Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഏപ്രില്‍ 14ന് പ്രധാനമന്ത്രി അസം സന്ദര്‍ശിക്കും


 

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2023 ഏപ്രില്‍ 14 ന് അസം സന്ദര്‍ശിക്കും.  ഉച്ചയ്ക്ക് ഏകദേശം12 മണിയോടെ പ്രധാനമന്ത്രി ഗുവാഹത്തി എയിംസിലെത്തി പുതുതായി നിര്‍മ്മിച്ച കാമ്പസ് പരിശോധിക്കും. തുടര്‍ന്ന് ഒരു പൊതുചടങ്ങില്‍ അദ്ദേഹം എയിംസ് ഗുവാഹത്തിയും മറ്റ് മൂന്ന് മെഡിക്കല്‍ കോളേജുകളും രാജ്യത്തിന് സമര്‍പ്പിക്കും. ആസം അഡ്വാന്‍സ്ഡ് ഹെല്‍ത്ത് കെയര്‍ ഇന്നൊവേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് (എ.എ.എച്ച്.ഐ.ഐ) തറക്കല്ലിടുകയും, അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് ആയുഷ്മാന്‍ ഭാരത് പ്രധാന്‍ മന്ത്രി ജന്‍ ആരോഗ്യ യോജന (എ.ബി-പി.എം.ജെ.എ.വൈ) കാര്‍ഡുകള്‍ വിതരണം ചെയ്തുകൊണ്ട് ആപ്‌കെ ദ്വാര്‍ ആയുഷ്മാന്‍ സംഘടിതപ്രവര്‍ത്തനത്തിന് അദ്ദേഹം സമാരംഭം കുറിയ്ക്കുകയും ചെയ്യും.
ഉച്ചകഴിഞ്ഞ് ഏകദേശം 2:15 ന് ഗുവാഹത്തിയിലെ ശ്രീമന്ത ശങ്കര്‍ദേവ് കലാക്ഷേത്രയില്‍ നടക്കുന്ന ഗുവാഹത്തി ഹൈക്കോടതിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ അടയാളപ്പെടുത്തുന്ന പരിപാടിയില്‍ പ്രധാനമന്ത്രി പങ്കെടുക്കും.

വൈകുന്നേരം 5 മണിക്ക് ഗുവാഹത്തിയിലെ സരുസജയ് സ്‌റ്റേഡിയത്തില്‍ ഒരു പൊതു ചടങ്ങിന് പ്രധാനമന്ത്രി നേതൃത്വം നല്‍കുകയും അവിടെ പതിനായിരത്തിലധികം കലാകാരന്മാരും/ ബിഹു നര്‍ത്തകര്‍ അവതരിപ്പിക്കുന്ന വര്‍ണ്ണാഭമായ ബിഹു പരിപാടിക്ക് സാക്ഷ്യം വഹിക്കുകയും ചെയ്യും. പരിപാടിയില്‍, നംരൂപിലെ 500 ടി.പി.ഡി മെഥനോള്‍ പ്ലാന്റ് കമ്മീഷന്‍ ചെയ്യല്‍, പലാഷ്ബരിയെയും സുവല്‍കുച്ചിയെയും ബന്ധിപ്പിക്കുന്ന ബ്രഹ്‌മപുത്ര നദിയില്‍ പാലത്തിന്റെ തറക്കല്ലിടല്‍; രംഗ് ഘര്‍, ശിവസാഗര്‍ എന്നിവയുടെ സൗന്ദര്യവല്‍ക്കരണത്തിനുള്ള തറക്കല്ലിടല്‍; അഞ്ച് റെയില്‍വേ പദ്ധതികള്‍ രാജ്യത്തിന് സമര്‍പ്പിക്കല്‍ ഉള്‍പ്പെടെയുള്ള നിരവധി പദ്ധതികളുടെ തറക്കല്ലിടലും രാഷ്ട്രത്തിന് സമര്‍പ്പിക്കലും പ്രധാനമന്ത്രി നിര്‍വഹിക്കും.

