Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2023 ആഗസ്ത് 27 ന് രാവിലെ 11 മണിയ്ക്ക് ആകാശവാണിയിലൂടെ നടത്തിയ പ്രത്യേക പ്രക്ഷേപണത്തിന്റെ മലയാള പരിഭാഷ


 

 

           എന്റെ പ്രിയപ്പെട്ട കുടുംബാംഗങ്ങളെ. ‘മന്‍ കി ബാത്തി’ന്റെ ഓഗസ്റ്റ് മാസത്തെ അധ്യായത്തില്‍ ഒരിക്കല്‍കൂടി നിങ്ങളെ ഞാന്‍ സ്വാഗതം ചെയ്യുന്നു. എപ്പോഴെങ്കിലും ശ്രാവണ മാസത്തില്‍ ‘മന്‍ കി ബാത്ത്’ എന്ന പരിപാടി രണ്ടുതവണ നടന്നതായി ഞാന്‍ ഓര്‍ക്കുന്നില്ല. എന്നാല്‍, ഇത്തവണ അങ്ങനെ തന്നെയാണ് സംഭവിക്കുന്നത്. സാവന്‍ എന്നാല്‍ മഹാശിവന്റെ മാസമാണ്, ആഘോഷത്തിന്റെയും സന്തോഷത്തിന്റെയും മാസം. ചന്ദ്രയാന്റെ വിജയം ആഘോഷത്തിന്റെ അന്തരീക്ഷത്തെ പതിന്മടങ്ങ് വര്‍ദ്ധിപ്പിച്ചു. ചന്ദ്രയാന്‍ ചന്ദ്രനില്‍ എത്തിയിട്ട് മൂന്ന് ദിവസത്തിലധികം ആകുന്നു. ഈ വിജയം വളരെ വലുതാണ്, അതിനെക്കുറിച്ച് എത്ര ചര്‍ച്ച ചെയ്താലും മതിയാവില്ല. ഇന്ന് ഞാന്‍ നിങ്ങളോട് സംസാരിക്കുമ്പോള്‍, എന്റെ ഒരു പഴയ കവിതയിലെ ചില വരികള്‍ ഞാന്‍ ഓര്‍ക്കുന്നു.
”ആകാശത്ത് തല ഉയര്‍ത്തി
മേഘങ്ങളെ ഭേദിച്ച്
വെളിച്ചം പരത്തുന്നതിനായി
സൂര്യന്‍ ഉദിച്ചതേയുള്ളു.
ദൃഢനിശ്ചയത്തോടെ
എല്ലാ പ്രതിബന്ധങ്ങളെയും മറികടന്ന്
ഇരുട്ടിനെ അകറ്റാനായി
സൂര്യന്‍ ഉദിച്ചതേയുള്ളു
ആകാശത്ത് തല ഉയര്‍ത്തി
മേഘങ്ങളെ ഭേദിച്ചുകൊണ്ട്
സൂര്യന്‍ ഉദിച്ചതേയുള്ളു.”

    എന്റെ കുടുംബാംഗങ്ങളെ, ആഗസ്റ്റ് 23 ന്, ചന്ദ്രനിലും ദൃഢമായ നിശ്ചയത്തിന്റെ സൂര്യന്‍ ഉദിക്കുന്നുണ്ടെന്ന് ഇന്ത്യയും ഇന്ത്യയുടെ ചന്ദ്രയാനും തെളിയിച്ചു. ഏത് സാഹചര്യത്തിലും വിജയിക്കാന്‍ ആഗ്രഹിക്കുന്ന, ഏത് സാഹചര്യത്തിലും എങ്ങനെ വിജയിക്കണമെന്ന് അറിയുന്ന നവഇന്ത്യയുടെ ആത്മാവിന്റെ പ്രതീകമായി ചന്ദ്രയാന്‍ മിഷന്‍ മാറി.

    സുഹൃത്തുക്കളേ, ഈ ദൗത്യത്തിന്റെ ഒരുവശം ഞാന്‍ ഇന്ന് നിങ്ങളോടെല്ലാം പ്രത്യേകം ചര്‍ച്ച ചെയ്യാന്‍ ആഗ്രഹിക്കുന്നു. ഈ പ്രാവശ്യം ഞാന്‍ ചുവപ്പുകോട്ടയിൽ  നിന്ന് പറഞ്ഞത് നിങ്ങള്‍ക്ക് ഓര്‍മ്മ കാണുമല്ലോ, സ്ത്രീകളുടെ നേതൃത്വത്തില്‍ വികസനം ഒരു ദേശീയ സ്വഭാവമായി നാം ശക്തിപ്പെടുത്തണമെന്ന്. സ്ത്രീശക്തി ചേരുന്നിടത്ത് അസാധ്യമായതും സാധ്യമാകും. ഇന്ത്യയുടെ മിഷന്‍ ചന്ദ്രയാന്‍ സ്ത്രീശക്തിയുടെ തത്സമയ ഉദാഹരണം കൂടിയാണ്. നിരവധി വനിതാ ശാസ്ത്രജ്ഞരും എഞ്ചിനീയര്‍മാരും ഈ ദൗത്യത്തിലുടനീളം നേരിട്ട് പങ്കെടുത്തിട്ടുണ്ട്. പ്രോജക്ട് ഡയറക്ടര്‍, വിവിധ സംവിധാനങ്ങളുടെ പ്രോജക്ട് മാനേജര്‍ തുടങ്ങി നിരവധി സുപ്രധാന ചുമതലകള്‍ അവര്‍ കൈകാര്യം ചെയ്തിട്ടുണ്ട്. ഇന്ത്യയുടെ പുത്രിമാര്‍ ഇപ്പോള്‍ അനന്തമായി കണക്കാക്കുന്ന ബഹിരാകാശത്തെപോലും വെല്ലുവിളിക്കുന്നു. ഒരു രാജ്യത്തിന്റെ പെണ്‍മക്കള്‍ അഭിവാഞ്ഛകരാകുമ്പോള്‍, ആ രാജ്യം വികസിക്കുന്നതില്‍ നിന്ന് ആര്‍ക്കാണ് തടയാന്‍ കഴിയുക!

    സുഹൃത്തുക്കളേ, നാം  ഇത്രയും ഉയരങ്ങള്‍ കീഴടക്കി, കാരണം ഇന്ന് നമ്മുടെ സ്വപ്നങ്ങള്‍ വലുതാണ്, നമ്മുടെ പരിശ്രമവും വലുതാണ്. നമ്മുടെ ശാസ്ത്രജ്ഞര്‍ക്കൊപ്പം മറ്റ് മേഖലകളും ചന്ദ്രയാന്‍ 3 ന്റെ വിജയത്തില്‍ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ഭാഗങ്ങളെല്ലാം തയ്യാറാക്കുന്നതിനും സാങ്കേതിക ആവശ്യകതകള്‍ നിറവേറ്റുന്നതിനും നിരവധി രാജ്യക്കാര്‍ സംഭാവന നല്‍കിയിട്ടുണ്ട്. എല്ലാവരുടെയും പരിശ്രമം കൂടിയായപ്പോള്‍ വിജയവും കൈവരിച്ചു. ചന്ദ്രയാന്‍ 3 ന്റെ ഏറ്റവും വലിയ വിജയമാണിത്. ഭാവിയിലും നമ്മുടെ ബഹിരാകാശമേഖല എല്ലാവരുടെയും പ്രയത്‌നത്താല്‍ ഇതുപോലുള്ള എണ്ണമറ്റ വിജയങ്ങള്‍ കൈവരിക്കട്ടെ എന്ന് ഞാന്‍ ആശംസിക്കുന്നു.

