Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി നാളെ (ഒക്ടോബർ 17ന്) ഗ്ലോബൽ മാരിടൈം ഇന്ത്യ ഉച്ചകോടി 2023 ഉദ്ഘാടനം ചെയ്യും


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നാളെ (2023 ഒക്ടോബർ 17ന്) രാവിലെ 10.30ന്  വിദൂരദൃശ്യസംവിധാനത്തിലൂടെ ഗ്ലോബൽ മാരിടൈം ഇന്ത്യ ഉച്ചകോടി (GMIS) 2023ന്റെ മൂന്നാം പതിപ്പ് ഉദ്ഘാടനം ചെയ്യും. ഒക്ടോബർ 17 മുതൽ 19 വരെ മുംബൈയിലെ എംഎംആർഡിഎ മൈതാനത്താണ് ഉച്ചകോടി.

പരിപാടിയിൽ, ഇന്ത്യയുടെ സമുദ്രവുമായി ബന്ധപ്പെട്ട നീല സമ്പദ്‌വ്യവസ്ഥയുടെ ദീർഘകാല രൂപരേഖയായ ‘അമൃതകാല കാഴ്ചപ്പാട് 2047’ പ്രധാനമന്ത്രി പ്രകാശനം ചെയ്യും. തുറമുഖ സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനും സുസ്ഥിര സമ്പ്രദായങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും അന്താരാഷ്ട്ര സഹകരണം സുഗമമാക്കുന്നതിനും ലക്ഷ്യമിട്ടുള്ള തന്ത്രപ്രധാന സംരംഭങ്ങൾ ഈ രൂപരേഖയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഈ ഭാവിപദ്ധതിക്ക് അനുസൃതമായി, ഇന്ത്യയുടെ സമുദ്രവുമായി ബന്ധപ്പെട്ട നീല സമ്പദ്‌വ്യവസ്ഥയ്‌ക്കായി ‘അമൃതകാല കാഴ്ചപ്പാട് 2047′-മായി പൊരുത്തപ്പെടുന്ന 23,000 കോടിയിലധികം രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിക്കുകയും രാഷ്ട്രത്തിന് സമർപ്പിക്കുകയും തറക്കല്ലിടുകയും ചെയ്യും.

ഗുജറാത്തിലെ ദീൻദയാൽ തുറമുഖ അതോറിറ്റിയിൽ 4500 കോടിയിലധികം രൂപ ചെലവിൽ നിർമിക്കുന്ന ട്യൂണ ടെക്ര ഓൾ-വെതർ ഡീപ് ഡ്രാഫ്റ്റ് ടെർമിനലിന്റെ തറക്കല്ലിടൽ പ്രധാനമന്ത്രി നിർവഹിക്കും. ഈ അത്യാധുനിക ഗ്രീൻഫീൽഡ് ടെർമിനൽ പിപിപി മാതൃകയിൽ വികസിപ്പിക്കും. അന്താരാഷ്ട്ര വ്യാപാര കേന്ദ്രമായി ഉയർന്നുവരാൻ സാധ്യതയുള്ള ടെർമിനൽ, 18,000 ഇരുപതടിക്കു സമാനമായ യൂണിറ്റുകൾ (ടിഇയു) കവിയുന്ന അടുത്തതലമുറ കപ്പലുകൾ കൈകാര്യം ചെയ്യും. കൂടാതെ ഇന്ത്യ- പശ്ചിമേഷ്യ – യൂറോപ്പ് സാമ്പത്തിക ഇടനാഴി (ഐഎംഇഇസി) വഴിയുള്ള ഇന്ത്യൻ വ്യാപാരത്തിനുള്ള കവാടമായി ഇത് പ്രവർത്തിക്കും. സമുദ്രമേഖലയിലെ ആഗോള-ദേശീയ പങ്കാളിത്തത്തിനായി 7 ലക്ഷം കോടിയിലധികം മൂല്യമുള്ള 300-ലധികം ധാരണാപത്രങ്ങളും (എംഒയു) പ്രധാനമന്ത്രി ഈ പരിപാടിയിൽ സമർപ്പിക്കും.

സമുദ്രമേഖലയുമായി ബന്ധപ്പെട്ട രാജ്യത്തെ ഏറ്റവും വലിയ പരിപാടിയാണ് ഈ ഉച്ചകോടി. യൂറോപ്പ്, ആഫ്രിക്ക, തെക്കേ അമേരിക്ക, ഏഷ്യ (മധ്യേഷ്യ, പശ്ചിമേഷ്യ, ബിംസ്റ്റെക് മേഖലകൾ ഉൾപ്പെടെ) രാജ്യങ്ങളിൽ നിന്നുള്ള ലോകമെമ്പാടുമുള്ള മന്ത്രിമാർ ഉച്ചകോടിയിൽ പങ്കെടുക്കും. ആഗോള സിഇഒമാർ, വ്യവസായ പ്രമുഖർ, നിക്ഷേപകർ, ഉദ്യോഗസ്ഥർ, ലോകമെമ്പാടുമുള്ള മറ്റ് പങ്കാളികൾ എന്നിവരും ഉച്ചകോടിയിൽ പങ്കെടുക്കും. കൂടാതെ, നിരവധി ഇന്ത്യൻ സംസ്ഥാനങ്ങളെ പ്രതിനിധാനം ചെയ്ത് മന്ത്രിമാരും മറ്റ് വിശിഷ്ടാതിഥികളും പങ്കെടുക്കും.

മൂന്ന് ദിവസത്തെ ഉച്ചകോടിയിൽ ഭാവിയിലെ തുറമുഖങ്ങൾ ഉൾപ്പെടെ സമുദ്രമേഖലയുടെ പ്രധാന വിഷയങ്ങൾ ചർച്ച ചെയ്യും. ഡീകാർബണൈസേഷൻ; തീരദേശ ഷിപ്പിങ്ങും ഉൾനാടൻ ജലഗതാഗതവും; കപ്പൽ നിർമാണം; അറ്റകുറ്റപ്പണിയും പുനരുപയോഗവും; ധനകാര്യവും ഇൻഷുറൻസും  മാധ്യസ്ഥവും; സമുദ്ര ക്ലസ്റ്ററുകൾ; നവീകരണവും സാങ്കേതികവിദ്യയും; സമുദ്ര സുരക്ഷയും സംരക്ഷണവും; സമുദ്ര വിനോദസഞ്ചാരം തുടങ്ങിയ കാര്യങ്ങളും ചർച്ചയാകും. രാജ്യത്തിന്റെ സമുദ്രമേഖലയിൽ നിക്ഷേപം ആകർഷിക്കുന്നതിനുള്ള മികച്ച വേദിയും ഉച്ചകോടി ഒരുക്കും.

ആദ്യത്തെ മാരിടൈം ഇന്ത്യ ഉച്ചകോടി 2016 ൽ മുംബൈയിലാണ് നടന്നത്. രണ്ടാമത്തെ മാരിടൈം ഉച്ചകോടി 2021ൽ വെർച്വലായി സംഘടിപ്പിച്ചു.

 

NS