Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

2023-ലെ ജൻജാതീയ ഗൗരവ് ദിനാഘോഷ പരിപാടിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

2023-ലെ ജൻജാതീയ ഗൗരവ് ദിനാഘോഷ പരിപാടിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു


ഝാർഖണ്ഡിലെ ഖൂണ്ടിയിൽ 2023-ലെ ജൻജാതീയ ഗൗരവ് ദിനാഘോഷങ്ങളുടെ ഭാഗമായി നടന്ന പരിപാടിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. പരിപാടിയിൽ പ്രധാനമന്ത്രി ‘വികസിത് ഭാരത് സങ്കൽപ്പ് യാത്ര’, പ്രത്യേകിച്ച് ദുർബലരായ ഗിരിവർഗ വിഭാഗങ്ങളുടെ വികസനത്തിനായുള്ള പ്രധാനമന്ത്രിയുടെ ദൗത്യം എന്നിവ ഉദ്ഘാടനം ചെയ്തു. പിഎം-കിസാന്റെ 15-ാം ഗഡുവും അദ്ദേഹം വിതരണം ചെയ്തു. റെയിൽ, റോഡ്, വിദ്യാഭ്യാസം, കൽക്കരി, പെട്രോളിയം, പ്രകൃതി വാതകം തുടങ്ങിയ വിവിധ മേഖലകളിലായി 7200 കോടി രൂപയുടെ വിവിധ വികസന പദ്ധതികൾക്ക് ഝാർഖണ്ഡിൽ ശ്രീ മോദി തറക്കല്ലിടുകയും രാജ്യത്തിന് സമർപ്പിക്കുകയും ചെയ്തു. ചടങ്ങിൽ നടന്ന പൊതുപ്രദർശനവും അദ്ദേഹം സന്ദർശിച്ചു.

രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമുവിന്റെ ദൃശ്യസന്ദേശവും ചടങ്ങിൽ പ്രദർശിപ്പിച്ചു.

ചടങ്ങിൽ വികസിത് ഭാരത് സങ്കൽപ്പ് പ്രതിജ്ഞയ്ക്കും പ്രധാനമന്ത്രി നേതൃത്വം നൽകി. ഭഗവാൻ ബിർസ മുണ്ടയുടെ ജന്മസ്ഥലമായ ഉലിഹാതു ഗ്രാമം, റാഞ്ചിയിലെ ബിർസ മുണ്ഡ സ്മാരക കേന്ദ്ര-സ്വാതന്ത്രസമര സേനാനി മ്യൂസിയം എന്നിവയിലെ സന്ദർശനം അനുസ്മരിച്ചുകൊണ്ടാണ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്. രണ്ട് വർഷം മുമ്പ് ഇതേ ദിവസമാണ് സ്വാതന്ത്ര്യസമര സേനാനി മ്യൂസിയം ഉദ്ഘാടനം ചെയ്തതെന്നും അദ്ദേഹം പരാമർശിച്ചു. ജൻജാതീയ ഗൗരവ് ദിനാഘോഷ വേളയിൽ എല്ലാ പൗരന്മാർക്കും ശ്രീ മോദി ആശംസകൾ നേർന്നു. ഝാർഖണ്ഡിന്റെ സ്ഥാപക ദിനത്തിൽ ആശംസകൾ അറിയിച്ച അദ്ദേഹം സംസ്ഥാനരൂപീകരണത്തിൽ മുൻ പ്രധാനമന്ത്രി ശ്രീ അടൽ ബിഹാരി വാജ്‌പേയിയുടെ സംഭാവനകൾ എടുത്തുപറയുകയും ചെയ്തു. റെയിൽ, റോഡ്, വിദ്യാഭ്യാസം, കൽക്കരി, പെട്രോളിയം, പ്രകൃതി വാതകം തുടങ്ങിയ വിവിധ മേഖലകളിലെ ഇന്നത്തെ വികസന പദ്ധതികൾക്ക് ഝാർഖണ്ഡിലെ ജനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. ഝാർഖണ്ഡിൽ ഇപ്പോൾ 100 ശതമാനം വൈദ്യുതീകരിച്ച റെയിൽ പാതകളുണ്ടെന്നതിൽ അദ്ദേഹം ആഹ്ലാദം പ്രകടിപ്പിച്ചു.

ഗോ​ത്രാഭിമാനത്തിനായുള്ള ഭഗവാൻ ബിർസ മുണ്ഡയുടെ പ്രചോദനാത്മക പോരാട്ടത്തെ പരാമർശിച്ച പ്രധാനമന്ത്രി, അസംഖ്യം ഗോത്രവീരന്മാരുമായുള്ള ഝാർഖണ്ഡിന്റെ ബന്ധത്തെക്കുറിച്ചു പറഞ്ഞു. തിൽക്ക മാഞ്ചി, സിദ്ധു കൻഹു, ചന്ദ് ഭൈരവ്, ഫുലോ ഝാനോ, നിലാംബർ, പീതാംബർ, ജാത്ര താന ഭഗത്, ആൽബർട്ട് എക്ക തുടങ്ങി നിരവധി നായകർ ഈ നാടിന്റെ അഭിമാനം വർധിപ്പിച്ചിട്ടുണ്ടെന്ന് അദ്ദേഹം പരാമർശിച്ചു. രാജ്യത്തിന്റെ മുക്കിലും മൂലയിലും ഗോത്ര പോരാളികൾ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തിട്ടുണ്ടെന്ന്, മാൻഗഢ് ധാമിലെ ഗോവിന്ദ് ഗുരു, മധ്യപ്രദേശിലെ താന്തിയ ഭീൽ, ഭീമ നായക്, ഛത്തീസ്ഗഢിലെ രക്തസാക്ഷി വീർ നാരായൺ സിങ്, വീർ ഗുണ്ടാധൂർ, മണിപ്പൂരിലെ റാണി ഗൈഡിൻലിയു, തെലങ്കാനയിലെ വീർ റാംജി ഗോണ്ട്, ആന്ധ്രാപ്രദേശിലെ അല്ലൂരി സീതാറാം രാജു, ഗോണ്ട് പ്രദേശിലെ റാണി ദുർഗാവതി എന്നിവരെ പരാമർശിച്ച് പ്രധാനമന്ത്രി പറഞ്ഞു.  അത്തരം വ്യക്തിത്വങ്ങളെ അവഗണിക്കുന്നതിൽ ഖേദം പ്രകടിപ്പിച്ച പ്രധാനമന്ത്രി, അമൃത മഹോത്സവ വേളയിൽ ഈ ധീരരെ അനുസ്മരിക്കുന്നതിൽ സംതൃപ്തി പ്രകട‌ിപ്പിച്ചു.