    എന്റെ കുടുംബാംഗങ്ങളെ, സെപ്റ്റംബര്‍ മാസം ഇന്ത്യയുടെ അനന്തസാധ്യതകള്‍ക്ക് സാക്ഷ്യം വഹിക്കാന്‍ പോവുകയാണ്. അടുത്തമാസം നടക്കുന്ന ജി-20 നേതാക്കളുടെ ഉച്ചകോടിക്കായി ഇന്ത്യ പൂര്‍ണസജ്ജമാണ്. 40 രാജ്യങ്ങളുടെ തലവന്മാരും നിരവധി ആഗോളസംഘടനകളും ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ തലസ്ഥാനമായ ഡല്‍ഹിയിലെത്തുന്നുണ്ട്. ജി-20 ഉച്ചകോടിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പങ്കാളിത്തമായിരിക്കും ഇത്. അതിന്റെ പ്രസിഡന്റായിരിക്കുമ്പോള്‍, ഇന്ത്യ ജി-20യെ കൂടുതല്‍ സര്‍വ്വാശ്ലേഷിയായ ഫോറമാക്കി മാറ്റി. ഇന്ത്യയുടെ ക്ഷണപ്രകാരം ആഫ്രിക്കന്‍ യൂണിയനും ജി-20യില്‍ ചേര്‍ന്നു, ആഫ്രിക്കയിലെ ജനങ്ങളുടെ ശബ്ദം ലോകത്തിലെ ഈ സുപ്രധാന വേദിയില്‍ എത്തി. സുഹൃത്തുക്കളേ, കഴിഞ്ഞവര്‍ഷം ബാലിയില്‍ നടന്ന ജി-20യുടെ അധ്യക്ഷസ്ഥാനം ഇന്ത്യ ഏറ്റെടുത്തതിനുശേഷം, നമ്മില്‍ അഭിമാനം നിറയ്ക്കുന്ന നിരവധി കാര്യങ്ങള്‍ സംഭവിച്ചു. ഡല്‍ഹിയിലെ വലിയ പരിപാടികളുടെ പാരമ്പര്യത്തില്‍നിന്ന് മാറി ഞങ്ങള്‍ അത് രാജ്യത്തെ വിവിധ നഗരങ്ങളിലേക്ക് കൊണ്ടുപോയി. രാജ്യത്തെ 60 നഗരങ്ങളിലായി ഇതുമായി ബന്ധപ്പെട്ട് ഇരുന്നൂറോളം യോഗങ്ങള്‍ സംഘടിപ്പിച്ചു. ജി-20 പ്രതിനിധികള്‍ പോകുന്നിടത്തെല്ലാം ആളുകള്‍ അവരെ സ്‌നേഹപൂര്‍വ്വം സ്വീകരിച്ചു. നമ്മുടെ രാജ്യത്തിന്റെ വൈവിധ്യവും നമ്മുടെ ഊര്‍ജ്ജസ്വലമായ ജനാധിപത്യവും ഈ പ്രതിനിധികളില്‍  വളരെയധികം മതിപ്പുളവാക്കി. ഇന്ത്യയില്‍ ഇത്രയധികം സാധ്യതകളുണ്ടെന്നും അവര്‍ തിരിച്ചറിഞ്ഞു. 

    സുഹൃത്തുക്കളേ, ജി-20യുടെ നമ്മുടെ പ്രസിഡന്‍സി ഒരു ജനകീയ പ്രസിഡന്‍സിയാണ്, അതില്‍ പൊതുജന പങ്കാളിത്തത്തിന്റെ ആത്മാവ് മുന്‍പന്തിയിലാണ്. ജി-20, അക്കാദമിക , സിവില്‍ സൊസൈറ്റി, യുവജനങ്ങള്‍, സ്ത്രീകള്‍, നമ്മുടെ പാര്‍ലമെന്റെ്, സംരംഭകര്‍, നഗരഭരണവുമായി ബന്ധപ്പെട്ട ആളുകള്‍ തുടങ്ങിയവര്‍ ജു-20യുടെ പതിനൊന്ന് എന്‍ഗേജ്‌മെന്റെ് ഗ്രൂപ്പുകളില്‍ ഒരു പ്രധാന പങ്ക് വഹിച്ചു. ഇതുമായി ബന്ധപ്പെട്ട് രാജ്യത്തുടനീളം സംഘടിപ്പിക്കുന്ന പരിപാടികളുമായി ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരുതരത്തില്‍ ഒന്നര കോടിയിലധികം ആളുകള്‍ ബന്ധപ്പെട്ടിരിക്കുന്നു. പൊതുപങ്കാളിത്തത്തിനായുള്ള ഞങ്ങളുടെ ഈ ശ്രമത്തില്‍, ഒന്നല്ല , രണ്ട് ലോകറെക്കോര്‍ഡുകളും സൃഷ്ടിക്കപ്പെട്ടു. വാരാണസിയില്‍ നടന്ന ജി-20 ക്വിസില്‍ 800 സ്‌കൂളുകളില്‍ നിന്നുള്ള ഒന്നേകാല്‍ ലക്ഷം വിദ്യാര്‍ഥികള്‍ പങ്കെടുത്തത് പുതിയ ലോകറെക്കോര്‍ഡായി. അതോടൊപ്പം ലംബാനി കരകൗശലവിദഗ്ധരും വിസ്മയം തീര്‍ത്തു. ഏകദേശം 1800 യൂണിക് പാച്ചുകളുടെ ഒരു അത്ഭുതകരമായ ശേഖരം സൃഷ്ടിച്ചുകൊണ്ട് 450 കരകൗശലവിദഗ്ധര്‍ അവരുടെ വൈദഗ്ധ്യവും കരകൗശലവും പ്രദര്‍ശിപ്പിച്ചു. ജി-20യില്‍ എത്തിയ ഓരോ പ്രതിനിധിയും നമ്മുടെ രാജ്യത്തിന്റെ കലാവൈവിധ്യം കണ്ട് അത്ഭുതപ്പെട്ടു. അത്തരത്തിലൊരു അത്ഭുതകരമായ പരിപാടിയാണ് സൂറത്തില്‍ സംഘടിപ്പിച്ചത്. അവിടെ നടന്ന സാരി വാക്കത്തോണില്‍ 15 സംസ്ഥാനങ്ങളില്‍ നിന്നുള്ള 15,000 സ്ത്രീകള്‍ പങ്കെടുത്തു. ഈ പരിപാടി സൂറത്തിലെ ടെക്‌സ്‌റ്റൈല്‍ വ്യവസായത്തിന് ഉത്തേജനം നല്‍കുക മാത്രമല്ല,  ‘വോക്കല്‍ ഫോര്‍ ലോക്കല്‍’  ഉത്തേജനം നേടുകയും ലോക്കലിനെ ഗ്ലോബല്‍ ആക്കാന്‍ വഴിയൊരുക്കുകയും ചെയ്തു. ശ്രീനഗറില്‍ നടന്ന ജി-20 യോഗത്തിന് ശേഷം കശ്മീരില്‍ നിന്നുള്ള വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ വന്‍വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. നമുക്ക് ഒരുമിച്ച് ജി-20 സമ്മേളനം വിജയിപ്പിക്കാമെന്നും  രാജ്യത്തിന്റെ യശസ്സ് വര്‍ദ്ധിപ്പിക്കാമെന്നും എല്ലാ രാജ്യക്കാരോടും പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. 

