Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ന്യൂഡല്‍ഹിയിലെ തല്‍ക്കത്തോറ സ്റ്റേഡിയത്തില്‍ ഡല്‍ഹി-കര്‍ണാടക സംഘത്തിന്റെ ‘ബാരിസു കന്നഡ ഡിംഡിമവ’ അമൃത മഹോത്സവം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

ന്യൂഡല്‍ഹിയിലെ തല്‍ക്കത്തോറ സ്റ്റേഡിയത്തില്‍ ഡല്‍ഹി-കര്‍ണാടക സംഘത്തിന്റെ ‘ബാരിസു കന്നഡ ഡിംഡിമവ’ അമൃത മഹോത്സവം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ന്യൂഡല്‍ഹിയിലെ തല്‍ക്കത്തോറ സ്റ്റേഡിയത്തില്‍ ‘ബാരിസു കന്നഡ ഡിംഡിമവ’ സാംസ്‌കാരികോത്സവം ഉദ്ഘാടനം ചെയ്തു. ഇതിന്റെ ഭാഗമായി നടന്ന പ്രദര്‍ശനങ്ങള്‍ അദ്ദേഹം വീക്ഷിക്കുകയും ചെയ്തു. ‘ആസാദി കാ അമൃത് മഹോത്സവി’ന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ഈ ഉത്സവം കര്‍ണാടകത്തിന്റെ സംസ്‌കാരവും പാരമ്പര്യവും ചരിത്രവും ആഘോഷിക്കുന്ന ഒന്നാണ്.

സമ്മേളനത്തെ അഭിസംബോധന ചെയ്യവേ ഡല്‍ഹി-കര്‍ണാടക സംഘം മഹത്തായ പൈതൃകത്തെ മുന്നോട്ടു കൊണ്ടുപോകുകയാണെന്നു പ്രധാനമന്ത്രി പറഞ്ഞു. രാജ്യം സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തിന്റെ അമൃതമഹോത്സവം ആഘോഷിക്കുന്ന സമയത്താണു ഡല്‍ഹി കര്‍ണാടക സംഘത്തിന്റെയും 75-ാം വാര്‍ഷികാഘോഷങ്ങള്‍ നടക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. 75 വര്‍ഷം മുമ്പുള്ള സാഹചര്യങ്ങള്‍ വിശകലനം ചെയ്യുമ്പോള്‍ ഇന്ത്യയുടെ അനശ്വരമായ സത്തയ്ക്കു സാക്ഷ്യം വഹിക്കാന്‍ കഴിയുമെന്നു പ്രധാനമന്ത്രി പറഞ്ഞു. ”കര്‍ണാടക സംഘം സ്ഥാപിച്ചത് അതിന്റെ ആദ്യ കുറച്ചു വര്‍ഷങ്ങളിലും ഇന്നും രാഷ്ട്രത്തെ ശക്തിപ്പെടുത്താനുള്ള ജനങ്ങളുടെ നിശ്ചയദാര്‍ഢ്യത്തിന്റെ തെളിവാണ്. അമൃതകാലത്തിന്റെ തുടക്കത്തിലും അര്‍പ്പണബോധവും ഊര്‍ജവും അതേ അളവില്‍ ദൃശ്യമാണ്” – അദ്ദേഹം പറഞ്ഞു. കര്‍ണാടക സംഘത്തിന്റെ 75 വര്‍ഷത്തെ യാത്രയില്‍ പങ്കാളികളായ ഏവരെയും അദ്ദേഹം അഭിനന്ദിച്ചു.

”കര്‍ണാടകത്തിന്റെ സംഭാവനകളില്ലാതെ ഇന്ത്യയുടെ സ്വത്വവും പാരമ്പര്യവും പ്രചോദനവും നിര്‍വചിക്കാനാവില്ല” – പ്രധാനമന്ത്രി പറഞ്ഞു. പൗരാണിക കാലത്തെ ഹനുമാന്റെ വേഷത്തോടു താരതമ്യപ്പെടുത്തിയ പ്രധാനമന്ത്രി, ഇന്ത്യക്കുവേണ്ടി സമാനമായ പങ്കാണു കര്‍ണാടകം നിര്‍വഹിച്ചതെന്നു ചൂണ്ടിക്കാട്ടി. യുഗമാറ്റദൗത്യം അയോധ്യയില്‍ ആരംഭിച്ച് രാമേശ്വരത്ത് അവസാനിച്ചെങ്കിലും അതിന് ശക്തി ലഭിച്ചതു കര്‍ണാടകത്തില്‍ നിന്നാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

