Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

അമ്മയുടെ 70-ാം ജന്മദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രിയുടെ വീഡിയോ സന്ദേശം

അമ്മയുടെ 70-ാം ജന്മദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രിയുടെ വീഡിയോ സന്ദേശം


ന്യൂഡല്‍ഹി, 03 ഒക്ടോബര്‍ 2023:

സേവനത്തിന്റെയും ആത്മീയതയുടെയും പ്രതിരൂപമായ അമ്മ, മാതാ അമൃതാനന്ദമയി ജിക്ക് ഞാന്‍ ആദരപൂര്‍വം പ്രണാമം അര്‍പ്പിക്കുന്നു. അവരുടെ എഴുപതാം പിറന്നാള്‍ ആഘോഷിക്കുന്ന ഈ വേളയില്‍, അമ്മയ്ക്ക് ദീര്‍ഘായുസ്സും ആരോഗ്യവും നേരുന്നു. ലോകമെമ്പാടും സ്‌നേഹവും അനുകമ്പയും പ്രചരിപ്പിക്കാനുള്ള അവരുടെ ദൗത്യം തുടര്‍ന്നും വളര്‍ന്നു പന്തലിക്കട്ടെ എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. അമ്മയുടെ അനുയായികളുള്‍പ്പെടെ ജീവിതത്തിന്റെ വിവിധ തുറകളില്‍ നിന്നുള്ള എല്ലാവരെയും ഞാന്‍ അഭിനന്ദിക്കുകയും ആശംസകള്‍ അറിയിക്കുകയും ചെയ്യുന്നു.

സുഹൃത്തുക്കളേ,

30 വര്‍ഷത്തിലേറെയായി എനിക്ക് അമ്മയുമായി നേരിട്ട് ബന്ധമുണ്ട്. കച്ചിലെ ഭൂകമ്പത്തിന് ശേഷം അമ്മയോടൊപ്പം വളരെക്കാലം പ്രവര്‍ത്തിച്ച അനുഭവമുണ്ട്. അമ്മയുടെ അറുപതാം പിറന്നാള്‍ അമൃതപുരിയില്‍ ആഘോഷിച്ച ദിവസം ഇന്നും ഞാന്‍ ഓര്‍ക്കുന്നു. ഇന്നത്തെ പരിപാടിയില്‍ ഞാന്‍ നേരിട്ട് എത്തിയിരുന്നുവെങ്കില്‍, ഞാന്‍ ആഹ്ലാദിക്കുകയും അതൊരു നല്ല അനുഭവമാകുകയും ചെയ്യുമായിരുന്നു. ഇന്നും അമ്മയുടെ ചിരിക്കുന്ന മുഖത്തിന്റെ ഊഷ്മളതയും വാത്സല്യമുള്ള പ്രകൃതവും പഴയതുപോലെ തന്നെ നിലനില്‍ക്കുന്നു. കൂടാതെ, കഴിഞ്ഞ 10 വര്‍ഷങ്ങളില്‍, അമ്മയുടെ പ്രവര്‍ത്തനവും ലോകത്ത് അവരുടെ സ്വാധീനവും പലമടങ്ങ് വര്‍ദ്ധിച്ചു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ഹരിയാനയിലെ ഫരീദാബാദില്‍ അമൃത ആശുപത്രി ഉദ്ഘാടനം ചെയ്യാനുള്ള ഭാഗ്യം എനിക്കുണ്ടായി. അമ്മയുടെ സാന്നിധ്യത്തിന്റെയും അവരുടെ അനുഗ്രഹത്തിന്റെയും പ്രഭാവലയം വാക്കുകളില്‍ വിവരിക്കാന്‍ പ്രയാസമാണ്; നമുക്ക് അത് അനുഭവിക്കാന്‍ മാത്രമേ കഴിയൂ. അന്ന് അമ്മയ്ക്ക് വേണ്ടി ഞാന്‍ പറഞ്ഞത് ഞാന്‍ ഓര്‍ക്കുന്നു, ഇന്ന് ഞാന്‍ അത് ആവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നു – സ്‌നേഹത്തിന്റെ, കാരുണ്യത്തിന്റെ, സേവനത്തിന്റെ, ത്യാഗത്തിന്റെ പര്യായമാണ് മാതാ അമൃതാനന്ദമയീ ദേവി; ഭാരതിന്റെ മഹത്തായ, ആത്മീയ പാരമ്പര്യത്തിന്റെ നേരവകാശിയാണ്: അതായത് സ്‌നേഹത്തിന്റെയും കരുണയുടെയും സേവനത്തിന്റെയും പരിത്യാഗത്തിന്റെയും മൂര്‍ത്തരൂപമാണ് അമ്മ. അവര്‍ ഭാരതത്തിന്റെ ആത്മീയ പാരമ്പര്യത്തിന്റെ വാഹകയാണ്.