    എന്റെ കുടുംബാംഗങ്ങളേ, ‘മന്‍ കി ബാത്ത്’ന്റെ അധ്യായങ്ങളില്‍, നമ്മുടെ യുവതലമുറയുടെ സാധ്യതകളെക്കുറിച്ച് പലപ്പോഴും ചര്‍ച്ച ചെയ്യാറുണ്ട്. ഇന്ന്, നമ്മുടെ യുവാക്കള്‍ തുടര്‍ച്ചയായി പുതിയ വിജയങ്ങള്‍ കൈവരിക്കുന്ന ഒരു മേഖലയാണ് കായികരംഗം. ഇന്ന് ‘മന്‍ കി ബാത്തില്‍’ ഞാന്‍ സംസാരിക്കുന്നത് അടുത്തിടെ നമ്മുടെ കളിക്കാര്‍ ദേശീയപതാക ഉയര്‍ത്തിയ ഒരു ടൂര്‍ണമെന്റെിനെക്കുറിച്ചാണ്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് യൂണിവേഴ്‌സിറ്റി ഗെയിംസ് ചൈനയില്‍ നടന്നിരുന്നു. ഈ കളികളില്‍ ഇന്ത്യയുടെ എക്കാലത്തെയും മികച്ച പ്രകടനമാണ് കാണാന്‍ കഴിഞ്ഞത്. ഇത്തവണ നമ്മുടെ കളിക്കാര്‍ ആകെ 26 മെഡലുകള്‍ നേടി, അതില്‍ 11 എണ്ണം സ്വര്‍ണ്ണമെഡലുകളാണ്. 1959 മുതല്‍ നടന്ന എല്ലാ വേള്‍ഡ് യൂണിവേഴ്‌സിറ്റി ഗെയിംസുകളിലും നേടിയ എല്ലാ മെഡലുകളും ചേര്‍ത്താലും ഈ സംഖ്യ പതിനെട്ടിലെ എത്തുന്നുള്ളൂ. ഇത്തവണ നമ്മുടെ കളിക്കാര്‍ നേടിയത് 26 മെഡലുകള്‍. അതറിയുമ്പോള്‍ നമ്മള്‍ സന്തോഷിക്കേണ്ടതാണ്. അതിനാല്‍, ചില യുവകായികതാരങ്ങളും ലോകയൂണിവേഴ്‌സിറ്റി ഗെയിംസില്‍ മെഡല്‍ നേടിയ വിദ്യാര്‍ത്ഥികളും ഇപ്പോള്‍ ഫോണ്‍ ലൈനില്‍ എന്നോടൊപ്പം ചേരുന്നു. അവരെകുറിച്ച് ആദ്യം പറയാം. യു.പി. സ്വദേശിനിയായ പ്രഗതി ആര്‍ച്ചറിയില്‍ മെഡല്‍ നേടിയിട്ടുണ്ട്. അസം സ്വദേശിയായ അംലാന്‍ അത്‌ലറ്റിക്‌സില്‍ മെഡല്‍ നേടിയിട്ടുണ്ട്. യു.പി. സ്വദേശിനിയായ പ്രിയങ്ക റേസ് വാക്കില്‍ മെഡല്‍ നേടിയിട്ടുണ്ട്. മഹാരാഷ്ട്ര സ്വദേശിനിയായ അഭിധന്യ ഷൂട്ടിങ്ങില്‍ മെഡല്‍ നേടിയിട്ടുണ്ട്.

മോദിജി     : ഹലോ എന്റെ പ്രിയ യുവകളിക്കാരേ നമസ്‌ക്കാരം.
യുവതാരം     : നമസ്‌ക്കാരം സര്‍.
മോദിജി     : നിങ്ങളോട് സംസാരിച്ചതിനുശേഷം എനിക്ക് വളരെ സന്തോഷം തോന്നുന്നു. ഇന്ത്യയിലെ    സര്‍വ്വകലാശാലകളില്‍നിന്ന്    തിരഞ്ഞെടുക്കപ്പെട്ട ടീം എന്ന നിലയില്‍ നിങ്ങള്‍    ഇന്ത്യയുടെ    പേര് പ്രശസ്തമാക്കി. ആദ്യംതന്നെ നിങ്ങളെ എല്ലാവരെയും  ഞാന്‍ അഭിനന്ദിക്കുന്നു. വേള്‍ഡ്     യൂണിവേഴ്‌സിറ്റി ഗെയിംസിലെ    നിങ്ങളുടെ     പ്രകടനത്തിലൂടെ നിങ്ങള്‍ ഓരോ രാജ്യക്കാരനും  അഭിമനം  കൊള്ളിച്ചു . അതിനാല്‍, ആദ്യം ഞാന്‍ നിങ്ങളെ ഒരുപാട് അഭിനന്ദിക്കുന്നു. പ്രഗതി, നിങ്ങളില്‍നിന്നും തുടങ്ങുകയാണ്. രണ്ട് മെഡലുകള്‍നേടി ഇവിടെനിന്ന് പോകുമ്പോള്‍ എന്താണ് തോന്നിയതെന്ന് ആദ്യം പറയൂ? ഇത്രയും വലിയ വിജയം നേടിയപ്പോള്‍, നിങ്ങള്‍ക്ക് എന്താണ് തോന്നുന്നത്?
പ്രഗതി    : സാര്‍, എനിക്ക് അഭിമാനം തോന്നി, എന്റെ രാജ്യത്തിന്റെ പതാക ഇത്രയും ഉയരത്തില്‍ ഉയര്‍ത്തി ഇവിടെ വന്നതില്‍ എനിക്ക് വളരെ സന്തോഷമുണ്ട്, ഒരിക്കല്‍ ഞാന്‍ ഗോള്‍ഡ്‌ഫൈറ്റില്‍ എത്തിയപ്പോള്‍ എനിക്ക് അത് നഷ്ടപ്പെട്ടു, അതില്‍ ഖേദിക്കുന്നു. പക്ഷെ രണ്ടാമതും     മനസ്സില്‍    തോന്നിയത്    ഇപ്പൊ     എന്തുതന്നെ സംഭവിച്ചാലും ഉയര്‍ത്തിയ പതാകയെ    താഴേക്ക്    ഇറക്കില്ല    എന്നാണ്.     എല്ലാ    സാഹചര്യങ്ങളിലും     അത് ഏറ്റവും ഉയര്‍ന്നു പറക്കണം. കഴിഞ്ഞ മത്സരത്തില്‍ ഞങ്ങള്‍ വിജയിച്ചപ്പോള്‍, അതേ പോഡിയത്തില്‍ ഞങ്ങള്‍ വളരെ നന്നായി ആഘോഷിച്ചു. ആ നിമിഷം വളരെ നല്ലതായിരുന്നു. പറഞ്ഞറിയിക്കാന്‍  കഴിയാത്തവിധം അഭിമാനം തോന്നി.

മോദിജി : പ്രഗതി, നിങ്ങള്‍ ശാരീരികമായി ഒരു വലിയ പ്രശ്‌നത്തെ അഭിമുഖീകരിക്കുകയായിരുന്നു. അതില്‍  നിന്നാണ് നിങ്ങള്‍ ഉയര്‍ന്നുവന്നത്. ഇതു തന്നെ രാജ്യത്തെ യുവജനങ്ങള്‍ക്ക് വലിയ പ്രചോദനമാണ്. നിങ്ങള്‍ക്ക് എന്താണ് സംഭവിച്ചത്?

പ്രഗതി : സാര്‍, 2020 മെയ് 5-ന് എനിക്ക് മസ്തിഷ്‌ക രക്തസ്രാവം ഉണ്ടായി. ഞാന്‍ വന്റിലേറ്ററിലായിരുന്നു. ഞാന്‍ അതിജീവിക്കുമോ ഇല്ലയോ എന്നതിന് ഒരു സ്ഥിരീകരണവും ഉണ്ടായിരുന്നില്ല, അതിജീവിച്ചാലും എങ്ങനെ? പക്ഷേ, എനിക്ക് ഗ്രൗണ്ടില്‍ തിരികെ എത്തണം, അമ്പെയ്യണം എന്നുള്ള ചിന്ത ഉള്ളില്‍നിന്ന് എനിക്ക് ധൈര്യം തന്നു. ആ ചിന്ത എന്റെ ജീവന്‍ രക്ഷിച്ചു. എന്റെ ജീവന്‍ തിരികെ കിട്ടിയത് ദൈവത്തിന്റെ ഏറ്റവും വലിയ അനുഗ്രഹംകൊണ്ടും പിന്നെ ഡോക്ടര്‍, പിന്നെ അമ്പെയ്ത്ത് എന്ന ചിന്ത കൊണ്ടുമാണ്. 

മോദിജി     : അംലാനും നമ്മുടെ കൂടെയുണ്ട്. അംലന്‍, അത്‌ലറ്റിക്‌സില്‍ നിങ്ങള്‍ എങ്ങനെയാണ് ഇത്രയധികം താല്‍പര്യം വളര്‍ത്തിയെടുത്തതെന്ന് എന്നോട് പറയൂ!

അംലന്‍     : നമസ്‌ക്കാരം സാര്‍.

മോദിജി     : നമസ്‌ക്കാരം, നമസ്‌ക്കാരം

അംലന്‍     : സാര്‍, എനിക്ക് നേരത്തെ അത്‌ലറ്റിക്‌സില്‍ വലിയ താല്‍പര്യമില്ലായിരുന്നു. ഫുട്‌ബോളിലായിരുന്നു കൂടുതല്‍ കമ്പം. എന്നാല്‍ എന്റെ സഹോദരന്റെ സുഹൃത്ത് എന്നോടു പറഞ്ഞു, അംലാന്‍ നീ അത്‌ലറ്റിക്‌സിന്റെ മത്സരത്തിനും പോകണമെന്ന്. അങ്ങനെ ഞാന്‍ ഓക്കേ എന്ന് കരുതി ആദ്യമായി സ്‌റ്റേറ്റ്മീറ്റ് കളിച്ചപ്പോള്‍ അതില്‍ തോറ്റു. തോല്‍വി എനിക്കിഷ്ടപ്പെട്ടില്ല. അങ്ങനെ അതിനിടയില്‍ ഞാന്‍ അത്‌ലറ്റിക്‌സില്‍ കയറി. പിന്നെ മെല്ലെ രസിച്ചു തുടങ്ങി. അങ്ങനെ അത് എന്നില്‍  താല്‍പര്യം ജനിപ്പിച്ചു.

