പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഓഗസ്റ്റ് ഒന്നിന് മഹാരാഷ്ട്രയിലെ പൂനെ സന്ദര്‍ശിക്കും. രാവിലെ 11 മണിയോടെ ദഗ്ദുഷേത് മന്ദിറില്‍ പ്രധാനമന്ത്രി ദര്‍ശനവും പൂജയും നടത്തും. രാവിലെ 11:45 ന് അദ്ദേഹത്തിന് ലോകമാന്യ തിലക് ദേശീയ അവാര്‍ഡ് സമ്മാനിക്കും. തുടര്‍ന്ന്, 12:45 ന് പ്രധാനമന്ത്രി മെട്രോ ട്രെയിനുകള്‍ ഫ്ളാഗ് ഓഫ് ചെയ്യുകയും വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിര്‍വഹിക്കുകയും ചെയ്യും.
പുനെ മെട്രോ ഒന്നാം ഘട്ടത്തിലെ രണ്ട് ഇടനാഴികളുടെ പൂര്‍ത്തിയായ ഭാഗങ്ങളിലെ സര്‍വീസുകള്‍ അടയാളപ്പെടുത്തിക്കൊണ്ട് മെട്രോ ട്രെയിനുകള്‍ ഫ്ളാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി ഉദ്ഘാടനം നിര്‍വഹിക്കും. ഫുഗേവാഡി സ്റ്റേഷന് മുതല്‍ സിവില്‍ കോടതി സ്റ്റേഷന് വരെയും ഗാര്‍വെയര്‍ കോളേജ് സ്റ്റേഷന് മുതല്‍ റൂബി ഹാള്‍ ക്ലിനിക് സ്റ്റേഷന് വരെയുമുള്ളവയാണ് ഈ ഭാഗങ്ങള്‍. 2016ല്‍ പ്രധാനമന്ത്രി തന്നെയാണ് പദ്ധതിക്ക് തറക്കല്ലിട്ടതും. പുനെ നഗരത്തിലെ പ്രധാന സ്ഥലങ്ങളായ ശിവാജി നഗര്‍, സിവില്‍ കോടതി, പൂണെ മുനിസിപ്പല്‍ കോര്പ്പറേഷന് ഓഫീസ്, പൂനെ ആര്.ടി.ഒ, പുണെ റെയില്‍വേ സ്റ്റേഷന് എന്നിവയെ പുതിയ ഭാഗങ്ങള്‍ ബന്ധിപ്പിക്കും. രാജ്യത്തുടനീളം ആധുനികവും പരിസ്ഥിതി സൗഹൃദവുമായ അതിവേഗ ബഹുജന നഗര ഗതാഗത സംവിധാനങ്ങള്‍ പൗരാര്‍ക്ക് നല്കണമെന്നുള്ള പ്രധാനമന്ത്രിയുടെ കാഴ്ചപ്പാട് സാക്ഷാത്കരിക്കുന്ന ഒരു സുപ്രധാന ചുവടുവയ്പ്പാണ് ഈ ഉദ്ഘാടനവും.
ഛത്രപതി ശിവജി മഹാരാജില്‍ നിന്ന് പ്രചോദനം ഉള്ക്കൊണ്ടുകൊള്ളുതാണ് ഈ പാതയിലെ ചില മെട്രോ സ്റ്റേഷനുകളുടെ രൂപകല്‍പ്പന. ഛത്രപതി സംഭാജി ഉദ്യാന്‍ മെട്രോ സ്റ്റേഷനും ഡെക്കാന്‍ ജിംഖാന മെട്രോ സ്റ്റേഷനും ഛത്രപതി ശിവജി മഹാരാജിന്റെ സൈനികര്‍ ധരിച്ചിരുന്ന – മാവലാ പഗഡി എന്നും അറിയപ്പെട്ടിരുന്ന ശിരോവസ്ത്രത്തോട് സാമ്യമുള്ള സവിശേഷമായ രൂപകല്‍പ്പനയാണുള്ളത്. ഛത്രപതി ശിവജി മഹാരാജ് നിര്‍മ്മിച്ച കോട്ടകളെ അനുസ്മരിപ്പിക്കുന്ന വ്യതിരിക്തമായ രൂപകല്‍പ്പനയാണ് ശിവാജി നഗര്‍ ഭൂഗര്‍ഭ മെട്രോ സ്റ്റേഷനുള്ളത്.