അധിനിവേശക്കാര്‍ രാജ്യം നശിപ്പിക്കുകയും സോമനാഥ് പോലുള്ള ശിവലിംഗങ്ങള്‍ നശിപ്പിക്കുകയും ചെയ്ത മധ്യകാലഘട്ടത്തെക്കുറിച്ചും പ്രധാനമന്ത്രി പരാമര്‍ശിച്ചു. ദേവര ദസിമയ്യ, മദാര ചെന്നൈയ്യ, ദോഹറ കാക്കയ്യ, ഭഗവാന്‍ ബസവേശ്വര തുടങ്ങിയ സന്ന്യാസിമാരാണു ജനങ്ങളെ അവരുടെ വിശ്വാസവുമായി ബന്ധിപ്പിച്ചത്. അതുപോലെ റാണി അബ്ബക്ക, ഒനകെ ഒബവ്വ, റാണി ചെന്നമ്മ, ക്രാന്തിവീര സങ്കൊല്ലി രായണ്ണ തുടങ്ങിയ പോരാളികളും വൈദേശിക ശക്തികളെ നേരിട്ടു. സ്വാതന്ത്ര്യലബ്ധിക്കുശേഷവും, കര്‍ണാടകത്തില്‍ നിന്നുള്ള പ്രമുഖര്‍ ഇന്ത്യയെ പ്രചോദിപ്പിച്ചുകൊണ്ടേയിരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

‘ഏകഭാരതം ശ്രേഷ്ഠഭാരതം’ എന്ന തത്വത്തില്‍ ജീവിക്കുന്ന കര്‍ണാടക ജനതയെ പ്രധാനമന്ത്രി അഭിനന്ദിച്ചു. കവി കുവെമ്പുവിന്റെ ‘നാദഗീത’ത്തെക്കുറിച്ചു സംസാരിച്ച അദ്ദേഹം ആദരണീയമായ ഗാനത്തില്‍ മനോഹരമായി പ്രകടിപ്പിക്കുന്ന ദേശീയ വികാരങ്ങളെ പ്രശംസിക്കുകയും ചെയ്തു. ”ഈ ഗാനത്തില്‍, ഇന്ത്യയുടെ നാഗരികത ചിത്രീകരിക്കുകയും കര്‍ണാടകത്തിന്റെ പങ്കും പ്രാധാന്യവും വിവരിക്കുകയും ചെയ്യുന്നു. ഈ ഗാനത്തിന്റെ സത്ത മനസ്സിലാക്കുമ്പോള്‍, ‘ഏകഭാരതം ശ്രേഷ്ഠഭാരതം’ എന്നതിന്റെ കാതല്‍ നമുക്കും ലഭിക്കും” – അദ്ദേഹം പറഞ്ഞു.

ജി-20 പോലൊരു ആഗോള സംഘടനയുടെ അധ്യക്ഷപദവിയില്‍ ജനാധിപത്യത്തിന്റെ മാതാവിന്റെ ആദര്‍ശങ്ങളാണ് ഇന്ത്യയെ നയിക്കുന്നതെന്നു പ്രധാനമന്ത്രി പറഞ്ഞു. ‘അനുഭവ മണ്ഡപ’ത്തിലൂടെ ഭഗവാന്‍ ബസവേശ്വര നടത്തിയ അനുഷ്ഠാനങ്ങളും ജനാധിപത്യ പ്രഭാഷണങ്ങളും ഇന്ത്യയെ സംബന്ധിച്ചിടത്തോളം  പ്രകാശകിരണം പോലെയാണെന്ന് അദ്ദേഹം പറഞ്ഞു. ലണ്ടനില്‍ വിവിധ ഭാഷകളിലുള്ള അനുഷ്ഠാനങ്ങളുടെ സമാഹാരത്തോടൊപ്പം ഭഗവാന്‍ ബസവേശ്വരന്റെ പ്രതിമ അനാച്ഛാദനം ചെയ്യാനുള്ള അവസരം ലഭിച്ചതില്‍ പ്രധാനമന്ത്രി ആഹ്ലാദം പ്രകടിപ്പിച്ചു. ”കര്‍ണാടകത്തിന്റെ പ്രത്യയശാസ്ത്രത്തിന്റെയും അതിന്റെ ഫലങ്ങളുടെയും അനശ്വരതയുടെ തെളിവാണിത്” – പ്രധാനമന്ത്രി പറഞ്ഞു.