ഝാർഖണ്ഡുമായുള്ള വ്യക്തിപരമായ ബന്ധത്തെക്കുറിച്ച് സംസാരിക്കവെ, ആയുഷ്മാൻ യോജന ഝാർഖണ്ഡിൽ നിന്നാണ് ആരംഭിച്ചതെന്ന് പ്രധാനമന്ത്രി അനുസ്മരിച്ചു. രണ്ട് ചരിത്രസംരംഭങ്ങളാണ് ഇന്ന് ഝാർഖണ്ഡിൽ നിന്ന് ആരംഭിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആദ്യത്തേത് ഗവൺമെന്റ് പരിപാടികൾ സമ്പൂർണ വിജയത്തിലെത്തിക്കുന്നത് ഉറപ്പാക്കുന്ന ‘വികസിത് ഭാരത് സങ്കൽപ്പ് യാത്ര’യാണ്. രണ്ടാമത്തേത്  വംശനാശത്തിന്റെ വക്കിലുള്ള ഗോത്രങ്ങളെ സംരക്ഷിക്കുകയും അവരെ പരിപോഷിപ്പിക്കുകയും ചെയ്യുന്ന പ്രധാനമന്ത്രി ജൻജാതി ആദിവാസി ന്യായ മഹാ അഭിയാനും.

വികസിത ഇന്ത്യയുടെ നാല് ‘അമൃതസ്തംഭങ്ങളായ’ സ്ത്രീശക്തി അഥവാ നാരീശക്തി, ഇന്ത്യയിലെ ഭക്ഷ്യോൽപ്പാദകർ, രാജ്യത്തെ യുവജനങ്ങൾ, ഇന്ത്യയിലെ നവ-മധ്യവർഗവും ദരിദ്രരും എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിന്റെ ആവശ്യകതയ്ക്കു ശ്രീ മോദി ഊന്നൽ നൽകി. വികസനത്തിന്റെ ഈ തൂണുകൾക്കു കരുത്തേകാനുള്ള നമ്മുടെ കഴിവിനെ ആശ്രയിച്ചിരിക്കും ഇന്ത്യയുടെ വികസനത്തിന്റെ തോത് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നിലവിലെ ഗവൺമെന്റ് കഴിഞ്ഞ 9 വർഷത്തിനിടയിൽ ഈ നാല് സ്തംഭങ്ങളും ശക്തിപ്പെടുത്താൻ നടത്തിയ പരിശ്രമങ്ങളിലും പ്രവർത്തനങ്ങളിലും മോദി സംതൃപ്തി പ്രകടിപ്പിച്ചു.

