Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

സിന്ധ്യ സ്‌കൂളിന്റെ 125-ാം സ്ഥാപക ദിനാഘോഷ പരിപാടിയെ മധ്യപ്രദേശിലെ ഗ്വാളിയോറിൽ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

സിന്ധ്യ സ്‌കൂളിന്റെ 125-ാം സ്ഥാപക ദിനാഘോഷ പരിപാടിയെ മധ്യപ്രദേശിലെ ഗ്വാളിയോറിൽ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു


മധ്യപ്രദേശിലെ ഗ്വാളിയോറിൽ ‘ദ സിന്ധ്യ സ്കൂളി’ന്റെ 125-ാം സ്ഥാപക ദിനാഘോഷ പരിപാടിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിസംബോധന ചെയ്തു. സ്‌കൂളിലെ ‘വിവിധോദ്ദേശ്യ കായിക സമുച്ചയ’ത്തിന് പ്രധാനമന്ത്രി തറക്കല്ലിടുകയും, സ്‌കൂളിന്റെ വാർഷിക പുരസ്‌കാരങ്ങൾ വിശിഷ്ടരായ പൂർവവിദ്യാർഥികൾക്കും മികച് നേട്ടങ്ങൾ കൈവരിച്ചവർക്കും സമ്മാനിക്കുകയും ചെയ്തു. 1897-ൽ സ്ഥാപിതമായ സിന്ധ്യ സ്കൂൾ ചരിത്രപ്രസിദ്ധമായ ഗ്വാളിയോർ കോട്ടയുടെ മുകളിലാണ് സ്ഥിതി ചെയ്യുന്നത്. സ്മരണികയായി പുറത്തിറക്കിയ തപാൽ സ്റ്റാമ്പും പ്രധാനമന്ത്രി പ്രകാശനം ചെയ്തു.

ശിവാജി മഹാരാജിന്റെ പ്രതിമയിൽ പ്രധാനമന്ത്രി പുഷ്പാർച്ചന നടത്തി. ചടങ്ങിൽ സംഘടിപ്പിച്ച പ്രദർശനമേളയും അദ്ദേഹം സന്ദർശിച്ചു. ദ സിന്ധ്യ സ്‌കൂളിന്റെ 125-ാം വാർഷികത്തോടനുബന്ധിച്ച് എല്ലാവരെയും അഭിനന്ദിക്കുന്നതായി സമ്മേളനത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി പറഞ്ഞു. ആസാദ് ഹിന്ദ് സർക്കാരിന്റെ സ്ഥാപക ദിനത്തോടനുബന്ധിച്ചും അദ്ദേഹം ജനങ്ങൾക്ക് ആശംസകൾ അറിയിച്ചു. സിന്ധ്യ സ്കൂളിന്റെയും ഗ്വാളിയോർ നഗരത്തിന്റെയും അഭിമാനകരമായ ചരിത്ര ആഘോഷങ്ങളുടെ ഭാഗമാകാൻ അവസരം ലഭിച്ചതിൽ ശ്രീ മോദി നന്ദി രേഖപ്പെടുത്തി. ഋഷി ഗ്വാളിപ, സംഗീതജ്ഞൻ താൻസെൻ, മഹാദ്ജി സിന്ധ്യ, രാജ്മാതാ വിജയ രാജെ, അടൽ ബിഹാരി വാജ്‌പേയി, ഉസ്താദ് അംജദ് അലി ഖാൻ എന്നിവരെ പരാമർശിച്ച പ്രധാനമന്ത്രി, മറ്റുള്ളവർക്ക് പ്രചോദനമാകുന്നവരെ ഗ്വാളിയോറിന്റെ മണ്ണ് എന്നും സൃഷ്ടിച്ചിട്ടുണ്ടെന്നും പറഞ്ഞു. “ഇത് നാരീ ശക്തിയുടെയും ധീരതയുടെയും നാടാണ്” – സ്വരാജ് ഹിന്ദ് ഫൗജിന് ധനസഹായം നൽകുന്നതിനായി മഹാറാണി ഗംഗാബായി തന്റെ ആഭരണങ്ങൾ വിറ്റത് ഈ ഭൂമിയിലാണെന്ന് എടുത്ത് കാട്ടി പ്രധാനമന്ത്രി പറഞ്ഞു. “ഗ്വാളിയോറിലേക്കുള്ള വരവ് എപ്പോഴും ആനന്ദദായകമായ അനുഭവമാണ്”- അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെയും വാരാണസിയുടെയും സംസ്കാരം സംരക്ഷിക്കുന്നതിന് സിന്ധ്യ കുടുംബം നൽകിയ സംഭാവനകളെക്കുറിച്ചും പ്രധാനമന്ത്രി പരാമർശിച്ചു. കാശിയിൽ സിന്ധ്യ കുടുംബം നിർമിച്ച നിരവധി ഘാട്ടുകളും ബനാറസ് ഹിന്ദു സർവകലാശാലയ്ക്ക് നൽകിയ അവർ സംഭാവനകളും അദ്ദേഹം അനുസ്മരിച്ചു. കാശിയിലെ ഇന്നത്തെ വികസന പദ്ധതികൾ കുടുംബത്തിലെ ഉജ്വല വ്യക്തിത്വങ്ങൾക്ക് സംതൃപ്തി നൽകുന്നതായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ശ്രീ ജ്യോതിരാദിത്യ സിന്ധ്യ ഗുജറാത്തിന്റെ മരുമകനാണെന്ന് പറഞ്ഞ പ്രധാനമന്ത്രി, ഗുജറാത്തിലെ അദ്ദേഹത്തിന്റെ ജന്മനാട്ടിൽ ഗൈകവാദ് കുടുംബം നൽകിയ സംഭാവനയെക്കുറിച്ചും പരാമർശിച്ചു.