മോദിജി     : അംലാന്‍ നിങ്ങള്‍ എവിടെയാണ് കൂടുതലായി പ്രാക്ടീസ് ചെയ്തതെന്ന്! എന്നോട് പറയൂ.

അംലന്‍ : ഞാന്‍ കൂടുതലും ഹൈദരാബാദില്‍ സായ്‌റെഡ്ഡി സാറിന്റെ കീഴിലാണ് പ്രാക്ടീസ് ചെയ്തിട്ടുള്ളത്. അതിനുശേഷം ഭുവനേശ്വറിലേക്ക് മാറി.  അവിടെനിന്നാണ് ഞാന്‍ പ്രൊഫഷണലായി തുടങ്ങിയത്.

മോദിജി     : ശരി, പ്രിയങ്കയും ഞങ്ങള്‍ക്കൊപ്പമുണ്ട്. പ്രിയങ്ക, നിങ്ങള്‍ 20 കിലോമീറ്റര്‍ റേസ്‌വാക്ക് ടീമിന്റെ ഭാഗമായിരുന്നു. രാജ്യം മുഴുവന്‍ ഇന്ന് നിങ്ങളെ ശ്രദ്ധിക്കുന്നു, അവര്‍ക്ക് ഈ കായികയിനത്തെക്കുറിച്ച് അറിയാന്‍ ആഗ്രഹമുണ്ട്. ഇതിന് എന്തു തരത്തിലുള്ള കഴിവുകള്‍ ആവശ്യമാണെന്ന് നിങ്ങള്‍ എന്നോട് പറയൂ. നിങ്ങളുടെ കരിയര്‍ എവിടെ നിന്ന് എവിടെ എത്തി?

പ്രിയങ്ക    : എന്റെ ഇനം വളരെ പ്രയാസമുള്ളതാണ്.  കാരണം ഞങ്ങള്‍ക്ക് അഞ്ച് വിധികര്‍ത്താക്കള്‍ ഉണ്ട്. ഓടിയാലും നമ്മളെ പുറത്താക്കും അല്ലെങ്കില്‍ റോഡില്‍ നിന്ന്  അല്‍പം ഇറങ്ങിയാലും ഒരു ചാട്ടം ഉണ്ടായാല്‍പോലും അവര്‍ ഞങ്ങളെ പുറത്താക്കും. അല്ലെങ്കില്‍ നമ്മള്‍ മുട്ടുകുത്തിയാലും അവര്‍ ഞങ്ങളെ പുറത്താക്കുന്നു, എനിക്ക് മുന്നറിയിപ്പ്‌പോലും നല്‍കി. അതിനുശേഷം, ഞാന്‍ എന്റെ വേഗത വളരെ നിയന്ത്രിച്ചു, എങ്ങനെയെങ്കിലും എന്റെ ടീം മെഡല്‍ നേടണം എന്നായിരുന്നു. കാരണം, ഞങ്ങള്‍ ഇവിടെ വന്നത് രാജ്യത്തിന് വേണ്ടിയാണ്, വെറുംകൈയ്യോടെ പോകാന്‍ ഞങ്ങള്‍ ആഗ്രഹിച്ചില്ല.
 
മോദിജി     :     അച്ഛനും, സഹോദരനും സുഖമായിരിക്കുന്നോ?

പ്രിയങ്ക    :     അതെ സര്‍, സുഖമായിരിക്കുന്നു. താങ്കള്‍ ഞങ്ങള്‍ക്ക് വളരെയധികം പ്രോത്സാഹനമാണ് നല്കുന്നതെന്ന് ഞാന്‍ എല്ലാവരോടും പറയാറുണ്ട്. ശരിക്കും അത് ഞങ്ങള്‍ക്ക് വളരെ സന്തോഷമാണ് നല്കുന്നത്. എന്തെന്നാല്‍ വേള്‍ഡ് യൂണിവേഴ്‌സിറ്റിപോലുള്ള കളികള്‍ക്ക് ഇന്ത്യയില്‍ അത്ര അംഗീകാരമൊന്നും ലഭിച്ചിരുന്നില്ല. പക്ഷെ, ഇപ്പോള്‍ വളരെയധികം സപ്പോര്‍ട്ട് ആണ് ലഭിക്കുന്നത്. ഞങ്ങള്‍ ട്വീറ്റ് കാണുന്നുണ്ട്. ഇത്ര മെഡല്‍ ഞങ്ങള്‍ നേടി എന്ന് ധാരാളംപേര്‍ ട്വീറ്റ് ചെയ്യുന്നുണ്ട്. ഒളിംമ്പിക്‌സ്‌പോലെ എല്ലാവരും ഇതിനെ അംഗീകരിക്കുന്നത് കാണുമ്പോള്‍ വളരെയധികം സന്തോഷം തോന്നുന്നു. 

മോദിജി    : പ്രിയങ്ക, ഞാന്‍ നിങ്ങളെ അഭിനന്ദിക്കുന്നു. നിങ്ങള്‍ ഒരു വലിയ പേര് ഉണ്ടാക്കിയിരിക്കുകയാണ്. ഇനി നമുക്ക് അഭിധന്യയോട് സംസാരിക്കാം.

അഭിധന്യ     : നമസ്‌കാരം സാര്‍.

മോദിജി    : താങ്കളെകുറിച്ച് പറയൂ.

