ഭാരതത്തിന്റെ ചീഫ് ജസ്റ്റിസ് ശ്രീ ഡി.വൈ. ചന്ദ്രചൂഡ് ജി, കേന്ദ്ര നിയമ മന്ത്രിയും എന്റെ സഹപ്രവര്‍ത്തകനുമായ ശ്രീ അര്‍ജുന്‍ റാം മേഘ്‌വാള്‍ ജി, യു.കെയിലെ ലോര്‍ഡ് ചാന്‍സലര്‍, മിസ്റ്റര്‍ അലക്‌സ് ചോക്ക്, അറ്റോര്‍ണി ജനറല്‍, സോളിസിറ്റര്‍ ജനറല്‍, സുപ്രീം കോടതിയിലെ എല്ലാ ബഹുമാനപ്പെട്ട ജഡ്ജിമാര്‍, ബാര്‍ കൗണ്‍സില്‍ ചെയര്‍മാനും അംഗങ്ങളും, വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍, വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍, ബഹുമാന്യരായ മഹതികളെ മഹാന്മാരെ!
ലോകമെമ്പാടുമുള്ള നിയമ സാഹോദര്യത്തില്‍ നിന്നുള്ള പ്രശസ്ത വ്യക്തികളെ കണ്ടുമുട്ടാനും അവരുടെ സാന്നിദ്ധ്യത്തില്‍ പങ്കുചേരാനുമുള്ള അവസരമുണ്ടായത് എന്നെ സംബന്ധിച്ച് സന്തോഷകരമായ അനുഭവമാണ്. ഭാരതത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നുമുള്ള ആളുകള്‍ ഇവിടെ ഇന്ന് സന്നിഹിതരായിട്ടുണ്ട്. ഇംഗ്ലണ്ടിലെ ലോര്‍ഡ് ചാന്‍സലറും ഇംഗ്ലണ്ടിലെ ബാര്‍ അസോസിയേഷനുകളില്‍ നിന്നുള്ള പ്രതിനിധികളും ഈ സമ്മേളനത്തിനായി നമ്മോടൊപ്പം ഉണ്ട്. കോമണ്‍വെല്‍ത്ത്, ആഫ്രിക്കന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള പ്രതിനിധികളും പങ്കെടുക്കുന്നുണ്ട്. ഒരുതരത്തില്‍ പറഞ്ഞാല്‍, ഈ അന്താരാഷ്ട്ര അഭിഭാഷക സമ്മേളനം ഭാരതത്തിന്റെ വൈകാരിക പ്രതീകമായ വസുധൈവ കുടുംബകമായി (ലോകം ഒരു കുടുംബം) മാറി. ഭാരതത്തില്‍ ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയ എല്ലാ അന്താരാഷ്ട്ര അതിഥികളേയും ഞാന്‍ സ്‌നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നു. ഈ പരിപാടി സംഘടിപ്പിക്കാനുള്ള ഉത്തരവാദിത്തം നിറഞ്ഞമനസോടെ നിറവേറ്റുന്ന ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയെ ഞാന്‍ പ്രത്യേകം അഭിനന്ദിക്കുന്നു.
സുഹൃത്തുക്കളെ,
ഏതൊരു രാജ്യത്തിന്റെയും വികസനത്തില്‍ ആ രാജ്യത്തെ നിയമ സാഹോദര്യം സുപ്രധാന ഒരു പങ്ക് വഹിക്കുന്നുണ്ട്. ഭാരതത്തില്‍ വര്‍ഷങ്ങളായി ജുഡീഷ്യറിയും ബാറുമാണ് രാജ്യത്തെ നിയമവ്യവസ്ഥയുടെ കാവല്‍ക്കാര്‍. ഇന്ന് ഇവിടെയുള്ള നമ്മുടെ വിദേശ അതിഥികളെ ചില പ്രത്യേക കാര്യങ്ങള്‍ അറിയിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. കുറച്ച് മുമ്പാണ് ഭാരതം സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷം ആഘോഷിച്ചത്, സ്വാതന്ത്ര്യത്തിനായുള്ള ഈ പോരാട്ടത്തില്‍ നിയമവൃത്തി മേഖലയിലുള്ളവര്‍ നിര്‍ണായകമായ പങ്കാണ് വഹിച്ചത്. സ്വാതന്ത്ര്യ സമരപോരാട്ട സമയത്ത്, നിരവധി അഭിഭാഷകര്‍ ദേശീയ പ്രസ്ഥാനത്തില്‍ ചേരാന്‍ അവരുടെ നിയമവൃത്തി