Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

അഴിമതിയും കള്ളപ്പണവും അവസാനിപ്പിക്കാന്‍ ചരിത്രപരമായ പ്രഖ്യാപനങ്ങള്‍; ഇന്ന് അര്‍ധരാത്രി മുതല്‍ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ അസാധുവാക്കി


അഴിമതിക്കും കള്ളപ്പണത്തിനും കള്ളപ്പണം വെളുപ്പിക്കലിനും തീവ്രവാദത്തിനും ഭീകരവാദികള്‍ക്കു ധനസഹായം നല്‍കുന്നതിനും കള്ളനോട്ടിനും എതിരെയുള്ള പോരാട്ടത്തിന് ഇതുവരെയില്ലാത്ത വന്‍ കരുത്തു പകരുന്ന ചരിത്രപരമായ നീക്കത്തില്‍ ഇന്ന് (2016 നവംബര്‍ എട്ട്) അര്‍ധരാത്രി അഞ്ഞൂറ് രൂപ, ആയിരം രൂപ കറന്‍സി നോട്ടുകള്‍ പിന്‍വലിക്കാന്‍ ഇന്ത്യാ ഗവണ്‍മെന്റ് തീരൂമാനിച്ചു.

രണ്ടായിരം രൂപയുടെ നോട്ടുകള്‍ പുറത്തിറക്കാനുള്ള ആര്‍.ബി.ഐയുടെ നിര്‍ദേശം ഗവണ്‍മെന്റ് അംഗീകരിച്ചിട്ടുണ്ട്. പുതിയ അഞ്ഞൂറ് രൂപ നോട്ടുകളും പുറത്തിറക്കും.
നൂറ്, അമ്പത്, ഇരുപത്, പത്ത്, അഞ്ച്, രണ്ട്, ഒന്ന് രൂപകളുടെ നോട്ടുകളും നാണയങ്ങളും നിലവിലുള്ള രീതിയില്‍ തുടരും.

2016 നവംബര്‍ എട്ടിനു ചൊവ്വാഴ്ച വൈകിട്ട് ടെലിവിഷനിലൂടെ രാഷ്ട്രത്തെ അഭിസംബോധന ചെയ്താണു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പ്രധാന തീരുമാനങ്ങള്‍ പ്രഖ്യാപിച്ചത്. ഈ തീരുമാനം സത്യസന്ധമായി കഠിനാധ്വാനം ചെയ്യുന്ന ഇന്ത്യന്‍ പൗരന്മാരുടെ താല്‍പര്യം സംരക്ഷിക്കുന്നതും ദേശവിരുദ്ധ, സാമൂഹ്യവിരുദ്ധശക്തികളുടെ പക്കലുള്ള അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ വിലയില്ലാത്ത വെറും കടലാസുകള്‍ മാത്രമായി അവശേഷിപ്പിക്കുന്നതും ആായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അഴിമതിക്കും കള്ളപ്പണത്തിനും കള്ളനോട്ടിനും എതിരെയുള്ള സാധാരണ പൗരന്മാരുടെ പോരാട്ടത്തിനു വീര്യം പകരുന്ന നടപടിയാണു ഗവണ്‍മെന്റ് കൈക്കൊണ്ടിരിക്കുന്നതെന്നു പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

വരുംദിവസങ്ങളില്‍ പൗരന്മാര്‍ നേരിടാന്‍ ഇടയുള്ള ബുദ്ധിമുട്ടുകള്‍ മുന്നില്‍ക്കണ്ട് അവ ലഘൂകരിക്കാന്‍ ഒരു കൂട്ടം നടപടികള്‍ കൈക്കൊണ്ടതായും ശ്രീ. നരേന്ദ്ര മോദി വ്യക്തമാക്കി. അഞ്ഞൂറിന്റെയോ ആയിരത്തിന്റെയോ കറന്‍സി നോട്ടുകള്‍ കയ്യിലുള്ളവര്‍ക്ക് നവംബര്‍ 10 മുതല്‍ ഡിസംബര്‍ 30 വരെ അവ ബാങ്കുകളിലോ തപാല്‍ ആപ്പീസുകളിലോ നല്‍കി മാറിയെടുക്കാമെന്നു പ്രധാനമന്ത്രി പറഞ്ഞു. കുറച്ചു സമയത്തേക്ക് എ.ടി.എമ്മുകളില്‍നിന്നും ബാങ്കുകളില്‍നിന്നും പണം പിന്‍വലിക്കുന്നതിനു ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