അഭിധന്യ     : സാര്‍, ഞാന്‍ മഹാരാഷ്ട്രയിലെ കോലാപ്പൂരില്‍ നിന്നാണ്. ഷൂട്ടിംഗില്‍ 25 മീറ്റര്‍ സ്‌പോര്‍ട്‌സ് പിസ്റ്റളിലും 10 മീറ്റര്‍ എയര്‍പിസ്റ്റളിലും ഞാന്‍ പങ്കെടുത്തു. എന്റെ മാതാപിതാക്കള്‍ രണ്ടുപേരും ഹൈസ്‌കൂള്‍ അധ്യാപകരാണ്, അതിനാല്‍ ഞാന്‍ 2015 ല്‍ ഷൂട്ടിംഗ് ആരംഭിച്ചു. ഷൂട്ടിംഗ് തുടങ്ങിയപ്പോള്‍ കോലാപ്പൂരില്‍ അത്ര സൗകര്യങ്ങളൊന്നും ഇല്ലായിരുന്നു. വഡ്ഗാവില്‍നിന്ന് കോലാപ്പൂരിലേക്ക് ബസില്‍ യാത്ര ചെയ്യാന്‍ ഒന്നര മണിക്കൂര്‍ വേണം, പിന്നെ തിരികെ വരാന്‍ ഒന്നര മണിക്കൂര്‍, പിന്നെ നാല് മണിക്കൂര്‍ ട്രെയിനിംഗ്, അങ്ങനെ 6, 7 മണിക്കൂര്‍. അങ്ങനെ ട്രെയിനിങ്ങിന് വരുകയും പോകുകയും ചെയ്യാറുണ്ടായിരുന്നു, അതിനാല്‍ എന്റെ സ്‌കൂളും മിസ് ചെയ്യുമായിരുന്നു, അപ്പോള്‍ അമ്മയും അച്ഛനും പറഞ്ഞു, ഒരു കാര്യം ചെയ്യൂ, ശനി, ഞായര്‍ ഞങ്ങള്‍ നിന്നെ    ഷൂട്ടിംഗ് റേഞ്ചിലേക്ക്  കൊണ്ടുപോകാം,  ബാക്കി സമയം നിങ്ങള്‍ മറ്റ് ഗെയിമുകള്‍ ചെയ്യുക. അങ്ങനെ ഞാന്‍ കുട്ടിക്കാലത്ത് ഒരുപാട് കളികള്‍ കളിക്കുമായിരുന്നു, കാരണം എന്റെ മാതാപിതാക്കള്‍ക്ക് സ്‌പോര്‍ട്‌സില്‍ വലിയ താല്‍പര്യമുണ്ടായിരുന്നു. പക്ഷേ, അവര്‍ക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല, സാമ്പത്തികസഹായം അത്രയൊന്നും ഉണ്ടായിരുന്നില്ല, അത്രയും അറിവുണ്ടായിരുന്നില്ല. അമ്മയ്ക്ക് ഒരു വലിയ സ്വപ്നം ഉണ്ടായിരുന്നു രാജ്യത്തെ പ്രതിനിധീകരിച്ച് രാജ്യത്തിനായി ഞാന്‍ മെഡല്‍ നേടണമെന്ന്. അങ്ങനെ അമ്മയുടെ സ്വപ്നം സാക്ഷാത്കരിക്കാന്‍ ഞാന്‍ കുട്ടിക്കാലം മുതല്‍ സ്‌പോര്‍ട്‌സിനോട് വളരെയധികം താല്പര്യം കാണിച്ചിരുന്നു. പിന്നെ ഞാന്‍ തായ്ക്വാന്‍ഡോയും ചെയ്തിട്ടുണ്ട്, അതും ഞാന്‍ ബ്ലാക്ക്‌ബെല്‍റ്റാണ്, ബോക്‌സിംഗ്,  ജൂഡോ, ഫെന്‍സിങ്, ഡിസ്കസ് ത്രോ തുടങ്ങി നിരവധി ഗെയിമുകള്‍ ചെയ്തശേഷം 2015-ന് ഷൂട്ടിംഗിലേക്ക് തിരിഞ്ഞു. പിന്നെ 2, 3 വര്‍ഷം ഒരുപാട് കഷ്ടപ്പെട്ട് മലേഷ്യയില്‍ വെച്ച് ആദ്യമായി യൂണിവേഴ്‌സിറ്റി ചാമ്പ്യന്‍ഷിപ്പിന് സെലക്ട് ആവുകയും അതില്‍ വെങ്കല മെഡല്‍ കിട്ടുകയും ചെയ്തു. അങ്ങനെ ശരിക്കും അവിടെനിന്ന് മുന്‍പോട്ടു പോകാനുള്ള ഊര്‍ജം കിട്ടി. പിന്നെ എന്റെ സ്‌കൂള്‍ എനിക്കായി ഒരു ഷൂട്ടിംഗ് റേഞ്ച് ഉണ്ടാക്കി. പിന്നെ ഞാന്‍ അവിടെ പരിശീലനം നടത്തി. പിന്നെ അവര്‍ എന്നെ പരിശീലനത്തിനായി പൂനെയിലേക്ക് അയച്ചു. ഇവിടെ ഗഗന്‍നാരംഗ് സ്‌പോര്‍ട്‌സ് ഫൗണ്ടേഷന്‍ ഗണ്‍ ഫോര്‍ ഗ്ലോറിയ്ക്ക് കീഴില്‍ പരിശീലനം നടത്തുന്നു, ഇപ്പോള്‍ ഗഗന്‍സാര്‍ എന്നെ വളരെയധികം പിന്തുണയ്ക്കുകയും എന്റെ ഗെയിമിൽ  എന്നെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

മോദിജി     : ശരി, നിങ്ങള്‍ നാലുപേര്‍ക്കും എന്നോട് എന്തെങ്കിലും പറയണമെങ്കില്‍, അത് കേള്‍ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. പ്രഗതി, അംലന്‍, പ്രിയങ്ക, അഭിധന്യ നിങ്ങളെല്ലാവരും എന്നോടൊപ്പമാണ്, അതിനാല്‍ നിങ്ങള്‍ക്ക് എന്തെങ്കിലും പറയണമെങ്കില്‍, ഞാന്‍ തീര്‍ച്ചയായും അത് കേള്‍ക്കാന്‍ തയ്യാറാണ്.

അംലന്‍     : സര്‍, എനിക്കൊരു ചോദ്യമുണ്ട് സര്‍.

മോദിജി     : ചോദിച്ചോളൂ.

അംലന്‍     : ഏത് കായികവിനോദമാണ് സാര്‍ അങ്ങേയ്ക്ക് ഏറ്റവും ഇഷ്ടം?

മോദിജി    : സ്‌പോര്‍ട്‌സ് ലോകത്ത് ഇന്ത്യ ഒരുപാട് വളരണം, അതുകൊണ്ടാണ് ഞാന്‍ ഇവയെ വളരെയധികം പ്രോത്സാഹിപ്പിക്കുന്നത്. പക്ഷേ, ഹോക്കി, ഫുട്‌ബോള്‍, കബഡി, ഖോഖോ ഇവ നമ്മുടെ നാടുമായി ബന്ധപ്പെട്ട ഗെയിമുകളാണ്, ഇതിലൊന്നും നമ്മള്‍ പിന്നിലാകരുത്, നമ്മുടെ ആളുകള്‍ അമ്പെയ്ത്ത് നന്നായി ചെയ്യുന്നതായി ഞാന്‍ കാണുന്നു, അവര്‍ ഷൂട്ടിംഗില്‍ നന്നായി ചെയ്യുന്നു. രണ്ടാമതായി, നമ്മുടെ ചെറുപ്പക്കാര്‍ക്കും നമ്മുടെ കുടുംബങ്ങള്‍ക്കുപോലും സ്‌പോര്‍ട്‌സിനോട് നേരത്തെ ഉണ്ടായിരുന്ന വികാരം ഇല്ലെന്ന് ഞാന്‍ കാണുന്നു. മുമ്പ് കുട്ടി കളിക്കാന്‍ പോകുമ്പോള്‍, അവര്‍ തടയുമായിരുന്നു, ഇപ്പോള്‍, ഒരുപാട് മാറി, നിങ്ങള്‍ നേടിയെടുക്കുന്ന വിജയം എല്ലാ കുടുംബങ്ങളെയും പ്രചോദിപ്പിക്കുന്നു. എല്ലാ കളിയിലും നമ്മുടെ കുട്ടികള്‍ എവിടെ പോയാലും രാജ്യത്തിന്‌വേണ്ടി എന്തെങ്കിലും ചെയ്തിട്ടാണ് തിരിച്ചു വരുന്നത്. ഈ വാര്‍ത്തകള്‍ ഇന്ന് രാജ്യത്ത് പ്രാധാന്യത്തോടെ കാണിക്കുന്നു, പറയപ്പെടുന്നു, സ്‌കൂളുകളിലും കോളേജുകളിലും ചര്‍ച്ച ചെയ്യപ്പെടുന്നു. അത്‌പോകട്ടെ! എനിക്കിത് വളരെ ഇഷ്ടമായി. എല്ലാവര്‍ക്കും എന്റെ ഭാഗത്തുനിന്നും ഒത്തിരി അഭിനന്ദനങ്ങള്‍. ഒരുപാട് അഭിനന്ദനങ്ങള്‍. 

യുവതാരം     : വളരെ നന്ദി! നന്ദി സാര്‍! നന്ദി.

മോദിജി     : നന്ദി, നമസ്‌ക്കാരം.
 
    എന്റെ കുടുംബാംഗങ്ങളേ, ഇത്തവണ ഓഗസ്റ്റ് 15ന് രാജ്യം ‘സബ് കാ പ്രയാസിന്റെ’ ശക്തി കണ്ടു. എല്ലാ പൗരന്മാരുടെയും പരിശ്രമമാണ് ‘ഹര്‍ ഘര്‍ തിരംഗ അഭിയാന്‍’ യഥാര്‍ത്ഥത്തില്‍ ‘ഹര്‍ മന്‍ തിരംഗ അഭിയാന്‍’ ആക്കിയത്. ഈ പ്രചാരണത്തിനിടെ നിരവധി റെക്കോര്‍ഡുകളും ഉണ്ടാക്കി.  കോടികള്‍ മുടക്കിയാണ് ആളുകള്‍ ത്രിവര്‍ണപതാകകള്‍ വാങ്ങിയത്. ഒന്നരലക്ഷം പോസ്‌റ്റോഫീസുകളിലൂടെ ഒന്നരകോടി ത്രിവര്‍ണ പതാകകള്‍ വിറ്റു. ഇതുമൂലം നമ്മുടെ തൊഴിലാളികളും നെയ്ത്തുകാരും പ്രത്യേകിച്ച് സ്ത്രീകളും നൂറുകണക്കിന് കോടി രൂപ സമ്പാദിച്ചു. ത്രിവര്‍ണപതാകയ്‌ക്കൊപ്പമുള്ള സെല്‍ഫി പോസ്റ്റ് ചെയ്ത് പുതിയ റെക്കോര്‍ഡാണ് ഇത്തവണ നമ്മുടെ  നാട്ടുകാര്‍ സൃഷ്ടിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 15വരെ അഞ്ച്‌കോടിയോളം രാജ്യക്കാര്‍ ത്രിവര്‍ണപതാകയുമായി സെല്‍ഫി പോസ്റ്റ് ചെയ്തിട്ടുണ്ട്. ഈ വര്‍ഷം ഇതും 10 കോടി കവിഞ്ഞു.