13 കോടിയിലധികം ജനങ്ങളെ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റിയ ഗവൺമെന്റിന്റെ സുപ്രധാന നേട്ടം പ്രധാനമന്ത്രി മോദി എടുത്തുപറഞ്ഞു. “2014-ൽ നമ്മുടെ  ഗവണ്മെന്റ് അധികാരത്തിൽ വന്നതോടെയാണ്  സേവനകാലം ആരംഭിച്ചത്” – രാജ്യത്തെ വലിയൊരു ജനവിഭാഗത്തിന് അടിസ്ഥാന സൗകര്യങ്ങൾ നിഷേധിക്കപ്പെട്ടിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അന്നത്തെ ഗവണ്മന്റുകളുടെ അലംഭാവസമീപനം മൂലം പാവപ്പെട്ടവർക്ക് എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “ഇപ്പോഴത്തെ ഗവണ്മെന്റ് സേവനമനോഭാവത്തോടെയാണ് പ്രവർത്തിക്കാൻ തുടങ്ങിയത്” – ദരിദ്രർക്കും നിരാലംബർക്കും സൗകര്യങ്ങൾ അവരുടെ വീട്ടുപടിക്കൽ എത്തിക്കുന്നത് ഗവൺമെന്റിന്റെ മുൻ‌ഗണനയായി മാറിയെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. പരിവർത്തനത്തിനുള്ള ഗവൺമെന്റിന്റെ സമീപനത്തെ അദ്ദേഹം പ്രശംസിച്ചു. 2014-ന് മുമ്പ്, ഗ്രാമങ്ങളിലെ ശുചിത്വത്തിന്റെ വ്യാപ്തി കേവലം 40 ശതമാനം മാത്രമായിരുന്നെങ്കിൽ ഇന്ന് രാജ്യം അതിൽ സമ്പൂർണതയാണ് ലക്ഷ്യമിടുന്നതെന്ന് പ്രധാനമന്ത്രി അറിയിച്ചു. 2014-ന് ശേഷമുള്ള മറ്റ് നേട്ടങ്ങളിലേക്ക് വെളിച്ചം വീശി, ഗ്രാമങ്ങളിൽ എൽപിജി കണക്ഷനുകൾ 50-55 ശതമാനത്തിൽ നിന്ന്  ഇന്ന് ഏകദേശം 100 ശതമാനമായി ഉയർന്നതിനെക്കുറിച്ചും, 55 ശതമാനത്തിൽ നിന്ന് 100 ശതമാനം കുട്ടികൾക്കും ജീവൻ രക്ഷാ വാക്സിനുകൾ നൽകുന്നതിനെക്കുറിച്ചും, സ്വാതന്ത്ര്യാനന്തരം പത്ത് ദശകത്തിനുള്ളിൽ 17 ശതമാനത്തിൽ നിന്ന് 70 ശതമാനം കുടുംബങ്ങൾക്ക് കുടിവെള്ള കണക്ഷനുകൾ ലഭ്യമാക്കിയതിനെക്കുറിച്ചും അദ്ദേഹം പറഞ്ഞു. “മോദി ദരിദ്രർക്ക് മുൻഗണന നൽകി,”, അദ്ദേഹം അഭിപ്രായപ്പെട്ടു. ദാരിദ്ര്യവും ഇല്ലായ്മയും സംബന്ധിച്ച തന്റെ വ്യക്തിപരമായ അനുഭവം കാരണം ദരിദ്രരായ ജനങ്ങളോടുള്ള തന്റെ അടുപ്പം അറിയിച്ച പ്രധാനമന്ത്രി  അവർ ഗവൺമെന്റിന്റെ മുൻഗണനയായി മാറിയിട്ടുണ്ടെന്നും പറഞ്ഞു. “ഭഗവാൻ ബിർസ മുണ്ഡയുടെ ഈ ഭൂമിയിലേക്ക് ഞാൻ വന്നത് നിരാലംബരോടുള്ള കടം വീട്ടാനാണ്” – അദ്ദേഹം പറഞ്ഞു

എളുപ്പത്തിൽ കാര്യങ്ങൾ സാധിക്കുന്നതിനുള്ള പ്രലോഭനത്തെ ഗവണ്മെന്റ് ചെറുത്തിട്ടുണ്ടെന്നും ദീർഘകാലമായുള്ള പ്രശ്‌നങ്ങളിൽ ഇടപെട്ടുവെന്നും ശ്രീ മോദി പറഞ്ഞു. ഇരുണ്ട യുഗത്തിൽ ജീവിക്കാൻ ശപിക്കപ്പെട്ട 18,000 ഗ്രാമങ്ങൾ വൈദ്യുതവൽക്കരിച്ചതിന്റെ ഉദാഹരണം അദ്ദേഹം പറഞ്ഞു. ചുവപ്പുകോട്ടയുടെ കൊത്തളങ്ങളിൽനിന്ന് നടത്തിയ പ്രഖ്യാപനം അനുസരിച്ചു സമയബന്ധിതമായി വൈദ്യുതവൽക്കരണം നടത്തി. പിന്നാക്കമെന്ന് മുദ്രകുത്തപ്പെട്ട 110 ജില്ലകളിൽ വിദ്യാഭ്യാസം, ആരോഗ്യം, ജീവിത സൗകര്യം എന്നിവയുടെ നിലവാരം ഉയർത്തി. വികസനം കാംക്ഷിക്കുന്ന ജില്ലാ പരിപാടി ഈ ജില്ലകളിൽ പരിവർത്തനപരമായ മാറ്റങ്ങൾ കൊണ്ടുവന്നു. ഈ ജില്ലകളിലാണ് ഏറ്റവും കൂടുതൽ ഗോത്രവർഗ ജനസംഖ്യയുള്ളതെന്നും അദ്ദേഹം പറഞ്ഞു. “വികസനം കാംക്ഷിക്കുന്ന ബ്ലോക്കുകൾക്കായുള്ള പരിപാടിയിലൂടെ വികസനം കാംക്ഷിക്കുന്ന ജില്ലാ പരിപാടിയുടെ വിജയം വിപുലീകരിക്കുകയാണ്” – അദ്ദേഹം പറഞ്ഞു.

“രാജ്യത്തെ ഏതൊരു പൗരനോടും വിവേചനത്തിന്റെ എല്ലാ സാധ്യതകളും ഇല്ലാതാകുമ്പോൾ മാത്രമേ യഥാർഥ മതേതരത്വം ഉണ്ടാകൂ” എന്ന് പറഞ്ഞ പ്രധാനമന്ത്രി, എല്ലാ ഗവണ്മെന്റ് പദ്ധതികളുടെയും പ്രയോജനം എല്ലാവരിലും ഒരേ അളവിൽ എത്തുമ്പോൾ മാത്രമേ സാമൂഹിക നീതി ഉറപ്പാക്കപ്പെടുകയുള്ളൂവെന്നും കൂട്ടിച്ചേർത്തു. ഭഗവാൻ ബിർസ മുണ്ഡയുടെ ജയന്തി ദിനത്തിൽ ആരംഭിച്ച് അടുത്ത വർഷം ജനുവരി 26 വരെ തുടരുന്ന ‘വികസിത് ഭാരത് സങ്കൽപ്പ യാത്ര’യുടെ പിന്നിലെ ചിന്താഗതി ഇതാണ്. “ഈ യാത്രയിൽ, ഗവണ്മെന്റ് രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലും ദൗത്യമെന്ന തരത്തിൽ പോകുകയും ദരിദ്രരും നിരാലംബരുമായ ഓരോ വ്യക്തിയെയും ഗവണ്മെന്റ് പദ്ധതികളുടെ ഗുണഭോക്താക്കളാക്കി മാറ്റുകയും ചെയ്യും” – പ്രധാനമന്ത്രി പറഞ്ഞു.

