അമേഠി സന്‍സദ് ഖേല്‍ പ്രതിയോഗിത 2023 ന്റെ സമാപന ചടങ്ങിനെ ഇന്ന് വിഡിയോ സന്ദേശത്തിലൂടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു.
അമേഠി സന്‍സദ് ഖേല്‍ പ്രതിയോഗിത 2023 ല്‍ പങ്കെടുക്കുന്നവരുമായി ബന്ധപ്പെടാന്‍ കഴിഞ്ഞത് ഒരു പ്രത്യേക അനുഭൂതി നല്‍കുന്നുണ്ടെന്ന് സദസിനെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ താരങ്ങള്‍ നൂറിലേറെ മെഡലുകള്‍ നേടിയ ഈ മാസം രാജ്യത്തെ കായികരംഗത്തിന് മംഗളകരമാണെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി അമേഠി സന്‍സദ് ഖേല്‍ പ്രതിയോഗിതയില്‍ പങ്കെടുത്തുകൊണ്ട് അമേഠിയില്‍ നിന്നുള്ള നിരവധി കളിക്കാരും ഈ പരിപാടികള്‍ക്കിടയില്‍ തങ്ങളുടെ കായിക കഴിവുകള്‍ പ്രകടിപ്പിച്ചിട്ടുണ്ടെന്നും പറഞ്ഞു. ഈ മത്സരത്തില്‍ നിന്ന് കായികതാരങ്ങള്‍ക്ക് ലഭിച്ച പുതിയ ഊര്‍ജവും ആത്മവിശ്വാസവും അനുഭവിക്കാന്‍ കഴിയുമെന്നും ഈ ഉത്സാഹത്തെ കൈപിടിയില്‍ ഒതുക്കാനും മികച്ച ഫലങ്ങള്‍ ഒരുക്കാനുമുള്ള സമയമാണിതെന്നും അദ്ദേഹം പറഞ്ഞു. ”കഴിഞ്ഞ 25 ദിവസങ്ങളില്‍ നിങ്ങള്‍ നേടിയ അനുഭവം നിങ്ങളുടെ കായിക ജീവിതത്തിന് വലിയ മുതല്‍ക്കൂട്ടാണ്”, പ്രധാനമന്ത്രി പറഞ്ഞു. അദ്ധ്യാപകന്‍, പരിശീലകന്‍, സ്‌കൂള്‍ അല്ലെങ്കില്‍ കോളേജ് പ്രതിനിധി എന്നീ നിലകളിലൊക്കെ മഹത്തായ ഈ സംഘടിതപ്രവര്‍ത്തനത്തില്‍ ചേര്‍ന്നുകൊണ്ട് ഈ യുവ കളിക്കാരെ പിന്തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത ഓരോ വ്യക്തിയെയും അഭിനന്ദിക്കാനും അദ്ദേഹം ഈ അവസരം വിനിയോഗിച്ചു. ഒരു ലക്ഷത്തിലധികം കളിക്കാര്‍ ഒത്തുചേരുന്നത് തന്നെ വലിയ കാര്യമാണെന്നതിന് അടിവരയിട്ട അദ്ദേഹം, ഈ പരിപാടി വിജയിപ്പിച്ചതിന് അമേഠി എം.പി സ്മൃതി ഇറാനി ജിയെ പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു.