    സുഹൃത്തുക്കളേ, ഇപ്പോള്‍ രാജ്യസ്‌നേഹം ഉയര്‍ത്തിക്കാട്ടുന്ന ‘മേരി മാട്ടി, മേരാ ദേശ്’ എന്ന പ്രചാരണം രാജ്യത്ത് സജീവമാണ്.  സെപ്തംബര്‍ മാസത്തില്‍ രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലെയും ഓരോ വീടുകളില്‍നിന്നും മണ്ണ് ശേഖരിക്കാനുള്ള പ്രചാരണം നടത്തും.  നാടിന്റെ പുണ്യമണ്ണ് ആയിരക്കണക്കിന് അമൃതകലശങ്ങളില്‍ നിക്ഷേപിക്കും. ഒക്ടോബര്‍ അവസാനം അമൃതകലശയാത്രയുമായി ആയിരങ്ങള്‍ രാജ്യതലസ്ഥാനമായ ഡല്‍ഹിയിലെത്തും. ഈ മണ്ണില്‍ നിന്നു മാത്രമേ ഡല്‍ഹിയില്‍ അമൃതവാടിക നിര്‍മിക്കൂ. ഓരോ പൗരന്റേയും പ്രയത്‌നം ഈ കാമ്പയിന്‍ വിജയകരമാക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. 

    എന്റെ കുടുംബാംഗങ്ങളേ, ഇത്തവണ എനിക്ക് സംസ്‌കൃതഭാഷയില്‍ ധാരാളം കത്തുകള്‍ ലഭിച്ചു. സാവന്‍മാസത്തിലെ പൗര്‍ണ്ണമി, ഈ തീയതിയില്‍ ലോക സംസ്‌കൃതദിനം ആഘോഷിക്കുന്നു എന്നതാണ് ഇതിന് കാരണം. 

എല്ലാവര്‍ക്കും ലോക സംസ്‌കൃത ദിനാശംസകള്‍ :

ലോക സംസ്‌കൃതദിനത്തില്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കും ഒരുപാട് അഭിനന്ദനങ്ങള്‍. ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഭാഷകളില്‍ ഒന്നാണ് സംസ്‌കൃതം എന്ന് നമുക്കെല്ലാവര്‍ക്കും  അറിയാം. അനേകം ആധുനികഭാഷകളുടെ മാതാവ് എന്നും ഇതിനെ വിളിക്കുന്നു. പൗരാണികതയ്‌ക്കൊപ്പം, സംസ്‌കൃതം അതിന്റെ ശാസ്ത്രീയതയ്ക്കും വ്യാകരണത്തിനും പേരുകേട്ടതാണ്. ഇന്ത്യയെക്കുറിച്ചുള്ള പുരാതന അറിവ് ആയിരക്കണക്കിന് വര്‍ഷങ്ങളായി സംസ്‌കൃതഭാഷയില്‍ സംരക്ഷിക്കപ്പെട്ടിരിക്കുന്നു. യോഗ, ആയുര്‍വേദം, തത്ത്വചിന്ത തുടങ്ങിയ വിഷയങ്ങളില്‍ ഗവേഷണം നടത്തുന്ന ആളുകള്‍ ഇപ്പോള്‍ കൂടുതല്‍ കൂടുതല്‍ സംസ്‌കൃതം പഠിക്കുന്നു. പല സ്ഥാപനങ്ങളും ഈ ദിശയില്‍ വളരെ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഉദാഹരണത്തിന്,  സംസ്‌കൃതം പ്രൊമോഷന്‍ ഫൗണ്ടേഷന്‍, യോഗയ്ക്ക് സംസ്‌കൃതം, ആയുര്‍വേദത്തിന് സംസ്‌കൃതം, ബുദ്ധമതത്തിന് സംസ്‌കൃതം എന്നിങ്ങനെ നിരവധി കോഴ്‌സുകള്‍ നടത്തുന്നു. ജനങ്ങളെ സംസ്‌കൃതം പഠിപ്പിക്കാന്‍ ‘സംസ്‌കൃത ഭാരതി’ ഒരു പ്രചാരണം നടത്തുന്നു. ഇതില്‍ 10 ദിവസത്തെ ‘സംസ്‌കൃത സംഭാഷണ ശിബിരത്തിൽ ‘ പങ്കെടുക്കാം. ഇന്ന് ജനങ്ങള്‍ക്കിടയില്‍ സംസ്‌കൃതത്തെക്കുറിച്ചുള്ള അവബോധവും അഭിമാനവും വര്‍ദ്ധിച്ചതില്‍ എനിക്ക് സന്തോഷമുണ്ട്. ഇതിന് പിന്നില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ രാജ്യത്തിന്റെ പ്രത്യേക സംഭാവനയുമുണ്ട്. ഉദാഹരണത്തിന് 2020-ല്‍ മൂന്ന് സംസ്‌കൃത ഡീംഡ് സര്‍വ്വകലാശാലകളെ കേന്ദ്രസര്‍വ്വകലാശാലകളാക്കി. സംസ്‌കൃത സര്‍വ്വകലാശാലകളുടെ നിരവധി കോളേജുകളും ഇന്‍സ്റ്റിറ്റ്യൂട്ടുകളും വിവിധ നഗരങ്ങളില്‍ പ്രവര്‍ത്തിക്കുന്നു. ഐ.ഐ.ടി, ഐ.ഐ.എം. തുടങ്ങിയ സ്ഥാപനങ്ങളില്‍ സംസ്‌കൃതകേന്ദ്രങ്ങള്‍ പ്രചാരംനേടി.

    സുഹൃത്തുക്കളേ, പലപ്പോഴും നിങ്ങള്‍ ഒരുകാര്യം അനുഭവിച്ചിട്ടുണ്ടാകും, വേരുകളുമായി ബന്ധപ്പെടാന്‍, നമ്മുടെ സംസ്‌കാരവുമായി ബന്ധപ്പെടാന്‍, നമ്മുടെ പാരമ്പര്യം വളരെ ശക്തമായ ഒരു മാധ്യമമാണ്  നമ്മുടെ മാതൃഭാഷ.  നാം നമ്മുടെ മാതൃഭാഷയുമായി ബന്ധപ്പെടുമ്പോള്‍, സ്വാഭാവികമായും നമ്മുടെ സംസ്‌കാരവുമായി നാം ബന്ധപ്പെടുന്നു. നാം നമ്മുടെ സംസ്‌കാരവുമായി ബന്ധപ്പെടുന്നു, നാം  നമ്മുടെ പാരമ്പര്യവുമായി  ബന്ധപ്പെടുന്നു, നമ്മുടെ പ്രാചീന പ്രൗഢിയുമായി നാം ബന്ധപ്പെടുന്നു. അതുപോലെ, ഇന്ത്യക്ക് മറ്റൊരു മാതൃഭാഷയുണ്ട്, മഹത്തായ തെലുങ്ക്ഭാഷ. ഓഗസ്റ്റ് 29 തെലുങ്ക്ദിനമായി ആഘോഷിക്കും.

    തെലുങ്ക്ഭാഷാ ദിനാശംസകള്‍.