ഏഴ് പ്രധാന ഗവണ്മെന്റ് പദ്ധതികളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി 2018-ൽ ആയിരം ഗവണ്മെന്റ് ഉദ്യോഗസ്ഥരെ ഗ്രാമങ്ങളിലേക്ക് അയച്ച ഗ്രാമ സ്വരാജ് അഭിയാൻ സംഘടിപ്പിച്ചത് പ്രധാനമന്ത്രി അനുസ്മരിച്ചു. വികസിത് ഭാരത് സങ്കൽപ്പ് യാത്ര അതുപോലെ വിജയിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു. എല്ലാ ദരിദ്രർക്കും സൗജന്യ റേഷനായുള്ള റേഷൻ കാർഡ്, ഉജ്വല പദ്ധതിയിൽ പാചകവാതക കണക്ഷൻ, വീടുകളിൽ വൈദ്യുതി വിതരണം, കുടിവെള്ള പ്പൈ് കണക്ഷൻ, ആയുഷ്മാൻ കാർഡ്, പക്കാ വീട് എന്നിവ ലഭിക്കുന്ന ദിവസത്തിനായി ഞാൻ കാത്തിരിക്കുകയാണ്” – അദ്ദേഹം പറഞ്ഞു. പെൻഷൻ പദ്ധതികളിൽ ചേരുന്ന ഓരോ കർഷകനെയും തൊഴിലാളികളെയും സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ മുദ്ര യോജന പ്രയോജനപ്പെടുത്തുന്ന  യുവാക്കളെയും കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് പ്രധാനമന്ത്രി വ്യക്തമാക്കി. “‘വികസിത് ഭാരത് സങ്കൽപ്പ് യാത്ര’ ഇന്ത്യയിലെ പാവപ്പെട്ടവർക്കും നിരാലംബർക്കും സ്ത്രീകൾക്കും യുവാക്കൾക്കും കർഷകർക്കും വേണ്ടിയുള്ള മോദിയുടെ ഉറപ്പാണ്” – അദ്ദേഹം പറഞ്ഞു.

പി.എം ജന്‍മന്‍ അല്ലെങ്കില്‍ പ്രധാനമന്ത്രി ജന്‍ജാതി ആദിവാസി ന്യായ മഹാ അഭിയാന്‍ ആണ് വികസിത ഇന്ത്യയെന്ന ദൃഢനിശ്ചയത്തിന്റെ സുപ്രധാന അടിത്തറയെന്നതിന് പ്രധാനമന്ത്രി അടിവരയിട്ടു. ഗോത്രവര്‍ഗ്ഗ സമൂഹത്തിന് പ്രത്യേക മന്ത്രാലയം രൂപീകരിച്ചതും പ്രത്യേക ബജറ്റ് വകയിരുത്തിയതും അടല്‍ജിയുടെ ഗവണ്‍മെന്റാണെന്നതും അദ്ദേഹം ചൂണ്ടിക്കാട്ടി. മുന്‍കാലത്തെ അപേക്ഷിച്ച് ഗോത്രവര്‍ഗ്ഗക്ഷേമത്തിനുള്ള ബജറ്റില്‍ ആറുമടങ്ങ് വര്‍ദ്ധനയുണ്ടായതായി അദ്ദേഹം അറിയിച്ചു. പ്രധാനമന്ത്രി ജന്‍മന്നിന്റെ കീഴില്‍, ഇപ്പോഴും വനങ്ങളില്‍ താമസിക്കുന്ന ഗോത്ര വിഭാഗങ്ങളിലേക്കും പ്രാകൃത ഗോത്രങ്ങളിലേക്കും ഗവണ്‍മെന്റ് എത്തിച്ചേരുമെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ 22,000ലധികം ഗ്രാമങ്ങളില്‍ വസിക്കുന്ന ലക്ഷക്കണക്കിന് ജനസംഖ്യയുള്ള അത്തരത്തിലുള്ള 75 ഗോത്ര സമൂഹങ്ങളെയും പ്രാകൃത ഗോത്രങ്ങളെയും ഗാവണ്‍മെന്റ് കണ്ടെത്തിയിട്ടുള്ളതായും അദ്ദേഹം പറഞ്ഞു. ”മുന്‍കാലങ്ങളിലെ ഗവണ്‍മെന്റുകള്‍ കണക്കുകളെ ബന്ധിപ്പിക്കുന്ന ജോലിയാണ് ചെയ്തിരുന്നത്, എന്നാല്‍ എനിക്ക് ജീവിതങ്ങളെയാണ് ബന്ധിപ്പിക്കേണ്ടത്. ഈ ലക്ഷ്യത്തോടെയാണ് ഇന്ന് പ്രധാനമന്ത്രി ജന്‍മന് തുടക്കം കുറിച്ചിരിക്കുന്നത്”, പ്രധാനമന്ത്രി പറഞ്ഞു. ഈ ബൃഹദ്‌സംഘടിതപ്രവര്‍ത്തനത്തിനായി 24,000 കോടി രൂപയാണ് കേന്ദ്രഗവണ്‍മെന്റ് ചെലവഴിക്കാന്‍ പോകുന്നതെന്നും അദ്ദേഹം അറിയിച്ചു.

