ആദരണീയരേ,
ബഹുമാനപ്പെട്ട മന്ത്രി ശ്രീ. ഹാർബേഴ്സ്;
ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറലിന്റെ പ്രത്യേക പ്രതിനിധി, മിസ്. മാമി മിസുറ്റോറി;
ബഹുമാനപ്പെട്ട ഡെപ്യൂട്ടി മന്ത്രി ഡോ. ജാതി,
സഖ്യാംഗങ്ങളിൽ നിന്നുള്ള പ്രതിനിധികളേ, ലോകമെമ്പാടും നിന്നുള്ള ആദരണീയരായ പ്രതിനിധികളേ;
മഹതികളെ മഹാന്മാരേ;
നമസ്കാരം!
ദുരന്തനിവാരണ അടിസ്ഥാനസൗകര്യങ്ങളുമായി ബന്ധപ്പെട്ട അഞ്ചാമത് അന്താരാഷ്ട്ര സമ്മേളനത്തിൽ നിങ്ങൾക്കൊപ്പം ഇവിടെയെത്താൻ കഴിഞ്ഞതിൽ ഞാൻ സന്തുഷ്ടനാണ്. കഴിഞ്ഞ അഞ്ചുവർഷമായി, ഐസിഡിആർഐയും സമാനമായ മറ്റു വേദികളും ദുരന്തനിവാരണ അടിസ്ഥാനസൗകര്യങ്ങളെക്കുറിച്ചുള്ള ചർച്ചകൾ സുസ്ഥിരമാക്കുകയും വിപുലീകരിക്കുകയും ചെയ്തിട്ടുണ്ട്.
ഇത് ഇനി പ്രത്യേക വിഷയമല്ല. ഇത് ആഗോളവും ദേശീയവുമായ വികസന വ്യവഹാരത്തിന്റെ കേന്ദ്രഘട്ടത്തിൽ എത്തിയിരിക്കുന്നു.
കഴിഞ്ഞ കുറച്ചു വർഷങ്ങളായി, ഈ പ്രശ്നത്തിൽ വലിയതോതിൽ നാം ചർച്ചകൾ നടത്തിയിട്ടുണ്ട്. ആധുനിക അടിസ്ഥാനസൗകര്യ സംവിധാനങ്ങൾ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. ഈ സംവിധാനങ്ങളുടെ അതിജീവനശേഷി ഉറപ്പുവരുത്തുന്നതോടൊപ്പം ഈ സേവനങ്ങളിലേക്ക് ഒരിക്കലും പ്രവേശനം ലഭിച്ചിട്ടില്ലാത്ത ദശലക്ഷക്കണക്കിനുപേർക്ക് അതിവേഗം അടിസ്ഥാനസൗകര്യ സേവനങ്ങൾ നൽകുകയും വേണം. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന സാമൂഹ്യ- സാമ്പത്തിക- പ്രകൃതിദത്ത വ്യവസ്ഥിതികൾക്കു നടുവിലാണ് ഇതു കൈവരിക്കേണ്ടത്.
ഈ സംവാദത്തിന്റെ സ്വാഭാവിക പുരോഗതി, പ്രശ്നം വിവരിക്കുന്നതിനപ്പുറം പരിഹാരം കണ്ടെത്തുന്നതിലേക്കു പോകുക എന്നതാണ്.
സിഡിആർഐയുടെ വാർഷിക സമ്മേളനത്തിന്റെ ഈ പതിപ്പ്, പരിഹാരങ്ങൾ തേടുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചതിന് അവരെ അഭിനന്ദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.