ഉപേക്ഷിച്ചു. നമ്മുടെ ബഹുമാന്യനായ രാഷ്ട്രപിതാവ് മഹാത്മാഗാന്ധി, നമ്മുടെ ഭരണഘടനയുടെ മുഖ്യ ശില്‍പ്പി ബാബാസാഹെബ് അംബേദ്കര്‍, രാജ്യത്തിന്റെ ആദ്യ രാഷ്ട്രപതി ഡോ. രാജേന്ദ്രപ്രസാദ്, രാജ്യത്തിന്റെ ആദ്യ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രു, രാജ്യത്തിന്റെ ആദ്യത്തെ ആഭ്യന്തര മന്ത്രി സര്‍ദാര്‍ വല്ലഭായ് പട്ടേല്‍, തുടങ്ങി ലോകമാന്യ തിലകായാലും വീര്‍ സവര്‍ക്കറായാലും സ്വാതന്ത്ര്യസമരകാലത്തെ മഹാന്മാരില്‍ നിരവധി പേര്‍ അഭിഭാഷകരായിരുന്നു. നിയമവിദഗ്ധരുടെ അനുഭവപരിചയം സ്വതന്ത്ര ഭാരതത്തിന്റെ അടിത്തറ ശക്തിപ്പെടുത്തി എന്നതാണ് ഇത് അര്‍ത്ഥമാക്കുന്നത്. ഭാരതത്തിലുള്ള ലോകത്തിന്റെ വിശ്വാസം ഇന്ന്, വര്‍ദ്ധിച്ചുകൊണ്ടിരിക്കുമ്പോള്‍, ഭാരതത്തിന്റെ നിഷ്പക്ഷവും സ്വതന്ത്രവുമായ നീതിന്യായ വ്യവസ്ഥയും ആ വിശ്വാസത്തിന് ഒരു പ്രധാന പങ്ക് വഹിക്കുന്നു.
ഭാരതം നിരവധി ചരിത്ര തീരുമാനങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുന്ന സമയത്താണ് ഇന്ന് ഈ സമ്മേളനം നടക്കുന്നത്. ഒരു ദിവസം മുന്‍പാണ് ലോക്‌സഭയിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകള്‍ക്ക് 33 ശതമാനം സീറ്റ് സംവരണം ചെയ്തുകൊണ്ടുള്ള നിയമം രാജ്യത്തെ പാര്‍ലമെന്റ് പാസാക്കിയത്. നാരി ശക്തി വന്ദന്‍ അധീനിയം ഒരു പുതിയ ദിശാമാര്‍ഗ്ഗരേഖ തയാറാക്കുകയും സ്ത്രീകള്‍ നയിക്കുന്ന വികസനത്തിന് ഭാരതത്തില്‍ പുതിയ ഊര്‍ജ്ജം പകരുകയും ചെയ്യും.
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ്, ചരിത്രപരമായ ജി 20 ഉച്ചകോടിയുടെ വേളയില്‍ നമ്മുടെ ജനാധിപത്യത്തിന്റെയും ജനസംഖ്യാശാസ്ത്രത്തിന്റെയും നയതന്ത്രത്തിന്റെയും മിന്നലൊളികള്‍ ലോകം കണ്ടു. ഒരു മാസം മുമ്പ്, ഇതേദിവസമാണ് ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിനടുത്ത് എത്തിയ ലോകത്തിലെ ആദ്യത്തെ രാജ്യമായി ഭാരതം മാറിയത്. ഈ നേട്ടങ്ങളില്‍ ആത്മവിശ്വാസം നിറച്ചുകൊണ്ട്, 2047-ഓടെ ഒരു വികസിത രാജ്യം എന്ന ലക്ഷ്യത്തിനുവേണ്ടി ഭാരതം ഉത്സാഹത്തോടെ പ്രവര്‍ത്തിക്കുകയാണ്. ഈ ലക്ഷ്യം കൈവരിക്കുന്നതിന്, നിസ്സംശയമായും ഭാരതത്തിന് ശക്തവും നിഷ്പക്ഷവും സ്വതന്ത്രവുമായ ഒരു നീതിന്യായ വ്യവസ്ഥ ആവശ്യമാണ്. അന്താരാഷ്ട്ര അഭിഭാഷക സമ്മേളനം ഈ ദിശയില്‍ ഭാരതത്തിന് ഏറെ ഗുണം ചെയ്യുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഈ സമ്മേളനത്തില്‍ എല്ലാ രാജ്യങ്ങള്‍ക്കും പരസ്പരം മികച്ച രീതികളില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊള്ളാനാകുമെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു.
