Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി ജപ്പാന്‍ സന്ദര്‍ശന വേളയില്‍ നടത്തിയ ഇന്ത്യാ – ജപ്പാന്‍ സംയുക്ത പ്രസ്താവന.


 

  1. ജപ്പാന്‍ പ്രധാനമന്ത്രി ബഹുമാനപ്പെട്ട ശ്രീ. ഷിന്‍സോ ആബേയുടെ ക്ഷണപ്രകാരം ഇന്ത്യന്‍ പ്രധാനമന്ത്രി ബഹുമാനപ്പെട്ട ശ്രീ. നരേന്ദ്ര മോദി ജപ്പാന്‍ ഔദ്യോഗിക സന്ദര്‍ശനത്തിലാണ്. 2015 ഡിസംബര്‍ 12നു രൂപപ്പെടുത്തിയ ‘ഇന്ത്യ-ജപ്പാന്‍ വിഷന്‍ 2025’ എന്ന സവിശേഷവും തന്ത്രപരവുമായ ആഗോളപങ്കാളിത്തപദ്ധതി ഇരുപ്രധാനമന്ത്രിമാരും 2016 നവംബര്‍ 11ന് അവലോകനം ചെയ്തു. 2014 ഓഗസ്റ്റ്-സെപ്റ്റംബറില്‍ പ്രധാനമന്ത്രി മോദി ജപ്പാന്‍ സന്ദര്‍ശിച്ചതുമുതല്‍ ഉഭയകക്ഷി ബന്ധത്തില്‍ ഗണ്യമായ പുരോഗതി ഉണ്ടായിട്ടുണ്ടെന്ന് ഇരുവരും നിരീക്ഷിച്ചു.

 

പങ്കാളിത്തത്തിലെ സൃഷ്ടിപരമായ സഹകരണം

 

  1. ഇരു രാജ്യങ്ങളിലും പൊതുവായിട്ടുള്ള ബുദ്ധ മതം ഉള്‍പ്പെടെയുള്ള ആഴമേറിയ സാംസ്‌കാരിക ബന്ധത്തെ അംഗീകരിച്ച പ്രധാനമന്ത്രിമാര്‍, സമാധാനപരമായ സഹവര്‍ത്തിത്വത്തിനു ജനാധിപത്യവും സുതാര്യതയും നിയമസംവിധാനവും അംഗീകരിച്ചു പ്രവര്‍ത്തിക്കുകയാണു വേണ്ടതെന്ന ഇന്ത്യയുടെയും ജപ്പാന്റെയും പ്രതിജ്ഞാബദ്ധത ഉയര്‍ത്തിക്കാട്ടി. ദീര്‍ഘകാല പങ്കാളിത്തത്തിന് അടിസ്ഥാനം പകരത്തക്കവിധം അനുയോജ്യമാണ് ഇരു രാജ്യങ്ങള്‍ക്കും രാഷ്ട്രീയ, സാമ്പത്തിക, തന്ത്രപ്രധാന രംഗങ്ങളിലുള്ളതെന്നത് ഇരുവരും സ്വാഗതം ചെയ്തു.

 

  1. ലോകത്തിന്റെ പുരോഗതി നിര്‍ണയിക്കുന്നതില്‍ ഇന്‍ഡോ-പസഫിക് മേഖലയ്ക്കുള്ള പ്രാധാന്യം വര്‍ധിച്ചുവരുന്നു എന്നതിനു പ്രധാനമന്ത്രിമാര്‍ വളരെ പ്രാധാന്യം കല്‍പിച്ചു. മേഖലയുടെ ബഹുസ്വരതയും എല്ലാവരെയും ഉള്‍ച്ചേര്‍ത്തുള്ള വളര്‍ച്ചയുടെ അനിവാര്യതയും മാനിക്കപ്പെടേണ്ടതാണെന്നു വിലയിരുത്തിയതിനൊപ്പം ജനാധിപത്യം, സമാധാനം, നിയമവ്യവസ്ഥ, സഹിഷ്ണുത എന്നീ അടിസ്ഥാനമൂല്യങ്ങള്‍ ഉയര്‍ത്തിക്കാണിക്കുകയും ചെയ്തു. ‘ആക്റ്റ് ഈസ്റ്റ് പോളിസി’ അനുസരിച്ചു പ്രധാനമന്ത്രി ശ്രീ. മോദി നടത്തുന്ന സജീവ ഇടപെടലിനെ അഭിനന്ദിച്ച ജപ്പാന്‍ പ്രധാനമന്ത്രി ശ്രീ. ആബേ ‘സ്വതന്ത്രവും തുറന്നതുമായ ഇന്‍ഡോ-പസഫിക് നയം’ വിശദീകരിച്ചുനല്‍കുകയും ചെയ്തു. ഈ നയപ്രകാരം മേഖലയില്‍ ജപ്പാന്‍ നടത്തുന്ന ഇടപെടലുകളെ പ്രധാനമന്ത്രി ശ്രീ. മോദിയും സ്വാഗതം ചെയ്തു. ഈ രംഗത്തു കൂടുതല്‍ ആഴത്തിലുള്ള ഉഭയകക്ഷി സഹകണത്തിനു സാധ്യതയുണ്ടെന്ന് ഇരുവരും വിലയിരുത്തി.

 

  1. ഇന്‍ഡോ-പസഫിക് മേഖലയുടെ സമഗ്ര പുരോഗതിക്ക് ഏഷ്യയും ആഫ്രിക്കയുമായുള്ള കണക്റ്റിവിറ്റി മെച്ചപ്പെടുത്തേണ്ടത് അനിവാര്യമാണെന്നും പ്രധാനമന്ത്രിമാര്‍ വിലയിരുത്തി. ഇന്ത്യയുടെ ‘ആക്റ്റ് ഈസ്റ്റ് പോളിസി’യും ജപ്പാന്റെ ‘എക്‌സ്റ്റെന്‍ഡെഡ് പാര്‍ട്ണര്‍ഷിപ് ഫോര്‍ ക്വാളിറ്റി ഇന്‍ഫ്രാസ്ട്രക്ചറും’ ഇരു രാജ്യങ്ങളും ഇന്‍ഡോ-പസഫിക് മേഖലയ്ക്കായി നടത്തുന്ന പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കാന്‍ ഉപയോഗപ്പെടുത്തുന്നതിനൊപ്പം മറ്റു പങ്കാളികളെ കൂടി ഉള്‍പ്പെടുത്തുന്നതിനും ഉപയോഗപ്പെടുത്താന്‍ തീരുമാനിച്ചു. ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ പരസ്പര വിശ്വാസത്തോടെ വ്യാവസായിക ശൃംഖലകള്‍ കെട്ടിപ്പടുക്കാനും മേഖലാതല ഏകോപനത്തിനും ഇതു ഗുണകരമാകും.

 

  1. ആഗോള നയങ്ങളില്‍ സങ്കീര്‍ണത വര്‍ധിക്കുകയും പരസ്പരം ആശ്രയിക്കേണ്ടിവരുന്ന സാഹചര്യം വര്‍ധിച്ചുവരുകയും ചെയ്യുകയാണെന്നിരിക്കെ, കാലാവസ്ഥാ വ്യതിയാനം, ഭീകരവാദത്തെ ഹിംസാത്മകമായ തീവ്രവാദത്തെയും എതിരിടല്‍, സുരക്ഷാ കൗണ്‍സില്‍ ഉള്‍പ്പെടെ ഐക്യരാഷ്ട്രസഭ പുനഃസംഘടിപ്പിക്കല്‍, രാജ്യാന്തര സംവിധാനം നിയമത്തിനു വിധേയമാക്കല്‍ എന്നീ ആഗോള വെല്ലുവിളികളെ നേരിടുന്ന കാര്യത്തില്‍ നിര്‍ണായകമായ ഇടം നേടിയെടുക്കാനും സഹകരിച്ചുപ്രവര്‍ത്തിക്കാനും തീരുമാനിച്ചു.

 

  1. മൂലധനം, കണ്ടുപിടിത്തങ്ങള്‍, സാങ്കേതികവിദ്യ എന്നീ മേഖലകളില്‍ ജപ്പാനുള്ള മികവും വളരെയധികം വളര്‍ച്ച നേടിക്കൊണ്ടിരിക്കുന്ന ഇന്ത്യയില്‍ ലഭ്യമായിട്ടുള്ള വിലയേറിയ മനുഷ്യവിഭവശേഷിയും സാമ്പത്തിക സാധ്യതകളും മുന്‍നിര്‍ത്തി സാങ്കേതികവിദ്യ, ബഹിരാകാശപഠനം, മാലിന്യമുക്ത ഊര്‍ജം, ഊര്‍ജമേഖലാ വികസനം, അടിസ്ഥാന സൗകര്യ വികസനം, സ്മാര്‍ട് സിറ്റികള്‍, ബയോ ടെക്‌നോളജി, ഔഷധങ്ങള്‍, വിവരസാങ്കേതികവിദ്യാ ആശയ വിനിമയ സാങ്കേതിക സങ്കേതങ്ങള്‍ എന്നീ മേഖലകളിലും വിദ്യാഭ്യാസം, നൈപുണ്യ വികസനം എന്നിവയിലും സഹകരണം വര്‍ധിപ്പിക്കുകവഴി സവിശേഷവും തന്ത്രപ്രധാനവുമായ ആഗോള പങ്കാളിത്തം ആഴമേറിയതും കരുത്താര്‍ന്നതും ആക്കിത്തീര്‍ക്കേണ്ടതിന്റെ ആവശ്യകതയ്ക്ക് ഇരു പ്രധാനമന്ത്രിമാരും അടിവരയിട്ടു.

