പുണെ മെട്രോ റെയില്‍ പദ്ധതി ഒന്നാം ഘട്ടത്തിനു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നല്കി. രണ്ട് ഇടനാഴികളോടുകൂടി 31.254 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ളതായിരിക്കും പദ്ധതി. 11.420 കോടി രൂപയുടേതാണു മെട്രോ റെയില്‍ ഇടനാഴി പദ്ധതി. പുണെ മെട്രോപോളിറ്റന്‍ പരിധിയിലെ 50 ലക്ഷത്തോളം പേര്‍ക്കു പദ്ധതികൊണ്ടു ഗുണമുണ്ടാകും.
വിശദമായ പദ്ധതി റിപ്പോര്‍ട്ട് പ്രകാരം ജോലി ആരംഭിച്ച് അഞ്ചു വര്‍ഷംകൊണ്ട് നിര്‍മാണം പൂര്‍ത്തിയാകും.
പുണെ മെട്രോപോളിറ്റന്‍ പ്രദേശങ്ങളില്‍ ഏറ്റവും തിരക്കുള്ള റൂട്ടുകളിലൂടെ യാത്ര ചെയ്യുന്നവര്‍ക്ക് ഉപകാരപ്പെടുംവിധമാണു മെട്രോ റെയില്‍ പദ്ധതി ആസൂത്രണംചെയ്തിട്ടുള്ളത്. ഗതാഗതത്തിരക്കു കുറയ്ക്കുന്നതും വേഗമേറിയതും സൗകര്യപ്രദവും മാലിന്യരഹിതവും ചെലവു കുറഞ്ഞതും ഏറെ പേര്‍ക്ക് ആശ്രയിക്കാവുന്നതുമായ പാത ഒരു പ്രദേശത്തിന്റെ വികസനത്തിനും അഭിവൃദ്ധിക്കും സഹായകമാകും.
മഹാരാഷ്ട്ര മെട്രോ റെയില്‍ കോര്പറേഷന് (മഹാ-മെട്രോ) ആണു പദ്ധതി നടപ്പാക്കുക. ഇന്ത്യാ ഗവണ്മെന്റിനും മഹാരാഷ്ട്ര ഗവണ്മെന്റിനും തുല്യപങ്കാളിത്തമുള്ള കമ്പനിയായിരിക്കും ഇത്. കേന്ദ്ര ഗവണ്മെന്റും മഹാരാഷ്ട്ര ഗവണ്മെന്റും പങ്കാളികളായുള്ള നാഗ്പൂര്‍ മെട്രോ റെയില്‍ കോര്പറേഷന് ലിമിറ്റഡ്, മഹാ മെട്രോ ആക്കി മാറ്റുകയാണു ചെയ്യുക. മുംബൈക്കു പുറത്തുള്ള മഹാരാഷ്ട്രയിലെ എല്ലാ മെട്രോ പദ്ധതികളുടെയും നടത്തിപ്പു ചുമതല ഈ കോര്‍പറേഷനായിരിക്കും. ഡെല്‍ഹി, ബംഗളുരു, ചെന്നൈ, കൊച്ചി, നാഗ്പൂര്‍ തുടങ്ങിയ സ്ഥലങ്ങളിലെ മെട്രോ റെയില്‍ പദ്ധതികളില്‍നിന്നു പാഠങ്ങള്‍ ഉള്‍ക്കൊണ്ടാണു പുണെ മെട്രോ പദ്ധതി നടപ്പാക്കുക.