സുഹൃത്തുക്കളെ,
വളരെ ആഴത്തില്‍ ബന്ധപ്പെട്ടിരിക്കുന്ന ഒരു ലോകത്താണ് ഈ 21-ാം നൂറ്റാണ്ടില്‍, നമ്മള്‍ ജീവിക്കുന്നത്. ഓരോ നിയമ മനസ്സും സ്ഥാപനവും അതിന്റെ അധികാരപരിധിയെക്കുറിച്ച് അതീവ ജാഗ്രത പുലര്‍ത്തുന്നുണ്ട്. എന്നിരുന്നാലും, നമ്മള്‍ പോരാടുന്ന നിരവധി ശക്തികള്‍ ഈ അതിര്‍ത്തികളേയോ അധികാരപരിധികളേയോ മാനിക്കുന്നില്ല. ഭീഷണികള്‍ ആഗോളമാകുമ്പോള്‍, അവയെ കൈകാര്യം ചെയ്യുന്നതിനുള്ള സമീപനവും ആഗോളമായിരിക്കണം. സൈബര്‍ ഭീകരതയോ, കള്ളപ്പണം വെളുപ്പിക്കലോ, നിര്‍മ്മിത ബുദ്ധിയോ അതിന്റെ ദുരുപയോഗമോ എന്തായാലും ഒരു ആഗോള ചട്ടക്കൂട് സഹകരണത്തിന് ആവശ്യമായി വരുന്ന നിരവധി പ്രശ്‌നങ്ങളുണ്ട്. ഇത് ഏതെങ്കിലും ഒരു ഗവണ്‍മെന്റിന്റേയോ ഭരണകൂടത്തിന്റെയോ മാത്രം പ്രശ്‌നമല്ല. ഈ വെല്ലുവിളികളെ നേരിടാന്‍, വ്യോമഗതാഗത നിയന്ത്രണത്തിനായി നമ്മള്‍ സഹകരിക്കുന്നത് പോലെ, വിവിധ രാജ്യങ്ങളിലെ നിയമ ചട്ടക്കൂടുകള്‍ ഒരുമിച്ച് വരേണ്ടതുണ്ട്. ‘നിങ്ങളുടെ നിയമങ്ങള്‍ നിങ്ങളുടേതാണെന്നും, എന്റെ നിയമങ്ങള്‍ എന്റേതാണെന്നും, ഞാന്‍ കാര്യമാക്കുന്നില്ല’ എന്ന് ആരും പറയില്ല. അങ്ങനെയെങ്കില്‍ ഒരു വിമാനവും എവിടെയും ഇറങ്ങില്ല. എല്ലാവരും പൊതുവായ നിയമങ്ങളും ചട്ടങ്ങളും, പെരുമാറ്റചട്ടങ്ങളും പാലിക്കുന്നു. അതുപോലെ, വിവിധ മേഖലകളില്‍ നമുക്ക് ഒരു ആഗോള ചട്ടക്കൂട് സ്ഥാപിക്കേണ്ടതുണ്ട്. സംശയമേതുമില്ലാതെ ഈ ദിശയിലേക്ക് അന്താരാഷ്ട്ര അഭിഭാഷക സമ്മേളനം ഗവേഷണം നടത്തുകയും ലോകത്തിന് ഒരു പുതിയ ദിശാബോധം നല്‍കുകയും വേണം.
സുഹൃത്തുക്കളെ,
ഈ സമ്മേളനത്തിലെ ഒരു പ്രധാന ചര്‍ച്ചാ വിഷയം തുഷാര്‍ ജി വിശദീകരിച്ചതുപോലെ ബദല്‍ തര്‍ക്ക പരിഹാരമാണ് (എ.ഡി.ആര്‍). വാണിജ്യ ഇടപാടുകളുടെ സങ്കീര്‍ണ്ണത വര്‍ദ്ധിച്ചുവരുന്നതിനൊപ്പം,ലോകമെമ്പാടും എ.ഡി.ആര്‍ ശക്തി പ്രാപിക്കുകയാണ്. ഈ സമ്മേളനം ഇക്കാര്യം വിപുലമായി ചര്‍ച്ച ചെയ്യുമെന്ന് എനിക്ക് അറിയാന്‍ കഴിഞ്ഞിട്ടുണ്ട്. തര്‍ക്കങ്ങള്‍ പഞ്ചായത്തുകളിലൂടെ പരിഹരിക്കുന്ന ഒരു പാരമ്പര്യം നൂറ്റാണ്ടുകളായി ഭാരതത്തില്‍, നമുക്കുണ്ട്; അത് നമ്മുടെ സംസ്‌കാരത്തില്‍ അലിഞ്ഞു ചേര്‍ന്നതാണ്. ഈ അനൗപചാരിക സംവിധാനത്തെ ഔപചാരികമാക്കാന്‍ നമ്മുടെ ഗവണ്‍മെന്റ് മദ്ധ്യസ്ഥ നിയമത്തിനും രൂപം നല്‍കിയിട്ടുണ്ട്. അതിനുപരിയായി, ഭാരതത്തില്‍ തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനുള്ള ഒരു പ്രധാന മാര്‍ഗ്ഗമാണ് ലോക് അദാലത്തുകള്‍ (പീപ്പിള്‍സ് കോടതികള്‍). ഞാന്‍ ഗുജറാത്തില്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഒരു കേസ് തീര്‍പ്പാക്കുന്നതിന് നീതി ലഭിക്കുന്നതുവരെയുണ്ടാകുന്ന ചെലവ് ശരാശരി 35 പൈസ മാത്രമായിരുന്നു എന്നത് ഞാന്‍ ഓര്‍ക്കുന്നു. നമ്മുടെ നാട്ടില്‍ ഈ സമ്പ്രദായം വ്യാപകവുമാണ്. കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ ഏകദേശം 7 ലക്ഷം കേസുകള്‍ ലോക് അദാലത്തുകളില്‍ പരിഹരിച്ചു.