”കായികവിനോദങ്ങള്‍ക്കും കളിക്കാര്‍ക്കും അഭിവൃദ്ധി പ്രാപിക്കാനുള്ള അവസരം ലഭിക്കുക എന്നത് ഏതൊരു സമൂഹത്തിന്റെയും വികസനത്തിന് വളരെ പ്രധാനമാണ്”, പ്രധാനമന്ത്രി പറഞ്ഞു. ലക്ഷ്യം കൈവരിക്കാന്‍ കഠിനാധദ്ധ്വാനം ചെയ്യുകയും പരാജയത്തിന് ശേഷം വീണ്ടും ശ്രമിക്കുകയും ടീമിനൊപ്പം ചേര്‍ന്ന് മുന്നോട്ട് പോകുകയും ചെയ്യുമ്പോള്‍ കായികവിനോദത്തിലൂടെ യുവജനങ്ങളില്‍ സ്വാഭാവികമായി വ്യക്തിത്വ വികസനം സംഭവിക്കുമെന്നതിനും അദ്ദേഹം അടിവരയിട്ടു. നിലവിലെ ഗവണ്‍മെന്റിലെ നൂറുകണക്കിന് എം.പിമാര്‍ തങ്ങളുടെ മണ്ഡലങ്ങളില്‍ കായിക മത്സരങ്ങള്‍ സംഘടിപ്പിച്ച് സമൂഹത്തിന്റെ വികസനത്തിന് പുതിയ പാത ഒരുക്കിയിട്ടുണ്ടെന്നും വരും വര്‍ഷങ്ങളില്‍ അതിന്റെ ഫലങ്ങള്‍ പ്രകടമായി കാണാനാകുമെന്നും ശ്രീ മോദി ഊന്നിപ്പറഞ്ഞു. അമേഠിയിലെ യുവതാരങ്ങള്‍ വരും വര്‍ഷങ്ങളില്‍ ദേശീയ അന്തര്‍ദേശീയ തലങ്ങളില്‍ തീര്‍ച്ചയായും മെഡലുകള്‍ നേടുമെന്നും അത്തരം മത്സരങ്ങളില്‍ നിന്ന് ലഭിക്കുന്ന അനുഭവസമ്പത്ത് ഏറെ പ്രയോജനകരമാകുമെന്നും പ്രധാനമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു.
” കായികതാരങ്ങള്‍ കളത്തിലിറങ്ങുമ്പാള്‍- തങ്ങളെയും ടീമിനെയും വിജയിപ്പിക്കുക എന്ന ഒരേയൊരു ലക്ഷ്യമേ അവര്‍ക്കുണ്ടാകുകയുള്ളു” പ്രധാനമന്ത്രി മോദി പറഞ്ഞു. രാജ്യത്തെ ഒന്നാമതാക്കുക എന്ന് കളിക്കാരെപ്പോലെ ഇന്ന് രാജ്യം മുഴുവന്‍ ചിന്തിക്കുകയാണെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. അവര്‍ എല്ലാം പണയപ്പെടുത്തി രാജ്യത്തിന് വേണ്ടി കളിക്കുകയാണെന്നും ഈ സമയത്ത് രാജ്യവും ഒരു വലിയ ലക്ഷ്യത്തെയാണ് പിന്തുടരുന്നതെന്നും കളിക്കാരെ പരാമര്‍ശിച്ചുകൊണ്ട് ശ്രീ മോദി പറഞ്ഞു. ഇന്ത്യയെ ഒരു വികസിത രാഷ്ട്രമാക്കി മാറ്റുന്നതില്‍ രാജ്യത്തെ എല്ലാ ജില്ലയിലെയും ഓരോ പൗരനും പങ്കുണ്ടെന്നതിന് അദ്ദേഹം അടിവരയിട്ടു. ഇതിനായി ഓരോ മേഖലയും ഒരേ വികാരവും ഒരേ ലക്ഷ്യവും ഒരേ പ്രതിജ്ഞയുമായി മുന്നോട്ടുപോകേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. യുവജനങ്ങള്‍ക്കായുള്ള ടോപ്‌സ്, ഖേലോ ഇന്ത്യ ഗെയിംസ് തുടങ്ങിയ പദ്ധതികളെയും അദ്ദേഹം പരാമര്‍ശിച്ചു. നൂറുകണക്കിനു കായികതാരങ്ങള്‍ക്ക് രാജ്യത്തും വിദേശത്തുമായി ടോപ്‌സ് പദ്ധതിയില്‍ പരിശീലനവും കോച്ചിംഗും നല്‍കുന്നുണ്ടെന്നും കോടിക്കണക്കിന് രൂപയുടെ സഹായവും ലഭ്യമാക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. പരിശീലനം, ഡയറ്റ്, കോച്ചിംഗ്, കിറ്റ്, ആവശ്യമായ ഉപകരണങ്ങള്‍, മറ്റ് ചെലവുകള്‍ എന്നിവ നിറവേറ്റാന്‍ സഹായിക്കുന്നതിനായി ഖേലോ ഇന്ത്യ ഗെയിംസിന് കീഴില്‍ മൂവായിരത്തിലധികം കായികതാരങ്ങള്‍ക്ക് പ്രതിമാസം 50,000 രൂപ സഹായം നല്‍കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.