”പാരമ്പര്യങ്ങളുടെയും സാങ്കേതികവിദ്യയുടെയും നാടാണു കര്‍ണാടകം. അതിനു ചരിത്രപരമായ സംസ്‌കാരവും ആധുനിക നിര്‍മിത ബുദ്ധിയും ഉണ്ട്” – പ്രധാനമന്ത്രി പറഞ്ഞു. ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സുമായി കൂടിക്കാഴ്ച നടത്തിയ കാര്യം അനുസ്മരിച്ച പ്രധാനമന്ത്രി, തന്റെ അടുത്ത പരിപാടി നാളെ ബെംഗളൂരുവില്‍ നടക്കുന്നതില്‍ ആഹ്ലാദം പ്രകടിപ്പിച്ചു. സുപ്രധാന ജി20 യോഗവും ബെംഗളൂരുവില്‍ നടക്കുന്നുണ്ടെന്ന് അദ്ദേഹം അറിയിച്ചു. താന്‍ കണ്ടുമുട്ടുന്ന ഏതൊരു അന്താരാഷ്ട്ര പ്രതിനിധിക്കും ഇന്ത്യയുടെ പുരാതനവും ആധുനികവുമായ വശങ്ങള്‍ പ്രദര്‍ശിപ്പിക്കാനാണു താന്‍ പരിശ്രമിക്കുന്നതെന്നു പ്രധാനമന്ത്രി പറഞ്ഞു. പാരമ്പര്യവും സാങ്കേതികവിദ്യയുമാണ് നവ ഇന്ത്യയുടെ മനോഭാവമെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. വികസനം, പൈതൃകം, പുരോഗതി, പാരമ്പര്യം എന്നിവയോടൊപ്പം രാജ്യം മുന്നേറുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഒരു വശത്ത്, ഇന്ത്യ അതിന്റെ പുരാതന ക്ഷേത്രങ്ങളും സാംസ്‌കാരിക കേന്ദ്രങ്ങളും പുനരുജ്ജീവിപ്പിക്കുമ്പോള്‍, മറുവശത്ത്, ഡിജിറ്റല്‍ പണമിടപാടുകളില്‍ ലോക ചാമ്പ്യനായി മുന്നേറുക കൂടിയാണെന്നും അദ്ദേഹം പറഞ്ഞു. ഇന്നത്തെ ഇന്ത്യ നൂറ്റാണ്ടുകള്‍ പഴക്കമുള്ള, മോഷ്ടിക്കപ്പെട്ട വിഗ്രഹങ്ങളും പുരാവസ്തുക്കളും വിദേശ രാജ്യങ്ങളില്‍ നിന്നു തിരികെ കൊണ്ടുവരുന്നെന്നും വിദേശ നിക്ഷേപത്തില്‍ റെക്കോര്‍ഡു സൃഷ്ടിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ”ഇതാണു നവ ഇന്ത്യയുടെ വികസന പാത; അതു വികസിത രാഷ്ട്രമെന്ന ലക്ഷ്യത്തിലേക്കു നമ്മെ നയിക്കും” – പ്രധാനമന്ത്രി പറഞ്ഞു.