തെലുങ്ക്ദിനത്തില്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കും ആശംസകള്‍. ഇന്ത്യന്‍ സംസ്‌കാരത്തിന്റെ അമൂല്യമായ നിരവധി രത്‌നങ്ങള്‍ തെലുങ്ക്ഭാഷയുടെ സാഹിത്യത്തിലും പൈതൃകത്തിലും മറഞ്ഞിരിക്കുന്നു. തെലുങ്കിന്റെ ഈ പൈതൃകത്തിന്റെ പ്രയോജനം രാജ്യത്തിനാകെ ലഭിക്കുമെന്ന് ഉറപ്പാക്കാന്‍ നിരവധി ശ്രമങ്ങളും നടക്കുന്നുണ്ട്.

    എന്റെ കുടുംബാംഗങ്ങളെ, ‘മന്‍ കി ബാത്തിന്റെ’ പല അധ്യായങ്ങളിലും നമ്മള്‍  ടൂറിസത്തെകുറിച്ച് സംസാരിച്ചിട്ടുണ്ട്. വസ്തുക്കളും സ്ഥലങ്ങളും നേരില്‍ കാണുന്നതും മനസ്സിലാക്കുന്നതും അതില്‍ കുറച്ച് നിമിഷങ്ങള്‍ ജീവിക്കുന്നതും വ്യത്യസ്തമായ അനുഭവം നല്‍കുന്നു. സമുദ്രത്തെ എത്ര വര്‍ണ്ണിച്ചാലും സമുദ്രം കാണാതെ നമുക്ക് അതിന്റെ വിശാലത അനുഭവിക്കാന്‍ കഴിയില്ല. ഹിമാലയത്തെക്കുറിച്ച് എത്ര പറഞ്ഞാലും ഹിമാലയം കാണാതെ നമുക്ക് അതിന്റെ സൗന്ദര്യം വിലയിരുത്താന്‍ കഴിയില്ല. അതുകൊണ്ടാണ് അവസരം കിട്ടുമ്പോഴെല്ലാം നമ്മുടെ നാടിന്റെ സൗന്ദര്യവും വൈവിധ്യവും കാണാന്‍ പോകണമെന്ന് ഞാന്‍ നിങ്ങളോട് പലപ്പോഴും ആവശ്യപ്പെടുന്നത്. ലോകത്തിന്റെ എല്ലാ കോണിലും തിരഞ്ഞാലും പലപ്പോഴും നമ്മള്‍ നമ്മുടെ രാജ്യത്തിന്റെ ചില മികച്ച ഭാഗങ്ങള്‍ അല്ലെങ്കില്‍ വസ്തുക്കള്‍ അറിയാതെ പോകുന്നു. ആളുകള്‍ക്ക് അവരുടെ സ്വന്തം നഗരത്തിന്റെ ചരിത്രസ്ഥലങ്ങളെക്കുറിച്ച് കൂടുതല്‍ അറിയില്ല എന്നത് പലപ്പോഴും സംഭവിക്കാറുണ്ട്. ധന്‍പാല്‍ജിയുടെ കാര്യത്തിലും സമാനമായ ചിലത് സംഭവിച്ചു. ധനപാല്‍ജി ബാംഗ്ലൂരിലെ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. ഏകദേശം 17 വര്‍ഷംമുമ്പ്, അദ്ദേഹം സൈറ്റ് സീയിങ് വിങ്ങിന്റെ ചുമതലയേറ്റു. ‘ബാംഗ്ലൂര്‍ ദര്‍ശിനി’ എന്ന പേരിലാണ് ഇപ്പോള്‍ അതിനെ ആളുകള്‍ അറിയുന്നത്. നഗരത്തിലെ വിവിധ വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്ക് വിനോദസഞ്ചാരികളെ കൊണ്ടുപോകുന്നത് ധനപാല്‍ജിയായിരുന്നു. അത്തരമൊരു യാത്രയില്‍,  ബാംഗ്ലൂരിലെ ടാങ്കിനെ ‘സെന്‍കി ടാങ്ക്’ എന്ന് വിളിക്കുന്നത് എന്തുകൊണ്ടാണെന്ന് ഒരു ടൂറിസ്റ്റ് അദ്ദേഹത്തോട് ചോദിച്ചു. ഉത്തരം അറിയാത്തതില്‍ അദ്ദേഹത്തിന് വല്ലാത്ത വിഷമം തോന്നി. അത്തരമൊരു സാഹചര്യത്തില്‍, സ്വന്തം അറിവ് വര്‍ദ്ധിപ്പിക്കുന്നതില്‍ അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചു. തന്റെ പൈതൃകം അറിയാനുള്ള ആവേശത്തില്‍ അദ്ദേഹം നിരവധി കല്ലുകളും ലിഖിതങ്ങളും കണ്ടെത്തി. ധന്‍പാല്‍ജിയുടെ മനസ്സ് ഈ ജോലിയില്‍ മുഴുകിയതിനാല്‍ അദ്ദേഹം എപ്പിഗ്രഫിയില്‍ ഡിപ്ലോമയും ചെയ്തു, അതായത് ലിഖിതങ്ങളുമായി ബന്ധപ്പെട്ട വിഷയത്തില്‍. ഇപ്പോള്‍ വിരമിച്ചെങ്കിലും, ബെംഗളൂരുവിന്റെ ചരിത്രം അന്വേഷിക്കാനുള്ള അദ്ദേഹത്തിന്റെ അഭിനിവേശം ഇപ്പോഴും സജീവമാണ്.

    സുഹൃത്തുക്കളേ, ബ്രയാന്‍ഡി ഖാര്‍പ്രനെക്കുറിച്ച് പറയാന്‍ എനിക്ക് വളരെ സന്തോഷമുണ്ട്. മേഘാലയ നിവാസിയായ അദ്ദേഹത്തിന് സ്പീലിയോളജിയില്‍ വലിയ താല്‍പര്യമുണ്ട്. ലളിതമായ ഭാഷയില്‍, അതിനര്‍ത്ഥം  ഗുഹകളെക്കുറിച്ചുള്ള പഠനം. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരുപാട് കഥാപുസ്തകങ്ങള്‍ വായിച്ചപ്പോഴാണ് ഈ താല്‍പര്യം അദ്ദേഹത്തില്‍ ഉടലെടുത്തത്. 1964-ല്‍, ഒരു സ്‌കൂള്‍വിദ്യാര്‍ത്ഥി എന്ന നിലയില്‍ അദ്ദേഹം തന്റെ ആദ്യപര്യവേക്ഷണം നടത്തി. 1990-ല്‍ അദ്ദേഹം തന്റെ സുഹൃത്തുമായി ചേര്‍ന്ന് ഒരു അസോസിയേഷന്‍ സ്ഥാപിക്കുകയും അതിലൂടെ മേഘാലയയിലെ അജ്ഞാത ഗുഹകളെക്കുറിച്ച് അറിയാനും  തുടങ്ങി. ചുരുങ്ങിയ സമയത്തിനുള്ളില്‍, അദ്ദേഹം തന്റെ സംഘത്തോടൊപ്പം മേഘാലയയില്‍ 1700 ലധികം ഗുഹകള്‍ കണ്ടെത്തുകയും സംസ്ഥാനത്തെ ലോകഗുഹഭൂപടത്തില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. ഇന്ത്യയിലെ ഏറ്റവും നീളമേറിയതും ആഴമേറിയതുമായ ചില ഗുഹകള്‍ മേഘാലയയിലാണ്.  ബ്രയാന്‍ജിയും സംഘവും ഗുഹജന്തുജാലങ്ങളെ രേഖപ്പെടുത്തി, അതായത് ഗുഹയിലെ ജീവികള്‍, ലോകത്ത് മറ്റെവിടെയും കാണുന്നില്ല. ഈ ടീമിന്റെ മുഴുവന്‍ ശ്രമങ്ങളെയും ഞാന്‍ അഭിനന്ദിക്കുന്നു, അതോടൊപ്പം മേഘാലയയിലെ ഗുഹകള്‍ സന്ദര്‍ശിക്കാന്‍ ഒരു പദ്ധതി തയ്യാറാക്കാന്‍ ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു. 
    
