Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഹിമാചല്‍ പ്രദേശിലെ ലെപ്ചയില്‍ ധീരരായ ജവാന്‍മാര്‍ക്കൊപ്പം പ്രധാനമന്ത്രി ദീപാവലി ആഘോഷിച്ചു

ഹിമാചല്‍ പ്രദേശിലെ ലെപ്ചയില്‍ ധീരരായ ജവാന്‍മാര്‍ക്കൊപ്പം പ്രധാനമന്ത്രി ദീപാവലി ആഘോഷിച്ചു


ന്യൂഡല്‍ഹി; 2023 നവംബര്‍ 12

ദീപാവലി ദിനത്തില്‍ ഇന്ന് ഹിമാചല്‍ പ്രദേശിലെ ലെപ്ചയില്‍ ധീര ജവാന്മാരെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു.
രാജ്യത്തെ ഓരോ പൗരന്റെയും ജ്ഞാനോദയത്തിന്റെ നിമിഷമാണ് ദീപാവലി. ഇപ്പോള്‍ രാജ്യത്തെ ആദ്യത്തെ ഗ്രാമമായി കണക്കാക്കപ്പെടുന്ന രാജ്യത്തിന്റെ അവസാന ഗ്രാമത്തിലെ ജവാന്‍മാര്‍ക്കൊപ്പം ചേർന്ന് അദ്ദേഹം ദീപാവലി ആശംസകൾ നേർന്നു.
തന്റെ അനുഭവം വിവരിച്ച പ്രധാനമന്ത്രി, ആഘോഷങ്ങളുള്ള ഇടങ്ങളിലെല്ലാം കുടുംബങ്ങളുണ്ടെന്നും എന്നാല്‍ അതിര്‍ത്തിയുടെ അഗ്രമസ്ഥാനം കാത്തുസൂക്ഷിക്കുകയെന്ന കടമയുടെ നിർവഹണത്തിനായി ഉത്സവദിനത്തില്‍ കുടുംബത്തില്‍ നിന്ന് അകന്നു നില്‍ക്കേണ്ടിവരുന്ന സാഹചര്യമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. 140 കോടി ഇന്ത്യക്കാരെ തങ്ങളുടെ കുടുംബമായി കണക്കാക്കുന്ന വികാരം സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ലക്ഷ്യബോധം നല്‍കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ”ഇതിന് രാജ്യത്തിന് നിങ്ങളോട് നന്ദിയും കടപ്പാടുമുണ്ട്. അതുകൊണ്ടാണ് നിങ്ങളുടെ സുരക്ഷയ്ക്കായി എല്ലാ വീട്ടിലും ഒരു ദീപം തെളിയിക്കുന്നത്,” അദ്ദേഹം പറഞ്ഞു. ”ജവാന്മാരെ നിയമിക്കുന്ന സ്ഥലം എനിക്ക് ഒരു ക്ഷേത്രം തന്നെയാണ്. നിങ്ങള്‍ എവിടെയാണോ അവിടെയാണ് എനിക്ക് ആഘോഷം. 30-35 വര്‍ഷമായി തുടരുന്നതാണിത്”, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജവാന്മാര്‍ക്കും സായുധ സേനയുടെ ത്യാഗത്തിന്റെ പാരമ്പര്യത്തിനും പ്രധാനമന്ത്രി ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു. ”അതിര്‍ത്തിയിലെ ഏറ്റവും ശക്തമായ മതിലാണ് തങ്ങളെന്ന് നമ്മുടെ ധീരരായ ജവാന്‍മാര്‍ സ്വയം തെളിയിച്ചു”, അദ്ദേഹം പറഞ്ഞു. ”ഉറപ്പായ തോല്‍വികളില്‍ നിന്ന് വിജയം തട്ടിയെടുത്ത നമ്മുടെ ധീരരായ ജവാന്‍മാര്‍ എല്ലായ്‌പ്പോഴും പൗരന്മാരുടെ ഹൃദയം കീഴടക്കിയിട്ടുണ്ട്” രാഷ്ട്രനിര്‍മ്മാണത്തില്‍ സായുധ സേനയുടെ സംഭാവനകള്‍ ഉയര്‍ത്തിക്കാട്ടികൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. സായുധ സേന രക്ഷകരായ ഭൂകമ്പം, സുനാമി തുടങ്ങിയ പ്രകൃതിദുരന്തങ്ങളെക്കുറിച്ചും അതോടൊപ്പം അന്താരാഷ്ട്ര സമാധാന ദൗത്യങ്ങളെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു. ”സായുധ സേനകള്‍ ഇന്ത്യയുടെ അഭിമാനത്തെ പുതിയ ഉയരങ്ങളിലെത്തിച്ചു”, അദ്ദേഹം അഭിപ്രായപ്പെട്ടു. സമാധാന സേനാംഗങ്ങള്‍ക്കായി ഒരു സ്മാരക ഹാള്‍ എന്നതിന് കഴിഞ്ഞ വര്‍ഷം ഐക്യരാഷ്ര്ടസഭ ഐകകണ്‌ഠ്യേന അംഗീകരിച്ചതിനെ കുറിച്ച് പരാമര്‍ശിച്ച പ്രധാനമന്ത്രി അത് ലോക സമാധാനം സ്ഥാപിക്കുന്നതിനുള്ള അവരുടെ സംഭാവനകളെ അനശ്വരമാക്കുമെന്നും പറഞ്ഞു.