ഗോത്ര സമൂഹങ്ങളുടെ വികസനത്തിനായുള്ള അചഞ്ചലമായ പ്രതിബദ്ധതയ്ക്ക് രാഷ്്രടപതി ദ്രൗപതി മുര്‍മ്മുവിന് പ്രധാനമന്ത്രി നന്ദി രേഖപ്പെടുത്തി. സ്ത്രീകള്‍ നയിക്കുന്ന വികസനത്തിന്റെ പ്രചോദനാത്മകമായ പ്രതീകമെന്ന് അദ്ദേഹം അവരെ വിശേഷിപ്പിച്ചു. സ്ത്രീകളുടെ നേതൃത്വത്തിലുള്ള വികസനം ഉറപ്പാക്കാന്‍ സമീപ വര്‍ഷങ്ങളില്‍ സ്വീകരിച്ച നടപടികള്‍ പ്രധാനമന്ത്രി വിവരിച്ചു. ”സ്ത്രീകളുടെ ജീവിതത്തിന്റെ ഓരോ ഘട്ടവും മനസില്‍കണ്ടുകൊണ്ട് നമ്മുടെ ഗവണ്‍മെന്റ് വനിതകള്‍ക്ക് വേണ്ട പദ്ധതികള്‍ തയാറാക്കി” ബേഠി ബച്ചാവോ ബേഠി പഠാവോ, സ്‌കൂളുകളില്‍ പെണ്‍കുട്ടികള്‍ക്കായുള്ള പ്രത്യേക ശൗചാലയങ്ങൾ, പ്രധാനമന്ത്രി ആവാസ് യോജന, സൈനിക് സ്‌കൂളും ഡിഫന്‍സ് അക്കാദമിയും തുറന്നുകൊടുത്തത്, മുദ്രാവായ്പയുടെ 70 ശതമാനം ഗുണഭോക്താക്കളും സ്ത്രീകളാണെന്നത്, സ്വയം സഹായ സംഘങ്ങള്‍ക്കുള്ള റെക്കോഡ് സഹായം, നാരിശക്തി വന്ദന്‍ അധീനയം എന്നിവ ജീവിതത്തെ പരിവര്‍ത്തനപ്പെടുത്തുവെന്ന് അറിയിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. ”ഇന്ന് വിശുദ്ധ ഉത്സവമായ ഭായ് ദൂജിന്റെ ദിവസമാണ്. നമ്മുടെ സഹോദരിമാരുടെ വികസനത്തിലെ എല്ലാ തടസ്സങ്ങളും നീക്കുന്നത് ഞങ്ങളുടെ ഗവണ്‍മെന്റ് തുടരുമെന്ന് ഈ സഹോദരന്‍ രാജ്യത്തെ എല്ലാ സഹോദരിമാര്‍ക്കും ഉറപ്പുനല്‍കുന്നു. വികസിത ഇന്ത്യ കെട്ടിപ്പടുക്കുന്നതില്‍ സ്ത്രീ ശക്തിയുടെ അമൃത സ്തംഭം ഒരു സുപ്രധാന പങ്ക് വഹിക്കും”, പ്രധാനമന്ത്രി പറഞ്ഞു.

വികസിത ഇന്ത്യയിലേക്കുള്ള യാത്രയില്‍ ഓരോ വ്യക്തിയുടെയും കാര്യശേഷികള്‍ പ്രയോജനപ്പെടുത്താന്‍ കേന്ദ്ര ഗവണ്‍മെന്റ് പ്രതിജ്ഞാബദ്ധമാണെന്നതാണ് പ്രധാനമന്ത്രി വിശ്വകര്‍മ്മ യോജന സൂചിപ്പിക്കുന്നതെന്ന് ശ്രീ മോദി പറഞ്ഞു. വിശ്വകര്‍മ്മ സുഹൃത്തുക്കള്‍ക്ക് ആധുനിക പരിശീലനവും ഉപകരണങ്ങളും നല്‍കുന്നതാണ് പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു. ”പദ്ധതിക്കായി 13,000 കോടി രൂപ ചെലവഴിക്കും” അദ്ദേഹം അറിയിച്ചു.

ഇതുവരെ 2,75,000 കോടിയിലധികം രൂപ കര്‍ഷകരുടെ അക്കൗണ്ടുകളിലേക്ക് കൈമാറിയതായി ഇന്ന് അനുവദിച്ച പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിയുടെ 15-ാം ഗഡുവിനെക്കുറിച്ച് സംസാരിച്ചുകൊണ്ട് പ്രധാനമന്ത്രി അറിയിച്ചു. ക്ഷീരകര്‍ഷകര്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കുമുള്ള കിസാന്‍ ക്രെഡിറ്റ് കാര്‍ഡ്, കന്നുകാലികളുടെ സൗജന്യ വാക്‌സിനേഷനായി ഗവണ്‍മെന്റ് ചെലവഴിക്കുന്ന 15,000 കോടി രൂപ, മത്സ്യകൃഷി പ്രോത്സാഹിപ്പിക്കുന്നതിന് മത്സ്യ സമ്പത്ത് യോജനയുടെ കീഴിലുള്ള ധനസഹായം, വിപണിയുടെ കൂടുതല്‍ പ്രാപ്യതയിലൂടെ കര്‍ഷകരുടെ ചെലവ് കറുയ്ക്കുന്നതിലേക്ക് നയിക്കുന്ന 10,000 പുതിയ കര്‍ഷക ഉല്‍പ്പാദകയൂണിയനുകള്‍ രാജ്യത്ത് രൂപീകരിച്ചത് എന്നിവയും അദ്ദേഹം പരാമര്‍ശിച്ചു. 2023 അന്താരാഷ്ട്ര മില്ലറ്റ് വര്‍ഷമായി ആഘോഷിക്കുന്നതും ശ്രീ അന്നയെ വിദേശ വിപണികളിലേക്ക് കൊണ്ടുപോകാനുള്ള ഗവണ്‍മെന്റിന്റെ ശ്രമങ്ങളിലും പ്രധാനമന്ത്രി മോദി സ്പര്‍ശിച്ചു.