സിവില്‍ കോടതി മെട്രോ സ്റ്റേഷന്റെ മറ്റൊരു സവിശേഷത 33.1 മീറ്റര്‍ ആഴമുള്ള, രാജ്യത്തെ ഏറ്റവും ആഴമേറിയ മെട്രോ സ്റ്റേഷനുകളിലൊന്ന് എന്നതാണ്. സൂര്യപ്രകാശം പ്ലാറ്റ്ഫോമില്‍ നേരിട്ട് പതിക്കുന്ന തരത്തിലാണ് സ്റ്റേഷന്റെ മേല്‍ക്കൂര നിര്‍മ്മിച്ചിരിക്കുന്നത്.
പിംപ്രി ചിഞ്ച്വാഡ് മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ (പി.സി.എം.സി) കീഴിലുള്ള മാലിന്യത്തില്‍ നിന്ന് ഊര്‍ജ്ജം (വേസ്റ്റ് ടു എനര്‍ജി)പ്ലാന്റും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഏകദേശം 300 കോടി രൂപ ചെലവില്‍ വികസിപ്പിച്ച ഈ പ്ലാന്റ് വൈദ്യുതി ഉല്‍പ്പാദനത്തിനായി പ്രതിവര്‍ഷം 2.5 ലക്ഷം മെട്രിക് ടണ്‍ മാലിന്യം ഉപയോഗിക്കും.
എല്ലാവര്ക്കും പാര്‍പ്പിടം എന്ന ദൗത്യം കൈവരിക്കുന്നതിനുള്ള മുന്നേറ്റത്തിന്റെ ഭാഗമായി, പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം പി.സി.എം.സി നിര്‍മ്മിച്ച 1280 ലധികം വീടുകള്‍ പ്രധാനമന്ത്രി കൈമാറും. പൂനെ മുനിസിപ്പല്‍ കോര്പ്പറേഷന് നിര്‍മ്മിച്ച 2650 പി.എം.എ.വൈ വീടുകളും അദ്ദേഹം കൈമാറും. അതിനുപുറമെ, പി.സി.എം.സി നിര്‍മ്മിക്കുന്ന 1190 പി.എം.എ.വൈ വീടുകളുടെയും പൂനെ മെട്രോപൊളിറ്റന്‍ റീജിയന് ഡെവലപ്മെന്റ് അതോറിറ്റി നിര്‍മ്മിക്കുന്ന 6400 ലധികം വീടുകളുടെയും തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിക്കും.
ലോകമാന്യ തിലക് ദേശീയ അവാര്‍ഡ് പ്രധാനമന്ത്രിക്ക് സമ്മാനിക്കും. ലോകമാന്യ തിലകിന്റെ പൈതൃകത്തെ ആദരിക്കുന്നതിനായി 1983-ല്‍ തിലക് സ്മാരക മന്ദിര്‍ ട്രസ്റ്റ് രൂപീകരിച്ചതാണ് ഈ അവാര്‍ഡ്. രാഷ്ട്രത്തിന്റെ പുരോഗതിക്കും വികസനത്തിനും വേണ്ടി പ്രയത്നിക്കുന്നവരും ആരുടെ സംഭാവനകള്‍ മാത്രമാണോ ശ്രദ്ധേയവും അസാധാരണവുമായി കാണാന്‍ കഴിയുന്നതും അത്തരം വ്യക്തികള്‍ക്കാണ് ഈ പുരസ്ക്കാരം സമ്മാനിക്കുന്നത്. ലോകമാന്യ തിലകന്റെ ചരമവാര്‍ഷികദിനമായ ഓഗസ്റ്റ് 1-നാണ് എല്ലാ വര്‍ഷവും ഇത് സമ്മാനിക്കുന്നത്.
പുരസ്കാരം നേടുന്ന 41-ാമത് വ്യക്തിയായിരിക്കും പ്രധാനമന്ത്രി. മറ്റുള്ളവര്‍ക്കൊപ്പം ഡോ. ശങ്കര്‍ ദയാല്‍ ശര്‍മ്മ, ശ്രീ പ്രണബ് മുഖര്‍ജി, ശ്രീ അടല്‍ ബിഹാരി വാജ്പേയി, ശ്രീമതി ഇന്ദിരാഗാന്ധി, ഡോ. മന്മോഹന് സിംഗ്, ശ്രീ എന്‍. ആര്. നാരായണ മൂര്‍ത്തി, ഡോ. ഇ. ശ്രീധരന് തുടങ്ങിയ ഉജ്ജ്വലവ്യക്തിത്വങ്ങള്‍ക്ക് മുന്‍പ് ഈ പുരസ്ക്കാരം സമ്മാനിച്ചിട്ടുണ്ട്.
–ND–