന്താരാഷ്ട്ര വിമാനത്താവളത്തിലെ പുതിയ ടെർമിനൽ കെട്ടിടത്തിന്റെ കാര്യം പ്രധാനമന്ത്രി സൂചിപ്പിച്ചു. ശേഷി മൂന്നിരട്ടി വർധിപ്പിക്കാനും കിഴക്കൻ ഏഷ്യ, പശ്ചിമേഷ്യ, ലോകത്തിന്റെ മറ്റു ഭാഗങ്ങൾ എന്നിവിടങ്ങളിലേക്കുള്ള സമ്പർക്കസൗകര്യം ശക്തിപ്പെടുത്താനും ഇതിലൂടെ സാധിക്കും. പുതിയ ടെർമിനൽ കെട്ടിടത്തിന്റെ ഉദ്ഘാടനം നിക്ഷേപങ്ങൾ, വ്യവസായം, വിദ്യാഭ്യാസം, ആരോഗ്യം, വിനോദസഞ്ചാരം എന്നിവയ്ക്കു പുതിയ അവസരങ്ങൾ സൃഷ്ടിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഉയർത്തിയ റോഡിലൂടെ ദേശീയ പാതകളിലേക്കുള്ള വിമാനത്താവളത്തിന്റെ സമ്പർക്കസൗകര്യം വർധിപ്പിച്ചതിനെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. അടിസ്ഥാനസൗകര്യങ്ങളുള്ള ട്രിച്ചി വിമാനത്താവളം തമിഴ് സംസ്കാരത്തെയും പൈതൃകത്തെയും ലോകത്തിനു പരിചയപ്പെടുത്തുമെന്നതിൽ അദ്ദേഹം സംതൃപ്തി പ്രകടിപ്പിച്ചു.

അഞ്ചു പുതിയ റെയിൽവേ പദ്ധതികൾ പരാമർശിക്കവേ, ഇവ വ്യവസായത്തെയും വൈദ്യുതി ഉൽപ്പാദനത്തെയും പ്രോത്സാഹിപ്പിക്കുമെന്നു പ്രധാനമന്ത്രി പറഞ്ഞു. ശ്രീരംഗം, ചിദംബരം, രാമേശ്വരം, വെല്ലൂർ തുടങ്ങിയ പ്രധാന വിശ്വാസകേന്ദ്രങ്ങളെയും വിനോദസഞ്ചാരകേന്ദ്രങ്ങളെയും ബന്ധിപ്പിക്കുന്നതാണു പുതിയ റോഡ് പദ്ധതികൾ.

കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ കേന്ദ്ര ഗവണ്‍മെന്റിന്റെ തുറമുഖ കേന്ദ്രീകൃത വികസനത്തെക്കുറിച്ച് ദീര്‍ഘമായി പ്രതിപാദിച്ച പ്രധാനമന്ത്രി ആ പദ്ധതികള്‍ തീരമേഖലയുടെയും മത്സ്യതൊഴിലാളികളുടെയും ജീവിതത്തെ പരിവര്‍ത്തനപ്പെടുത്തിയെന്നും പരാമര്‍ശിച്ചു. ഫിഷറീസിനായുള്ള പ്രത്യേക മന്ത്രാലയവും ബജറ്റും, മത്സ്യത്തൊഴിലാളികള്‍ക്ക് കിസാന്‍ ക്രെഡിറ്റ് കാര്‍ഡ്, ആഴക്കടല്‍ മത്സ്യബന്ധനത്തിന് ബോട്ട് നവീകരണത്തിന് വേണ്ട സഹായം, പ്രധാനമന്ത്രി മത്സ്യ സമ്പത്ത് യോജന എന്നിവയുടെ പട്ടികയും അദ്ദേഹം നല്‍കി.
മികച്ച റോഡുകളുമായി രാജ്യത്തെ തുറമുഖങ്ങളെ ബന്ധിപ്പിക്കുന്നുണ്ടെന്ന് സാഗര്‍മാല യോജനയെ പരാമര്‍ശിച്ചുകൊണ്ട് പ്രധാനമന്ത്രി അറിയിച്ചു. ശേഷി ഇരട്ടിയായ കാമരാജര്‍ തുറമുഖത്തെ പരാമര്‍ശിച്ച അദ്ദേഹം തുറമുഖ ശേഷിയും കപ്പലുകള്‍ക്ക് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനുള്ള സമയവും ഗണ്യമായി മെച്ചപ്പെട്ടതായും അറിയിച്ചു. തമിഴ്‌നാടിന്റെ ഇറക്കുമതിയും കയറ്റുമതിയും മെച്ചപ്പെടുത്തുന്ന പ്രത്യേകിച്ച് ഓട്ടോമൊബൈല്‍ മേഖലയെ ശക്തിപ്പെടുത്തുന്ന കാമരാജര്‍ തുറമുഖത്തിന്റെ ജനറല്‍ കാര്‍ഗോ ബെര്‍ത്ത്-2ന്റെ ഉദ്ഘാടനവും അദ്ദേഹം പരാമര്‍ശിച്ചു. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന ആണവ റിയാക്ടറിനേയും ഗ്യാസ് പൈപ്പ് ലൈനുകളേയും അദ്ദേഹം സ്പര്‍ശിക്കുകയും ചെയ്തു.
കേന്ദ്രഗവണ്‍മെന്റ് തമിഴ്‌നാട്ടില്‍ നടത്തിയ റെക്കോഡ് ചെലവിനെക്കുറിച്ചും പ്രധാനമന്ത്രി അറിയിച്ചു. 2014-ന് മുമ്പുള്ള ദശകത്തില്‍ സംസ്ഥാനങ്ങള്‍ക്ക് 30 ലക്ഷം കോടി രൂപയാണ് നല്‍കിയിരുന്നത് എന്നാല്‍ കഴിഞ്ഞ 10 വര്‍ഷങ്ങളില്‍ സംസ്ഥാനങ്ങള്‍ക്ക് 120 ലക്ഷം കോടി രൂപയാണ് നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. 2014-ന് മുമ്പുള്ള 10 വര്‍ഷത്തെ അപേക്ഷിച്ച് തമിഴ്‌നാടിനും ഈ കാലയളവില്‍ രണ്ടര മടങ്ങ് കൂടുതല്‍ പണം ലഭിച്ചു. ദേശീയ പാത നിര്‍മ്മാണത്തിനായി, സംസ്ഥാനത്ത് മൂന്നിരട്ടിയിലധികം തുക ചെലവഴിച്ചു, സംസ്ഥാനത്ത് റെയില്‍വേ മേഖലയില്‍ രണ്ടരമടങ്ങ് കൂടുതല്‍ പണം ചെലവഴിച്ചു. അദ്ദേഹം അറിയിച്ചു. സംസ്ഥാനത്തെ ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക് സൗജന്യ റേഷനും വൈദ്യചികിത്സയും പക്കാവീടുകളും ശൗച്യാലയങ്ങളും പൈപ്പ് വെള്ളവും പോലുള്ള സൗകര്യങ്ങളും ലഭിക്കുന്നു.
വികസിത് ഭാരതിന്റെ ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കാന്‍ സബ്ക പ്രയാസ് അല്ലെങ്കില്‍ എല്ലാവരുടെയും പരിശ്രമത്തിന്റെ ആവശ്യകതയ്ക്ക് അടിവരയിട്ടുകൊണ്ട് പ്രധാനമന്ത്രി പ്രസംഗം ഉപസംഹരിച്ചു. തമിഴ്‌നാട്ടിലെ യുവജനങ്ങളുടെയും ജനങ്ങളുടെയും കാര്യശേഷിയില്‍ അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. ”തമിഴ്‌നാട്ടിലെ യുവജനങ്ങളില്‍ ഒരു പുതിയ പ്രതീക്ഷയുടെ ഉദയത്തിന് സാക്ഷ്യം വഹിക്കാന്‍ എനിക്ക് കഴിയുന്നുണ്ട്. ഈ പ്രതീക്ഷ വികസിത് ഭാരതിന്റെ ഊര്‍ജ്ജമായി മാറും”, പ്രധാനമന്ത്രി ഉപസംഹരിച്ചു.