    എന്റെ കുടുംബാംഗങ്ങളെ, നമ്മുടെ രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട മേഖലകളിലൊന്നാണ് ക്ഷീരമേഖലയെന്ന് നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാം. നമ്മുടെ അമ്മമാരുടെയും സഹോദരിമാരുടെയും ജീവിതത്തില്‍ വലിയ മാറ്റം കൊണ്ടുവരുന്നതില്‍ ഇത് വളരെ പ്രധാനപ്പെട്ട പങ്ക് വഹിച്ചിട്ടുണ്ട്. കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് ഗുജറാത്തിലെ ബനാസ് ഡെയറിയുടെ രസകരമായ ഒരു സംരംഭത്തെക്കുറിച്ച് ഞാന്‍ അറിഞ്ഞു. ഏഷ്യയിലെ ഏറ്റവും വലിയ ഡെയറിയാണ് ബനാസ് ഡെയറി. പ്രതിദിനം ശരാശരി 75 ലക്ഷം ലിറ്റര്‍ പാലാണ് ഇവിടെ സംസ്‌കരിക്കുന്നത്. ഇതിന്‌ശേഷം മറ്റ് സംസ്ഥാനങ്ങളിലേക്കും അയയ്ക്കുന്നു. ഇതരസംസ്ഥാനങ്ങളില്‍ കൃത്യസമയത്ത് പാല്‍ എത്തിക്കുന്നതിന്, ഇതുവരെ ടാങ്കറുകളുടെയോ മില്‍ക്ക് ട്രെയിനുകളുടെയോ  പിന്തുണ സ്വീകരിച്ചിരുന്നു. എന്നാല്‍ ഇതിലും വെല്ലുവിളികള്‍ കുറവായിരുന്നില്ല. ഒന്നാമതായി, ലോഡിംഗ്, അണ്‍ലോഡിംഗ് എന്നിവയ്ക്ക് ധാരാളം സമയമെടുക്കും, ചിലപ്പോള്‍ പാലും  കേടായി പോകും . ഈ പ്രശ്‌നം മറികടക്കാന്‍ ഇന്ത്യന്‍ റെയില്‍വേ ഒരു പുതിയ പരീക്ഷണം നടത്തി. പാലന്‍പൂരില്‍നിന്ന് ന്യൂ റിവാറിയിലേക്ക് ട്രക്ക്-ഓണ്‍-ട്രാക്ക് സൗകര്യം റെയില്‍വേ ആരംഭിച്ചു. ഇതില്‍ പാല്‍ ട്രക്കുകള്‍ നേരിട്ട് ട്രെയിനില്‍ കയറ്റുന്നു. അതായത് ഗതാഗതത്തിന്റെ പ്രധാന പ്രശ്‌നം ഇതോടെ ഇല്ലാതായി. ട്രക്ക്-ഓണ്‍-ട്രാക്ക് സൗകര്യത്തിന്റെ ഫലങ്ങള്‍ വളരെ തൃപ്തികരമാണ്. നേരത്തെ 30 മണിക്കൂര്‍കൊണ്ട് എത്തിയിരുന്ന പാല്‍ ഇപ്പോള്‍ പകുതിയില്‍ താഴെ സമയത്തിനുള്ളില്‍ എത്തുന്നു. ഇതുവഴി  ഇന്ധനം മൂലമുണ്ടാകുന്ന മലിനീകരണം ഇല്ലാതാകുന്നു. ഇന്ധനച്ചെലവും ലാഭിക്കുന്നുണ്ട്. ട്രക്കുകളുടെ ഡ്രൈവര്‍മാര്‍ക്കും ഇതില്‍നിന്ന് വളരെയധികം പ്രയോജനം ലഭിച്ചു, അവരുടെ ജീവിതം എളുപ്പമായി.

    സുഹൃത്തുക്കളേ, ഇന്ന് നമ്മുടെ ഡെയറികളും കൂട്ടായ പ്രയത്‌നത്താല്‍ ആധുനികചിന്താഗതിയില്‍ മുന്നേറുകയാണ്. പരിസ്ഥിതി സംരക്ഷണത്തിന്റെ ദിശയില്‍ ബനാസ് ഡെയറിയും ഒരു ചുവടുവെപ്പ് നടത്തിയതെങ്ങനെയെന്ന് സീഡ്‌ബോള്‍ ട്രീപ്ലാന്റേഷന്‍ കാമ്പയിനിലൂടെ അറിയാം. വാരണാസി മില്‍ക്ക് യൂണിയന്‍ നമ്മുടെ ക്ഷീരകര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുന്നതിനായി വളം പരിപാലനം നടത്തുന്നു. മലബാര്‍ മില്‍ക്ക് യൂണിയന്‍ ഡെയറി ഓഫ് കേരളയുടെ പ്രയത്‌നവും അതുല്യമാണ്. മൃഗങ്ങളുടെ രോഗങ്ങളുടെ ചികിത്സയ്ക്കായി ആയുര്‍വേദമരുന്നുകള്‍ വികസിപ്പിക്കുന്നതില്‍ അവര്‍ ഏര്‍പ്പെട്ടിരിക്കുന്നു. 
    
    സുഹൃത്തുക്കളേ, ഇന്ന് ക്ഷീരവിഭവങ്ങള്‍ സ്വീകരിച്ച് വൈവിധ്യവല്‍ക്കരിക്കുന്ന നിരവധിപേരുണ്ട്. രാജസ്ഥാനിലെ കോട്ടയില്‍ ഡെയറിഫാം നടത്തുന്ന അമന്‍പ്രീത് സിംഗിനെക്കുറിച്ചും നിങ്ങള്‍ അറിഞ്ഞിരിക്കണം.  ക്ഷീരോല്പാദനത്തോടൊപ്പം ബയോഗ്യാസില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് രണ്ടു  ബയോഗ്യാസ് പ്ലാന്റുകള്‍ സ്ഥാപിച്ചു. ഇതുമൂലം അവരുടെ വൈദ്യുതിചെലവ് 70 ശതമാനത്തോളം കുറഞ്ഞു. അദ്ദേഹത്തിന്റെ ഈ ശ്രമം രാജ്യത്തുടനീളമുള്ള ക്ഷീരകര്‍ഷകര്‍ക്ക് പ്രചോദനമാകും. ഇന്ന് പല വന്‍കിട ഡെയറികളും ബയോഗ്യാസില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഇത്തരത്തിലുള്ള സാമൂഹ്യ  പ്രേരിതമായ മൂല്യം കൂട്ടിച്ചേര്‍ക്കല്‍ വളരെ ആവേശകരമാണ്. ഇത്തരം പ്രവണതകള്‍ രാജ്യത്തുടനീളം തുടരുമെന്ന് എനിക്ക് ഉറപ്പുണ്ട്. 

    എന്റെ കുടുംബാംഗങ്ങളെ, ഇന്ന് മന്‍ കി ബാത്തില്‍ ഇത്രമാത്രം. ഇപ്പോള്‍ ഉത്സവങ്ങളുടെ കാലവും വന്നിരിക്കുന്നു. എല്ലാവര്‍ക്കും മുന്‍കൂറായി രക്ഷാബന്ധന്‍ ആശംസകള്‍. ആഘോഷവേളയില്‍ വോക്കല്‍ ഫോര്‍ ലോക്കല്‍ എന്ന മന്ത്രംകൂടി ഓര്‍ക്കണം. ‘സ്വാശ്രയ ഇന്ത്യ’ എന്ന ഈ കാമ്പയിന്‍ ഓരോ രാജ്യക്കാരന്റെയും സ്വന്തം കാമ്പെയ്‌നാണ്.  ഉത്സവാന്തരീക്ഷം ഉള്ളപ്പോള്‍, നമ്മുടെ വിശ്വാസസ്ഥലങ്ങളും ചുറ്റുമുള്ള പ്രദേശങ്ങളും വൃത്തിയായി സൂക്ഷിക്കണം, എന്നന്നേയ്ക്കും. അടുത്ത തവണ ‘മന്‍ കി ബാത്ത്’ വരുമ്പോള്‍, ചില പുതിയ വിഷയങ്ങളുമായി നിങ്ങളെ കാണാം. നാട്ടുകാരുടെ ചില പുതിയ ശ്രമങ്ങളെക്കുറിച്ചും അവയുടെ വിജയത്തെക്കുറിച്ചും നമുക്ക് പിന്നീട് മനസ്സ് നിറഞ്ഞ് ചര്‍ച്ച ചെയ്യാം. അതുവരേക്കും വിട വാങ്ങുന്നു. നന്ദി, നമസ്‌ക്കാരം
ND
***