സംസ്ഥാനത്ത് നക്‌സലൈറ്റ് ആക്രമണങ്ങള്‍ കുറഞ്ഞതിന്റെ നേട്ടം ജാര്‍ഖണ്ഡിലെ മൊത്തത്തിലുള്ള വികസനത്തിന് പ്രധാനമന്ത്രി നല്‍കി. സംസ്ഥാനം രൂപീകരിച്ച് ഉടന്‍ തന്നെ 25 വര്‍ഷം തികയുമെന്നതിന് അടിവരയിട്ട പ്രധാനമന്ത്രി, ജാര്‍ഖണ്ഡില്‍ 25 പദ്ധതികള്‍ സമ്പൂര്‍ണ്ണതയില്‍ എത്തിക്കുക എന്ന ലക്ഷ്യത്തിനായി പ്രവര്‍ത്തിക്കാന്‍ ആഹ്വാനം ചെയ്തു. ഇത് സംസ്ഥാനത്തിന്റെ വികസനത്തിന് പുത്തന്‍ ഉണര്‍വ് നല്‍കുമെന്നും ജീവിത സൗകര്യം വര്‍ദ്ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ”വിദ്യാഭ്യാസം വിപുലീകരിക്കുന്നതിനും യുവാക്കള്‍ക്ക് അവസരങ്ങള്‍ നല്‍കുന്നതിനും ഗവണ്‍മെന്റ് പ്രതിജ്ഞാബദ്ധമാണ്”, വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ മാതൃഭാഷയില്‍ മെഡിസിനും എഞ്ചിനീയറിംഗും പഠിക്കാന്‍ സഹായിക്കുന്ന ആധുനിക ദേശീയ വിദ്യാഭ്യാസ നയം ഉയര്‍ത്തിക്കാട്ടിക്കൊണ്ട് ശ്രീ മോദി പറഞ്ഞു. കഴിഞ്ഞ 9 വര്‍ഷത്തിനിടെ രാജ്യത്തുടനീളം 300-ലധികം സര്‍വകലാശാലകളും 5,500 പുതിയ കോളേജുകളും സ്ഥാപിച്ചതായി അദ്ദേഹം അറിയിച്ചു. ഡിജിറ്റല്‍ ഇന്ത്യ സംഘടിതപ്രവര്‍ത്തനവും ഒരു ലക്ഷത്തിലധികം സ്റ്റാര്‍ട്ടപ്പുകളുള്ള ലോകത്തിലെ മൂന്നാമത്തെ വലിയ ആവാസവ്യവസ്ഥയായി ഇന്ത്യ മാറുന്നതിലും അദ്ദേഹം സ്പര്‍ശിച്ചു. റാഞ്ചിയിലെ ഐ.ഐ.എം കാമ്പസിലും ധന്‍ബാദിലെ ഐ.ഐ.ടി -ഐ.എസ്.എമ്മിലും പുതിയ ഹോസ്റ്റലുകള്‍ ഉദ്ഘാടനം ചെയ്തതും പ്രധാനമന്ത്രി മോദി പരാമര്‍ശിച്ചു.

അമൃത് കാലത്തെ നാല് അമൃത സ്തംഭങ്ങളായ ഇന്ത്യയുടെ സ്ത്രീശക്തി, യുവശക്തി, കാര്‍ഷിക ശക്തി, നമ്മുടെ പാവപ്പെട്ടവരുടെയും ഇടത്തരക്കാരുടെയും ശക്തി എന്നിവ ഇന്ത്യയെ പുതിയ ഉയരങ്ങളിലെത്തിക്കുമെന്നും ഇന്ത്യയെ വികസിത ഇന്ത്യയാക്കുമെന്നും പ്രസംഗം ഉപസംഹരിച്ചുകൊണ്ട് പ്രധാനമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ജാര്‍ഖണ്ഡ് ഗവര്‍ണര്‍ ശ്രീ സി.പി. രാധാകൃഷ്ണന്‍, ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ശ്രീ ഹേമന്ത് സോറന്‍, കേന്ദ്ര ഗോത്രകാര്യ മന്ത്രി ശ്രീ അര്‍ജുന്‍ മുണ്ടെ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