മാനുഷിക പരിഗണന വെച്ച് ഗവണ്‍മെന്റ് ആശുപത്രികളിലും ഡോക്ടര്‍മാരുടെ മരുന്നു കുറിപ്പടികള്‍ക്കൊപ്പം ഗവണ്‍മെന്റ് ആശുപത്രികളിലെ മരുന്നുഷോപ്പുകളിലും റെയില്‍വേ ടിക്കറ്റ് ബുക്കിങ് കൗണ്ടറുകളിലും കേന്ദ്ര, സംസ്ഥാന ഗവണ്‍മെന്റുകള്‍ളുടെ നിയന്ത്രണത്തിലുള്ള ഉപഭോക്തൃ സഹകരണ സ്‌റ്റോറുകളിലും സംസ്ഥാന ഗവണ്‍മെന്റുകള്‍ക്കു കീഴിലുള്ള പാല്‍ ബൂത്തുകളിലും ശ്മശാനങ്ങളിലും ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ സ്വീകരിക്കും.

ചെക്കുകള്‍, ഡിമാന്‍ഡ് ഡ്രാഫ്റ്റുകള്‍, ഡെബിറ്റ്-ക്രെഡിറ്റ് കാര്‍ഡുകള്‍, ഇലക്ട്രോണിക് ഫണ്ട് കൈമാറ്റം എന്നിവയില്‍ ഒരു മാറ്റവും ഉണ്ടായിരിക്കില്ലെന്നും ശ്രീ. മോദി വ്യക്തമാക്കി.

ധനവിപണിയില്‍ ലഭ്യമായ പണം പണപ്പെരുപ്പവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്നും അഴിമതിയിലൂടെ എത്തുന്ന പണം പണപ്പെരുപ്പം വര്‍ധിപ്പിക്കുന്നതെങ്ങനെ എന്നും പ്രസംഗത്തില്‍ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇത്തരമൊരു സ്ഥിതി പാവങ്ങളെയും ഇടത്തരക്കാരെയുമാണു പ്രതികൂലമായി ബാധിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. സത്യസന്ധരായ മനുഷ്യര്‍ വീടു വാങ്ങുന്നതിനും മറ്റും നേരിടുന്ന ബുദ്ധിമുട്ട് അദ്ദേഹം ഉദാഹരണമായി ഉയര്‍ത്തിക്കാട്ടി.

കള്ളപ്പണം ഇല്ലാതാക്കാന്‍ പരീക്ഷിച്ചുഫലിച്ച നടപടി
കള്ളപ്പണമെന്ന ശാപത്തെ അതിജീവിക്കാന്‍ ഗവണ്‍മെന്റ് പ്രതിജ്ഞാബദ്ധമാണെന്നു പ്രധാനമന്ത്രി ആവര്‍ത്തിച്ചു വ്യക്തമാക്കിയിട്ടുള്ളതാണ്. എന്‍.ഡി.എ. ഗവണ്‍മെന്റ് അധികാരമേറ്റ് ഇതുവരെ രണ്ടര വര്‍ഷത്തോളം ഇതിനായി നിലകൊണ്ടിട്ടുമുണ്ട്.
കള്ളപ്പണത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക ദൗത്യസംഘത്തെ നിയോഗിക്കുകയായിരുന്നു ഈ ദിശയില്‍ എന്‍.ഡി.എ. ഗവണ്‍മെന്റ് അധികാരമേറ്റ ഉടന്‍ കൈക്കൊണ്ട ആദ്യ നടപടി.

