”ഇന്ത്യ സമീപ വര്‍ഷങ്ങളില്‍ ഒരു പുതിയ തന്ത്രപ്രധാനമായ ശക്തി കൈവരിച്ചു, ഇന്ന് എന്നത്തേക്കാളും നമ്മുടെ അതിര്‍ത്തികള്‍ സുരക്ഷിതമാണ്,” 2023 ഓഗസ്റ്റ് 15ന് 77-ാം സ്വാതന്ത്ര്യ ദിനത്തില്‍ ഡല്‍ഹിയിലെ ചരിത്ര പ്രസിദ്ധമായ ചുവപ്പുകോട്ടയുടെ കൊത്തളത്തില്‍ നിന്ന് രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ടുള്ള തന്റെ പ്രസംഗത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. നിലവിലെ ആഗോള സുരക്ഷാ സാഹചര്യത്തിനിടയില്‍ ദേശീയ സുരക്ഷ ഉറപ്പാക്കാനുള്ള ഗവണ്മെന്റിന്റെ അചഞ്ചലമായ ദൃഢനിശ്ചയം ആവര്‍ത്തിച്ച അദ്ദേഹം, സായുധ സേനയെ നവീകരിക്കുന്നതിനും ഭാവിയിലെ എല്ലാ വെല്ലുവിളികളെയും നേരിടാന്‍ അവരെ യുവത്വമുള്ളവരും യുദ്ധസജ്ജരും ആക്കുന്നതിനുമായി നിരവധി സൈനിക പരിഷ്കാരങ്ങള്‍ നടപ്പിലാക്കുന്നുണ്ടെന്നും തറപ്പിച്ചു പറഞ്ഞു.
ഭീകരാക്രമണങ്ങളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായതിനാല്‍ സുരക്ഷിതരാണെന്ന തോന്നല്‍ രാജ്യത്തെ ജനങ്ങള്‍ക്കുണ്ടെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. രാജ്യം സമാധാനപരവും സുരക്ഷിതവുമാകുമ്പോള്‍ വികസനത്തിന്റെ പുതിയ ലക്ഷ്യങ്ങള്‍ കൈവരിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതിരോധ ഉദ്യോഗസ്ഥരുടെ ദീര്‍ഘകാലമായി മുടങ്ങിക്കിടന്ന ആവശ്യവും ഗവണ്മെന്റ് വന്നയുടനെ നടപ്പാക്കുകയും ചെയ്ത വണ്‍ റാങ്ക് വണ്‍ പെന്ഷന് (ഒ.ആര്.ഒ.പി) പദ്ധതിയെക്കുറിച്ചും പ്രധാനമന്ത്രി പരാമര്‍ശിച്ചു. ”നമ്മുടെ രാജ്യത്തെ സൈനികരോടുള്ള ബഹുമാനത്തിന്റെ കാര്യമായിരുന്നു ഒആര്‍.ഒ.പി. ഞങ്ങള്‍ അധികാരത്തില്‍ വന്നപ്പോള്‍ അത് നടപ്പാക്കി. 70,000 കോടി രൂപ വിമുക്തഭടന്മാരിലേക്കും അവരുടെ കുടുംബങ്ങളിലേക്കും ഇന്ന് എത്തിയിട്ടുണ്ട്”, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്യം സുരക്ഷിതമാണെന്നും അതിന്റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കപ്പെടുന്നുവെന്നും ഉറപ്പാക്കുന്ന അതിര്‍ത്തികളിലെ സായുധ സേനാംഗങ്ങള്‍ക്ക് പ്രധാനമന്ത്രി സ്വാതന്ത്ര്യദിന ആശംസകള്‍ നേര്‍ന്നു.
ND