പശ്ചാത്തലം

വിക്ഷിത് ഭാരത് സങ്കല്‍പ്പ് യാത്ര

പദ്ധതികളുടെ പ്രയോജനങ്ങള്‍ ലക്ഷ്യമിടപ്പെട്ട എല്ലാ ഗുണഭോക്താക്കളിലേക്കും സമയബന്ധിതമായി എത്തിച്ചേരുന്നുവെന്ന് ഉറപ്പാക്കിക്കൊണ്ട് ഗവണ്‍മെന്റിന്റെ മുന്‍നിര പദ്ധതികള്‍ പരിപൂര്‍ണ്ണത കൈവരിക്കുകയെന്നതിനാണ് പ്രധാനമന്ത്രിയുടെ നിരന്തരമായ പരിശ്രമം. പദ്ധതികളുടെ പരിപൂര്‍ണ്ണത ലക്ഷ്യം കൈവരിക്കുന്നതിനുള്ള ഒരു സുപ്രധാന ചുവടുവയ്പ്പായി, ജനജാതിയ ഗൗരവ് ദിവസിനോടനുബന്ധിച്ച് ‘ വികസിത് ഭാരത് സങ്കല്‍പ്പ് യാത്ര’യ്ക്ക് പ്രധാനമന്ത്രി സമാരംഭം കുറിച്ചു.
ശുചിത്വ സൗകര്യങ്ങള്‍, അവശ്യ സാമ്പത്തിക സേവനങ്ങള്‍, വൈദ്യുതി കണക്ഷനുകള്‍, എല്‍.പി.ജി സിലിണ്ടറുകളുടെ പ്രാപ്യത, പാവപ്പെട്ടവര്‍ക്കുള്ള പാര്‍പ്പിടം, ഭക്ഷ്യസുരക്ഷ, ശരിയായ പോഷകാഹാരം, വിശ്വസനീയമായ ആരോഗ്യ പരിരക്ഷ, ശുദ്ധമായ കുടിവെള്ളം തുടങ്ങിയ ക്ഷേമപദ്ധതികളുടെ ആനുകൂല്യങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുക, അവബോധം സൃഷ്ടിക്കുക, ആനുകൂല്യങ്ങള്‍ ലഭ്യമാക്കുക എന്നിവയിലായിരിക്കും യാത്രയുടെ ശ്രദ്ധ. യാത്രയ്ക്കിടെ കണ്ടെത്തുന്ന വിശദാംശങ്ങളിലൂടെ സാദ്ധ്യതയുള്ള ഗുണഭോക്താക്കളുടെ എന്റോള്‍മെന്റും നടത്തും.

‘വികസിത് ഭാരത് സങ്കല്‍പ്പ് യാത്ര’യ്ക്ക് സമാരംഭം കുറിക്കിക്കൊണ്ട് ജാര്‍ഖണ്ഡിലെ ഖുന്തിയില്‍ പ്രധാനമന്ത്രി ഐ.ഇ.സി (ഇന്‍ഫര്‍മേഷന്‍, എഡ്യൂക്കേഷന്‍, കമ്മ്യൂണിക്കേഷന്‍) വാനുകള്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. നല്ലരീതിയില്‍ ഗോത്രവര്‍ഗ്ഗ ജനസംഖ്യയുള്ള ജില്ലകളില്‍ നിന്ന് ആദ്യമായി യാത്രകള്‍ ആരംഭിക്കുകയും2024 ജനുവരി 25-ഓടെ രാജ്യത്തുടനീളമുള്ള എല്ലാ ജില്ലകളിലും പര്യടനം നടത്തുകയും ചെയ്യും.
 

പി.എം..പി.വി.ടി.ജി മിഷന്‍

‘പ്രധാനന്‍മന്ത്രി പര്‍ട്ടിക്യുലര്‍ലി വള്‍നറബിള്‍ ട്രൈബല്‍ ഗ്രൂപ്പ്‌സ് (പ്രധാന്‍ മന്ത്രി പ്രത്യേകിച്ച് ദുര്‍ബലരായ ഗോത്രവര്‍ഗ്ഗ ഗ്രൂപ്പുകളുടെ (പി.എം പി.വി.ടി.ജി) വികസന മിഷന്‍നും പരിപാടിയില്‍ പ്രധാനമന്ത്രി തുടക്കം കുറിച്ചു, ഇത്തരത്തിലുള്ള ആദ്യത്തെ സംരംഭമാണിത്. 18 സംസ്ഥാനങ്ങളിലേയും കേന്ദ്ര ഭരണപ്രദേശങ്ങളിലേയും 22,544 ഗ്രാമങ്ങളില്‍ (220 ജില്ലകള്‍) ഏകദേശം 28 ലക്ഷം ജനസംഖ്യയുള്ള 75 പി.വി.ടി.ജികളുണ്ട്.

പലപ്പോഴും വനമേഖലകളിലെ ചിതറിക്കിടക്കുന്നതും, വിദൂരവും പ്രാപ്യതയില്ലാത്തതുമായവാസസ്ഥലങ്ങളിലാണ് ഈ ഗോത്രങ്ങള്‍ താമസിക്കുന്നത്. അതിനാല്‍ റോഡ്, ടെലികോം ബന്ധിപ്പിക്കല്‍, വൈദ്യുതി, സുരക്ഷിത പാര്‍പ്പിടം, ശുദ്ധമായ കുടിവെള്ളവും ശുചിത്വവും, വിദ്യാഭ്യാസം, ആരോഗ്യം, പോഷകാഹാരം എന്നിവയിലേക്കുള്ള മെച്ചപ്പെട്ട പ്രാപ്യത, സുസ്ഥിരമായ ഉപജീവന അവസരങ്ങള്‍ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളോടെ പി.വി.ടി.ജി കുടുംബങ്ങളെയും വാസസ്ഥാനങ്ങളേയും പൂരിതമാക്കുന്നതിന് ഏകദേശം 24,000 കോടി രൂപയുടെ ബജറ്റില്‍ ഒരു ദൗത്യം ആസൂത്രണം ചെയ്തിട്ടുണ്ട്.

ഇവയ്ക്ക് പുറമെ, അരിവാള്‍ കോശ രോഗ ഉന്മൂലനം, ടി.ബി (ക്ഷയം) ഉന്മൂലനം, 100% പ്രതിരോധ കുത്തിവയ്പ്പ്, പി.എം സുരക്ഷിത് മാതൃത്വ യോജന, പി.എം മാതൃ വന്ദന യോജന, പി.എം പോഷന്‍, പി.എം ജന്‍ ധന്‍ യോജന എന്നിവ പി.എം.ജെ.എ.വൈയ്ക്ക് വേണ്ടി പ്രത്യേകം പൂരിതമാക്കുന്നത് ഉറപ്പാക്കും.