സുഡാനിലെ പ്രക്ഷുബ്ധതയില്‍ നിന്നുള്ള വിജയകരമായ ഒഴിപ്പിക്കലിനെയും തുര്‍ക്കിയിലെ ഭൂകമ്പത്തിന് ശേഷമുള്ള രക്ഷാദൗത്യത്തെയും ഇന്ത്യക്കാര്‍ക്ക് മാത്രമല്ല, വിദേശ പൗരന്മാര്‍ക്കും വേണ്ടിയുള്ള ഒഴിപ്പിക്കല്‍ ദൗത്യങ്ങളിലെ ഇന്ത്യന്‍ സായുധ സേനയുടെ പങ്കിന് അടിവരയിട്ടുകൊണ്ട്, പ്രധാനമന്ത്രി അനുസ്മരിച്ചു. ”യുദ്ധക്കളം മുതല്‍ രക്ഷാദൗത്യം വരെ ജീവന്‍ രക്ഷിക്കാന്‍ ഇന്ത്യന്‍ സായുധ സേന പ്രതിജ്ഞാബദ്ധമാണ്,” പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തിന്റെ സായുധ സേനയില്‍ ഓരോ പൗരനും അഭിമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സുരക്ഷിതമായ അതിര്‍ത്തി, സമാധാനം, രാജ്യത്തിന്റെ സ്ഥിരത എന്നിവയുടെ പ്രാധാന്യം നിലവിലെ ലോകസാഹചര്യത്തില്‍ ഇന്ത്യയിലുള്ള ആഗോള പ്രതീക്ഷകളിലേക്ക് വിരല്‍ ചൂണ്ടിക്കൊണ്ട്, പ്രധാനമന്ത്രി ആവര്‍ത്തിച്ചു. ”ഹിമാലയം പോലെയുള്ള ദുർഘടമായ ഇടങ്ങളിൽ പോലും നിശ്ചയദാര്‍ഢ്യത്തോടെ ധീരരായ ജവാന്‍മാര്‍ അതിര്‍ത്തികള്‍ സംരക്ഷിക്കുന്നതിനാല്‍ ഇന്ത്യ സുരക്ഷിതമാണ്”, അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദീപാവലി മുതല്‍ കടന്നുപോയ ഒരു വര്‍ഷത്തെ നേട്ടങ്ങള്‍ വിവരിച്ച പ്രധാനമന്ത്രി, ചന്ദ്രയാന്റെ ലാന്‍ഡിംഗ്, ആദിത്യ എല്‍1, ഗഗന്‍യാനുമായി ബന്ധപ്പെട്ട പരീക്ഷണം, തദ്ദേശീയ വിമാന വാഹിനിക്കപ്പലായ ഐ.എന്‍.എസ് വിക്രാന്ത്, തുംകൂര്‍ ഹെലികോപ്റ്റര്‍ ഫാക്ടറി, വൈബ്രന്റ് വില്ലേജ് സംഘടിതപ്രവര്‍ത്തനം, കായിക നേട്ടങ്ങള്‍ എന്നിവ പരാമര്‍ശിക്കുകയും ചെയ്തു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയിലുണ്ടായ ആഗോളവും ജനാധിപത്യപരവുമായ നേട്ടങ്ങളെ തുടര്‍ന്ന് വിവരിച്ച പ്രധാനമന്ത്രി, പുതിയ പാര്‍ലമെന്റ് മന്ദിരം, നാരിശക്തി വന്ദന്‍ അധീനിയം, ജി 20, ജൈവ ഇന്ധന സഖ്യം, തത്സമയ പേയ്‌മെന്റിലെ മുന്‍തൂക്കം, കയറ്റുമതിയില്‍ 400 ബില്യണ്‍ ഡോളര്‍ കടന്നത്, ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്‌ വ്യവസ്ഥയായി തീര്‍ന്നത്, 5ജി ആരംഭിച്ചത് എന്നിവയെക്കുറിച്ചും സംസാരിച്ചു. ”രാഷ്ട്രനിര്‍മ്മാണത്തിലെ ഒരു നാഴികക്കല്ലായിരുന്നു കഴിഞ്ഞ വര്‍ഷം” അദ്ദേഹം പറഞ്ഞു. അടിസ്ഥാന സൗകര്യ വികസനത്തില്‍ വലിയ മുന്നേറ്റം നടത്തിയ ഇന്ത്യ, ലോകത്തിലെ രണ്ടാമത്തെ വലിയ റോഡ് ശൃംഖല, ഏറ്റവും ദൈര്‍ഘ്യമേറിയ റിവര്‍ ക്രൂയിസ് സര്‍വീസ്, അതിവേഗ റെയില്‍ സര്‍വീസായ നമോ ഭാരത്, 