പ്രധാനമന്ത്രി ഗുവാഹത്തി എയിംസില്‍ 

പ്രധാനമന്ത്രി 3,400 കോടിയിലധികം മൂല്യം വരുന്ന പദ്ധതികളുടെ തറക്കല്ലിടലും രാഷ്്ട്രത്തിന് സമര്‍പ്പിക്കലും നിര്‍വഹിക്കും.

ഗുവാഹത്തി എയിംസ് പ്രവര്‍ത്തനക്ഷമമാക്കുന്നത് അസം സംസ്ഥാനത്തിനും മുഴുവന്‍ വടക്കുകിഴക്കന്‍ മേഖലയ്ക്കും ഒരു ചരിത്രപ്രധാനമായ സന്ദര്‍ഭമായി മാറും. രാജ്യത്തുടനീളമുള്ള ആരോഗ്യ അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്തണമെന്നുള്ള പ്രധാനമന്ത്രിയുടെ പ്രതിബദ്ധതയുടെ സാക്ഷ്യം കൂടിയാണിത്. ഈ ആശുപത്രിയുടെ തറക്കല്ലിടലും 2017 മെയ് മാസത്തില്‍ പ്രധാനമന്ത്രിയാണ് നിര്‍വഹിച്ചത്. 1120 കോടിയിലധികം രൂപ ചെലവഴിച്ച് നിര്‍മ്മിച്ച എയിംസ് ഗുവാഹത്തി 30 ആയുഷ് കിടക്കകള്‍ ഉള്‍പ്പെടെ 750 കിടക്കകളുള്ള അത്യാധുനിക ആശുപത്രിയാണ്. പ്രതിവര്‍ഷം 100 എം.ബി.ബി.എസ് വിദ്യാര്‍ത്ഥികളെ ഉള്‍ക്കൊള്ളാനുള്ള ശേഷിയും ഈ ആശുപത്രിക്ക് ഉണ്ടായിരിക്കും. വടക്കുകിഴക്കന്‍ മേഖലയിലെ ജനങ്ങള്‍ക്ക് ലോകനിലവാരത്തിലുള്ള ആരോഗ്യ സൗകര്യങ്ങള്‍ ആശുപത്രി ലഭ്യമാക്കും.

നല്‍ബാരിയിലെ നാല്‍ബാരി മെഡിക്കല്‍ കോളേജ്, നാഗോണിലെ നാഗോണ്‍ മെഡിക്കല്‍ കോളേജ്, കോക്രജാറിലെ കൊക്രജാര്‍ മെഡിക്കല്‍ കോളേജ് എന്നീ മൂന്ന് മെഡിക്കല്‍ കോളേജുകളും പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും. യഥാക്രമം 615 കോടി, 600 കോടി, 535 കോടി രൂപ മുതല്‍മുടക്കിലാണ് ഇവ നിര്‍മ്മിച്ചത്. അടിയന്തര സേവനങ്ങള്‍, ഐ.സി.യു സൗകര്യങ്ങള്‍, ഒ.ടി (ഓപ്പറേഷന്‍ തീയേറ്റര്‍), രോഗനിര്‍ണ്ണയ സൗകര്യങ്ങള്‍ എന്നിവ ഉള്‍പ്പെടെ ഒ.പി.ഡി/ഐ.പി.ഡി സേവനങ്ങളോടുകൂടിയ 500 കിടക്കകളുള്ള അദ്ധ്യാപക ആശുപത്രികളും ഓരോ മെഡിക്കല്‍ കോളേജിനോടും കൂട്ടിച്ചേര്‍ത്തിട്ടുമുണ്ട്. ഓരോ മെഡിക്കല്‍ കോളേജിനും പ്രതിവര്‍ഷം 100 എം.ബി.ബി.എസ് വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കുന്നതിനുള്ള ശേഷിയും ഉണ്ടായിരിക്കും.
ആപ്‌കെ ദ്വാര ആയുഷ്മാന്‍ സംഘടിതപ്രവര്‍ത്തനത്തിന് പ്രധാനമന്ത്രി ഔപചാരികമായ സമാരംഭം കുറിയ്ക്കുന്നതോടെ ക്ഷേമപദ്ധതികളുടെ 100 ശതമാനവും പരിപൂര്‍ണ്ണമായി എല്ലാ ഗുണഭോക്താക്കളിലേക്കും എത്തിച്ചേരുന്നുവെന്നത് ഉറപ്പാക്കണമെന്ന അദ്ദേഹത്തിന്റെ കാഴ്ചപ്പാട് സാക്ഷാത്കരിക്കുന്നതിലേക്കുള്ള ഒരു ചുവടുവയ്പ്പകൂടിയാണ്. മൂന്ന് ഗുണഭോതൃ പ്രതിനിധികള്‍ക്ക് ആയുഷ്മാന്‍ ഭാരത് പ്രധാന്‍ മന്ത്രി ജന്‍ ആരോഗ്യ യോജന (എ.ബി-പി.എം.ജെ.എ.വൈ) കാര്‍ഡുകള്‍ പ്രധാനമന്ത്രി വിതരണം ചെയ്യും, തുടര്‍ന്ന് സംസ്ഥാനത്തെ എല്ലാ ജില്ലകളിലുമായി ഏകദേശം 1.1 കോടി എബി-പി.എം.ജെ.എ.വൈ കാര്‍ഡുകള്‍ വിതരണം ചെയ്യും.