ക്ഷണികമായ നേട്ടങ്ങള്‍ക്കു പകരം വരും തലമുറയുടെ ക്ഷേമത്തിനുവേണ്ടിയാണ് കര്‍ത്തവ്യബോധമുള്ള വ്യക്തി പ്രവര്‍ത്തിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിക്കുന്നതിലെ ദീര്‍ഘകാല നേട്ടങ്ങള്‍ക്ക് ഊന്നല്‍ നല്‍കിയ പ്രധാനമന്ത്രി മഹാരാജാ മധോ റാവു ഒന്നാമന് ആദരാഞ്ജലികളും അര്‍പ്പിച്ചു. ഇപ്പോഴും ഡി.ടി.സി ആയി ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു പൊതുഗതാഗത സംവിധാനം സ്ഥാപിച്ചതും മഹാരാജാവാണെന്ന അധികം അറിയപ്പെടാത്ത വസ്തുതയും ശ്രീ മോദി പരാമര്‍ശിച്ചു. ജലസംരക്ഷണത്തിനും ജലസേചനത്തിനുമുള്ള അദ്ദേഹത്തിന്റെ മുന്‍കൈകളെക്കുറിച്ച് പരാമര്‍ശച്ച പ്രധാനമന്ത്രി മോദി ഹാര്‍സി ഡാമാണ് 150 വര്‍ഷങ്ങള്‍ക്ക് ശേഷവും ഏഷ്യയില്‍ ചെളിയില്‍ നിര്‍മ്മിച്ച ഏറ്റവും വലിയ അണക്കെട്ട് എന്ന് അറിയിക്കുകയും ചെയ്തു. ദീര്‍ഘകാലത്തേയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കാനും ജീവിതത്തിന്റെ എല്ലാ മേഖലകളിലും കുറുക്കുവഴികള്‍ ഒഴിവാക്കാനും അദ്ദേഹത്തിന്റെ ദര്‍ശനം നമ്മെ പഠിപ്പിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഇന്ത്യന്‍ പ്രധാനമന്ത്രിയായി 2014ല്‍ ചുമതലയേല്‍ക്കുമ്പോള്‍ ഉടനടിയുള്ള ഫലങ്ങള്‍ക്കായി പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ ദീര്‍ഘകാല സമീപനം സ്വീകരിക്കുക എന്നിങ്ങനെ രണ്ട് സാദ്ധ്യതകളായിരുന്നു ഉണ്ടായിരുന്നതെന്ന് പ്രധാനമന്ത്രി എടുത്തുപറഞ്ഞു. 2, 5, 8,10, 15 മുതല്‍ 20 വര്‍ഷങ്ങള്‍ വരെയുള്ള വ്യത്യസ്ത സമയക്രമങ്ങളോടെ പ്രവര്‍ത്തിക്കാന്‍ ഗവണ്‍മെന്റ് തീരുമാനിച്ചു. ഇപ്പോള്‍ ഗവണ്‍മെന്റ് 10 വര്‍ഷം പൂര്‍ത്തിയാക്കുന്നതിനോട് അടുത്തു, തീര്‍പ്പാക്കാത്ത വിവിധതീരുമാനങ്ങളെ ദീര്‍ഘകാലസമീപനത്തോടെ ഏറ്റെടുത്തിട്ടുണ്ടെന്നതിന് അദ്ദേഹം അടിവരയിട്ടു. നേട്ടങ്ങളുടെ പട്ടിക അവതരിപ്പിച്ച ശ്രീ മോദി ജമ്മു കശ്മീരിലെ അനുച്‌ഛേദം 370 റദ്ദാക്കണമെന്നുള്ള ആറുപതിറ്റാണ്ട് പഴക്കമുള്ള ആവശ്യം, സൈന്യത്തിലെ മുന്‍ സൈനികര്‍ക്ക് വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ നല്‍കണമെന്ന നാല് പതിറ്റാണ്ട് പഴക്കമുള്ള ആവശ്യം, ജി.എസ്.ടിയും മുത്തലാഖ് നിയമം വേണമെന്ന നാലു പതിറ്റാണ്ട് പഴക്കമുള്ള ആവശ്യം എന്നിവ പരാമര്‍ശിക്കുകയും ചെയ്തു. അടുത്തിടെ പാര്‍ലമെന്റില്‍ പാസാക്കിയ നാരീശക്തി വന്ദന്‍ അധീനിയത്തെ കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു.