വിദേശ ബാങ്കുകളിലെ അക്കൗണ്ടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ വെളിപ്പെടുത്തുന്നതു സംബന്ധിച്ച് 2015ല്‍ നിയമം പാസ്സാക്കി. ആള്‍മാറാട്ടം നടത്തിയുള്ള ഇടപാടുകള്‍ കര്‍ശനമായി നിയന്ത്രിക്കാന്‍ 2016 ഓഗസ്റ്റില്‍ കര്‍ശനമായ നിയമങ്ങള്‍ നടപ്പാക്കി. അതോടൊപ്പം കള്ളപ്പണം കയ്യിലുള്ളവര്‍ക്ക് അതു വെളിപ്പെടുത്താനുള്ള അവസരവും നല്‍കി.

ഈ ശ്രമം ഫലം കണ്ടു. കഴിഞ്ഞ രണ്ടര വര്‍ഷത്തിനകം 1.25 ലക്ഷം കോടി രൂപയുടെ കള്ളപ്പണമാണു വെളിപ്പെടുത്തപ്പെട്ടത്.

കള്ളപ്പണമെന്ന പ്രശ്‌നം ലോകവേദിയില്‍ ഉയര്‍ത്തിക്കാട്ടല്‍

പ്രധാന ബഹുകക്ഷി ഉച്ചകോടികളിലും ഉഭയകക്ഷി യോഗങ്ങളിലും ഉള്‍പ്പെടെ വിവിധ ആഗോള വേദികളില്‍ നേതാക്കള്‍ മുന്‍പാകെ പ്രധാനമന്ത്രി ശ്രീ. നരേന്ദ മോദി കള്ളപ്പണ പ്രശ്‌നം ആവര്‍ത്തിച്ച് ഉയര്‍ത്തിയിട്ടുണ്ട്.

രണ്ടര വര്‍ഷമായി വന്‍ വളര്‍ച്ച

ഗവണ്‍മെന്റിന്റെ ശ്രമങ്ങള്‍ ഇന്ത്യയെ ആഗോള സമ്പദ്‌വ്യവസ്ഥയില്‍ തിളങ്ങുന്ന ഇടമാക്കിത്തീര്‍ത്തുവെന്നു പ്രധാനമന്ത്രി പറഞ്ഞു. നിക്ഷേപം നടത്തുന്നതിനും ബിസിനസ് ചെയ്യുന്നതിനും ലോകത്ത് ഏറ്റവും പ്രിയപ്പെട്ട ഇടങ്ങളിലൊന്നാണ് ഇന്ത്യ. രാജ്യത്തിന്റെ വളര്‍ച്ചയെ സംബന്ധിച്ച് മുന്‍നിര സാമ്പത്തിക ഏജന്‍സികള്‍ ശുഭാപ്തിവിശ്വാസം രേഖപ്പെടുത്തിയിട്ടുണ്ട്.

ഇതിനു പുറമെ ‘മെയ്ക്ക് ഇന്‍ ഇന്ത്യ’, ‘സ്റ്റാര്‍ട്ടപ്പ് ഇന്ത്യ’, ‘സ്റ്റാന്‍ഡ് അപ് ഇന്ത്യ’ തുടങ്ങിയ പദ്ധതികളിള്‍ ഇന്ത്യയില്‍ സംരംഭകത്വ മേഖലയ്ക്കും പുതു ആശയങ്ങളുടെ മേഖലയ്ക്കും ഉണര്‍വേകിയിട്ടുണ്ട്.

കേന്ദ്രഗവണ്‍മെന്റ് സജീവമായി നടത്തിവരുന്ന ശ്രമങ്ങള്‍ക്കു കൂടുതല്‍ മൂല്യം പകരുന്നതാണ് പ്രധാനമന്ത്രി നടത്തിയ ചരിത്രപരമായ പ്രഖ്യാപനങ്ങള്‍.