ആസം അഡ്വാന്‍സ്ഡ് ഹെല്‍ത്ത് കെയര്‍ ഇന്നൊവേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ (എ.എ.എച്ച്.ഐ.ഐ) ശിലാസ്ഥാപനം ആരോഗ്യവുമായി ബന്ധപ്പെട്ട മേഖലകളില്‍ ഃആത്മനിര്‍ഭര്‍ ഭാരത്’, ‘മേക്ക് ഇന്‍ ഇന്ത്യ’ എന്നിവ സാക്ഷാത്കരിക്കുന്നതിനുള്ള പ്രധാനമന്ത്രിയുടെ വീക്ഷണത്തിലേക്കുള്ള ഒരു ചുവടുവയ്പ്പായിരിക്കും. രാജ്യത്ത് ആരോഗ്യ പരിപാലനത്തിന് ഉപയോഗിക്കുന്ന ഭൂരിഭാഗം സാങ്കേതികവിദ്യകളും ഇറക്കുമതി ചെയ്തതും വ്യത്യസ്തമായ പശ്ചാത്തലത്തില്‍ വികസിപ്പിച്ചതുമാണ്, അവ ഇന്ത്യന്‍ പരിതസ്ഥിതിയില്‍ പ്രവര്‍ത്തിപ്പിക്കാന്‍ വളരെ ചെലവേറിയതും സങ്കീര്‍ണ്ണവുമാണ്. ഇത്തരമൊരു പശ്ചാത്തലത്തിലാണ് എ.എ.എച്ച്.ഐ.ഐ വിഭാവനം ചെയ്തിരിക്കുന്നത്, നമ്മുടെ സ്വന്തം പ്രശ്‌നങ്ങള്‍ക്ക് നമ്മള്‍ തന്നെ പരിഹാരം കണ്ടെത്തുന്ന രീതിയില്‍ ഇത് പ്രവര്‍ത്തിക്കും. ഏകദേശം 546 കോടി രൂപ ചെലവഴിച്ചാണ് എ.എ.എച്ച്.ഐ.ഐ നിര്‍മ്മിക്കുന്നത്, വൈദ്യശാസ്ത്രത്തിലും ആരോഗ്യ സംരക്ഷണത്തിലും അത്യാധുനിക കണ്ടുപിടുത്തങ്ങള്‍ക്കും ഗവേഷണ-വികസനത്തിനും സൗകര്യമൊരുക്കുക, ആരോഗ്യ സംബന്ധമായ രാജ്യത്തിന്റെ സവിശേഷമായ പ്രശ്‌നങ്ങള്‍ തിരിച്ചറിയുകയും ആ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള പുതിയ സാങ്കേതികവിദ്യകളുടെ വികസനം പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന രീതിയിലാണ് ഇത് വിഭാവനം ചെയ്തിരിക്കുന്നതും.