 

സുരക്ഷിതവും സുസ്ഥിരവുമായ ലോകത്തിനായി കരുത്തുറ്റ പങ്കാളിത്തം കെട്ടിപ്പടുക്കല്‍

 

  1. ഇന്‍ഡോ-പസഫിക് മേഖലയുടെ സുരക്ഷിതത്വവും അഭിവൃദ്ധിയും ഉറപ്പാക്കുന്നതില്‍ ഇന്ത്യക്കും ജപ്പാനുമുള്ള പങ്കിന് അടിവരയിട്ട പ്രധാനമന്ത്രിമാര്‍ സുരക്ഷാ, പ്രതിസോധ സഹകരണം ശക്തമാക്കേണ്ടതുണ്ടെന്നു വിലയിരുത്തി. പ്രതിരോധ സാമഗ്രികളുടെയും സാങ്കേതികവിദ്യയുടെയും കൈമാറ്റത്തിനും രഹസ്യസ്വഭാവമുള്ള സൈനിക വിവരങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതുള്ള സാങ്കേതികവിദ്യയുടെ കൈമാറ്റത്തിനുമുള്ള പ്രതിരോധ ചട്ടക്കൂട് സംബന്ധിച്ച കരാറുകള്‍ പ്രാബല്യത്തില്‍ വന്നതിനെ ഇരുവരും സ്വാഗതം ചെയ്തു. പ്രതിരോധ സാമഗ്രികളുടെയും സാങ്കേതികവിദ്യയുടെയും കാര്യത്തില്‍ പരസ്പര സഹകരണത്തിനും സാങ്കേതികവിദ്യാ കൈമാറ്റത്തിനുമായുള്ള സംയുക്ത വര്‍ക്കിങ് ഗ്രൂപ്പിലൂടെ ഉള്‍പ്പെടെ പ്രതിരോധ സാമഗ്രികളും സാങ്കേതികവിദ്യയും സഹകരിച്ചു വികസിപ്പിച്ചെടുക്കുന്നതിനും ഉല്‍പാദിപ്പിക്കുന്നതിനും പ്രാധാന്യം കല്‍പിക്കേണ്ടതുണ്ടെന്നും വിലയിരുത്തി.

 

  1. ന്യൂഡെല്‍ഹിയില്‍ സംഘടിപ്പിക്കപ്പെട്ട വാര്‍ഷിക പ്രതിരോധമന്ത്രിതല ചര്‍ച്ചയുടെ വിജയത്തെയും മലബാര്‍ നാവിക പ്രകടനത്തിലും വിശാഖപട്ടണത്തുള്ള രാജ്യാന്തര കപ്പല്‍ പ്രദര്‍ശനത്തിലുമുള്ള ജപ്പാന്റെ സ്ഥിരംപങ്കാളിത്തത്തെയും ഇരുവരും അഭിനന്ദിച്ചു. ‘2+2’ ചര്‍ച്ചകളിലൂടെയും പ്രതിരോധ നയ ചര്‍ച്ചകളിലൂടെയും സൈനിക ചര്‍ച്ചകളിലൂടെയും കോസ്റ്റ്ഗാര്‍ഡ് തല സഹകരണത്തിലൂടെയും ഉഭയകക്ഷിസഹകരണം ആഴമേറിയതാക്കാനുള്ള താല്‍പര്യം പ്രധാനമന്ത്രിമാര്‍ പ്രകടിപ്പിച്ചു. വ്യോമസേനാ ഉദ്യോഗസ്ഥര്‍ തമ്മില്‍ ഈ വര്‍ഷമാദ്യം നടന്ന ചര്‍ച്ചകള്‍ മൂന്നു സേനാഘടകങ്ങളെയും സംബന്ധിച്ചു സ്ഥാപനങ്ങള്‍ക്കിടയിലുള്ള ചര്‍ച്ചകള്‍ വര്‍ധിക്കാന്‍ സഹായകമായെന്നതിനെ ഇരുവരും സ്വാഗതം ചെയ്തു. മാനുഷികമായ സഹായത്തിനും ദുരിതനിവാരണത്തിനുമായി നിരീക്ഷകരെ കൈമാറുന്നതും അനുബന്ധ മേഖലകളിലെ കൈമാറ്റവും പരിശീലനവുമായി സഹകരണവും ചര്‍ച്ചകളും വര്‍ധിപ്പിക്കണമെന്ന താല്‍പര്യം പ്രധാനമന്ത്രിമാര്‍ പങ്കുവെച്ചു.

 

  1. മുന്‍നിര പ്രതിരോധ സംവിധാനമായ യു.എസ്.-2 ആംഫിബിയിന്‍ വിമാനം ഉള്‍പ്പെടെ ലഭ്യമാക്കാന്‍ തയ്യാറായതിന് ജപ്പാനെ പ്രധാനമന്ത്രി ശ്രീ. മോദി അഭിനന്ദിച്ചു. ഇത് ഇരു രാജ്യങ്ങള്‍ക്കിടയിലുള്ള വര്‍ധിച്ച പരസ്പര വിശ്വാസവും ഉഭയകക്ഷി പ്രതിരോധ കൈമാറ്റങ്ങളില്‍ ഇരുരാജ്യങ്ങളും നടത്തിയ കുതിപ്പുമാണു വെളിപ്പെടുത്തുന്നത്.

 

അഭിവൃദ്ധിക്കായുള്ള പങ്കാളിത്തം

 

  1. മെയ്ക്ക് ഇന്‍ ഇന്ത്യ, ഡിജിറ്റല്‍ ഇന്ത്യ, സ്‌കില്‍ ഇന്ത്യ, സ്മാര്‍ട്ട് സിറ്റി, സ്വച്ഛ് ഭാരത്, സ്റ്റാര്‍ട്ട്-അപ് ഇന്ത്യ തുടങ്ങിയ നൂതന പദ്ധതികളിലൂടെ സാമ്പത്തിക വികസനം വേഗത്തിലാക്കാനുള്ള ഗവണ്‍മെന്റിന്റെ ശ്രമങ്ങള്‍ പ്രധാനമന്ത്രി ശ്രീ. മോദി, ജപ്പാന്‍ പ്രധാനമന്തിയോടു വിശദീകരിച്ചു. പൊതു, സ്വകാര്യ മേഖലയില്‍നിന്നുള്ള നിക്ഷേപം ലഭ്യമാക്കുകയും തൊഴില്‍നൈപുണ്യവും സാങ്കേതികവിദ്യയും പങ്കുവെക്കുകയുംവഴി ഇത്തരം ശ്രമങ്ങളെ പിന്‍തുണയ്ക്കുമെന്നു ശ്രീ. ആബേ ഉറപ്പുനല്‍കി. ഇത്തരം പദ്ധതികളിലൂടെ ഇന്ത്യയുടെയും ജപ്പാന്റെയും സ്വകാര്യമേഖലകള്‍ തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കേണ്ടതിന്റെ ആവശ്യകത ഇരുവരും ഉയര്‍ത്തിക്കാട്ടി.

 

  1. 2016ല്‍ മൂന്നു തവണയായി നടന്ന സംയുക്ത സമിതി യോഗങ്ഹലിലെ ചര്‍ച്ചകെത്തുടര്‍ന്ന് ഇരു രാഷ്ട്രങ്ങള്‍ ചേര്‍ന്നു യാഥാര്‍ഥ്യമാക്കാന്‍ തീരുമാനിച്ച് ഏറ്റവും പ്രധാന പദ്ധതിയായ മുംബൈ-അഹമ്മദാബാദ് അതിവേഗ റെയില്‍ പദ്ധതി(എം.എ.എച്ച്.എസ്.ആര്‍.)യുടെ തുടര്‍ച്ചയായ പുരോഗതിയെ പ്രധാനമന്ത്രിമാര്‍ സ്വാഗതം ചെയ്തു.

 

  1. എം.എ.എച്ച്.എസ്.ആര്‍. പദ്ധതിയുടെ പൊതു കണ്‍സള്‍ട്ടന്റ് 2016 ഡിസംബറില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നും 2018 അവസാനത്തോടെ നിര്‍മാണം ആരംഭിക്കുമെന്നും 2023 ല്‍ പദ്ധതി യാഥാര്‍ഥ്യമാകുമെന്നും പ്രധാനമന്ത്രിമാര്‍ വിലയിരുത്തി.

 

  1. ഘട്ടംഘട്ടമായി സാങ്കേതികവിദ്യാ കൈമാറ്റത്തിനും മെയ്ക്ക് ഇന്‍ ഇന്ത്യക്കുമായി വ്യക്തമായ പദ്ധതി രൂപവല്‍ക്കരിക്കുന്നതിനായി ഇരുവശത്തുനിന്നുമുള്ള പ്രതിനിധികള്‍ ഉള്‍പ്പെട്ട ദൗത്യസേന രൂപീകരിക്കാനുള്ള തീരുമാനത്തെ ഇരുവരും സ്വാഗതം ചെയ്തു. അതിവേഗ റെയില്‍ രംഗത്തു കൂടുതല്‍ പങ്കാളിത്തത്തിനുള്ള സാധ്യത ഇരു രാഷ്ട്രങ്ങളും തേടും. എച്ച്.എസ്.ആര്‍. ഇന്‍സ്റ്റിറ്റ്യൂട്ട് ആരംഭിക്കു, പരിശീലന പദ്ധതി വികസിപ്പിക്കുക തുടങ്ങിയ പ്രാരംഭ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടെ അതിവേഗ റെയില്‍ സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിലും നടത്തിപ്പിലും മനുഷ്യവിഭവശേഷിക്കുള്ള നിര്‍ണായക പങ്കിന് പ്രധാനമന്ത്രിമാര്‍ ഊന്നല്‍ നല്‍കി. 2017ല്‍ പുതുമയാര്‍ന്ന പരിപാടിയിലൂടെ എം.എ.എച്ച്.എസ്.ആര്‍. പദ്ധതിയുടെ വേഗം വര്‍ധിപ്പിക്കേണ്ടതിന്റെ ആവശ്യകത ഇരുവരും അംഗീകരിച്ചു. ഇന്ത്യയിലെ പരമ്പരാഗത റെയില്‍ സംവിദാനം വികസിപ്പിക്കുന്നതിലും ആധുനികവല്‍ക്കരിക്കുന്നതിലും ഇന്ത്യയും ജപ്പാനും തമ്മിലുള്ള സഹകരണം വര്‍ധിക്കുന്നു എന്നതില്‍ പ്രധാനമന്ത്രിമാര്‍ സംതൃപ്തി രേഖപ്പെടുത്തി.