സുഹൃത്തുക്കളെ,
പലപ്പോഴും വേണ്ടത്ര ചര്‍ച്ച ചെയ്യപ്പെടാത്ത നീതി നിര്‍വഹണത്തിന്റെ മറ്റൊരു പ്രധാന വശം ഭാഷയുടെയും നിയമത്തിന്റെയും ലാളിത്യമാണ്. രണ്ടുതരത്തില്‍ ഒന്ന് നിങ്ങള്‍ക്കെല്ലാവര്‍ക്കും പരിചിതമായ ഭാഷയിലും, മറ്റൊന്ന് നമ്മുടെ രാജ്യത്തെ ഒരു സാധാരണക്കാരന് മനസ്സിലാകുന്ന ഭാഷയിലും നിയമം അവതരിപ്പിക്കുന്നതിനെ കുറിച്ച് ഞങ്ങള്‍ ആലോചിക്കുകയാണ്. നിയമം തന്റേതാണെന്ന് ഒരു സാധാരണക്കാരനും കണക്കാക്കണം. ഞങ്ങള്‍ പരിശ്രമങ്ങള്‍ നടത്തുകയാണ്, ഈ മാറ്റം കൊണ്ടുവരാന്‍ ഞാനും ശ്രമിക്കുന്നു. സംവിധാനം ഒരേ ചട്ടക്കൂടില്‍ രൂഢമൂലമായതിനാല്‍, അത് പരിഷ്‌കരിക്കാന്‍ കുറച്ച് സമയമെടുത്തേക്കാം. എന്നാല്‍ എനിക്ക് സമയമുണ്ട്, ഞാന്‍ അതിനായി പ്രവര്‍ത്തിക്കുന്നത് തുടരും. നിയമങ്ങള്‍ എഴുതപ്പെടുന്ന ഭാഷയും കോടതിയില്‍ നടപടികള്‍ നടക്കുന്ന ഭാഷയും നീതി ഉറപ്പാക്കുന്നതില്‍ കാര്യമായ പങ്ക് വഹിക്കുന്നു. മുന്‍കാലങ്ങളില്‍, ഏത് നിയമം തയാറാക്കുന്നതും വളരെ സങ്കീര്‍ണ്ണമായിരുന്നു. എന്നിരുന്നാലും, ഒരു ഗവണ്‍മെന്റ് എന്ന നിലയില്‍, നേരത്തെ ഞാന്‍ പറഞ്ഞതുപോലെ, അത് കഴിയുന്നത്ര ലളിതമാക്കാനും രാജ്യത്തെ കഴിയുന്നത്ര എല്ലാ ഭാഷകളിലും ഇവ ലഭ്യമാക്കാനും ഞങ്ങള്‍ പരിശ്രമിക്കുന്നു. ആ ദിശയില്‍ ഞങ്ങള്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുകയാണ്.