പ്രധാനമന്ത്രി ശ്രീമന്ത ശങ്കര്‍ദേവ് കലാക്ഷേത്രയില്‍

ഗുവാഹത്തി ഹൈക്കോടതിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായുള്ള പരിപാടിയില്‍ പ്രധാനമന്ത്രി പങ്കെടുക്കും.

പരിപാടിയില്‍ അസം പൊലീസ് രൂപകല്‍പ്പന ചെയ്ത ‘അസം കോപ്’ എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ പ്രധാനമന്ത്രി പുറത്തിറക്കും. ക്രൈം ആന്റ് ക്രിമിനല്‍ നെറ്റ്‌വര്‍ക്ക് ട്രാക്കിംഗ് സിസ്റ്റത്തിന്റെ (സി.സി.ടി.എന്‍.എസ്) ഡാറ്റാബേസില്‍ നിന്നും വാഹന്‍ ദേശീയ രജിസ്റ്ററില്‍ നിന്നും പ്രതികളേയും വാഹനങ്ങളേയും തിരയുന്നതിന് ആപ്പ് സൗകര്യമൊരുക്കും.

ഗുവാഹത്തി ഹൈക്കോടതി 1948-ലാണ് സ്ഥാപിതമായത്. 2013 മാര്‍ച്ചില്‍, മണിപ്പൂര്‍, മേഘാലയ തൃപുര എന്നീ സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക ഹൈക്കോടതികള്‍ രൂപീകരിക്കുന്നതുവരെ, അസം, നാഗാലാന്‍ഡ്, മണിപ്പൂര്‍, മേഘാലയ, മിസോറാം, ത്രിപുര, അരുണാചല്‍ പ്രദേശ് എന്നീ ഏഴ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ പൊതു കോടതിയായി പ്രവര്‍ത്തിച്ചത് അസം ഹൈക്കോടതിയാണ്. നിലവില്‍ അസം, നാഗാലാന്‍ഡ്, മിസോറാം, അരുണാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ ഗുവാഹത്തി ഹൈക്കോടതിയുടെ അധികാരപരിധിയിലാണ്. നിലവില്‍ ഗുവാഹത്തിയില്‍ പ്രിന്‍സിപ്പല്‍ ബഞ്ചും പിന്നെ കൊഹിമ (നാഗാലാന്‍ഡ്), ഐസ്വാള്‍ (മിസോറാം), ഇറ്റാനഗര്‍ (അരുണാചല്‍ പ്രദേശ്) എന്നിവിടങ്ങളില്‍ മൂന്ന് സ്ഥിരം ബെഞ്ചുകളും ഇതിനുണ്ട്.

പ്രധാനമന്ത്രി സരുസജയ് സേ്റ്റഡിയത്തില്‍

10,900 കോടിയിലധികം രൂപയുടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിക്കും.

പലാഷ്ബരിയെയും സുവല്‍കുച്ചിയെയും ബന്ധിപ്പിക്കുന്ന ബ്രഹ്‌മപുത്ര നദിയിലെ പാലത്തിന്റെ തറക്കല്ലിടല്‍ പ്രധാനമന്ത്രി നിര്‍വഹിക്കും. പാലം മേഖലയില്‍ വളരെ അനിവാര്യമായ ബന്ധിപ്പിക്കല്‍ നല്‍കും. ദിബ്രുഗഡിലെ നംരൂപില്‍ 500 ടി.പി.ഡി മെഥനോള്‍ പ്ലാന്റ് അദ്ദേഹം കമ്മീഷന്‍ ചെയ്യും. മേഖലയിലെ വിവിധ ഭാഗങ്ങളുടെ ഇരട്ടിപ്പിക്കലും വൈദ്യുതീകരണവും ഉള്‍പ്പെടെ അഞ്ച് റെയില്‍വേ പദ്ധതികളുടെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിക്കും.