തമിഴ്‌നാട് ഗവര്‍ണര്‍ ശ്രീ ആര്‍.എന്‍. രവി, തമിഴ്‌നാട് മുഖ്യമന്ത്രി ശ്രീ എം.കെ. സ്റ്റാലിന്‍, കേന്ദ്ര വ്യോമയാന മന്ത്രി ശ്രീ ജ്യോതിരാദിത്യ സിന്ധ്യ, കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ സഹമന്ത്രി ശ്രീ എല്‍. മുരുകന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

പശ്ചാത്തലം

തിരുച്ചിറപ്പള്ളി അന്താരാഷ്ട്ര വിമാനത്താവളത്തിലെ പുതിയ ടെര്‍മിനല്‍ കെട്ടിടം തിരുച്ചിറപ്പള്ളിയിലെ പൊതുപരിപാടിയില്‍ വച്ച് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. 1100 കോടിയിലധികം രൂപ ചെലവില്‍ വികസിപ്പിച്ച രണ്ട് നിലകളുള്ള പുതിയ അന്താരാഷ്ട ്രടെര്‍മിനല്‍ കെട്ടിടത്തിന് പ്രതിവര്‍ഷം 44 ലക്ഷത്തിലധികം യാത്രക്കാര്‍ക്കും തിരക്കുള്ള സമയങ്ങളില്‍ ഏകദേശം 3500 യാത്രക്കാര്‍ക്കും സേവനം നല്‍കാനുള്ള ശേഷിയുണ്ട്. യാത്രക്കാരുടെ സൗകര്യാര്‍ത്ഥമുള്ള അത്യാധുനിക സൗകര്യങ്ങളും സവിശേഷതകളും പുതിയ ടെര്‍മിനലില്‍ സജ്ജമാക്കിയിട്ടുണ്ട്.
വിവിധ റെയില്‍വേ പദ്ധതികളും പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു. സേലം-മാഗ്‌നസൈറ്റ് ജംഗ്ഷന്‍-ഓമല്ലൂര്‍-മേട്ടൂര്‍ അണക്കെട്ട് ഭാഗത്തെ 41.4 കിലോമീറ്റര്‍ പാത ഇരട്ടിപ്പിക്കല്‍ പദ്ധതി; മധുര – തൂത്തുക്കുടി 160 കിലോമീറ്റര്‍ റെയില്‍ പാത ഇരട്ടിപ്പിക്കല്‍ പദ്ധതി; തിരുച്ചിറപ്പള്ളി-മാനാമധുരൈ-വിരുദനഗര്‍; വിരുദനഗര്‍ – തെങ്കാശി ജംഗ്ഷന്‍; ചെങ്കോട്ട – തെങ്കാശി ജങ്ഷന്‍ – തിരുനെല്‍വേലി – തിരുച്ചെന്തൂര്‍ എന്നീ മൂന്ന് റെയില്‍ പാത വൈദ്യുതീകരണ പദ്ധതികള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ചരക്കുകളും യാത്രക്കാരെയും കൊണ്ടുപോകുന്നതിനുള്ള റെയില്‍വേയുടെ ശേഷി മെച്ചപ്പെടുത്തുന്നതിനും തമിഴ്‌നാട്ടിലെ സാമ്പത്തിക വികസനത്തിനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ഈ റെയില്‍ പദ്ധതികള്‍ സഹായിക്കും.