യുവതലമുറയ്ക്ക് അവസരങ്ങള്‍ക്ക് കുറവില്ലാത്ത അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന ഇപ്പോഴത്തെ ഗവണ്‍മെന്റ് ഇല്ലായിരുന്നുവെങ്കില്‍ തീര്‍പ്പുകല്‍പ്പിക്കാത്ത ഈ തീരുമാനങ്ങള്‍ അടുത്ത തലമുറയിലേക്ക് കൊണ്ടുപോകുമായിരുന്നുവെന്നതിനും ശ്രീ മോദി അടിവരയിട്ടു. ”വലിയ സ്വപ്‌നങ്ങള്‍ കാണുക, വലിയ നേട്ടങ്ങള്‍ കൈവരിക്കുക”, ഇന്ത്യ സ്വാതന്ത്ര്യം നേടി 100 വര്‍ഷം തികയുമ്പോള്‍ സിന്ധ്യ സ്‌കൂളും 150 വര്‍ഷം തികയ്ക്കുമെന്ന് ചൂണ്ടിക്കാട്ടികൊണ്ട് പ്രധാനമന്ത്രി വിദ്യാര്‍ത്ഥികളോട് പറഞ്ഞു. യുവതലമുറ അടുത്ത 25 വര്‍ഷത്തിനുള്ളില്‍ ഇന്ത്യയെ വികസിത രാഷ്ട്രമാക്കി മാറ്റുമെന്ന് ആത്മവിശ്വാസത്തോടെ പ്രധാനമന്ത്രി പറഞ്ഞു. ”യുവജനങ്ങളേയും അവരുടെ കഴിവുകളേയും ഞാന്‍ വിശ്വസിക്കുന്നു’, രാജ്യം എടുത്ത പ്രതിജ്ഞ യുവജനങ്ങള്‍ നിറവേറ്റുമെന്ന വിശ്വാസം പ്രകടിപ്പിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. അടുത്ത 25 വര്‍ഷം ഇന്ത്യയെ പോലെ തന്നെ വിദ്യാര്‍ത്ഥികള്‍ക്കും പ്രാധാന്യമുള്ളതാണെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. ”പ്രൊഫഷണല്‍ ലോകത്തായാലും മറ്റേതെങ്കിലും സ്ഥലത്തായാലും സിന്ധ്യ സ്‌കൂളിലെ ഓരോ വിദ്യാര്‍ത്ഥിയും ഇന്ത്യയെ ഒരു വികസിത് ഭാരത് ആക്കാന്‍ ശ്രമിക്കണം, ”, അദ്ദേഹം ഊന്നിപ്പറഞ്ഞു.