34 പുതിയ റൂട്ടുകളില്‍ സർവീസ് നടത്തുന്ന വന്ദേ ഭാരത്, ഇന്ത്യ-പശ്ചിമേഷ്യ-യൂറോപ്പ് ഇടനാഴി, ഡല്‍ഹിയിലെ ഭാരത് മണ്ഡപം, യശോഭൂമി എന്നിങ്ങനെ രണ്ടു ലോകോത്തര കണ്‍വെന്‍ഷന്‍ സെന്ററുകള്‍ എന്നിവയുള്ള രാജ്യവുമായി മാറി. ഏറ്റവും കൂടുതല്‍ സര്‍വ്വകലാശാലകള്‍ ഉള്ള രാജ്യമായി ഇന്ത്യ മാറി, ധോര്‍ഡോ ഗ്രാമത്തിന് മികച്ച ടൂറിസം വില്ലേജ് അവാര്‍ഡ് ലഭിച്ചു, ശാന്തി നികേതനേയും, ഹൊയ്‌സാല ക്ഷേത്ര സമുച്ചയത്തേയും യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തി.
അതിര്‍ത്തികള്‍ കാത്തുസൂക്ഷിക്കപ്പെടുന്നിടത്തോളം കാലം രാജ്യത്തിന് മികച്ച ഭാവിക്കായി പരിശ്രമിക്കാനാകുമെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ഇന്ത്യയുടെ വികസന നേട്ടങ്ങള്‍ക്ക് സായുധ സേനയുടെ ശക്തിയേയും നിശ്ചയദാര്‍ള്‍ഢ്യത്തേയും ത്യാഗത്തേയും അദ്ദേഹം പ്രശംസിച്ചു.
ഇന്ത്യ അതിന്റെ പോരാട്ടങ്ങളില്‍ നിന്നാണ് സാദ്ധ്യതകള്‍ സൃഷ്ടിച്ചതെന്ന് സൂചിപ്പിച്ച പ്രധാനമന്ത്രി, രാജ്യം ഇപ്പോള്‍ ആത്മനിര്‍ഭര്‍ ഭാരതിന്റെ പാതയിലേക്ക് ചുവടുവയ്ക്കുന്നതായും പറഞ്ഞു. പ്രതിരോധ മേഖലയില്‍ ഇന്ത്യയുടെ മുന്‍പൊന്നുമുണ്ടായിട്ടില്ലാത്ത വളര്‍ച്ചയും ആഗോളരംഗത്തെ ഒരു പ്രധാനി എന്ന നിലയിലുള്ള അതിന്റെ ആവിര്‍ഭാവവും ഉയര്‍ത്തിക്കാട്ടിയ അദ്ദേഹം, ഇന്ത്യന്‍ സൈന്യത്തിന്റെയും സുരക്ഷാ സേനയുടെയും ശക്തി തുടര്‍ച്ചയായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും പറഞ്ഞു. ഇന്ന് സുഹൃദ് രാഷ്ട്രങ്ങളുടെ ആവശ്യങ്ങള്‍ നാം നിറവേറ്റുമ്പോള്‍ രാജ്യം നേരത്തെ ചെറിയ ആവശ്യങ്ങള്‍ക്ക് മറ്റുള്ളവരെ ആശ്രയിച്ചിരുന്നതെങ്ങനെയെന്നത് അദ്ദേഹം അനുസ്മരിച്ചു. 2016ല്‍ പ്രധാനമന്ത്രി ഈ മേഖല സന്ദര്‍ശിച്ചതിന് ശേഷം ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി 8 മടങ്ങ് വര്‍ദ്ധിച്ചതായി അദ്ദേഹം അറിയിച്ചു. ”ഇന്ന് രാജ്യത്ത് ഒരു ലക്ഷം കോടിയിലധികം രൂപയുടെ പ്രതിരോധ ഉല്‍പ്പാദനം നടക്കുന്നുണ്ട്. ഇത് തന്നെ ഒരു റെക്കോര്‍ഡാണ്”, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹൈടെക് സാങ്കേതികവിദ്യയുടെയും സി.ഡി.എസ് പോലുള്ള സുപ്രധാന സംവിധാനങ്ങളുടെയും സംയോജനത്തിലും സ്പര്‍ശിച്ച പ്രധാനമന്ത്രി, തുടര്‍ച്ചയായി ഇന്ത്യന്‍ സൈന്യം കൂടുതല്‍ ആധുനികമായിക്കൊണ്ടിരിക്കുകയാണെന്നും പറഞ്ഞു. ആവശ്യമായിവരുന്ന സമയങ്ങളില്‍ സമീപഭാവിയില്‍ ഇന്ത്യക്ക് മറ്റ് രാജ്യങ്ങളിലേക്ക് നോക്കേണ്ടി വരില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സാങ്കേതികവിദ്യയുടെ ഈ വര്‍ദ്ധിച്ചുവരുന്ന വ്യാപനത്തിനിടയിലും, മനുഷ്യന്റെ ധാരണ സാങ്കേതിക വിദ്യയുടെ ഉപയോഗത്തില്‍ എപ്പോഴും പരമപ്രധാനമായി നിലനിര്‍ത്തണമെന്ന് ശ്രീ മോദി സായുധ സേനകളോട് അഭ്യര്‍ത്ഥിച്ചു. സാങ്കേതികവിദ്യ ഒരിക്കലും മനുഷ്യന്റെ സംവേദനക്ഷമതയെ മറികടക്കരുതെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