റോഡ് മേഖലയിലെ അഞ്ച് പദ്ധതികളും പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു. എന്‍.എച്ച്81 ന്റെ ട്രിച്ചി – കല്ലകം ഭാഗത്തിലെ 39 കിലോമീറ്റര്‍ നാലുവരിപ്പാത; എന്‍.എച്ച് 81 ന്റെ കല്ലകം – മീന്‍സുരുട്ടി ഭാഗത്തിലെ 60 കിലോമീറ്റര്‍ നീളമുള്ള 4/2വരി പാത; എന്‍.എച്ച് 785 ന്റെ ചെട്ടികുളം – നത്തം ഭാഗത്തിലെ 29 കിലോമീറ്റര്‍ നാലുവരിപ്പാത; എന്‍.എച്ച് 536ന്റെ കാരക്കുടി-രാമനാഥപുരം ഭാഗത്തിലെ പാതയ്ക്ക് പുറത്ത് നടപ്പാതയോടുകൂടിയ 80 കിലോമീറ്റര്‍ നീളമുള്ള രണ്ടുവരി പാത; എന്‍.എച്ച് 179എ സേലം – തിരുപ്പത്തൂര്‍ – വാണിയമ്പാടി റോഡിലെ 44 കിലോമീറ്റര്‍ നീളമുള്ള നാലുവരിപ്പാത എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. റോഡ് പദ്ധതികള്‍ മേഖലയിലെ ജനങ്ങളുടെ സുരക്ഷിതവും വേഗത്തിലുള്ളതുമായ യാത്ര സുഗമമാക്കുകയും മറ്റുള്ളവയ്‌ക്കൊപ്പം ട്രിച്ചി, ശ്രീരംഗം, ചിദംബരം, രാമേശ്വരം, ധനുഷ്‌കോടി, ഉതിരകോശമംഗൈ, ദേവിപട്ടണം, ഏര്‍വാടി, മധുര തുടങ്ങിയ വ്യവസായ വാണിജ്യ കേന്ദ്രങ്ങളിലേക്കുള്ള ബന്ധിപ്പിക്കല്‍ സൗകര്യം മെച്ചപ്പെടുത്തുകയും ചെയ്യും.
പ്രധാന റോഡ് വികസന പദ്ധതികളുടെ തറക്കല്ലിടലും പ്രധാനമന്ത്രി പരിപാടിയില്‍ നിര്‍വഹിച്ചു. എന്‍.എച്ച് 332എ യുടെ മുഗയ്യൂര്‍ മുതല്‍ മരക്കാനം വരെ 31 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള നാലുവരിപ്പാതയുടെ നിര്‍മ്മാണവും ഇതില്‍ ഉള്‍പ്പെടുന്നു. ഈ റോഡ് തമിഴ്‌നാടിന്റെ കിഴക്കന്‍ തീരത്തെ തുറമുഖങ്ങളെ ബന്ധിപ്പിക്കുകയും ലോക പൈതൃക സ്ഥലമായ മാമല്ലപുരത്തേക്കുള്ള റോഡ് ഗതാഗതസൗകര്യം വര്‍ദ്ധിപ്പിക്കുകയും കല്‍പ്പാക്കം ആണവനിലയത്തിലേക്ക് മികച്ച ബന്ധിപ്പിക്കല്‍ ലഭ്യമാക്കുകയും ചെയ്യും.