”ഇന്നു കര്‍ണാടകത്തിന്റെ വികസനമാണു രാജ്യത്തിന്റെയും കര്‍ണാടക ഗവണ്മെന്റിന്റെയും പ്രഥമ പരിഗണന” –  എന്ന് പ്രധാനമന്ത്രി പറഞ്ഞു. 2009-2014 കാലയളവില്‍ 11,000 കോടി രൂപ കേന്ദ്രം കര്‍ണാടകത്തിനു നല്‍കിയപ്പോള്‍, 2019-2023 കാലയളവില്‍ ഇതുവരെ 30,000 കോടി രൂപ നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 2009-2014 കാലയളവില്‍ കര്‍ണാടകത്തിലെ റെയില്‍വേ പദ്ധതികള്‍ക്കായി 4000 കോടി രൂപയാണു ലഭിച്ചത്. എന്നാല്‍, ഈ വര്‍ഷത്തെ ബജറ്റില്‍ മാത്രം 7000 കോടി രൂപയാണു കര്‍ണാടകത്തിലെ റെയില്‍വേ അടിസ്ഥാനസൗകര്യങ്ങള്‍ക്കായി നീക്കിവച്ചത്. കര്‍ണാടകത്തിലെ ദേശീയപാതകള്‍ക്ക് ആ അഞ്ചു വര്‍ഷത്തിനിടെ ലഭിച്ചത് 6000 കോടി രൂപ മാത്രമാണെങ്കില്‍, കഴിഞ്ഞ 9 വര്‍ഷത്തിനിടെ കര്‍ണാടകത്തിലെ ദേശീയ പാതകള്‍ക്കായി പ്രതിവര്‍ഷം 5000 കോടി രൂപയുടെ നിക്ഷേപം ലഭിക്കുന്നു. ഭദ്രാ പദ്ധതിയുടെ ദീര്‍ഘകാലമായുള്ള ആവശ്യം നിലവിലെ ഗവണ്മെന്റ് നിറവേറ്റുകയാണെന്നും ഈ വികസനങ്ങളെല്ലാം അതിവേഗം കര്‍ണാടകയുടെ മുഖച്ഛായ മാറ്റുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഡല്‍ഹി കര്‍ണാടക സംഘത്തിന്റെ 75 വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വളര്‍ച്ചയുടെയും നേട്ടത്തിന്റെയും അറിവിന്റെയും സുപ്രധാന നിമിഷങ്ങള്‍ മുന്നോട്ടുകൊണ്ടുവന്നതായി പ്രധാനമന്ത്രി പറഞ്ഞു. അടുത്ത 25 വര്‍ഷത്തിന്റെ പ്രാധാന്യത്തിന് ഊന്നല്‍ നല്‍കിയ പ്രധാനമന്ത്രി, അമൃതകാലത്തും അടുത്ത 25 വര്‍ഷങ്ങളിലും കൈക്കൊള്ളാനാകുന്ന സുപ്രധാന നടപടികള്‍ എടുത്തുപറഞ്ഞു. വിജ്ഞാനത്തിലും കലയിലും ശ്രദ്ധ കേന്ദ്രീകരിക്കണമെന്നു പറഞ്ഞ അദ്ദേഹം കന്നഡ ഭാഷയുടെയും അതിന്റെ സമ്പന്നമായ സാഹിത്യത്തിന്റെയും സൗന്ദര്യം ഉയര്‍ത്തിക്കാട്ടി. കന്നഡ ഭാഷയുടെ വായനക്കാരുടെ എണ്ണം വളരെ കൂടുതലാണെന്നും പ്രസാധകര്‍ ഒരു നല്ല പുസ്തകം പ്രസിദ്ധീകരിച്ച് ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ പുനഃപ്രസിദ്ധീകരിക്കേണ്ടി വരുന്നെന്നും അദ്ദേഹം പറഞ്ഞു.

കലാരംഗത്ത് കര്‍ണാടകം കൈവരിച്ച അസാധാരണ നേട്ടങ്ങളെക്കുറിച്ചു പരാമര്‍ശിച്ച പ്രധാനമന്ത്രി, കംസാലെ മുതല്‍ കര്‍ണാടക സംഗീത ശൈലി വരെയും ഭരതനാട്യം മുതല്‍ യക്ഷഗാനം വരെയും ശാസ്ത്രീയവും ജനപ്രിയവുമായ കലകളാല്‍ സമ്പന്നമാണു കര്‍ണാടകമെന്നു ചൂണ്ടിക്കാട്ടി. ഈ കലാരൂപങ്ങള്‍ ജനകീയമാക്കാനുള്ള കര്‍ണാടക സംഘത്തിന്റെ ശ്രമങ്ങളെ പ്രശംസിച്ച പ്രധാനമന്ത്രി, ഈ ശ്രമങ്ങളെ അടുത്ത ഘട്ടത്തിലേക്കു കൊണ്ടുപോകേണ്ടതിന്റെ ആവശ്യകതയ്ക്ക് ഊന്നല്‍ നല്‍കി. കന്നഡിഗരല്ലാത്ത കുടുംബങ്ങളെ ഇത്തരം പരിപാടികളിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കണമെന്നു ഡല്‍ഹിയിലെ കന്നഡിഗ കുടുംബങ്ങളോട് ആവശ്യപ്പെടുകയും ചെയ്തു. കന്നഡ സംസ്‌കാരം ചിത്രീകരിക്കുന്ന ചില ചിത്രങ്ങള്‍ കന്നഡക്കാരല്ലാത്ത പ്രേക്ഷകര്‍ക്കിടയില്‍ വളരെ പ്രചാരം നേടിയെന്നും കര്‍ണാടകത്തെക്കുറിച്ചു കൂടുതല്‍ അറിയാനുള്ള ആഗ്രഹം ജനിപ്പിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ”ഈ ആഗ്രഹം പ്രയോജനപ്പെടുത്തേണ്ടതുണ്ട്” – അദ്ദേഹം പറഞ്ഞു. സന്ദര്‍ശകരായ കലാകാരന്മാരോടും പണ്ഡിതരോടും ദേശീയ യുദ്ധസ്മാരകം, പ്രധാനമന്ത്രി സംഗ്രഹാലയ, കര്‍ത്തവ്യപഥം എന്നിവ സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി അഭ്യര്‍ഥിച്ചു.