 

  1. ‘ഉല്‍പാദന നൈപുണ്യ കൈമാറ്റം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതി’ പ്രകാരം ഉല്‍പാദന രംഗത്തുള്ള മനുഷ്യവിഭവശേഷി സംബന്ധിച്ചു സഹകരിക്കാന്‍ തീരുമാനിച്ചു. ഇത് ഇന്ത്യയുടെ ഉല്‍പാദനശേഷി വര്‍ധിപ്പിക്കുകയും മെയ്ക്ക് ഇന്‍ ഇന്ത്യ, സ്‌കില്‍ ഇന്ത്യ എന്നീ പദ്ധതികള്‍ക്കു മുതല്‍ക്കൂട്ടാകുകയും ചെയ്യും. പൊതു-സ്വകാര്യ മേഖലകളുടെ സഹകരണത്തോടെ ജപ്പാന്‍-ഇന്ത്യ ഉല്‍പാദന പരിശീലന കേന്ദ്രങ്ങളും ജപ്പാന്‍ കമ്പനികളുടെ എന്‍ജിനീയറിങ് കോളജുകളില്‍ ജപ്പാന്റെ ചെലവില്‍ നടത്തപ്പെടുന്ന കോഴ്‌സുകളും (ജെ.ഇ.സി.) ആരംഭിക്കുക വഴി ഉല്‍പാദനത്തിലെ ജാപ്പനീസ് രീതികളെക്കുറിച്ച് 30,000 പേര്‍ക്കു വരുന്ന പത്തു വര്‍ഷത്തിനകം പരിശീലനം നല്‍കും. ഇതു പ്രകാരമുള്ള ആദ്യ മൂന്നു ജെ.ഇ.സികള്‍ ഗുജറാത്ത്, കര്‍ണാടക, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ 2017ലെ വേനല്‍ക്കാലത്ത് ആരംഭിക്കും.

 

  1. ‘ജപ്പാന്‍-ഇന്ത്യ നിക്ഷേപ പ്രോത്സാഹന പങ്കാളിത്ത’ പദ്ധതി പ്രകാരം അഞ്ചു വര്‍ഷത്തിനകം ഇന്ത്യയുടെ പൊതു, സ്വകാര്യ മേഖലകള്‍ക്കായി 3.5 ട്രില്ല്യന്‍ യെന്‍ ലഭ്യമാക്കാനുള്ള പദ്ധതിയിലുണ്ടായിട്ടുള്ള പുരോഗതിയെ പ്രധാനമന്ത്രിമാര്‍ സ്വാഗതംചെയ്തു. പാശ്ചാത്യ ചരക്ക് ഇടനാഴി, ഡെല്‍ഹി-മുംബൈ വ്യാവസായിക ഇടനാഴി, ചെന്നൈ-ബെംഗലുരു വ്യാവസായിക ഇടനാഴി എന്നിവ പുരോഗമിക്കുന്നു എന്നതിനെയും ഇരുവരും സ്വാഗതം ചെയ്തു. ഒ.ഡി.എ. പദ്ധതികള്‍ യഥാസമയം നടപ്പാക്കപ്പെടുന്നതിന്റെ പ്രാധാന്യത്തിന് അവര്‍ ഊന്നല്‍ നല്‍കി.

 

  1. ഇന്ത്യയില്‍ അടിസ്ഥാന സൗകര്യ വികസനത്തിനും നവീകരണത്തിനും ജപ്പാന്‍ നല്‍കുന്ന ശ്രദ്ധേയമായ ഒ.ഡി.എ. സഹായത്തെ പ്രധാനമന്ത്രി ശ്രീ. മോദി അഭിനന്ദിച്ചു. നഗരഗതാതത്തിനായുള്ള ഒ.ഡി.എ. പദ്ധതികളായ ചെന്നൈ, അഹമ്മദാബാദ് മെട്രോകള്‍, മുംബൈ ട്രാന്‍സ് ഹാര്‍ബര്‍ ലിങ്ക് പ്രോജക്ട്, ഡെല്‍ഹിയുടെ കിഴക്കന്‍ അതിര്‍ത്തി ഹൈവേയില്‍ ഇന്റലിജന്‍സ് ഗതാഗത സംവിധാനം ഏര്‍പ്പെടുത്തല്‍ എന്നിവയില്‍ പുരോഗതി ഉണ്ടാക്കാന്‍ സാധിച്ചതില്‍ പ്രധാനമന്ത്രിമാര്‍ സംതൃപ്തി പ്രകടിപ്പിച്ചു. ഗുജറാത്തിലെ ഭാവ്‌നഗര്‍ ജില്ലയിലെ അലാങ്ങിലെ കപ്പല്‍ പുനരുപയോഗ കേന്ദ്രം ആധുനികവല്‍ക്കരിക്കാന്‍ ജപ്പാന്‍ ഉദ്ദേശിക്കുന്നതായി പ്രധാനമന്ത്രി ശ്രീ. ആബെ വ്യക്തമാക്കി.

 

  1. കണക്ടിവിറ്റി വര്‍ധിപ്പിക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധത ആവര്‍ത്തിച്ച പ്രധാനമന്ത്രിമാര്‍ വടക്കുകിഴക്കന്‍ ഇന്ത്യയില്‍ റോഡ് ഗതാഗതം മെച്ചപ്പെടുത്താനുള്ള പദ്ധതികളിലെ പുരോഗതിയെ സ്വാഗതം ചെയ്തു. ഫലപ്രദമായും വിജയപ്രദമായും സ്മാര്‍ട്ട് ഐലന്റുകള്‍ വികസിപ്പിക്കാന്‍ സാധിക്കുന്നതിനുള്ള നയങ്ങളും പ്രവര്‍ത്തനങ്ങളും അടിസ്ഥാനസൗകര്യവും സാങ്കേതികവിദ്യയും രൂപപ്പെടുത്തുന്നതിനായി സ്മാര്‍ട്ട് സിറ്റികളുടെ കാര്യത്തില്‍ സഹകരണം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചു.

 

  1. ഝാര്‍ഖണ്ഡിലെ ജലസേചന പദ്ധതിക്കും ഒഡിഷയിലെ നവിഭവങ്ങള്‍ കൈകാര്യം ചെയ്യുന്നതിനു തുടക്കമായുള്ള സര്‍വേക്കും രാജസ്ഥാനിലും ആന്ധ്രാപ്രദേശിലും ജലസേചന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനും ഒ.ഡി.എ. വായ്പ അനുവദിച്ചതിനെ പ്രധാനമന്ത്രി ശ്രീ. മോദി അഭിനന്ദിച്ചു.

 

  1. വാരണാസിയില്‍ കണ്‍വെന്‍ഷന്‍ സെന്റര്‍ നിര്‍മിക്കുന്നതിനെ പിന്‍തുണയ്ക്കാനുള്ള ജപ്പാന്റെ ശ്രമങ്ങളെ സ്വാഗതംചെയ്ത പ്രധാനമന്ത്രി മോദി ഇത് ഉഭയകക്ഷിബന്ധം ശക്തമാകുന്നുവെന്നതിന്റെ അടയാളമാണെന്നു ചൂണ്ടിക്കാട്ടി.

 

  1. ഇന്ത്യയിലെ വ്യാപാരസാധ്യതകള്‍ വര്‍ധിപ്പിക്കാന്‍ പ്രധാനമന്ത്രി ശ്രീ. മോദി പുലര്‍ത്തുന്ന പ്രതിജ്ഞാബദ്ധതയെ അഭിനന്ദിച്ച പ്രധാനമന്ത്രി ശ്രീ. ആബെ നിക്ഷേപ നയങ്ങള്‍ ലഘൂകരിക്കുകയും ചരിത്രപരമായ ചരക്കുസേവന നികുതി ബില്‍ പാസാക്കുകവഴി നികുതിസമ്പ്രദായം ലളിതവും യാഥാര്‍ഥ്യപൂര്‍ണവുമാക്കുകയും വഴി നടപ്പാക്കിയ പരിഷ്‌കാരങ്ങളെയും സ്വാഗതം ചെയ്തു.

 

  1. ഇന്ത്യയിലെ വ്യാപാര പരിതസ്ഥിതി മെച്ചപ്പെടുത്തിയതിനും ജപ്പാനില്‍നിന്നുള്ള നിക്ഷേപങ്ങള്‍ക്കു യോജിച്ച ഇടമാക്കി മാറ്റിയതിനും പ്രധാനമന്ത്രി ശ്രീ. മോദിയെ ജപ്പാന്‍ പ്രധാനമന്ത്രി ശ്രീ. ആബേ അഭിനന്ദിച്ചു. ജപ്പാന്‍ വ്യാവസായിക ടൗണ്‍ഷിപ്പു(ജെ.ഐ.ടി.)കള്‍ കെട്ടിപ്പടുത്തതിനു നടത്തിയ ശ്രമങ്ങള്‍ക്കു ജപ്പാന്‍ പ്രധാനമന്ത്രിയെ ഇന്ത്യന്‍ പ്രധാനമന്ത്രിയും അഭിനന്ദിച്ചു. ഇന്ത്യയില്‍ ഉല്‍പാദനരംഗത്ത് സാങ്കേതികപരിഷ്‌കരണത്തിനും പുതുമകള്‍ക്കും മികച്ച പ്രവര്‍ത്തനത്തിനും ഇതു സഹായകമാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആദ്യഘട്ടത്തില്‍ നടപ്പാക്കാനും പ്രത്യേക നിക്ഷേപ ആനുകൂല്യങ്ങള്‍ക്കുമായി 12 ജെ.ഐ.ടികളില്‍നിന്ന് ഏതാനും എണ്ണം തെരഞ്ഞെടുക്കുന്നത് ഉള്‍പ്പെടെ ജെ.ഐ.ടികളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളിലുണ്ടായിട്ടുള്ള പുരോഗതിയെ പ്രധാനമന്ത്രിമാര്‍ സ്വാഗതം ചെയ്തു. ജെ.ഐ.ടികള്‍ വികസിപ്പിക്കുന്നതു സംബന്ധിച്ച ചര്‍ച്ചകളും സഹകരണവും തുടരാനും ഇരുവരും തീരുമാനിച്ചു.

 

  1. ജപ്പാന്‍-ഇന്ത്യ നിക്ഷേപ പ്രോത്സാഹന പങ്കാളിത്തത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി ക്യാബിനെറ്റ് സെക്രട്ടറി അധ്യക്ഷനായുള്ള ‘കോര്‍ ഗ്രൂപ്പ്’ ഏകോപിപ്പിക്കുന്നതിനും ഇന്ത്യയിലെ ജാപ്പനീസ് കമ്പനികള്‍ക്കായി ‘ജപ്പാന്‍ പ്ലസ്’ പദ്ധതി നടപ്പാക്കിയതിനും ജപ്പാന്‍ പ്രധാനമന്ത്രി അഭിനന്ദനങ്ങള്‍ അറിയിച്ചു. സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ ഉള്‍പ്പെടെ പ്രകാരമുള്ള ഉഭയകക്ഷി സാമ്പത്തിക ചര്‍ച്ചകള്‍ ഈ വര്‍ഷം വിജയകരമായി നടന്നതു നിരീക്ഷണവിധേയമാക്കുകയും ഇത്തരം ചര്‍ച്ചകളുടെയും അവയുടെ സബ് കമ്മിറ്റികളുടെ പ്രവര്‍ത്തനത്തിന്റെയും ഫലമായി ഉഭയകക്ഷി സഹകരണം വര്‍ധിക്കുമെന്നു വിലയിരുത്തുകയും ചെയ്തു. 2016 ഒക്ടോബറില്‍ പ്രാബല്യത്തില്‍ വന്ന സാമൂഹ്യസുരക്ഷാ കരാറിനെ ഇരുവരും സ്വാഗതം ചെയ്തു. ഇതു വാണിജ്യച്ചെലവ് കുറച്ചുകൊണ്ടുവരാനും ജപ്പാനും ഇന്ത്യയുമായുള്ള മനുഷ്യവിഭവശേഷി, സാമ്പത്തിക കൈമാറ്റങ്ങള്‍ സുഗമമാക്കുകയും ചെയ്യും.