സുഹൃത്തുക്കളേ,

അമ്മയുടെ പ്രവര്‍ത്തനത്തിന്റെ ഒരു വശം അവര്‍ രാജ്യത്തും വിദേശത്തും സ്ഥാപനങ്ങള്‍ സ്ഥാപിക്കുകയും അവയെ കൂടുതല്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്തു എന്നതാണ്. അത് ആരോഗ്യ മേഖലയോ വിദ്യാഭ്യാസ മേഖലയോ ആകട്ടെ, അമ്മയുടെ മാര്‍ഗനിര്‍ദേശത്തിന് കീഴില്‍ എല്ലാ സ്ഥാപനങ്ങളും മനുഷ്യ സേവനത്തിന്റെയും സാമൂഹിക ക്ഷേമത്തിന്റെയും പുതിയ ഉയരങ്ങളിലെത്തി. രാജ്യം ശുചീകരണ യജ്ഞം ആരംഭിച്ചപ്പോള്‍ അത് വിജയിപ്പിക്കാന്‍ മുന്നിട്ടിറങ്ങിയ ആദ്യ വ്യക്തികളില്‍ അമ്മയും ഉണ്ടായിരുന്നു. ഗംഗയുടെ തീരത്ത് ശൗചാലയങ്ങള്‍ നിര്‍മ്മിക്കാന്‍ അവര്‍ 100 കോടി രൂപ സംഭാവന ചെയ്തു, ഇത് ശുചിത്വ യജ്ഞത്തിന് പുത്തന്‍ ഉത്തേജനം നല്‍കി. അമ്മയ്ക്ക് ലോകമെമ്പാടും അനുയായികളുണ്ട്, അവര്‍ എല്ലായ്‌പ്പോഴും രാജ്യത്തിന്റെ പ്രതിച്ഛായയും വിശ്വാസ്യതയും ഉയര്‍ത്തിയിട്ടുണ്ട്. പ്രചോദനം വളരെ വലുതാകുമ്പോള്‍, പരിശ്രമങ്ങളും മഹത്തരമാകും.

സുഹൃത്തുക്കളേ,

പകര്‍ച്ചവ്യാധി അനന്തര ലോകത്ത്, വികസനത്തോടുള്ള ഭാരതത്തിന്റെ മാനുഷികാധിഷ്ഠിത സമീപനം ഇന്ന് അംഗീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. അത്തരമൊരു ഘട്ടത്തില്‍, അമ്മയെപ്പോലുള്ള വ്യക്തിത്വങ്ങള്‍ ഭാരതത്തിന്റെ മനുഷ്യത്വത്തില്‍ അധിഷ്ഠിതമായ സമീപനത്തെ പ്രതിഫലിപ്പിക്കുന്നു. താഴേത്തട്ടിലുള്ളവരെ ശാക്തീകരിക്കാനും സമൂഹത്തിലെ നിരാലംബരായ വിഭാഗങ്ങള്‍ക്ക് മുന്‍ഗണന നല്‍കാനുമുള്ള മാനുഷികമായ പരിശ്രമമാണ് അമ്മ എപ്പോഴും നടത്തിയത്. ഏതാനും ദിവസങ്ങള്‍ക്കുമുമ്പ് ഭാരതത്തിന്റെ പാര്‍ലമെന്റും നാരീശക്തി വന്ദന്‍ അധീനിയം പാസാക്കി. സ്ത്രീകളുടെ നേതൃത്വത്തിലുള്ള വികസനം എന്ന ദൃഢനിശ്ചയത്തോടെ മുന്നേറുന്ന ഭാരതത്തിന് അമ്മയെപ്പോലെ പ്രചോദനാത്മകമായ വ്യക്തിത്വമുണ്ട്. അമ്മയുടെ അനുയായികള്‍ ലോകത്ത് സമാധാനവും പുരോഗതിയും പ്രോത്സാഹിപ്പിക്കുന്നതിന് സമാനമായ പ്രവര്‍ത്തനങ്ങള്‍ തുടരുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഒരിക്കല്‍ കൂടി അമ്മയ്ക്ക് എഴുപതാം പിറന്നാള്‍ ആശംസകള്‍ നേരുന്നു. അവര്‍ ദീര്‍ഘകാലം ജീവിക്കട്ടെ; അവള്‍ ആരോഗ്യവതിയായിരിക്കട്ടെ; അവര്‍ ഇതുപോലെ മനുഷ്യരാശിയെ സേവിക്കുന്നത് തുടരട്ടെ. ഞങ്ങളെല്ലാവരോടും നിങ്ങളുടെ സ്‌നേഹം തുടര്‍ന്നും ചൊരിയട്ടെ എന്ന ആഗ്രഹത്തോടെയായാണ് ഞാന്‍ എന്റെ പ്രസംഗം അവസാനിപ്പിക്കുന്നത്. ഒരിക്കല്‍ കൂടി ഞാന്‍ അമ്മയ്ക്ക് പ്രണാമം അര്‍പ്പിക്കുന്നു. 

–NS–