മാറിക്കൊണ്ടിരിക്കുന്ന ഇന്നത്തെ ഇന്ത്യയില്‍, ചെറുപട്ടണങ്ങളില്‍ നിന്നുള്ള പ്രതിഭകള്‍ക്ക് തുറന്നമനസോടെ മുന്നോട്ടുവരാന്‍ അവസരം ലഭിക്കുന്നുണ്ടെന്ന് ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി, ഇന്ത്യയെ ഒരു സ്റ്റാര്‍ട്ടപ്പ് ഹബ്ബാക്കി മാറ്റുന്നതില്‍ ചെറുപട്ടണങ്ങളുടെ സംഭാവനകള്‍ ഉയര്‍ത്തിക്കാട്ടുകയും ചെയ്തു. യുവജനങ്ങള്‍ക്ക് മുന്നോട്ട് വരാനും അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കാനും അവസരം ലഭിക്കുന്ന ഗവണ്‍മെന്റിന്റെ സുതാര്യമായ സമീപനത്തെ ഇന്നത്തെ ലോകത്തിലെ പ്രശസ്തരായ നിരവധി കായിക പ്രതിഭകള്‍ ചെറുപട്ടണങ്ങളില്‍ നിന്നുള്ളവരാണെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ട് പ്രധാനമന്ത്രി പ്രശംസിച്ചു. ഏഷ്യന്‍ ഗെയിംസിന്റെ ഉദാഹരണം ചൂണ്ടിക്കാട്ടികൊണ്ട് മെഡല്‍ നേടിയ അത്‌ലറ്റുകളില്‍ ഏറ്റവുമധികം ചെറിയ നഗരങ്ങളില്‍ നിന്നുള്ളവരാണെന്നും അദ്ദേഹം പറഞ്ഞു. ഗവണ്‍മെന്റ് അവരുടെ കഴിവുകളെ മാനിക്കുകയും സാദ്ധ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കിക്കൊടുക്കുകയും ചെയ്തതിന്റെ ഫലമാണ് ഇന്ന് കാണാന്‍ കഴിയുന്നതെന്നതിന് പ്രധാനമന്ത്രി മോദി അടിവരയിട്ടു. ” ഈ കായികതാരങ്ങള്‍ ഫലം നല്‍കി” ഉത്തര്‍പ്രദേശിലെ അന്നു റാണി, പരുള്‍ ചൗധരി, സുധാ സിംഗ് എന്നിവരുടെ പ്രകടനം ഉയര്‍ത്തിക്കാട്ടികൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. അത്തരം പ്രതിഭാധനരായ വ്യക്തികളെ കണ്ടെത്തുന്നതിനും അവരുടെ കഴിവുകളെ രാജ്യത്തിന് വേണ്ടി വികസിപ്പിക്കുന്നതിനുമുള്ള മികച്ച മാധ്യമമാണ് സന്‍സദ് ഖേല്‍ പ്രതിയോഗിതയെന്നും പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു.
എല്ലാ കായികതാരങ്ങളുടെയും കഠിനാദ്ധ്വാനം വരും നാളുകളില്‍ ഫലം കണ്ടുതുടങ്ങുമെന്നും നിരവധി കായികതാരങ്ങള്‍ രാജ്യത്തിനും ത്രിവര്‍ണ്ണ പതാകയ്ക്കും മഹത്വം കൊണ്ടുവരുമെന്നും പ്രസംഗം ഉപസംഹരിച്ചുകൊണ്ട് പ്രധാനമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു.
My remarks at Amethi Sansad Khel Pratiyogita. https://t.co/RowBJ0mImi
— Narendra Modi (@narendramodi) October 13, 2023
NS
My remarks at Amethi Sansad Khel Pratiyogita. https://t.co/RowBJ0mImi
— Narendra Modi (@narendramodi) October 13, 2023