 

  1. ഇന്ത്യയിലേക്കുള്ള ജാപ്പനീസ് കമ്പനികളുടെ പ്രത്യക്ഷനിക്ഷേപം വര്‍ധിപ്പിക്കുന്നതിനായി നിപ്പോണ്‍ എക്‌സ്‌പോര്‍ട്ട് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് ഇന്‍ഷുറന്‍സ് (നെക്‌സി), ജപ്പാന്‍ ബാങ്ക് ഫോര്‍ ഇന്റര്‍നാഷണല്‍ കോ-ഓപ്പറേഷന്‍ (ജെ.ബി.ഐ.സി.) എന്നിവയുടെ 1.5 ട്രില്യന്‍ യെന്നിന്റെ നിക്ഷേപം യാഥാര്‍ഥ്യമാക്കുന്നതിനായി ‘ജപ്പാന്‍-ഇന്ത്യ മെയ്ക്ക് ഇന്‍ ഇന്ത്യ പ്രത്യേക സാമ്പത്തിക പദ്ധതി’ നടപ്പാക്കേണ്ടതിന്റെ പ്രാധാന്യം ഇരു പ്രധാനമന്ത്രിമാരും ഉയര്‍ത്തിക്കാട്ടി. ഇന്ത്യയിലെ അടിസ്ഥാനസൗകര്യ വികസന പദ്ധതികള്‍ക്കു ഫണ്ട് ലഭ്യമാക്കുന്നതിനായുള്ള സാധ്യതകളെക്കുറിച്ചു ചര്‍ച്ച ചെയ്യുന്നതിനായി ദേശീയ നിക്ഷേപ, അടിസ്ഥാനസൗകര്യ ഫണ്ടും (എന്‍.ഐ.ഐ.എഫ്.) ഗതാഗതത്തിനും നഗരവികസനത്തിനുമായുള്ള ജപ്പാന്‍ വിദേശ അടിസ്ഥാനസൗകര്യ വികസന നിക്ഷേപ കോര്‍പറേഷനും (ജോയിന്‍) തമ്മിലുണ്ടായ ധാരണാപത്രത്തെ ഇരുനേതാക്കളും സ്വാഗതം ചെയ്തു.

 

മാലിന്യരഹിതവും ഹരിതാഭവുമായ ഭാവിക്കായി സഹകരിച്ചുള്ള പ്രവര്‍ത്തനം

 

  1. വിശ്വാസയോഗ്യവും മാലിന്യമുക്തവും ചെലവുകുറഞ്ഞതുമായ ഊര്‍ജം ഇരു രാജ്യങ്ങളുടെയും സാമ്പത്തികവളര്‍ച്ചയില്‍ നിര്‍ണായകമാണെന്നു വിലയിരുത്തിയ നേതാക്കള്‍ 2016 ജനുവരിയില്‍ നടന്ന എട്ടാമത് ജപ്പാന്‍-ഇന്ത്യ ഊര്‍ ചര്‍ച്ചയില്‍ തുടക്കമിട്ട ജപ്പാന്‍-ഇന്ത്യ ഊര്‍ജപങ്കാളിത്ത പദ്ധതിയെ സ്വാഗതം ചെയ്തു. ഇരു രാജ്യങ്ങളും ഈ രംഗത്തു സഹകരിക്കുന്നതു പരസ്പരം മാത്രമല്ല, ലോകത്തിനാകെ ഊര്‍ജസുരക്ഷ, ഊര്‍ജ ലഭ്യത, കാലാവസ്ഥാ വ്യതിയാനം എന്നീ മേഖലകളില്‍ ഗുണകരമാകുമെന്നതിനാല്‍ ഉഭയകക്ഷി ഊര്‍ജസഹകരണം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചു. സുതാര്യവും വൈവിധ്യവല്‍കൃതവുമായ ദ്രവീകൃത പ്രകൃതിവാതക വിപണി പ്രോത്സാഹിപ്പിക്കാനും തീരുമാനിച്ചു.

 

  1. കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കാനുള്ള പാരീസ് കരാര്‍ താമസമില്ലാതെ നടപ്പാക്കാന്‍ സാധിച്ചതിനെ പ്രധാനമന്ത്രിമാര്‍ സ്വാഗതം ചെയ്തു. കരാറിന്റെ വിജയകരമായ നടത്തിപ്പിനായി ഒരുമിച്ചു പ്രവര്‍ത്തിക്കാനുള്ള പ്രതിജ്ഞാബദ്ധത ഇരുവരും ആവര്‍ത്തിച്ചു. ജോയിന്റ് ക്രെഡിറ്റിങ് മെക്കാനിസം സംബന്ധിച്ച തുടര്‍ചര്‍ച്ചകള്‍ എത്രയും വേഗം നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നതായി വ്യക്തമാക്കുകയും ചെയ്തു.

 

  1. പുനരുപയോഗിക്കാവുന്ന ഊര്‍ജം, രാജ്യാന്തര സൗരോര്‍ജ സഖ്യം രൂപീകരിക്കല്‍ എന്നീ മേഖലകളില്‍ പ്രധാനമന്ത്രി ശ്രീ. മോദി നടത്തുന്ന ശ്രമങ്ങളെ പ്രധാനമന്ത്രി ശ്രീ. ആബെ സ്വാഗതം ചെയ്തു.

 

  1. സമാധാനപരമായ ആവശ്യങ്ങള്‍ക്കായി ആണവോര്‍ജം ഉപയോഗപ്പെടുത്തുന്നതിനായി ജപ്പാനും ഇന്ത്യയും കരാര്‍ ഒപ്പുവെച്ചതിനെ ഇരു പ്രധാനമന്ത്രിമാരും സ്വാഗതം ചെയ്തു. പരസ്പര വിശ്വാസവും മാലിന്യരഹിത ഊര്‍ജം, സാമ്പത്തിക വികസനം, ശാന്തവും സുരക്ഷിതവുമായ ലോകം എന്നിവയ്ക്കായുള്ള തന്ത്രപ്രധാനമായ പങ്കാളിത്തവും വര്‍ധിപ്പിക്കാന്‍ ഉതകുന്നതാണ് ഈ കരാര്‍.

 

  1. പരിസ്ഥിതസൗഹൃദപരവും ഫലപ്രദവുമായ സാങ്കേതികപദ്ധതികളില്‍ സ്വകാര്യ, പൊതുമേഖലാ പങ്കാളിത്തം വര്‍ധിച്ചുവരുന്നതിനെ സ്വാഗതം ചെയ്ത പ്രധാനമന്ത്രിമാര്‍, മാലിന്യമുക്തമായ കല്‍ക്കരി സാങ്കേതികവിദ്യ, സങ്കരവാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള പരിസ്ഥിതിസൗഹൃദപരമായ വാഹനങ്ങള്‍ക്കു പ്രചാരം നല്‍കല്‍ എന്നീ മേഖലകളില്‍ കൂടുതല്‍ സഹകരണം തേടേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി.

 

  1. 2009ല്‍ നടന്ന ഹോങ്കോങ് ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ പോര്‍ ദ് സേഫ് ആന്‍ഡ് എന്‍വിറോണ്‍മെന്റലി സൗണ്ട് റീസൈക്ലിങ് ഓഫ് ഷിപ്പിന്റെ നേരത്തേയുള്ള സമാപനം സാധ്യമാക്കാനുള്ള താല്‍പര്യം ഇരു പ്രധാനമന്ത്രിമാരും പ്രകടിപ്പിച്ചു.

 

ഭാവി മുന്നില്‍ കണ്ടുകൊണ്ടുള്ള പങ്കാളിത്തത്തിന് അടിസ്ഥാനമൊരുക്കല്‍

 

  1. സമൂഹങ്ങളെ സമുദ്ധരിക്കുന്നതിനായി ശാസ്ത്രസാങ്കേതികരംഗത്ത് ഉഭയകക്ഷി സഹകരണത്തിനുള്ള വിശാലമായ സാധ്യതകള്‍ പ്രധാനമന്ത്രിമാര്‍ അംഗീകരിച്ചു. ബഹിരാകാശ പഠനം സംബന്ധിച്ച സഹകരണ വര്‍ധിപ്പിക്കണമെന്നു ചൂണ്ടിക്കാട്ടുകയും ചെയ്തു. ജാക്‌സയും ഐ.എസ്.ആര്‍.ഒയു തമ്മില്‍ ധാരണാപത്രം ഒപ്പിട്ടതിനെ ഇരുവരും സ്വാഗതം ചെയ്തു. ഭൂമിശാസ്ത്ര മന്ത്രാലയവും ജാംസ്റ്റെക്കും തമ്മില്‍ സഹകരിച്ചു പ്രവര്‍ത്തിക്കാനായി ഒപ്പുവെച്ച ധാരരണാപത്രം ഉള്‍പ്പെടെ, നാവിക, ഭൂമിശാസ്ത്ര, അന്തരീക്ഷ ശാസ്ത്രങ്ങളുടെ പഠനത്തിലേക്കും സഹകരണം വര്‍ധിപ്പിക്കുന്നതിനെ അഭിനന്ദിച്ചു. ജെട്രോയുമായും ശാസ്ത്ര-സാങ്കേതിക സംകുക്ത കമ്മിറ്റിയുമായും സഹകരിച്ച് വിവരസാങ്കേതികവിദ്യ, ഇലക്ട്രോണിക്‌സ് സംയുക്ത വര്‍ക്കിങ് ഗ്രൂപ്പ് വഴി ഉഭയകക്ഷി ഐ.ടി., ഐ.ഒ.ടി. സഹകരണത്തിലുണ്ടായ പുരോഗതിയും നിരീക്ഷണവിധേയമായി.