ഡാറ്റ സംരക്ഷണ നിയമം നിങ്ങള്‍ കണ്ടിരിക്കും. അതില്‍ ലഘൂകരണത്തിനുള്ള പ്രക്രിയയും ഞങ്ങള്‍ ആരംഭിച്ചു, ആ നിര്‍വചനങ്ങളോടെയുള്ളവ സാധാരണക്കാരന് സൗകര്യപ്രദമാകുമെന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. രാജ്യത്തെ നീതിന്യായ വ്യവസ്ഥയില്‍ ഇതൊരു സുപ്രധാന മാറ്റമാണെന്ന് ഞാന്‍ കരുതുന്നു. ജസ്റ്റിസ് ചന്ദ്രചൂഡ് ജിയെ ഞാന്‍ ഒരിക്കല്‍ പരസ്യമായി അഭിനന്ദിച്ചിരുന്നു, എന്തെന്നാല്‍ ഇനി മുതല്‍ കോടതി വിധിയുടെ പ്രധാനഭാഗം വ്യവഹാരക്കാരന്റെ ഭാഷയില്‍ ലഭ്യമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. നോക്കൂ, ഈ ചെറിയ ചുവടുവയ്പ്പിന് പോലും 75 വര്‍ഷമെടുത്തു, അതില്‍ എനിക്കും ഇടപെടേണ്ടി വന്നു. വിധിന്യായങ്ങള്‍ പല പ്രാദേശിക ഭാഷകളിലേക്കും വിവര്‍ത്തനം ചെയ്യുന്നതിന് ഇന്ത്യയുടെ സുപ്രീം കോടതിയെ അഭിനന്ദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഇത് രാജ്യത്തെ സാധാരണക്കാര്‍ക്ക് ഏറെ സഹായകമാകും. ഒരു ഡോക്ടര്‍ രോഗിയോട് അവന്റെ ഭാഷയില്‍ സംസാരിച്ചാല്‍ തന്നെ പകുതി അസുഖം ഭേദമാകും. ഇവിടെ, നമുക്ക് സമാനമായ പുരോഗതിയാണ് കൈവരിക്കാനുള്ളത്.
സുഹൃത്തുക്കളെ,
സാങ്കേതികവിദ്യ, പരിഷ്‌ക്കരണങ്ങള്‍, നീതിന്യായ സമ്പ്രദായങ്ങള്‍ എന്നിവയിലൂടെ നിയമപരമായ നടപടിക്രമങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് നാം നിരന്തരം പ്രവര്‍ത്തിക്കണം. സാങ്കേതിക മുന്നേറ്റങ്ങള്‍ നീതിന്യായ സംവിധാനത്തിന് വിശേഷമായ വഴികള്‍ സൃഷ്ടിച്ചിട്ടുണ്ട്. വാസ്തവത്തില്‍, സാങ്കേതിക മുന്നേറ്റങ്ങള്‍ നമ്മുടെ വ്യാപാരം, നിക്ഷേപം, വാണിജ്യം എന്നീ മേഖലകള്‍ക്ക് വലിയ ഉത്തേജനം നല്‍കി. അതുകൊണ്ട്, നിയമവൃത്തിയുമായി ബന്ധപ്പെട്ടിരിക്കുന്ന വ്യക്തികള്‍ ഈ സാങ്കേതിക പരിഷ്‌കാരങ്ങളെ മുറുകെപിടിക്കണം. ലോകമെമ്പാടുമുള്ള നിയമസംവിധാനങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നതിന് അന്താരാഷ്ട്ര അഭിഭാഷക സമ്മേളനം ഹേതുവാകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. വിജയകരമായ ഈ പരിപാടിയില്‍ ഉള്‍പ്പെട്ടിരിക്കുന്ന എല്ലാവര്‍ക്കും എന്റെ ആശംസകള്‍ നേരുന്നു. വളരെ നന്ദി.
നിരാകരണം: പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ ഏകദേശ വിവര്‍ത്തനമാണിത്. യഥാര്‍ത്ഥ പ്രസംഗം ഹിന്ദിയിലായിരുന്നു.
NS
Addressing the International Lawyers' Conference 2023. https://t.co/2QfSQodarD
— Narendra Modi (@narendramodi) September 23, 2023
भारत में वर्षों से Judiciary और Bar भारत की न्याय व्यवस्था के संरक्षक रहे हैं। pic.twitter.com/FfNi0nd221
— PMO India (@PMOIndia) September 23, 2023
Legal Professionals के अनुभव ने आजाद भारत की नींव को मजबूत करने का काम किया। pic.twitter.com/uKILNrw8vG
— PMO India (@PMOIndia) September 23, 2023
नारीशक्ति वंदन कानून भारत में Women Led Development को नई दिशा देगा, नई ऊर्जा देगा। pic.twitter.com/fQVBL1XMnI
— PMO India (@PMOIndia) September 23, 2023
जब खतरे ग्लोबल हैं, तो उनसे निपटने का तरीका भी ग्लोबल होना चाहिए। pic.twitter.com/iWQiEREtPN
— PMO India (@PMOIndia) September 23, 2023