എന്റെ കാഴ്ചപ്പാടിൽ, പ്രതിവിധികൾക്കായുള്ള നമ്മുടെ അന്വേഷണത്തെ പിന്തുണയ്ക്കേണ്ട അഞ്ചു വിഷയങ്ങൾ ഞാൻ എടുത്തുപറയട്ടെ:
ഒന്നാമതായി, വ്യവസ്ഥാപിത ചിന്തകൾ ഉൾക്കൊള്ളുന്ന ആധുനിക സ്ഥാപനങ്ങളാണു വിജയത്തിന് ഏറ്റവും പ്രധാനപ്പെട്ട മുൻകരുതൽ എന്നു നാം തിരിച്ചറിയണം. 21-ാം നൂറ്റാണ്ടിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ 20-ാം നൂറ്റാണ്ടിലെ വ്യവസ്ഥാപിത സമീപനങ്ങൾ നമുക്ക് ഉപയോഗിക്കാനാകില്ല. ഇത് ഉദാഹരണത്തിലൂടെ വ്യക്തമാക്കാം. ബഹുതല സമ്പർക്കസൗകര്യത്തിനായുള്ള ഇന്ത്യയുടെ ദേശീയ ആസൂത്രണപദ്ധതി (പ്രധാനമന്ത്രി ഗതി ശക്തി) എന്നതു കൂടുതൽ സമഗ്രവും സംയോജിതവുമായ പദ്ധതികളുടെ ആസൂത്രണത്തിനായി ഇന്ത്യാഗവൺമെന്റിന്റെ പ്രസക്തമായ എല്ലാ മന്ത്രാലയങ്ങളെയും വകുപ്പുകളെയും സംസ്ഥാന ഗവൺമെന്റുകളെയും ഒരുമിച്ചു കൊണ്ടുവരുന്ന സവിശേഷമായ ആശയപരവും പ്രവർത്തനപരവുമായ ചട്ടക്കൂടാണ്.
റോഡ്, റെയിൽവേ, വ്യോമപാതകൾ, ജലപാതകൾ എന്നിവയുടെ മന്ത്രാലയങ്ങളെ പരസ്പരം ബന്ധിപ്പിക്കുക എളുപ്പമല്ല – ഓരോന്നിനും നൂറോ അതിലധികമോ സ്ഥാപനങ്ങളും പ്രവർത്തനങ്ങൾ നടത്താനുള്ള വഴികളും ഉണ്ട്. എന്നാൽ ഭാവിക്കു സജ്ജമായ സ്ഥാപനങ്ങൾ കെട്ടിപ്പടുക്കുന്നതിനുള്ള കഠിനാധ്വാനം കൂടാതെ, ദീർഘകാലാടിസ്ഥാനത്തിൽ നമുക്കു കാര്യക്ഷമതയോ അതിജീവനശേഷിയോ നേടാൻ കഴിയില്ല. ചുരുക്കത്തിൽ, സാങ്കേതിക നവീകരണം പോലെ വ്യവസ്ഥാപിത നവീകരണത്തിലും നാം കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണം.
രണ്ടാമതായി, നമ്മുടെ അടിസ്ഥാനസൗകര്യ സംവിധാനങ്ങളിലെ വിവിധ അവസരങ്ങളെക്കുറിച്ചു നാം ശ്രദ്ധാപൂർവം ചിന്തിക്കേണ്ടതുണ്ട്. ഒന്നിലധികം പരിവർത്തനങ്ങൾക്കിടയിൽ, ആവർത്തന സമീപനം പിന്തുടരാനും ഉയർന്നുവരുന്ന സാഹചര്യങ്ങളോടു പ്രതികരിക്കാനും നമുക്കു കഴിയണം. ഭാവി അനിശ്ചിതത്വത്തിലാണെങ്കിൽ, കാര്യങ്ങൾ ചെയ്യുന്നതിനുള്ള ഒരുമാർഗത്തിൽ മാത്രം നമുക്കു നമ്മെ പൂട്ടിയിടാൻ കഴിയില്ല.
മൂന്നാമതായി, നമ്മുടെ സ്ഥാപനങ്ങളെ നവീകരിക്കുന്നതിനും വേഗതയേറിയ കാൽവയ്പുകൾക്കും ലോകത്തിന് – തെക്കായാലും വടക്കായാലും – നിലവിൽ ലഭ്യമല്ലാത്ത തരത്തിലുള്ള കഴിവുകൾ ആവശ്യമാണ്. തങ്ങളുടെ വിഷയങ്ങളിൽ ആഴത്തിൽ മുഴുകിയിരിക്കുന്ന, എന്നാൽ ഒന്നിലധികം വൈവിധ്യമാർന്ന വിഷയങ്ങളുടെ ഇടയിൽ പ്രവർത്തിക്കാൻ സൗകര്യപ്രദമായ പ്രൊഫഷണലുകളെ നമുക്ക് ആവശ്യമാണ്.