 

  1. ദുരന്തങ്ങള്‍ നിമിത്തമുള്ള അപകടസാധ്യതകള്‍ കുറച്ചുകൊണ്ടുവരാനായുള്ള മൂന്നാമത് യു.എന്‍. രാജ്യാന്തര സമ്മേളനത്തിനു ശേഷം ന്യൂഡെല്‍ഹിയില്‍ ‘ദുരന്തങ്ങള്‍ നിമിത്തമുള്ള അപകടസാധ്യത കുറച്ചു കൊണ്ടുവരാനായുള്ള ഏഷ്യയിലെ മന്ത്രിതലസമ്മേളനം – 2016’ വിജയകരമായി നടത്താന്‍ സാധിച്ചതിലുള്ള സന്തോഷം പ്രധാനമന്ത്രിമാര്‍ പ്രകടിപ്പിച്ചു. ദുരന്തനിവരാണത്തിലും അപകടസാധ്യതകള്‍ കുറയ്ക്കുന്നതിലും സഹകരിച്ചു പ്രവര്‍ത്തിക്കാനുള്ള സാധ്യതകള്‍ ഇരുവര്‍ക്കും ബോധ്യമായി. ബോധവല്‍ക്കരണം നടത്തുന്നതിനും അപകടസാധ്യതകള്‍ മനസ്സിലാക്കുന്നതിനും അവ ഇല്ലാതാക്കാന്‍ സംവിധാനങ്ങള്‍ ഒരുക്കുന്നതിനുമായി ലോക സുനാമി ദിനം ആഘോഷിക്കുന്നതിന്റെ പ്രസക്തിയും ഇരുവരും അംഗീകരിച്ചു.

 

  1. രോഗാണു പ്രതിരോധം, വിത്തുകോശ ഗവേഷണം, ഔഷധങ്ങള്‍, വൈദ്യോപകരണങ്ങള്‍ എന്നീ മേഖലകളിലുള്ള സഹകരണത്തിലുണ്ടായ പുരോഗതിയെ ഇരു പ്രധാനമന്ത്രിമാരും സ്വാഗതം ചെയ്തു. ജെനേറിക് മരുന്നുകളുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളിലെയും ഔഷധനിര്‍മാണ കമ്പനികള്‍ക്കു സഹകരിച്ചു പ്രവര്‍ത്തിക്കാനുള്ള സാധ്യതകള്‍ ഇരുവരും വിലയിരുത്തി.

 

ശാശ്വത പങ്കാളിത്തത്തിനായി ജനങ്ങളില്‍ നടത്തുന്ന നിക്ഷേപം

 

  1. വിനോദസഞ്ചാരം, യുവാക്കളുടെ കൈമാറ്റം, വിദ്യാഭ്യാസ സഹകരണം തുടങ്ങിയ മേഖലകളിലെ പങ്കാളിത്തം വര്‍ധിപ്പിക്കണമെന്ന് ഇരുവരും ചൂണ്ടിക്കാട്ടി. സംസ്‌കാരം, വിനോദസഞ്ചാരം എന്നീ മേഖലകളിലുള്ള ഇന്ത്യ-ജപ്പാന്‍ വിനിമയ വര്‍ഷമായി 2016 ആചരിക്കും. ഇരു രാജ്യങ്ങള്‍ക്കിടയിലുള്ള വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനുള്ള രൂഢമായ ആഗ്രഹം പങ്ങുവെച്ച നേതാക്കള്‍ ഇന്ത്യ-ജപ്പാന്‍ വിനോദസഞ്ചാര കൗണ്‍സിലിന്റെ ഉദ്ഘാടനയോഗത്തില്‍ സംതൃപ്തി രേഖപ്പെടുത്തുകയും 2017ല്‍ ജപ്പാനില്‍ നടക്കാനിരിക്കുന്ന യോഗത്തില്‍ ഏറെ പ്രതീക്ഷകള്‍ പുലര്‍ത്തുകയും ചെയ്തു. ജപ്പാന്‍ ദേശീയ വിനോദസഞ്ചാര സംഘടനയുടെ ഓഫീസ് ഡെല്‍ഹിയില്‍ തുറക്കാന്‍ തയ്യാറാക്കിയ പദ്ധതിയെ ഇരുവരും സ്വാഗതം ചെയ്തു.

 

  1. ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് വിസ വ്യവസ്ഥകളില്‍ ഇളവ് അനുവദിച്ചതായി പ്രധാനമന്ത്രി ശ്രീ. ആബെ പ്രഖ്യാപിച്ചു. ഇന്ത്യക്കാര്‍ക്കു വീസ അപേക്ഷിക്കാവുന്ന കേന്ദ്രങ്ങളുടെ എണ്ണം 21 ആയി വര്‍ധിപ്പിക്കാന്‍ ഉദ്ദേശിക്കുന്നതായും അദ്ദേഹം വെളിപ്പെടുത്തി. വിസ ഓണ്‍ അറൈവല്‍ സൗകര്യം നടപ്പാക്കിയതിനും ജാപ്പനീസ് വിനോദസഞ്ചാരികള്‍ക്കും നിക്ഷേപകര്‍ക്കും പത്തു വര്‍ഷത്തേക്കുള്ള വീസ നടപ്പാക്കുകയും ചെയ്തതിന് ഇന്ത്യന്‍ പ്രധാനമന്ത്രിയെ ജാപ്പനീസ് പ്രധാനമന്ത്രി നന്ദി അറിയിച്ചു.

 

  1. ഏഷ്യയില്‍ മനുഷ്യവിഭവശേഷി കൈമാറ്റം സാധ്യമാക്കുന്ന ജപ്പാന്റെ ‘ഇന്നൊവേറ്റീവ് ഏഷ്യ’ പദ്ധതിയെക്കുറിച്ചു പ്രധാനമന്ത്രി ശ്രീ. ആബേ വിശദീകരിച്ചു. ഇതുവഴി ഇന്ത്യയില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ക്കു കൂടുതല്‍ സ്‌കോളര്‍ഷിപ്പുകളും ഇന്റേണ്‍ഷിപ്പുകളും ലഭിക്കുമെന്നും പുതിയ കണ്ടുപിടിത്തങ്ങളെ പ്രോത്സാഹിപ്പിക്കുമെന്നും ഇരു പ്രധാനമന്ത്രിമാരും പ്രതീക്ഷിക്കുന്നു.

 

  1. വിദ്യാഭ്യാസത്തിനായുള്ള ആദ്യ ഉഭയകക്ഷി ഉന്നതതല നയപരമായ ചര്‍ച്ചയില്‍ സംതൃപ്തി പ്രകടിപ്പിച്ച പ്രധാനമന്ത്രിമാര്‍ സര്‍വകാലാശാലാ തല ബന്ധങ്ങള്‍ ഉള്‍പ്പെടെ മെച്ചപ്പെടുത്തുകവഴി വിദ്യാഭ്യാസമേഖലയിലെ സഹകരണം ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത ഉയര്‍ത്തിക്കാട്ടി. വിദ്യാഭ്യാസ മാതൃകകള്‍ സംബന്ധിച്ചും സകുര സയന്‍സ് പദ്ധതി (ശാസ്ത്രരംഗത്ത് യുവാക്കള്‍ക്ക് അവസരം ലഭ്യമാക്കാന്‍ ഉദ്ദേശിച്ചുള്ള ജപ്പാന്‍-ഏഷ്യ യൂത്ത് എക്‌സ്‌ചേഞ്ച് പ്രോഗ്രാം ഇന്‍ സയന്‍സ്) സംബന്ധിച്ചും സജീവമായ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാവണമെന്ന് ഇരുവരും വ്യക്തമാക്കി.

 

  1. ടോക്യേയില്‍ 2020ല്‍ നടക്കുന്ന ഒളിംപിക്‌സ് പാരാലിംപിക്‌സും ലക്ഷ്യമിട്ട് കായികരംഗത്തെ അനുഭവങ്ങളും നൈപുണ്യവും സാങ്കേതികത്വവും അറിവും കൈമാറുന്നതു പ്രോത്സാഹിപ്പിക്കുന്നതിനായി ഇന്ത്യയുടെ യുവജനകാര്യ-സ്‌പോര്‍ട്‌സ് മന്ത്രാലയവും ജപ്പാന്റെ വിദ്യാഭ്യാസ-സാംസ്‌കാരിക-കായികൃ-ശാസ്ത്ര, സാങ്കേതികമന്ത്രാലയവും തമ്മില്‍ സഹകരിക്കാന്‍ ധാരണയിലെത്തിയതിനെ ഇരുപ്രധാനമന്ത്രിമാരും സ്വാഗതം ചെയ്തു. 2020ലെ ടോക്യോ ഒളിംപികിസും പാരാലിംപിക്‌സും വിജയമാക്കാന്‍ സഹകരിക്കാമെന്ന പ്രധാനമന്ത്രി ശ്രീ. മോദിയുടെ പ്രസ്താവനയെ ശ്രീ. ആബേ സ്വാഗതം ചെയ്തു.

 

  1. പാര്‍ലമെന്റ് അംഗങ്ങള്‍ തമ്മിലും സംസ്ഥാനങ്ങള്‍ തമ്മിലും ഉള്‍പ്പെടെ ഗവണ്‍മെന്റിന്റെ വിവിധ തലങ്ങളില്‍ നല്ല ആശയവിനിമയം നടക്കേണ്ടതിന്റെ ആവശ്യകത ഇരു പ്രധാനമന്ത്രിമാരും ഊന്നിപ്പറഞ്ഞു. സഹകരിച്ചു പ്രവര്‍ത്തിക്കാനായി ഗുജറാത്ത് സംസ്ഥാന ഗവണ്‍മെന്റും ഹ്യോഗോ പെര്‍ഫെക്ചറും ധാരണാപത്രം ഒപ്പിട്ടതിനെ ഇരുവരും സ്വാഗതം ചെയ്തു. സാംസ്‌കാരിക പാരമ്പര്യമുള്ള നഗരങ്ങളായ ക്യോട്ടോയും വാരണാസിയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നു എന്നതിലും പ്രധാനമന്ത്രിമാര്‍ സന്തോഷം പ്രകടിപ്പിച്ചു.