”ഉയര്‍ന്ന നിലവാരത്തിലുള്ള അതിര്‍ത്തി സംരക്ഷണം ഇന്ന്, നമ്മുടെ കരുത്തായി മാറുകയാണ്. ഇതില്‍ നാരിശക്തിയും ഒരു വലിയ പങ്കുവഹിക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്” പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ വര്‍ഷം 500 വനിതാ ഓഫീസര്‍മാരെ കമ്മീഷന്‍ ചെയ്തതും റഫാല്‍ യുദ്ധവിമാനങ്ങള്‍ വനിതാ പൈലറ്റുമാര്‍ പറത്തുന്നതും യുദ്ധക്കപ്പലുകളില്‍ വനിതാ ഉദ്യോഗസ്ഥരെ നിയമിച്ചതും അദ്ദേഹം പരാമര്‍ശിച്ചു. സായുധ സേനയുടെ ആവശ്യങ്ങള്‍ ശ്രദ്ധിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ച പ്രധാനമന്ത്രി, കടുത്ത താപനിലയ്ക്ക് അനുയോജ്യമായ വസ്ത്രങ്ങള്‍, ജവാന്മാരുടെ സംരക്ഷണം വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഡ്രോണുകള്‍, വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ (ഒ.ആര്‍.ഒ.പി) പദ്ധതിക്ക് കീഴില്‍ 90,000 കോടി നല്‍കിയതും അദ്ദേഹം പരാമര്‍ശിച്ചു.
സായുധസേനകളുടെ ഓരോ ചുവടുവയ്പ്പും ചരിത്രത്തിന്റെ ദിശ നിര്‍ണയിക്കുന്നതാണെന്ന് പറഞ്ഞുകൊണ്ട് പ്രധാനമന്ത്രി പ്രസംഗം ഉപസംഹരിച്ചു. സായുധ സേനകള്‍ ഇതേ നിശ്ചയദാര്‍ഢ്യത്തോടെ ഭാരതമാതാവിനെ സേവിക്കുന്നത് തുടരുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച അദ്ദേഹം, ”നിങ്ങളുടെ പിന്തുണയോടെ രാഷ്ട്രം വികസനത്തിന്റെ പുതിയ ഉയരങ്ങള്‍ തൊടുന്നത് തുടരും. നാം ഒരുമിച്ച് രാജ്യത്തിന്റെ എല്ലാ പ്രതിജ്ഞകളും നിറവേറ്റും” എന്നും കൂട്ടിച്ചേർത്തു.

Marking Diwali with our brave Jawans at Lepcha, Himachal Pradesh. https://t.co/Ptp3rBuhGx

— Narendra Modi (@narendramodi) November 12, 2023

Spending Diwali with our brave security forces in Lepcha, Himachal Pradesh has been an experience filled with deep emotion and pride. Away from their families, these guardians of our nation illuminate our lives with their dedication. pic.twitter.com/KE5eaxoglw

— Narendra Modi (@narendramodi) November 12, 2023

The courage of our security forces is unwavering. Stationed in the toughest terrains, away from their loved ones, their sacrifice and dedication keep us safe and secure. India will always be grateful to these heroes who are the perfect embodiment of bravery and resilience. pic.twitter.com/Ve1OuQuZXY

— Narendra Modi (@narendramodi) November 12, 2023

*****

–NK–