സാമൂഹ്യവും സാമ്പത്തികവുമായ ആശങ്കകൾ മനസ്സിലാക്കുന്ന എൻജിനിയർമാരെയും സാങ്കേതികവിദ്യയുടെ വാഗ്ദാനം വിലമതിക്കുന്ന സാമൂഹ്യശാസ്ത്രജ്ഞരെയും നമുക്ക് ആവശ്യമാണ്. ഇക്കാര്യത്തിൽ, അതിജീവനശേഷിയുള്ള അടിസ്ഥാനസൗകര്യത്തിനായി വൈവിധ്യമാർന്ന അക്കാദമിക ശൃംഖല ആരംഭിക്കുന്നതിനുള്ള സിഡിആർഐ സംരംഭത്തിനു നിർണായക പങ്കു വഹിക്കാനാകും.
നാലാമതായി, വടക്ക്-തെക്ക്, തെക്ക്-തെക്ക്, വടക്ക്-വടക്ക് വിനിമയം സുഗമമാക്കാൻ നാം ആഗ്രഹിക്കുമ്പോൾ, അടിസ്ഥാനസൗകര്യ സേവനങ്ങളുടെ വലിയൊരു ഭാഗം തെക്കുഭാഗത്തേക്ക് എത്തിക്കേണ്ടതുണ്ട്. അതിനാൽ, പ്രതിവിധികൾക്കായുള്ള നമ്മുടെ അന്വേഷണത്തിൽ, വളർന്നുവരുന്ന സമ്പദ്വ്യവസ്ഥകൾക്കു താങ്ങാനാകുന്ന വിലയിലും തോതിലും സുസ്ഥിരതയിലും നാം ശ്രദ്ധ കേന്ദ്രീകരിക്കണം.
അവസാനമായി, കൂടുതൽ അംഗീകരിക്കപ്പെടുന്നതുപോലെ, ഭൗതിക ആസ്തികൾ സൃഷ്ടിക്കുന്നതിൽനിന്നു വ്യത്യസ്തമായി, ജനങ്ങൾക്കു വിശ്വസനീയമായ അടിസ്ഥാനസൗകര്യ സേവനങ്ങളുടെ അടിസ്ഥാനത്തിൽ ഫലങ്ങൾ അളക്കേണ്ടതു പ്രാധാന്യമർഹിക്കുന്നു.
ചുരുക്കത്തിൽ, നമ്മുടെ സ്ഥാപനങ്ങളെ നവീകരിക്കുന്നതിലും വൈവിധ്യമാർന്ന അവസരങ്ങൾ നിലനിർത്തുന്നതിലും വൈവിധ്യമാർന്ന ശേഷി സൃഷ്ടിക്കുന്നതിലും വളർന്നുവരുന്ന സമ്പദ്വ്യവസ്ഥകൾക്കായി പ്രവർത്തിക്കുന്നതിലും ജനങ്ങളെ കേന്ദ്രസ്ഥാനത്തു നിർത്തുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുകയാണെങ്കിൽ, നമ്മുടെ ഭാവി തലമുറകൾക്കായി അതിജീവനശേഷിയുള്ള അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കാൻ നമുക്കു കഴിയും.
സങ്കീർണമായ വെല്ലുവിളികളും അനിശ്ചിതത്വങ്ങളും നിറഞ്ഞ അഭൂതപൂർവമായ കാലഘട്ടത്തിലാണു നാം ജീവിക്കുന്നത്. അതേ സമയം സമാനതകളില്ലാത്ത സാധ്യതകളും നമുക്കുണ്ട്. പുനരുജ്ജീവനവിഷയങ്ങളിൽ ആഗോളതലത്തിൽ ഗതിവേഗമുണ്ട്.
ദുരന്തസാധ്യത കുറയ്ക്കുന്ന വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനു കഴിഞ്ഞയാഴ്ചയാണു ജി20 രാജ്യങ്ങൾ ആദ്യമായി യോഗം ചേർന്നത്. രണ്ടു മാസത്തിനുള്ളിൽ സെൻഡായി ചട്ടക്കൂടിന്റെ പുരോഗതി ചർച്ച ചെയ്യാൻ യുഎൻ ഉന്നതതല രാഷ്ട്രീയ ഫോറം വിളിച്ചുചേർക്കും.
ഇതൊരു മഹത്തായ അവസരത്തിന്റെ വേളയാണ്. നമുക്കതിൽ നിന്നു പ്രയോജനം നേടാം.
നന്ദി!
ND
***