ലോകമെമ്പാടും ‘അന്താരാഷ്ട്ര ചെറുധാന്യ വര്‍ഷം’ ആഘോഷിക്കുന്നതിനെക്കുറിച്ചു പരാമര്‍ശിച്ച പ്രധാനമന്ത്രി, കര്‍ണാടകം ഇന്ത്യന്‍ ധാന്യങ്ങളുടെ, അതായത് ‘ശ്രീ ധന്യ’യുടെ, പ്രധാന കേന്ദ്രമാണെന്നു ചൂണ്ടിക്കാട്ടി. ”ശ്രീ അന്ന റാഗി കര്‍ണാടകത്തിന്റെ സംസ്‌കാരത്തിന്റെയും സാമൂഹിക സ്വത്വത്തിന്റെയും ഭാഗമാണ്” – യെദ്യൂരപ്പ ജിയുടെ കാലം മുതല്‍ കര്‍ണാടകത്തില്‍ ‘ശ്രീ ധന്യ’യുടെ പ്രചാരണത്തിനായി ആരംഭിച്ച പരിപാടികള്‍ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി പറഞ്ഞു. രാജ്യം മുഴുവന്‍ കന്നഡിഗരുടെ പാത പിന്തുടരുകയാണെന്നും നാടന്‍ ധാന്യങ്ങളെ ‘ശ്രീ അന്ന’ എന്നു വിളിക്കാന്‍ തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു. ലോകം മുഴുവന്‍ ശ്രീ അന്നയുടെ നേട്ടങ്ങള്‍ തിരിച്ചറിയുന്നുണ്ടെന്നു ചൂണ്ടിക്കാട്ടിയ അദ്ദേഹം, വരും കാലങ്ങളില്‍ അതിന്റെ ആവശ്യകത വര്‍ധിക്കുമെന്നും അതുവഴി കര്‍ണാടകത്തിലെ കര്‍ഷകര്‍ക്ക് ഏറെ പ്രയോജനം ലഭിക്കുമെന്നും ചൂണ്ടിക്കാട്ടി.

2047ല്‍ വികസിത രാഷ്ട്രമെന്ന നിലയില്‍ ഇന്ത്യ സ്വാതന്ത്ര്യം നേടി 100 വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍, ഇന്ത്യയുടെ മഹത്തായ അമൃതകാലത്ത്, ഡല്‍ഹി കര്‍ണാടക സംഘത്തിന്റെ സംഭാവനകളും ചര്‍ച്ച ചെയ്യപ്പെടുമെന്നു പറഞ്ഞാണു പ്രധാനമന്ത്രി പ്രസംഗം ഉപസംഹരിച്ചത്.

കേന്ദ്രമന്ത്രി ശ്രീ. പ്രഹ്ളാദ്  ജോഷി, കര്‍ണാടക മുഖ്യമന്ത്രി ശ്രീ ബസവരാജ് ബൊമ്മൈ, ആദിചുഞ്ചനഗിരി മഠം സ്വാമിജി ശ്രീ നിര്‍മ്മലനനന്ദനാഥ, ആഘോഷ സമിതി പ്രസിഡന്റ് ശ്രീ സി ടി രവി, ഡല്‍ഹി കര്‍ണാടക സംഘ പ്രസിഡന്റ് ശ്രീ സി എം നാഗരാജ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

പശ്ചാത്തലം

‘ഏകഭാരതം ശ്രേഷ്ഠഭാരതം’ എന്ന പ്രധാനമന്ത്രിയുടെ എന്ന കാഴ്ചപ്പാടിന് അനുസൃതമായി, കര്‍ണാടകത്തിന്റെ സംസ്‌കാരവും പാരമ്പര്യവും ചരിത്രവും ആഘോഷിക്കുന്നതിനായാണു ‘ബാരിസു കന്നഡ ഡിംഡിമവ’ സാംസ്‌കാരികോത്സവം സംഘടിപ്പിക്കുന്നത്. ‘ആസാദി കാ അമൃത് മഹോത്സവി’ന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ഈ ഉത്സവം നൂറുകണക്കിന് കലാകാരര്‍ക്കു നൃത്തം, സംഗീതം, നാടകം, കവിത തുടങ്ങിയവയിലൂടെ കര്‍ണാടക സാംസ്‌കാരിക പൈതൃകം പ്രദര്‍ശിപ്പിക്കാന്‍ അവസരമൊരുക്കും.

 

 

 

***

–ND–