ഡിഗാരു – ലുംഡിംഗ് വിഭാഗം; ഗൗരിപൂര്‍ – അഭയപുരി വിഭാഗം; ന്യൂ ബോംഗൈഗാവ് – ധുപ് ധാരാ വിഭാഗത്തിന്റെ ഇരട്ടിപ്പിക്കല്‍; റാണിനഗര്‍ -ജല്‍പായ്ഗുരി – ഗുവാഹത്തി വിഭാഗത്തിന്റെ വൈദ്യുതീകരണം; സെഞ്ചോവ – സില്‍ഘാട്ട് ടൗണ്‍, സെഞ്ചോവ – മൈരാബാരി വിഭാഗം എന്നിവയുടെ വൈദ്യുതീകരണം. എന്നിവയൊക്കെ ഉദ്ഘാടനം ചെയ്യുന്ന റെയില്‍വേ പദ്ധതികളില്‍ ഉള്‍പ്പെടുന്നു.

ശിവസാഗറിലെ രംഗ് ഘറിന്റെ സൗന്ദര്യവല്‍ക്കരണത്തിനുള്ള പദ്ധതിക്കും പ്രധാനമന്ത്രി തറക്കല്ലിടും, ഇത് സ്ഥലത്തെ വിനോദസഞ്ചാര സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കും. ഒരു വലിയ ജലാശയത്തിന് ചുറ്റും നിര്‍മ്മിക്കുന്ന ഫൗണ്ടന്‍-ഷോ, അഹോം രാജവംശത്തിന്റെ ചരിത്രം പ്രദര്‍ശിപ്പിക്കല്‍, സാഹസിക ബോട്ട് സവാരികള്‍ക്കുവേണ്ട ജെട്ടിയുള്ള ബോട്ട് ഹൗസ്, പ്രാദേശിക കരകൗശല വസ്തുക്കള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള കരകൗശല ഗ്രാമം, ഭക്ഷണപ്രിയര്‍ടക്കായി വൈവിദ്ധ്യമാര്‍ന്ന വംശീയ പാചകരീതികള്‍ തുടങ്ങിയ സൗകര്യങ്ങള്‍ രംഗ് ഘര്‍ സൗന്ദര്യവല്‍ക്കരണ പദ്ധതിയിലൂടെ ലഭ്യമാക്കും. അഹോം സംസ്‌കാരങ്ങളെയും പാരമ്പര്യങ്ങളെയും ചിത്രീകരിക്കുന്ന ഏറ്റവും പ്രശസ്തമായ ഘടനയാണ് ശിവസാഗറില്‍ സ്ഥിതി ചെയ്യുന്ന രംഗ് ഘര്‍. പതിനെട്ടാം നൂറ്റാണ്ടില്‍ അഹോം രാജാവായ സ്വര്‍ഗദേവ് പ്രമത്ത സിംഹയാണ് ഇത് നിര്‍മ്മിച്ചത്.

അസമീസ് ജനതയുടെ സാംസ്‌കാരിക സ്വത്വത്തിന്റെയും ജീവിതത്തിന്റെയും പ്രതീകമായി അസമിലെ ബിഹു നൃത്തം ആഗോളതലത്തില്‍ പ്രദര്‍ശിപ്പിക്കുന്നതിനായി സംഘടിപ്പിച്ച മെഗാ ബിഹു നൃത്തത്തിനും പ്രധാനമന്ത്രി സാക്ഷ്യം വഹിക്കും. ഈ പരിപാടിയില്‍ 10,000-ലധികം കലാകാരന്മാര്‍/ബിഹു കലാകാരന്മാര്‍ ഒരു വേദിയില്‍ അണിനിരക്കും, മാത്രമല്ല, ഒരൊറ്റ വേദിയില്‍ ലോകത്തിലെ ഏറ്റവും വലിയ ബിഹു നൃത്ത പ്രകടനമെന്ന വിഭാഗത്തില്‍ ഒരു പുതിയ ഗിന്നസ് ലോക റെക്കോര്‍ഡിനും ശ്രമിക്കും. സംസ്ഥാനത്തെ 31 ജില്ലകളിലെ കലാകാരന്മാര്‍ ഇതില്‍ അണിനിരക്കും.

ND