 

  1. രാജ്യാന്തര യോഗാ ദിനം ആഘോഷിക്കുന്നതിനു ജപ്പാന്‍ കാട്ടുന്ന താല്‍പര്യത്തെ പ്രധാനമന്ത്രി ശ്രീ. മോദി അഭിനന്ദിച്ചു. ഇന്ത്യയിലെ പ്രമുഖ യോഗ സ്ഥാപനങ്ങളില്‍നിന്നു പരിശീലനം നേടാന്‍ ഇന്ത്യന്‍ സ്‌കോളര്‍ഷിപ്പുകള്‍ നേടിയെടുക്കണമെന്നു ജപ്പാനിലെ യോഗ പ്രവര്‍ത്തകരോടു പ്രധാനമന്ത്രി ആഹ്വാനംചെയ്തു.

 

  1. സ്ത്രീശാക്തീകരണത്തിന്റെ പ്രസക്തി ഉള്‍ക്കൊണ്ട്, ഈ മേഖലയിലുള്ള സഹകരണം സ്ത്രീകള്‍ക്കായുള്ള രാജ്യാന്തര സമ്മേളനം ഉള്‍പ്പെടെയുള്ള പദ്ധതികളിലൂടെ വര്‍ധിപ്പിക്കേണ്ടതിന്റെ ആവശ്യകത ഇരു പ്രധാനമന്ത്രിമാരും അംഗീകരിച്ചു.

 

  1. ഏഷ്യയുടെ ഭാവി അഹിംസ, അസഹിഷ്ണുത, ജനാധിപത്യം തുടങ്ങിയ പുരോഗമപരമായ ആശയങ്ങളുടെ അടിസ്ഥാനത്തിലാവണം എന്ന കാഴ്ചപ്പാട് പങ്കുവെച്ച ഇരുവരും 2016 ജനുവരിയില്‍ ടോക്യയില്‍ നടത്തിയ ‘ഏഷ്യയിലെ പൊതുമൂല്യങ്ങളും ജനാധിപത്യവും’ വിഷയത്തിലുള്ള സിംപോസിയത്തെ സ്വാഗതംചെയ്യുകയും 2017ലെ സമ്മേളനത്തിനായി പ്രതീക്ഷാപൂര്‍വം കാത്തിരിക്കുകയും ചെയ്യുന്നതായി വ്യക്തമാക്കി.

 

ഇന്‍ഡോ-പസഫിക് മേഖലയിലും പുറത്തും നിയമാധിഷ്ഠിത രാജ്യാന്തര ക്രമം ശക്തിപ്പെടുത്തുന്നതിനു സഹകരിച്ചു പ്രവര്‍ത്തിക്കും

 

  1. ഇന്‍ഡോ-പസഫിക് മേഖലയെ 21ാം നൂറ്റാണ്ടില്‍ അഭിവൃദ്ധി നിറഞ്ഞ പ്രദേശമാക്കുന്നതില്‍ ഇന്ത്യ-ജപ്പാന്‍ സഹകരണം ഏറെ ഗുണപ്രദമായിരിക്കുമെന്ന് രണ്ടു പ്രധാനമന്ത്രിമാരും ചൂണ്ടിക്കാട്ടി. മേഖലയില്‍ സാമ്പത്തിക, സാമൂഹ്യ വികസനം പ്രോത്സാഹിപ്പിക്കാനും ശേഷിയും കണക്ടിവിറ്റിയും വര്‍ധിപ്പിക്കാനും അടിസ്ഥാനസൗകര്യ വികസനത്തിനുമായി പൊതു താല്‍പര്യങ്ങളും പരസ്പരപൂരക നൈപുണ്യവും വിഭവങ്ങളും ഉപയോഗപ്പെടുത്തി പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. ഇതിനായി, ജാപ്പനീസ് ഒ.ഡി.എ. പദ്ധതികളിലൂടെ ഉള്‍പ്പെടെ മനുഷ്യവിഭവ, ധന, സാങ്കേതികവിദ്യാ വിഭവങ്ങള്‍ ഉപയോഗപ്പെടുത്തി പ്രവര്‍ത്തിക്കുന്ന സംവിധാനം ജപ്പാന്‍ പ്രധാനമന്ത്രി ശ്രീ. ആബേ നിര്‍ദേശിച്ചു. ഈ രംഗത്ത് ഉഭയകക്ഷിബന്ധം വളരെ പ്രധാനമാണെന്ന വസ്തുത പ്രധാനമന്ത്രി ശ്രീ. മോദിയും അംഗീകരിച്ചു.

 

  1. ആഫ്രിക്കയില്‍ സഹകരണവും ഒത്തുചേര്‍ന്നുള്ള പദ്ധതികളും പ്രോത്സാഹിപ്പിക്കുന്നതിനായി ഇന്ത്യ-ജപ്പാന്‍ ചര്‍ച്ച വളരെ പ്രധാനമാണെന്ന് ഇരുവരും ഊന്നിപ്പറഞ്ഞു. പരിശീലനം, ശേഷി വര്‍ധിപ്പിക്കല്‍, ആരോഗ്യം, അടിസ്ഥാനസൗകര്യം, കണക്ടിവിറ്റി എന്നീ മേഖലകളില്‍ നടക്കുന്ന ശ്രമങ്ങളെ ഉത്തേജിപ്പിക്കാനും പ്രത്യേക സംയുക്തപദ്ധതികള്‍ നടപ്പാക്കാനും ഉദ്ദേശിച്ചായിരിക്കണം ഇത്. ഏഷ്യയിലും ആഫ്രിക്കയിലും വ്യാവസായിക ഇടനാഴികളും വ്യാവസായിക ശൃംഖലകളും തീര്‍ക്കുന്നതിനായി ആഗോളസമൂഹവുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ ഉദ്ദേശിക്കുന്നതായും വെളിപ്പെടുത്തപ്പെട്ടു.

 

  1. ഛഹബാറിന്റെ അടിസ്ഥാനസൗകര്യവും കണക്ടിവിറ്റിയും വര്‍ധിപ്പിക്കുന്നത് ഉള്‍പ്പെടെ ഉഭയകക്ഷി, ത്രികക്ഷി സഹകരണത്തിലൂടെ ദക്ഷിണേഷ്യയിലും ഇറാന്‍, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ സമീപ മേഖലകളിലും സമാധാനവും അഭിവൃദ്ധിയും ഉറപ്പാക്കുന്നതിനായി സഹകരിച്ചു നടപ്പാക്കിവരുന്ന പദ്ധതികളെ ഇരു പ്രധാനമന്ത്രിമാരും സ്വാഗതംചെയ്തു.

 

  1. ജപ്പാന്‍, ഇന്ത്യ, അമേരിക്ക എന്നീ രാഷ്ട്രങ്ങള്‍ തമ്മില്‍ ത്രികക്ഷി ചര്‍ച്ചകള്‍ നടത്തുന്നതും ദുരന്തനിവാരണം, മേഖലാതല കണക്ടിവിറ്റി, നാവികസുരക്ഷ തുടങ്ങിയ മേഖലകളില്‍ ഏകോപനവും സഹകരണവും വര്‍ധിപ്പിക്കുന്നതും പ്രധാനമന്ത്രിമാര്‍ സ്വാഗതംചെയ്തു.

 

  1. മുന്‍നിര നേതാക്കളുടെ നേതൃത്വത്തിലുള്ള വേദി മേഖലയിലെ രാഷ്ട്രീയ,സാമ്പത്തിക,സുരക്ഷാ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തതു പ്രകാരം കിഴക്കനേഷ്യന്‍ ഉച്ചകോടി (ഇഎഎസ്) പ്രക്രിയ ശക്തിപ്പെടുത്തുന്നതിലെ പുരോഗതി സ്വാഗതം ചെയ്ത്, ഉച്ചകോടി കൂടുതല്‍ ചലനാത്മകവും ഫലപ്രദവുമാക്കുന്നതിനായി യോജിച്ചു പ്രവര്‍ത്തിക്കാന്‍ രണ്ടു പ്രധാനമന്ത്രിമാരും തീരുമാനിച്ചു. ജക്കാര്‍ത്തയില്‍ ചേര്‍ന്ന ഇഎഎസ് അംബാസിഡര്‍മാരുടെ യോഗത്തെയും ആസിയാന്‍ സെക്രട്ടേറിയറ്റിനുള്ളില്‍ ഇഎഎസ് യൂണിറ്റ് സ്ഥാപിച്ചതിനെയും അവര്‍ സ്വാഗതം ചെയ്തു. ഇഎഎസ് ചട്ടക്കൂടിനുള്ളില്‍ നിന്നുകൊണ്ട് സമുദ്രമേഖലയിലെ സഹകരണവും മേഖലയിലെ ബന്ധവും മെച്ചപ്പെടുത്തേണ്ടതിന്റെ പ്രാധാന്യവും അവര്‍ ഊന്നിപ്പറഞ്ഞു.

 

  1. ആസിയാന്‍ മേഖലാ ഫോറം, ആസിയാന്‍ പ്രതിരോധ മന്ത്രിമാരുടെ യോഗം, വികസിപ്പിച്ച ആസിയാന്‍ മാരിറ്റൈം ഫോറം എന്നിവ പോലെ ആസിയാന്‍ നേതൃത്വത്തിലുള്ള വേദികളിലെ സഹകരണത്തിലൂടെ മേഖലാപരമായ രൂപകല്‍പ്പന രൂപപ്പെടുത്തുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നതിന്റെ ഭാഗമാകാനും സമുദ്രതല സുരക്ഷ, ഭീകരപ്രവര്‍ത്തനം, അക്രമോല്‍സുക തീവ്രവാദം, കാലാവസ്ഥാ വ്യതിയാനം എന്നിവയിലെ ആഗോളതലത്തിലുള്ളതും മേഖലാപരവുമായ നടപടികള്‍ കൈകാര്യം ചെയ്യുന്നത് ഏകോപിപ്പിക്കാനുമുള്ള സന്നദ്ധത ഇരു പ്രധാനമന്ത്രിമാരും പ്രകടിപ്പിച്ചു.

 

  1. ഇന്‍ഡോ- പസിഫിക് മേഖലയില്‍ സമതുലിതവും തുറന്നതും സമ്പൂര്‍ണവും സ്ഥിരവും സുതാര്യവും വ്യവസ്ഥാപിതവുമായ സാമ്പത്തിക, രാഷ്ട്രീയ, സുരക്ഷാ ചട്ടകൂട് സാധ്യമാക്കാനും മേഖലാപരവും ത്രികക്ഷിപരവുമായ സംഭാഷണ സംവിധാനം കൂടുതല്‍ വികസിപ്പിക്കാനും കഴിയുമെന്ന ശക്തമായ പ്രതീക്ഷ അവര്‍ പ്രകടിപ്പിച്ചു.