സിന്ധ്യ സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളുമായുള്ള ആശയവിനിമയം വികസിത് ഭാരതിന്റെ ഭാഗധേയം പൂര്‍ത്തീകരിക്കാനുള്ള അവരുടെ കഴിവിലുള്ള തന്റെ വിശ്വാസം ശക്തിപ്പെടുത്തിയതായി പ്രധാനമന്ത്രി പറഞ്ഞു. കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്, റേഡിയോ ഇതിഹാസം അമീന്‍ സയാനി, പ്രധാനമന്ത്രി, സല്‍മാന്‍ ഖാന്‍, ഗായകന്‍ നിതിന്‍ മുകേഷ് എന്നിവരെഴുതിയ ഗര്‍ബ അവതരിപ്പിച്ച മീറ്റ് സഹോദരന്മാര്‍ എന്നിവരെ അദ്ദേഹം പരാമര്‍ശിച്ചു.

ഇന്ത്യയുടെ വളരുന്ന ആഗോള പ്രതിഛായയേക്കുറിച്ച് പ്രധാനമന്ത്രി ദീര്‍ഘമായി സംസാരിച്ചു. ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ഇറങ്ങുന്നതിനെക്കുറിച്ചും ജി20 യുടെ വിജയകരമായ സംഘാടനത്തേക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു. ഇന്ത്യ അതിവേഗം വളരുന്ന സമ്പദ്വ്യവസ്ഥയാണെന്ന് അദ്ദേഹം പറഞ്ഞു. ഫിന്‍ടെക്, തത്സമയ ഡിജിറ്റല്‍ ഇടപാടുകള്‍, സ്മാര്‍ട്ട്ഫോണ്‍ ഡാറ്റ ഉപഭോഗം എന്നിവയുടെ സ്വീകാര്യതാ നിരക്കില്‍ ഇന്ത്യ ഒന്നാമതാണ്. ഇന്റര്‍നെറ്റ് ഉപഭോക്താക്കളുടെ എണ്ണത്തിലും മൊബൈല്‍ ഫോണ്‍ നിര്‍മ്മാണത്തിലും ഇന്ത്യ രണ്ടാം സ്ഥാനത്താണെന്ന് അദ്ദേഹം അറിയിച്ചു. ഇന്ത്യയ്ക്ക് മൂന്നാമത്തെ വലിയ സ്റ്റാര്‍ട്ടപ്പ് അന്തരീക്ഷം ഉണ്ട്; ലോകത്തിലെ മൂന്നാമത്തെ വലിയ ഊര്‍ജ്ജ ഉപഭോക്താവാണ് ഇന്ത്യ. ബഹിരാകാശ നിലയത്തിനുള്ള ഇന്ത്യയുടെ തയ്യാറെടുപ്പിനെക്കുറിച്ചും ഗഗന്‍യാനുമായി ബന്ധപ്പെട്ട വിജയകരമായ പരീക്ഷണത്തെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു. തേജസ്, ഐഎന്‍എസ് വിക്രാന്ത് എന്നിവയും പട്ടികയില്‍പ്പെടുത്തി, ‘ഇന്ത്യയ്ക്ക് അസാധ്യമായി ഒന്നുമില്ല’ എന്ന് അദ്ദേഹം പറഞ്ഞു.