പി.എം.-കിസാന്റെ 15-ാം ഗഡുവും മറ്റ് വികസന സംരംഭങ്ങളും

കര്‍ഷകരുടെ ക്ഷേമത്തിനായുള്ള പ്രധാനമന്ത്രിയുടെ പ്രതിബദ്ധതയുടെ മറ്റൊരു ഉദാഹരണമായി, പ്രധാന്‍ മന്ത്രി കിസാന്‍ സമ്മാന്‍ നിധിയുടെ (പി.എം-കിസാന്‍) 15-ാം ഗഡു തുകയായ ഏകദേശം 18,000 കോടി രൂപ നേരിട്ടുള്ള ആനുകൂല്യ കൈമാറ്റത്തിലൂടെ അനുവദിച്ചു. പദ്ധതിക്ക് കീഴില്‍ ഇതുവരെ 8 കോടിയിലധികം ഗുണഭോക്താക്കള്‍ക്ക്14 ഗഡുക്കളായി 2.62 ലക്ഷം കോടിയിലധികം രൂപ കര്‍ഷകരുടെ അക്കൗണ്ടിലേക്ക് കൈമാറിയിട്ടുണ്ട്.

റെയില്‍, റോഡ്, വിദ്യാഭ്യാസം, കല്‍ക്കരി, പെട്രോളിയം, പ്രകൃതി വാതകം തുടങ്ങി വിവിധ മേഖലകളില്‍ 7200 കോടി രൂപയുടെ വിവിധ പദ്ധതികളുടെ തറക്കല്ലിടലും രാജ്യത്തിന് സമര്‍പ്പിക്കലും ഉദ്ഘാടനം ചെയ്യലും പ്രധാനമന്ത്രി നിര്‍വഹിച്ചു.

എന്‍.എച്ച് 133-ന്റെ മഹാഗാമ – ഹന്‍സ്ദിഹ ഭാഗത്തിന്റെ 52 കിലോമീറ്റര്‍ നീളമുള്ള നാലുവരിപ്പാത, എന്‍.എച്ച് 114 എ യുടെ ബസുകിനാഥ് – ദിയോഘര്‍ ഭാഗത്തിന്റെ 45 കി.മീ നീളത്തിലുള്ള നാലുവരിപ്പാത; കെ.ഡി.എച്ച്-പൂര്‍ണദിഹ് കല്‍ക്കരി കൈകാര്യം ചെയ്യല്‍ പ്ലാന്റ്; ഐ.ഐ.ഐ.ടി റാഞ്ചിയുടെ പുതിയ അക്കാദമിക്, അഡ്മിനിസ്‌ട്രേറ്റീവ് കെട്ടിടം എന്നിവ പ്രധാനമന്ത്രി തറക്കല്ലിട്ട പദ്ധതികളില്‍ ഉള്‍പ്പെടുന്നു.

ഐ.ഐ.എം റാഞ്ചിയുടെ പുതിയ കാമ്പസ്; ഐ.ഐ.ടി ഐ.എസ്.എം ധന്‍ബാദിന്റെ പുതിയ ഹോസ്റ്റല്‍; ബൊക്കാറോയിലെ പെട്രോളിയം ഓയില്‍ ആന്‍ഡ് ലൂബ്രിക്കന്റ്‌സ് (പി.ഒ.എല്‍) ഡിപ്പോ; ഹതിയ-പക്ര സെക്ഷന്‍, തല്‍ഗേറിയ – ബൊക്കാറോ സെക്ഷന്‍, ജരംഗ്ദിഹ്-പട്രതു സെക്ഷന്‍ എന്നിവയുടെ ഇരട്ടിപ്പിക്കല്‍ ഉള്‍പ്പെടെ നിരവധി റെയില്‍വേ പദ്ധതികള്‍ എന്നിവ ഉദ്ഘാടന ചെയ്തതും രാജ്യത്തിന് സമര്‍പ്പിച്ചതുമായ പദ്ധതികളില്‍ ഉള്‍പ്പെടുന്നു. അതിനുപുറമെ, ജാര്‍ഖണ്ഡ് സംസ്ഥാനം കൈവരിച്ച 100% റെയില്‍വേ വൈദ്യുതീകരണവും പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു.

 

On Janjatiya Gaurav Divas, let us remember Bhagwan Birsa Munda and redouble our efforts towards achieving greater prosperity for the tribal communities. https://t.co/nVDVNKh1z5

— Narendra Modi (@narendramodi) November 15, 2023

Bhagwan Birsa Munda’s struggles and sacrifices inspire countless Indians. pic.twitter.com/KC2oh3ViyO

— PMO India (@PMOIndia) November 15, 2023

Two historic initiatives are being launched from Jharkhand today… pic.twitter.com/9Sw2hJY0Yl

— PMO India (@PMOIndia) November 15, 2023

विकसित भारत के चार अमृत स्तंभ…

इन चार स्तंभों को हम जितना मजबूत करेंगे, विकसित भारत की इमारत भी उतनी ही ऊंची उठेगी। pic.twitter.com/DcjiNgMdw1

— PMO India (@PMOIndia) November 15, 2023

सच्चा सेकुलरिज्म तभी आता है, जब देश के किसी भी नागरिक के साथ भेदभाव की सारी संभावनाएं खत्म हो जाएं। pic.twitter.com/VvJkMufgmI

— PMO India (@PMOIndia) November 15, 2023

विकसित भारत के संकल्प का एक प्रमुख आधार है पीएम जनमन…यानि पीएम जनजाति आदिवासी न्याय महा अभियान। pic.twitter.com/0jBdMJnd7d

— PMO India (@PMOIndia) November 15, 2023

 

***

–NS–