 

  1. ഭീകരപ്രവര്‍ത്തനത്തോടും അതിന്റെ എല്ലാവിധ രൂപഭാവങ്ങളോടും ഒരു വിധത്തിലും വിട്ടുവീഴ്ച വേണ്ട എന്ന നിലപാടിലുറച്ച് രണ്ടു പ്രധാനമന്ത്രിമാരും ശക്തമായ ഭാഷയില്‍ അപലപിച്ചു. ഭീകരപ്രവര്‍ത്തനത്തിന്റെയും അക്രമോല്‍സുക തീവ്രവാദത്തിന്റെയും വളരുന്ന ഭീഷണിയിലും അവ ആഗോളതലത്തില്‍ വേരൂന്നുന്നതിലുമുള്ള അതീവ ഉത്കണ്ഠ അവര്‍ രേഖപ്പെടുത്തി. ധാക്കയിലും ഉറിയിലും സമീപകാലത്ത് ഉണ്ടായ ഭീകരാക്രമണങ്ങളില്‍ ഇരകളാക്കപ്പെട്ടവരുടെ കുടുംബങ്ങളെ രണ്ടു രാജ്യങ്ങളുടെയും അനുശോചനം അവര്‍ അറിയിച്ചു. ഭീകരപ്രവര്‍ത്തനം സംബന്ധിച്ച യുഎന്‍എസ്‌സിയുടെ ആയിരത്തി ഇരുനൂറ്റി അറുപത്തിയേഴാം പ്രമേയവും മറ്റു പ്രസക്തമായ പ്രമേയങ്ങളും നടപ്പാക്കാന്‍ എല്ലാ രാജ്യങ്ങളെയും അവര്‍ ആഹ്വാനം ചെയ്തു. അതിര്‍ത്തി കടന്നുള്ള ഭീകരപ്രവര്‍ത്തങ്ങള്‍ അവസാനിപ്പിക്കുകയും ഭീകപ്രവര്‍ത്തകരുടെ ശൃംഖലകളും സാമ്പത്തിക സ്രോതസുകളും തകര്‍ക്കുകയും ഭീകരപ്രവര്‍ത്തകരുടെ സുരക്ഷിത താവളങ്ങളും അടിസ്ഥാന സൗകര്യങ്ങളും തുടച്ചുനീക്കുകയും ചെയ്യാന്‍ എല്ലാ രാജ്യങ്ങളും യോജിച്ചു പ്രവര്‍ത്തിക്കണമെന്നും അവര്‍ ആഹ്വാനം ചെയ്തു.സ്വന്തം ഭൂപ്രദേശത്തുനിന്ന് ഭീകരപ്രവര്‍ത്തനത്തെ ഫലപ്രദമായി നിഷ്‌കാസനം ചെയ്യുന്ന പ്രവര്‍ത്തനം എല്ലാ രാജ്യങ്ങളും ഫലപ്രദമായി കൈകാര്യം ചെയ്യേണ്ടതിന്റെ ആവശ്യകത അവര്‍ അടിവരയിട്ടു പറഞ്ഞു. വിവരങ്ങളും രഹസ്യ സൂചനകളും പങ്കുവയ്ക്കുന്നത് വര്‍ധിപ്പിക്കുന്നതില്‍ ഉള്‍പ്പെടെ ഭീകരപ്രവര്‍ത്തനത്തെയും അക്രമോല്‍സുക തീവ്രവാദത്തെയും ചെറുക്കുന്നതില്‍ ശക്തമായ അന്തര്‍ദേശീയ കൂട്ടുകെട്ട് ഉണ്ടാക്കി ഭീകരതയ്‌ക്കെതിരേ നിലകൊള്ളേണ്ടതിന്റെ പ്രാധാന്യം അവര്‍ ഊന്നിപ്പറഞ്ഞു. ഭീകരപ്രവര്‍ത്തനത്തെ ചെറുക്കുന്നതു സംബന്ധിച്ച നിലവിലുള്ള ഉഭയകക്ഷി ചര്‍ച്ചയെ ഇരു പ്രധാനമന്ത്രിമാരും പരാമര്‍ശിക്കുകയും രണ്ടു രാജ്യങ്ങള്‍ക്കും ഇടയില്‍ വിവരങ്ങളും രഹസ്യ സൂചനകളും വന്‍തോതില്‍ പങ്കുവയ്ക്കുന്നത് വര്‍ധിപ്പിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. 2008ലെ മുംബൈ ഭീകരാക്രമണം, 2016ലെ പത്താന്‍കോട്ട് ഭീകരാക്രമണം എന്നിവയുള്‍പ്പെടെ ഭീകരാക്രമങ്ങള്‍ക്കു പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിനു മുന്നില്‍ക്കൊണ്ടു വരാന്‍ പാക്കിസ്താനോട് അവര്‍ ആവശ്യപ്പെട്ടു.

 

  1. സമുദ്രാതിര്‍ത്തി,ബഹിരാകാശം, സൈബര്‍മേഖല തുടങ്ങിയവയില്‍ ആഗോളതലത്തിലെ പൊതുസുരക്ഷാ ആവശ്യങ്ങള്‍ക്ക് അനുസരിച്ചുള്ള വര്‍ദ്ധിച്ച സഹകരണം രണ്ടു പ്രധാനമന്ത്രിമാരും ആവര്‍ത്തിച്ചുറപ്പിച്ചു.

 

  1. ഐക്യരാഷ്ട്രസഭയുടെ സമുദ്ര നിയമങ്ങള്‍ സംബന്ധിച്ച സമ്മേളനത്തില്‍ ( യുഎന്‍സിഎല്‍ഒഎസ്) പ്രത്യേകമായി നിഷ്കര്‍ഷിച്ച പ്രകാരം, സമുദ്രത്തിലും ആകാശത്തിലുമുള്ള സ്വാതന്ത്ര്യങ്ങളെയും അന്താരാഷ്ട്ര നിയമങ്ങളിലെ തത്വങ്ങള്‍ക്കനുസരിച്ച് തടസങ്ങളില്ലാത്ത നിയമവിധേയ വാണിജ്യത്തെയും ബഹുമാനിക്കുന്നതു സംബന്ധിച്ച പ്രതിബദ്ധത രണ്ടു പ്രധാനമന്ത്രിമാരും ആവര്‍ത്തിച്ചു പറഞ്ഞു. ഈ പശ്ചാത്തലത്തില്‍ എല്ലാ കക്ഷികളും സമാധാനപരമായി തര്‍ക്കങ്ങള്‍ പരിഹരിക്കാനും, ഭീഷണിയോ ബലപ്രയോഗമോ ഇല്ലാതിരിക്കാനും പ്രവര്‍ത്തനങ്ങളില്‍ സ്വയം അതിര്‍ത്തികള്‍ പാലിക്കാനും സംഘര്‍ഷമുണ്ടാക്കുന്ന ഏകപക്ഷീയ നടപടികള്‍ ഒഴിവാക്കാനും അവര്‍ ആവശ്യപ്പെട്ടു. സമുദ്രത്തില്‍ അന്തര്‍ദേശീയ നിയമക്രമം സ്ഥാപിച്ചുകൊണ്ട് എല്ലാ കക്ഷികളും യുഎന്‍സിഎല്‍ഒഎസിനെ അങ്ങേയറ്റം ബഹുമാനിക്കണമെന്ന് യുഎന്‍സിഎല്‍ഒഎസിനു നേതൃപങ്ക് വഹിക്കുന്ന രാജ്യങ്ങളുടെ പ്രതിനിധികള്‍ എന്ന നിലയില്‍ രണ്ടു പ്രധാനമന്ത്രിമാരും തങ്ങളുടെ കാഴ്ചപ്പാട് ആവര്‍ത്തിച്ചു വ്യക്തമാക്കി. ദക്ഷിണ ചൈനാ സമുദ്രത്തെ സംബന്ധിച്ച പ്രശ്‌നം യുഎന്‍സിഎല്‍ഒഎസ് ഉള്‍പ്പെടെ ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ട അന്തര്‍ദേശീയ നിയമ തത്വങ്ങളുടെ അടിസ്ഥാനത്തില്‍ സമാധാനപരമായി പരിഹരിക്കേണ്ടതിന്റെ പ്രാധാന്യത്തിന് രണ്ട് പ്രധാനമന്ത്രിമാരും ഊന്നല്‍ നല്‍കി.

 

  1. ഉത്തര കൊറിയയുടെ യുറേനിയം സമ്പുഷ്ടീകരണ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെയുള്ള ആണവായുധ മേഖലയിലെ തുടര്‍പ്രവര്‍ത്തനങ്ങളെ രണ്ടു പ്രധാനമന്ത്രിമാരും ശക്തമായ ഭാഷയില്‍ അപലപിക്കുകയും ഐക്യരാഷ്ട്ര സുരക്ഷാ സമിതിയുടെ പ്രമേയങ്ങളോടുള്ള പ്രതിബദ്ധതയും ഉത്തരവാദിത്തവും പൂര്‍ണമായി നിലനിര്‍ത്തിക്കൊണ്ടും കൂടുതല്‍ പ്രകോപനത്തില്‍ നിന്ന് പിന്മാറാന്‍ ഉത്തരകൊറിയയോട് ആവശ്യപ്പെടുകയും ചെയ്തു. കൊറിയന്‍ ഉപഭൂഖണ്ഡത്തെ ആണവ മുക്തമാക്കുന്നതിന് നടപടികള്‍ സ്വീകരിക്കുകയും വേണം. മേഖലയ്ക്കു ഭീഷണിയാകുന്ന പ്രകോപനങ്ങള്‍ക്കെതിരേ സഹകരിച്ചുനില്‍ക്കാനുള്ള ഇഛാശക്തി രണ്ടു പ്രധാനമന്ത്രിമാരും ആവര്‍ത്തിച്ചു വ്യക്തമാക്കി. തട്ടിക്കൊണ്ടുപോകല്‍ പ്രശ്‌നത്തെ എത്രയും വേഗം അഭിമുഖീകരിക്കാന്‍ അവര്‍ ഉത്തര കൊറിയയോട് ആവശ്യപ്പെട്ടു.