കാമരാജര്‍ തുറമുഖത്തിന്റെ ജനറല്‍ കാര്‍ഗോ ബെര്‍ത്ത്-2 (ഓട്ടോമൊബൈല്‍ കയറ്റുമതി/ഇറക്കുമതി ടെര്‍മിനല്‍-2 ക്യാപിറ്റല്‍ ഡ്രെഡ്ജിംഗ് ഘട്ടം-5) പ്രധാനമന്ത്രി രാഷ്ട്രത്തിന് സമര്‍പ്പിച്ചു. ജനറല്‍ കാര്‍ഗോ ബെര്‍ത്ത്-2 ന്റെ ഉദ്ഘാടനം രാജ്യത്തിന്റെ വ്യാപാരം ശക്തിപ്പെടുത്തുന്നതിനുള്ള ഒരു ചുവടുവയ്പ്പായിരിക്കും, ഇത് സാമ്പത്തിക വളര്‍ച്ചയ്ക്കും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും സഹായിക്കുകയും ചെയ്യും.

പരിപാടിയില്‍ 9000 കോടിയിലധികം രൂപയുടെ പ്രധാനപ്പെട്ട പെട്രോളിയം – പ്രകൃതിവാതക പദ്ധതികളുടെ തറക്കല്ലിടലും രാഷ്ട്രത്തിന് സമര്‍പ്പിക്കലും പ്രധാനമന്ത്രി നിര്‍വഹിച്ചു. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ (ഐ.ഒ.സി.എല്‍) – എന്നൂര്‍ – തിരുവള്ളൂര്‍ – ബെംഗളൂരു – പുതുച്ചേരി – നാഗപട്ടണം – മധുരൈ – തൂത്തുക്കുടി പൈപ്പ് ലൈന്‍ ഭാഗത്തിന്റെ 488 കിലോമീറ്റര്‍ നീളമുള്ള ഐ.പി101 (ചെങ്കല്‍പേട്ട്) മുതല്‍ ഐ.പി 105 (സായല്‍ക്കുടി) വരെയുള്ള പ്രകൃതിവാതക പൈപ്പ് ലൈന്‍നും; ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ (എച്ച്.പി.സി.എല്‍) 697 കിലോമീറ്റര്‍ നീളമുള്ള വിജയവാഡ-ധര്‍മ്മപുരി ബഹുഉല്‍പ്പന്ന (പി.ഒ.എല്‍) പെട്രോളിയം പൈപ്പ്‌ലൈന്‍ (വി.ഡി.പി.എല്‍) എന്നീ രണ്ടു പദ്ധതികളും രാഷ്ട്രത്തിനു സമര്‍പ്പിച്ചതില്‍ ഉള്‍പ്പെടുന്നു:
അതിനുപുറമെ ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ (ഗെയില്‍) കൊച്ചി-കൂറ്റനാട്-ബംഗളൂരു- മംഗളൂരു വാതകപൈപ്പ്‌ലൈന്‍ 2 (കെ.കെ.ബി.എം.പി.എല്‍ 2) ന്റെ കൃഷ്ണഗിരി മുതല്‍ കോയമ്പത്തൂര്‍ വരെയുള്ള 323 കിലോമീറ്റര്‍ പ്രകൃതിവാതക പൈപ്പ് ലൈന്‍ വികസനം; ചെന്നൈയിലെ വള്ളൂരിലെ നിര്‍ദിഷ്ട ഗ്രാസ് റൂട്ട് ടെര്‍മിനലിനായുള്ള പൊതു ഇടനാഴിയില്‍ പി.ഒ.എല്‍ പൈപ്പ് ലൈനുകള്‍ സ്ഥാപിക്കല്‍ എന്നിവ തറക്കല്ലിട്ട പദ്ധതികളില്‍ ഉള്‍പ്പെടുന്നു. ഈ മേഖലയിലെ വ്യാവസായിക, ഗാര്‍ഹിക, വാണിജ്യങ്ങളുടെ ഊര്‍ജ്ജ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള ഒരു ചുവടുവയ്പായിരിക്കും പെട്രോളിയം, പ്രകൃതിവാതക മേഖലയിലെ ഈ പദ്ധതികള്‍. ഈ മേഖലയില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും തൊഴിലവസര സൃഷ്ടിക്ക് സംഭാവനനല്‍കുന്നതിനും ഇവ വഴിയൊരുക്കും.
കല്‍പ്പാക്കത്തെ ഇന്ദിരാഗാന്ധി ആണവ ഗവേഷണ കേന്ദ്രത്തിലെ (ഐ.ജി.സി.എ.ആര്‍) ഡെമോണ്‍സ്‌ട്രേഷന്‍ ഫാസ്റ്റ് റിയാക്ടര്‍ ഇന്ധന പുനഃസംസ്‌കരണ നിലയവും (ഡി.എഫ്.ആര്‍.പി) പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു. സവിഷേമായ രൂപകല്‍പ്പനയില്‍ സജ്ജീകരിച്ചിരിക്കുന്നതാണ് 400 കോടി രൂപ ചെലവില്‍ വികസിപ്പിച്ച ഡി.എഫ്.ആര്‍.പി. ലോകത്തു തന്നെ ഒരേയൊരു രൂപകല്‍പ്പനയായ ഇതിന് ഫാസ്റ്റ് റിയാക്ടറുകളില്‍ നിന്ന് പുറന്തള്ളുന്ന കാര്‍ബൈഡ്, ഓക്‌സൈഡ് ഇന്ധനങ്ങള്‍ വീണ്ടും സംസ്‌കരിക്കാന്‍ കഴിവുമുണ്ട്. പൂര്‍ണമായും ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ രൂപകല്‍പ്പന ചെയ്തതാണിത്. വാണിജ്യാടിസ്ഥാനത്തിലുള്ള വലിയ ഫാസ്റ്റ് റിയാക്ടര്‍ ഇന്ധന പുനഃസംസ്‌കരണ നിലയങ്ങള്‍ നിര്‍മിക്കുന്നതിനുള്ള നിര്‍ണായക ചുവടുവയ്പാണ് ഇത്.
മറ്റ് പദ്ധതികള്‍ക്കൊപ്പം, തിരുച്ചിറപ്പള്ളിയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ (എന്‍.ഐ.ടി) ആണ്‍കുട്ടികളുടെ 500 കിടക്കകളുള്ള ഹോസ്റ്റലായ ‘അമേത്തിസ്റ്റും’ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.

*****

NS