ലോകം അവരുടെ മുത്തുച്ചിപ്പിയാണെന്ന് വിദ്യാര്‍ത്ഥികളോട് പറഞ്ഞ പ്രധാനമന്ത്രി, ബഹിരാകാശ, പ്രതിരോധ മേഖലകള്‍ ഉള്‍പ്പെടെ അവര്‍ക്കായി തുറന്നിട്ടിരിക്കുന്ന പുതിയ വഴികളെക്കുറിച്ച് ചൂണ്ടിക്കാട്ടി. മുന്‍ റെയില്‍വേ മന്ത്രി ശ്രീ മാധവറാവു ശതാബ്ദി ട്രെയിനുകള്‍ ആരംഭിക്കുന്നത് പോലെയുള്ള മുന്‍കൈകള്‍ മൂന്നു പതിറ്റാണ്ടായി ആവര്‍ത്തിച്ചിട്ടില്ലെന്നും ഇപ്പോള്‍ രാജ്യം വന്ദേ ഭാരത്, നമോ ഭാരത് ട്രെയിനുകള്‍ കാണുന്നതെങ്ങനെയെന്നും വിദ്യാര്‍ത്ഥികളോട് ചിന്തിക്കാന്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
സ്വരാജിന്റെ ദൃഢനിശ്ചയങ്ങളെ അടിസ്ഥാനമാക്കിയുള്ള സിന്ധ്യ സ്‌കൂളധിഷ്ഠിത ഗേഹങ്ങളുടെ പേരുകള്‍ എടുത്തുകാണിച്ച പ്രധാനമന്ത്രി, ഇത് പ്രചോദനത്തിന്റെ വലിയ ഉറവിടമാണെന്ന് പറഞ്ഞു. ശിവാജി ഹൗസ്, മഹദ് ജി ഹൗസ്, റാണോ ജി ഹൗസ്, ദത്താജി ഹൗസ്, കനാര്‍ഖേഡ് ഹൗസ്, നിമാ ജി ഹൗസ്, മാധവ് ഹൗസ് എന്നിവയെ പരാമര്‍ശിച്ച അദ്ദേഹം ഇത് സപ്ത ഋഷിമാരുടെ ശക്തി പോലെയാണെന്നും പറഞ്ഞു. ശ്രീ മോദി വിദ്യാര്‍ത്ഥികള്‍ക്ക് 9 ചുമതലകള്‍ കൈമാറുകയും അവ ഇനിപ്പറയുന്ന രീതിയില്‍ വിശദീകരിക്കുകയും ചെയ്തു: ജലസുരക്ഷയ്ക്കായി ബോധവല്‍ക്കരണ പ്രചാരണം നടത്തുക, ഡിജിറ്റല്‍ പേയ്മെന്റുകളെക്കുറിച്ച് അവബോധം സൃഷ്ടിക്കുക, ഗ്വാളിയറിനെ ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരമാക്കാന്‍ ശ്രമിക്കുക, ഇന്ത്യയില്‍ നിര്‍മ്മിച്ച ഉല്‍പ്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കുക, തദ്ദേശീയമായതിനു വിപണി തുറക്കുന്ന സമീപനം സ്വീകരിക്കുക. വിദേശ രാജ്യങ്ങളിലേക്ക് പോകുന്നതിന് മുമ്പ് ഇന്ത്യയെ അറിയുക, രാജ്യത്തിനകത്ത് സഞ്ചരിക്കുക, പ്രാദേശിക കര്‍ഷകര്‍ക്കിടയില്‍ പ്രകൃതിദത്ത കൃഷിയെക്കുറിച്ച് അവബോധം സൃഷ്ടിക്കുക, ദൈനംദിന ഭക്ഷണത്തില്‍ ചെറുധാന്യങ്ങള്‍ ഉള്‍പ്പെടുത്തുക, സ്‌പോര്‍ട്‌സ്, യോഗ അല്ലെങ്കില്‍ ഏതെങ്കിലും തരത്തിലുള്ള ക്ഷമതാ പരിശീലനം ജീവിതശൈലിയുടെ അവിഭാജ്യ ഘടകമാക്കുക, കൂടാതെ; അവസാനമായി ഒരു പാവപ്പെട്ട കുടുംബത്തിന്റെയെങ്കിലും കൈപിടിക്കുക. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 13 കോടി ജനങ്ങള്‍ ഈ പാതയിലൂടെ ദാരിദ്ര്യത്തില്‍ നിന്ന് കരകയറിയതായും അദ്ദേഹം പറഞ്ഞു
‘ഇന്ത്യ ഇന്ന് ചെയ്യുന്നതെന്തും, അത് ഒരു വന്‍തോതിലുള്ള  കാര്യമായാണ് ചെയ്യുന്നത്’, അവരുടെ സ്വപ്നങ്ങളെയും ദൃഢനിശ്ചയങ്ങളെയും കുറിച്ച് വലുതായി ചിന്തിക്കാന്‍ വിദ്യാര്‍ത്ഥികളെ പ്രേരിപ്പിച്ചുകൊണ്ട് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ‘നിങ്ങളുടെ സ്വപ്നമാണ് എന്റെ ദൃഢനിശ്ചയം, അദ്ദേഹം പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ അവരുടെ ചിന്തകളും ആശയങ്ങളും നമോ ആപ്പ് വഴി തന്നോട് പങ്കിടുകയോ വാട്ട്സ്ആപ്പില്‍ താനുമായി ബന്ധപ്പെടുകയോ ചെയ്യണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു.
‘സിന്ധ്യ സ്‌കൂള്‍ വെറുമൊരു സ്ഥാപനമല്ല, ഒരു പാരമ്പര്യമാണ്’, പ്രസംഗം ഉപസംഹരിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. സ്വാതന്ത്ര്യത്തിനു മുമ്പും ശേഷവും മഹാരാജ് മധോ റാവുജിയുടെ ദൃഢനിശ്ചയങ്ങള്‍ വിദ്യാലയം തുടര്‍ച്ചയായി മുന്നോട്ടുകൊണ്ടുപോയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അല്‍പ്പസമയം മുമ്പ് പുരസ്‌കാരം ലഭിച്ച വിദ്യാര്‍ത്ഥികളെ ശ്രീ മോദി ഒരിക്കല്‍ കൂടി അഭിനന്ദിക്കുകയും സിന്ധ്യ സ്‌കൂളിന്റെ നല്ല ഭാവിക്കായി ആശംസകള്‍ അറിയിക്കുകയും ചെയ്തു.
മധ്യപ്രദേശ് ഗവര്‍ണര്‍ ശ്രീ മംഗുഭായ് പട്ടേല്‍, മധ്യപ്രദേശ് മുഖ്യമന്ത്രി ശ്രീ ശിവരാജ് സിംഗ് ചൗഹാന്‍, കേന്ദ്ര മന്ത്രിമാരായ ശ്രീ ജ്യോതിരാദിത്യ സിന്ധ്യ, നരേന്ദ്ര സിംഗ് തോമര്‍, ജിതേന്ദ്ര സിംഗ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

 

NS