 

53.’ സമാധാനശ്രമങ്ങളെ സ്വന്തമായി ഏറ്റെടുക്കുന്നത്’ ഉള്‍പ്പെടെ മേഖലയിലെ സമാധാനം, സ്ഥിരത, സമൃദ്ധി എന്നിവയ്ക്കു വേണ്ടി കൂടുതലായി നിലകൊള്ളൊനുള്ള ജപ്പാന്റെ ശ്രമങ്ങളേക്കുറിച്ച് പ്രധാനമന്ത്രി ആബേ പ്രധാനമന്ത്രി മോദിയോടു വിശദീകരിച്ചു. മേഖലാപരവും അന്തര്‍ദേശീയവുമായ സ്ഥിരതയ്ക്കും സമൃദ്ധിക്കും ജപ്പാന്‍ നല്‍കുന്ന ക്രിയാത്മക സംഭാവനകളെ പ്രധാനമന്ത്രി മോദി ഓര്‍മ്മിച്ചു.

 

  1. ഇരപത്തിയൊന്നാം നൂറ്റാണ്ടിന്റെ കാലിക യാഥാര്‍ത്ഥ്യങ്ങള്‍ കണക്കിലെടുത്ത് എക്യരാഷ്ട്ര രക്ഷാകൗണ്‍സില്‍ ഉള്‍പ്പെടെ ഐക്യരാഷ്ട്രസഭയെ വേഗത്തില്‍ പരിഷ്‌കരിക്കേണ്ടത് അവയെ കൂടുതല്‍ നിയമവിധേയവും ഫലപ്രദവും പ്രാതിനിധ്യസ്വഭാവമുള്ളതുമാക്കാന്‍ ആവശ്യമാണെന്ന് രണ്ടു പ്രധാനമന്ത്രിമാരും പറഞ്ഞു. ഈ ലക്ഷ്യം നടപ്പാക്കാന്‍ സമാനമനസ്‌കരുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാനുള്ള സന്നദ്ധതയും അവര്‍ ആവര്‍ത്തിച്ചു. രേഖാപരമായ ഉടമ്പടികള്‍ തയ്യാറാക്കുന്നതിലെ സുപ്രധാന നീക്കങ്ങള്‍ ഉള്‍പ്പെടെ ഗവണ്‍മെന്റുകള്‍ക്കിടയില്‍നടക്കുന്ന ക്രയവിക്രയങ്ങള്‍ക്ക് ആവേശം പകരുന്ന ഐക്യരാഷ്ട്ര രക്ഷാകൗണ്‍സില്‍ പരിഷ്‌കരണത്തിനുവേണ്ടിയുള്ള ‘സുഹൃദ് ഗ്രൂപ്പുകള്‍’ ഉണ്ടാക്കുന്നതിനെ അവര്‍ സ്വാഗതം ചെയ്തു. ഐക്യരാഷ്ട്ര രക്ഷാ കൗണ്‍സില്‍ വികസിപ്പിക്കുമ്പോള്‍ അതില്‍ സ്ഥിരാംഗത്വത്തിന് നിയമപരമായി അര്‍ഹതയുള്ള രാജ്യങ്ങളെന്ന ഉറച്ചനിലപാടില്‍ നിന്നുകൊണ്ട് രണ്ടുരാജ്യങ്ങളും പരസ്പരം സ്ഥാനാര്‍ത്ഥിത്വത്തെ പിന്തുണയ്ക്കുന്നുവെന്ന് രണ്ടു പ്രധാനമന്ത്രിമാരും ആവര്‍ത്തിച്ചു പറഞ്ഞു.

 

  1. ഏറ്റവും വലിയ ജനാധിപത്യ രാജ്യം എന്ന നിലയിലും ഏഷ്യാ- പസിഫിക് മേഖലയിലെ അതിവേഗം വളരുന്ന സമ്പദ്ഘടന എന്ന നിലയിലും ഇന്ത്യയെ അംഗീകരിച്ചുകൊണ്ട് അപെക്-ല്‍ ഇന്ത്യയുടെ അംഗത്വത്തെ ജപ്പാന്‍ ശക്തമായി പിന്തുണക്കുന്നു. ഏഷ്യാ -പസിഫിക് മേഖലയിലെ വാണിജ്യവും നിക്ഷേപവും ഉദാരവും എളുപ്പവുമാക്കാനുള്ള ശ്രമങ്ങളില്‍ യോജിച്ചു പ്രവര്‍ത്തിക്കാന്‍ രണ്ടു പ്രധാനമന്ത്രിമാരും തീരുമാനിച്ചു.ആധുനികവും സമഗ്രവും ഉന്നത നിലവാരമുള്ളതും പരസ്പരം നേട്ടമുണ്ടാക്കുന്നതുമായ മേഖലാതല സമഗ്ര സാമ്പത്തിക പങ്കാളിത്തം ( ആര്‍സിഇപി) കരാര്‍ സഹകരണത്തോടുള്ള പ്രതിബദ്ധത അവര്‍ ആവര്‍ത്തിച്ചു. ലോകവ്യാപാര സംഘടനയുടെ വാണിജ്യലഘൂകരണ കരാര്‍, ചരക്കുകളുടെയും സേവനങ്ങളുടെയും വര്‍ധിച്ച ഇടപാട്, ഏഷ്യാ-പസിഫിക് മേഖലയിലെ നിേേക്ഷപം എന്നിവയിലൂടെ ഉള്‍പ്പെടെ പരസ്പര വാണിജ്യം ഉദാരവല്‍കൃതവും എളുപ്പമുള്ളതുമാക്കാന്‍ രണ്ടു പ്രധാനമന്ത്രിമാരും തീരുമാനിച്ചു. ഈ വര്‍ഷം ജി20 നേതാക്കള്‍ ആഹ്വാനം ചെയ്ത ഉരുക്ക് അധിക ഉല്‍പ്പാദന സഹകരണത്തിനുള്ള ആഗോള വേദിയിലൂടെ ഉള്‍പ്പെടെ ഉരുക്ക് വ്യവസായത്തിന്റെ വിസ്തൃതി വര്‍ധിപ്പിക്കാനുള്ള സഹകരണവും ആശയവിനിമയവും വര്‍ധിപ്പിക്കേണ്ടതിന്റെ പ്രാധാന്യം രണ്ടുപ്രധാനമന്ത്രിമാരും ആവര്‍ത്തിച്ചുറപ്പിച്ചു.

 

  1. ആണവായുധങ്ങളുടെ സമ്പൂര്‍ണ നിര്‍മാര്‍ജ്ജനം ചെയ്യുന്നതിനോടുള്ള പങ്കാളിത്ത പ്രതിബദ്ധത രണ്ടു പ്രധാനമന്ത്രിമാരും ആവര്‍ത്തിച്ചുറപ്പിച്ചു. സമഗ്ര ആണവ പരീക്ഷണ നിരോധനകരാറില്‍ (സി റ്റി ബി റ്റി) എത്രയും നേരത്തെ ഉള്‍പ്പെടേണ്ടതിന്റെ പ്രാധാന്യം പ്രധാനമന്ത്രി ആബേ ഊന്നിപ്പറഞ്ഞു. ഷാനോന്‍ അനുശാസനത്തിന്റെ അടിസ്താനത്തില്‍ വിവേചനരഹിതവും ബഹുതലസ്വഭാവമുള്ളതും അന്താരാഷ്ട്രതലത്തിലും ഫലപ്രദമായും സ്വീകരിക്കപ്പെടുന്നതുമായ മെറ്റീരിയല്‍ കട്ട് -ഓഫ് ട്രീറ്റി ( എഫ് എം സി റ്റി) ചര്‍ച്ചകള്‍ക്ക് എത്രയും വേഗം തുടക്കമിടാന്‍ അവര്‍ ആഹ്വാനം ചെയ്തു. ആണവായുധീകരണത്തിന്റെയും ആണവ ഭീകര പ്രവര്‍ത്തനത്തിന്റെയും വെല്ലുവിളികളെ നേരിടാനുള്ള അന്താരാഷ്ട്ര സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള ദൃഢനിശ്ചയം അവര്‍ വ്യക്തമാക്കുകയും ചെയ്തു.

 

  1. ഫലപ്രദമായ ദേശീയ കയറ്റുമതി സംവിധാനത്തിന്റെ പ്രാധാന്യം രണ്ട് പ്രധാനമന്ത്രിമാരും അംഗീകരിച്ചു. മിസൈല്‍ സാങ്കേതികവിദ്യാ ഭരണക്രമത്തില്‍ (എം റ്റി സി ആര്‍) ഇന്ത്യയ്ക്ക് സമീപകാലത്തുണ്ടായ സ്വീകാര്യതയെയും ബാലിസ്റ്റിക് മിസൈല്‍ വ്യാപനത്തിനെതിരായ ഹേഗ് പെരുമാറ്റച്ചട്ടത്തെയും കയറ്റുമതി നിയന്ത്രണഭരണക്രമത്തില്‍ അതിനുള്ള തീവ്രമായ ദൗത്യത്തെയും ജപ്പാന്‍ സ്വാഗതം ചെയ്തു. അന്താരാഷ്ട്ര നിരായുധീകരണ ശ്രമങ്ങള്‍ക്കു ശക്തിപകരാന്‍ ഉദ്ദേശിച്ച് ആണവ വിതരണ ഗ്രൂപ്പ്, വാസെനാര്‍ ക്രമീകരണം, ഓസ്‌ട്രേലിയ ഗ്രൂപ്പ് എന്നീ മൂന്ന് അന്താരാഷ്ട്ര കയറ്റുമതി ഭരണക്രമങ്ങളിലും ഇന്ത്യയെ മുഴുവന്‍സമയ അംഗമാക്കുന്നതിന് യോജിച്ചു പ്രവര്‍ത്തിക്കാനുള്ള പ്രതിബദ്ധത രണ്ടു പ്രധാനമന്ത്രിമാരും ആവര്‍ത്തിച്ചു പ്രഖ്യാപിച്ചു.

 

ഉപസംഹാരം:

 

  1. ഊഷ്മള ആതിഥ്യത്തിന് ജപ്പാന്‍ ഗവണ്‍മെന്റിനും ജപ്പാനിലെ ജനങ്ങള്‍ക്കും പ്രധാനമന്ത്രി മോദി നന്ദി അറിയിക്കുകയും രണ്ടുപേര്‍ക്കും അനുയോജ്യമായ സമയത്ത് അടുത്ത ഉച്ചകോടിക്കു വേണ്ടി ഇന്ത്യ സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി ആബേയെ ഹാര്‍ദ്ദമായി ക്ഷണിക്കുകയും ചെയ്തു. പ്രധാനമന്ത്രി ആബേ ക്ഷണം നന്ദിപൂര്‍വം സ്വീകരിച്ചു.

*******